Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

ഉള്‍ക്കാഴ്ച പകരുന്ന ദിവ്യവചനങ്ങള്‍

കെ.പി ഇസ്മാഈല്‍

അറബിപ്പൊന്ന് തേടി ആളുകള്‍ നിത്യേന വിദൂരങ്ങളിലേക്ക് പറക്കുന്നു. അതേ അറബ്‌നാട്ടില്‍ ജന്മം കൊണ്ട വിശുദ്ധ ഖുര്‍ആനില്‍നിന്ന് വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും മുത്തുകള്‍ വാരാന്‍ ആളുകള്‍ അത്രയൊന്നും തല്‍പരരല്ല. വീടും പരിസരവും പളപളാ മിന്നുമ്പോഴും ഹൃദയങ്ങളില്‍ വെളിച്ചം തെളിയാത്തതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല. ഭൗതികസമ്പാദ്യം വിജയത്തിന്റെ അടയാളമായി പരക്കെ സ്വീകരിക്കപ്പെടുമ്പോള്‍ നബിയും സഖാക്കളും കാണിച്ചുതന്ന ജീവിതവിശുദ്ധിയുടെ പാതയില്‍നിന്ന് സമുദായം അകലങ്ങളിലേക്ക് തെറിച്ചുപോയിരിക്കുന്നു.

സംഹാരമൂര്‍ത്തികളായി ഉറഞ്ഞുതുള്ളിയ ശത്രുസമൂഹത്തിന്റെ മധ്യത്തില്‍നിന്ന് ഇസ്‌ലാമിന്റെ വെളിച്ചം കെടാതെ കാത്തുസൂക്ഷിച്ച് ഒരു മാതൃകാസമൂഹം കെട്ടിപ്പടുത്ത് മനുഷ്യചരിത്രത്തിലെ അതുല്യ മാതൃകയായി വിടവാങ്ങിയ മുഹമ്മദ് നബിയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ ദൈവികദൃഷ്ടാന്തം തന്നെയായിരുന്നു. ദൈവദൂതനെയും സഖാക്കളെയും സ്ഫുടം ചെയ്‌തെടുത്ത ദിവ്യവചനങ്ങളിലൂടെയുള്ള യാത്ര അനുഭൂതിദായകവും ജീവിതലക്ഷ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതുമാണ്.

പ്രപഞ്ചസൃഷ്ടിയുടെ യാഥാര്‍ഥ്യത്തില്‍നിന്ന് തുടങ്ങി ചരിത്രത്തിലൂടെ സഞ്ചരിച്ച് സ്വര്‍ഗകവാടത്തില്‍ ചെന്നുനില്‍ക്കുന്ന അത്യപൂര്‍വമായ വായനാനുഭവം നല്‍കുന്ന ഖുര്‍ആന്റെ രചന മനുഷ്യസാധ്യമല്ലതന്നെ.

കടല്‍ക്കരയില്‍ ചെല്ലുന്ന  അനുഭവവും അനുഭൂതിയുമാണ് ഖുര്‍ആന്‍വായന നല്‍കുന്നത്. കാറ്റുകൊള്ളുന്നവര്‍ക്ക് അതാകാം. മുങ്ങാന്‍ തയാറുള്ളവര്‍ക്ക് മുത്തുകള്‍ വാരാം. ഖുര്‍ആന്റെ വിജ്ഞനസാഗരം സന്ദര്‍ശിക്കുന്നവര്‍ക്ക് വെറുംകൈയോടെ മടങ്ങേണ്ടിവരില്ല.

ശ്രീബുദ്ധനോട് ശിഷ്യന്‍ ചോദിച്ചു: 'അങ്ങയുടെ വിയോഗത്തിനുശേഷം ഞങ്ങളെ ആരു വഴിനടത്തും?' ബുദ്ധന്‍ പറഞ്ഞു: 'എന്റെ മരണശേഷം എന്റെ വാക്കുകളായിരിക്കും നിങ്ങളുടെ അധ്യാപകന്‍.' ജീവിതത്തില്‍ മഹദ്‌വചനങ്ങള്‍ക്കുള്ള പ്രാധാന്യം ബുദ്ധന്റെ വാക്കുകളില്‍ തെളിയുന്നു.

വിവരമുള്ളവരെല്ലാം ആദരണീയരാകുന്നില്ല. വിവരമല്ല, മനുഷ്യത്വമാണ് വിലമതിക്കപ്പെടേണ്ടത്. കേവലമായ അറിവിനേക്കാള്‍ മനുഷ്യന് വേണ്ടത് സ്‌നേഹിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്ന ഹൃദയമാണ്. വിവരവും വിവിധഭാഷാജ്ഞാനവുമുള്ളവര്‍ വര്‍ഗീയവാദികളും അക്രമിയുമായി മാറുന്നത് നാം കാണുന്നു. മനുഷ്യന്റെ പദവിയെക്കുറിച്ച് അവസാന വാക്ക് ഖുര്‍ആന്റേതുതന്നെ: 'യഥാര്‍ഥ ദൈവഭക്തന്‍ ഉത്തമ മനുഷ്യനായിരിക്കും.' നബിയുടെ ജീവിതം അതാണ് പഠിപ്പിക്കുന്നത്. സൂക്ഷ്മവും കളങ്കമില്ലാത്തതുമായ ജീവിതമാണ് തഖ്‌വ. എല്ലാവര്‍ക്കും ഉപകാരം ചെയ്യുന്ന, ആരെയും ദ്രോഹിക്കാത്ത, ആരോടും അനീതി കാണിക്കാത്ത സുസമ്മതമായ ജീവിതം.

