Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

മദീനക്കെതിരെ മഹാ സഖ്യം

ഡോ. മുഹമ്മദ് ഹമീദുല്ല

 

(മുഹമ്മദുന്‍ റസൂലുല്ലാഹ്-32)

ഉഹുദ് യുദ്ധത്തിനു ശേഷം മുസ്‌ലിംകളും ജൂതന്മാരും തമ്മിലുള്ള ബന്ധങ്ങള്‍ വളരെ വഷളായി. അതാണ് ജൂതഗോത്രമായ ബനുന്നളീറിനെതിരെയുള്ള യുദ്ധത്തില്‍ കലാശിച്ചത്. ബനുന്നളീര്‍ കീഴടങ്ങിയപ്പോള്‍, നേരത്തേ ജൂതന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ ഇടപെടലിനെത്തുടര്‍ന്ന്, ആ ഗോത്രക്കാരെ മദീനയില്‍നിന്ന് പുറത്താക്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ നബി എത്തി. അവര്‍ക്ക് സ്വന്തം ഭൂമി വില്‍പ്പന നടത്താം, കിട്ടാനുള്ള കടങ്ങളൊക്കെ വാങ്ങാം. എന്നിട്ട് മുഴുവന്‍ സ്വത്തുക്കളുമായി മദീന വിട്ടുപോകണം. ഇതു സംബന്ധമായ വിശദാംശങ്ങള്‍ നാം പിന്നീട് നല്‍കുന്നുണ്ട്. ഈ ജൂതഗോത്രം, മദീനയുടെ 200 കി.മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഖൈബറിലേക്കാണ് പോകുന്നത്. സ്വാഭാവികമായും അവരൊട്ടും തൃപ്തരായിരുന്നില്ല. അവര്‍ എല്ലാ ഭാഗത്തേക്കും പ്രതിനിധിസംഘങ്ങളെ അയക്കാന്‍ തുടങ്ങി. അതിലൊരു സംഘം മക്കയിലുമെത്തി; മദീനക്കെതിരെ ഒരിക്കല്‍കൂടി യുദ്ധസന്നാഹങ്ങള്‍ നടത്തണമെന്ന ആവശ്യവുമായി. ആ യുദ്ധത്തിന്റെ ഒരു രൂപരേഖയും അവര്‍ മക്കക്കാര്‍ക്ക് മുമ്പില്‍ വെച്ചു. ഒട്ടനവധി വിഭാഗങ്ങള്‍ ഒത്തുചേരുന്ന ഒരു സൈനിക സഖ്യമായിരിക്കും മദീന ആക്രമിക്കുക.

'പിന്നെ ജൂതന്മാര്‍ ഗത്വ്ഫാനികളുടെ അടുത്ത് ചെന്നു. മദീനക്കെതിരെയുള്ള ഈ യുദ്ധത്തില്‍ പങ്കാളികളാകുമെങ്കില്‍, ഖൈബര്‍ മേഖലയില്‍നിന്ന് ഒരു വര്‍ഷം ലഭിക്കുന്ന മുഴുവന്‍ കാരക്കയും അവര്‍ക്ക് നല്‍കാമെന്ന വാഗ്ദാനവും ജൂതപ്രതിനിധി സംഘം അവര്‍ക്ക് മുമ്പില്‍ വെച്ചു. ഗത്വ്ഫാനികള്‍ സന്തോഷത്തോടെ സമ്മതം മൂളി. ഫസാറ ഗോത്രക്കാരനായ ഉയൈനതു ബ്‌നു ഹിസ്വ്ന്‍ ആയിരുന്നു ഈ ധാരണയുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍. പിന്നെ പോയത് ബനൂസുലൈം ഗോത്രത്തിലേക്കാണ്. അവരും സമ്മതിച്ചു. പിന്നെയവര്‍ പരിസരപ്രദേശങ്ങളിലുള്ള മുഴുവന്‍ അറബ് ഗോത്രങ്ങളെയും സന്ദര്‍ശിച്ചു. അവര്‍ക്കും സമ്മതമായിരുന്നു. എല്ലാവരും ഈ സഖ്യത്തില്‍ അണിചേര്‍ന്നു. അങ്ങനെയൊടുവില്‍ ഖുറൈശികള്‍ മദീന ആക്രമിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ഈ ഗോത്രങ്ങളെല്ലാം അവരോടൊപ്പം ചേരുകയുണ്ടായി. കിനാന, സഖീഫ് പോലുള്ള അവരുടെ സ്വാധീനവലയത്തിലുള്ള മറ്റു ഗോത്രക്കാരും ഈ സഖ്യത്തില്‍ ചേര്‍ന്നു. ഇങ്ങനെ ഗോത്രമുഖ്യന്മാര്‍ തന്നെ നേതൃത്വം കൊടുത്ത നിരവധി ഗോത്രസംഘങ്ങള്‍.'1

മേഖലയുടെ മാപ്പ് പരിശോധിച്ചാല്‍ അണി ചേര്‍ന്ന ഗോത്രങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാം. മദീനയുടെ വടക്കു ഭാഗത്ത് അധിവസിച്ചിരുന്ന ഗത്വ്ഫാന്‍, ഫസാറ ഗോത്രങ്ങള്‍. കിഴക്ക് ഭാഗത്ത് ബനൂസുലൈം. തെക്ക് ഭാഗത്ത് മക്കക്കാരും കിനാനക്കാരും സഖീഫുകാരും. മറ്റൊരു വിധം പറഞ്ഞാല്‍ മദീന മൂന്ന് ഭാഗത്തുനിന്ന് വളയപ്പെട്ട നിലയിലായിരുന്നു. മാത്രവുമല്ല, മദീനയിലേക്ക് സിറിയയില്‍നിന്നും മെസപ്പൊട്ടോമിയ മേഖലയില്‍നിന്നും ഭക്ഷ്യവസ്തുക്കള്‍ എത്തിയിരുന്നത് ദൂമതുല്‍ ജന്‍ദല്‍ (അറേബ്യയുടെ വളരെ വടക്കേ അറ്റം) വഴിയായിരുന്നു. ദൂമതുല്‍ ജന്‍ദല്‍ ഗോത്രത്തലവന്‍ ഉകൈദിര്‍ മുന്നറിയിപ്പൊന്നും കൂടാതെ മദീനയിലേക്ക് ഭക്ഷ്യവസ്തുക്കളുടെ കാരവനുകള്‍ പോകുന്നത് തടഞ്ഞു.2 ഇതൊന്നും യാദൃഛികമായിരുന്നില്ല. ഖൈബറിലെ ജൂതന്മാരുടെ സാമ്പത്തിക സ്വാധീനം എത്രത്തോളമുണ്ടായിരുന്നുവെന്ന് ഇതില്‍നിന്നെല്ലാം ഊഹിക്കാം. മദീന വിട്ട് പ്രവാചകന് ദൂമത്തുല്‍ ജന്‍ദലിലേക്ക് പട നയിക്കേണ്ടിവന്നത് ഈയൊരു സാഹചര്യത്തിലാണ്.

