ഹാദിയയുടെ പൗരാവകാശത്തിന് യൗവന കേരളം ചുവടു വെച്ചപ്പോള്‍
കേരളം കൊണ്ടുനടക്കുന്ന പുരോഗമന നാട്യങ്ങള്‍ക്ക് മുന്നില്‍ നാട്ടിനിര്‍ത്തപ്പെട്ട ചോദ്യചിഹ്നമാണ് ഹാദിയ. ഒരു നാമം മാത്രമല്ല ഹാദിയ, മറിച്ച് ജനാധിപത്യ ഇന്ത്യയും മതേതര കേരളവും പുലര്‍ത്തുന്ന ആന്തരിക പ്രതിസന്ധികളെക്കുറിച്ച സൂചന കൂടിയാണ്. കേരളത്തിന്റെ പുരോഗമനമൂടികള്‍ പറിച്ചെറിയാന്‍ കഴിയുന്ന വിധത്തിലുള്ള ഒട്ടേറെ ചോദ്യങ്ങള്‍ ഹാദിയ ഉന്നയിക്കുന്നുണ്ട്. മതംമാറ്റം, വ്യക്തിസ്വാതന്ത്ര്യം, സ്ത്രീ വിമോചനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച സംവാദങ്ങള്‍ അതിന്റെ ഭാഗമായി വികസിച്ചുവരുന്നുമുണ്ട്. മതംമാറ്റവുമായി ബന്ധപ്പെട്ട് മതേതര കേരളത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിംഭീതിയാണ് അതിലൊന്നാമത്തേത്. ഏത് വ്യക്തിക്കും ഏത് മതത്തിലേക്കും എപ്പോള്‍ വേണമെങ്കിലും മാറാന്‍ കഴിയുന്ന മതംമാറ്റമാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സത്ത.
എന്നാല്‍, ഭരണഘടനാദത്തമായ ഈ അവകാശം ഉപയോഗപ്പെടുത്താന്‍ ഓരോ പൗരനും/പൗരക്കുമുള്ള വ്യക്തിസ്വാതന്ത്ര്യത്തോട് ഒട്ടും പുരോഗമനപരമായല്ല കേരളം പ്രതികരിക്കാറുള്ളത്. മതം മാറുന്നത് ഇസ്‌ലാമിലേക്കാണെങ്കില്‍ ആ വൈരുധ്യത്തിന്റെ അളവ് ഒന്നുകൂടി വര്‍ധിക്കുകയും ചെയ്യും. കേരളത്തിന്റെ ആഭ്യന്തരവകുപ്പും അതിന്റെ അന്വേഷണ ഏജന്‍സിയും നാടൊട്ടുക്കും മണംപിടിച്ച് നടന്നിട്ടും കണ്ടെത്താനാവാതെ പോയ ഒന്നാണ് ലൗ ജിഹാദ്. സംഘ്പരിവാറും അവരുടെ നാലാംകിട പ്രസിദ്ധീകരണങ്ങളും പടച്ചുണ്ടാക്കിയ ലൗ ജിഹാദിനെക്കുറിച്ച അപസര്‍പ്പക കഥകള്‍ക്ക് പക്ഷേ കേരളത്തില്‍ നല്ല വേരോട്ടമുണ്ടാകാന്‍ കാരണം മതംമാറ്റത്തെക്കുറിച്ച ഇസ്‌ലാംഭീതിയുടെ വളക്കൂറുള്ള മണ്ണ് നിലനില്‍ക്കുന്നതുകൊണ്ടുകൂടിയാണ്. സാകിര്‍ നായിക്, എം.എം അക്ബര്‍, വിസ്ഡം ഗ്രൂപ്പ് തുടങ്ങിയ മുസ്‌ലിം സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരായ ഭരണകൂട നടപടികളും ഫാഷിസ്റ്റുവല്‍ക്കരിക്കപ്പെട്ട ആള്‍ക്കൂട്ട ഇടപെടലുകളും മതംമാറ്റ ഭീതിയില്‍നിന്ന് ഉടലെടുത്തതായിരുന്നു. ഹാദിയയുടെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട സംഘ് പരിവാര്‍ ആക്രോശങ്ങളും അതിന് മുഴക്കം നല്‍കുന്ന വിധത്തിലുള്ള മതേതര കാപട്യക്കാരുടെ വായ്ത്താരികളും മേല്‍പറഞ്ഞ ഇസ്‌ലാംഭീതിയുടെ തന്നെ തുടര്‍ച്ചയായിരുന്നു. അഥവാ, മതംമാറ്റ വിഷയത്തില്‍ നമ്മുടെ പുരോഗമന കേരളത്തിനുണ്ടാകുന്ന പുളിച്ചുതികട്ടല്‍ മറനീക്കി പുറത്തുവന്ന സന്ദര്‍ഭം കൂടിയായിരുന്നു ഇത്.
