Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

സൂഫിസത്തിന്റെ പുതിയ പ്രചാരണങ്ങള്‍

എം.എ മുത്ത്വലിബ്, താണ

'മുസ്‌ലിം സ്വാധീനം കിഴക്കും പടിഞ്ഞാറും' എന്ന എ.കെ അബ്ദുല്‍ മജീദിന്റെ തുടര്‍ ലേഖനം (പ്രബോധനം വാള്യം 74, ലക്കം 15,16,17) പഠനാര്‍ഹവും ചിന്തിക്കാന്‍ വകയുള്ളതുമാണ്.

 ചരിത്രപരമായി സൂഫിസത്തിന്റെ ആഗോള വ്യാപനം വിളിച്ചറിയിക്കുന്നതാണ് ലേഖനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നമ്മുടെ രാജ്യത്തും വളരെ വ്യാപകമായി അറിയപ്പെടുന്ന ത്വരീഖത്തുകളായ നഖ്ശബന്ദിയ്യ, ഖാദിരിയ്യ, അഖ്ബാരിയ്യ, മീര്‍ഗാനിയ്യ, തീജാനിയ്യ, രിഫാഇയ്യ, ശാദുലിയ്യ തുടങ്ങിയവയും പ്രാദേശികമായി പലരുടെയും പേരോട് ചേര്‍ത്തു പറയുന്ന മറ്റനേകം ത്വരീഖത്തുകളും സൂഫി മാര്‍ഗങ്ങളായാണ് അറിയപ്പെടുന്നത്. അനേകം ദര്‍ഗകള്‍, ഒറ്റക്കും കൂട്ടായും നടത്തുന്ന മുസ്‌ലിം പേരിലറിയപ്പെടുന്ന പൂജാകേന്ദ്രങ്ങള്‍വരെ സൂഫികേന്ദ്രങ്ങളായി തന്നെയാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്!

മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ 'മസ്‌നവി', 'ഫീഹ് മാഫീഹി', ഫരീദുദ്ദീന്‍ അത്താറിന്റെ 'മന്‍ത്വിഖുത്തൈര്‍', തദ്കിറത്തുല്‍ ഔലിയ, മസ്‌നവി പോലെ ലോക പ്രസിദ്ധമെന്ന് അവര്‍ പ്രചരിപ്പിക്കുന്ന ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദിയുടെ 'അവാരിഫുല്‍ മആരിഫ്' തുടങ്ങിയവയും അതുപോലെ മറ്റനേകം സൂഫിഗ്രന്ഥങ്ങളും ഖുര്‍ആനിനും സുന്നത്തിനും സ്വഹാബികളുടെ വിശ്വാസങ്ങള്‍ക്കും നിലപാടുകള്‍ക്കും പൂര്‍ണമായും യോജിക്കുന്നതാണോ എന്ന കാര്യം ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കേ പറയാന്‍ കഴിയുകയൂ. ദൈവത്തിനു ഗുണവിശേഷങ്ങള്‍ ഒന്നുമില്ലെന്ന് വാദിച്ച 'മുഅ്തസിലി' വിഭാഗത്തിന്റെ രൂപാന്തരമാണോ സൂഫിസം എന്ന് തോന്നിപ്പോകുന്നു. 'മുഅ്തസിലി'കള്‍ക്ക് അബ്ബാസി ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഒരുതരം ലഹരി ബാധിച്ചവരെ പോലെ പാട്ടുപാടുകയും നൃത്തമാടുകയും കാമുകീകാമുകന്മാരുടെ പ്രണയ വര്‍ണനയിലൂടെ ദൈവത്തെ കാണുകയും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് തുടങ്ങി അവനവനില്‍ തന്നെ ദൈവമിരിക്കുന്നു എന്ന ചിന്താധാരക്ക് മുസ്‌ലിം സമൂഹത്തില്‍ പ്രചാരം നല്‍കുകയും ചെയ്യുന്ന പ്രവണതകള്‍ അടുത്ത കാലത്തായി ധാരാളം കണ്ട് വരുന്നുണ്ട്. ഈയിടെ ജലാലുദ്ദീന്‍ റൂമിയുടെ 'മസ്‌നവി'യുടെ പരിഭാഷയും അതിന്റെ പ്രചാരണവും ഏറ്റെടുത്തിരിക്കുന്നതു തന്നെ ദൈവവിശ്വാസമില്ലാത്തവരും ദൈവികവ്യവസ്ഥിതിയെ തന്നെ വികലമായി കാണുന്നവരുമൊക്കെയാണ്. അതിന്റെ സവിശേഷതകള്‍ വിവരിച്ചും പരിചയപ്പെടുത്തിയും മുസ്‌ലിം വൃത്തത്തിനു പുറത്ത് പ്രമുഖ വാരികകളും മറ്റു പ്രസിദ്ധീകരണങ്ങളുമുള്ളതോടൊപ്പം, കേരളത്തിലെ പ്രമുഖ മുസ്‌ലിം വാരികയുടെ കവര്‍ സ്റ്റോറി ലേഖനത്തിന്റെ മുഖചിത്രം മേലുടുപ്പ് വട്ടത്തില്‍ കറങ്ങുന്ന, നീളന്‍ തൊപ്പി വെച്ച ഒരാളുടെ നൃത്തത്തിന്റെ ചിത്രമാണ് ഉള്‍പേജുകളില്‍ നൃത്തത്തിന്റെ വിവിധ രൂപങ്ങളും. ഇതൊക്കെ ഇസ്‌ലാം-മുസ്‌ലിം സംസ്‌കാരങ്ങളുടെ ഭാഗമാണെന്ന് വലിയ വിഭാഗം ജനങ്ങളും കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക കാര്യങ്ങള്‍ ഉള്‍പ്പെടെ മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ ഒരുതരം മരവിപ്പ് ബാധിച്ച പണ്ഡിത പ്രഭാഷകരെയും അറബി ഗത്‌റയും പച്ചവേഷ്ടിയും പുതപ്പും പുതച്ചവരെയുമെല്ലാം സൂഫിവര്യന്മാരായി ആദരിച്ചുവരുന്നു. അത്തരക്കാരെയും കേന്ദ്രങ്ങളെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

സൂഫി പ്രചാരണത്തിനായി പുതിയ പല പുസ്തകങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അറബിയിലും ഉര്‍ദുവിലുമുള്ള ശൈഖ്മാരുടെയും ദര്‍വീശുകളുടെയും ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷ അടുത്തുതന്നെ പുറത്തുവരാനിരിക്കുന്നു. രാജ്യത്തുള്ള ചെറുതും വലുതുമായ ദര്‍ഗകളിലും 'മഖാം' എന്ന് വിളിക്കുന്ന സ്ഥലങ്ങളിലും നടക്കുന്ന ലഹരിയില്‍ മുങ്ങിയ ഖവ്വാലി, ഗസല്‍, മുശാഇറ തുടങ്ങി പേക്കൂത്തുകളെല്ലാം സൂഫിമാര്‍ഗത്തില്‍ പെട്ടതാണെന്നും എത്രത്തോളമെന്നാല്‍ കേരളത്തിലെ ഗസല്‍ ഗായകന്‍ ഉമ്പായി മുതല്‍ മെഹ്ദി ഹസന്‍, പങ്കജ് ഉദാസ് വരെയുള്ളവരും, ലഹരിയില്‍ സൂഫിനൃത്തം നടത്തുന്നവരും വരെ സൂഫിമാര്‍ഗത്തിലുള്ളവരാണെന്നും സൂഫിസത്തെക്കുറിച്ച പുസ്തകത്തില്‍ വായിക്കാനിടയായി. സൂഫിസത്തിന് കടന്ന്കൂടാന്‍ സാധിക്കാത്ത മേഖലകളില്‍പോലും സാവകാശം സ്വാധീനം ചെലുത്തി ഭാവി മുസ്‌ലിം തലമുറയെ തന്നെ ഗുരുതരമായ പിഴവുകളിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നല്ല സൂഫിസവും ചീത്ത സൂഫിസവും എന്ന നിലയില്‍ സൂഫിസത്തെ അവതരിപ്പിക്കുന്നത്.

