Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

'ഐക്യത്തിന്റെ മുഖ്യശത്രുക്കള്‍ സാമ്രാജ്യത്വവും സയണിസവും'

ഡോ. മുഹമ്മദ് ഇമാറ/അല്‍ജസീറ

ഇരുനൂറോളം കൃതികളുടെ കര്‍ത്താവാണ് പ്രമുഖ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ ഡോ. മുഹമ്മദ് ഇമാറ. അബ്ദുല്‍ വഹാബ് മസീരിയെപ്പോലെ ഈ ഈജിപ്ഷ്യന്‍ ചിന്തകനും മാര്‍ക്‌സിസത്തിലൂടെ കടന്നുവന്ന് ഇസ്‌ലാമിക ചിന്തയുടെയും ദര്‍ശനത്തിന്റെയും കരുത്തുറ്റ വക്താവായി മാറുകയായിരുന്നു. ആഗോള മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തിനും രഞ്ജിപ്പിനും വേണ്ടി നിരന്തരം എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന ഇമാറയുമായി 'അശ്ശരീഅതു വല്‍ ഹയാത്ത്' എന്ന പരിപാടിയില്‍ അല്‍ജസീറ ചാനല്‍ നടത്തിയ അഭിമുഖം.

 

'നിങ്ങളുടെ ഈ സമൂഹം ഒരൊറ്റ സമൂഹമാണ്. ഞാന്‍ നിങ്ങളുടെ രക്ഷിതാവ്; നിങ്ങള്‍ എനിക്ക് വഴിപ്പെടണം' (അല്‍ അമ്പിയാഅ് 92) എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി മുസ്‌ലിം ആവാസ പ്രദേശങ്ങള്‍ ചെറിയ ചെറിയ നാടുകളായി ഛിദ്രിച്ചുകൊണ്ട് ഒറ്റ സമൂഹം എന്ന ഈ പരികല്‍പനയെ ചോദ്യം ചെയ്യുകയല്ലേ?

 

ആദ്യമായി ഒരു കാര്യം ഉണര്‍ത്തട്ടെ. ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യം എന്ന ആശയം ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ ഇന്നുവരെ ജനമനസ്സുകളില്‍ എന്നും സജീവമായി നിലനിന്നിട്ടുണ്ട്. ഛിദ്രിച്ചതും ശിഥിലമായതും ഭൂമിശാസ്ത്രപരമായ ഏകതയാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ ഏകത എന്നു പറഞ്ഞാല്‍, ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ചൈനയില്‍ വെച്ച് ഇസ്‌ലാമിന്റെ ആദര്‍ശവാക്യമായ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന് ഉരുവിടുന്ന ഒരു മുസ്‌ലിമിനെ നിങ്ങള്‍ കണ്ടെത്തുന്നു. ആ മനുഷ്യനോട് നിങ്ങള്‍ക്കുാവുന്ന ആദര്‍ശപരമായ അടുപ്പം, സാഹോദര്യം, അദ്ദേഹവും നിങ്ങളും ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍... ഇതൊക്കെയാണ് ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യം എന്ന് പറയുമ്പോള്‍ കാര്യമായും ഉദ്ദേശിക്കപ്പെടുന്നത്. ഈ ഐക്യബോധത്തെ തുരങ്കം വെക്കുന്നതാണ് എല്ലാ തരത്തിലുമുള്ള വിഭാഗീയത. ഇന്ന് കാണുന്ന തരത്തിലുള്ള വിഭാഗീയത ഇസ്‌ലാമിക ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതാണ്. ന്യൂനപക്ഷം (അഖല്ലിയ്യ) എന്ന പ്രയോഗം പോലും ഒരുതരം വിഭാഗീയതയെ കുറിക്കുന്നുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തിലൊരിക്കലും ഈയൊരു പ്രയോഗം ഉണ്ടായിരുന്നില്ല. 1798-ല്‍ നെപ്പോളിയന്‍ ബോണാപ്പാര്‍ട്ട് മഴ്‌സീലയില്‍നിന്ന് വന്ന് ഈജിപ്തിലെ അലക്‌സാണ്ട്രിയ കീഴടക്കിയപ്പോള്‍ പറഞ്ഞത്, ഈജിപ്തിലെയും സിറിയയിലെയും ഇരുപതിനായിരത്തോളം ന്യൂനപക്ഷാംഗങ്ങളെ റിക്രൂട്ട് ചെയ്ത്, അലക്‌സാണ്ടറുടെ മാതൃകയില്‍ താന്‍ പശ്ചിമേഷ്യയില്‍ ഒരു മഹാ സാമ്രാജ്യം സ്ഥാപിക്കുമെന്നാണ്. അന്നു മുതല്‍ ഇവിടെ സാമ്രാജ്യത്വം 'ന്യൂനപക്ഷം കളി' തുടങ്ങിയിട്ടുണ്ട്. ഇതൊരു ഗൂഢാലോചനയൊന്നുമല്ല, തുറന്ന പ്രഖ്യാപനമാണ്. ഒരു ഉദാഹരണം നോക്കാം. ഫലസ്ത്വീന്‍ മണ്ണില്‍ സയണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നതിനു ശേഷം സയണിസത്തിന്റെ വക്താവും ഓറിയന്റലിസ്റ്റുമായ ബര്‍ണാഡ് ലൂയിസ് അമേരിക്കയിലെ പെന്റഗണ്‍ മാഗസിനില്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. പാകിസ്താന്‍ മുതല്‍ മൊറോക്കോ വരെയുള്ള രാജ്യങ്ങള്‍ വീണ്ടും വിഭജിക്കണമെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. വംശീയതയുടെയും മതകീയ ഭിന്നതയുടെയും അടിസ്ഥാനത്തില്‍ 32 രാഷ്ട്രങ്ങള്‍ കൂടി പുതുതായി ഉണ്ടാക്കണമത്രെ. ഇസ്രയേലിന്റെ സുരക്ഷിതത്വത്തിന് ഇത് അനിവാര്യമാണെന്നും അയാള്‍ പറഞ്ഞുവെക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ എണ്‍പതുകളില്‍ ലോക സയണിസം ബര്‍ണാഡ് ലൂയിസിന്റെ പ്ലാന്‍ പ്രകാരമുള്ള ശിഥിലീകരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇറാഖില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ ബര്‍ണാഡ് ലൂയിസ് പദ്ധതിയുടെ ഭാഗമായിട്ടു വേണം മനസ്സിലാക്കാന്‍. ഈജിപ്തിലും സിറിയയിലും സുഊദിയിലുമെല്ലാം ഇതനുസരിച്ചുള്ള ശിഥിലീകരണ പ്രക്രിയകള്‍ അരങ്ങേറുന്നുണ്ട്. 1981-ല്‍ ഏരിയല്‍ ഷാരോണ്‍ ഈ വിഷയത്തില്‍ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. 1992-ല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്രയേലില്‍ ചേര്‍ന്ന ഒരു സമ്മേളനത്തിലേക്ക് പശ്ചിമേഷ്യയിലെ വിവിധ ഗ്രൂപ്പുകള്‍ ക്ഷണിക്കപ്പെടുന്നുണ്ട്. പശ്ചിമേഷ്യയിലെ ന്യൂനപക്ഷ ഗ്രൂപ്പുകളെ, ഇസ്‌ലാമിനെയും അറബ് ദേശീയതയെയും നേരിടാനുള്ള ഒരു മുന്നണിയാക്കി മാറ്റുക എന്നതായിരുന്നു സമ്മേളന തീരുമാനം.

