Prabodhanm Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

കലിഗ്രഫിയിലെ ഇന്ത്യന്‍ പാരമ്പര്യം

സബാഹ് ആലുവ, റിസര്‍ച്ച് സ്‌കോളര്‍, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി, ദല്‍ഹി

കരീം ഗ്രഫി കക്കോവിന്റെ 'കലിഗ്രഫി സൗന്ദര്യവും രാഷ്ട്രീയവും' എന്ന ലേഖനം പുതിയൊരു വായനാനുഭവമായി. ചില വസ്തുതകള്‍ക്ക് ഊന്നല്‍ നല്‍കേതുെന്ന് തോന്നുന്നു. പലപ്പോഴും മുഗള്‍ കാലഘട്ടം പറഞ്ഞുകൊണ്ടാണ് ഇന്ത്യയിലെ ഇസ്‌ലാമിക കലിഗ്രഫിയെക്കുറിച്ച വര്‍ത്തമാനം ആരംഭിക്കാറുള്ളത്. അതിന് മുമ്പുള്ളവ പരാമര്‍ശിച്ച് തുടങ്ങുമെങ്കിലും വസ്തുതകള്‍ വേപോലെ അവതരിപ്പിക്കാറില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വാസ്തുവിദ്യ ശക്തി പ്രാപിക്കുന്നത് ദല്‍ഹി സല്‍ത്തനത്തിന്റെ  കാലഘട്ടത്തിലാണ്. അതില്‍തന്നെ ഇസ്‌ലാമിക് കലിഗ്രഫിയുടെ നല്ല പ്രായം കടന്നുപോകുന്നത് അടിമവംശ സ്ഥാപകനായ ഖുത്വ്ബുദ്ദീന്‍ ഐബക്കിന്റെയും ഇല്‍ത്തുമിഷിന്റെയും ദല്‍ഹിയിലാണ്. ഖുത്വ്ബ് മിനാറില്‍ ആലേഖനം ചെയ്യപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളില്‍ അറബിക് കലിഗ്രഫിയുടെ സൗന്ദര്യം അനുഭവിക്കാനും ആസ്വദിക്കാനും കഴിയും. ഖുവ്വത്തുല്‍ ഇസ്‌ലാം എന്ന പേരില്‍ ഐബക്ക് പണികഴിപ്പിച്ച പള്ളി ഇസ്‌ലാമിക് കലിഗ്രഫിയുടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യ അടയാളങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ട് അലംകൃതമായ പള്ളിയുടെ മുഖഭാവം എടുത്തുപറയേണ്ട കലാസൃഷ്ടി തന്നെയാണ്. പള്ളിമിനാരങ്ങളുടെ നിര്‍മാണം വ്യത്യസ്ത സമയങ്ങളിലാണ് പൂര്‍ത്തിയാക്കിയതെന്നു മാത്രം. അലാവുദ്ദീന്‍ ഖില്‍ജിയാണ് അവസാനത്തെ മിനാരം പണികഴിപ്പിച്ചത്. തുഗ്ലക്ക് കാലഘട്ടവും കലിഗ്രഫിയെ പരിപോഷിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. പ്രസിദ്ധ മൊറോക്കന്‍ സഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണ ഗ്രന്ഥമായ 'അര്‍രിഹ്‌ല' യില്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ദല്‍ഹിയിലുായിരുന്ന മനോഹര സൗധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബഗ്ദാദ്, സമര്‍ഖന്ദ് തുടങ്ങിയ നഗരസമുച്ചയങ്ങളോട് കിടപിടിക്കുന്ന  ദല്‍ഹിയുടെ മനോഹര വര്‍ണനകള്‍ അന്നത്തെ വാസ്തുവിദ്യയുടെ അഭിവൃദ്ധി വിളിച്ചോതുന്നു. ദല്‍ഹി സല്‍ത്തനത്തിന്റെ  മറ്റൊരു വലിയ കാല്‍വെപ്പായിരുന്നു 'ബിഹാരി' ആകൃതിയിലുള്ള എഴുത്തുരീതി. തുഗ്ലക്ക്, ലോധി ഭരണാധികാരികളിലൂടെ ആരംഭം കുറിച്ച 'ബിഹാരി' എഴുത്തുരീതി അറിയപ്പെടാന്‍ തുടങ്ങിയത് മുഗളന്മാരിലൂടെയാണെന്നു മാത്രം. ഇന്നും ഇന്ത്യയില്‍ ഈ അലങ്കാര രീതിയില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ പതിപ്പുകള്‍ കാണാന്‍ സാധിക്കും. കൂടാതെ ഇന്നത്തെ ഇന്ത്യയില്‍  അധികമാര്‍ക്കും  സുപരിചിതമല്ലാത്ത ദല്‍ഹിയിലെ ഏറ്റവും വലിയ കോട്ടയെന്ന് വിശേഷിപ്പിക്കാന്‍ അര്‍ഹതയുള്ളതും ഇസ്‌ലാമിക് കലിഗ്രഫിയുടെ വൈജാത്യങ്ങള്‍ നിറഞ്ഞതുമായ തുഗ്ലക്കാബാദ് കോട്ട പണികഴിപ്പിച്ച തുഗ്ലക്ക് കാലഘട്ടവും ആര്‍ക്കിയോളജി വിഭാഗത്തിന്റെ 'ഇരുട്ടറ'യില്‍ തന്നെയാണുള്ളത്. ദല്‍ഹിയില്‍ തുഗ്ലക്കാബാദ് കോട്ടയോടു ചേര്‍ന്ന്  ഗിയാസുദ്ദീന്‍ തുഗ്ലക്ക് പണി കഴിപ്പിച്ച അദ്ദേഹത്തിന്റെ  തന്നെ ശവകുടീരം (ഠീായ ീള ഏശ്യമൗെറവലലി ഠൗഴഹമസ) ഇസ്‌ലാമിക് കലിഗ്രഫിയുടെ മഹനീയ ഉദാഹരണങ്ങളിലൊന്നാണ്.  ഫിറോസ് ഷാ തുഗ്ലക് ദല്‍ഹിയില്‍  നിര്‍മിച്ച മദ്‌റസയും ചേര്‍ന്നുള്ള ശവകുടീരവും അതുള്‍ക്കൊള്ളുന്ന ഹൗസ് ഖാസുമെല്ലാം, ദല്‍ഹി സല്‍ത്തനത്തിനു കീഴില്‍ അറബി കലിഗ്രഫി ഉന്നതിയിലെത്തി എന്നതിന്റെ  വലിയ തെളിവുകളാണ്. ദല്‍ഹി സുല്‍ത്താന്മാരില്‍നിന്നും മുഗളന്മാര്‍ക്ക്  അനന്തരം കിട്ടിയ അറബിക് കലിഗ്രഫിയെ കൂടുതല്‍ മേന്മയോടെ ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് സാധിച്ചു.

