Prabodhanm Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

ഔറംഗസീബ് ആലംഗീര്‍ ഇന്ത്യന്‍ ദേശീയതയുടെ രാഷ്ട്രീയ ഭൂപടത്തിന് അടിത്തറയിട്ട മുഗള്‍ ചക്രവര്‍ത്തി

കെ.ടി ഹുസൈന്‍

താന്‍ ഓര്‍മിക്കപ്പെടണമെന്ന് സ്വയം തീരെ ആഗ്രഹിക്കാതിരിക്കുകയും എന്നാല്‍  ഇന്ത്യാ-പാക് ഉപഭൂഖണ്ഡത്തിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിനനുസരിച്ച്   വിവിധങ്ങളായ ആഖ്യാനങ്ങളാല്‍ നിരന്തരം ഓര്‍മയിലേക്ക് കൊണ്ടുവരപ്പെടുകയും ചെയ്യുന്ന മുഗള്‍ ചക്രവര്‍ത്തിയാണ് ഔറംഗസീബ് ആലംഗീര്‍. താന്‍ ഓര്‍മിക്കപ്പെടണമെന്ന് ഔറംഗസീബ് തീരെ ആഗ്രഹിച്ചിരുന്നില്ല എന്നതിന്റെ  തെളിവ് ഇന്നത്തെ മഹാരാഷ്ട്രയിലെ ഗുല്‍ദാബാദിലുള്ള ഒരു സൂഫി മഖ്ബറയുടെ ഒരു കോണില്‍ തുറന്ന സ്ഥലത്ത്  യാതൊരടയാളവുമില്ലാതെ തന്നെ മറവ് ചെയ്യണമെന്ന അദ്ദേഹത്തിന്റെ വസ്വിയ്യത്താണ്. ഹുമയൂന്‍ ടോംബിനെയോ താജ്മഹലിനെയോ പോലെയുള്ള ശവകുടീരങ്ങളൊന്നും തന്റെ സുദീര്‍ഘമായ ഭരണകാലത്തിനിടയില്‍ അദ്ദേഹം നിര്‍മിക്കുകയോ തന്റെ മുന്‍ഗാമികള്‍ അന്ത്യവിശ്രമം കൊള്ളുന്ന അത്തരം സ്ഥലങ്ങളില്‍ തന്നെയും  മറവ് ചെയ്യണമെന്ന് താല്‍പര്യപ്പെടുകയോ ചെയ്തില്ല. 'പരദേശിയെ പോലെ വന്ന താന്‍ പരദേശിയെ പോലെ തിരിച്ചുപോകുന്നു'1 എന്നാണ് തന്റെ മരണക്കിടക്കയില്‍ വെച്ച് അവസാനമായി മകനെഴുതിയ കത്തില്‍ ഒരു സൂഫിയെപ്പോലെ ലളിത ജീവിതം  നയിച്ച ആ ചക്രവര്‍ത്തി കുറിച്ചത്. 

