Prabodhanm Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളില്‍നിന്ന് അജണ്ടകള്‍ രൂപപ്പെടുത്തുക

താരിഖ് റമദാന്‍/കെ.എം അശ്‌റഫ്

(ഇസ്‌ലാമിക കൂട്ടായ്മകള്‍ നിലപാടുകള്‍ പുനഃപരിശോധിക്കണം - 2)

ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി അതിന്റെ മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് ഇഖാമത്തുദ്ദീന്‍ ആണ്. ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആ സമൂഹത്തില്‍ ദീന്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം എത്രത്തോളം അര്‍ഥപൂര്‍ണമാണ്?

ഇഖാമത്തുദ്ദീന്‍ എന്ന സാങ്കേതിക പദത്തോടും അത് ലക്ഷ്യമായി സ്വീകരിക്കുന്നതിനോടും എനിക്ക് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, ആ സാങ്കേതിക പ്രയോഗത്തിന്റെ അര്‍ഥതലങ്ങള്‍ എന്താണെന്ന് നാം കൃത്യപ്പെടുത്തേണ്ടതുണ്ട്. ഇഖാമത്തുദ്ദീന്‍ എന്നതുകൊണ്ട് നാം അര്‍ഥമാക്കുന്നത്, നിയമങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കാനുള്ള രാഷ്ട്ര സംവിധാനം എന്നതാണെങ്കില്‍ ആ കാഴ്ചപ്പാട് തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയുടെ സാമൂഹിക യാഥാര്‍ഥ്യം അതിന് യോജിക്കുന്നതല്ല.

ഇഖാമത്തുദ്ദീന്‍ എന്നാല്‍ മറ്റൊന്നാണ്. 'ദീന്‍' എന്ന വാക്കിനെ നാം സൂക്ഷ്മമായി വിലയിരുത്തണം. ദീന്‍ എന്നാല്‍ നിലവിലെ ലോകത്തെ കണക്കിലെടുത്തുള്ള വ്യക്തമായ കാഴ്ചപ്പാടും ആശയവുമാണ്. ദീനിനെ കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ് നാം മുന്നോട്ടുവെക്കേണ്ടത്. ചുറ്റുമുള്ള മനുഷ്യരെ സേവിക്കുക എന്നത് ദീനിന്റെ മറ്റൊരു ആശയമാണ്. അഥവാ ഇന്ത്യയില്‍ ഇഖാമത്തുദ്ദീന്‍ എന്നു പറയുമ്പോള്‍ നേരിട്ട് ഒരു ഭരണ സംവിധാനം കൊണ്ടുവരിക എന്നല്ല അര്‍ഥമാക്കേണ്ടത്; ദീന്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ സേവിക്കുന്നതിലൂടെ ഇന്ത്യയെ ഒന്നുകൂടി നല്ല നാടാക്കി മാറ്റുക എന്നാണ്. ഈ ആശയത്തിലാണ് നാം നിരന്തരമായി ഊന്നേണ്ടത്. ജനങ്ങളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തിപ്പിക്കുകയോ ഇസ്‌ലാം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ മറ്റു ജനങ്ങളെ നിരാകരിക്കുകയോ അല്ല വേണ്ടത്. മറിച്ച് ഇസ്‌ലാമിന്റെ നല്ല സാക്ഷികളായി മാറുകയും ഈ രാജ്യം കൂടുതല്‍ നന്മനിറഞ്ഞതാക്കാനുതകുന്ന  സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയുമാണ് വേണ്ടത്.

 

താങ്കള്‍ പറഞ്ഞുവരുന്നത്, ജമാഅത്ത് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന എന്‍.ജി.ഒകളെ പോലെ പ്രവര്‍ത്തിക്കണം എന്നാണോ? ഒരു ഇസ്‌ലാമിക പ്രസ്ഥാനം എന്ന നിലക്ക് ജമാഅത്തിന് അതിന്റേതായ രാഷ്ട്രീയ അജണ്ടകളും ഉണ്ടാവേണ്ടതില്ലേ?

