ശവഭോജന സംസ്‌കാരം
മനുഷ്യനിലെ നന്മകള്‍ നശിപ്പിക്കുകയും സമൂഹത്തില്‍ തിന്മ വിതക്കുകയും ചെയ്യുന്ന പരദൂഷണം കൊടിയ കുറ്റമാകുന്നു. 'ശവംതീറ്റ' സംസ്‌കാരമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച പരദൂഷണത്തിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്.
തെളിവുകളില്ലാതെയോ, ഉള്ള തെളിവുകളുടെ നിജഃസ്ഥിതി അന്വേഷിക്കാതെയോ നിഗമനങ്ങളിലും തീര്‍പ്പുകളിലും എത്തുക.
ചിലപ്പോള്‍ അതിന് നിമിത്തമാകുന്നത് കോപമാകും. മനുഷ്യന്‍ കോപാകുലനാവുകയും ഉള്ളില്‍ കലി കത്തുകയും അങ്ങനെ അന്ധനായിത്തീരുകയും ചെയ്യും. പിന്നെ സ്വഭാവവും സംസ്‌കാരവുമാവില്ല അവനെ നയിക്കുന്നത്. എങ്ങനെയെങ്കിലും തന്റെ കലിയടങ്ങുകയും തനിക്ക് സ്വസ്ഥത ലഭിക്കുകയും ചെയ്യണമെന്ന വിചാരമേ അന്നേരം അയാള്‍ക്കുണ്ടാവൂ. ദേഷ്യവും കലിയും പകയായിത്തീര്‍ന്നാല്‍ അപരന്റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് അത് പരസ്യമാക്കാന്‍ ഒരുമ്പെട്ടിറങ്ങുകയായി പിന്നെ. അതാണ് പരദൂഷണമായിത്തീരുന്നത്. രോഷവും കോപവും കലിയും നിയന്ത്രിക്കാനും മനസ്സിനെ മെരുക്കാനും നബി (സ) ആവശ്യപ്പെട്ടതിന്റെ പൊരുള്‍ അതാണ്.
ജീവിക്കുന്ന സാഹചര്യം ഈ ദുര്‍ഗുണം വളര്‍ത്താം. വീട്, സമൂഹം, സുഹൃത്തുക്കള്‍... അങ്ങനെ വ്യക്തി ഇടപെടുന്ന ചുറ്റുപാടുകള്‍ പരദൂഷണത്തിന് വളം നല്‍കി വളര്‍ത്താറുണ്ട്. താന്‍ ഇടപെടുന്ന വൃത്തത്തോടുള്ള കൂറും പ്രതിബദ്ധതയും തെളിയിക്കാനും അവരോടുള്ള ബന്ധം അറ്റുപോവാതിരിക്കാനും പരദൂഷണത്തില്‍ പങ്കാളിയാവും.
ഒരു വ്യക്തിക്ക് സമൂഹത്തില്‍ കിട്ടുന്ന ആദരവും അംഗീകാരവും കാണുമ്പോള്‍ അസൂയാലുവായിത്തീരുന്ന അപരന്‍, അയാളെ ഇടിച്ചുതാഴ്ത്തി ഒന്നുമല്ലാതാക്കിത്തീര്‍ക്കാന്‍ ശ്രമിക്കും. ഇതിന് പരദൂഷണത്തിന്റെ വഴിതേടുകയാണ് എളുപ്പം.
ചിലര്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും തേടിപ്പോകുന്നത് വെറുതെ ഒരു തമാശക്കായിരിക്കും. സമയം കൊല്ലാനും മറ്റുള്ളവരെ നര്‍മം പറഞ്ഞ് ചിരിപ്പിക്കാനും വഴിതേടുക, ചിലപ്പോള്‍ സദസ്സില്‍ ഇല്ലാത്ത വ്യക്തികളുടെ പോരായ്മകള്‍ എടുത്തുകാട്ടിയാവും. 'ഒരാള്‍ നിര്‍ദോഷമെന്ന് താന്‍ കരുതുന്ന ഒരു വാക്ക് ഇതരനെക്കുറിച്ച് പറയുന്നത് എഴുപത് മന്വന്തരങ്ങള്‍ നരകത്തില്‍ ആപതിക്കുന്നതിന് നിമിത്തമാവും' (ബുഖാരി).
