Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

കെ.പി സെയ്തു ഹാജി

ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്

മയ്യിത്ത് കണ്ടു മടങ്ങുന്നവരുടെ നീണ്ട നിരയില്‍നിന്ന് ഒരു വൃദ്ധന്‍ മേല്‍മുണ്ട് കൊണ്ട് രണ്ട് കണ്ണുകളും പൊത്തിപ്പിടിച്ച് റൂമിന്റെ ഭിത്തിയില്‍ മുഖം അമര്‍ത്തി സങ്കടമടക്കാന്‍ കഴിയാതെ തേങ്ങിക്കരയുന്നുണ്ടായിരുന്നു. ഞാനെഴുന്നേറ്റുനിന്ന് അദ്ദേഹത്തിന്റെ പുറം തടവി എന്റെ അടുത്തിരുത്തി. കുറച്ച് കഴിഞ്ഞ് മുണ്ടു കൊണ്ട് രണ്ട് കണ്ണുകളും തുടച്ചു എന്നെ നോക്കി. ഞാന്‍ ചോദിച്ചു: പേരെന്താണ്? വേലായുധന്‍- അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ അങ്ങനെയായിരുന്നു എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടക്കിപ്പിടിച്ച് സംസാരിച്ച അദ്ദേഹത്തിന്റെ സങ്കടം കണ്ട് പിന്നീട് ഞാനൊന്നും ചോദിച്ചില്ല.

ഈയിടെ പുതുരുത്തിയില്‍ അന്തരിച്ച സെയ്തുക്ക എന്ന് എല്ലാവരും വിളിക്കുന്ന കെ.പി സെയ്തു ഹാജിയുടെ ജനാസ കണ്ട് മടങ്ങുന്നവര്‍ക്കിടയിലെ ഒരാളുടെ കാര്യമാണിത്. മേപ്പുറത്ത് അബ്ദുല്ലക്കുട്ടിയുടെയും കാട്ടുപുറത്ത് തിത്തിയുടെയും മൂത്ത മകനാണ് കെ.പി സെയ്തു ഹാജി. ഔപചാരികമായ ഉന്നത വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും പരന്ന വായനയിലൂടെ വിജ്ഞാനത്തിന്റെ പല ശാഖകളും അദ്ദേഹം കൈപ്പിടിയിലൊതുക്കി. വായന അദ്ദേഹത്തെ ആദ്യം കൊണ്ടെത്തിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലായിരുന്നു. അങ്ങനെ അദ്ദേഹം സി.പി.ഐ പ്രവര്‍ത്തകനായി മാറി.

സി.പി.ഐ പ്രവര്‍ത്തകനായിരിക്കെ ഗള്‍ഫിലേക്ക് പോയി. അവിടെ വെച്ച് പുതിയൊരു വിജ്ഞാനശാഖയുമായി പരിചയത്തിലായി. ഇസ്‌ലാമിക സാഹിത്യ പഠനം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിയിലാണ്. 

ജമാഅത്തെ ഇസ്‌ലാമി അംഗമായ അദ്ദേഹം പാലപ്പെട്ടി പ്രാദേശിക അമീര്‍, പൊന്നാനി ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലപ്പെട്ടി പ്രാദേശിക അംഗം, പാലപ്പെട്ടി ഹ്യൂമന്‍ വെല്‍ഫെയര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, വെൡയങ്കോട് ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് അംഗം, വെളിയങ്കോട് പെയിന്‍ ആന്റ് പാലിയേറ്റീവ് നടത്തുന്ന നോബിള്‍ സോഴ്‌സ് രക്ഷാധികാരി, പുതുരുത്തി മഹല്ല് പ്രസിഡന്റ് എന്നീ നിലകളില്‍ കര്‍മനിരതനായിരിക്കെയാണ് അല്ലാഹു അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. സുന്നി ആശയാദര്‍ശപ്രകാരമുള്ള മഹല്ലിന്റെ പ്രസിഡന്റായി എന്നതും അദ്ദേഹത്തിന്റെ ജനകീയതക്ക് ഉത്തമ ദൃഷ്ടാന്തമാണ്. 