നിത്യജീവിതത്തില്‍ ഏറെ ഉപകാരപ്രദമായ ഉപദേശങ്ങളുടെ കലവറയാണ് ഖുര്‍ആന്‍. സമാധാനപൂര്‍ണമായ ജീവിതത്തിന് അടിത്തറ പാകുന്നു സാരസമ്പൂര്‍ണമായ കൊച്ചുവാക്യങ്ങളിലൂടെ ഖുര്‍ആന്‍; 'മാപ്പുചെയ്യുന്ന സ്വഭാവം സ്വീകരിക്കുക, നല്ലത് ഉപദേശിക്കുക. അവിവേകികളെ ഒഴിവാക്കുക'(7:199).

നമ്മെ കോപാകുലരാക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്; ബന്ധുക്കളില്‍നിന്നും അന്യരില്‍നിന്നും. അവക്കൊക്കെ പകരംവീട്ടുക അസാധ്യമെന്നു മാത്രമല്ല അപകടകരം കൂടിയാണ്. അവ മാപ്പു ചെയ്താലോ? അതിന്റെ ഗുണം കണക്കില്ലാത്തതായിരിക്കും. മനസ്സ് സ്വസ്ഥമാകും. നല്ല കാര്യങ്ങളുമായി ശാന്തമായി മുന്നോട്ടുപോകാന്‍ സാധിക്കും. ശത്രുവിനാകട്ടെ തന്റെ അവിവേകമോര്‍ത്ത് പശ്ചാത്താപം തോന്നാന്‍ അവസരമുണ്ടാകും. ക്രമേണ അവന്‍ മിത്രമാകാനും മതി. അല്ലാഹുവിന്റെ ഉപദേശം സ്വീകരിച്ചാലുണ്ടാകുന്ന സദ്ഫലത്തിന്റെ ചെറിയ ഉദാഹരണമാണിത്.

'നിങ്ങള്‍ ക്ഷമിക്കുക, നിശ്ചയം അല്ലാഹു ക്ഷമാലുക്കള്‍ക്കൊപ്പമാണ്' എന്നത് മറ്റൊരു മുത്താണ്. മനുഷ്യനെ അന്ധനാക്കുന്ന വികാരമാണ് കോപം. കോപത്തിന് കണ്ണില്ല എന്നതിന്റെ ഉദാഹരണങ്ങള്‍ നിത്യേന നാം കാണുന്നു. കോപം എന്ന വികാരം ചില ഘട്ടങ്ങളില്‍ ആവശ്യമാണെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ ആപത്താണ്. കലഹവും കലാപവും കൊലയും അക്രമവുമെല്ലാം കോപത്തിന്റെ സന്താനങ്ങളാണ്. കോപം ഒരിക്കലും നന്മ കൊണ്ടുവന്നിട്ടില്ല. കോപത്തിനിരയായവര്‍ക്കു മാത്രമല്ല അത് നാശനഷ്ടങ്ങള്‍ വരുത്തുന്നത്. കോപം കോപിഷ്ഠനെയും തകര്‍ക്കുന്നു, മാനസികമായും ശാരീരികമായും. കോപത്തിന്റെ ഫലം അചിന്ത്യം. കുടുംബകലഹം മുതല്‍ ലോകയുദ്ധം വരെ കോപത്തിന്റെ ഫലമായുണ്ടാകാം.

പ്രയാസങ്ങളും പ്രതിബന്ധങ്ങളും സുഖവും ദുഃഖവും നോവും നിനവുകളും നിറഞ്ഞതാണ് ജീവിതം. പ്രയാസങ്ങളില്‍ പതറാതെ പ്രതിബന്ധങ്ങളെ മറികടക്കാന്‍ തയാറാകുന്നവര്‍ക്കു മാത്രമേ ലക്ഷ്യത്തിലെത്താനാകൂ. 'ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭ വാര്‍ത്തയറിയിക്കുക' എന്ന് ഖുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിപത്ത് വരുമ്പോള്‍ മനസ്സ് തകരാനല്ല കരുത്തോടെ ഇങ്ങനെ ആശ്വസിക്കാനാണ് അല്ലാഹു പറയുന്നത്: 'ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് തിരിച്ചുചെല്ലേണ്ടവരും.'

യാത്രയുടെ അനുഭൂതിയോടൊപ്പം ദുരിതങ്ങളും അനുഭവിച്ചിട്ടുള്ളവരായിരിക്കും ഏറെപ്പേരും. യാത്ര തുറന്നുതരുന്ന അത്ഭുതങ്ങള്‍ക്ക് അതിരില്ല. മറക്കാനാവാത്ത ദുഃഖാനുഭവങ്ങളും യാത്രയുടെ വളവിലും തിരിവിലും കാത്തിരിക്കുന്നുണ്ടാകും. അല്ലാഹുവിനെക്കുറിച്ചു മാത്രമുള്ള ചിന്തയില്‍ നന്മയുടെ പ്രതിരൂപമായി സഞ്ചരിക്കേണ്ടവനാണ് ഹജ്ജ് യാത്രികന്‍. എന്നാല്‍ യാത്രക്കിടയില്‍ വന്നുപെടുന്ന ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ സ്വന്തം നിലമറന്ന് പൊട്ടിത്തെറിക്കുകയും വഷളായി പെരുമാറുകയും ചെയ്യുന്ന ഹാജിമാരെക്കുറിച്ച് വായിക്കാറുണ്ട്. ഇവിടെയാണ്, ഹജ്ജിനെക്കുറിച്ച്  പരാമര്‍ശിക്കവെ ഖുര്‍ആന്റെ അര്‍ഥവത്തായ നിര്‍ദേശം പ്രസക്തമാകുന്നത്: 'നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രാവിഭവങ്ങളില്‍ ഏറ്റവും ഉത്തമം ദൈവഭക്തിയത്രെ'(2:197).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