അതേസമയം അദ്ദേഹം ആഗ്രഹിച്ചിച്ചാലും ഇല്ലെങ്കിലും  സല്‍ഭരണത്തിന്റെയും  നീതി നിഷ്ഠയുടെയും പേരില്‍ ഓര്‍മിക്കപ്പെടേണ്ട അപൂര്‍വം ഇന്ത്യന്‍ ഭരണാധികാരികളില്‍ ഒരാളാണ് ഔറംഗസീബ് എന്ന കാര്യത്തില്‍ സംശയമില്ല.പക്ഷേ, നിര്‍ഭാഗ്യവശാല്‍ പല തരം നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍  കലര്‍ന്നതിനാല്‍ അദ്ദേഹത്തെ കുറിച്ച ആഖ്യാനങ്ങള്‍ അധികവും അത്തരത്തിലുള്ളതല്ല. മറിച്ച് അദ്ദേഹത്തിന് വില്ലന്‍ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നവയാണ്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ക്ക് ബ്രിട്ടീഷ് സാമ്രാജ്വത്വത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍  പദ്ധതി വിജയിപ്പിക്കണമെങ്കില്‍ ഇസ്‌ലാംമത ഭ്രാന്തനും ഹിന്ദുവിരുദ്ധനുമായ ഒരു മുഗള്‍ ചക്രവര്‍ത്തിയെ ആവശ്യമായിരുന്നു. സ്വാഭാവികമായും മുഗള്‍ ചക്രവര്‍ത്തിമാരുടെ കൂട്ടത്തില്‍ മതഭക്തിയിലും  ഇസ്‌ലാമിക മൂല്യങ്ങളോടുള്ള  പ്രതിബദ്ധതയിലും താരതമ്യേന  മികവ് പുലര്‍ത്തിയിരുന്ന  ഔറംഗസീബില്‍ അവരത് കണ്ടെത്തി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ദേശീയത രൂപപ്പെടുത്തേണ്ടിവന്നപ്പോള്‍ ഒരു മുസ്‌ലിം അപരത്തെ നിര്‍മിക്കേണ്ടത് ദേശീയ ചരിത്രകാരന്മാര്‍ക്കും ആവശ്യമായിരുന്നു. അതിനായി ചരിത്രത്തില്‍നിന്ന് അവര്‍ കണ്ടെടുത്തതും ഔറംഗസീബിനെയാണ്. കൊളോണിയല്‍ ചരിത്രത്തിന്റെ തനിപ്പകര്‍പ്പാണ് ദേശീയ ചരിത്രം എന്നതിനാല്‍ ഇത് സ്വാഭാവികമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്കും  അവരുടെ ചരിത്രകാരന്മാര്‍ക്കും നൂറായിരം കെട്ടുകഥകളാല്‍  ഔറംഗസീബിനെ പൈശാചികവല്‍ക്കരിക്കുന്ന പണിയേ പിന്നെ ബാക്കിയുണ്ടായിരുന്നുള്ളൂ. മോദി അധികാരത്തില്‍ വന്നതിനു ശേഷം 2015-ലാണല്ലോ ദല്‍ഹിയിലെ ഔറംഗസീബ് റോഡിന്റെ പേര് എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കി മാറ്റിയത്.

ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ ഗവര്‍ണറും ചരിത്രകാരനുമായിരുന്ന  എല്‍ഫിസ്റ്റണാണ് ഔറംഗസീബിനെ മതഭ്രാന്തനാക്കുന്ന ആഖ്യാനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.2  ഓറിയന്റലിസ്റ്റ് ചരിത്രകാരനായ സ്റ്റാന്‍ലി ലൈന്‍പൂള്‍ അതേറ്റുപിടിച്ചു.3  ഇവര്‍  രണ്ടു പേരും നിര്‍വഹിക്കുന്ന ദൗത്യം ഒന്നാണെങ്കിലും, അതായത് ഔറംഗസീബിനെ താറടിച്ച്് മുഗള്‍ ഭരണത്തിന്റെ അധഃപതനത്തിന് കാരണം  അദ്ദേഹമാണെന്ന് സ്ഥാപിക്കല്‍,   അവരുടെ ശൈലി  വ്യത്യസ്തമാണ്. എല്‍ഫിസ്റ്റണ്‍ കടുത്ത ശത്രുതയോടെ തുറന്ന ആക്രമണമാണ് ഔറംഗസീബിനെതിരെ നടത്തുന്നതെങ്കില്‍, ലൈന്‍പൂളിന്റേത് സൗമ്യവും ഔറംഗസീബിന്റെ രാഷ്ട്രീയ നടപടികളെ ന്യായീകരിക്കുകയാണെന്ന വ്യാജബോധം വായനക്കാരില്‍ സൃഷ്ടിക്കുന്നതുമാണ്. ഔറംഗസീബിന്റെ നീതിബോധം പ്രശംസനീയമാണ്, ജനക്ഷേമത്തിലും തല്‍പരനായിരുന്നു, പക്ഷേ ഹിന്ദുക്കളോട് അദ്ദേഹം പല ക്രൂരതകളും ചെയ്തിട്ടുണ്ട്, അതിനു കാരണം അയാളുടെ മതഭക്തിയും ഇസ്‌ലാമിനോടുള്ള  പ്രതിബദ്ധതയുമാണ്   എന്നിങ്ങനെയാണ് ലൈന്‍പൂളിന്റെ ഔറംഗസീബിനെ കുറിച്ച ആഖ്യാനം മുന്നോട്ടു പോകുന്നത്. ഇത് പക്ഷേ എല്‍ഫിസ്റ്റന്റെ തുറന്ന ആക്രമണത്തേക്കാള്‍ അപകടകരമാണ്. കാരണം ഇസ്‌ലാമിനോട് പ്രതിബദ്ധത പുലര്‍ത്തുന്നവന്‍ നിര്‍ബന്ധമായും അന്യ മത വിദ്വേഷിയായിരിക്കും എന്ന മുന്‍വിധിയാണ് ഇതുല്‍പാദിപ്പിക്കുന്നത്. ഇത് അടുത്ത കാലത്ത് പ്രചാരത്തില്‍ വന്ന ഗുഡ് മുസ്‌ലിം, ബാഡ് മുസ്‌ലിം തിയറിയുടെ പൂര്‍വാഖ്യാനമാണ്. അക്ബര്‍-ഔറംഗസീബ് താരതമ്യത്തിലും ദാരെ ഷെക്കോവ്-ഔറംഗസീബ് താരതമ്യത്തിലുമാണ് ഈ ദ്വന്ദ്വം, ബൈനറി  ഏറ്റവും ശക്തമായി ആഖ്യാനം ചെയ്യപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഔറംഗസീബിനെതിരായ എല്ലാ ആക്രമണങ്ങളും ഇത്തരം കൃത്യമായ ബൈനറികള്‍ സൃഷ്ടിച്ചുകൊുള്ളതാണെന്നതാണ് വാസ്തവം. ഔറംഗസീബും  മറാഠാ യുദ്ധപ്രഭു ശിവാജിയും  തമ്മിലുള്ള അധികാര മത്സരം ആഖ്യാനം  ചെയ്യപ്പെടുമ്പോള്‍ അതിലെ രാഷ്ട്രീയത്തെ കാണാമറയത്ത് നിര്‍ത്തുകയും ഹിന്ദു-ഇസ്‌ലാം പോരാട്ടമായി അതിനെ ചിത്രീകരിക്കുകയും ചെയ്യുന്നു. ശിവാജിയെ അമര്‍ച്ച ചെയ്ത മുഗള്‍ സൈന്യത്തെ നയിച്ചത് ജൈപൂരിലെ രജപുത്ര പ്രമുഖനായ ജയ സിംഗായിരുന്നുവെന്ന കാര്യവും, ശിവാജിയുടെ സൈന്യത്തില്‍ മുസ്‌ലിംകള്‍ ഉായിരുന്നുവെന്നു മാത്രമല്ല, അദ്ദേഹം തന്റെ അധീനതയിലുണ്ടായിരുന്ന മേഖലയില്‍ മുസ്‌ലിം ഖാദിമാരെ വരെ നിയമിച്ചിരുന്നുവെന്ന കാര്യവും സൗകര്യപൂര്‍വം മറക്കപ്പെടുന്നു. എന്നല്ല ഔറംഗസീബ് ദക്കാനിലെ ഖുത്വുബുഷാഹി ഭരണകൂടത്തിനും  ബീജാപൂരിനും എതിരെ യുദ്ധം ചെയ്ത് അവയെ മുഗള്‍ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാന്‍ കാരണം ആ രണ്ട് മുസ്‌ലിം രാജവംശങ്ങളും രഹസ്യമായി ശിവാജിയെ സഹായിച്ചതുകൊണ്ടാണ്. ഔറംഗസീബ് ഹിന്ദുവിരുദ്ധനോ ശിവാജി മുസ്‌ലിം വിരുദ്ധനോ ആയതുകൊണ്ടല്ല അവര്‍ തമ്മില്‍ യുദ്ധം ചെയ്തത്. മറിച്ച്  രണ്ടു പേരുടെതും രാഷ്ട്രീയമാണ്. അപ്പോള്‍ എങ്ങനെയാണ്  ഇന്ത്യാ ഉപഭൂഖണ്ഡം  മുഴുവന്‍ ഒറ്റ രാഷ്ട്രത്തില്‍ ഏകീകരിച്ച ഔറംഗസീബിനെതിരെ ദക്കാനിലെ ഒരു ചെറിയ പ്രദേശത്ത്് ഗറില്ലാ യുദ്ധം നടത്തിയ ശിവാജി ഇന്ത്യന്‍ ദേശീതയുടെ പ്രതീകമാകുന്നത്? അങ്ങനെയാണല്ലോ ദേശീയ ചരിത്രം പാഠപുസ്തകങ്ങളിലൂടെ തലമുറകളെ ചൊല്ലിപ്പഠിപ്പിക്കുന്നത്. ഇതാണ് ശരിയെങ്കില്‍, ഇന്ത്യന്‍ ദേശീയത മതേതരവും ബഹുസ്വരവുമാണെന്ന അവകാശവാദം കാപട്യമല്ലേ?