മക്കന്‍-ജൂത യുദ്ധതന്ത്രം ഇങ്ങനെ സംക്ഷേപിക്കാം. എന്തെങ്കിലും കാരണമുണ്ടാക്കി പ്രവാചകനെ മദീനയില്‍നിന്ന് അകറ്റിനിര്‍ത്തുക. അദ്ദേഹത്തിന്റെ അഭാവം മുതലെടുത്ത് ഗത്വ്ഫാന്‍കാരും സുലൈമുകാരും മക്കക്കാരും മറ്റെല്ലാവരും ചേര്‍ന്ന് എല്ലാ ഭാഗത്തു നിന്നും മദീനയെ ആക്രമിക്കുക. എന്നിട്ട്, തന്റെ തലസ്ഥാന നഗരിയില്‍നിന്ന് വിദൂരത്തുള്ള ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്ന പ്രവാചകനെയും കൂടെയുള്ള ഏതാനും അനുയായികളെയും വളയുകയും അവരുടെ കഥകഴിക്കുകയും ചെയ്യുക. പഴുതടച്ച യുദ്ധതന്ത്രം എന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ, മനുഷ്യന്‍ കുരുക്കുന്നത് ദൈവം അഴിക്കുന്നു എന്നാണല്ലോ.

ഈ യുദ്ധതന്ത്രത്തിന് ആദ്യ തിരിച്ചടി കിട്ടിയത് ഖുസാഅ ഗോത്രക്കാരില്‍നിന്ന്. ഖുസാഅ ഗോത്രത്തിന് നിരവധി ശാഖകളുണ്ട്. അവരിലൊരു വിഭാഗം പ്രവാചകന്റെ കുടുംബവുമായി നൂറ്റാണ്ടുകളായി സഖ്യം നിലനിര്‍ത്തുന്നവരാണ്. മറ്റൊരു വിഭാഗം ഉപഗോത്രങ്ങള്‍ (പ്രത്യേകിച്ച് ബനുല്‍ മുസ്ത്വലിഖ്) അഹാബീശ് കൂട്ടായ്മയുടെ ഭാഗമാണ്; അവര്‍ മക്കയിലെ ബഹുദൈവാരാധകരുടെ ഉറ്റ സഖ്യകക്ഷികളുമാണ്. യുദ്ധസന്നാഹങ്ങള്‍ നടന്നുകൊണ്ടിരിക്കെ സ്വാഭാവികമായും മുസ്ത്വലിഖ് ഗോത്രക്കാര്‍ മക്കക്കാരുടെ പക്ഷം ചേരുകയും മദീനയെ ആക്രമിക്കാന്‍ സൈന്യത്തെ സജ്ജമാക്കാന്‍ തുടങ്ങുകയും ചെയ്തു. മക്കക്കും മദീനക്കുമിടയില്‍ മുറൈസീഅ് നീരുറവക്ക്(ചെങ്കടല്‍ തീരത്ത് ഖുദൈദിന് അടുത്താണിത്) സമീപമാണ് ഇവര്‍ അധിവസിക്കുന്നത്. ഇവരുടെ യുദ്ധസന്നാഹങ്ങളെക്കുറിച്ച വാര്‍ത്ത പ്രവാചകന്റെ ചെവിയിലെത്താന്‍ അധികസമയം വേണ്ടിവന്നില്ല. പ്രവാചകന്‍ ഇതേക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കാനായി അസ്‌ലമി ഗോത്രത്തില്‍പെട്ട ചിലരെ പറഞ്ഞയച്ചു. മുസ്ത്വലിഖ് ഗോത്രക്കാരുടെ സഹോദര പുത്രന്മാരായതുകൊണ്ട് ആരാലും സംശയിക്കപ്പെടാതെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ തിരിച്ചെത്തി. അവരുടെ നീക്കത്തിന്റെ എല്ലാ വിശദാംശങ്ങളും ലഭിച്ചില്ലെങ്കിലും അത്തരം നീക്കങ്ങളെ വിഫലമാക്കാന്‍ ഉടനടി ഒരു സൈനിക നടപടി ആവശ്യമാണെന്ന് പ്രവാചകന് ബോധ്യമായി. ഹിജ്‌റ അഞ്ചാം വര്‍ഷം ശഅ്ബാനിലായിരുന്നു ഈ സൈനിക നടപടി.3 മുസ്ത്വലിഖുകാര്‍ ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഈ പടനീക്കത്തില്‍ മുസ്‌ലിംകളില്‍നിന്ന് ഒരാള്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായത്. ബദുക്കളായ ഈ ഗോത്രവര്‍ഗ സൈനികരെ കീഴടക്കുക മാത്രമല്ല, അവരുടെ കുടുംബങ്ങളെ തടവുകാരായി പിടിക്കുകയും ചെയ്തു. എന്നു മാത്രമല്ല, ശത്രുപക്ഷത്തുള്ള ഈ ഗോത്രക്കാര്‍ ഏതാനും മണിക്കൂറുകള്‍ക്കകം പ്രവാചകന്റെ അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു. അതിനു കാരണം ഇനിപ്പറയുന്നതാണ്: ഈ നിര്‍ണായക ഘട്ടത്തില്‍ ഈ ഗോത്രക്കാരുടെ സഹകരണം പ്രവാചകന് അത്യാവശ്യമായിരുന്നു. യുദ്ധം ജയിച്ചു കഴിഞ്ഞാല്‍ പിന്നെ സ്വാഭാവികമായും യുദ്ധമുതലുകള്‍ വീതിച്ചെടുക്കും. തടവുകാരാക്കപ്പെട്ട സ്ത്രീകളും വിജയിച്ച സൈന്യത്തിന്റെ കീഴിലാകും. തടവുകാരാക്കപ്പെട്ട മുസ്ത്വലിഖ് ഗോത്രത്തലവന്റെ മകളെ നബി(സ) വിലയ്ക്ക് വാങ്ങുകയും അവരെ മോചിപ്പിക്കുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. അങ്ങനെ മുസ്ത്വലിഖുകാര്‍ പ്രവാചകന്റെ ബന്ധുക്കളായി. നബിയുടെ ബന്ധുക്കളെ അടിമകളാക്കിവെക്കുന്നത് നബിശിഷ്യന്മാര്‍ക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല. അവരും തങ്ങളുടെ കീഴിലുള്ള തടവുകാരെ മോചിപ്പിച്ചു. അങ്ങനെ 200 ബനുല്‍ മുസ്ത്വലിഖ് കുടുംബങ്ങള്‍ മോചിതരായി. യുദ്ധത്തില്‍ തങ്ങള്‍ക്ക് പത്ത് യോദ്ധാക്കളെ നഷ്ടമായിരുന്നെങ്കിലും അതൊക്കെ മറന്ന് അവര്‍ ഇസ്‌ലാം സ്വീകരിച്ചു.4

