മലബാര്‍ സമരം ഹിന്ദുവിരുദ്ധമോ?
1921-ലെ മലബാര്‍ സമരം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയായിരുന്നുവെന്നും ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവമായിരുന്നുവെന്നും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (മാതൃഭൂമി 10-10-2017).
ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് കടകവിരുദ്ധമായ വര്‍ഗീയ-വിഭാഗീയ പ്രസ്താവനയാണ് കുമ്മനം നടത്തിയിരിക്കുന്നത്. മലബാര്‍ സമരത്തിലെ കാര്യങ്ങള്‍ നേരിട്ടറിയാവുന്ന കോഴിപ്പുറത്ത് മാധവ മേനോന്‍ അത് നടന്ന കാലത്ത് തന്നെ പ്രതികരിച്ചതിങ്ങനെ: ''1921-ലെ ലഹള നടന്ന കാലത്തും അതിന്റെ അടുത്ത കാലത്തും ലഹളപ്രദേശങ്ങളില്‍ പലയിടത്തും പ്രവര്‍ത്തിയെടുക്കുക കൂടി ചെയ്തിട്ടുള്ളതുകൊണ്ടും ആഗസ്റ്റ് 19-ന് കൊണ്ടോട്ടിക്കും അതിനു ശേഷം ഒരാഴ്ചക്കുള്ളില്‍ ആലി മുസ്‌ലിയാരെ കാണാന്‍ തിരൂരങ്ങാടിക്കും പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നതുകൊണ്ടും ഈ സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങളില്‍ പലതും എനിക്ക് നേരിട്ടറിയാന്‍ ഇടവന്നിട്ടുണ്ട്. മലബാര്‍ ലഹള വെറുമൊരു സാമുദായിക മാപ്പിള ലഹളയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചത് ഭയങ്കരമായ അനീതിയാണ്. യുദ്ധം ചെയ്തിരുന്നവര്‍ മാപ്പിളമാരായിരുന്നുവെന്ന് ന്യായമായി അവര്‍ക്ക് അഭിമാനിക്കാമെന്ന നിലയില്‍ മാത്രമേ മാപ്പിള ലഹള എന്ന പദം 1921-ലെ സംഭവത്തിന് ചരിത്രപരമായി ചേരുകയുള്ളൂ. മാപ്പിളമാര്‍ ഗവണ്‍മെന്റിനോട് ലഹളക്കൊരുങ്ങി, സമരം ചെയ്തു. ഒരു ഘട്ടം വരെ യാതൊരു സാമുദായികതയും മതഭ്രാന്തും ലഹളയിലുണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ ക്രമേണ ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നു. അങ്ങനെയുള്ള ദിക്കില്‍ ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നവരെ ലഹളക്കാരുടെ വിരോധികളായി അവര്‍ കരുതിയിട്ടുണ്ടെങ്കില്‍ അതിന് സാമുദായികമെന്നോ മതഭ്രാന്തെന്നോ അര്‍ഥമില്ല. രാജ്യത്ത് അരാജകത്വമുണ്ടാവുമ്പോള്‍ എല്ലാവിധ തെമ്മാടി കൂട്ടങ്ങളും സാമുദായിക മനഃസ്ഥിതിക്കാരും മതഭ്രാന്തന്മാരും ആ അവസരം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരു സമുദായത്തെ മുഴുവന്‍ ആക്ഷേപിക്കുന്നത് അന്യായമാണ്'' (ദ ഹിന്ദു മദ്രാസ് മുഖപ്രസംഗം 7-9-1921).
മാപ്പിള സമരം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷം ഉണ്ടായ മാതൃഭൂമി പത്രത്തില്‍ കെ. മാധവന്‍ എഴുതിയത്, ജന്മിമാര്‍ക്കു വേണ്ടി ബ്രിട്ടീഷ് പട്ടാളത്തിന് മുസ്‌ലിം ലഹളക്കാരെ കാണിച്ചുകൊടുത്ത മറ്റു കീഴാള ഹിന്ദുക്കളെ മുസ്‌ലിം ലഹളക്കാര്‍ കൊല്ലുകയുണ്ടായിട്ടുണ്ട് എന്നായിരുന്നു. മലബാര്‍ സമരപോരാളികള്‍, തങ്ങളെ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റിക്കൊടുത്തവര്‍ക്കെതിരെ തങ്ങളുടെ സമരായുധം തിരിച്ചു പിടിച്ചു. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന മുസ്‌ലിംകളെയും അവര്‍ വെറുതെ വിട്ടില്ല. മലബാര്‍ സമരം അക്ഷരാര്‍ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള മാപ്പിളമാരുടെ ധീരോദാത്ത പോരാട്ടമായിരുന്നു. 'നമ്മള്‍ പ്രസംഗിക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തപ്പോഴേക്കും ധീരരാണെന്നവകാശപ്പെടുന്നുവെങ്കില്‍, ബ്രിട്ടീഷ് പീരങ്കികള്‍ക്ക് മുന്നില്‍ മാറ് കാട്ടിക്കൊടുത്ത ഈ ചെറുപ്പക്കാരെ നാം എന്താണ് വിളിക്കേണ്ടത്?' എന്നായിരുന്നു മാപ്പിളപോരാളികളെക്കുറിച്ച് അക്കാലത്ത് കമ്യൂണിസ്റ്റ് ആചാര്യന്‍ സഖാവ് എ.കെ.ജി പ്രതികരിച്ചത്.