അതേ. പക്ഷേ, സാധാരണ ജനങ്ങള്‍ക്കായുള്ള നമ്മുടെ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കേവല രാഷ്ട്രീയ ലക്ഷ്യങ്ങളല്ല ഉണ്ടാവേണ്ടത്. നമ്മള്‍ തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ മാത്രമല്ല ജനസേവനം നടത്തുന്നത്. കേവല രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാത്രം നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസ്യതയും നിഷ്‌കപടതയും ഉണ്ടാവില്ല. ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതിനാല്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കണം എന്ന നിരര്‍ഥകമായ യുക്തിയാണിത്. ഇത് കേവല രാഷ്ട്രീയമാണ്, നിഷ്‌കളങ്കമായ ജനസേവനമല്ല. പക്ഷേ, രാഷ്ട്രീയ, സാമൂഹിക രംഗത്ത് ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി ഈ സേവന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊുപോകുമ്പോള്‍ അതിന്റെ നല്ല പ്രതിഫലനങ്ങള്‍ ജനങ്ങളില്‍  കാണാന്‍ കഴിയും. കേരളത്തില്‍ സോളിഡാരിറ്റിക്ക് സ്വീകാര്യത ലഭിച്ചത് നിസ്വാര്‍ഥമായി ജനസേവനം നിര്‍വഹിച്ചതുകൊണ്ടാണ്. സോളിഡാരിറ്റി അങ്ങനെത്തന്നെ മുന്നോട്ടുപോവണം എന്നാണെന്റെ അഭിപ്രായം. നിങ്ങളുടെ പ്രധാന ലക്ഷ്യം നിസ്വാര്‍ഥമായി സേവനം ചെയ്യുകയാണന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് വലിയ മാറ്റങ്ങളുണ്ടാക്കും. ജനസേവനത്തെ രാഷ്ട്രീയ വിജയത്തിന് ഉപയോഗിക്കുക എന്ന ആശയത്തോട് എനിക്ക് യോജിപ്പില്ല. രണ്ട് മേഖലകളിലും നന്നായി മുന്നോട്ടുപോവുക; പിന്നെ ജനം തീരുമാനിക്കട്ടെ.

 

കേവല ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. അധികാരശക്തി നേടുക എന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണ്. രാഷ്ട്രീയ ശക്തി നേടുന്നത് ജനങ്ങളെ നിസ്വാര്‍ഥമായി സേവിക്കാനാണ്...

പൊതു പ്രവര്‍ത്തന രംഗത്ത് ഏറ്റവും  പ്രധാനപ്പെട്ടത് നമ്മുടെ വിശ്വാസ്യതയാണ്. രാഷ്ട്രീയ അജണ്ടകള്‍ നമുക്ക് ഉണ്ടാവണമെങ്കിലും നമ്മുടെ സേവന പ്രവര്‍ത്തനങ്ങളില്‍ നാം കൂടുതല്‍ വിശ്വാസ്യതയുള്ളവരായി മാറേണ്ടതുണ്ട്. കഷ്ടപ്പാടുകളില്‍ ജീവിക്കുന്നവരെയാണ് നമ്മള്‍ സഹായിക്കുന്നത്. അതിനാല്‍തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങളിലെ നിഷ്‌കളങ്കതയും സദുദ്ദേശ്യവുമാണ് ഏറ്റവും പ്രധാനം.

സ്വയം ശാക്തീകരണം ഏറെ പ്രധാനപ്പെട്ടതുതന്നെ. എന്നാല്‍, ജനസേവന പ്രവര്‍ത്തനങ്ങള്‍ അതിനായി ഉപയോഗിക്കുകയല്ല നാം വേണ്ടത്. നമ്മള്‍ ആദ്യം സര്‍വ മേഖലകളിലും സ്വയം യോഗ്യരാവുക. എല്ലാ രംഗങ്ങളിലും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പ്രാഗത്ഭ്യം തെളിയിക്കണം. ഒരു സാമൂഹിക പ്രസ്ഥാനം എന്ന നിലക്കാണ് നാം ശക്തിയാര്‍ജിക്കേണ്ടത്. അല്ലാതെ, സാധാരണക്കാര്‍ക്ക്  ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ അതിനുള്ള മാര്‍ഗമായി സ്വീകരിക്കരുത്. സമൂഹത്തിലെ സുപ്രധാന സ്ഥാനങ്ങള്‍ യോഗ്യത കൊണ്ട് നേടിയെടുക്കുക എന്നതാണ് പ്രധാനം. അങ്ങനെ സമൂഹത്തില്‍ ശക്തിയും സ്വാധീനവും കരഗതമാക്കേണ്ടതുണ്ട്.