ഇസ്‌ലാമിക ആദര്‍ശബോധമുള്ളവരും ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇതേക്കുറിച്ച് ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്.

 

 

ചിരിയെക്കുറിച്ച് പ്രസംഗിച്ചാല്‍ പോരാ

പുഞ്ചിരിയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന ഹദീസ് പംക്തി (2017 നവംബര്‍ 03) വായിച്ചു. മിമ്പറില്‍നിന്നും മതപ്രഭാഷണ വേദികളില്‍നിന്നും മതപഠന ക്ലാസ്സുകളില്‍നിന്നും നിരന്തരം കേള്‍ക്കുന്ന വിഷയമാണിത്. പക്ഷേ, പറയുന്നവര്‍ പോലും അത് പാലിക്കാറുണ്ടോ എന്ന് സംശയമാണ്. 

മുസ്‌ലിംകളുടെ പല നേതാക്കന്മാരെയും അറിയാം. പലരും ചിരിക്കാന്‍ പിശുക്ക് കാണിക്കുന്നവരാണ്. വേറെ ചിലരുണ്ട്. അവരാകട്ടെ സ്വാര്‍ഥ ലാഭത്തിനു വേണ്ടി മാത്രം പുഞ്ചിരിക്കുന്നവരാണ്, രാഷ്ട്രീയക്കാരെ പോലെ. തന്നേക്കാള്‍ മീതെയുള്ളവരെയും പണക്കാരെയും കാണുമ്പോള്‍ കൃത്രിമ പുഞ്ചിരി ഫിറ്റ് ചെയ്യുന്നവരുണ്ട്. അതേസമയം പാവപ്പെട്ടവരെയും യാചകരെയും കാണുമ്പോള്‍ ഗൗരവം നടിക്കുന്നവരുമുണ്ട്. തന്നേക്കാള്‍ താഴെയുള്ളവരോട് ചിരിച്ചുപോയാല്‍ താന്‍ ചെറുതായി പോകുമോ എന്ന ഈഗോയുള്ളവരുമുണ്ട്.

ചിരി ഒന്നാംതരം ഔഷധം കൂടിയാണ്. മാനസികവും ശാരീരികവുമായ പല ഗുണങ്ങളും ചിരി പ്രദാനം ചെയ്യുന്നു. മാനസിക പിരിമുറുക്കം കുറക്കാനും ശരീരത്തിലെ ദുര്‍മേദസ്സുകള്‍ ഇല്ലാതാക്കാനും അതുവഴി സാധിക്കുന്നു. ചിലയിടങ്ങളില്‍ ചിരി ക്ലബ്ബുകള്‍ തന്നെയുണ്ട്. വൈകുന്നേരങ്ങളിലോ മറ്റോ ഒത്തുകൂടുന്നു. മനസ്സു തുറന്ന് മണിക്കൂറുകളോളം ചിരിക്കുന്നു. എന്നാല്‍, ചിരിക്ക് സന്ദര്‍ഭവും വ്യത്യസ്ത രീതികളുമൊക്കെയുണ്ട്. എല്ലായിടത്തുവെച്ചും ചിരിക്കാന്‍ പറ്റില്ല. മരണവീട്ടില്‍ ചിരിക്കുന്നവരെ ജനം എങ്ങനെയാണ് കാണുകയെന്ന് അറിയാമല്ലോ.