സി.പി.ഐയുമായുള്ള പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തകരുമായുള്ള ഊഷ്മള ബന്ധം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മതസംഘടനകളോടും മറ്റു മതസ്ഥരോടും ഇതേ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ഉദാരനായ അദ്ദേഹം എല്ലാവരെയും ഒരുപോലെ സഹായിച്ചിരുന്നു. സമ്പന്നനെങ്കിലും ലളിത ജീവിതമാണ് നയിച്ചിരുന്നത്. അശരണരും ആലംബഹീനരുമായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കുന്ന കാര്യത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതില്‍ അദ്ദേഹം എന്നും മുന്നില്‍നിന്നു. ഖുര്‍ആന്‍ പഠന-പാരായണങ്ങളിലും ഹദീസ് പഠനങ്ങളിലും സാഹിത്യ വായനയിലും മുന്‍പന്തിയിലായിരുന്നു.

 

 

 

പി.ടി സുലൈഖ

കുറ്റിയാടി അടുക്കത്ത് വനിതാ ഹല്‍ഖാ നാസിമത്തായിരുന്നു പി.ടി സുലൈഖ (58). പ്രസ്ഥാന മാര്‍ഗത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പൊടുന്നനെയാണ് ദീനക്കിടക്കയിലാവുന്നത്. പത്തു ദിവസങ്ങള്‍ മാത്രമാണ് രോഗിണിയായി കിടന്നത്. ആ ദിവസങ്ങളിലും പ്രസ്ഥാന യോഗങ്ങളും പഠനക്ലാസ്സുകളും കൃത്യമായി നടത്താന്‍ ഹല്‍ഖാ സെക്രട്ടറിയോടും സഹപ്രവര്‍ത്തകരോടും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ജമാഅത്തെ ഇസ്‌ലാമി അംഗവും പ്രശസ്ത ഗായകനും കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് അധ്യാപകനുമായ അബ്ദുര്‍റഹ്മാന്‍ ഓര്‍ക്കാട്ടേരിയായിരുന്നു ഭര്‍ത്താവും ഗുരുനാഥനും. കുറ്റിയാടി ഇസ്‌ലാമിയാ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. മര്‍ഹൂം എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി, കെ. മൊയ്തു മൗലവി, വി. അബ്ദുല്ലാ ഉമരി എന്നിവരുടെ ശിഷ്യത്വം ലഭിച്ച അവരുടെ ജീവിതം ഇസ്‌ലാമിക പ്രബോധനത്തിനും ജനസേവനത്തിനും പകുത്തുനല്‍കുകയായിരുന്നു. തനിക്കു ചുറ്റുമുള്ള നിരാലംബര്‍ക്ക് അവര്‍ ചെയ്തുകൊടുത്ത മൗന സേവനങ്ങള്‍ ആകാശലോകത്ത് മാത്രം രേഖപ്പെടുത്തപ്പെട്ടവയായിരുന്നു.

ഖുര്‍ആന്‍ പഠനക്ലാസ്സുകള്‍ മുടക്കം വരാതെ നടത്തുന്നതില്‍ അവര്‍ ശ്രദ്ധയും ഉത്സാഹവും കാണിച്ചു. കുടുംബത്തില്‍ ഇസ്‌ലാമികാന്തരീക്ഷം നിലനിര്‍ത്താനും അവര്‍ ശ്രദ്ധിച്ചു. മക്കളും മരുമക്കളും പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമാണ്. കുടുംബക്കാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും മായാത്ത ചിരിയും മിതഭാഷണവുമായി സൗഹൃദാന്തരീക്ഷമൊരുക്കി.

ഏതൊരു വിഷയം പറയുമ്പോഴും അതിനെ ഖുര്‍ആന്‍ ആയത്തുകളുമായി ചേര്‍ത്തുപറയുക അവരുടെ രീതിയായിരുന്നു. എന്തുമാത്രം ആഴമുള്ളതായിരുന്നു ആ മനസ്സും ചിന്തയും. ഞങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിപ്പോയ ചിന്ത! അത് പുറംലോകത്തേക്കു കൂടി പരന്നിരുന്നെങ്കില്‍. കുറ്റിയാടി ഏരിയാ സമിതിയിലെ മുതിര്‍ന്ന അംഗമായിരുന്നു അവര്‍. പ്രായം മറന്നും അവശതയെ അവഗണിച്ചും പ്രസ്ഥാനത്തെ ജീവിതത്തോട് ഇത്രയും ചേര്‍ത്തുവെച്ച അവര്‍ ശേഷിച്ചവര്‍ക്കും ഇനി വരുന്നവര്‍ക്കും പാഠപുസ്തകവും മാതൃകയുമാണ്.

ടി.പി സൈനബ ഗഫൂര്‍, കുറ്റിയാടി

 

 

**അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍**

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