രണ്ടാമത്തെ തിരിച്ചടി: മുസ്ത്വലിഖിലേക്ക് പടനയിക്കാനായി എട്ട് ദിവസത്തെ വഴിദൂരം തെക്കോട്ട് യാത്ര ചെയ്ത പ്രവാചകനും സംഘവും പ്രത്യേകിച്ച് യാതൊരു കാവലുമില്ലാത്ത വടക്ക് ഭാഗത്തു നിന്ന് മദീനക്കു നേരെ ഫസാറ ഗോത്രക്കാരുടെ ആക്രമണം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നു.5 പക്ഷേ, ആക്രമണ രഹസ്യം പുറത്തറിയാതെ സൂക്ഷിക്കാനോ സഖ്യകക്ഷികളുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്യാനോ കഴിയാതിരുന്ന ഫസാറികള്‍ ആ അവസരം നഷ്ടപ്പെടുത്തി.

മൂന്നാമത്തെ തിരിച്ചടി: മദീനയില്‍നിന്ന് പുറത്താക്കപ്പെട്ട ജൂതഗോത്രമായ നളീറിന്റെ അടുത്ത സുഹൃത്തായിരുന്നു കപടന്മാരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ്. മദീനയുടെ രാജാവായി അയാളെ വാഴിക്കാനുള്ള ഒരു ശ്രമം മുമ്പ് നടന്നിരുന്നു. പ്രവാചകന്റെ ആഗമനത്തോടെ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു. ഇയാള്‍ തന്റെ മതംമാറ്റം പ്രഖ്യാപിക്കുന്നതുപോലും ബദ്‌റില്‍ മുസ്‌ലിംകള്‍ വിജയിച്ചതിനു ശേഷമാണ്. ഉഹുദ് യുദ്ധത്തിന്റെ തൊട്ടുമുമ്പ് മുസ്‌ലിം സൈന്യത്തിന്റെ മൂന്നിലൊന്നിനെ അടര്‍ത്തിയെടുത്ത് പ്രവാചകനെയും അനുയായികളെയും അയാള്‍ ശരിക്കും ഒറ്റപ്പെടുത്തി. എന്തു നിലക്കും തങ്ങള്‍ക്ക് അനുഗുണമായ പ്രവാചകനുമായുള്ള സന്ധി വ്യവസ്ഥകള്‍ ലംഘിക്കാന്‍ നളീര്‍ ഗോത്രക്കാരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നതും അയാളാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും അയാള്‍ നിരന്തരം യത്‌നിച്ചുകൊണ്ടിരുന്നു. ഈ ഘട്ടത്തില്‍ നടന്നുകൊണ്ടിരുന്ന മഹാഗൂഢാലോചനയുടെ വക്താക്കളുമായും അയാള്‍ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നിരിക്കണം. കാരണം അയാളുടെ നീക്കങ്ങള്‍ കുറേക്കൂടി ചടുലമാകാന്‍ തുടങ്ങിയിരുന്നു അപ്പോള്‍. ബനുല്‍മുസ്ത്വലിഖ് പടയോട്ടത്തില്‍ നബിക്കൊപ്പം അബ്ദുല്ലാഹിബ്‌നു ഉബയ്യും ഉണ്ടായിരുന്നു. മുസ്‌ലിം സൈന്യത്തിലെ മുഹാജിറുകള്‍(മക്കയില്‍നിന്ന് അഭയാര്‍ഥികളായി വന്നവര്‍)ക്കും അന്‍സാറുകള്‍(മദീനയിലെ തദ്ദേശീയരായ വിശ്വാസികള്‍)ക്കുമിടയില്‍ അനൈക്യത്തിന്റെ വിത്തു പാകുന്നതിലും അങ്ങനെ ആശയക്കുഴപ്പമുണ്ടാക്കുന്നതിലും അയാള്‍ വിജയിക്കുക പോലുമുണ്ടായി. ഇരുവിഭാഗങ്ങളെയും മുമ്പത്തെ പോലെ സൗഹൃദത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രവാചകന് വല്ലാതെ ക്ലേശിക്കേണ്ടിവന്നു.6 തന്റെ ഏറ്റവും വൃത്തികെട്ട കളി ഇബ്‌നു ഉബയ്യ് പുറത്തെടുക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ബനുല്‍ മുസ്ത്വലിഖ് പടയോട്ടത്തില്‍ പ്രവാചകനോടൊപ്പം ഭാര്യ ആഇശ(റ)യും ഉണ്ടായിരുന്നു. ഒരിക്കല്‍ യാത്രയിലായിരുന്ന സൈന്യം തമ്പടിച്ചപ്പോള്‍, പ്രാഥമിക ആവശ്യങ്ങള്‍ക്കായി കുറച്ചപ്പുറത്തേക്കു പോയ ആഇശ(റ) തിരിച്ചു വന്നപ്പോഴേക്കും സൈന്യം സ്ഥലം വിട്ടിരുന്നു. അവര്‍ നാലുവശവും മറച്ച ഒട്ടകക്കട്ടിലില്‍ കയറിയിട്ടുണ്ടാവുമെന്ന് പരിചാരകര്‍ കരുതി. മെലിഞ്ഞ് വളരെ ഭാരക്കുറവുള്ള സ്ത്രീയായതിനാല്‍ ഒട്ടകക്കട്ടില്‍ എടുത്തു വെച്ചപ്പോള്‍ നബിപത്‌നി കയറാതിരുന്നതിന്റെ ഭാരവ്യത്യാസമൊന്നും അവര്‍ക്ക് തോന്നിയിരിക്കില്ല. ആഇശ(റ) വന്നുനോക്കുമ്പോള്‍ തമ്പടിച്ച സ്ഥലത്ത് ആരുമില്ല. എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. എന്തു ചെയ്യണമെന്ന് നിശ്ചയമില്ല. അവര്‍ നിലത്തിരുന്ന് കരയാന്‍ തുടങ്ങി. അപ്പോഴാണ് കുറച്ചപ്പുറത്ത് കൂടി ഒരു മുസ്‌ലിം സൈനികന്‍ കടന്നുപോകുന്നത്. ദൂരെനിന്ന് നോക്കിയപ്പോള്‍ 'മരിച്ചിട്ടും മറമാടപ്പെടാതെ കിടക്കുന്ന മുസ്‌ലിം സ്ത്രീ' ആയിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. അടുത്തു വന്നു നോക്കിയപ്പോള്‍ നബിപത്‌നി ആഇശ(റ)യാണ്! സംഭവിച്ചത് എന്താണെന്ന് അദ്ദേഹം മനസ്സിലാക്കി. തന്റെ ഒട്ടകപ്പുറത്ത് അദ്ദേഹം അവരെ കയറാന്‍ അനുവദിച്ചു. അതിനെ തെളിച്ചുകൊണ്ട് അദ്ദേഹം മണലിലൂടെ നടന്നു. ഒടുവില്‍ മുസ്‌ലിം സൈന്യത്തോടൊപ്പം ചെന്നു ചേരുകയും ചെയ്തു.

