Prabodhanm Weekly

Pages

Search

2017 ജൂണ്‍ 02

3004

1438 റമദാന്‍ 07

ഇ.എം.എസും 'പ്രബോധന'വും

ഇ.വി അബ്ദുല്‍ വാഹിദ്, ചാലിയം

''1970,'71 കാലത്താണെന്നാണ് ഓര്‍മ. ഇപ്പോഴത്തെ ഭംഗിയാര്‍ന്ന മുഖചിത്രമോ കവര്‍ സ്റ്റോറിയുടെ ടൈറ്റിലോ മറ്റോ ഇല്ലാത്ത പ്രബോധനം വാരികയുടെ ഒരു ടാബ്ലോയ്ഡ് പതിപ്പുമായാണ് അന്ന് ഇ.എം.എസ് ദേശാഭിമാനിയുടെ പത്രാധിപ സമിതി യോഗത്തിലേക്ക് കടന്നുവന്നത്. പ്രബോധനം കാണിച്ച് അദ്ദേഹം ഞങ്ങളോട് ചോദിച്ചു: 'പ്രബോധനത്തിന്റെ ഈ ലക്കം നിങ്ങള്‍ കണ്ടുവോ?' ഞങ്ങളാരും അത് കണ്ടിരുന്നില്ല. ആരും ഒന്നും മിണ്ടിയില്ല.  ആ നിശ്ശബ്ദത മനസ്സിലാക്കിയ അദ്ദേഹം തുടര്‍ന്നു: 'മുസ്ലിം ജനവിഭാഗങ്ങളിലേക്ക് നമുക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കണമെങ്കില്‍ ആശയതലത്തിലും ചിന്താ തലത്തിലും അവരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. അവയോട് പ്രതികരിക്കണം. അപ്പോള്‍ പ്രബോധനവും നിങ്ങള്‍ വായിച്ചിരിക്കണം.' ഇങ്ങനെയൊരു പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള ധാരണ എനിക്കുണ്ടായിരുന്നില്ല. അന്തിയുറങ്ങുന്നതിനു പോലും സമയ ദൗര്‍ലഭ്യമനുഭവിക്കുന്ന ഈ വലിയ മനുഷ്യന്‍, വിഖ്യാത സാമൂഹിക ശാസ്ത്രകാരനും ഇക്കണോമിസ്റ്റുമായ ഗുന്നാര്‍ മിര്‍ദലിന്റെ, രാഷ്ട്രങ്ങളുടെ ദാരിദ്ര്യത്തിലേക്ക് എത്തി നോക്കുന്ന, 'ഏഷ്യന്‍ ഡ്രാമ' എന്ന ബൃഹദ് ഗ്രന്ഥത്തോടൊപ്പം പ്രബോധനവും കൂടി വായിക്കാന്‍ സമയം കണ്ടെത്തിയിരുന്നു എന്നത് എന്തുമാത്രം കൗതുകകരമല്ല! നിമിഷനേരത്തെ ഈയൊരു ചിന്ത, സ്വന്തം പരിമിതികളെ കുറിച്ചുള്ള വീണ്ടുവിചാരത്താലും അറിയാനും വിലയിരുത്താനുമുള്ള ഉത്കടമായ അഭിലാഷത്താലും ത്രസിച്ചുകൊണ്ടിരുന്നു.....

''ഇ.എം.എസ് കോഴിക്കോട്ട് വരുമ്പോഴെല്ലാം ദേശാഭിമാനി സന്ദര്‍ശിക്കുക എന്നത് എന്നും അദ്ദേഹത്തിന്റെ മുന്‍ഗണനയിലുണ്ടായിരുന്നു. അപ്പോഴെല്ലാം ദേശാഭിമാനി, അതിന്റെ പത്രാധിപ സമിതി യോഗങ്ങള്‍ ഒരുക്കും. പത്രത്തിന്റെ ഉള്ളടക്കം, ദേശീയ- സാര്‍വദേശീയ രാഷ്ട്രീയം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. ഇത്തരമൊരു കൂടിച്ചേരലിലാണ് പ്രബോധനം പരാമര്‍ശിക്കപ്പെടുന്നത്. അന്നുമുതല്‍ ഞാന്‍ പ്രബോധനം വായനക്കാരനാണ്.''