 

 

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനെന്തിരിക്കുന്നു!

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം സ്വീകരിച്ചതായി കുറ്റപ്പെടുത്തിയത് (ലക്കം 3032) ബാലിശമായിപ്പോയി. ഏതു പരിതഃസ്ഥിതിയിലാണ് കോണ്‍ഗ്രസ് അത് ചെയ്തതെന്ന് ലേഖകന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെന്ന് തോന്നുന്നു. തികച്ചും സാമുദായിക ധ്രുവീകരണം നടന്ന ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആ അവസ്ഥ മറികടക്കാന്‍ കോണ്‍ഗ്രസിന് ചില തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടായിരുന്നു. യുദ്ധരംഗത്ത് ശത്രുവിനെ പരാജയപ്പെടുത്താന്‍ അവരുടെ കമാന്റര്‍മാര്‍ക്ക് സമയാധിഷ്ഠിത പദ്ധതികള്‍ നിശ്ചയിക്കുന്ന പോലെയാണിത്. അതിലൊന്നായിട്ടാണ് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെ കാണേത്. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്വീകരിച്ച പൊതുജന സമ്പര്‍ക്ക രീതികളില്‍ ഒരു വര്‍ഗീയതയും കാണാന്‍ പറ്റില്ല. സാധാരണക്കാരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു എന്നു അവരെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ഒരു അപാകതയുമില്ല. എല്ലാ മതവിഭാഗങ്ങളോടും കോണ്‍ഗ്രസ് അത് ചെയ്യുന്നുണ്ട്. മാത്രമല്ല നമ്മുടെ മതനിരപേക്ഷത എല്ലാ മതങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുന്നതുമാണ്.