 

ഈയടുത്ത കാലത്തുണ്ടായ അറബ് വസന്ത പ്രക്ഷോഭങ്ങള്‍ ഒറ്റ സമൂഹം എന്ന ആശയത്തെ ഗുണപരമായി വികസിപ്പിച്ചിട്ടുണ്ടോ?

അറബ് പ്രക്ഷോഭങ്ങള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യം തന്നെയാണ് വിളംബരം ചെയ്തത്. ഐക്യം എന്ന ആശയം സമൂഹ മനസ്സില്‍നിന്ന് ഒരിക്കലും കുടിയൊഴിഞ്ഞുപോകുന്നില്ല എന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. സമൂഹത്തെ കൊച്ചു കൊച്ചു ദേശരാഷ്ട്രങ്ങളായി ശിഥിലീകരിക്കുകയും എന്നിട്ട് അവക്കിടയില്‍ വന്‍മതിലുകള്‍ പണിതുയര്‍ത്തുകയും ചെയ്യുന്ന ഏകാധിപത്യത്തിന്റെയും പാശ്ചാത്യ വിധേയത്വത്തിന്റെയും ഘടനകള്‍ക്കെതിരെയുള്ള കലാപമായിരുന്നു അത്. ഈജിപ്തിലും ലിബിയയിലും തുനീഷ്യയിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലംപൊത്തിയപ്പോള്‍ ആ രാഷ്ട്രങ്ങളും മറ്റു അയല്‍ രാഷ്ട്രങ്ങളും തമ്മില്‍ പുതിയൊരു തുറസ്സ് ഉണ്ടായി വന്നതിന് നമ്മളൊക്കെ സാക്ഷികളാണല്ലോ. മുഹമ്മദ് മുര്‍സി ഈജിപ്ഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുണ്ടായ ചില നീക്കങ്ങള്‍ ഐക്യത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടുന്നതായിരുന്നു. അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ ആ സന്ദര്‍ഭത്തില്‍ കയ്‌റോ സന്ദര്‍ശിച്ചപ്പോള്‍ എന്താണ് പറഞ്ഞത്? ഈജിപ്തിലെ ഭരണമാറ്റം, ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിനു ശേഷമുള്ള ഏറ്റവും വലിയ സംഭവമാണെന്ന്.