അക്ബറും ഷാജഹാന്റെ പിന്‍ഗാമിത്വത്തിന് വേണ്ടിയുള്ള അധികാര മത്സരത്തില്‍  ഔറംഗസീബിനോട് തോറ്റ ദാരെ ഷെക്കോവും  ലിബറല്‍ മുസ്‌ലിംകള്‍,  ബഹുസ്വര പ്രേമികള്‍. ഔറംഗസീബ് അന്യമത വിദ്വേഷിയായ യാഥാസ്ഥിതിക മുസ്‌ലിം.  ഇതാണ് കൊളോണിയല്‍ ചരിത്രകാരന്മാരും ദേശീയ ചരിത്രകാരമാരും  ഔറംഗസീബിനെ കുറിച്ച ആഖ്യാനത്തില്‍ സൃഷ്ടിച്ച കൃത്യമായ മറ്റൊരു ബൈനറി. ഓരോ ചരിത്രപുരുഷന്മാരെയും അവരുടെ കാലത്തില്‍ വായിക്കുന്നതിനു പകരം എപ്പോഴാണോ  അവരുടെ ചരിത്രം രചിക്കപ്പെടുന്നത് ആ കാലത്തില്‍ വായിച്ച് അപ്പോഴത്തെ സിദ്ധാന്തം  അതിനെക്കുറിച്ച് കേട്ടറിവ്  പോലുമില്ലാത്തവരില്‍ ആരോപിക്കുന്നുവെന്നതാണ് ഈ ബൈനറിയുടെ പ്രശ്‌നം. ലിബറലിസം എന്നത് മതത്തെയും രാഷ്ട്രീയത്തെയും വേറിട്ടുകാണുന്ന മതേതരത്വത്തിന്റെ  സൃഷ്ടിയാണ്. ഇവിടെ യാഥാസ്ഥിതികനായ ഔറംഗസീബിനെ പോലെ തന്നെ ലിബറലായി കൊണ്ടാടപ്പെടുന്ന അക്ബറും ദാരെയും മതത്തെയും രാഷ്ട്രീയത്തെയും വേറിട്ടുകണ്ടിരുന്നില്ല. അങ്ങനെ ഒരു കാഴ്ചപ്പാടേ  മധ്യകാല ലോകത്ത്  എവിടെയും ഉണ്ടായിരുന്നില്ല. തെറ്റായാലും ശരിയായാലും എല്ലാ മതവിശ്വാസികള്‍ക്കും അക്കാലത്ത് രാഷ്ട്രീയവും മതവും ഒന്നുതന്നെയായിരുന്നു. അത് അക്ബറായാലും ഔറംഗസീബായാലും ശിവാജിയായാലും കുരിശു യുദ്ധം നയിച്ച കത്തോലിക്കാ രാജാക്കാന്മാരായാലും. അതിനാല്‍ ഔറംഗസീബ് സാംസ്‌കാരികമായും വിശ്വാസപരമായും ഇസ്‌ലാമിനോടും അതിന്റെ ചിഹ്നങ്ങളോടും  കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ അക്ബറും ദാരെയും ഇന്ത്യയിലെ എക്കാലത്തെയും അധീശ ന്യൂനപക്ഷമായ ബ്രാഹ്മണിക്  സംസ്‌കാരത്തോടും ചിഹ്നങ്ങളോടും വിശ്വാസത്തോടു  പോലും കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയെന്നേയുള്ളൂ വ്യത്യാസം.  