Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

തനിച്ച്, സ്വന്തം കാലില്‍

ഡോ. ജാസിമുല്‍ മുത്വവ്വ

പതിനൊന്നിനും പത്തൊമ്പതിനുമിടയില്‍ പ്രായമുള്ള കൗമാരപ്രായക്കാരായ ചില ആണ്‍മക്കളും പെണ്‍മക്കളും നിസ്സാര കാര്യങ്ങള്‍ക്ക് പോലും മാതാപിതാക്കളെ ആശ്രയിക്കുന്ന വിചിത്ര സ്വഭാവം എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ രീതി അവരുടെ വ്യക്തിത്വവും സ്വത്വബോധവും നശിപ്പിക്കും. അമിത സ്‌നേഹത്താലാവാം ഒരുവേള ഈ വിധം വളര്‍ത്തപ്പെടുന്നത്. മക്കള്‍ ഇളംപ്രായക്കാരായ പൈതങ്ങളും കുഞ്ഞുങ്ങളുമാണെന്ന ധാരണയോടെയാണ് ചില ഉമ്മമാര്‍ പെരുമാറിപ്പോരുന്നത്. കൗമാരക്കാരായ മിക്ക ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്നോട് പരാതിപ്പെട്ടത്, തങ്ങളുടെ ഉമ്മമാര്‍ ഇപ്പോഴും ആറ് വയസ്സുകാരാണ് ഞങ്ങളെന്ന വിചാരത്തോടെയാണ് പെരുമാറുന്നതും ഇടപെടുന്നതും എന്നാണ്. കുഞ്ഞുങ്ങള്‍ വളരുംതോറും പുതിയ പുതിയ നൈപുണികള്‍ കരസ്ഥമാക്കുന്നുവെന്നതാണ് വസ്തുത. മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ് അവരുടെ മോഹം. അല്ലാതിരുന്നാല്‍ ദാമ്പത്യജീവിതത്തില്‍ പോലും അവരെ ആശ്രയിക്കേണ്ടിവരുമെന്നും തങ്ങളുടെ ഓരോ കാര്യവും നോക്കിനടത്താനും തങ്ങളെ പരിചരിക്കാനും ആരെങ്കിലും വേണ്ടിവരുമെന്നും അവര്‍ക്ക് നന്നായറിയാം.

കൗമാരപ്രായത്തില്‍ മക്കളില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ട ചില ശീലങ്ങള്‍ സൂചിപ്പിക്കാം. വസ്ത്രധാരണം, പാചകം, ശരീര പരിചരണം, സാമൂഹിക ബന്ധങ്ങള്‍, സാമ്പത്തിക അച്ചടക്കം, അടുക്കും ചിട്ടയും, യാത്ര അങ്ങനെ ചിലത്.

വസ്ത്രത്തില്‍ തുടങ്ങാം. തനിക്കിണങ്ങുന്ന നിറം, വസ്ത്രത്തിന്റെയും പാദരക്ഷയുടെയും അളവ്, അവ എങ്ങനെ എപ്പോള്‍ വാങ്ങണം, വിനോദത്തിനും വ്യായാമത്തിനും യാത്രക്കും പറ്റുന്ന വസ്ത്രം, വിവാഹവേളകള്‍, മരണം, ഔദ്യോഗിക കൂടിക്കാഴ്ചകള്‍, പള്ളികളില്‍ ആരാധനക്ക് പോകുന്ന സമയം- അങ്ങനെ ഓരോ സന്ദര്‍ഭത്തിനും യോജിച്ച വസ്ത്രം അണിയാനുള്ള ഔചിത്യബോധം കുട്ടിയില്‍ ഉണ്ടാക്കണം. തങ്ങളുടെ വസ്ത്രം ഇസ്തിരിയിട്ട് വൃത്തിയായി അടുക്കോടും ചിട്ടയോടും സൂക്ഷിക്കാന്‍ പഠിപ്പിക്കണം.

