Prabodhanm Weekly

Pages

Search

2017 ജൂണ്‍ 02

3004

1438 റമദാന്‍ 07

നോമ്പും നാവിന്റെ നിയന്ത്രണവും

ശൈഖ് മുഹമ്മദ് കാരകുന്ന്

വേദം വന്നെത്തിയിട്ടും അതുള്‍കൊള്ളാത്തവരെ ഗ്രന്ഥം ചുമക്കുന്ന കഴുതയോടുപമിച്ചിട്ടുണ്ട് വിശുദ്ധ ഖുര്‍ആന്‍ (62:5). വേദവചനങ്ങളെ നിഷേധിച്ച് ഭൗതികാസക്തരായി തന്നിഷ്ടപ്രകാരം ജീവിക്കുന്നവരെ ദ്രോഹിച്ചാലും ഇല്ലെങ്കിലും നാവ് നീട്ടിയിടുന്ന നായയോടും ഉപമിച്ചിരിക്കുന്നു (7:176). 

അതിനേക്കാളെല്ലാം രൂക്ഷമായി ആക്ഷേപിച്ചതും ഏറ്റവും ചീത്തയായ ഉദാഹരണം നല്‍കിയതും പരദൂരഷണം പറയുന്നവര്‍ക്കാണ്. ''നിങ്ങളിലാരും മറ്റുള്ളവരെപറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ പച്ചയിറച്ചി തിന്നാന്‍ നിങ്ങളിലാരെങ്കിലും ഇഷ്ടപ്പെടുമോ?  തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക'' (49:12).

ഇതിനേക്കാള്‍ ഗൗരവമായ ഉപമ ഖുര്‍ആന്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ല. പരദൂഷണത്തിന്റെ ഗൗരവവും തീക്ഷ്ണതയും മനസ്സിലാക്കാന്‍ കൂടുതല്‍ വിവരണമാവശ്യമില്ല.

 

നാവിന്റെ ശക്തി

മനുഷ്യനെ പാപിയാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്ന അവയവം നാവാണ്. പരിശുദ്ധി പുലര്‍ത്തുന്നവരെ പോലും അത് പാപത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടു തന്നെയായിരിക്കാം ഖുര്‍ആന്‍ അതിന്റെ നിയന്ത്രണത്തിന് ശക്തമായ ഊന്നല്‍ നല്‍കിയത്. അഞ്ചു നേരത്തെ നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജുമൊക്കെ നിര്‍ബന്ധമാക്കപ്പെടുന്നതിനുമുമ്പുതന്നെ നാവിന്റെ നിയന്ത്രണം ഖുര്‍ആന്‍ കണിശമായി കല്‍പിക്കുകയും അതിന്റെ ലംഘനത്തിന് കടുത്ത ശിക്ഷയുണ്ടെന്ന് താക്കീത് നല്‍കുകയും ചെയ്തിട്ടു്.

''മറ്റുവള്ളവരെ ഇടിച്ചുതാഴ്ത്തുകയും കുത്തുവാക്ക് പറയുകയും ചെയ്യുന്നവര്‍ക്ക് കൊടിയ നാശം'' (104:1).

''അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്. അവനോ പരദൂഷണം പറയുന്നവന്‍. ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍. നന്മയെ തടയുന്നവന്‍. അതിക്രമി, കൊടുംപാപി, അതിക്രൂരന്‍, പിന്നെ പിഴച്ചുപെറ്റവനും'' (68,1013).

വിശുദ്ധ ഖുര്‍ആന്‍ സാധാരണ വിധിവിലക്കുകള്‍ നല്‍കാറുള്ളത് ഏകലിംഗപ്രയോഗത്തിലൂടെയാണ്. എന്നാല്‍ നാവിലൂടെയുണ്ടാകുന്ന പരിഹാസത്തെ സംബന്ധിച്ച് സ്ത്രീക്കും പുരുഷനും പ്രത്യേകം പ്രത്യേകം കല്‍പന നല്‍കുകയുണ്ടായി. വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവുമാണിതിന് കാരണം.

''സത്യവിശ്വാസികേള,  ഒരൂ ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരേക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരേക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്ക് പറയരുത്''(49:11).