 

ജമാഅത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ധാരാളം മാറ്റങ്ങള്‍ സംഘടനയില്‍ വന്നതായി കാണാം. ഇലക്ഷന്‍ രാഷ്ട്രീയത്തിലെ നിലപാടുമാറ്റങ്ങള്‍ ഉദാഹരണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു ഒരു ഘട്ടത്തില്‍. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ട് മുന്നോട്ടുപോകുന്നു. ജമാഅത്തിന്റെ ഈ നയപരിണാമങ്ങളെ എങ്ങനെ കാണുന്നു?

ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള നിലപാടുമാറ്റങ്ങള്‍ പുതിയ കാര്യമല്ല. ഈജിപ്തിലും മറ്റു നാടുകളിലും ഇത് സംഭവിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രവര്‍ത്തന മാര്‍ഗത്തില്‍ ജനാധിപത്യ സംവിധാനത്തെ നിരാകരിച്ചവര്‍ തന്നെ പിന്നീട് അതിനെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനെ നമുക്ക് പൊളിറ്റിക്കല്‍ പ്രാഗ്മാറ്റിസം എന്നു വിശേഷിപ്പിക്കാം. നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാറ്റുന്നു. മുന്‍കാലങ്ങളില്‍ വേന്നെു വെച്ച കാര്യങ്ങള്‍ പിന്നീട് ഇസ്‌ലാമിക മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുന്നു. ഇത് പലപ്പോഴും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തും. രാഷ്ട്രീയ വിഷയത്തില്‍ എനിക്ക് രണ്ട് വിമര്‍ശനങ്ങമുണ്ട്. ജനാധിപത്യത്തെ കുറിച്ച് ആഴത്തിലുള്ള ഒരു കാഴ്ചപ്പാട് രൂപീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഒന്നാമത്തേത്. ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ആഴം കുറഞ്ഞ കാഴ്ചപ്പാടുകളാണ് അവര്‍ സമര്‍പ്പിച്ചത്. മൗലാനാ മൗദൂദിയെയും സയ്യിദ് ഖുത്വ്ബിനെയും പോ

ലുള്ളവര്‍ ചിന്താവിഷയമാക്കിയതും വിമര്‍ശിച്ചതും ജനാധിപത്യത്തിന്റെ ഘടനയെ ആയിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെയല്ല അവര്‍ വിമര്‍ശനവിധേയമാക്കിയത്. ജനാധിപത്യത്തിന്റെ ഘടനയെ വിമര്‍ശിക്കുന്നതിനപ്പുറം അതിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ കൂടുതല്‍ മനസ്സിലാക്കേണ്ടിയിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് നിയമവാഴ്ച, തുല്യനീതി, പരസ്പര സഹകരണം, അധികാര വികേന്ദ്രീകരണം തുടങ്ങിയവയാണ്. അധികാര വികേന്ദ്രീകരണം എന്ന ആശയം കൂടുതല്‍ പ്രധാനപ്പെട്ടതാണ്. അധികാര വികേന്ദ്രീകരണം എന്നത് സെക്യുലര്‍ ജനാധിപത്യത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്നല്ല.

ഇസ്‌ലാമിക ഭരണസംവിധാനത്തില്‍ രു തരം രീതികളു്. ദൈവപ്രോക്ത ഭരണവും മനുഷ്യന്‍ നേരിട്ട് നടത്തുന്ന ഭരണവും. ദൈവിക നിയമങ്ങള്‍ നടപ്പിലാക്കുന്നതോടൊപ്പം പല ഘട്ടങ്ങളിലും മനുഷ്യന്‍ രൂപപ്പെടുത്തുന്ന ഭരണരീതികളെയും അവലംബിക്കേണ്ടിവരും. അതിനാലാണ് കൂടിയാലോചനാ സംവിധാനം (ശൂറ) ഇസ്‌ലാം നിഷ്‌കര്‍ഷിച്ചത്. അഥവാ, വ്യത്യസ്ത വിഷയങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നുണ്ട്.  അത്തരം വിഷയങ്ങളിലെ വിധികള്‍ ഏതെങ്കിലും ഉയര്‍ന്ന ഇടങ്ങളില്‍നിന്നല്ല നമുക്ക് ലഭിക്കുക. ഇസ്‌ലാമിക സമൂഹത്തിന് ഒരു മാര്‍

