ഖുര്‍ആന്‍ ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെ
ഖുര്‍ആനിലെ സൂക്തങ്ങളും സൂറത്തുകളും തമ്മിലുള്ള പരസ്പരബന്ധം (നിളാം) പരിഗണിക്കപ്പെടാതിരുന്നത് ഖുര്‍ആന്‍ വ്യഖ്യാനങ്ങള്‍ തെറ്റായ ദിശയിലേക്ക് നയിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ചില സൂക്തങ്ങള്‍ വിശദീകരിക്കുമ്പോള്‍ മുഫസ്സിറുകള്‍ വല്ലാതെ പതറിപ്പോയിട്ടുണ്ടെന്ന് തഫ്‌സീറുകളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാവും. എങ്ങോട്ട് പോകണമെന്നറിയാതെ ഒരു നാല്‍ക്കവലയില്‍ എത്തിച്ചേര്‍ന്നവന്റെ അവസ്ഥയിലാണ് അവര്‍ നിലകൊള്ളുന്നത്.
എന്താണ് ഇതിന് കാരണം? ഖുര്‍ആന്‍ സൂക്തങ്ങള്‍ തമ്മിലുള്ള ബന്ധവും ചേര്‍ച്ചയും അവഗണിക്കപ്പെട്ടു എന്നതുതന്നെ. ഖുര്‍ആന്‍ ആദ്യാവസാനം ഒരൊറ്റ ഭാഷണം പോലെയാണെന്ന (നിളാമുല്‍ ഖുര്‍ആന്‍ എന്നാണ് ഇതിന്റെ സാങ്കേതിക ഭാഷ്യം) യാഥാര്‍ഥ്യം പലരും ഗൗനിച്ചില്ല. ഒരു സൂറത്തിലെ പരാമൃഷ്ട വിഷയങ്ങള്‍ എത്ര വൈവിധ്യപൂര്‍ണമാണെങ്കിലും അത് ഒരൊറ്റ വാചകം പോലെയാണ്. അതിന്റെ തുടക്കവും ഒടുക്കവും തമ്മില്‍ പരസ്പരബന്ധിതമാണ്. അവയുടെ ആത്യന്തിക ലക്ഷ്യം ഒന്നാണ്. ഒരു വിഷയത്തിലുള്ള വിവിധ വാചകങ്ങള്‍ പരസ്പരം ബന്ധമുള്ളതുപോലെ (മുവാഫഖാത്ത്/ ഇമാം ശാത്വിബി).
ഇമാം ഫറാഹി പറയുന്നു: ''നിളാം എന്നതിലൂടെ നാം ഉദ്ദേശിക്കുന്നത് ഒരു സൂറത്ത് പൂര്‍ണമായും ഒരു യൂനിറ്റ്/ഏകകം ആവുക എന്നാണ്. മാത്രമല്ല, അത് മുമ്പോ ശേഷമോ ഉള്ള ഏതെങ്കിലും സൂറത്തുമായി ബന്ധമുള്ളതാവുകയും ചെയ്യുന്നു. ചില സൂക്തങ്ങള്‍ ഇടവാചകങ്ങള്‍/ആവരണവാക്യങ്ങള്‍ ആവുന്നതുപോലെ സൂറത്തുകളും അപ്രകാരമാവും. ഈ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഖുര്‍ആന്‍ ആദ്യന്തം പരസ്പരബന്ധിതവും ക്രമപ്രവൃദ്ധവുമായ ഒരൊറ്റ വാചകം പോലെയാണെന്നു കാണാം.''
രിബാത്വ്, മുനാസബ എന്നീ പേരുകളാണ് ഇതര പണ്ഡിതന്മാര്‍ ഇതിന് നല്‍കിയിട്ടുള്ളത്. പദങ്ങള്‍ വ്യത്യസ്തമെങ്കിലും ആശയം ഒന്നുതന്നെ. ഈ വിഷയകമായി ചില പണ്ഡിതാഭിപ്രായങ്ങള്‍ നമുക്ക് പരിശോധിക്കാം:
സമഖ്ശരി: ഖുര്‍ആന്‍ പരസ്പരം കോര്‍ത്തിണക്കപ്പെട്ട ഒരു ഭാഷണമായി, സന്ദര്‍ഭോചിതം ഘട്ടംഘട്ടമായി അവതരിപ്പിക്കുകയും സ്തുതികൊണ്ട് ആരംഭിച്ച് അഭയാര്‍ഥനയോടെ അവസാനിക്കുന്നതാക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വസ്‌തോത്രങ്ങളും അര്‍പ്പിക്കുന്നു (കശ്ശാഫ്/ ആമുഖം).
