Prabodhanm Weekly

Pages

Search

2017 ജൂണ്‍ 02

3004

1438 റമദാന്‍ 07

മാലിന്യനിര്‍മാര്‍ജനം അവിടെയും ഇവിടെയും

റഹ്മാന്‍ മധുരക്കുഴി

കൊടും വേനലിന്റെ പൊരിയും ചൂടില്‍ ആശ്വാസമായും ജലക്ഷാമത്തിന് പരിഹാരമായും കാലവര്‍ഷം കടന്നുവരുമെന്ന പ്രതീക്ഷയും കടന്നുവരില്ലേ എന്ന ആശങ്കയും നമുക്കുണ്ട്.മഴയെക്കുറിച്ച്, അതിന്റെ മനോഹാരിതയെയും സൗന്ദര്യാനുഭൂതികളെയും സംബന്ധിച്ച് കലാ-സാഹിത്യത്തില്‍ നല്ല ആവിഷ്‌കാരങ്ങളുണ്ടായിട്ടുണ്ട്.

മീമഴ, കൊള്ളരുതീ മഴ, കൊള്ളാം കൊള്ളാം പെയ്യട്ടെ എന്നാണ് കുഞ്ഞുണ്ണിമാഷ് പാടിയത്.

മഴയുടെ സൗന്ദര്യദര്‍ശനമോ കുളിര്‍കാഴ്ചകളോ അല്ല, മഴ തിമിര്‍ത്ത് പെയ്യുന്നതിനിടക്ക് നമ്മെ തേടിയെത്തുന്ന മഴക്കാല രോഗങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. മഴക്കാലം ചതിക്കാലം എന്നൊരു ചൊല്ലുണ്ട്. പകര്‍ച്ചവ്യാധികള്‍ മഴയുടെ സൈഡ് ഇഫെക്ട് ആണെന്ന് പറയാം. എലിപ്പനി,ഡെങ്കിപ്പനി, വൈറല്‍ ഫീവര്‍ തുടങ്ങിയ വില്ലന്‍മാര്‍ വന്നെത്തുന്ന കാലമാണ് മഴയുടേത്. പോയ കാലങ്ങളില്‍നിന്നും വ്യത്യസ്തമായി, മഴക്കാല രോഗങ്ങള്‍ തീവ്രതയോടെ നമ്മെ പിടിച്ചുലക്കാന്‍ പോവുകയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. പകര്‍ച്ചവ്യാധികളുടെ വര്‍ധനയുടെ ഗ്രാഫ് മേലോട്ടുയരുമെന്ന് പഠനങ്ങള്‍ പറയുന്നു.

പരിസര മാലിന്യങ്ങളാണ് ഇതിന്റെ മൂലഹേതു. ജല-വായു മലിനീകരണങ്ങളും പരിസര മാലിന്യങ്ങളും സര്‍വത്ര തിമിര്‍ത്താടുമ്പോള്‍, രോഗങ്ങളുടെ ദുരിത കാലം വരുമെന്ന് ഉറപ്പിക്കാം. സാക്ഷര പ്രബുദ്ധ കേരളം മാലിന്യജന്യരോഗങ്ങളുടെ നാടായി മുന്നില്‍ നില്‍ക്കുകയാണ്. പകര്‍ച്ചവ്യാധി പരത്തുന്നതില്‍ കൊതുകുവളര്‍ത്തു കേന്ദ്രങ്ങള്‍ മുന്നിലാണ്, വായുവിലൂടെ, ജലത്തിലൂടെ, ആഹാരപാനീയങ്ങളിലൂടെ എല്ലാമെല്ലാം രോഗാണുക്കള്‍ നമ്മെ തേടി പരക്കം പായുകയാണ്. നമ്മള്‍ റോഡിലും വഴിയരികിലും വീടിന്റെ പരിസരങ്ങളിലുമൊക്കെ യഥേഷ്ടം വലിച്ചെറിയുന്ന ചപ്പുചവറ് മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ ചീഞ്ഞളിഞ്ഞ്, രോഗാണുക്കളുടെ ആവാസകേന്ദ്രമായി മാറുന്നു. ഉപയോഗിച്ച് വലിച്ചെറിയുക എന്ന ജീവിതശൈലി വാരിപ്പുണര്‍ന്നതാണ് മലിനീകരണം അതിന്റെ പാരമ്യത്തിലെത്താന്‍ ഒരു കാരണം. വഴിയില്‍നിന്ന് ഉപദ്രവങ്ങളും മാര്‍ഗതടസ്സങ്ങളും നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച ദര്‍ശനത്തിന്റെ വക്താക്കളും നല്ല മാതൃകയാണ് മലിനീകരണ കാര്യത്തില്‍ കാഴ്ചവെക്കുന്നത്. വഴികളിലും പൊതുസ്ഥലങ്ങളിലും മറ്റുമുള്ളവരുടെ പറമ്പുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ ആര്‍ക്കും ഒരു വൈമനസ്യവും തോന്നുന്നില്ല.

ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മികച്ച 250 നഗരങ്ങളുടെ പട്ടികയില്‍, കേരളത്തില്‍നിന്ന് ഒന്നുപോലുമില്ലെന്നത് നാണേക്കടുതന്നെ. വീട്ടിനുള്ളില്‍ മലയാളി പുലര്‍ത്തുന്ന വൃത്തിബോധം പ്രശസ്തമാണ.് എന്നാല്‍ വീട്ടിന് പുറത്തേക്കുള്ള വലിച്ചെറിയല്‍ സംസ്‌കാരം തുടരുകതന്നെയാണ്. എവിടെയും പ്ലാസ്റ്റിക് കുപ്പികളും കവറുകളും കൂട്ടിയിട്ടിരിക്കുന്നു. റോഡിലെ മാലിന്യക്കൂമ്പാരങ്ങളില്‍ കടിപിടി കൂടുന്ന തെരുവു നായ്ക്കള്‍ മനുഷ്യരെ ആക്രമിക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോഴും മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമല്ല മാലിന്യനിര്‍മാര്‍ജനം.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ പ്രബുദ്ധ കേരളത്തിന് മാതൃകയാണ്. പൊതുസ്ഥലങ്ങളില്‍ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നതും, പൊതുനിരത്തില്‍ തുപ്പുന്നതുമടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് മസ്‌കത്ത് നഗരസഭ ശിക്ഷ വര്‍ധിപ്പിച്ച വാര്‍ത്ത ഈയിടെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുജനാരോഗ്യവും ശുചിത്വവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമപ്രകാരം, പൊതുനിരത്തില്‍ തുപ്പിയാല്‍ 20 രിയാലാണ് മസ്‌കത്തില്‍ പിഴ.

ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യമിടുകയോ തുപ്പുകയോ ചെയ്താല്‍ 200 രിയാലും ഭക്ഷണാവശിഷ്ടങ്ങള്‍ വീടുകള്‍ക്ക് മുന്നിലോ മറ്റു പൊതുസ്ഥലങ്ങളിലോ ഉപേക്ഷിച്ചാല്‍ 100 രിയാലും പിഴ അടക്കേണ്ടിവരും. ചാണകമോ മറ്റു മൃഗാവശിഷ്ടങ്ങളോ നിശ്ചിതസ്ഥലത്തല്ലാതെ കൊണ്ടുതള്ളിയാല്‍ 400 രിയാലാണ് നഷ്ടപ്പെടുക. ശുചിത്വം കാത്തുസൂക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കൂടി ബാധ്യതയാണെന്നും ഇക്കാര്യത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്നുമുള്ള അധികൃതരുടെ ധീരമായ നിലപാടാണ് ഈ നിയമങ്ങളെ പ്രയോഗത്തില്‍ വരുത്തുന്നത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (105 - 110)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത
കെ.സി ജലീല്‍ പുളിക്കല്‍