ഈ സംഭവത്തില്‍ അസാധാരണമായി ഒന്നുമില്ല. പക്ഷേ, അബ്ദുല്ലാഹിബ്‌നു ഉബയ്യ് വിടുമോ! പ്രതികാരത്തിനിതാ അവസരം ഒത്തുകിട്ടിയിരിക്കുന്നു. അയാള്‍ നബിപത്‌നിക്കെതിരെ സകലവിധ അപവാദങ്ങളും പറഞ്ഞു പരത്തി. മദീനയില്‍ തിരിച്ചെത്തിയ നബി കാര്യങ്ങള്‍ വിശദമായി പഠിച്ചപ്പോള്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞു. അക്കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങളും അവതരിച്ചു.7 ഹിജ്‌റ എട്ടാം വര്‍ഷം മരിക്കുന്നതുവരെ ഇബ്‌നു ഉബയ്യ് എന്ന ഈ കപടന്റെ ശല്യം തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ, ഇയാളുടെ മകന്‍ അബ്ദുല്ല കളങ്കമേശാത്ത വിശ്വാസിയായിരുന്നു. പ്രവാചകന് ഏറെ പ്രിയങ്കരനുമായിരുന്നു. ബദ്ര്‍ യുദ്ധം കഴിഞ്ഞ് ഖുറൈശികളില്‍നിന്ന് തടവുകാരാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ നബിയുടെ പിതൃസഹോദരന്‍ അബ്ബാസും ഉണ്ടായിരുന്നല്ലോ. അബ്ബാസിന് യുദ്ധത്തിനിടയില്‍ തന്റെ കുപ്പായം നഷ്ടപ്പെട്ടിരുന്നു. പകരം കുപ്പായം നല്‍കിയത് ഈ അബ്ദുല്ലയാണ്. അതിന് നന്ദിസൂചകമായി തന്റെ കുപ്പായം പ്രവാചകന്‍ അബ്ദുല്ലക്ക് സമ്മാനിക്കുകയുണ്ടായി; അദ്ദേഹത്തിന്റെ പിതാവായ ഇബ്‌നു ഉബയ്യിന്റെ മൃതശരീരം ആ കുപ്പായത്തില്‍ പൊതിഞ്ഞ് അടക്കം ചെയ്യാന്‍. മുസ്‌ലിംകള്‍ക്ക് വളരെയേറെ ദ്രോഹം ചെയ്ത ഈ കപടനു വേണ്ടി പ്രാര്‍ഥിക്കാന്‍ നബി മുന്നോട്ടു വന്നപ്പോള്‍ അരുതെന്ന് ഖുര്‍ആന്‍ വിലക്കുന്നുമുണ്ട്.8

നാലാമത്തെ തിരിച്ചടി: ദൂമതുല്‍ ജന്‍ദല്‍ നിവാസികള്‍ മദീനയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വരുന്ന ഒട്ടകസംഘങ്ങളെ തടഞ്ഞതിനാല്‍, അവരെ ഒരു പാഠം പഠിപ്പിക്കാനായി വടക്കന്‍ ഭാഗത്തേക്ക് പുറപ്പെടുമ്പോള്‍ പ്രവാചകന്‍ തന്നോടൊപ്പം കുറഞ്ഞ ആളുകളെ മാത്രമേ കൂട്ടിയിരുന്നുള്ളൂ. രണ്ടാഴ്ച വഴിദൂരമുണ്ട് അങ്ങോട്ടേക്ക്. ഇതൊക്കെ ശത്രുക്കളും കണക്കു കൂട്ടുന്നുണ്ടായിരുന്നു. പക്ഷേ, ഇബ്‌നു ഹിശാം9 നമ്മോട് പറയുന്നത്, പതിവിനു വിരുദ്ധമായി, പ്രവാചകന്‍ പകുതി വഴിയില്‍ വെച്ച് മദീനയിലേക്ക് തന്നെ തിരിച്ചു പോന്നു എന്നാണ്. ഏതാനും ആഴ്ചകള്‍ക്കകം മക്കയില്‍നിന്നും ഖൈബറില്‍നിന്നും മറ്റുമെത്തിയ സഖ്യസേനകള്‍ മദീന വളയുകയും ചെയ്തു.