അബൂബക്ര്‍ ഇബ്‌നുല്‍ അറബി: ഘടനാപരമായ ചേര്‍ച്ചയും ആശയപരമായ യോജിപ്പുമുള്ള ഒരൊറ്റ വാചകം പോലെയാവും വിധം ഖുര്‍ആനിക സൂക്തങ്ങളുടെ പരസ്പരബന്ധം മനസ്സിലാക്കുക മഹത്തായ ഒരു വിജ്ഞാനമാണ് (അല്‍ബുര്‍ഹാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍).
ഇമാം റാസി: ഖുര്‍ആനിലെ ഒട്ടുമിക്ക സൂക്ഷ്മാര്‍ഥങ്ങളും (ലത്വീഫഃ) അതിന്റെ ഘടനയിലും പരസ്പര ബന്ധങ്ങളിലുമാണ് അന്തര്‍ലീനമായിരിക്കുന്നത്...... എന്നാല്‍ ഞാന്‍ മനസ്സിലാക്കിയേടത്തോളം മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇക്കാര്യത്തില്‍ അശ്രദ്ധ കാണിച്ചവരാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ നക്ഷത്രം വളരെ ചെറുതായാണ് കാണപ്പെടുന്നത്; അത് കണ്ണിന്റെ ന്യൂനത കൊണ്ടാണ്, അല്ലാതെ നക്ഷത്രത്തിന്റെ വലുപ്പക്കുറവുകൊണ്ടല്ല എന്ന് ഒരു കവി പറഞ്ഞതുപോലെയാണ് ഇക്കാര്യത്തിലും സംഭവിച്ചത്.
ഇബ്‌നുല്‍ ഖയ്യിം: മികച്ച ഘടനയില്‍ പരസ്പരബന്ധിതമായി നെയ്‌തെടുത്തതാണ് ഏറ്റവും മികച്ച വചനം. ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും അപ്രകാരമാണ്. അതിനാല്‍ അത് തിരിച്ചറിയാന്‍ ശ്രമിക്കണം (കിതാബുല്‍ ഫവാഇദ്).
അബ്ദുല്‍ ഹമീദ് ഫറാഹി: എന്റെ വീക്ഷണത്തില്‍ ഖുര്‍ആനിലെ മിക്ക അഭിപ്രായാന്തരങ്ങളുടെയും മൂലഹേതു ആയത്തുകളുടെ പരസ്പരബന്ധം ശ്രദ്ധിക്കാതിരുന്നതാണ്. അത് തിരിച്ചറിയുകയും വാചകത്തിന്റെ മര്‍മം വ്യക്തമാവുകയും ചെയ്തിരുന്നുവെങ്കില്‍ അത്, ഭൂമിയില്‍ വേരുറച്ചതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതുമായ ഉത്തമ വൃക്ഷത്തെ പോലെയുള്ള ഒരേ വാചകത്തിന്റെയും ഒരൊറ്റ കൊടിയുടെയും കീഴില്‍ നമ്മെ ഒരുമിച്ചുനിര്‍ത്തുമായിരുന്നു.... എന്നാല്‍ ഓരോ വിഭാഗവും അവരുടെ ധാരണക്കനുസരിച്ച് അതിനെ വ്യാഖ്യാനിക്കുകയും ലക്ഷ്യത്തില്‍നിന്ന് വഴിതിരിച്ചുവിടുകയും ചെയ്യുന്നു. സൂക്തങ്ങളുടെ പരസ്പര ബന്ധത്തില്‍നിന്നാണ് അതിന്റെ ഉന്നം വ്യക്തമാവുന്നത്. അത് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് തടയിടുന്നു. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വളച്ചൊടിക്കാനുള്ള പഴുത് ഇല്ലാതാക്കുന്നു.