 

അഭിമാനക്ഷതം

ആത്മാഭിമാനം അമൂല്യമാണ്. അത് ഹനിക്കപ്പെടുന്നത് അഭിമാനികള്‍ക്ക് അങ്ങേയറ്റം അസഹ്യവും. മാനം കാക്കാന്‍ ജീവന്‍ ത്യജിക്കാന്‍ പോലും ഏറെ പേരും ഒരുക്കമായിരിക്കും

മനുഷ്യന്റെ ജീവന്‍ പോലെ ആദരണീയമാണ് അവന്റെ അഭിമാനവും. അതിനെ ക്ഷതപ്പെടുത്തുന്നത് കൊലപാതകം പോലെ കുറ്റകരമാണ്. നബിതിരുമേനി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അഭിമാനത്തെ ജീവനോടും സമ്പത്തിനോടുമാണ് ചേര്‍ത്തുപറഞ്ഞത്. എന്നാല്‍ അഭിമാനം ക്ഷതപ്പെടുത്തുന്നത് സ്വത്ത് കവര്‍ന്നെടുക്കുന്നതിനേക്കാള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്. അവിഹിതമായി നേടിയ സ്വത്ത് അതിന്റെ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കാന്‍ കഴിയും. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് ആരെയെങ്കിലും അപമാനിച്ചാല്‍ അതുണ്ടാക്കുന്ന ആഘാതത്തിന്   അറുതിയുണ്ടാക്കാന്‍ ആരെത്ര ശ്രമിച്ചാലും സാധ്യമല്ല. വാക്കുകള്‍ ഉരുവിടുന്നതുവരെ നാം അതിന്റെ ഉടമകളായിരിക്കും. പിന്നീട് അത് നമ്മെ പിന്തുടരുകയും അടക്കിഭരിക്കുകയും ചെയ്യും. കുന്തമുണ്ടാക്കുന്ന മുറിവുകള്‍ തേഞ്ഞുമാഞ്ഞു പോകും. പക്ഷേ, വാക്കുകളുണ്ടാക്കുന്ന പരിക്കുകള്‍ക്ക് പ്രതിവിധിയോ പരിഹാരമോ ഇല്ല. അതുണ്ടാക്കുന്ന വിടവ് അടയുകയില്ല. അപവാദത്തിലൂടെ അഭിമാനക്ഷതം വരുത്തുന്നത് വ്യഭിചാരത്തോളം ഗുരുതരമായ തെറ്റാണ്. രണ്ടും ക്രിമിനല്‍ കുറ്റമാണ്. വ്യഭിചാരത്തിന് നൂറടിയെങ്കില്‍ അപവാദത്തിന് എണ്‍പത് അടിയാണ് ശിക്ഷ.

''നാലു സാക്ഷികളെ ഹാജരാക്കാതെ ചാരിത്ര്യവതികളുടെ മേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടി വീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍ തന്നെയാണ് തെമ്മാടികള്‍'' (24:4).

ഏതു വിധേനയുള്ള അഭിമാനക്ഷതവും ഗൂരുതരമായ തെറ്റും കുറ്റവുമാണ്. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളന്യോന്യം കുത്തുവാക്ക് പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ച ശേഷം അധര്‍മത്തിന്റെ പേരുകളുപയോഗിക്കുന്നത് വളരെ നീചംതന്നെ, ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍തന്നെയാണ് അക്രമികള്‍'' (49:11).

പ്രവാചകന്‍ പറയുന്നു: ''കുത്തുവാക്ക് പറയുന്നവനും ശപിക്കുന്നവനും പുലഭ്യം പറയുന്നവനും അശ്ലീലം പ്രചരിപ്പിക്കുന്നവനുമല്ല സത്യവിശ്വാസി'' (തിര്‍മിദി).