മറ്റുള്ളവരുടെ ദീനീനിഷ്ഠയില്‍ സംശയം പുലര്‍ത്തുന്ന ചിലരുണ്ട്. വ്യക്തമായ തെളിവോ മതിയായ അന്വേഷണമോ ഇല്ലാതെ സമൂഹമധ്യത്തില്‍ അവരെ ചെറുതാക്കാനും ഇകഴ്ത്താനുമാകും അവരുടെ ശ്രമം. വഴിയിലൂടെ കടന്നുപോയ ഒരു വ്യക്തിയെക്കുറിച്ച് 'എനിക്ക് അയാളോട് വെറുപ്പാണ്' എന്ന് പറഞ്ഞ സ്വഹാബിയെയും കൂട്ടി കൂട്ടുകാര്‍ നബി(സ)യുടെ സന്നിധിയില്‍ ചെന്നു. പരാമര്‍ശിക്കപ്പെട്ട വ്യക്തിയെ വിളിച്ചുവരുത്തിയായിരുന്നു നബി(സ)യുടെ അന്വേഷണം. 'എന്തിനാണ് നിങ്ങള്‍ അയാളെ വെറുക്കുന്നത്' എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: 'ഞാന്‍ അയാളുടെ അയല്‍വാസിയാണ്, എനിക്ക് അയാളെക്കുറിച്ച് നന്നായറിയാം. അയാള്‍ നിര്‍ബന്ധ നമസ്‌കാരം, നിര്‍ബന്ധമായ സകാത്ത്, റമദാനിലെ നോമ്പ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നല്ലാതെ ഐഛിക കര്‍മങ്ങളൊന്നും ചെയ്യുന്നതായി എനിക്കറിവില്ല.' അന്വേഷണത്തില്‍ അയാള്‍ എല്ലാ നിര്‍ബന്ധ ഐഛിക കര്‍മങ്ങളും നിഷ്ഠയോടെ നിര്‍വഹിക്കുന്ന വ്യക്തിയാണെന്ന് ബോധ്യമായപ്പോള്‍ നബി(സ): 'പൊയ്‌ക്കൊള്ളൂ. അയാള്‍, ഒരുവേള നിങ്ങളേക്കാള്‍ ഉത്തമനായിരിക്കും' (അഹ്മദ്).
ഇസ്‌ലാമിനോടും മുസ്‌ലിംകളോടും നിതാന്ത ശത്രുത പുലര്‍ത്തുന്ന പ്രതിയോഗികളില്‍നിന്ന് കിട്ടുന്ന അപ്പക്കഷ്ണങ്ങള്‍ മോഹിച്ചാവും ചിലര്‍ പരദൂഷണത്തിന് ഇറങ്ങിത്തിരിക്കുക. ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരെ ഒറ്റിക്കൊടുക്കുന്നവരെ നമുക്ക് ഈ കാലഘട്ടത്തിലും കാണാം. വ്യാജാരോപണങ്ങള്‍ ഉന്നയിച്ചും ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തിയും നിരപരാധികളെ വേട്ടയാടുന്ന അവര്‍ക്ക് അതിന് കൂലി കിട്ടുന്നുണ്ടാവും. താടിയും തലപ്പാവും മിസ്‌വാകും വെട്ടിച്ചുരുക്കിയ വസ്ത്രവും ഒക്കെയായി ശത്രുക്കളുടെ പിറകെ വാലാട്ടികളായി നടക്കുന്ന ഈ അല്‍പന്മാര്‍ മിമ്പറുകള്‍ അടക്കിവാഴുന്നു, ഫത്‌വകളുമായി ഇറങ്ങുന്നു. ശത്രുവിന് ഏജന്‍സി പണി ചെയ്യുന്നു എന്നതല്ലാത്ത ഒരു യോഗ്യതയും അവര്‍ക്കില്ല. അറിഞ്ഞോ അറിയാതെയോ ശത്രുവിന്റെ ചൂണ്ടയില്‍ കൊത്തുന്ന ഇവര്‍ക്കറിയില്ല, തങ്ങള്‍ അല്ലാഹുവിന്റെ ശത്രുക്കളെയാണ് പരദൂഷണത്തിലൂടെ സഹായിക്കുന്നതെന്ന്.