അതേസമയം ഔറംഗസീബ് ഇസ്‌ലാമിനോടും അതിന്റെ  സാംസ്‌കാരിക ചിഹ്നങ്ങളോടും ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യയിലെ മറ്റു സംസ്‌കാരങ്ങളോടും മതവിഭാഗങ്ങളോടും ശത്രുത പുലര്‍ത്തിയില്ല എന്ന് അദ്ദേഹത്തിന്റെ ചരിത്രം  നിഷ്പക്ഷമായി പഠിച്ചാല്‍ മനസ്സിലാകും. എന്നാല്‍ അക്ബറിന്റെ മതനയം പരിശോധിച്ചാല്‍, അധീശ ന്യൂനപക്ഷത്തിന്റെ സംസ്‌കാരത്തോടും  ചിഹ്നങ്ങളോടുമുള്ള  ആഭിമുഖ്യം മാത്രമല്ല,  ഇസ്‌ലാമിന്റെ ചിഹ്നങ്ങളോടും സംസ്‌കാരത്തോടുമുള്ള  കടുത്ത വിപ്രതിപത്തിയും ശത്രുതയും കൂടി നമുക്കതില്‍ കാണാം. അപ്പോള്‍ എങ്ങനെയാണ് അക്ബര്‍ ലിബറലും ബഹുസ്വര പ്രേമിയും ആവുക? അധീശ ന്യൂനപക്ഷത്തിന്റെ സംസ്‌കാരം എല്ലാവരിലും അടിച്ചേല്‍പ്പിക്കാനല്ലേ അദ്ദേഹം ശ്രമിച്ചത്? ഇക്കാലത്ത്  നിലവിളക്ക് കത്തിക്കുന്ന മുസ്‌ലിം ലിബറലും ബഹുസ്വരപ്രേമിയും അത് കത്തിക്കാത്ത മുസ്‌ലിം ബഹുസ്വരവിരോധിയുമായി ചിത്രീകരിക്കപ്പെടുന്നതിന്റെ  പൂര്‍വരൂപം തന്നെയാണ് അക്ബര്‍-ഔറംഗസീബ് ദ്വന്ദ്വകല്‍പനയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇത്തരത്തില്‍  സൃഷ്ടിക്കപ്പെട്ട അയഥാര്‍ഥമായ ബൈനറിയെ  അടിത്തറയാക്കി ഔറംഗസീബിന്റെ അധികാരാരോഹണം,  സാമ്രാജ്യ വിപുലീകരണത്തിനും കലാപം അടിച്ചമര്‍ത്തുന്നതിനു വേണ്ടി  അദ്ദേഹം നടത്തിയ യുദ്ധങ്ങള്‍, അദ്ദേഹത്തിന്റെ മതനയം, ടാക്‌സ് പരിഷ്‌കരണം തുടങ്ങിയവയെയെല്ലാം കടുത്ത രീതിയില്‍ ആക്ഷേപിക്കുകയാണ് കൊളോണിയല്‍ ചരിത്രകാരന്മാരും ജദുനാഥ് സര്‍ക്കാറിനെ പോലുള്ള ദേശീയ ചരിത്രകാരന്മാരും ചെയ്തത്. ഒരു ഇന്ത്യക്കാരന്‍ രചിച്ച ഔറംഗസീബിനെ കുറിച്ച, ഏറ്റവും ആധികാരിക ചരിത്രമായി ഇന്ന്  കൊണ്ടാടുന്നത് ജദുനാഥ് സര്‍ക്കാറിന്റെ അഞ്ച് വാല്യത്തിലുള്ള ഹിസ്റ്ററി ഓഫ് ഔറംഗസീബാണ്. ഘടികാരത്തിന്റെ സൂചി പുറകോട്ടു തിരിച്ചയാള്‍ എന്നാണ് മുഗള്‍ ഭരണത്തെ കുറിച്ച് കുറേ നല്ല വര്‍ത്തമാനങ്ങള്‍ പറഞ്ഞ നെഹ്‌റു പോലും ഔറംഗസീബിനെ വിലയിരുത്തിയത്.4 അതിനാല്‍  ഔറംഗസീബിനെ കുറിച്ച ഇത്തരം വ്യത്യസ്ത ആഖ്യാനങ്ങളെ വിമര്‍ശനാത്മകമായി പരിശോധിച്ചുകൊണ്ടു മാത്രമേ ഔറംഗസീബിനെ കുറിച്ച യഥാര്‍ഥ ചരിത്രം വെളിച്ചത്തു കൊണ്ടുവരാനാകൂ. അത്തരത്തിലുള്ള രണ്ട് കൃതികളെ മുഖ്യമായും ആധാരമാക്കിയാണ് ഔറംഗസീബിനെ കുറിച്ച ഈ ലേഖനത്തിലെ നിഗമനങ്ങള്‍. ആ പുസ്തകങ്ങളിലൊന്ന് വളരെ പഴയതും മറ്റൊന്ന്  ഈയിടെ 2017-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമാണ്. അഅ്‌സംഗഢിലെ ദാറുല്‍ മുസന്നിഫീന്‍ പ്രസിദ്ധീകരിച്ച അല്ലാമാ ശിബ്‌ലി നുഅ്മാനിയുടെ ഔറംഗസീബ് ആലംഗീര്‍ പര്‍ എക് നള്ര്‍ ആണ് ആദ്യത്തേത്. അമേരിക്കന്‍ എഴുത്തുകാരിയും  ന്യൂയോര്‍ക്കില്‍ സൗത്തേഷ്യന്‍ ഹിസ്റ്ററി അധ്യാപികയുമായ ഔഡ്‌റെ ട്രൂഷ്‌കെ (അൗറൃല്യ ഠൃൗരെവസല) രചിച്ച അൗൃമിഴ്വലയ, വേല ങമി മിറ വേല ങ്യവേ എന്ന കൃതിയാണ് രണ്ടാമത്തേത്.  ഈ രണ്ട് പുസ്തകങ്ങളും പേര് സൂചിപ്പിക്കുന്നതുപോലെ  ജീവചരിത്രം എന്നതിനേക്കാള്‍ ഔറംഗസീബിനെക്കുറിച്ച വ്യത്യസ്തമായ ആഖ്യാനങ്ങളുടെ രാഷ്ട്രീയം പരിശോധിക്കുന്നവയാണ്. ഇവയില്‍ ശിബ്‌ലിയുടെ പുസ്തകത്തിന്റെ പ്രത്യേകത  ഔറംഗസീബിനെ കുറിച്ച് ഏറ്റവും പ്രാഥമികവും ആധികാരികവുമായ പേര്‍ഷ്യന്‍ സ്രോതസ്സുകളെ അവയുടെ മൂല ഭാഷയില്‍ തന്നെ അവലംബിക്കുന്നു എന്നതാണ്. അവയില്‍ ഔറംഗസീബ് ഷാജഹാന്നും ഷാജഹാന്‍ തിരിച്ചും അയക്കുന്ന കത്തുകള്‍ വരെയുണ്ട്. ഔഡ്‌റെ ട്രൂഷ്‌കെയും പേര്‍ഷ്യന്‍ സ്രോതസ്സുകളെ അവലംബിക്കുന്നുണ്ടെങ്കിലും ഓറിയന്റലിസ്റ്റുകള്‍ ചെയ്ത അവയുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെയാണെന്നു മാത്രം. വിവര്‍ത്തനങ്ങളില്‍ പോലും ഓറിയന്റലിസ്റ്റുകള്‍ തങ്ങളുടെ രാഷ്ട്രീയം കലര്‍ത്തിയതിനാല്‍ അവയുടെ വിശ്വസനീയത സംശയാസ്പദമാണെന്ന് ഗ്രന്ഥകാരി തന്നെ പറയുന്നുണ്ട്.

