കടവും പലിശയും ഇസ്‌ലാമിക് ബാങ്കിംഗും
കഴിഞ്ഞ നവംബര്‍ എട്ട് നോട്ടുനിരോധനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസമായിരുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതായോധന മാര്‍ഗങ്ങളെ ഇത്ര രൗദ്രമായി കടന്നാക്രമിച്ച ഇതുപോലൊരു നീക്കം സ്വതന്ത്രഭാരതത്തില്‍ ഉണ്ടായിട്ടില്ലെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. പക്ഷേ, ഗുജറാത്തിലും മറ്റും തെരഞ്ഞെടുപ്പുകള്‍ കണ്‍മുമ്പില്‍ വന്നുനില്‍ക്കെ, തങ്ങള്‍ക്ക് പറ്റിയ ആനമണ്ടത്തരം തുറന്നു പറയുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന് കണ്ടതിനാല്‍ മാത്രമാവണം ബി.ജെ.പി നവംബര്‍ എട്ട് കള്ളപ്പണവിരുദ്ധ ദിവസം (കാലാ ധന്‍ വിരോധ് ദിവസ്) ആയി ആചരിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്. നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പിറകോട്ട് സഞ്ചരിച്ച് മാന്ദ്യത്തിലേക്ക് വീണുകൊണ്ടിരിക്കുന്നതിനാല്‍ യാതൊരുവിധ കണക്കുകളും കണക്കുകൂട്ടലുകളും ഭരണകക്ഷിയുടെ രക്ഷക്കെത്തുന്നുണ്ടായിരുന്നില്ല. അതിനാല്‍തന്നെ ജനങ്ങളുടെ മനസ്സ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത കരിദിനാചരണത്തിനൊപ്പമായിരുന്നു.
ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും ആരോഗ്യനില നാം പരിശോധിക്കുന്നത് അതിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജി.ഡി.പി)ത്തിന്റെ തോത് നോക്കിയാണ്. ജി.ഡി.പി ഏഴ് ശതമാനത്തോളമൊക്കെ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ വളരെ ശുഭകരമാണ്. അത്രയൊക്കെ വളര്‍ച്ച രേഖപ്പെടുത്തിയാലേ ഏകദേശം ഒന്നേകാല്‍ ബില്യന്‍ മനുഷ്യര്‍ അധിവസിക്കുന്ന നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് മതിയായ അളവില്‍ തൊഴിലവസരങ്ങളും മറ്റും സൃഷ്ടിക്കാനാവൂ. പക്ഷേ, നോട്ട് നിരോധവും തുടര്‍ന്ന് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പില്‍ വരുത്തിയ ജി.എസ്.ടിയും സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തിരിക്കുന്നു. ഈ കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കേന്ദ്ര ധനകാര്യമന്ത്രി പൊതുമേഖലാ ബാങ്കുകള്‍ക്ക് വന്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ ഫലം ചെയ്യില്ലെന്നാണ് സൂചന. ഇന്ത്യന്‍ ഭരണഘടന അഭിമുഖീകരിക്കുന്ന ഗുരുതരമായ താളപ്പിഴകളാണ് കാരണം. ഉദാഹരണത്തിന്, 2016-'17-ലെ ബജറ്റില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരം കടം വീട്ടാന്‍ 2.84 ലക്ഷം കോടി രൂപ നീക്കിവെക്കണം. ഇതുവരെ എടുത്ത കടത്തിന്റെ പലിശയിനത്തില്‍ അടക്കേണ്ടതാവട്ടെ 4.93 ലക്ഷം കോടിയും. അങ്ങനെ കടം വീട്ടാന്‍ മാത്രമായി 7.77 ലക്ഷം കോടി. നികുതിയില്‍നിന്നും നികുതിയേതര സ്രോതസ്സുകളില്‍നിന്നും ലഭിക്കുന്ന വരുമാനം 13.77 ലക്ഷം കോടിയാണ്. അതായത് വരുമാനത്തിന്റെ 56 ശതമാനവും കടവും അതിന്റെ പലിശയും കൊടുത്തുവീട്ടേണ്ടതിനായി ചെലവിടേണ്ടിവരുന്നു.
ഇതിവിടെ അനുസ്മരിക്കാന്‍ കാരണമുണ്ട്. ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗ് ആരംഭിക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നതും ഇന്ത്യന്‍ സമ്പദ്ഘടന പ്രതിസന്ധിയുടെ ചുഴിയില്‍ നട്ടം തിരിയുന്ന ഇതേ സന്ദര്‍ഭത്തിലാണ്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും മോദി ഗവണ്‍മെന്റ് നിശ്ചയിച്ച ദീപന്ത് മൊഹന്ത് കമ്മിറ്റിയും മറ്റു പല എന്‍.ജി.ഒകളും സമര്‍പ്പിച്ച ശിപാര്‍ശകള്‍ക്ക് കടകവിരുദ്ധമായാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഇസ്‌ലാമിക് ബാങ്കിംഗിന് അനുകൂലമായി സമര്‍പ്പിക്കപ്പെട്ട വാദമുഖങ്ങളില്‍ ഒന്നിന് പോലും മറുപടി പറയാതെ, 'രാജ്യത്ത് ബാങ്കിംഗ് മേഖലകളില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യവും വിശാലവുമായ അവസരങ്ങള്‍ ലഭ്യമായതിനാല്‍' മറ്റൊരു പരീക്ഷണത്തിന്റെ ആവശ്യമില്ലെന്ന അവ്യക്ത പരാമര്‍ശമാണ് റിസര്‍വ് ബാങ്ക് നടത്തിയിരിക്കുന്നത്. എങ്കില്‍, ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുമ്പിലുള്ള അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് പോലുള്ള വികസിത രാജ്യങ്ങള്‍ എന്തുകൊണ്ട് ഇസ്‌ലാമിക് ബാങ്കിംഗുമായി മുന്നോട്ടു പോകുന്നു എന്ന ചോദ്യത്തിന് റിസര്‍വ് ബാങ്ക് മറുപടി പറയേണ്ടതല്ലേ? ഇന്ത്യന്‍ സമ്പദ്ഘടനയെ ശ്വാസം മുട്ടിക്കുന്ന കടവും അതിന്മേല്‍ കുമിഞ്ഞുകൂടുന്ന പലിശയും മാത്രം മതി, ഇസ്‌ലാമിക് ബാങ്കിംഗ് എത്രത്തോളം ഇന്ത്യയില്‍ പ്രസക്തമാണ് എന്ന ചോദ്യത്തിന് ഉത്തരമായി.
Comments