ബി.ജെ.പിയുടെ തട്ടകമെന്ന നിലക്ക് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്ന മറ്റു ചില കാരണങ്ങളുമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഹൈന്ദവ വിശ്വാസത്തെ അഭിമുഖീകരിക്കുന്നില്ലെന്നും ഭൂരിപക്ഷ താല്‍പര്യങ്ങളെ അവഗണിക്കുന്നുവെന്നും ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നും എതിരാളികള്‍ രാജ്യമാകെ പാടിനടന്നു. പോരാത്തതിന്, കഴിഞ്ഞ സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പുരോഗതിക്കും പല പദ്ധതികളും ആവിഷ്‌കരിക്കുകയും ഫണ്ടുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇതും ബി.ജെ.പിയുടെ എതിര്‍പ്പ് ആളിക്കത്തിച്ചു. ഇതിനെല്ലാം പുറമെ കോണ്‍ഗ്രസിന്റെ തലപ്പത്ത് ചില ന്യൂനപക്ഷ നേതാക്കന്മാരെ അവരോധിച്ചതും അവര്‍ക്ക് വിനയായി. സ്വാഭാവികമായും സാമാന്യ ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ അകറ്റാന്‍ കോണ്‍ഗ്രസിന് ബുദ്ധിപൂര്‍വം മുന്നോട്ട് പോവേണ്ടതുണ്ടായിരുന്നു. മതനിരപേക്ഷ ശക്തികളെ അനുകൂലിക്കുന്ന ഒരു പ്രസിദ്ധീകരണമെന്ന നിലക്ക് കോണ്‍ഗ്രസിനെ അക്കാര്യത്തില്‍ പ്രബോധനം പിന്തുണക്കണമായിരുന്നു.

റഹീം കരിപ്പോടി, കാസര്‍കോട്

 

 

സിവില്‍ കേസിന് ക്രിമിനല്‍ ശിക്ഷയോ?

ഒരു മുസ്‌ലിം പുരുഷന് തന്റെ മുസ്‌ലിം ഇണയോടൊപ്പം കഴിയാന്‍ സാധ്യമല്ലെന്ന് ബോധ്യമായാല്‍ അവസാനമായി ചെയ്യേതാണ് വിവാഹമോചനം. പല ഉപാധികളോടെയും ഉഭയസമ്മതത്തോടെയും ചെയ്യുന്ന വിവാഹമോചനം ഒരു കുറ്റമല്ല. വിവാഹമോചനം പൂര്‍ണമായി സാധു ആവണമെങ്കില്‍ മൂന്ന് ഘട്ടമായി ചെയ്യണമെന്ന് ഇസ്‌ലാം നിബന്ധന വെച്ചിട്ടുണ്ട്.

വിവാഹമോചനം ചെയ്യാതെയും ഇണയുമായി ദാമ്പത്യബന്ധം പുലര്‍ത്തി സംരക്ഷിക്കാതെയും കെട്ടിയിട്ട മൃഗത്തെപ്പോലെ ഇണയെ ദ്രോഹിക്കുന്നത് ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