പാപ്പയില്ല; പരമാധികാരമുള്ള ചര്‍ച്ചിന്റെ ഘടനയും ഇല്ല. അതിനാല്‍തന്നെ ഈ രണ്ട് അധികാര രൂപങ്ങളെയും വേര്‍തിരിച്ചു മനസ്സിലാക്കി നടപ്പിലാക്കുക എന്നതാണ് പ്രധാനം. ഇവ രണ്ടിനെയും ആത്യന്തികമായി പിരിച്ചുമാറ്റാന്‍ നമുക്ക് കഴിയില്ല. ഇസ്‌ലാമിക ചട്ടങ്ങളുടെ കാര്യത്തിലും അധികാരപ്രയോഗത്തിലും ഈ വികേന്ദ്രീകരണ സംവിധാനം സ്വീകരിക്കേിവരും. അതിനാല്‍ അധികാര വികേന്ദ്രീകരണം എന്ന കാഴ്ചപ്പാടിനെ നാം നിരാകരിക്കരുത്. ഇത് യൂറോപ്പിന് പരിചയപ്പെടുത്തിയത് ഇസ്‌ലാമാണ്. ഇസ്‌ലാമിക സ്‌പെയിനിന്റെയും അന്ദലൂസിലെ ഇസ്‌ലാമിക വാഴ്ചയുടെയും കാലത്തായിരുന്നു അത് സംഭവിച്ചത്. അക്കാലത്തെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ നിയമപരമായ പ്രശ്‌നങ്ങളെ വളരെ പ്രായോഗികമായി, അവയുടെ വിശാല ഭൂമികയിലാണ് സമീപിച്ചത്. ആ സമീപനങ്ങളെ നമുക്ക് സെക്യുലര്‍ നിലപാടുകള്‍ എന്നും വിശേഷിപ്പിക്കാം. യൂറോപ്പില്‍ ആദ്യമായി സ്ഥാപിക്കപ്പട്ട സെക്യുലര്‍ സര്‍വകലാശാലകള്‍ സ്‌പെയിനില്‍ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളായിരുന്നു. കാരണം അത്തരത്തിലുള്ള വിശാല കാഴ്ചപ്പാടുകളാണ് അവ ഉല്‍പാദിപ്പിച്ചുകൊിരുന്നത്.

ഇപ്പറഞ്ഞ രണ്ടു അധികാര കേന്ദ്രങ്ങളെക്കുറിച്ച് നമുക്ക് ആശയക്കുഴപ്പമോ അവ വ്യത്യസ്തമാണെന്ന കാഴ്ചപ്പാടോ ഉണ്ടാവേണ്ടതില്ല.  അതിനിടയിലുള്ള മധ്യമ സമീപനമാണ് നാം സ്വീകരിക്കേണ്ടത്. ഒരു ഭാഗത്ത് മതപരമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. സദാചാരം, ജീവിത ലക്ഷ്യങ്ങള്‍, ദൈവപ്രോക്തമായ നിയമങ്ങള്‍ തുടങ്ങിയവയാണത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റാവുന്നതിനാല്‍ മറ്റു നിയമങ്ങളെ ആ പരിധിയില്‍പെടുത്താനാവില്ല. ജനാധിപത്യത്തിനെതിരെ ശക്തമായ വാദങ്ങളുയര്‍ത്തി വന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതിയ കാലത്ത് ജനാധിപത്യത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ച് അന്ധമായ വിരോധം അവര്‍ വെച്ചുപുലര്‍ത്തുന്നില്ല. ജനാധിപത്യത്തെ മുന്‍വിധികളില്ലാതെ, അങ്ങനെ ഒരു ഉപകരണമാക്കി ഉപയോഗിച്ച് മുന്നേറുക എന്നതാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത്. ജനാധിപത്യം ശക്തമായ ഭീഷണി നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നത്. എല്ലാ ജനാധിപത്യ പ്രവര്‍ത്തനങ്ങളെയും ഇപ്പോള്‍ നിയന്ത്രിക്കുന്ന രണ്ട് ശക്തികളാണ്, മീഡിയയും ആഗോള സാമ്പത്തിക മേധാവിത്വവും. ഇവ രണ്ടും എന്റെ യൂറോപ്യന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്ന് എനിക്ക് പറയാനാവും. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ജനങ്ങളെ നിയന്ത്രിക്കാനും പരുവപ്പെടുത്താനും മീഡിയാ സംവിധാനങ്ങള്‍ കൊണ്ട് ഇന്ന് സാധ്യമാകും. സാമ്പത്തിക മേഖലയില്‍ അന്താരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ജനാധിപത്യ സംവിധാനങ്ങളെ വിലക്കെടുക്കാനാകും. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ അവസാനം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പു അതിന്റെ തെളിവാണ്. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയ മീഡിയാ ഏജന്‍സിയായ കാംബ്രിഡ്ജ് അനാലിറ്റിക്കക്ക് വോട്ടര്‍മാരെ സ്വാധീനിക്കും വിധം സന്ദേശങ്ങള്‍ അയക്കാന്‍ പതിനഞ്ച് മില്യന്‍ ഡോളര്‍ ആണ് നല്‍കിയത്. ട്രംപിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇരുനൂറ് ബില്യന്‍ ഇമെയില്‍ സന്ദേശങ്ങളാണ് അവര്‍ അയച്ചത്. ഇതേ ഏജന്‍സി തന്നെയായിരുന്നു ബ്രക്‌സിറ്റ് എന്ന, യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടനെ പുറത്തുചാടിച്ച രാഷ്ട്രീയ നീക്കത്തിനും പിന്നില്‍. അഥവാ ഇത്തരം ഏജന്‍സികള്‍ മുഖേന പണമെറിഞ്ഞ് പൊതു അഭിപ്രായത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയ മുഖേന വലിയ രാഷ്ട്രീയ സ്വാധീനമാണ് ചെലുത്തിക്കൊിരിക്കുന്നത്. സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിന് വലിയ ഭീഷണികള്‍ സൃഷ്ടിക്കുന്നു്. ഇത്തരം സംഭവവികാസങ്ങള്‍ തിരിച്ചറിയാതെ മുന്‍കാലങ്ങളിലെ ജനാധിപത്യത്തിന്റെ രീതികള്‍ അപ്പടി സ്വീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തയാറാവരുത് എന്നും എനിക്ക് അഭിപ്രായമു്.