അബുല്‍ മുസഫ്ഫര്‍ മുഹ്‌യിദ്ദീന്‍ മുഹമ്മദ് എന്നാണ് ഔറംഗസീബിന്റെ ശരിയായ പേര്. 'ലോകം ജയിക്കുന്നവന്‍' എന്ന അര്‍ഥത്തില്‍ ആലംഗീര്‍ എന്നത് പിന്നീട് സ്വീകരിച്ചതാണ്. 1618-ല്‍ ഗുജറാത്തിലെ ദാഹോദില്‍ ഷാജഹാന്റെയും  പ്രിയ ഭാര്യ മുംതാസ് മഹലിന്റെയും  മൂന്നാമത്തെ മകനായി ജനിച്ചു. ദാരെ ഷെക്കോവും  ഷാ ശൂജയും മൂത്ത സഹോദരന്മാരും, മുറാദ് ഇളയ സഹോദരനുമാണ്. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും വിദ്യാ സമ്പന്നന്‍ ഔറംഗസീബാണ്. ഖുര്‍ആന്‍, ഹദീസ്, പ്രവാചക ചരിത്രം തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്കു പുറമെ ടര്‍ക്കിഷ്, പേര്‍ഷ്യന്‍ സാഹിത്യത്തിലും ഹിന്ദി ഭാഷയിലും നല്ല അവഗാഹമുണ്ടായിരുന്നു. പേര്‍ഷ്യന്‍ സാഹിത്യകാരന്മാരായ ഹാഫിദിന്റെയും  സഅ്ദിയുടെയും  സാഹിത്യ കൃതികള്‍, റൂമിയുടെ മസ്‌നവി, നസീറുദ്ദീന്‍ ത്വൂസിയുടെ ഫിലോസഫി ഗ്രന്ഥങ്ങള്‍, രാമായണം, മഹാഭാരതം എന്നിവ താല്‍പര്യപൂര്‍വം വായിച്ചിരുന്നു.5   അറബി കാലിഗ്രഫിയും സംഗീതവുമായിരുന്നു അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്ന മറ്റു രണ്ട്  മേഖലകള്‍. കൂടാതെ സൈനിക പരിശീലനവും നേടി. പിതാവിന്റെ ഭരണകാലത്ത് സൈനികവും ഭരണപരവുമായ നിരവധി ഉത്തരാവാദിത്തങ്ങള്‍ വഹിച്ചു. ദക്കാനിലും ഗുജറാത്തിലും സിന്ധിലും കാബൂളിലും ഷാജഹാന്‍ നേടിയ സൈനിക വിജയങ്ങളുടെ പ്രധാന കാരണക്കാരന്‍ ഔറംഗസീബായിരുന്നു.