വിവാഹമോചനം കര്‍മശാസ്ത്ര വിഷയമായതുകൊണ്ട് ഒറ്റയടിക്ക് മതിയോ, മൂന്ന് ഘട്ടമായി നിര്‍വഹിക്കണോ എന്നതില്‍ പണ്ഡിതര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. എങ്ങനെയായാലും സിവില്‍ ഒഫന്‍സ് ആയതുകൊണ്ട് അതൊരിക്കലും ക്രിമിനല്‍ കുറ്റമാവുകയില്ല. മുസ്‌ലിം പേഴ്‌സനല്‍ ലോ തന്നെ സിവിലാണ്.   'മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍' എന്ന പേരില്‍ ലോക്‌സഭയില്‍ ചുട്ടെടുത്ത ബില്‍ തികഞ്ഞ രാഷ്ട്രീയ താല്‍പര്യത്തോടെയുള്ളതാണ്. മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്ന് വര്‍ഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സംഘ് പരിവാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ ബില്ലെന്താകുമെന്നറിഞ്ഞുകൂടാ. കുറ്റമല്ലാത്തൊന്ന് കുറ്റമാക്കുകയും പിന്നീടത് ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്യുന്നത്, ആടിനെ പട്ടിയാക്കുകയും പിന്നീടത് പേപ്പട്ടിയാണെന്നു പറഞ്ഞ് തല്ലിക്കൊല്ലുകയും ചെയ്യുന്നതിന് സമമാണ്. ബില്‍ നിയമമായാല്‍ തന്നെ ഒരു സിവില്‍ വ്യവഹാരം ക്രിമിനല്‍ കുറ്റമാക്കി ശിക്ഷ ഏര്‍പ്പെടുത്തി എന്ന് പരാതിപ്പെട്ട് കോടതിയെ സമീപിക്കാവുന്നതല്ലേ!

ഒ.ടി മുഹ്‌യിദ്ദീന്‍, വെളിയങ്കോട്

 

 

ത്വലാഖ് പുണ്യകര്‍മമാണോ?

നിസ്സാര കാരണങ്ങളാല്‍ വേര്‍പ്പെടുത്താവുന്ന ബന്ധമായല്ല ഇസ്‌ലാം വിവാഹത്തെ കാണുന്നത്. പ്രശ്‌ന പരിഹാരത്തിനു എല്ലാ വഴികളും അന്വേഷിച്ച് കഴിഞ്ഞ ശേഷമേ അത് വിവാഹമോചനം അനുവദിക്കുന്നുള്ളൂ. മനശ്ശാസ്ത്ര സമീപനങ്ങളും ഉപദേശങ്ങളും വിലപ്പോവാതെ വരുമ്പോഴാണ് വിവാഹമോചനം നടത്താനുള്ള അനുവാദം. അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിനു ഏറ്റവും കോപമുള്ള കാര്യമെന്നാണ്  ത്വലാഖിനെക്കുറിച്ച പ്രവാചക വചനം. നിങ്ങള്‍ വിവാഹം കഴിക്കുക, ത്വലാഖ് ചൊല്ലാതിരിക്കുക, ആസ്വാദനാവശ്യാര്‍ഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല എന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ വിവാഹം കഴിക്കുക, ത്വലാഖ് ചൊല്ലാതിരിക്കുക, കാരണം അത് ദൈവിക സിംഹാസനത്തില്‍ പോലും ഞെട്ടലുണ്ടാക്കുമെന്നാണ് പ്രവാചക ശിഷ്യനായ അലി(റ) പറഞ്ഞത്. ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് ദേഷ്യപ്പെട്ട് രൂക്ഷമായി സംസാരിച്ച സംഭവവും പ്രവാചക ചരിത്രത്തിലുണ്ട്.