 

ജമാഅത്തെ ഇസ്‌ലാമി ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ് എന്നതിനപ്പുറം ഒരു സോഷ്യല്‍ മൂവ്‌മെന്റ് ആണെന്ന അഭിപ്രായം ഉയര്‍ന്നുവരാറുണ്ട്. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരേസമയം ഒരു സാമൂഹിക പ്രസ്ഥാനവും ആവാന്‍ കഴിയുമോ?

ഒരു ഇസ്‌ലാമിക പ്രസ്ഥാനം, സാമൂഹിക പ്രസ്ഥാനമാകുന്നതില്‍ വൈരുധ്യമില്ല എന്നാണ് എന്റെ അഭിപ്രായം. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരു രാഷ്ട്രീയ കാഴ്ചപ്പാടുള്ളതിനാല്‍ അതൊരു സാമൂഹിക പ്രസ്ഥാനവും കൂടിയാണ്. ഇസ്‌ലാമിക പ്രസ്ഥാനം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും സാമൂഹിക പ്രസ്ഥാനത്തിന്റെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. സാമൂഹിക പ്രസ്ഥാനമാവാതെ ഒരു രാഷ്ട്രീയ ശക്തിക്കും അവരുദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടാനാവില്ല.

പക്ഷേ, ഒരു സാമൂഹിക പ്രസ്ഥാനം എന്ന നിലക്കും രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്കും നമ്മുടെ ലക്ഷ്യങ്ങള്‍ എന്താണ് എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടാവണം.

 

ജാതീയത അടിമുടി ഭരിക്കുന്ന രാജ്യമാണ് ഇന്ത്യ.  രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ തലങ്ങളിലെല്ലാം അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാണ്. ഈ യാഥാര്‍ഥ്യത്തെ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം എങ്ങനെയാണ് അഭിമുഖീകരിക്കേത്?