 

സമൂഹഭദ്രതക്ക്

സമൂഹത്തില്‍ സ്വസ്ഥതയും സമാധാനവും ഐക്യവും ഭദ്രതയും നിലനില്‍ക്കാന്‍ അതിലെ അംഗങ്ങള്‍ നാവിനെ നിയന്ത്രിക്കുക തന്നെ വേണം. അതിന്റെ അനിയന്ത്രിതമായ വിനിയോഗം ഭൂമിയില്‍ കണക്കാക്കാനാവാത്ത കുഴപ്പങ്ങള്‍ക്ക് കാരണമായിത്തീരുന്നു. അത് സ്‌നേഹബന്ധങ്ങളെ തകര്‍ക്കുന്നു. സൗഹൃദങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു. ദാമ്പത്യബന്ധത്തെ ശിഥിലമാക്കുന്നു. കുടുംബ ഘടനയെ തകര്‍ക്കുന്നു. അടുത്തവരെ അകറ്റുന്നു. സുഹൃത്തുക്കളെ ശത്രുക്കളാക്കുന്നു. നിയന്ത്രണമില്ലാത്ത നാവ് കലാപങ്ങളും കുഴപ്പങ്ങളും കുത്തിപ്പൊക്കുന്നു. കൊലകള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണമായിത്തീരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നാട്ടിലുണ്ടാകുന്ന ഏതാണ്ട് എല്ലാ നാശങ്ങള്‍ക്കും നിമിത്തമാവുന്നത് നാവിന്റെ അനിയന്ത്രിതമായ വിനിയോഗമാണ് എന്ന് കാണാന്‍ കഴിയും.

എന്നാല്‍ ഏറെ പേരും ഇതൊന്നും ഓര്‍ക്കാറില്ല. അതുകൊണ്ടുതന്നെ  നാവിനെ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. പലരും സംസാരത്തില്‍ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്താറില്ല. ശ്രോതാക്കളില്‍ അതുണ്ടാക്കുന്ന പ്രതികരണത്തെക്കുറിച്ച് ആലോചിക്കാറുമില്ല. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകള്‍ മറ്റെന്തിനേക്കാളും വിപത്കാരിയാണെന്ന വസ്തുത വിസ്മരിക്കാറാണ് പതിവ്.

സാമൂഹിക ജീവിതത്തില്‍ സൗഹൃദവും ശത്രുതയുമൊക്കെ സ്വാഭാവികമാണ്. ഇണങ്ങിയവര്‍ പിണങ്ങും. പിണങ്ങിയവര്‍ ഇണങ്ങുകയും ചെയ്യും. അടുത്തവര്‍ക്കിടയിലുണ്ടാകുന്ന അകല്‍ച്ച അതിവേഗം അവസാനിക്കും, അവസാനിക്കണം. എന്നാല്‍ പലരും ഇതോര്‍ക്കാതെ പെറുമാറും. തമ്മില്‍ തെറ്റിയാല്‍ തെറിപറയും, കോപം വന്നാല്‍ സ്വയം മറന്നും  ആലോചനയില്ലാതെയും പേപിടിച്ചവരെപോലെ പലതും വിളിച്ചു പറയും. അകന്നവര്‍ക്കിടയില്‍ അടുക്കാനും സൗഹൃദം പുനഃസ്ഥാപിക്കാനും ഏറ്റം വലിയ വിഘാതം വരുത്തുക പറഞ്ഞുപോയ വാക്കുകളായിരിക്കും. അഥവാ, സൗഹൃദം പുനഃസ്ഥാപിതമായാലും ബന്ധം ഊഷ്മളവും ഭദ്രവുമാക്കുന്നതിന് അത് തടസ്സമായിത്തീരും. അതിനാലാണ് പരസ്പരം പിണങ്ങിയാല്‍ പുലഭ്യം പറയുന്നവര്‍ കപടന്മാരാണെന്ന് പ്രവാചകന്‍ പറഞ്ഞത്.