പല ഘട്ടങ്ങളിലായാണ് ഇസ്‌ലാം വിവാഹമോചനത്തിനു അനുമതി നല്‍കുന്നത്. ആദ്യം ഉപദേശിക്കണം. പിന്നെ ശയ്യയില്‍നിന്ന് അകറ്റിനിര്‍ത്തണം. കാലങ്ങള്‍ ഏറെയായി ഒരുമിച്ച് ജീവിക്കുന്നവര്‍ക്കിടയിലെ ഈയൊരു വേര്‍പാട് മനസ്സില്‍ ചെറിയൊരു ഇളക്കമുണ്ടാവാന്‍ കാരണമായേക്കും. മനശ്ശാസ്ത്രപരമായ ഈ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടും ശരിയാകുന്നില്ലെങ്കില്‍ രണ്ട് കുടുംബത്തിലും പെട്ട കാരണവരുടെ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ സംസാരിക്കണം. 'അവരിരുവര്‍ക്കിടയില്‍ ഭിന്നതയുണ്ടാകുമെന്ന് ഭയന്നാല്‍ അവന്റെയും അവളുടെയും കുടുംബത്തില്‍നിന്ന് ഓരോ വിധികര്‍ത്താവിനെ നിയോഗിക്കുക' എന്ന ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന് അതാണ് മനസ്സിലാവുന്നത്. ശേഷം, അനിവാര്യമാകുന്ന ഘട്ടത്തിലാണ് വിവാഹമോചനം അനുവദിക്കപ്പെടുന്നത്. ഈ അനുവാദം മതത്തിനെതിരെ അമ്പെയ്തുവിടാനുള്ള  അവസരമായി ചിലര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും നിഷ്പക്ഷമതികളെല്ലാം ഇതിനെ അംഗീകരിച്ചിട്ടുണ്ട്. ഒന്നിച്ചു കഴിയാന്‍ പ്രയാസമാണെങ്കില്‍ വിവാഹ മോചനമാണ് നല്ലതെന്ന് അനേകം കുടുംബ മനശ്ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നു.

ത്വലാഖ് പുണ്യകര്‍മമാണെന്ന മട്ടില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്! രാജ്യത്ത് വളരെ ന്യൂനപക്ഷമാണ് മുസ്‌ലിം സ്ത്രീകള്‍. അതില്‍ തന്നെ ത്വലാഖിനു വിധേയമാവുന്നവര്‍ വളരെ വിരളവും. മുത്ത്വലാഖിനു വിധേയമാവുന്നവര്‍ തുലോം തുഛമാണ്. ഇവരുടെ അവകാശത്തിനു വേണ്ടി നിരാഹാര സമരം നടത്തുന്നവര്‍ വലിയൊരു വിഭാഗങ്ങള്‍ക്കു നേരെയുണ്ടാവുന്ന അക്രമങ്ങള്‍ നടക്കുമ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്നു. മുസ്‌ലിം ന്യൂനപക്ഷ വിഷയത്തിലെ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ മുത്ത്വലാഖില്‍ ഒതുങ്ങില്ല. ഭരണഘടന ഉറപ്പ് നല്‍ക്കുന്ന അനേകം അവകാശങ്ങള്‍ക്ക് ചങ്ങലയിടുന്നതിന്റെ പ്രാരംഭമാണിത്.

മുഹമ്മദ് അനസ് ആലങ്കോള്‍

 

 

പ്രതീക്ഷയാണ് പ്രവാസ മഹല്ല് കൂട്ടായ്മകള്‍

പ്രവാസലോകത്ത് മഹല്ല് കൂട്ടായ്മകള്‍ സജീവമാണ്. ജാതിമതഭേദമന്യേ മഹല്ലിലെ പലവിധ സേവനങ്ങളിലും കാര്യപ്പെട്ട പങ്ക് പ്രവാസികൂട്ടായ്മകള്‍ നിര്‍വഹിച്ചുപോരുന്നു. ഒട്ടുമിക്ക ജില്ലകളിലെയും മഹല്ല് കൂട്ടായ്മകള്‍ സംഘടനാഭേദമന്യേ കുടുംബ സംഗമങ്ങള്‍,  ഇഫ്ത്വാര്‍, സമൂഹ വിവാഹങ്ങള്‍, മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ  പരിപാടികള്‍ സജീവമായി നടത്തി വരുന്നു്. നാട്ടിലെ മഹല്ല് കമ്മിറ്റികള്‍ക്ക് തങ്ങളുടെ  വിശാലമായ കാഴ്ചപ്പാടുകളും ചിന്തകളും കൈമാറ്റം ചെയ്യാറുണ്ട് ഗള്‍ഫ് മഹല്ല് സംഘടനകള്‍. നാട്ടില്‍നിന്ന് വ്യത്യസ്തമായി പ്രവാസ മഹല്ല് കൂട്ടായ്മകളില്‍ യുവാക്കളുടെ സാന്നിധ്യം ശ്ലാഘനീയമാണ്. തെക്കന്‍ ജില്ലയിലെ പത്തു പേര്‍ മാത്രം അടങ്ങുന്ന ഒരു ചെറിയ പ്രവാസി മഹല്ല് കൂട്ടായ്മയില്‍ ഈയുള്ളവന്‍ പങ്കെടുക്കുകയുണ്ടായി. മഹല്ലില്‍ അവര്‍ ഇടപെട്ടു നടത്താന്‍ ഉദ്ദേശിക്കുന്ന പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്, പാരന്റിംഗ്, സാമൂഹിക സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു. നാട്ടിലെ മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കത്തക്ക വിധം ആള്‍ബലമുള്ള  മഹല്ല് കൂട്ടായ്മകളും പ്രവാസലോകത്തുണ്ട്. പുതിയ സാഹചര്യങ്ങളില്‍ പ്രവാസ മഹല്ലു കൂട്ടായ്മകള്‍ കേവല പിരിവുകള്‍ക്കപ്പുറം മഹല്ലുകളുടെ മാനവികത നിലനിര്‍ത്തുന്നതില്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