അതേ, ആ യാഥാര്‍ഥ്യത്തെക്കുറിച്ച് എനിക്ക് ധാരണയുണ്ട്‌. ജാതിവ്യവസ്ഥയെ പ്രമാണബദ്ധമായി തന്നെ ഇസ്‌ലാം നിരാകരിക്കുന്നു. സമത്വമാണ് ഇസ്‌ലാം ഉയര്‍ത്തുന്ന മുദ്രാവാക്യം. മാനവികത കൊണ്ടാണ് അതിനെ എതിര്‍ക്കേണ്ടത്. ജാതിവ്യവസ്ഥയെ നമ്മള്‍ എതിരിടേണ്ടത് സൂക്ഷ്മതയോടെയായിരിക്കണം. നമുക്ക് ജാതിവ്യവസ്ഥയെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയില്ല. കാരണം, നിങ്ങള്‍ ഇസ്‌ലാമിലേക്ക് പ്രവേശിക്കുമ്പോള്‍ ദൈവം ഒന്നാണെന്ന് മാത്രം അംഗീകരിച്ചാല്‍ പോരാ; ഏക മാനവികതയെയും അംഗീകരിച്ചേ മതിയാകൂ. ഒരു ദൈവം, ഒരു മാനവികത എന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. ജാതിവ്യവസ്ഥയെ പ്രതിരോധിക്കാന്‍ ഈ ആശയം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നതില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ വിശേഷിച്ച് ഇസ്‌ലാമിക പ്രസ്ഥാനം മുന്‍നിരയില്‍ തന്നെ നിലയുറപ്പിക്കണം.

ഇസ്‌ലാമിക വിശ്വാസമില്ലെങ്കിലും ജാതിവ്യവസ്ഥക്കെതിരെ ശക്തമായി നിലകൊണ്ടവരെക്കുറിച്ച് The Quest For Meaning എന്ന പുസ്തകത്തില്‍ ഞാന്‍ എഴുതിയിരുന്നു. ഗാന്ധിജിയെയും ജാതിവ്യവസ്ഥക്കെതിരെ ശക്തമായി നിലകൊണ്ട ബി.ആര്‍ അംബേദ്കറെയും ഞാനതില്‍ പരാമര്‍ശിച്ചിരുന്നു. ജാതിവ്യവസ്ഥക്കെതിരെയുള്ള മുന്നേറ്റ നിരയില്‍ മുസ്‌ലിം സമൂഹം ശക്തമായി നിലയുറപ്പിക്കണം. ആ വിഷയത്തില്‍ മുസ്‌ലിം സമൂഹം പിറകിലാണ്. ആ സമീപനം ശരിയല്ല. ആ വിഷയം കൈകാര്യം ചെയ്യാന്‍ ഇസ്‌ലാമിക സമൂഹം ഭയക്കരുത്. ജാതിവ്യവസ്ഥ അടിച്ചമര്‍ത്തിയ സമൂഹങ്ങളെയും ആ വിഷയത്തില്‍ ഐക്യപ്പെടാവുന്ന മറ്റുള്ളവരെയുമെല്ലാം ഒരുമിച്ചു നിര്‍ത്തിയാവണം അതിനെതിരെ നാം രംഗത്തിറങ്ങേണ്ടത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഐക്യദാര്‍ഢ്യമുാവുന്നു എന്നത് സന്തോഷകരമാണ്. ഈ വിഷയത്തില്‍ ദലിത്-മുസ്‌ലിം സമൂഹങ്ങള്‍ ഒന്നിച്ച് അണിനിരക്കണം. ജാതിവ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ മാനവികതയാവണം നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മുദ്രാവാക്യം. മാനവികതയെ അംഗീകരിക്കുന്ന എല്ലാവരെയും ചേര്‍ത്തുകൊണ്ടാണ് ഈ പോരാട്ടത്തെ മുന്നോട്ട് കൊുപോകേണ്ടത്. നീതി പുനഃസ്ഥാപിക്കാനുള്ള ഒരു രാഷ്ട്രീയ, സാംസ്‌കാരിക പോരാട്ടം തന്നെയാണിത്.

 

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പോലെയുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രധാനമായും വളര്‍ന്നത് തൊഴിലാളികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലുമാണ്. എന്നാല്‍, ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി വേരൂന്നിയതും വളര്‍ന്നതും വിദ്യാസമ്പന്നരിലും ബൗദ്ധികമായി മുന്നിട്ടു നില്‍ക്കുന്നവരിലുമായിരുന്നു. സമീപകാലത്താണ് തൊഴിലാളികള്‍ക്കിടയിലേക്കും മറ്റും ജമാഅത്ത് ഇറങ്ങുന്നത് എന്ന വിമര്‍ശനമുണ്ട്. ഈ പ്രശ്‌നത്തെ എങ്ങനെയാണ് ഒരു ഇസ്‌ലാമിക പ്രസ്ഥാനം മറികടക്കുക?