മലബാര്‍ സമരം ഹിന്ദുക്കള്‍ക്കെതിരെയുള്ള ജിഹാദി കൂട്ടക്കൊലയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുമ്മനത്തിന്റെ കുത്സിതാരോപണമാണ്, 'ഇ.എം.എസിന്റെ കുടുംബത്തിന് മലബാര്‍ കലാപക്കാരെ പേടിച്ച് കൊടുങ്ങല്ലൂരിലേക്ക് മാറിത്താമസിക്കേണ്ടിവന്നു' എന്നത്. മലബാര്‍ സമരം ഹിന്ദുക്കള്‍ക്കെതിരായ ലഹളയായിരുന്നുവെന്ന തല്‍പരകക്ഷികളുടെ ദുരാരോപണം ഇ.എം.എസ് ശക്തമായി ഖണ്ഡിക്കുന്നത് നോക്കൂ: ''മലബാര്‍ കലാപത്തെക്കുറിച്ച് എനിക്ക് കേട്ടറിവല്ല, അനുഭവിച്ചറിവുണ്ട്. എനിക്ക് 12 വയസ്സുള്ളപ്പോഴായിരുന്നു അത്. മാപ്പിളമാര്‍ ഇളകിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് രക്ഷയില്ല എന്നാണ് കേട്ടത്. ഞങ്ങളുടെ കുടുംബം നാടുവിട്ട് ആറ് മാസം മാറിത്താമസിച്ചു. തിരിച്ചുവന്നപ്പോള്‍ വീടിന് ഒന്നും പറ്റിയിരുന്നില്ല. ആരും കൊള്ളയടിച്ചില്ല. മാപ്പിള ലഹളയായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. കലാപകാലത്ത് നടക്കാന്‍ പാടില്ലാത്ത പലതും നടന്നു. ഞങ്ങളുടേതിനേക്കാള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പലേടത്തും ഹിന്ദുക്കള്‍ക്ക് അപകടം പറ്റിയില്ല. കോട്ടക്കലില്‍ പി.എസ് വാര്യരും കുടുംബവും സ്ഥലം വിടാതെ അവിടെ തന്നെ താമസിച്ചു. കുറേ പേര്‍ക്ക് അവിടെ അഭയം നല്‍കി. മലബാര്‍ കലാപം മാപ്പിള ലഹളയായി ചിത്രീകരിച്ചത് ബ്രിട്ടീഷുകാരാണ്'' (മലബാര്‍ കലാപത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഇ.എം.എസ്, മാധ്യമം നവംബര്‍ 21, 1996).
മലബാര്‍ കലാപത്തിന്റെ 'ഹിന്ദുവിരുദ്ധത' ചിത്രീകരിക്കപ്പെടുമ്പോള്‍, മലബാര്‍ സമര നായകനായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘവും ഹിന്ദുക്കളെ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയമാക്കി എന്ന ആരോപണം പൊന്തിവരാറുണ്ട്. എന്നാല്‍ ഈ നിര്‍ബന്ധ മതംമാറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ട ശക്തികള്‍, കലാപകാരികള്‍ക്കിടയില്‍ കലാപകാരികളായി നടിച്ച് നുഴഞ്ഞുകയറിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആളുകളും മഫ്തിയിലുള്ള റിസര്‍വ് പോലീസുകാരുമായിരുന്നുവെന്ന സത്യം പലര്‍ക്കും അറിഞ്ഞുകൂടാ. അനിഷേധ്യമായ ഈ യാഥാര്‍ഥ്യം, മലബാര്‍ സമര വീരനായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വാക്കുകളില്‍ ഇങ്ങനെ വായിക്കാം. ''മലബാറില്‍നിന്നുള്ള പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം, മലബാറില്‍ ഹിന്ദു-മുസ്‌ലിം ഐക്യം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ഹിന്ദുക്കളെ എന്റെ ആളുകള്‍ ബലമായി മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസത്യമാണെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു. അത്തരം മതപരിവര്‍ത്തനങ്ങള്‍ ചെയ്യിച്ചത് കലാപകാരികള്‍ക്കിടയില്‍ നുഴഞ്ഞുകയറി കലാപകാരികളായി നടിച്ച സര്‍ക്കാരിന്റെ ആളുകളും മഫ്തിയിലുള്ള റിസര്‍വ് പോലീസുകാരുമാണ്'' (ദ ഹിന്ദു 18-10-1921. 'മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍' എന്ന ശീര്‍ഷകത്തില്‍ എം.ടി അന്‍സാരി തയാറാക്കിയതും ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തില്‍നിന്നും ഉദ്ധരിച്ചത്, മാധ്യമം 23.2.2009). കുഞ്ഞഹമ്മദ് ഹാജിയുടെ നിലപാടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയതിങ്ങനെ: ''1921-ലെ മലബാര്‍ കലാപം സാമ്രാജ്യത്വവിരുദ്ധ കാര്‍ഷിക കലാപമായിരുന്നു. കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ളവര്‍ക്ക് ഹിന്ദുവിന് നേരെ അക്രമമുണ്ടാകരുതെന്ന കാര്യത്തില്‍ കര്‍ക്കശ നിലപാടുണ്ടായിരുന്നു'' (മാധ്യമം 23-2-2011).