മുഹമ്മദ് റാസി ഷാര്‍ജ 

 

അവധിക്കാലത്തിന് അവധി പ്രഖ്യാപിക്കാതെ

യാഥാര്‍ഥ്യവുമായി പൊരുത്തമില്ലെങ്കിലും സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് വേണം ഒന്ന് വിശ്രമിക്കാന്‍ എന്ന് ആളുകള്‍ തമാശ രൂപത്തില്‍ മൊഴിയുന്നത് പോലെയാണ് വെക്കേഷന്‍ ആയിട്ട് വേണം ഒന്ന് കളിച്ച് രസിച്ച് നടക്കാന്‍ എന്നാണ് ബാല മനസ്സുകള്‍ ഇന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം സ്വപ്നമായി മനസ്സകങ്ങളില്‍ സൂക്ഷിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഇന്നത്തെ മിക്ക കുട്ടികളും. പ്രഭാതത്തില്‍ തുടങ്ങുന്ന ഹോം വര്‍ക്ക്, അല്ലെങ്കില്‍ സ്‌കൂള്‍ യാത്രക്കുള്ള തിരക്കിട്ട കസര്‍ത്തുകള്‍, ഏഴ് മണിക്കൂറുകളോളം നീളുന്ന ദൈനംദിന സ്‌കൂള്‍ പീഡനം, വൈകുന്നേരത്തെ ട്യൂഷന്‍, മദ്‌റസ, രാത്രി കാലത്തെ പഠനം. ബാല്യജീവിതത്തിന് ഒരേ താളം, ഒരേ ഈണം, ഒരേ ഭാവം. സമ്മര്‍ദ കലുഷിതമാണ് ഇന്നിന്റെയും ഭാവിയുടെയും പൗരന്മാരെന്ന് നാം ഉച്ചൈസ്ഥരം ആലങ്കാരികമായി വിശേഷിപ്പിക്കുന്ന നമ്മുടെ മക്കളുടെ യഥാര്‍ഥ അവസ്ഥ.

പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതികളും അനുബന്ധ പ്രവര്‍ത്തനങ്ങളും ശിശുകേന്ദ്രീകൃതമാക്കിയെങ്കിലും, യഥാര്‍ഥത്തില്‍ കുട്ടികള്‍ക്ക് മുമ്പത്തേക്കാളേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നതാണ് സത്യം. അവ തേടിപ്പിടിച്ച് കൈപ്പിടിയിലൊതുക്കാനും  മറ്റും കുട്ടികളും, ജീവിത നിവൃത്തിക്കായി പരക്കം പായുന്ന ഇതിനെ കുറിച്ച് ബോധവാന്മാരായ രക്ഷിതാക്കളും ഏറെ പ്രയാസപ്പെട്ടാണ് മുന്നോട്ട് പോകുന്നത്. പരീക്ഷ കാലങ്ങളില്‍ കുട്ടികള്‍ കൂടിയ മാനസിക പിരിമുറുക്കം അനുഭവിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും അവര്‍ മനസ്സില്‍ തലോലിക്കുന്ന സ്വപ്‌നമുണ്ട്; പാഠപുസ്തകങ്ങളിലെ തുറിച്ചു നോക്കുന്ന അക്ഷരക്കൂട്ടങ്ങളില്‍ നിന്നുള്ള മോചനം. പക്ഷേ ദുഃഖകരമെന്ന് പറയട്ടെ, പരീക്ഷക്കു ശേഷം വരുന്ന ഒഴിവു ദിനങ്ങള്‍, അവരുടെ മോഹങ്ങള്‍ കരിച്ചു കളയുന്ന രീതിയിലുള്ള അജണ്ടകളാല്‍ നിറഞ്ഞതാണ്.