ഇസ്‌ലാമിലെ കുടുംബ ജീവിതത്തിന്റെ തടവില്‍ കഴിയേണ്ടിവരുന്ന, മുസ്‌ലിം പുരുഷനാല്‍ നിയന്ത്രിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീയെക്കുറിച്ച് വാ തോരാതെ സംസാരിക്കാറുള്ള സ്ത്രീ വിമോചകരും സെക്യുലര്‍ ബുദ്ധിജീവികളും പക്ഷേ ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വേി സമര പുറപ്പാട് നടത്തിയില്ല. അശോകനെന്ന പിതാവും ഹാദിയയെന്ന പുത്രിയും തമ്മിലുള്ള ബന്ധത്തില്‍ പ്രായപൂര്‍ത്തിയായ, പക്വതയുള്ള, അതീവ വിദ്യാഭ്യാസ യോഗ്യതയുള്ള അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് യാതൊരു പരിഗണനയും നല്‍കിയില്ല. ഹാദിയയെന്നാല്‍ എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയാണെന്ന മട്ടിലായിരുന്നു നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും ലിബറല്‍ ഫെമിനിസ്റ്റുകളും വിഷയത്തെ സമീപിച്ചത്. അശോകനെന്ന പിതാവ് അനുഭവിക്കുന്ന അന്തഃസംഘര്‍ഷങ്ങളും ഏക മകള്‍ നഷ്ടപ്പെടുമെന്ന അദ്ദേഹത്തിന്റെ അനാവശ്യമായ മുന്‍വിധിയും സ്വാഭാവികമെന്നു കണ്ട് നമുക്ക് മാറ്റിവെക്കാം. എന്നാല്‍, ജനാധിപത്യ അവകാശവും വ്യക്തിസ്വാതന്ത്ര്യവും മുഖ്യ പരിഗണനയാക്കി നടപടി കൈക്കൊള്ളേണ്ട ഭരണകൂടവും കോടതിയും ഒരു പൗര എന്ന നിലയിലുള്ള ഹാദിയയുടെ അവകാശങ്ങളോട് ഒട്ടും നീതി കാട്ടിയില്ല.