വഴിതെറ്റിയ 'ദുരവസ്ഥ'
1922-ല്‍ കുമാരനാശാന്‍ എഴുതിയ 'ദുരവസ്ഥ' എന്ന പ്രസിദ്ധ കാവ്യത്തില്‍ ഹിന്ദു ജനങ്ങളെ കടന്നാക്രമിക്കുന്ന 'മുഹമ്മദരെ' കുറിച്ച് വര്‍ണിക്കുന്നുണ്ട്. ആശാന്റെ 'ദുരവസ്ഥ' നേരിട്ട അനുഭവമല്ല; കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിരചിതമായതാണെന്ന് ഇ.എം.എസ് നിരീക്ഷിച്ചിട്ടുണ്ട്. 'ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴും' ഏറനാട്ടിനെയാണ് ആശാന്‍ 'ദുരവസ്ഥ'യിലൂടെ പരിചയപ്പെടുത്തുന്നത്. 'അല്ലല്ലയെന്തെല്ലാം ചെയ്യുന്നു കശ്മലര്‍, നല്ലാര്‍ ജനങ്ങളെ കാണ്‍ക വയ്യേ, അമ്മമാരില്ലേ സഹോദരിമാരില്ലേ ഇമ്മൂര്‍ഖര്‍ക്കീശ്വരചിന്തയില്ലേ?' എന്നിങ്ങനെ തീക്ഷ്ണ വിമര്‍ശനങ്ങളാണ് 'ദുരവസ്ഥ'യിലൂടെ മാപ്പിളമാര്‍ക്കെതിരെ ആശാന്‍ നടത്തിയിരിക്കുന്നത്.
എന്നാല്‍ 'ദുരവസ്ഥ'യിലെ ഈ വരികള്‍ കേരളത്തില്‍ പലയിടത്തും പ്രചരിച്ച ചില കുപ്രചാരണങ്ങളുടെ ഫലമായി താന്‍ എഴുതിപ്പോയതാണെന്നും, ആയത് തിരുത്താന്‍ മറ്റൊരു കൃതി പ്രസിദ്ധീകരിക്കുമെന്നും ആശാന്‍ വ്യക്തമാക്കിയിരുന്നു. തദ്‌വിഷയകമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഇവിടെ ഉദ്ധരിക്കട്ടെ: ''ദുരവസ്ഥ'യിലെ ചില വരികള്‍ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ അങ്ങോളമിങ്ങോളം വേരോടിയ ചില കുപ്രചാരണങ്ങളുടെ ഫലമായുണ്ടായതെന്ന് ആശാന്‍ തന്നെ പിന്നീട് സമ്മതിച്ചിട്ടുള്ളതാണ്. 'ദുരവസ്ഥ' പ്രസിദ്ധീകൃതമായ ഉടന്‍, കെ.എം സീതി സാഹിബ് 'ഇതെന്തൊരവസ്ഥ?' എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതിയിരുന്നു. കൃതിയില്‍ വന്നുകൂടിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു വെച്ച് വക്കം മൗലവിയും കുമാരനാശാനും സീതി സാഹിബും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നു. ദുരവസ്ഥയിലെ പരാമര്‍ശങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കിയ കാര്യം ആശാന്‍ മനസ്സിലാക്കുകയും ഇത് തിരുത്താന്‍ ഉടന്‍ തന്നെ മറ്റൊരു കൃതി പ്രസിദ്ധീകരിക്കുമെന്ന് വക്കം മൗലവിക്കും സീതി സാഹിബിനും ഉറപ്പു കൊടുക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശാന്‍ ബോട്ടപകടത്തില്‍ മരിച്ചു. വികാരനിര്‍ഭരമായ ഇവരുടെ കൂടിക്കാഴ്ചയും ആശാന്റെ അകാല വേര്‍പാടും കെ.എം സീതി സാഹിബ്, അമ്പതുകളില്‍ എഴുതിയ നിരവധി ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിലൊന്ന് 'വക്കം മൗലവിയുടെ പ്രബന്ധങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 1999 ജനുവരി 10).
Comments