ഒഴിവ് ദിനങ്ങള്‍ പലപ്പോഴും കവരുന്നത് സമാന്തര കോച്ചിംഗ് സ്ഥാപനങ്ങളും മറ്റുമാണ്. അത് അവരുടെ കച്ചവടക്കണ്ണിന്റെ ഭാഗമാണെന്ന് ന്യായീകരിക്കാം. എന്നാല്‍ മത സംഘടനകള്‍ നടത്തുന്ന ഇസ്‌ലാമിക പാഠശാലകളുടെയും മദ്‌റസകളുടെയും അവസ്ഥ എന്താണ്? സാധാരണ ശനി - ഞായര്‍  ദിവസങ്ങളില്‍ നടത്തുന്ന പാഠശാലകള്‍, കുട്ടികള്‍  ഉല്ലസിച്ച് നടക്കേണ്ട ഒഴിവു ദിനങ്ങള്‍ കവര്‍ന്ന് അധ്യയനത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ക്രിസ്മസ്സ് അവധി ദിനങ്ങളിലും ഇത് അനുഭവപ്പെട്ടു. ഒരു സംഘടനയുടെ മദ്‌റസകളില്‍ ഈ കാലയളവില്‍ പരീക്ഷ പോലും നടന്നു. പരീക്ഷകള്‍ക്ക് പിന്നാലെ പരീക്ഷകള്‍. ഫലത്തില്‍ കുട്ടികള്‍ കൂട്ടിലെ തത്തകളെ പോലെ പാഠപുസ്തക വരികള്‍ക്കിടയില്‍ തളച്ചിടപ്പെടുന്നു. അവര്‍ക്ക് മാനസികോല്ലാസങ്ങളില്‍ ഏര്‍പ്പെടാനോ ബന്ധുമിത്രാദികളുടെ വീടുകളില്‍ പോയി താമസിക്കാനോ വേത്ര സാധിക്കുന്നില്ല. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സ്വഭാവരൂപീകരണത്തിനും മറ്റും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന പ്രസ്ഥാനത്തിന് കീഴിലുള്ള മജ്‌ലിസ് പോലെയുള്ള അനുബന്ധ ബോഡികള്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തുടനീളം ഒരേകീകൃത രീതി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ദൈവം കനിഞ്ഞരുളിയ, മനുഷ്യായുസ്സിലെ അതി മനോഹര മുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചു പിടിക്കാന്‍ സാധിക്കാത്ത മഴവില്‍ ചാരുതയാര്‍ന്ന ബാല്യം, നമുക്ക് അവരിലേക്ക് തിരിച്ചു നല്‍കാം. തങ്ങളുടെ ബാല്യം നഷ്ടപ്പെടുത്തിയവരെന്ന് പഴിക്കുന്നവരായി അവരെ നമുക്ക് മാറ്റാതിരിക്കാം. അവധിക്കാലത്തിന് 'അവധി' പ്രഖ്യാപിക്കാതെ, അച്ചടക്കത്തിന്റെ ചൂരല്‍ വടികളില്ലാത്ത, ഹോംവര്‍ക്കും ഇമ്പോസിഷനും പരീക്ഷകളും ഇല്ലാത്ത, യഥാര്‍ഥ രീതിയില്‍ ബലപ്പെടുത്തിയ ബാല്യത്തെ നാം മടി കൂടാതെ അവര്‍ക്ക് തിരിച്ച് നല്‍കുക. കാരണം അത് അവരുടെ അവകാശമാണ്; നമ്മുടെ ഔദാര്യമല്ല.