ബൗദ്ധികമായും വിദ്യാഭ്യാസപരമായും മുന്നിട്ടു നില്‍ക്കുന്നവരില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ ഒരു ജനതയെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നാം സാധാരണ ജനങ്ങളുമായി അടുത്തുനില്‍ക്കണം. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അതിന്റെ തുടക്കത്തില്‍ തന്നെ നേടിയ വലിയ സ്വാധീനത്തിന്റെയും വിജയത്തിന്റെയും പ്രധാന കാരണം അത് സാധാരണക്കാര്‍ക്കൊപ്പമായിരുന്നു എന്നതാണ്. സാധാരണക്കാരെ അതിരുകളില്ലാതെ ആദരിക്കാനും അടുപ്പിക്കാനും നമുക്ക് കഴിയണം. സാധാരണക്കാരെ നമ്മുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്നതാവരുത്, അവര്‍ക്ക് നിസ്വാര്‍ഥമായി സേവനമെത്തിക്കുക എന്നതാവണം ഉദ്ദേശ്യം. തൊഴിലാളികളെയും സാധാരണക്കാരെയും ആകര്‍ഷിക്കാതെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് മുന്നോട്ടുപോവാന്‍ കഴിയില്ല.

 

ഇസ്‌ലാമിസം എന്ന പ്രയോഗം ഇസ്‌ലാം ചര്‍ച്ചയാവുന്ന അക്കാദമിക രംഗങ്ങളില്‍ സുപരിചിതമാണ്. എങ്ങനെയാണ് താങ്കള്‍ അതിനെ കാണുന്നത്? ഇസ്‌ലാമും ഇസ്‌ലാമിസവും തമ്മില്‍ വ്യത്യാസമുണ്ടോ?

ഇസ്‌ലാമും ഇസ്‌ലാമിസവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇസ്‌ലാം ഒരു രാഷ്ട്രീയ വ്യവസ്ഥയും കൂടി ആയതിനാല്‍ അവ രണ്ടും തമ്മില്‍ അന്തരങ്ങള്‍ ഇല്ലെന്ന് ചില ഇസ്‌ലാമിസ്റ്റുകള്‍ അഭിപ്രായപ്പെടാറുണ്ട്. ഈജിപ്തില്‍ തക്ഫീരീ മൂവ്‌മെന്റ് ഉടലെടുത്ത കാലത്ത് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാവ് ഹസനുല്‍ ഹുദൈബി ഉയര്‍ത്തിയ മുദ്രാവാക്യത്തെ നാം വിശകലനം ചെയ്യേണ്ടതുണ്ട്. 'നമ്മള്‍ മുസ്‌ലിംകളാണ്, നമ്മള്‍ ഇസ്‌ലാമിസ്റ്റുകളാണ്' എന്നായിരുന്നു ആ മുദ്രാവാക്യം. ഇസ്‌ലാമിസ്റ്റുകള്‍ എന്നതിനര്‍ഥം ഒരു സാമൂഹിക, രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകള്‍ എന്നാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കാത്തവരെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിന് അധികാരവുമില്ല. അടിസ്ഥാനപരമായി മുസ്‌ലിംകള്‍ എന്ന നിലക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അതിന്റെ വൃത്തത്തിന് പുറത്തുള്ളവരെയും അകമഴിഞ്ഞ് സേവിക്കുക എന്നതാവണം നമ്മുടെ നിലപാട്.

 

പുതിയ കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ധാരാളം പരിമിതികള്‍ അനുഭവിക്കുന്നു. തുനീഷ്യ പോലുള്ള നാടുകളില്‍ സെക്യുലരിസം, ദേശീയത തുടങ്ങിയ ആശയങ്ങളെ സ്വീകരിക്കേണ്ടിവരുന്നത് ഒരു പരിമിതി തന്നെയല്ലേ?