ഇനി, പാചകം. പാചകം ചെയ്യാനുള്ള വിഭവങ്ങള്‍ വാങ്ങുന്നേടത്ത് തുടങ്ങണം നൈപുണി. പാചകത്തിനാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ എവിടെ എങ്ങനെ കിട്ടും, പാചക സാമഗ്രികള്‍ ഉപയോഗിക്കാനുള്ള കഴിവ്, ഓരോ ഉപകരണവും കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ഇവയെല്ലാം അറിഞ്ഞിരിക്കണം. ആരോഗ്യദായകമായ പോഷക പദാര്‍ഥങ്ങള്‍, അനാരോഗ്യം ക്ഷണിച്ചുവരുത്തുന്ന വസ്തുക്കള്‍ എല്ലാം തിരിച്ചറിഞ്ഞ് രുചികരവും ഹിതകരവുമായ ആഹാരം തയാറാക്കുന്ന രീതി പരിശീലിപ്പിക്കണം.

പ്രായത്തിന്റെ ഈ ഘട്ടത്തില്‍ ശരീര പരിചരണത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കല്‍ പ്രധാന കാര്യമാണ്. കുളി, ആര്‍ത്തവ വേളയിലെ ശുചീകരണം, മുറിവുകള്‍ വെച്ചുകെട്ടല്‍, ലളിതമായ ഫസ്റ്റ് എയ്ഡ് തുടങ്ങി നിസ്സാരമായി നാം ഗണിക്കുന്ന പലതും കൗമാരക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണ്.

സാമൂഹിക അവബോധം. ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ വാക്കുകളും വചനങ്ങളും ശീലിച്ച് ഉണ്ടായിവരേണ്ടതാണ്. സന്ദര്‍ഭങ്ങള്‍ പലതാവാം. വിവാഹം, അനുശോചനം, പ്രസവം, ആഘോഷം, ഉത്സവം, അതിഥി സ്വീകരണം, അവരോടുള്ള ഇടപെടലും സംസാരരീതിയും സ്വാഗതോക്തികളും, സംഭാഷണമധ്യേ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടിവുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, അതിഥികളോടുള്ള പെരുമാറ്റവും പരിചരണവും.

മതപരം. അംഗശുദ്ധി വരുത്തല്‍, നമസ്‌കാരം, ഓരോ കാര്യവും അല്ലാഹുവുമായി ബന്ധപ്പെടുത്തി പറയല്‍. ഉദാഹരണം, ഇന്‍ശാ അല്ലാഹ്, അലാ ബറകത്തില്ലാഹ്, അല്‍ഹംദു ലില്ലാഹ്, ബാറകല്ലാഹ്, ബി ഇദ്‌നില്ലാഹ്... പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള പ്രാര്‍ഥനകളും ദിക്‌റുകളും, വാഹനത്തില്‍ കയറുമ്പോഴും വീട്ടില്‍നിന്ന് പുറത്തുപോകുമ്പോഴും വീട്ടിലേക്ക് കയറുമ്പോഴുമുള്ള പ്രാര്‍ഥനകള്‍. ഭക്ഷണം കഴിക്കുമ്പോഴുള്ള ദിക്‌റുകള്‍, കഴിഞ്ഞാലുള്ള പ്രാര്‍ഥന. ഇങ്ങനെ ദൈനംദിന ജീവിതത്തിലെ ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, നിര്‍ബന്ധ നമസ്‌കാര ശേഷമുള്ള സുന്നത്തുകള്‍, ഉറങ്ങുന്നതിനു മുമ്പുള്ള പ്രാര്‍ഥന എല്ലാം ശീലിപ്പിക്കേണ്ടതാണ്.

യാത്രയിലുമുണ്ട് ഇങ്ങനെ ശീലിപ്പിക്കേണ്ട പല കാര്യങ്ങളും. കൗമാരപ്രായത്തില്‍ മാതാപിതാക്കള്‍ മക്കളില്‍ വളര്‍ത്തേണ്ട ചില നൈപുണികള്‍ സൂചിപ്പിച്ചു എന്നു മാത്രം. കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാവണം എന്നതാണ് മുഖ്യം. ഈ നിര്‍ദേശങ്ങള്‍ നിസ്സാരമായി തോന്നാം. കുട്ടികളുടെ വ്യക്തിത്വം വളര്‍ത്താനും അവരില്‍ ഉത്തരവാദിത്തബോധം ഉണ്ടാക്കാനും സഹായകമാണ് ഈ നിര്‍ദേശങ്ങള്‍. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