ഭരണകൂടവും ജനങ്ങളും പരദൂഷണക്കാര്‍ക്ക് ചെവികൊടുക്കുമ്പോള്‍ അവര്‍ക്കത് പ്രോത്സാഹനമായിത്തീരും.
വ്യക്തിയിലും സമൂഹത്തിലും പരദൂഷണം വരുത്തിവെക്കുന്ന വിനകളെക്കുറിച്ച ബോധമില്ലായ്മയാണ് പലപ്പോഴും ഈ ദുഷിച്ച സംസ്‌കാരത്തിന് വളമായിത്തീരുന്നത്. പരദൂഷണത്തിന്റെ പ്രത്യാഘാതങ്ങളും ഭവിഷ്യത്തുകളും ചെറുതല്ല.
ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തുകയും അവരുടെ ഇറച്ചി തിന്നുകയും ചെയ്യുന്നവനില്‍ അല്ലാഹുവിനെക്കുറിച്ച ഓര്‍മ തെല്ലും ഉണ്ടാവില്ല. അത് ഹൃദയകാഠിന്യത്തിന് ഹേതുവാകും. ''അല്ലാഹുവിന്റെ സ്മരണയില്‍നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലാകുന്നു'' (സുമര്‍: 22). മാത്രമല്ല, ദൈവകോപത്തിന് ഇരയാകും അയാള്‍.
ദൈവശിക്ഷക്ക് വിധേയരാവും അത്തരക്കാര്‍. രണ്ട് ഖബ്‌റിനരികിലൂടെ കടന്നുപോവുകയായിരുന്ന നബി(സ) പറഞ്ഞു: 'അവര്‍ ഇരുവരും ശിക്ഷിക്കപ്പെടുന്നുണ്ട് ഖബ്‌റില്‍. ഗുരുതര കുറ്റമൊന്നും ചെയ്തതിന്റെ പേരിലല്ല ശിക്ഷ. ഒരാള്‍ മൂത്രം തീര്‍ത്തും വാര്‍ന്നുപോവാതെ എഴുന്നേറ്റുപോകുന്നവനായിരുന്നു. മറ്റെയാള്‍ ജനമധ്യത്തില്‍ പരദൂഷണവും ഏഷണിയുമായി നടക്കുന്നവനായിരുന്നു.'
കഴിവുകളെല്ലാം പരദൂഷണത്തില്‍ വ്യയം ചെയ്യുന്ന വ്യക്തിക്ക് താന്‍ ഇടപെടേണ്ട മേഖലകളില്‍ ചെലവിടാന്‍ കഴിവ് ബാക്കിയുണ്ടാവില്ല.
നേരില്‍ കണ്ട് കാര്യങ്ങള്‍ ഉണര്‍ത്താന്‍ കഴിയാത്ത ഭീരുത്വത്തിന്റെ അടയാളമാണ് പരദൂഷണം.
സമൂഹത്തില്‍ നാശം വിതയ്ക്കാനേ അന്തിമ വിശകലനത്തില്‍ പരദൂഷണം ഉതകൂ.
രക്ഷാമാര്‍ഗം: അല്ലാഹുവിനെ കുറിച്ച ഭയം. തന്റെ ഓരോ വാക്കും സംസാരവും അല്ലാഹു നിരീക്ഷിക്കുകയും മലക്കുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന ബോധം സജീവമായി ഉള്ളിലുള്ള വ്യക്തി ഈ ദുര്‍ഗുണത്തില്‍ ആപതിക്കില്ല. പരദൂഷണത്തെ എതിര്‍ക്കാനും നിരുത്സാഹപ്പെടുത്താനും സമൂഹം മുന്നോട്ടുവന്നാല്‍ അത്തരക്കാര്‍ക്ക് വളരാന്‍ ഇടം കിട്ടില്ല.
സംഗ്രഹം: പി.കെ.ജെ
Comments