ഈ അനുഭവം പങ്കുവെച്ചത് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റും ഗ്രന്ഥകാരനും സര്‍വോപരി ഹൈസ്‌കൂള്‍ പഠന കാലത്ത് ഒരേ വിദ്യാലയത്തില്‍ ഈ കുറിപ്പുകാരന്റെ സമകാലികനുമായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നാണ്. പ്രബോധനത്തില്‍ ചാലിയത്തിന്റെ നവോത്ഥാന വഴികളെക്കുറിച്ച് ഈയുള്ളവന്‍ എഴുതിയ ലേഖനത്തെ സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിച്ച് ഫോണില്‍ സൗഹൃദം പങ്കിടുമ്പോഴാണ് സഹൃദയനും 'അറിയപ്പെടാത്ത ഇ.എം.എസ്' എന്ന മികച്ച കൃതിയുടെ കര്‍ത്താവുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് സംഭവം ഓര്‍ത്തെടുത്തത്. 

എഴുപതുകളില്‍ ഇ.എം.എസിനെ പോലും ഹഠാദാകര്‍ഷിക്കുമാറ് നിറഞ്ഞുനിന്നിരുന്ന വിഷയങ്ങള്‍ വല്ലതും പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചുവന്നത് ഓര്‍ത്തെടുക്കാമോ എന്ന എന്റെ അന്വേഷണത്തിന് അദ്ദേഹത്തിന് പെട്ടെന്ന് മറുപടി നല്‍കാന്‍ പറ്റിയില്ല. എന്നാല്‍, കെ.ടി ഹുസൈന്‍ എഴുതിയ 'പ്രബോധനം വായനയോട് ചെയ്തത്; ചെയ്യേണ്ടതും' എന്ന ലേഖനത്തില്‍ (മേയ് 05) ഇ.എം.എസിനെ പ്രബോധനം വായനക്കാരനാക്കിയ സവിശേഷ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ പ്രതിപാദ്യമുണ്ട്. 

സംശയമില്ല, അകം തൊട്ട എഴുത്തിന്റെയും വായനയുടെയും ഒരു പെരുമഴക്കാലമായിരുന്നു പ്രബോധനത്തിന്റെ എഴുപതുകളും എണ്‍പതുകളും. ഇ.എം.എസിനെ പോലുള്ള രാഷ്ട്രീയ ചിന്തകരെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പോലുള്ള ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരെയും പ്രബോധനം അന്ന് ആകര്‍ഷിച്ചതിന്റെ പൊരുള്‍ മറ്റൊന്നല്ല.

 

താല്‍പര്യം പ്രധാനം

'അറിവ് പ്രായോഗവത്കരണത്തിന്റെ പ്രതിസന്ധികള്‍' എന്ന ലേഖനം (താജ് ആലുവ, ലക്കം 3002) വായിച്ചു. ആര്‍ജിച്ച അറിവുകള്‍ പ്രായോഗിക രംഗത്ത് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ലേഖകന്‍ സൂചിപ്പിക്കുന്നത്. നേടിയ അറിവ് നിത്യജീവിതത്തില്‍  പ്രതിഫലിക്കുന്നില്ലെങ്കില്‍ അതുകൊണ്ട് എന്ത് പ്രയോജനം? അറിവിന്റെ പ്രായോഗികവത്കരണത്തിന് രണ്ട് മാര്‍ഗങ്ങളു്. ഒന്ന്, നേടിയ അറിവുകള്‍ ജീവിതത്തില്‍ ബോധപൂര്‍വം കൊണ്ടുവരിക. രണ്ട്,  പ്രായോഗികമായ വിദ്യാഭ്യാസ രീതിക്ക് ഊന്നല്‍ നല്‍കുക. എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മദ്‌റസകളടക്കമുള്ള വിദ്യാലയങ്ങള്‍ക്ക് മാറ്റങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കാനാവില്ല.

വിദ്യാഭ്യാസം നൂതനമാര്‍ഗങ്ങളിലാക്കുന്നതിനൊപ്പം അനിവാര്യമായി ഉറപ്പുവരുത്തേണ്ട കാര്യമാണ്,  വിദ്യാര്‍ഥികളുടെ പഠനപ്രക്രിയയിലുള്ള താല്‍പര്യം വര്‍ധിപ്പിക്കുക എന്നത്. കുട്ടികളില്‍ താല്‍പര്യം ഉണര്‍ത്തിക്കൊണ്ട് മാത്രമേ ഏതു വിഷയവും അവതരിപ്പിക്കാവൂ. 