ജനുവരി വിപ്ലവം തൂത്തെറിഞ്ഞ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെക്കുറിച്ച് ഇസ്രയേലികള്‍ പറഞ്ഞതും ഇവിടെ ഓര്‍ക്കാം. ഇസ്രയേലിന്റെ സുരക്ഷക്ക് മുബാറക് ഒരു അക്ഷയഖനി തന്നെയായിരുന്നു എന്നാണവര്‍ പറഞ്ഞത്. സിറിയന്‍ വിപ്ലവത്തെക്കുറിച്ച് സയണിസ്റ്റുകള്‍ പറഞ്ഞതോ? അവര്‍ പറഞ്ഞത് ഇതാണ്: ബശ്ശാര്‍ ഗവണ്‍മെന്റ് നിലംപതിച്ചാല്‍ പിന്നെ ഉണ്ടാവുക ഒരു ഇസ്‌ലാമിക തടാകമാണ്, അതില്‍ ഇസ്രയേല്‍ മുങ്ങിച്ചാവും! ഞാന്‍ പറയുന്നത്, അറബ് ലോകത്തെ കഷ്ണങ്ങളാക്കി മാറ്റിനിര്‍ത്തിയിരുന്ന മതിലുകളെയും അതിരുകളെയും ബന്ധനങ്ങളെയും മുറിച്ചുകടക്കാന്‍ അറബ് വസന്തത്തിന് കഴിഞ്ഞിരുന്നു എന്നാണ്. ബര്‍ണാഡ് ലൂയിസിന്റെ നവ വിഭജന പദ്ധതിക്ക് വലിയൊരു തിരിച്ചടി കൂടിയായിരുന്നു അത്.

 

സിറിയയിലും ലബനാനിലും വംശീയ സംഘര്‍ഷങ്ങള്‍ പല നിലയില്‍ മൂര്‍ഛിക്കുകയാണല്ലോ, പ്രത്യേകിച്ച് ഇറാഖ് അധിനിവേശാനന്തരം. ഈ സംഭവ വികാസങ്ങളെ എങ്ങനെ കാണുന്നു?

മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തില്‍ വളരെക്കാലം ജീവിച്ചത് 'ന്യൂനപക്ഷങ്ങള്‍' എന്ന സംജ്ഞ അറിയാതെയാണ്. ആ ദീര്‍ഘ ചരിത്രത്തില്‍ ഉടനീളം മുസ്‌ലിംകള്‍ തങ്ങളെ സ്വയം മനസ്സിലാക്കിയത് വൈവിധ്യം (തനവ്വുഅ്) ഉള്ള സമൂഹമായിട്ടാണ്. ബഹുത്വവും വൈവിധ്യവും ദൈവത്തിന്റെ തന്നെ നടപടിക്രമമാണല്ലോ. ഇസ്‌ലാം എന്നാല്‍ വിശ്വാസവും നിയമവ്യവസ്ഥയും നാഗരികതയുമാണ്. ഇസ്‌ലാമിക വിശ്വാസം (അഖീദ) എന്നുള്ളത് മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായതാണ്. ക്രിസ്ത്യാനികളുടെ വിശ്വാസം അവര്‍ക്ക് മാത്രമായതുപോലെ. എന്നാല്‍ ഇസ്‌ലാമിക നാഗരികത എന്ന് പറയുന്നത്, മത -വംശീയ ഭിന്നതകള്‍ക്കും വൈജാത്യങ്ങള്‍ക്കും അതീതമായി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും കോര്‍ത്തിണക്കുന്ന കണ്ണിയാണ്. കാരണം ഈ വൈവിധ്യവും വൈജാത്യവും, നേരത്തേ പറഞ്ഞപോലെ, ദൈവിക നടപടിക്രമത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക സംസ്‌കൃതിയില്‍ അവര്‍ ന്യൂനപക്ഷങ്ങളല്ല, വൈവിധ്യം പുലര്‍ത്തുന്നവര്‍ മാത്രമാണ്. ഇത്തരം വൈവിധ്യങ്ങളുടെ വക്താക്കള്‍ ഇസ്‌ലാമിക നാഗരികതക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന കാര്യവും നാം വിസ്മരിക്കരുത്. പക്ഷേ, സാമ്രാജ്യത്വത്തിന് ഈ സമൂഹത്തിന്റെ കെട്ടുറപ്പ് തകര്‍ക്കണം. അതിനാണവര്‍ ഈ സമൂഹത്തെ പല വിഭാഗങ്ങളാക്കി വിഭജിച്ചുനിര്‍ത്തുന്നത്. അവര്‍ തമ്മില്‍ പോരടിച്ചുകൊണ്ടേയിരിക്കണം. പോരടിക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു നാഗരിക ദൗത്യവും ഏറ്റെടുക്കാനുള്ള ശേഷി ഉണ്ടാവില്ല. സാമ്രാജ്യത്വത്തിന്റെയും അവരുടെ ചിന്താപരമായ കടന്നാക്രമണത്തിന്റെയും കുരുക്കുകളും ബന്ധനങ്ങളും അറുത്തുമാറ്റിക്കൊണ്ടേ സാംസ്‌കാരികവും ചിന്താപരവുമായ ഐക്യം സാധ്യമാകൂ. ചരിത്രത്തിലുടനീളം ഇസ്‌ലാമിക സമൂഹം നിലനിര്‍ത്തിയ ഈ ഐക്യത്തിന്റെ സ്ഥാനത്ത് ഛിദ്രത പ്രതിഷ്ഠിക്കുകയാണ് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഒരു ഉദാഹരണം പറയാം. ഈജിപ്ത് ഫാത്വിമികളിലെ തീവ്ര ഇസ്മാഈലീ ശീഈ വിഭാഗം ഭരിച്ചിരുന്ന കാലം. രാഷ്ട്രഭരണം ശീഈകള്‍ക്കാണെങ്കിലും ജനത ബഹുഭൂരിപക്ഷവും സുന്നികളാണ്. ഇത് രാഷ്ട്ര ശരീരത്തെ അത്യന്തം ദുര്‍ബലപ്പെടുത്തി. ഈ ഘട്ടത്തിലാണ് 1099-ല്‍ കുരിശ്പട ഖുദ്‌സ് കൈവശപ്പെടുത്തുന്നത്. സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടമായിരുന്നെങ്കില്‍ സാമ്രാജ്യത്തിനെതിരെ ശക്തമായി നിലയുറപ്പിക്കാന്‍ അതിന് കഴിയുമായിരുന്നു. ഇതുതന്നെയല്ലേ ഇപ്പോള്‍ സിറിയയില്‍ സംഭവിക്കുന്നത്! ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ ഭരണകൂടമാണ് സിറിയ ഭരിക്കുന്നത്. ഇറാഖിലും സ്ഥിതി വ്യത്യസ്തമല്ല. ഈ ദൗര്‍ബല്യം മുതലെടുത്താണ് സാമ്രാജ്യത്വം പിടിമുറുക്കുന്നത്. ഇറാഖില്‍ അധിനിവേശ ശക്തിയോട് സന്ധി ചെയ്യുന്നത് ആരാണെന്ന് നാം കാണുന്നുണ്ടല്ലോ.

 

സ്വാതന്ത്ര്യത്തിനും അഭിമാന സംരക്ഷണത്തിനും വേണ്ടി സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാന്‍ അവിടത്തെ ഭരണകൂടത്തിന് അന്താരാഷ്ട്ര ശക്തികള്‍ സംരക്ഷണമൊരുക്കുന്നുണ്ട് എന്നാണോ പറയുന്നത്?

തീര്‍ച്ചയായും. നോക്കൂ, ഇപ്പോഴുള്ള ഭരണകൂടമാണ് ജൂലാന്‍ കുന്നുകള്‍ വിട്ടുകൊടുത്തത്. സിറിയ-ഇസ്രയേല്‍ അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പുനല്‍കിയത്. ഈ ഭരണകൂടം സുരക്ഷിതമായാല്‍ ഇസ്രയേല്‍ സുരക്ഷിതമായി എന്നു പറഞ്ഞത് ബശ്ശാറുല്‍ അസദിനോട് ഏറെ അടുപ്പമുള്ള ഒരു പ്രമുഖ ബിസിനസ്സുകാരനാണ്. ഇറാഖില്‍ വിഭാഗീയത കത്തിച്ചു നിര്‍ത്താന്‍ ഫണ്ട് നല്‍കുന്നത് ഈ ഭരണകൂടമാണ്. ഈ അലവി ന്യൂനപക്ഷ ഭരണകൂടം തന്നെയാണ് സിറിയന്‍ ജനതയുടെ ഐക്യം തകര്‍ക്കാന്‍ ഇറാനിലെ വിപ്ലവ ഗാര്‍ഡുകളെയും ഇറാഖിലെ മഹ്ദി സേനയെയും ഹിസ്ബുല്ലയെയുമൊക്കെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുന്നത്. സിറിയന്‍ പ്രതിസന്ധി പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ആ രാഷ്ട്രത്തെ ആന്തരികമായി തകര്‍ത്ത് ദുര്‍ബലപ്പെടുത്താന്‍ തന്നെയാണ്. ഇനി ബശ്ശാര്‍ ഭരണകൂടം വീണാല്‍ തന്നെ, ആഭ്യന്തര യുദ്ധം ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവുകള്‍ ഉണങ്ങാന്‍ വര്‍ഷങ്ങളെടുക്കും. അത്രയും കാലം ഇസ്രയേലിന് സിറിയയില്‍നിന്ന് യാതൊന്നും പേടിക്കാനില്ല. ഈ അലവി ന്യൂനപക്ഷ ഭരണകൂടത്തെ സംരക്ഷിക്കുന്നത് പശ്ചിമേഷ്യയില്‍ പാശ്ചാത്യ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ഇസ്രയേലാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ, ഇത്തരം ന്യൂനപക്ഷങ്ങളെ ഇസ്‌ലാമിനെതിരെ ഒപ്പം നിര്‍ത്താന്‍ 1992-ലെ സമ്മേളനത്തില്‍ വെച്ച് അവര്‍ തീരുമാനിച്ചതുമാണല്ലോ.

സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചാണ് നാം പറഞ്ഞുവന്നത്. ഇസ്‌ലാം ഐക്യപ്പെടുത്തുകയാണ്, അകറ്റിനിര്‍ത്തുകയല്ല എന്ന് എങ്ങനെയാണ് നമുക്ക് പറയാനാവുക?