ഈ സംഭവത്തെപ്പറ്റി 'കണ്ണുകള്‍ നിലതെറ്റിപ്പോവുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും'10 എന്ന് സത്യവിശ്വാസികളുടെ ഉത്കണ്ഠയെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിച്ചത് ഒട്ടും അതിശയോക്തിയല്ല. മക്കന്‍ മേഖലയില്‍ അധിവാസമുറപ്പിച്ച ഖുസാഅ ഗോത്രക്കാരില്‍ പ്രവാചകനുമായി സന്ധി ചെയ്ത വിഭാഗം സൈനിക നീക്കത്തിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ മദീനയില്‍ എത്തിച്ചുകൊണ്ടിരുന്നു. അവരുടെ ഒട്ടകങ്ങള്‍ മദീനയിലേക്കുള്ള ദൂരം നടന്നുതീര്‍ക്കാന്‍ ഏതാണ്ട് പത്ത് ദിവസമെടുക്കും.11 ഈ സന്ദേശവാഹകര്‍ പ്രവാചകനെ കാണാനായി ദൂമത്തുല്‍ ജന്‍ദലിലേക്കാണോ, അതല്ല മദീനയിലെ പ്രവാചകന്റെ പ്രതിപുരുഷനെ കാണാനാണോ പോയിരുന്നത് എന്ന് നമുക്ക് തീര്‍ച്ചയില്ല. ഇവരില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചായിരിക്കണം പ്രവാചകന്‍ ദൂമതുല്‍ ജന്‍ദലിലേക്ക് പോകുന്നതിനിടയില്‍ പാതിവെച്ച് തിരിച്ചുപോന്നത്. ഫസാറികളുടെ ആവാസ ഭൂമിയിലൂടെയാണ് ദൂമത്തുല്‍ ജന്‍ദലിലേക്ക് പോകേണ്ടത്. ദൂതന്മാര്‍ നല്‍കിയ വിവരമനുസരിച്ച്, ഫസാറികള്‍ എന്തെങ്കിലും അവിവേകം കാണിച്ചേക്കുമോ എന്ന ആശങ്കയാകാം പ്രവാചകന്റെ തിരിച്ചുപോക്കിന് കാരണം.

എന്തായിരുന്നാലും, മദീനയിലെത്തിയ ഉടന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു പ്രവാചകന്‍. മദീനാ നഗരത്തില്‍നിന്ന് പുറത്തുപോകാതെ ഉപരോധത്തെ പ്രതിരോധിക്കുക എന്നതായിരുന്നു ആദ്യം കണ്ട പ്ലാന്‍. കാരണം വീടുകളില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണ സാധനങ്ങളുമുണ്ട്. വലിയ മതില്‍ക്കെട്ടുകളുള്ള തോട്ടങ്ങളാണ് മദീനയിലുള്ളത്. തെരുവുകളാകട്ടെ വളരെ ഇടുങ്ങിയതുമാണ്. അതിനാല്‍ ഒരു തുറന്ന സ്ഥലത്തുനിന്ന് ഒന്നിച്ചുള്ള ഒരാക്രമണം ഇവിടെ സാധ്യമാവില്ല. പക്ഷേ, ശത്രുപക്ഷത്തേക്ക് പലതരമാളുകളും കൂട്ടത്തോടെ എത്തിച്ചേരുകയാണെന്നും അവിശ്വസനീയമാംവിധം അവരുടെ എണ്ണം പെരുകുകയാണെന്നും സൈനികരുടെ എണ്ണം തന്നെ 12,000 കവിഞ്ഞുവെന്നും വിവരം കിട്ടിയപ്പോള്‍ നഗരത്തില്‍നിന്ന് പുറത്തുകടക്കാതെ ചെറുത്തുനില്‍പ്പ് അസാധ്യമാണെന്ന് ബോധ്യമായി. കുറച്ചുപേരെ ഒപ്പം കൂട്ടി നബി കുതിരപ്പുറത്ത് സഞ്ചരിച്ച് രംഗനിരീക്ഷണം നടത്തി. അപ്പോള്‍ ഒരു കാര്യം വ്യക്തമായി. പടിഞ്ഞാറു ഭാഗത്ത് കാര്യമായ പ്രതിരോധമൊന്നുമില്ല. അപ്പോഴാണ് പേര്‍ഷ്യക്കാരനായ സല്‍മാന്‍ തന്റെ നാട്ടില്‍ വലിയ കിടങ്ങുകള്‍ കീറി യുദ്ധം ചെയ്യാറുണ്ടെന്ന് പ്രവാചകനോട് പറഞ്ഞത്. രാത്രി ആക്രമണങ്ങളെ തടുക്കാന്‍ ഇത് പര്യാപ്തമാകും. കാലാള്‍പ്പടക്ക് ഈ കിടങ്ങുകള്‍ മുറിച്ചുകടക്കാനാവുകയുമില്ല. നഗരത്തിനു ചുറ്റും, പിന്നെ ക്യാമ്പുകള്‍ക്ക് ചുറ്റും ഇവ കുഴിക്കണം. പുതിയ ആശയങ്ങളോട് തുറന്ന സമീപനം സ്വീകരിച്ചിരുന്ന നബി കിടങ്ങു കുഴിക്കാനും അങ്ങനെ നഗരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും തീരുമാനിച്ചു. കിടങ്ങ് കുഴിക്കുന്നതില്‍ വ്യക്തിപരമായി പങ്കാളിത്തം വഹിക്കുകവരെ ചെയ്തു. കിടങ്ങുകളുടെ പണി കഴിഞ്ഞപ്പോഴേക്കും ശത്രുക്കളെത്തി. അത് ഹിജ്‌റ അഞ്ചാം വര്‍ഷം ശവ്വാല്‍ മാസമായിരുന്നു. മുസ്‌ലിം സൈനികരുടെ എണ്ണം 3000. എതിരാളികള്‍ക്ക് നാലിരട്ടി സൈനിക ബലമുണ്ട്. ആയുധങ്ങളും അവര്‍ക്കാണ് കൂടുതല്‍.12 ബദുക്കള്‍ ഇവിടെയൊരു കിടങ്ങ് പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ അവര്‍ അമ്പരന്നു. കിടങ്ങാവട്ടെ രാവും പകലുമില്ലാതെ മുസ്‌ലിം സൈനികരുടെ നിതാന്ത നിരീക്ഷണത്തിലും. ശത്രുസൈന്യത്തെ തടഞ്ഞുനിര്‍ത്താനുള്ള വീതിയും നീളവുമൊക്കെ കിടങ്ങിന് ഉണ്ടുതാനും.