ശരിയാണ്. നമ്മുടെ സാഹചര്യങ്ങളുടെ നിര്‍ബന്ധിതാവസ്ഥ കണക്കിലെടുത്തുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകാനൊക്കൂ. പക്ഷേ, ഇത്തരം നിലപാടുകളിലും നാം കൃത്യമായ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. തുനീഷ്യയിലെ നേതാവ് റാശിദുല്‍ ഗന്നൂശിയെ ഞാന്‍ നന്നായി ആദരിക്കുന്നതോടൊപ്പം, അദ്ദേഹം സ്വീകരിക്കുന്ന മതേതരത്വത്തെയും ദേശീയതയെയും കുറിച്ച നിലപാടുകളില്‍ അത്രക്ക്  അയഞ്ഞ സമീപനം കൈക്കൊള്ളേണ്ടതുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുണ്ട്. അറബ് വസന്താനന്തരം രൂപപ്പെട്ട രാഷ്ട്രീയ മാറ്റങ്ങള്‍ അദ്ദേഹത്തെ അതിന് നിര്‍ബന്ധിച്ചിട്ടുണ്ടാവാം. കൂടുതല്‍ സെക്യുലര്‍ ആയാല്‍ മാത്രമേ കൂടുല്‍ സ്വീകാര്യത ലഭിക്കൂ എന്ന കാഴ്ചപ്പാട് ശരിയല്ല. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക രാഷ്ട്രീയം എന്ന കാഴ്ചപ്പാടിനെ പ്രായോഗത്തില്‍ വരുത്താന്‍ കഴിയാതെ വരും. വിശാലമായ പ്രായോഗികവത്കരണത്തിന്റെ പേരില്‍, അധികാരം നിലനിര്‍ത്താനായി നമ്മുടെ എല്ലാ ആശയങ്ങളെയും വേണ്ടെന്നുവെക്കുന്നത് ശരിയല്ല. നമ്മുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും പുനര്‍ വിചിന്തനത്തിന് വിധേയമാക്കാന്‍ തയാറാവണം.

 

ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ നമ്മുടെ പ്രബോധന ശൈലി എങ്ങനെയാവണം?

ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുക എന്നതു മാത്രമാണ് ഇസ്‌ലാമിക ദഅ്‌വത്ത്/പ്രബോധനം എന്ന കാഴ്ചപ്പാടിനോട് യോജിക്കാന്‍ കഴിയില്ല. നമ്മുടെ ജീവിതസാക്ഷ്യമാണ് നമ്മുടെ ദഅ്‌വത്ത്. ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ സമൂഹത്തില്‍ നന്മയുടെ മാര്‍ഗത്തില്‍ തിളങ്ങുന്നവരാവണം. ജനങ്ങള്‍ക്ക് മാതൃകയായി ഇസ്‌ലാമിക പ്രസ്ഥാനം മാറുക എന്നതാണ് ഏറ്റവും വലിയ ദഅ്‌വാ പ്രവര്‍ത്തനം.

 

യൂറോപ്പിലെ പ്രബോധന മേഖലയില്‍ സജീവ സാന്നിധ്യമായ താങ്കള്‍ക്ക്, താങ്കളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകളോട് എന്താണ് പറയാനുള്ളത്?

യൂറോപ്പിലെ ഇസ്‌ലാം ആയാലും ഇന്ത്യയിലെ ഇസ്‌ലാം ആയാലും ഇസ്‌ലാം ഒന്നേയുള്ളൂ. സംസ്‌കാരങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും ഇസ്‌ലാമിന്റെ പ്രമാണങ്ങളും വിശ്വാസ സംഹിതയും എല്ലായിടങ്ങളിലും ഒന്നാണ്. ഇന്ത്യയില്‍ ഇസ്‌ലാമികമായ ഉണര്‍വും മുന്നേറ്റങ്ങളും കാണാന്‍ കഴിയുന്നു. വിദ്യാഭ്യാസമേഖലയിലും മറ്റും പലതരം ഇസ്‌ലാമിക പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഇസ്‌ലാമിക നാഗരിക-സാമൂഹിക ജീവിത ശൈലി ഇവിടെ കേരളത്തില്‍ കാണാന്‍ കഴിയുന്നു. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് വേിയുള്ള ചിന്തകളും ആലോചനകളും നിങ്ങളില്‍നിന്ന് രൂപപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ മുന്നില്‍ വെച്ച് എന്തൊക്കെയാണ് മുന്‍ഗണനാ ക്രമങ്ങള്‍ എന്ന് ചിട്ടപ്പെടുത്തണം. പടിഞ്ഞാറിലെയോ, മറ്റു മുസ്‌ലിം രാജ്യങ്ങളിലെയോ രീതികള്‍ ഇവിടെ അപ്പടി പകര്‍ത്താനാവില്ല. ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട് ഇസ്‌ലാമിക മുന്‍ഗണനകള്‍ നിശ്ചയിക്കാനുള്ള പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടണം. 

 

(അവസാനിച്ചു)

തയാറാക്കിയത്: എം.ഐ അനസ് മന്‍സൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