മതങ്ങളിലും ദര്‍ശനങ്ങളിലുമെല്ലാം വൈവിധ്യത്തിനും ബഹുത്വത്തിനും നിയമസാധുത നല്‍കിയിട്ടുണ്ട് ഇസ്‌ലാം. ചരിത്രം പരിശോധിച്ചാല്‍, ഇസ്‌ലാമിക നിയമവ്യവസ്ഥ പ്രയോഗവത്കരിക്കപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം മതങ്ങള്‍ക്ക് മാത്രമല്ല ഭൗതിക പ്രസ്ഥാനങ്ങള്‍ക്കു വരെ മതിയായ ഇടം അനുവദിച്ചിരുന്നു. ഈ ഇസ്‌ലാമിക സംസ്‌കൃതിയുടെ തണലിലാണ് വിവിധ മതവിഭാഗങ്ങളിലെ ജ്ഞാനികള്‍ വിശ്വോത്തര കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയത്. കാരണം വൈവിധ്യം ദൈവനിശ്ചയമാണെന്ന ബോധ്യം ഇസ്‌ലാമിന്റെ വക്താക്കള്‍ക്ക് ഉണ്ടായിരുന്നു. അത് കേവലം ഒരു മനുഷ്യാവകാശ പ്രശ്‌നമായി കാണുകയല്ല ചെയ്തിട്ടുള്ളത്. വിവിധ ജനവിഭാഗങ്ങള്‍ ഒത്തൊരുമിച്ച് ജീവിക്കാനുള്ള വിശാലമായ പ്ലാറ്റ്‌ഫോം ഒരുക്കുകയായിരുന്നു ഇസ്‌ലാം.

നാം അഭിമാനപൂര്‍വം ഓര്‍മിക്കുന്ന മധ്യകാലത്തെയും മറ്റും ഇസ്‌ലാമിക നാഗരികത ഈ ജനവിഭാഗങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്ന് നിര്‍മിച്ചെടുത്തതാണ്. നാഗരികതയെയും സംസ്‌കാരത്തെയും ജനങ്ങളെയുമെല്ലാം ഒന്നിപ്പിക്കുന്ന ഘടകമായിട്ടാണ് ഇസ്‌ലാം വര്‍ത്തിച്ചിട്ടുള്ളത്. ഏതു മതം സ്വീകരിക്കണമെന്നത് ജനങ്ങളുടെ ഇഷ്ടത്തിന് വിടുകയാണ് ചെയ്തിട്ടുള്ളത്. അപ്പോള്‍ ഇസ്‌ലാമിന്റെ പൊതു ആവിഷ്‌കാരം എന്ന് പറയുന്നത് മത, വംശ, ഭാഷാ ഭിന്നതകള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന ഒന്നായിരുന്നു.

 

ഈ തരത്തില്‍ ബഹുത്വത്തെയും വൈവിധ്യത്തെയും ചേര്‍ത്തുനിര്‍ത്തലും ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യവും എങ്ങനെയാണ് ഒത്തുപോവുക?

ഒത്തുപോകും. യാതൊരു വൈരുധ്യവും അവിടെയില്ല. വൈവിധ്യത്തെയും ബഹുത്വത്തെയും അംഗീകരിക്കുകയെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനമായി സ്വീകരിച്ചുകഴിഞ്ഞാല്‍, ഓരോ കാലത്തെയും രാഷ്ട്രീയം (സിയാസ ശറഇയ്യ) അതിനനുസരിച്ചാണല്ലോ രൂപപ്പെടുക. ആദം മിത്‌സ് (1869-1917) എന്ന ജര്‍മന്‍ ഓറിയന്റലിസ്റ്റ് എഴുതുന്നത്, വിശാലമായ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഭരണനിര്‍വഹണം നടത്തിയിരുന്നത് ക്രിസ്ത്യാനികളായിരുന്നു എന്നാണ്. ബ്യൂറോക്രസിയും ധനകാര്യവുമൊക്കെ അവരാണ് കൈകാര്യം ചെയ്തിരുന്നത് എന്നര്‍ഥം. അപ്പോള്‍ ഇന്ന് നാം ന്യൂനപക്ഷം എന്ന് വിശേഷിപ്പിക്കുന്ന ഈ വിഭാഗങ്ങള്‍ക്കെല്ലാം വലിയ അവസരങ്ങള്‍ തുറന്നുകൊടുക്കുകയാണ് ചരിത്രത്തിലുടനീളം ഇസ്‌ലാം ചെയ്തിട്ടുള്ളത്. ഈജിപ്തിന്റെ ചരിത്രം പരിശോധിച്ചുനോക്കൂ. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ഈജിപ്തിലെത്തുമ്പോള്‍ അവിടത്തെ ക്രൈസ്തവ സമൂഹം ഒറ്റപ്പെട്ടും ഉപരോധിക്കപ്പെട്ടും കഴിഞ്ഞുകൂടുകയായിരുന്നു. പാത്രിയാര്‍ക്കിസ് ബെന്‍യാമിന് ഭരണം നടത്തുന്ന റോമക്കാരുടെ പീഡനം സഹിക്കവയ്യാതെ പതിമൂന്ന് വര്‍ഷം മുമ്പ് നാടുവിട്ടുപോകേണ്ടിവന്നു. ഈ ക്രൈസ്തവ മതാധ്യക്ഷനെ ഈജിപ്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും മതകീയ ചുമതലകള്‍ നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയതും ഇസ്‌ലാമാണ്. ജനങ്ങളുടെ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും അത് ഇടപെടുകയുണ്ടായില്ല. യഅ്ഖൂബ് ഹനാ വഫീല എന്നൊരു കോപ്റ്റിക് എഴുത്തുകാരന്‍ 'കോപ്റ്റിക് സമൂഹത്തിന്റെ ചരിത്രം' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നത്, കോപ്റ്റുകളെ അവരുടെ ചരിത്രത്തില്‍ ആദ്യമായി ഈജിപ്തിന്റെ ഭരണത്തില്‍ പങ്കാളികളാക്കിയത് അംറുബ്‌നുല്‍ ആസ്വ് ആയിരുന്നു എന്നാണ്. ക്രിസ്തു വര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം ഈജിപ്തില്‍ പ്രചരിച്ചിരുന്നു എന്നോര്‍ക്കണം. ഇസ്‌ലാം വരുന്നത് ഏഴാം നൂറ്റാണ്ടിലാണ്. അതുവരെ ഭരണത്തില്‍ യാതൊരുവിധ പ്രാതിനിധ്യവുമില്ലാത്തവരായിരുന്നു ഖിബ്ത്വികള്‍. അവരില്‍നിന്ന് വിദഗ്ധരായ ബ്യൂറോക്രാറ്റുകളെയും ന്യായാധിപന്മാരെയും വളര്‍ത്തിക്കൊണ്ടു വന്നത് ഇസ്‌ലാമിക സംസ്‌കൃതിയാണ്. ഇസ്‌ലാമിന് മാത്രമാണ് അപരനെ അംഗീകരിക്കാനും അവന്റെ വിശുദ്ധ ഗേഹങ്ങളെ പവിത്രമായി കാണാനും സാധിക്കുന്നതും. 'മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതെന്തും മറ്റു മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്' എന്ന് മദീനാ ഭരണഘടനയില്‍ പ്രവാചകന്‍ വളരെ വ്യക്തമായി എഴുതിവെച്ചതാണല്ലോ. ഐക്യം എന്ന് പറയുമ്പോള്‍ ഇങ്ങനെയൊരു വിശാല പരിപ്രേക്ഷ്യത്തില്‍ തന്നെയാണ് ഇസ്‌ലാം അതിനെ കാണുന്നത്.