പക്ഷേ, ശത്രുക്കളുടെ കൈയില്‍ ഇനിയുമൊരു കാര്‍ഡ് കളിക്കാന്‍ ബാക്കിയുണ്ടായിരുന്നു. മദീനയില്‍ ഇപ്പോഴും ബനൂഖുറൈള എന്ന ജൂത ഗോത്രം താമസിക്കുന്നുണ്ട്. നബിയുമായി കരാര്‍ ഉണ്ടാക്കിയവരാണ്. അവര്‍ പരസ്പരം നല്ല സൗഹൃദത്തിലുമാണ്. ഇത് പൊളിക്കാനാവുമോ എന്ന ഉദ്ദേശ്യവുമായി മറ്റൊരു ജൂതഗോത്രമായ ബനുന്നളീറിലെ ചിലര്‍ ഖുറൈളക്കാരെ സമീപിക്കുന്നത് ഈ ഘട്ടത്തിലാണ്. വളരെ പണിപ്പെട്ടാണെങ്കിലും, കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാമെന്നും മുസ്‌ലിംകളെ ഉള്ളില്‍നിന്ന് ആക്രമിക്കാമെന്നും അവരെക്കൊണ്ടു സമ്മതിപ്പിച്ചു.13 മുസ്‌ലിംകളുടെ യുദ്ധതന്ത്രമാകെ പാളിപ്പോയെന്ന് തോന്നിച്ച ഘട്ടമായിരുന്നു അത്. ഇനിയത്തെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. പ്രവാചകന്‍ ഉടനടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കൂടുതല്‍ ജാഗരൂകനായി. അരുതാത്തത് സംഭവിക്കാതിരിക്കാന്‍ ജൂതഗോത്രക്കാരുടെ ആവാസ സ്ഥലത്തേക്കുള്ള രണ്ടു വഴികളിലും അദ്ദേഹം സൈനിക നിരീക്ഷണം ശക്തമാക്കി. രാത്രി സമയങ്ങളില്‍ ബനൂഖുറൈളക്കെതിരെ യുദ്ധാക്രോശങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കാന്‍ അണികളെ ശട്ടം കെട്ടുകയും ചെയ്തു. ഖുറൈളക്കാര്‍ അവരുടെ ആവാസ കേന്ദ്രങ്ങളില്‍നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയാണിത്. കുടുംബാംഗങ്ങളെ ആക്രമിക്കുമെന്നും സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്നും ഭയന്ന് അവര്‍ അവിടെത്തന്നെ തങ്ങിക്കൊള്ളും. പിറ്റേന്ന് ശനിയാഴ്ചയായിരുന്നു എന്നാണ് ചരിത്രകൃതികളില്‍ കാണുന്നത്. ശനിയാഴ്ച ജൂതന്മാര്‍ക്ക് പുണ്യദിനമായതുകൊണ്ട് അന്ന് അവരില്‍നിന്ന് ആക്രമണം ഭയക്കേണ്ടതില്ല.