പിതാവിന്റെ രക്ഷാധികാരത്തിലേക്ക് ഹാദിയയെ എറിഞ്ഞുകൊടുത്ത ഹൈക്കോടതി തീരുമാനത്തെ ഒരു പടി കൂടി മുന്നിലേക്ക് വന്ന് പ്രാവര്‍ത്തികമാക്കാനാണ് മതേതര ഗവണ്‍മെന്റ് എന്ന് വിളിപ്പേരുള്ള പിണറായി സര്‍ക്കാര്‍ തിടുക്കപ്പെട്ടത്. പോലീസിനകത്തെ കാവിവല്‍ക്കരണം പിണറായി ഗവണ്‍മെന്റിന്റെ കാലത്ത് അധികമായിപ്പോയോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഹാദിയയുടെ വീട്ടിനു മുമ്പിലെ പോലീസ് ഇടപെടലുകള്‍. ഹാദിയയെ സന്ദര്‍ശിക്കാന്‍ പുസ്തകങ്ങളും മധുര പലഹാരങ്ങളുമായി വീട്ടുപടിക്കലെത്തിയ സഹപാഠികളെയും സുഹൃത്തുക്കളെയും പോലീസ് തടയുക മാത്രമല്ല സംഘ്പരിവാര്‍ ഗുണ്ടകള്‍ക്ക് മുമ്പിലിട്ടു കൊടുക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ ഈ ചെറു സംഘത്തെ, സംഘ് പരിവാര്‍ കായികമായി ആക്രമിക്കുന്നത് നിഷ്‌ക്രിയരായി നോക്കിനിന്ന പിണറായി സര്‍ക്കാറിന്റെ പോലീസ് ശേഷം ചെയ്തത് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുക്കുകയാണ്. കേരള പോലീസിനെ ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ സംഘ് പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായി വിട്ടുനല്‍കുകയാണ് പിണറായി ഗവണ്‍മെന്റ് ചെയ്തത്. മോദി കാലത്ത് പോലും മതേതര ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഈ വീഴ്ചകളെക്കുറിച്ച് മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്തുമ്പോള്‍ സംഘ് പരിവാറിന് മരുന്നിട്ട് കൊടുക്കരുതെന്ന് മുസ്‌ലിം ന്യൂനപക്ഷത്തെ എഞ്ചുവടിവെച്ച് പഠിപ്പിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്.
ജനാധിപത്യ ഇന്ത്യയില്‍ ഹാദിയ അനുഭവിക്കുന്ന ഇത്തരം സാമൂഹിക വിവേചനങ്ങളുടെ പശ്ചാത്തലമാണ് ഈ വിഷയത്തിലിടപെടാന്‍ സോളിഡാരിറ്റിക്ക് പ്രേരണയായത്. ഹാദിയയുടെ മതംമാറ്റം സാമുദായികമായി കേരളം ഏറ്റെടുക്കുകയും സമുദായ സംഘടനകള്‍ അത്തരത്തില്‍ മുതലെടുപ്പ് നടത്തുകയും ചെയ്ത വേളയില്‍ അതിനെ ഒരു പൗരാവകാശ പ്രശ്‌നമായി മാറ്റിയെടുക്കാനാണ് സോളിഡാരിറ്റി പരിശ്രമിച്ചത്. 'ഹാദിയ: പൗരാവകാശങ്ങളുടെ നിലവിളി' എന്ന തലക്കെട്ടില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചാ സംഗമം അതിലെ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സച്ചിദാനന്ദന്‍, ബി. രാജീവന്‍, സി.പി ജോണ്‍, ഭാസുരേന്ദ്രബാബു, ജെ. ദേവിക, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങി രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ വ്യക്തിത്വങ്ങള്‍ ഇതില്‍ പങ്കുചേരുകയുണ്ടായി. കേവലം സാമുദായിക പ്രശ്‌നമായി കേരളം അഭിമുഖീകരിച്ച ഹാദിയ വിഷയത്തിന്റെ രാഷ്ട്രീയമായ ഗതി തിരിഞ്ഞത് ഇവിടം മുതലായിരുന്നു. കേരളം അഭിമുഖീകരിച്ച