ചിലപ്പോള്‍ അശ്രദ്ധമായി ഉപയോഗിക്കുന്ന ഒരു വാചകം പോലും സൃഷ്ടിക്കുന്ന പ്രത്യാഘാതം വിവരണാതീതമായിരിക്കും. പ്രശസ്ത സാഹിത്യക്കാരന്‍ ത്വാഹാ ഹുസൈനെ മതത്തിന്റെയും മതപണ്ഡിതന്മാരുടെയും കടുത്ത വിമര്‍ശകനാക്കിയതില്‍ ഒരധ്യാപകന്റെ ഒരു വാചകം വഹിച്ച പങ്ക് വളരെ വലുതാണ്. ചെറുപ്രായത്തില്‍ വസൂരി രോഗം ബാധിച്ച് അന്ധനായ ത്വാഹാ ഹുസൈനെ സാധാരണ ഇരിക്കാറുള്ള സ്ഥലത്ത് കാണാതിരുന്ന അധ്യാപകന്‍ ഉറക്കെ ചോദിച്ചു: 'ഇന്ന് നമ്മുടെ കണ്ണുപൊട്ടന്‍ വന്നിട്ടില്ലേ?'

ഇതു കേട്ട കുട്ടികള്‍ പൊട്ടിച്ചിരിച്ചു. ക്ലാസ്സില്‍ മറ്റൊരിടത്ത് ഇരിക്കുകയായിരുന്ന ത്വാഹാ ഹുസൈനെ ഈ അനുഭവം ഏറെ അസ്വസ്ഥനാക്കി. അഭിമാനം ക്ഷതപ്പെട്ട ആ ബാലനെ അത് അഗാധമായി സ്പര്‍ശിച്ചു. അതുണ്ടാക്കിയ മുറിവ് ജീവിതത്തിലുടനീളം നീറിനിന്നു. 

വാക്ക് വളരെയേറെ കരുത്തും മൂര്‍ച്ചയുമുള്ള ആയുധമാണ്. അതിന്റെ പ്രയോഗം അതീവ സൂക്ഷമതയോടെയായിരിക്കണം. അങ്ങനെ ചെയ്യുന്നവര്‍ക്ക് പ്രവാചകന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നു.

 

നോമ്പ് നല്‍കുന്ന പരിശീലനം

ശാരീരികേഛകളെ നിയന്ത്രിക്കാനും     ജന്മവാസനകളുടെ  പ്രയോഗം പക്വമാക്കാനുള്ള ഏറ്റവും ശക്തമായ പരിശീലനമാണ് റമദാനിലെ വ്രതം. ഇതില്‍ ഏറ്റവും കൂടുതല്‍ നിയന്ത്രണം ആവശ്യമുള്ളത് നാവിനാണ്. വളരെ വേഗം നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതും അതിനുതന്നെ. അതിനാലാണ് നബിതിരുമേനി നോമ്പിന്റെ നഷ്ട നേട്ടങ്ങളെ നാവുമായി ബന്ധിപ്പിച്ചത്. പ്രവാചകന്‍ പറഞ്ഞു: ''ആരെങ്കിലും വ്യാജമായ സംസാരവും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അയാള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ട ഒരാവശ്യവും അല്ലാഹുവിനില്ല'' (ബുഖാരി).

എത്രയൊക്കെ പ്രകോപനമുണ്ടാക്കുന്ന അനുഭവമുണ്ടായാലും, സംസാരം കേള്‍ക്കേണ്ടി വന്നാലും നോമ്പുകാരന്‍ തികഞ്ഞ ക്ഷമയും സംയമനവും പാലിക്കണമെന്ന് നബിതിരുമേനി നിഷ്‌കര്‍ഷിക്കുന്നു. വ്രതവേളയില്‍ തെറിവാക്കോ ശകാരമോ കേള്‍ക്കേണ്ടിവരികയാണെങ്കില്‍ അതിന് തത്തുല്യമായി പ്രതികരിക്കരുതെന്നും 'ഞാന്‍ നോമ്പുകാരനാണ്' എന്നു മാത്രം പറയണമെന്നും  അവിടുന്ന് അനുശാസിക്കുന്നു.

ഇങ്ങനെ റമദാനിലെ വ്രതം നാവിനെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്നതിലൂടെ വിശ്വാസിയെ ഏറ്റവും മികച്ച സ്വഭാവത്തിന്റെ ഉടമയും വിശുദ്ധനും വിവേകശാലിയും പക്വമതിയും ഉത്തമ പൗരനും തികവുറ്റ വ്യക്തിത്വത്തിന്റെ വക്താവുമാക്കി മാറ്റുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (105 - 110)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത
കെ.സി ജലീല്‍ പുളിക്കല്‍