 

ഇത്തരം സ്വത്വങ്ങളെ വിശാലമായ പരിപ്രേക്ഷ്യത്തില്‍ കാണുമ്പോഴും വിഭാഗീയത എന്നത് ഒരു യാഥാര്‍ഥ്യമാണല്ലോ?

അങ്ങനെയൊരു വിഭാഗം/ കൂട്ടം ഉണ്ടാവുക എന്നത് തികച്ചും സ്വാഭാവികമാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുണ്ടാവുക എന്നത് തികച്ചും സ്വാഭാവികം. കുര്‍ദുകളെ നോക്കൂ. അവര്‍ ഇസ്‌ലാമിക സമൂഹത്തിലെ വംശീയ ന്യൂനപക്ഷമായി വിശേഷിപ്പിക്കപ്പെടാറുണ്ട്. അതുപോലെത്തന്നെയാണ് മൊറോക്കോയിലെയും മറ്റും അമാസിഗകള്‍. അതുപോലെ ശീഈ ന്യൂനപക്ഷങ്ങള്‍. ഇതിലൊന്നും യാതൊരു അസ്വാഭാവികതയുമില്ല. പക്ഷേ, ഈ വിഭാഗങ്ങളില്‍ വിഭാഗീയ വികാരം കുത്തിവെച്ച് അവരെ ഇളക്കിവിടുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഇത്തരം വിഭാഗങ്ങള്‍ നിലനില്‍ക്കുന്നു എന്നതല്ല, സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി അവരെ ചൂഷണം ചെയ്യുന്നു എന്നതാണ് പ്രശ്‌നം. ഇറാഖിലും മറ്റും നാമത് കണ്ടുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളെ ഇളക്കിവിട്ടും അവര്‍ക്ക് സര്‍വ പിന്തുണ നല്‍കിയും ഭൂരിപക്ഷത്തിനു മേല്‍ അധികാരം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഐക്യവികാരത്തെ തുരങ്കം വെക്കുന്നു. സമൂഹത്തിന്റെ യഥാര്‍ഥ ഐക്യം എന്നു പറയുന്നത്, ഒരു ശീഈക്ക്, ഒരു അമാസിഗ വിഭാഗക്കാരന്, അല്ലെങ്കില്‍ ഒരു കോപ്റ്റിക്കിന് മൊറോക്കോ മുതല്‍ ഇസ്‌ലാമിക ലോകത്തിന്റെ അങ്ങേയറ്റം വരെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇടപഴകാനും ഇടപെടാനുമുള്ള സ്വാതന്ത്ര്യമാണ്. മുപ്പത്തിയഞ്ച് മില്യന്‍ ചതുരശ്ര കിലോമീറ്ററില്‍ വസിക്കുന്ന, എണ്ണമറ്റ പ്രകൃതി വിഭവങ്ങള്‍ സ്വന്തമായുള്ള ഒന്നര ബില്യനിലധികം വരുന്ന ഈ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും സംഘങ്ങളിലേക്കും മലര്‍ക്കെ വാതിലുകള്‍ തുറന്നിടുന്നതാവണം ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യ സങ്കല്‍പം.

