നാടു വിട്ടവര്‍
ഗ്രീഷ്മത്തിലെ
വെയില്‍ തിന്ന് വാടാതിരിക്കാന്‍
നിനക്ക് ഞാനൊരു
പിറന്നാള്‍ പൊതി കരുതിയിട്ടുണ്ട്;
ഇടവപ്പാതിയെ കാത്തിരുന്നു
നുരുമ്പിച്ച കുട!
നിന്റെ ഇന്‍ബോക്‌സുകളെ
മഴക്കാടുകള്‍ കൊണ്ടു ഞാന്‍
ശ്വാസം മുട്ടിക്കും
എത്ര കുഴിച്ചിട്ടും
വെള്ളം കാണാത്ത കിണറുകളില്‍
വേസ്റ്റ് നിറച്ചു
പ്രതികാരം തീര്‍ക്കും
മണ്ണിനെ ശിരോവസ്ത്രമണിയിച്ച
ഇന്റര്‍ലോക്കുകള്‍ക്കിടയില്‍
മണ്ണിരയുടെ
ആത്മഹത്യാക്കുറിപ്പ്
ഫേസ്ബുക്കില്‍
ഉണക്കാനിടും
മഴമേഘങ്ങളെ പ്രണയിച്ച
പുഴയുടെ
സുറുമയിട്ട കണ്ണുകള്‍
ബോട്ടിലില്‍ ശ്വാസംമുട്ടി മരിച്ചത്
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍
റീത്ത് സമര്‍പ്പിച്ച്
ചരമഗീതം മുഴക്കും
നാട് വിട്ട അരുവികളെയോര്‍ത്ത്
നീ സങ്കടം കൊള്ളരുത്
ആകാശക്കീറിന്റെ
സാരിത്തുമ്പ് പിടിച്ച്
ആത്മകഥ പകര്‍ത്തിയെഴുതിയ
മലനിരകളെ
ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍
നട്ടുവളര്‍ത്തും
മണ്ണുമാന്തിയുടെ
കൈവെള്ളയിലിരിക്കുന്ന
ചോരവറ്റിയ മലയെക്കുറിച്ച് നീ
പിന്നീടൊരിക്കലും
പരിതപിച്ചേക്കരുത്....
*************************************************
ഋതുഭേദം
-ഉബൈദ് പത്തിരിയാല്‍-
ജനലിനപ്പുറം യുവത്വത്തിന്റെ
ആരവങ്ങളാണ്.
ബാല്യത്തിന്റെ കളിത്തോപ്പ്.
ശൈശവത്തിന്റെ കിളിക്കൊഞ്ചല്‍.
കൗമാരത്തിന്റെ ജിജ്ഞാസ.
പണ്ടത്തെപ്പോലെയല്ല;
ജനല്‍ വെളിച്ചത്തെയല്ല,
ഇരുട്ടിനെയാണ്
അകത്തേക്കെടുക്കുന്നത്.
ജരാനരകളായി
ഊന്നുവടിയില്‍ വിറച്ചു വിറച്ചു വന്ന
കുളിര്‍ക്കാറ്റ്.
കഫം കാറിത്തുപ്പിയ തുലാവര്‍ഷം.
ഏകാന്തതയുടെ
ചുവരുകള്‍ക്കുള്ളിലേക്ക്
ഇടിനാദം ഇരച്ചുകയറി.
പുതപ്പിട്ടു മൂടിയ ഓര്‍മകള്‍
മരണത്തെ പ്രതീക്ഷയോടെ
കാത്തിരുന്നു.
കാറ്റിന്റെ ശക്തിയില്‍
ജനല്‍ പാളികള്‍ അടഞ്ഞും തുറന്നും
കൊണ്ടേയിരുന്നു.
പക്ഷേ,
പുറത്തെ ആരവങ്ങളിലേക്ക് തന്നെ
പ്രഭാതം വീണ്ടും കണ്ണ് തുറന്നു.
എല്ലാറ്റിനും ഒരു സമയമുണ്ട്.
Comments