എന്താണ് പഠിക്കുന്നതെന്നും എന്തിനാണ് പഠിക്കുന്നതെന്നും ഭാവി ജീവിതത്തില്‍ എന്താണ് ഇതിന്റെ ഉപയോഗമെന്നും കുട്ടിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടാവണം. എങ്കില്‍ ഒരു പരിധിവരെ വിദ്യാഭ്യാസപ്രക്രിയ സജീവമാകും. 

കണിയാപുരം നാസറുദ്ദീന്‍

 

 

'പ്രവാചകനെ' വിട്ട് 'നബി'യിലേക്ക് മടങ്ങാം

മലയാള പരിഭാഷ കൂടാതെ അമുസ്‌ലിംകള്‍ക്കു പോലും ആശയം ഗ്രഹിക്കാവുന്ന ഒരു പദമാണ് നബി. ഒട്ടേറെ ഭാഷകളിലെ ഒട്ടേറെ വാക്കുകള്‍ മലയാളം തനതാക്കിയിട്ടുള്ളതില്‍ ഒന്നാണത്. ഓറിയന്റലിസ്റ്റുകളാണ് നബിയെ പ്രൊഫറ്റാക്കിയത്. പ്രൊഫറ്റ് ചെയ്യുന്നത് 'പ്രെഫസി'(പ്രവചനം)യാണ്. മാപ്പിള മലയാളം വിട്ട് അറബിക്ക് ശുദ്ധ മലയാളാര്‍ഥം നല്‍കാന്‍ മുതിര്‍ന്നവര്‍ അതിന് ആധാരമാക്കിയത് അറബി-ഇംഗ്ലീഷ് നിഘണ്ടുക്കളെയാണ്. അങ്ങനെയാണ് 'നബി' 'പ്രവാചകനാ'യത്.

നബിയുടെ കൃത്യം പ്രവചനമല്ല. നുബുവ്വത്ത് (മാപ്പിളപ്പാട്ടുകളിലെ നബിപ്പട്ടം) ലഭിച്ച വ്യക്തിയാണ് നബിയ്യ്. നുബുവ്വത്ത് പ്രവചനമല്ല. 'തനബ്ബുഅ്' എന്നാണ് പ്രവചനത്തിന്റെ അറബി. അതിനാല്‍ 'മുതനബ്ബി'യാണ് പ്രവാചകന്‍. മുതനബ്ബീ (പ്രവാചകന്‍) കര്‍തൃവാചിയും നബിയ്യ് കര്‍മവാചിയുമാണ്, അറബി ഭാഷയില്‍. 'നബഅ്' (സന്ദേശം, വിവരം) ലഭിക്കുന്ന വ്യക്തിയെന്ന അര്‍ഥത്തിലാണത്. 'നബീഅ്' എന്ന നാമാങ്ക(പേരെച്ചം)മാണ് നബിയ്യാകുന്നത്. ഇകാരത്തെ ദീര്‍ഘിപ്പിക്കാനുള്ള 'യാ'യുടെ ശേഷം വരുന്ന 'ഹംസ'യെ ആ 'യാ' സ്വാംശീകരിച്ച് സ്വയം ലയിപ്പിച്ചാണ് നബീഅ് നബിയ്യാകുന്നത്. (ദൈവിക) സന്ദേശലബ്ധനെന്ന അര്‍ഥത്തില്‍ നബിയ്യ് കര്‍മവാചി (ഇസ്മുല്‍ മഫ്ഊല്‍)യാണ്. 'ഫഈല്‍' എന്ന തോതില്‍ വരുന്ന മഫ്ഊല്‍ ബിഹി(കര്‍മം)യാണ് നബിയ്യ്. പ്രവാചകനാകട്ടെ ഇസ്മുല്‍ ഫാഇലാണ്. അതായത് മുതനബ്ബി. സന്ദേശലബ്ധനാണ് നബിയ്യ്, ഭാവി പ്രവചിക്കുന്ന വ്യക്തിയോ സന്ദേശം അയക്കുന്നയാളോ അല്ല. ഹിന്ദുസ്ഥാനിയിലെ സന്ദേശവാഹിയായ 'പൈഗംബറി'നോടാണ് നബിക്ക് അടുപ്പം, 'പ്രവാചകനോ'ട് വിയോജിപ്പും.