പിതാവ് ഷാജഹാന്‍ ജീവിച്ചിരിക്കെത്തന്നെ 1658-ല്‍ ഔറംഗസീബ് മുഗള്‍ ചക്രവര്‍ത്തിയായി അധികാരമേറ്റു. വളരെ അനായാസകരവും സ്വാഭാവികവുമായിരുന്നില്ല ഈ അധികാരാരോഹണം. സഹോദരന്മാരുമായി രക്തരൂഷിതമായ അധികാര മത്സരത്തിനും  പിതാവിനെ വീട്ടുതടങ്കലിലാക്കിയതിനും ശേഷമായിരുന്നു അത്. ഔറംഗസീബിനെതിരായ വിമര്‍ശനം ഇവിടെ തുടങ്ങുന്നു. യഥാര്‍ഥത്തില്‍ വംശീയ പിന്തുടര്‍ച്ചയില്‍ അധിഷ്ഠിതമായ രാജവാഴ്ചയില്‍ ഇത് സ്വാഭാവികമാണ്. പിതാവായ ഷാജഹാന്‍ പോലും തന്റെ രണ്ട് സഹോദരന്മാരെയും രണ്ടാനമ്മയായ നൂര്‍ജഹാനെയും  അധികാര മത്സരത്തില്‍ ഒതുക്കിയതിനു ശേഷമാണ് അധികാരമേറ്റത്. പക്ഷേ അതെല്ലാം വളരെ സ്വാഭാവികമായി കണ്ട ചരിത്രകാരന്മാര്‍ ഔറംഗസീബിനെ മാത്രം അതിന്റെ പേരില്‍ കുരിശിലേറ്റുകയാണ് ചെയ്തത്. പിതാവ് മരണപ്പെട്ടു എന്ന പ്രചാരണം ഉണ്ടായപ്പോള്‍ അതിനെ കുറിച്ച വിവരം അറിയാന്‍ ദക്കാനില്‍നിന്ന് തലസ്ഥാനത്തേക്ക് തിരിച്ച ഔറംഗസീബിനെ യുദ്ധത്തിലേക്ക് തള്ളിവിട്ടത് പിതാവിന്റെ ഉപദേശം പോലും മാനിക്കാതെ ഔറംഗസീബിനെതിരെ ജസ്വന്ത് സിംഗിന്റെ സൈന്യത്തെ നിയോഗിച്ച ദാരെ ഷെക്കോവ് തന്നെയാണെന്ന് മആഥുര്‍ ആലംഗീരി, വാഖിആത്ത് ആലംഗീരി, ആലംഗീര്‍ നാമ, മുന്‍തഖബുല്ലുബാബ് എന്നീ സമകാലിക പേര്‍ഷ്യന്‍ സ്രോതസ്സുകള്‍ ഉദ്ധരിച്ച് ശിബ്‌ലി നുഅ്മാനി സ്ഥാപിച്ചിട്ടുണ്ട്. ബീജാപൂരിനെതിരെ ഔറംഗസീബിന്റെ നേതൃത്വത്തില്‍ പട നയിച്ചുകൊണ്ടിരിക്കെ പൊടുന്നനെ സൈന്യത്തെ തലസ്ഥാനത്തേക്ക് തിരിച്ചുവിളിച്ച ദാരെയുടെ പ്രകോപന നടപടിക്ക് പുറമെയായിരുന്നു ഇത്. ഷാജഹാന്‍, ദാരെയെയാണ് തന്റെ പിന്‍ഗാമിയായി കണ്ടിരുന്നതെങ്കിലും തലസ്ഥാനത്തേക്ക് വരുന്ന ഔറംഗസീബിനെ നേരില്‍ കണ്ട് അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താം എന്ന നിലപാടിലായിരുന്നു ഷാജഹാന്‍. പക്ഷേ അതിന് ക്ഷമയില്ലാതിരുന്ന ദാരെ യുദ്ധത്തിലേക്ക് എടുത്തുചാടി പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു. യുദ്ധം ജയിച്ച ഔറംഗസീബിന് പിന്നെ അനുരഞ്ജനത്തിന് പോകേണ്ട കാര്യമില്ലല്ലോ.

 (തുടരും)

 

കുറിപ്പുകള്‍

1. Audrey Truschke, Aurangzeb: the Man and the Myth

2. Mounts Uart Elphinstone, History of India 2

3. Stanly Lanepoole, Aurangzeb and the Decay of the Mugal Empire 

4. -ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ത്യയെ കണ്ടെത്തല്‍ 

5. Audrey Truschke, Aurangzeb the Man and the Myth പേജ് 22‑,23

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