ജമാലുദ്ദീന്‍ പാലേരി

 

 

 

അവരുടെ കൈ പിടിക്കൂ

ഒറ്റപ്പെട്ടുപോയവരുടെ നൊമ്പരങ്ങള്‍ പ്രമേയമാക്കിയ കവര്‍ സ്റ്റോറി (ലക്കം 3024) വായിച്ചപ്പോള്‍ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പാണ്ടിക്കാട്ടെ സല്‍വ അഗതി മന്ദിരം സന്ദര്‍ശിച്ച അനുഭവം ഓര്‍ത്തുപോയി. അവിടത്തെ ഓഫീസിലിരുന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മറ്റുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു യുവാവിനെ ശ്രദ്ധിച്ചത്. എന്റെ നാട്ടുകാരനായ ഒരാളുടെ ഛായ തോന്നി അയാള്‍ക്ക്. ഞാന്‍ മനസ്സില്‍ കണ്ട വ്യക്തി തന്നെയാണെന്ന് അവരുടെ വിവരണത്തില്‍നിന്ന് മനസ്സിലായി.

അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചപ്പോഴാണ് ഇത്തരം സ്ഥാപനങ്ങള്‍ വഴി വ്യക്തികളിലുണ്ടാകുന്ന മാറ്റങ്ങള്‍ ശരിക്കും മനസ്സിലായത്. മാനസികാസ്വാസ്ഥ്യം മൂലം അവിടെ എത്തിച്ചേര്‍ന്ന അദ്ദേഹം വൈകാതെ ആ സ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. അവിടത്തെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരെ സഹായിക്കാനും മറ്റുമൊക്കെ അദ്ദേഹം മുന്നിലുണ്ടാകും.

നമ്മള്‍ കൂടെ കൂട്ടാനും ചേര്‍ത്തുനിര്‍ത്താനും മുന്നോട്ടുവന്നാല്‍ ഇത്തരം ആളുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ദ്രുതഗതിയിലായിരിക്കും. ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നവരെ പ്രത്യാശയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്. അവര്‍ക്ക് അത്താണിയാകുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹം തന്നെ.

അബൂ മിശാരി, തിരുവേഗപ്പുറ

 

 

റഫറന്‍സ് നമ്പര്‍ ശരിയല്ല

'വിശ്വാസ വൈവിധ്യം സാമൂഹിക യാഥാര്‍ഥ്യമാണ്' എന്ന തലക്കെട്ടില്‍  പി.പി അബ്ദുര്‍റസ്സാഖ് എഴുതിയ ലേഖനത്തില്‍, സ്വാതന്ത്ര്യവും അതില്‍നിന്ന് ഉത്ഭൂതമാകുന്ന ഉത്തരവാദിത്തവുമാണ് മനുഷ്യനെ ഭൂമിയിലെ ഇതര ജീവജാലങ്ങളില്‍നിന്ന് വ്യതിരിക്തനാക്കുന്നത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (76:30, 34:72) എന്നതിന് നല്‍കിയ റഫറന്‍സ് (34:72) ശരിയല്ല.

സയ്യിദ് മുഹമ്മദ്, അല്‍ഖോബാര്‍, കെ.എസ്.എ

 

 

ആശയപ്രചാരണം തുടരാം

നിര്‍ബന്ധ പരിവര്‍ത്തനം നിഷിദ്ധമായ ഇസ്‌ലാമിലേക്ക് ആളുകള്‍ മനഃപരിവര്‍ത്തനത്തിലൂടെ കടന്നുവരുന്നത് തടയാനുള്ള കുത്സിത ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കം കാണും. നന്മ നിറഞ്ഞ ശ്രേഷ്ഠ ജീവിതമാണ് പ്രവാചകന്‍ നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഖുര്‍ആനായിരുന്നു.