മലയാളത്തില്‍ പലതരം പ്രവാചകന്മാരുണ്ട്. ഹസ്തരേഖ വായിച്ചും സാമുദ്രിക ലക്ഷണങ്ങള്‍ നോക്കിയും ജാതകം ഗണിച്ചും ഭാവി പ്രവചിക്കുന്നവരും കാലാവസ്ഥ പ്രവചിക്കുന്നവരും വഴിയോരങ്ങളില്‍തന്നെയുണ്ട്. ആകാശവാണിയില്‍ സംസ്‌കൃത വാര്‍ത്ത വായിക്കുന്ന ബലവാനന്ദ സാഗറും പ്രവാചകനാണ്!

തിരുദൂതരെപോലും (അര്‍റസൂല്‍) പ്രവാചകനായി അവതരിപ്പിക്കുന്ന പണ്ഡിതന്മാരുടെ രചനകള്‍ കാണാന്‍ കഴിയും. ബൈബിളിലെ 'നബിയോമി'(എബ്രായ, ആരാമി ഭാഷയില്‍)ന് പ്രവാചകന്മാര്‍ എന്നാണ് മലയാള വിവര്‍ത്തനം. കിംഗ്‌സ് ഇംഗ്ലീഷിലെ പ്രോഫറ്റ്‌സാണ് അവര്‍. അവരൊക്കെ ധാരാളം പ്രവചനങ്ങള്‍ നടത്തിയിരുന്നുവെന്ന പേരിലാണ് പ്രവാചകന്മാരായത് (യെശയ്യാം, ഇരമും, എസക്കിയേല്‍ തുടങ്ങിയവര്‍).

1986-ല്‍ ഇടുക്കിയിലൊരിടത്ത് നടന്ന മതപ്രസംഗ പരമ്പര ശ്രദ്ധിച്ച ഒരു ക്രിസ്തീയോപദേശി ഉന്നയിച്ച ചോദ്യങ്ങളിലൊന്ന്, 'എന്ത് പ്രവചനം നടത്തിയിട്ടാണ് മുഹമ്മദ് പ്രവാചകനായത്' എന്നായിരുന്നു. 'അദ്ദേഹം നബിയായിരുന്നു. പ്രവചനമായിരുന്നില്ല തൊഴില്‍. മലയാളത്തില്‍ നബിക്ക് തുല്യപദമില്ലാത്തതിനാല്‍ പ്രവാചകനെ കടമെടുത്തതാണ്' എന്ന് ക്ഷമാപണപൂര്‍വം എനിക്കദ്ദേഹത്തെ അറിയിക്കേണ്ടിവന്നു.

മുഹമ്മദ് നബി(സ)യെക്കുറിച്ച്, അദ്ദേഹം സ്വഛയാ സംസാരിക്കുന്നില്ല, വഹ്‌യിനെ ആധാരമാക്കിയാണ് സംസാരിക്കുന്നതെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്, പ്രവാചകനായിട്ടല്ല. ഹദീസുകളില്‍ ചില പ്രവചനങ്ങള്‍ കാണാം, ചിലത് പുലര്‍ന്നവയും മറ്റു ചിലത് പുലരാനിരിക്കുന്നവയുമാണ്. ഈ പ്രവചനങ്ങള്‍ നടത്തുന്നതിന് ഏറെ മുമ്പെയാണ് 'യാ അയ്യുഹന്നബിയ്യു' എന്ന സംബോധന നടന്നിട്ടുള്ളത്.

ആകയാല്‍ നമുക്ക് 'നബി'യിലേക്ക് തിരിച്ചുപോകുന്നതല്ലേ ഉത്തമം? നബിയുടെ അന്തസ്സ് നിലനിര്‍ത്താനും അതാണ് കരണീയം. 

കെ.പി.എഫ് ഖാന്‍, ചേനപ്പാടി, കോട്ടയം

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (105 - 110)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത
കെ.സി ജലീല്‍ പുളിക്കല്‍