ഒപ്പം തന്നെ പ്രവാചകന്‍ ഒരു നയതന്ത്ര പ്രത്യാക്രമണം കൂടി നടത്തുന്നുണ്ടായിരുന്നു. വടക്കു നിന്നെത്തിയ ഗത്വ്ഫാന്‍, ഫസാറ ഗോത്രങ്ങളിലെ കൂലിപ്പട്ടാളക്കാരുമായി ഒരു കരാറിലെത്താന്‍ നബി ഒരു പ്രതിനിധിസംഘത്തെ അയച്ചെങ്കിലും അവര്‍ ആവശ്യപ്പെട്ട വലിയ സംഖ്യ നല്‍കാന്‍ പ്രതിനിധിസംഘം തയാറായില്ല.14 ഇതിലവര്‍ക്ക് മുസ്‌ലിംകളോട് കടുത്ത അമര്‍ഷമുണ്ടാവുകയും ചില ആക്രമണങ്ങള്‍ അവര്‍ മദീനക്കെതിരെ നടത്തുകയും ചെയ്തിരുന്നു. മറ്റൊരു ദൗത്യവും, വളരെ രഹസ്യമായിട്ട്, മുന്നോട്ടു പോകുന്നുണ്ടായിരുന്നു.15 സംഭവമിതാണ്: അശ്ജഅ് ഗോത്രത്തലവനും എല്ലാവര്‍ക്കും സുപരിചിതനുമായ നുഐമുബ്‌നു മസ്ഊദ് ഇസ്‌ലാം സ്വീകരിച്ചു. പക്ഷേ, ഇസ്‌ലാം സ്വീകരണ വാര്‍ത്ത വളരെ രഹസ്യമാക്കിവെച്ചു. പ്രവാചകന്റെ നിര്‍ദേശപ്രകാരം നുഐം ആദ്യം പോയത് ഖുറൈള ജൂതന്മാരുടെ അടുത്തേക്കാണ്. അവരോട് പറഞ്ഞു: 'നോക്കൂ, ഞാന്‍ നിങ്ങളുടെ പഴയ സുഹൃത്താണ്. എടുത്തുചാടുന്നതിനു മുമ്പ് നിങ്ങള്‍ മുമ്പിലേക്ക് നോക്കണം. നിങ്ങള്‍ക്കറിയാമല്ലോ, ഇവിടെ തമ്പടിച്ചിരിക്കുന്ന ഈ സഖ്യകക്ഷികള്‍ അവര്‍ മദീനയില്‍ പാര്‍ക്കാന്‍ വന്നവരല്ല. കുറച്ച് കഴിഞ്ഞാല്‍ അവര്‍ തിരിച്ചുപോകും. പിന്നെ നിങ്ങള്‍ മാത്രമേ ഇവിടെ ബാക്കി കാണൂ. അവര്‍ക്ക് മുഹമ്മദിനെ പിടികൂടി കൊല്ലാന്‍ കഴിയുമെന്നതിന് ഒരു ഉറപ്പുമില്ല. എന്റെ അഭിപ്രായം, മുഹമ്മദുമായുള്ള കരാര്‍ പൊളിക്കുന്നതിനു മുമ്പ് നിങ്ങള്‍ സഖ്യകക്ഷികളില്‍നിന്ന് ശക്തമായ ചില ഉറപ്പുകള്‍ വാങ്ങിയിരിക്കണം എന്നാണ്. ഉദാഹരണത്തിന്, സഖ്യകക്ഷികളില്‍നിന്ന് കുറച്ചുപേരെ ബന്ദികളാക്കി വിട്ടുതരണമെന്ന് നിങ്ങള്‍ പറയുക. യുദ്ധം ഇടക്കു വെച്ച് നിര്‍ത്തി നിങ്ങളെ ഒറ്റക്കാക്കി അവര്‍ പോകാതിരിക്കാനുള്ള ഒരു ഉറപ്പ് എന്ന നിലയില്‍ കുറച്ച് ബന്ദികളെ ന്യായമായും നിങ്ങള്‍ക്ക് ആവശ്യപ്പെടാമല്ലോ.'

നുഐം എന്ന ഈ അശ്ജഈ പ്രമുഖന്‍ മദീന ഉപരോധിക്കാന്‍ വന്ന ഓരോ വിഭാഗത്തെയും നേരില്‍ ചെന്നു കണ്ട് ഇപ്രകാരം പറഞ്ഞു: 'എനിക്ക് നിങ്ങളോടുള്ള സ്‌നേഹവും അടുപ്പവും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഞാന്‍ ഇപ്പോള്‍ അറിഞ്ഞ ഒരു കാര്യം നിങ്ങളോട് പറയാം. ഖുറൈള ജൂതന്മാരില്ലേ, അവര്‍ വീണ്ടും മുഹമ്മദിന്റെയൊപ്പം കൂടിയിരിക്കുന്നു. തങ്ങളുടെ കൂറ് തെളിയിക്കാന്‍, നിങ്ങളില്‍നിന്ന് ഏതാനും പ്രമുഖരെ ബന്ദികളായി പിടിച്ച് അദ്ദേഹത്തിന് നല്‍കാമെന്നും അവര്‍ വാക്കു കൊടുത്തിട്ടുണ്ട്. ആ ബന്ദികളെ അദ്ദേഹം വധിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ കരുതിയിരിക്കണം. മറ്റൊരു കാര്യം കൂടി. ശനിയാഴ്ച തന്നെ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം നടത്താന്‍ നിങ്ങള്‍ ഖുറൈളക്കാരോട് ആവശ്യപ്പെടണം. മുഹമ്മദിനെതിരെയുള്ള യുദ്ധത്തില്‍ തങ്ങള്‍ക്കുള്ള ആത്മാര്‍ഥതയും കൂറും അങ്ങനെയവര്‍ തെളിയിക്കട്ടെ. ആ ദിവസം അവരില്‍നിന്ന് ഒരാക്രമണം മുസ്‌ലിംകള്‍ പ്രതീക്ഷിക്കില്ലല്ലോ.' പിന്നെ നുഐം ചെന്ന് മുസ്‌ലിം ക്യാമ്പില്‍ ഇങ്ങനെയൊരു അഭ്യൂഹം പരത്തി: 'ജൂതന്മാര്‍ ഏതാനും മക്കക്കാരെ മുസ്‌ലിംകള്‍ക്ക് കൈമാറാന്‍ പോകുന്നു!.' നുഐമിന്റെ തന്ത്രപരമായ ഈ നീക്കങ്ങളെക്കുറിച്ച് പ്രവാചകനോട് ചോദിച്ചപ്പോള്‍, അവ്യക്തമായ മറുപടിയാണ് ലഭിച്ചത്. 'അവരോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞിട്ടുണ്ടാവുക നാം തന്നെയായിരിക്കാം' (ലഅല്ലനാ അമര്‍നാഹും ബിദാലിക)16 എന്നായിരുന്നു പ്രവാചകന്റെ മറുപടി. ഈ വാചകം എതിരാളിയുടെ ക്യാമ്പില്‍ മസ്ഊദുല്‍ അശ്ജഇ എന്ന ശത്രുചാരന്‍ (ഒരുപക്ഷേ നമ്മുടെ ഹീറോയുടെ പിതാവ്) വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍, ഖുറൈളക്കാര്‍ സഖ്യസേനയുടെ അടുത്ത് ചെന്ന്, മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം തുടങ്ങുന്നതിനു മുമ്പ്, ബന്ദികളായി ചിലരെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. സഖ്യസേനയില്‍ ഒരു വിഭാഗവും അതിന് തയാറായില്ല. ഖുറൈളക്കാര്‍ അതോടെ ഉറപ്പിച്ചു, സഖ്യസേന ഞങ്ങളെ വിട്ടുപോവുകയാണ്, ഇനി മുഹമ്മദിന്റെ കാരുണ്യത്തിലായിരിക്കും ഞങ്ങളുടെ ഭാവി! ശനിയാഴ്ച ദിവസം ആക്രമണത്തിന് ഖുറൈളക്കാര്‍ തയാറാകണമെന്ന്് സഖ്യകക്ഷികള്‍ തിരിച്ച് ആവശ്യപ്പെടുക കൂടി ചെയ്തതോടെ ഖുറൈളക്കാരുടെ സംശയം ഇരട്ടിച്ചു. അവരുടെ മതവികാരത്തെ അത് വ്രണപ്പെടുത്തുകയും ചെയ്തു. ഒരു മഹാ ഗൂഢാലോചന പൊട്ടിപ്പൊളിയുകയായിരുന്നു അതോടെ.