സല്‍ക്കര്‍മങ്ങളിലൂടെ മണ്ണില്‍ നന്മയുടെ വെളിച്ചം വിതറിയ ആ മഹാ സാത്വികര്‍ ജനങ്ങളെ ആകര്‍ഷിച്ചു. പക്ഷേ, അങ്ങനെ കടന്നുവന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കാന്‍ എന്നും ശ്രമങ്ങളുണ്ടായി. ചിലരെയൊക്കെ കൊന്നുകളഞ്ഞു. പ്രബോധകര്‍ക്ക് കടുത്ത പീഡനങ്ങള്‍ തന്നെ നേരിടേണ്ടിവന്നു. അത് ഇന്നും തുടരുന്നുവെന്നാണ് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്. പക്ഷേ സത്യപ്രബോധകര്‍ ഭയന്ന് പിന്മാറേണ്ടതില്ല, യുക്തിപൂര്‍വം ആശയപ്രചാരണം തുടരുകതന്നെ.

'നാനാതരം ആവിഷ്‌കാരങ്ങളെ ഭയക്കുന്നതെന്തിന്' എന്ന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ മുഖവാക്ക് (ലക്കം 3024) കാര്യങ്ങള്‍ സംക്ഷിപ്തമായി വിവരിക്കുന്നു.

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

 

 

 

നെഹ്‌റുവിന്റെ നിലപാട്

എ. റശീദുദ്ദീന്‍ എഴുതിയ 'മതസ്വാതന്ത്ര്യത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍' (ഒക്‌ടോബര്‍ 27) വായിച്ചു. 1947-നു മുമ്പുതന്നെ ഹിന്ദു മതത്തില്‍നിന്ന് പുറത്തേക്ക് കടക്കുന്നതിന് പല നിയന്ത്രണങ്ങളും അന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌കരിച്ചിരുന്നു. നെഹ്‌റു ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരന്‍ ആയതിനാല്‍ എല്ലാ മതങ്ങളെയും ഒരേ ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ട് മുന്നോട്ടുപോയി. എതിര്‍പ്പുകള്‍ വകവെച്ചില്ല. മതംമാറ്റം ബലപ്രയോഗങ്ങളിലൂടെയും പ്രീണനങ്ങളിലൂടെയും ആണെന്നും വിദേശപണം ഇതിനു സഹായിക്കുന്നുവെന്നും ഇന്ന് ചിലര്‍ വിധിയെഴുതുന്നു. ഇത് ശരിയല്ല. ഇന്ത്യന്‍ പൗരന് മതം തന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ നിയമനിര്മാണം നടന്നിട്ടുണ്ട്്. ഈ നിയമങ്ങള്‍ ചിലര്‍ പ്രയോഗത്തില്‍ കാറ്റില്‍ പറത്തുന്നുണ്ടെങ്കിലും പഠിച്ചും മനസ്സിലാക്കിയും വിശ്വാസ പരിവര്‍ത്തനം വരുത്തുന്നവര്‍ ഇനിയും വര്‍ധിച്ചുകൊണ്ടേയിരിക്കും.

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

 

 

തിരുത്ത്

പ്രബോധനം ലക്കം 3025-ല്‍ എ. മുഹമ്മദലി സാഹിബിന്റെ 'ഓര്‍മ'യില്‍ ഒരു ഓര്‍മ പിശക് വന്നിരിക്കുന്നു. ഫിഖ്ഹില്‍ അവിടെ പ്രചാരത്തിലുള്ള ഹമ്പലി മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ 'മനാറുസ്സബീല്‍' എന്ന് പറയേണ്ടിയിരുന്നത് 'മനാഹിലുല്‍ ഇര്‍ഫാന്‍' എന്നാണ് എഴുതിക്കാണുന്നത്. മനാഹിലുല്‍ ഇര്‍ഫാന്‍ കേരളീയര്‍ക്ക് പരിചയമുള്ള ഉലൂമുല്‍ ഖുര്‍ആനിലെ അറിയപ്പെട്ട ഗ്രന്ഥമാണ്.

ഇല്‍യാസ് മൗലവി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