 

കൈകാര്യ കര്‍തൃത്വത്തിന്റെ പരമാധികാരം ഒരു പ്രത്യേക വിഭാഗത്തിന്/ പുരോഹിതന്മാര്‍ക്ക് നല്‍കുന്ന ശീഈ സമ്പ്രദായം (വിലായതുല്‍ ഫഖീഹ്) ആണ് വിഭാഗീയതക്ക് ഇന്ധനം പകരുന്നത് എന്നും കൈകാര്യകര്‍തൃത്വം മുസ്‌ലിം സമൂഹത്തിലാണ് നിക്ഷിപ്തമാകേണ്ടത് (വിലായതുല്‍ ഉമ്മഃ) എന്നും ലബനാനിലെ ശീഈ പണ്ഡിത പ്രമുഖന്‍ മുഹമ്മദ് മഹ്ദി ശംസുദ്ദീന്‍ (1936-2001) നിരീക്ഷിച്ചിട്ടുണ്ടല്ലോ. എന്താണ് താങ്കളുടെ അഭിപ്രായം?

ഈ അഭിപ്രായം മുഖവിലക്കെടുക്കണമെന്നാണ് ശീഈ സുഹൃത്തുക്കളോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. വിലായതുല്‍ ഫഖീഹ് എന്ന അപകടത്തില്‍നിന്ന് രക്ഷപ്പെടാന്‍ അതേ വഴിയുള്ളൂ. വിലായതുല്‍ ഫഖീഹ് ഒരാളുടെ ദേശക്കൂറിനെയാണ് ഇല്ലാതാക്കിക്കളയുക. കാരണം ലബനാനില്‍ ജീവിക്കുന്ന ഒരു ശീഈ പൗരന് കൂറ്, ഇതുപ്രകാരം, ഇറാനിലെ വലിയ്യുല്‍ ഫഖീഹ്/പരമോന്നത ആത്മീയ നേതാവിനോടായിരിക്കും. ലബനാന്റെ ദേശീയ താല്‍പര്യങ്ങളല്ല അയാളുടെ പരിഗണനയില്‍ വരിക. ബഹ്‌റൈനിലെ ശീഈ പൗരനും ഇറാനിലെ വലിയ്യുല്‍ ഫഖീഹിലേക്കാവും നോക്കുക. ബഹ്‌റൈന്റെ ദേശീയ താല്‍പര്യങ്ങള്‍ അയാള്‍ക്ക് പ്രശ്‌നമാവില്ല. ഇങ്ങനെ വിവിധ നാടുകളില്‍ താമസിക്കുന്ന ശീഈ വിശ്വാസികള്‍ ഇറാനിലേക്ക് നോക്കുമ്പോള്‍, ദേശതാല്‍പര്യങ്ങള്‍ വഞ്ചിക്കപ്പെടുകയും സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ ഈ ആശയം, മഹ്ദി ശംസുദ്ദീന്‍ സൂചിപ്പിച്ചതുപോലെ, അനിവാര്യമായും പുനഃപരിശോധിക്കേണ്ട ഒന്നാണ്. അല്ലാഹുവിനുള്ള, പ്രവാചകനുള്ള അധികാരാവകാശങ്ങള്‍ ഇമാം എന്ന പേരില്‍ ഒരാള്‍ക്ക് വകവെച്ചുകൊടുക്കുകയാണ്. ഇസ്‌ലാമിലെ കൂടിയാലോചനാ സമ്പ്രദായ(ശൂറ)ത്തെ റദ്ദ് ചെയ്യുന്ന ഒന്നാണിത്. തെരഞ്ഞെടുപ്പുകളെയും ഇത് അപ്രസക്തമാക്കും. മധ്യകാല നൂറ്റാണ്ടുകളില്‍ ചര്‍ച്ചിനുണ്ടായിരുന്ന പൗരോഹിത്യ അപ്രമാദിത്വവുമായാണ് ഇതിന് സാദൃശ്യം. ഇസ്‌ലാമില്‍ ഭരണത്തിന് അടിത്തറയാകേണ്ട കൂടിയാലോചനാ സമ്പ്രദായം ഇവിടെ പാടേ നിരാകരിക്കപ്പെടുകയാണ്. ശീഈ സമൂഹത്തിലെ ചിന്തിക്കുന്നവര്‍ വിലായതുല്‍ ഫഖീഹിന് പകരം വിലായതുല്‍ ഉമ്മഃ എന്ന ആശയവുമായി മുന്നോട്ടുവരും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