മുസ്‌ലിം, ദലിത് വിവേചനങ്ങളുടെ സന്ദര്‍ഭത്തില്‍ ദല്‍ഹിയിലിരുന്ന് കേരളത്തിന്റെ നാവായി മാറിയ സച്ചിദാനന്ദന്‍ തന്നെ വേണ്ടിവന്നു ഹാദിയ വിഷയത്തിലുള്ള നിശ്ശബ്ദ ഭീകരതയുടെ കെട്ട് പൊട്ടിക്കാന്‍. അതിന്റെ സംഘാടകരാകാന്‍ സാധിച്ചു എന്നതില്‍ സോളിഡാരിറ്റി അഭിമാനിക്കുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ തെല്ലും പരിഗണിക്കപ്പെടാത്ത മോദി ഭരണകാലത്ത് പൗരാവകാശങ്ങള്‍ക്കു വേണ്ടി പൗരന്മാര്‍ കാവലിരിക്കേണ്ടതുണ്ട് എന്ന സാമൂഹിക ജാഗ്രതയാണ് ഇത്തരം ഇടപെടലുകള്‍ക്ക് സോളിഡാരിക്ക് ഊര്‍ജം പകര്‍ന്നത്. ധീരോദാത്തമായ ഈ രാഷ്ട്രീയ ഇടപെടലുകളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഹാദിയയുടെ വീട്ടിലേക്ക് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന തീരുമാനമുണ്ടായത്. അന്നേ ദിവസം തന്നെ കേരളത്തിലെ പതിനാല് ജില്ലകളിലും കലക്ടറേറ്റ് പടിക്കലേക്ക് സോളിഡാരിറ്റിയുടെയും എസ്.ഐ.ഒവിന്റെയും ജി.ഐ.ഒവിന്റെയും നേതൃത്വത്തില്‍ ഹാദിയയുടെ പൗരവകാശത്തിനുവേണ്ടിയുള്ള പ്രതിഷേധ സമരങ്ങളും അരങ്ങേറി. കേരളത്തിലെ മനുഷ്യാവകാശ - സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളില്‍നിന്നുള്ള ഒട്ടേറെ ആക്ടിവിസ്റ്റുകള്‍ ഈ പ്രതിഷേധ സംഗമങ്ങളില്‍ പങ്കുചേര്‍ന്നു.
ചരിത്രപ്രധാനമായ വൈക്കം യാത്ര
വൈക്കത്തെ ഹാദിയയുടെ വീട്ടിലേക്ക് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവരുടെ നേതൃത്വത്തില്‍ വൈദ്യസംഘവും പൗരാവകാശ പ്രവര്‍ത്തകരും നടത്തിയ യാത്ര കേരളം കാത്തിരുന്ന യാത്രയായിരുന്നു. സംഘ് പരിവാറിന്റെ ഏജന്‍സിയായി സര്‍ക്കാര്‍ ചെലവില്‍ വൈക്കത്തെത്തിയ കേന്ദ്ര വനിതാ കമീഷന്‍ ഹാദിയയുടെ സുരക്ഷിതത്വത്തെക്കുറിച്ച് വാതോരാതെ വാചാലരാവുകയും കേരളത്തിലെ മാധ്യമങ്ങള്‍ അതപ്പടി അച്ചുനിരത്തുകയും ചെയ്തപ്പോള്‍ നേരറിയാന്‍ കാത്തിരിക്കുകയായിരുന്നു കേരളം. കേന്ദ്ര വനിതാ കമീഷന്‍ സംഘ് പരിവാറിനു വേണ്ടി പുറത്തുവിട്ട റിപ്പോര്‍ട്ടിന് തിരുത്തുണ്ടാവരുതെന്ന് പിണറായി സര്‍ക്കാറിന്റെയും ആവശ്യമാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഹാദിയയുടെ വീട്ടുപടിക്കലുണ്ടായ അനുഭവം. ഹാദിയ തടവിലായതിനു ശേഷം ഇന്നുവരെ സംഘ് പരിവാറിനുവേണ്ടി ഒത്താശ ചെയ്യുന്ന കേരള പോലീസില്‍നിന്ന് അതിനപ്പുറം പ്രതീക്ഷിക്കേണ്ടതുമില്ല. ഹാദിയയുടെ വീട്ടുപടിക്കലേക്ക് കേരളത്തിന്റെ സര്‍ഗാത്മക യൗവനവും വിദ്യാര്‍ഥി വിപ്ലവവും കടന്നുചെന്നപ്പോള്‍ അതിന് തടയിടാനെന്നവണ്ണം പോലീസിനൊപ്പം മുഖ്യധാരാ മാധ്യമങ്ങളുമുണ്ടായിരുന്നു. ജനം ടി.വിയും ജന്മഭൂമിയും കൗശലപൂര്‍വം മൗനം പാലിക്കുകയും അവര്‍ക്കു വേണ്ടി കേരളത്തിന്റെ മതേതര മാധ്യമങ്ങള്‍ തൊണ്ടകീറുകയും ചെയ്യുന്ന കാഴ്ചക്കാണ് ഞങ്ങള്‍ സാക്ഷികളായത്.
നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര വനിതാ കമീഷന്റെ സത്യസന്ധതയെക്കുറിച്ച് ഞങ്ങള്‍ക്ക് സ്റ്റഡി ക്ലാസ്സെടുക്കാനാണ് പോലീസും മാധ്യമങ്ങളും ശ്രമിച്ചത്. നവംബര്‍ 27-ന് സുപ്രീം കോടതി വിധി പറയുമെന്നിരിക്കെ പിന്നീടിവിടേക്ക് വരുന്നത് മുതലെടുപ്പ് നടത്താനല്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സംഘത്തിലുണ്ടായിരുന്ന അഡ്വ. പി.എ പൗരന്‍ നല്‍കിയ മറുപടി നവംബര്‍ 27 വരെ ഹാദിയ ജീവിച്ചിരിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ജനാധിപത്യ അവകാശങ്ങളുടെ ഭാഗമാണെന്നായിരുന്നു. അശോകനെന്ന പിതാവിന്റെ വീട്ടുപടിക്കല്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ വന്നത് വര്‍ഗീയത വളര്‍ത്താനല്ലേ എന്ന മറ്റൊരു ചോദ്യത്തിന് കെ.കെ കൊച്ച് നല്‍കിയ ഉത്തരം ഇത് കേവലം പിതാവും മകളും തമ്മിലുള്ള പ്രശ്‌നം മാത്രമല്ല എന്നതായിരുന്നു. കേരളത്തിലെ മറ്റനേകം പിതാക്കളുടെ വീട്ടുപടിക്കലേക്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും കടന്നുചെല്ലുന്നില്ല. കാരണം, ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു പൗരന്‍/പൗര എന്ന നിലയില്‍ ഹാദിയ അനുഭവിക്കുന്ന വിവേചനമാണ് യഥാര്‍ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ഹാദിയയുടെ വീട്ടിലേക്ക് രാഹുല്‍ ഈശ്വറിനും കുമ്മനം രാജശേഖരനും ചുകപ്പുപരവതാനി വിരിച്ച പിണറായിയുടെ പോലീസ് കേരളത്തിലെ ജനകീയരായ വൈദ്യസംഘത്തിനും പൗരാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ ചെക്ക് വിളിക്കുകയായിരുന്നു ചെയ്തത്. ഹാദിയ വിഷയത്തില്‍ സംഘ് പരിവാറിനും മതേതര ഇടതുപക്ഷത്തിനും പൊതുവായ താല്‍പര്യങ്ങളുണ്ടെന്ന വിമര്‍ശനങ്ങള്‍ ശരിവെക്കുന്നതായിരുന്നു വൈക്കത്തുണ്ടായ നടപടിക്രമങ്ങള്‍. സോളിഡാരിറ്റിയെ സംബന്ധിച്ചേടത്തോളം തീര്‍ച്ചയായും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നായിരുന്നു ഈ യാത്ര. സോളിഡാരിറ്റിയെന്ന ക്ഷുഭിതയൗവനത്തിന്റെ ഉറച്ച കാല്‍വെപ്പുകള്‍ സംഘ്പരിവാറിന്റെ അധികാര കൊത്തളങ്ങളില്‍ പോലും പ്രതിധ്വനികളുയര്‍ത്തി എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സോളിഡാരിറ്റിക്ക് ഒരു മുഴംമുന്നേ എറിയാന്‍ ഹാദിയ സന്ദര്‍ശനത്തിന് ഞങ്ങള്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ തലേന്നു തന്നെ മോദി ഭരണകൂടം ദേശീയ വനിതാ കമീഷനെ എഴുന്നള്ളിച്ചത് ഈ ചെറുപ്പത്തിന്റെ വീര്യവും പോരാട്ടവും തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. സോളിഡാരിറ്റി തൊടുത്തുവിട്ട വാക്കുകള്‍ അതിന്റെ ലക്ഷ്യത്തില്‍ തന്നെ തറച്ചിരിക്കുന്നു എന്നതിന് ഇതില്‍പരം മറ്റെന്ത് തെളിവുവേണം.
Comments