യുദ്ധം ചെയ്ത് പെട്ടെന്ന് മടങ്ങാമെന്ന ധാരണയിലാണ് സഖ്യസേനകള്‍ എത്തിയിരുന്നത്. ദിവസങ്ങളോളം അവിടെ തങ്ങാനുള്ള കോപ്പൊന്നും അവര്‍ ഒരുക്കിയിരുന്നില്ല. ദിവസങ്ങള്‍ പിന്നിട്ടതോടെ സൈനികര്‍ക്കും മൃഗങ്ങള്‍ക്കുമുള്ള ഭക്ഷണവും വെള്ളവും തീര്‍ന്നു തുടങ്ങി. ഇതൊക്കെയും വലിയ വിലകൊടുത്ത് അവര്‍ക്ക് വാങ്ങേണ്ടിവന്നു. ഖുറൈള ജൂതന്മാര്‍ അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും മുസ്‌ലിം കാവല്‍ഭടന്മാര്‍ അത് തടഞ്ഞു.17 മാത്രവുമല്ല, കാലാവസ്ഥ അതിശൈത്യത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു. മക്കക്കാരുടെയും സഖ്യകക്ഷികളുടെയും ദുരിതം അത് ഇരട്ടിപ്പിച്ചു. ചരിത്രകാരന്മാര്‍ പരാമര്‍ശിച്ചിട്ടില്ലാത്ത മറ്റൊരു കാര്യവുമുണ്ട്. അപ്പോഴേക്കും ശവ്വാല്‍ മാസം അവസാനിച്ചുകഴിഞ്ഞിരുന്നു. ഇനി വരുന്നത് യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്. മക്കക്കാര്‍ ആ മാസങ്ങളില്‍ യുദ്ധത്തിന് ഇറങ്ങില്ല. മക്കയില്‍ തീര്‍ഥാടനത്തിന് തുടക്കം കുറിക്കുന്നതും അതേ സീസണിലാണ്. മക്കക്കാരുടെ കാര്യമായ ഒരു വരുമാനം തീര്‍ഥാടകരില്‍നിന്നാണ് ലഭിക്കുക. അങ്ങനെയാണ് മക്കക്കാരുടെ നേതാവ് അബൂസുഫ്‌യാന്‍ മദീന ഉപരോധം മതിയാക്കി മക്കയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചത്. സഖ്യസേനകള്‍ക്കും തിരിച്ചുപോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

മക്കയില്‍നിന്നുള്ള കടന്നാക്രമണത്തിന് ഇതോടെ അറുതിയായിരിക്കുന്നു എന്ന നബിയുടെ പ്രവചനം അക്ഷരംപ്രതി പുലരുന്നതാണ് പിന്നീട് കാണുന്നത്. പ്രതിയോഗികള്‍ക്കെതിരെ വ്യക്തമായ മേല്‍ക്കൈ അവര്‍ നേടിക്കഴിഞ്ഞിരുന്നു.18

(തുടരും)

 

കുറിപ്പുകള്‍

1. ബലാദുരി 1/730, ഇബ്‌നുഹിശാം, പേ: 669

2. മസ്ഊദി- തന്‍ബീഹ്, പേ: 248

3. 4,5,6 എന്നിങ്ങനെ വര്‍ഷത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ കാണാം. ബലാദുരിയുടെ (1/729) കാലഗണനയാണ് നാമിവിടെ സ്വീകരിക്കുന്നത്. ഇതേക്കുറിച്ച ചര്‍ച്ചക്ക് മഖ്‌രീസി (I, 214) കാണുക. ബൈഹഖി (ദലാഇല്‍, II, 1276) പറയുന്നത്, ഹിജ്‌റ-4 എന്ന് പറയുന്നവര്‍ തങ്ങളുടെ കാലഗണന ആരംഭിക്കുന്നത് ഹിജ്‌റക്ക് ഒരു വര്‍ഷം കഴിഞ്ഞാണ്; ഹിജ്‌റ-6 എന്ന് പറയുന്നവര്‍ ഹിജ്‌റക്ക് ഒരു വര്‍ഷം മുമ്പ് കാലഗണന ആരംഭിക്കുന്നവരും. അതിനാല്‍ കാലഗണനയില്‍ വൈരുധ്യമില്ല.

4. ഇബ്‌നുഹിശാം പേ: 725-9

5. മഖ്‌രീസി I/204

6. മഖ്‌രീസി I/199-203, ഇബ്‌നുഹിശാം പേ: 726-7

7. ഖുര്‍ആന്‍ 24: 11-12

8. ഖുര്‍ആന്‍ 9: 84. ഇബ്‌നുഹിശാം പേ: 927. മഖ്‌രീസി പേ: 496

9. ഇബ്‌നുഹിശാം പേ: 668

10. ഖുര്‍ആന്‍ 33: 10

11. ശാമി - സീറ (ഖന്‍ദഖ് അധ്യായം)

12. ഇബ്‌നുഹിശാം പേ: 673

13. ഇബ്‌നുഹിശാം പേ: 674-5

14. ത്വബ്‌രി I, 1474

15. ഇബ്‌നുഹിശാം, പേ: 680-682, സര്‍ക്കശി- ശറഹ് സിയറുല്‍കബീര്‍ I 84-5

16. ഇബ്‌നു ഹജര്‍, ഇസ്വാബ No: 3074

17. സംഹൂദി പേ: 304

18. കന്‍സുല്‍ ഉമ്മാല്‍, V/5285

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