മുഹമ്മദ് ഹസന്‍ അല്‍ അമീന്‍, ഹാനി ഫഹ്‌സ് തുടങ്ങിയ ശീഈ പ്രമുഖരും മാറിച്ചിന്തിക്കുന്നുണ്ട്. അവര്‍ സിറിയയില്‍ ബശ്ശാറുല്‍ അസദിനെതിരെയുള്ള സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പരസ്യമായി പിന്തുണക്കുന്നു. എന്തു വിലകൊടുത്തും ബശ്ശാറിനെ രക്ഷിക്കണം എന്നാണല്ലോ ഇറാനിലെ ആത്മീയ നേതൃത്വത്തിന്റെ നിലപാട്. ശീഈ സമൂഹം ഒറ്റപ്പെട്ട തുരുത്തായി സ്വയം മാറരുത് എന്നാണ് നാം ആഗ്രഹിക്കുന്നത്. ലോക മുസ്‌ലിംകളില്‍ 90 ശതമാനത്തിലധികം സുന്നികളാണ് എന്ന വസ്തുത അവര്‍ ഉള്‍ക്കൊള്ളണം. ശീഈ-സുന്നി വേര്‍തിരിവ് ഉണ്ടായിക്കൂടാത്തതാണ്. നേരത്തേ വിശദീകരിച്ച പോലെ, ഈ എല്ലാ അവാന്തര വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ് ഐക്യത്തെക്കുറിച്ച ഇസ്‌ലാമിക വിഭാവന. മധ്യ നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ എത്രയെത്ര മതയുദ്ധങ്ങളും മതവിചാരണകളുമാണ് നടന്നിട്ടുള്ളത് എന്നു നോക്കുക. വിവിധ യൂറോപ്യന്‍ ദേശങ്ങളുടെ മതവിശ്വാസങ്ങളും ഭാഷയും ദേശീയ സങ്കല്‍പങ്ങളുമൊക്കെ വ്യത്യസ്തമാണ്. എന്നിട്ടുമവര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ എന്ന ഘടനയില്‍ ഒന്നിച്ചുനില്‍ക്കാനാവുന്നു. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചാവട്ടെ, അവരുടെ ആഭിമുഖ്യവും സംസ്‌കാരവും നാഗരികതയുമെല്ലാം ഒന്നാണ്. യൂറോപ്യരേക്കാള്‍ ഒന്നിച്ചു നില്‍ക്കാന്‍ അവര്‍ക്കാണ് കഴിയുക. ഈയൊരു ഐക്യ സംസ്‌കാരം ഉള്‍ക്കൊണ്ടു മാത്രമേ വിഭാഗീയ രാഷ്ട്രീയത്തെ നമുക്ക് ചെറുക്കാനാവൂ. വൈവിധ്യവും ഐക്യവും ഒരുപോലെ നിലനിര്‍ത്തി പത്ത് നൂറ്റാണ്ടിലധികം ഉയര്‍ന്ന മാതൃക കാഴ്ചവെക്കാന്‍ ഈ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്.

 

എന്റെ സമൂഹം എഴുപതിലധികം വിഭാഗങ്ങളായി ഭിന്നിക്കും എന്ന് പ്രവാചകന്‍ തന്നെയല്ലേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്?

'മതത്തിലെയും മതമില്ലായ്മയിലെയും അതിരുകവച്ചിലുകള്‍' (ഗുലുവ്വുദ്ദീനി വല്ലാദീനി) എന്ന ലേഖന സമാഹാരത്തിലും 'ഇസ്‌ലാമിക ചിന്താധാരകള്‍' (തയ്യാറാതുല്‍ ഫിക്‌രില്‍ ഇസ്‌ലാമി) എന്ന പുസ്തകത്തിലും ഞാന്‍ ഈ ഹദീസിനെക്കുറിച്ച് ധാരാളമായി എഴുതിയിട്ടുണ്ട്. നിവേദക പരമ്പര നോക്കിയാലും, ആശയപരമായി (ദിറായ) നോക്കിയാലും നിരവധി പ്രശ്‌നങ്ങളുള്ള, നബിയിലേക്ക് ചേര്‍ത്തു പറയുന്ന ഒരു വചനമാണിത്. ജൂതന്മാരും ക്രൈസ്തവരും എഴുപത്തിരണ്ട് വിഭാഗമായി ഭിന്നിച്ചു എന്ന് ഈ വചനത്തില്‍ പറയുന്നുണ്ട്. കൃത്യമായി എഴുപത്തി രണ്ട് വിഭാഗങ്ങളായി ഭിന്നിച്ചുനിന്ന ഒരു ഘട്ടവും ഈ രണ്ട് മതങ്ങള്‍ക്കുമില്ല. അത്രയെണ്ണം വിഭാഗങ്ങള്‍ മുസ്‌ലിം സമുദായത്തിലുമുണ്ടാവുമെന്ന് പിന്നെ പറയുന്നു. അങ്ങനെയൊരു എണ്ണം ഒരു ഘട്ടത്തിലും മുസ്‌ലിം സമുദായത്തിലും ശരിയായി വരുന്നില്ല. അതിനാല്‍ ഐക്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ വചനത്തെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. ഭിന്നതയുടെ കാരണങ്ങള്‍ ഏതെങ്കിലും ഹദീസില്‍ പരതാതിരിക്കാനുള്ള വിവേകം നാം കാണിക്കുക. ഭിന്നതയുടെയും ശൈഥില്യത്തിന്റെയും വിത്തു പാകുന്നത് സാമ്രാജ്യത്വവും പെന്റഗണും ലോക സയണിസവുമാണെന്ന യാഥാര്‍ഥ്യം നാം മറക്കാതിരിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