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

 

 

ജീവിതത്തിന്റെ നാനാര്‍ഥങ്ങള്‍

എത്ര ഉന്നത വ്യക്തിയായാലും നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളുണ്ടെങ്കിലേ അത്തരക്കാരെ സമൂഹം അംഗീകരിക്കൂ. മാനവസേവ മാധവസേവ എന്ന തത്ത്വത്തിലധിഷ്ഠിതമായ ഒരു പ്രബോധനം കര്‍മങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുമ്പോഴേ ജീവിതം പൂര്‍ണതയിലെത്തുന്നുള്ളൂ. ജീവിതം അതിസുന്ദരമാണെന്ന് സ്വപ്

നം കാണുന്നവര്‍ ഭാഗ്യവാന്മാരാണ്. അവരെ സമ്പന്നവര്‍ഗത്തില്‍ പെടുത്താം. സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ വേണ്ടി പലരും ചെയ്യുന്ന പ്രവൃത്തികള്‍ ജീവിതത്തിന് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

പലരും പറയുന്നതുപോലെ ഒരു വിഡ്ഢിക്കഥയല്ല ജീവിതം. ഉത്തരവാദിത്തങ്ങളുടെയും കടമകളുടെയും ഒരു ഘോഷയാത്രയാണ് മനുഷ്യ ജീവിതം. മനസ്സിന്റെ ശാന്തി തരുന്ന സുഖത്തിനപ്പുറം ഈ ലോകത്ത് മറ്റെന്താണ് വിലപ്പെട്ടതായിട്ടുള്ളത്? മനുഷ്യ സമൂഹത്തിന്റെ ഉന്നമനത്തിനായും സുഖേയ സുന്ദരമായ ജീവിതത്തിനും വേണ്ടി അഹോരാത്രം പാടുപെടുന്നവര്‍ ഈ ഭൂമുഖത്തുണ്ട്. കര്‍മങ്ങളുടെ പ്രേരകശക്തിയുടെ ഉറവിടം മനുഷ്യ മനസ്സുകളിലാണ്. എന്ന തത്ത്വം അംഗീകരിക്കപ്പെടുമ്പോഴാണ് നാം കൂടുതല്‍ ഊര്‍ജസ്വലരാകുന്നത്.

പ്രബോധനം ലക്കം 27-ല്‍ പ്രസിദ്ധീകരിച്ച ചിന്താവിഷയം 'വിഡ്ഢിക്കഥയല്ല ജീവിതം' എന്ന കുറിപ്പ് ഹൃദ്യമായി.

ആചാരി തിരുവത്ര, ചാവക്കാട്

 

 

പ്രതിനിധാനമാണ് ശരിയായ മറുപടി

'മുസ്‌ലിം വിമോചനത്തിന്റെ വേരുകള്‍' വഹീദ ജാസ്മിന്‍ എഴുതിയ ലേഖനം (22 ഡിസംബര്‍ 2017) വായിച്ചു. ഇന്ന് സജീവമാകുന്ന മുസ്‌ലിം സ്ത്രീവാദങ്ങളെ അതിന്റേതായ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് ചര്‍ച്ച ചെയ്യുകയും മുഖവിലക്കെടുക്കുകയും വേണം. മുസ്‌ലിം പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ നിഖില മേഖലകളിലും സജീവമാണിന്ന്. അരാജക ജീവിതം കൊണ്ടാടപ്പെടുന്ന പടിഞ്ഞാറന്‍ ലോകത്ത് സ്ത്രീകള്‍ വലിയ തോതില്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നുണ്ട്. സ്വസ്ഥവും സമാധാനപരവുമായ കുടുംബജീവിതം ഇസ്‌ലാമില്‍ സാധ്യമാകും എന്നതാണ് പ്രധാന കാരണം. ഇസ്‌ലാമിക ആദര്‍ശങ്ങളും അടയാളങ്ങളും ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം സ്ത്രീ പുരോഗമിക്കുകയും പൊതുരംഗത്തേക്ക് ഇറങ്ങി വരികയും ചെയ്യുന്നതു തന്നെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള പ്രധാന മറുപടി.

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