ഒരു വാചകത്തിന്റെ ഘടന അതിന്റെ സുപ്രധാന ഭാഗമാണ്. അത് അവഗണിച്ചാല്‍ ആശയത്തിന് ശോഷണം സംഭവിക്കും. ഒരു വാചകത്തില്‍ പദങ്ങളുടെ അര്‍ഥത്തേക്കാള്‍ കൂടുതല്‍ അര്‍ഥം അതിലെ പദവിന്യാസത്തിനും ഘടനക്കുമുണ്ട്. അതിനാല്‍ അത് പരിഗണിക്കപ്പെടാതിരുന്നാല്‍ വാചകത്തിന്റെ നല്ലൊരു ശതമാനം ആശയവും ചോര്‍ന്നുപോകും. അത് വേദക്കാരുടെ അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അല്ലാഹു പറയുന്നു: 'അവര്‍ക്ക് നല്‍കപ്പെട്ട ഉദ്‌ബോധനത്തിന്റെ നല്ലൊരു ഭാഗം അവര്‍ വിസ്മരിച്ചുകളഞ്ഞു. അങ്ങനെ അവര്‍ക്കിടയില്‍ നാം അന്ത്യനാള്‍ വരേക്ക് പരസ്പര വൈരത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുപാകി' (അല്‍മാഇദ 13). ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ദൃശ്യമാകുന്ന പരസ്പര വൈരത്തിനും വിദ്വേഷത്തിനും കാരണം ഈ വിസ്മൃതിയാണോ എന്ന് ഞാന്‍ ആശങ്കിക്കുന്നു. ആ ശത്രുത അടങ്ങുന്നില്ല, അഭിപ്രായ വ്യത്യാസങ്ങളില്‍നിന്ന് പിന്തിരിയാനും ഒരുക്കമില്ല. ഖുര്‍ആനിക വാചകത്തിന്റെ ആശയത്തില്‍ നാം ഭിന്നിച്ചാല്‍ നമ്മുടെ താല്‍പര്യങ്ങള്‍ വ്യത്യസ്തമാവും. അങ്ങനെ നാം വേദക്കാരെപ്പോലെയാവും.
സയ്യിദ് ഖുത്വ്ബ്: ഈ നിവേദനമാണ് (ഇബ്‌നു അബ്ബാസില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്ന നിവേദനം) രണ്ടു സൂറത്തുകളുടെയും ഇടക്ക് ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്ന അതിര്‍വരമ്പില്ലാതെ അടുത്തടുത്ത് രേഖപ്പെടുത്തിയതിനുള്ള തെളിവായി വന്നവയില്‍ ഏറ്റവും പ്രസക്തം. അതോടൊപ്പം, സൂറത്തില്‍ സൂക്തങ്ങളുടെ സ്ഥാനവും ഘടനയും ക്രമവും പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ നിര്‍ണയിക്കപ്പെട്ടിരുന്നു എന്നും ഇതില്‍നിന്ന് നമുക്ക് വ്യക്തമാവുന്നു. അതുപോലെ ഒരേസമയം തന്നെ വിവിധ സൂറത്തുകള്‍ അവതരിച്ചിരുന്നുവെന്നും കാണാം. സാന്ദര്‍ഭികമായ ഏതെങ്കിലും സ്ഥിതിവിശേഷത്തിനനുസരിച്ച് ഒരു സൂക്തമോ ഏതാനും സൂക്തങ്ങളോ അവതരിച്ചാല്‍, അഥവാ ഈ ദീനിന്റെ പ്രാസ്ഥാനിക സരണിക്കനുസൃതമായി ഏതെങ്കിലും നിയമം പൂര്‍ത്തീകരിക്കുകയോ ഭേദഗതി നടത്തുകയോ ചെയ്തുകൊണ്ട് എന്തെങ്കിലും അവതരിച്ചാലുടന്‍ തന്നെ അവയെ സൂറത്തിന്റെ അതതു സ്ഥാനത്ത് ചേര്‍ക്കാന്‍ ദൈവദൂതന്‍ കല്‍പിക്കുമായിരുന്നു. അതിനാല്‍ ഓരോ സൂറത്തിലെയും സൂക്തങ്ങളും സൂറത്തില്‍ അവയുടെ സ്ഥാനങ്ങളും ദൈവികമായ ഒരു യുക്തിയനുസരിച്ചാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഖുര്‍ആനിലെ സൂറത്തുകളില്‍ ഓരോന്നിനും സ്വന്തമായ വ്യക്തിത്വവും ആ വ്യക്തിത്വത്തിനാധാരമായ നിര്‍ണിത ലക്ഷ്യങ്ങളുമുണ്ട്. ഓരോന്നിനും നിശ്ചിതമായ ഒരന്തരീക്ഷവും പശ്ചാത്തലവുമുണ്ട്. ഒരു സൂറത്തിലെ സവിശേഷ ശൈലികളും പ്രയോഗങ്ങളും തന്നെ അതിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. സൂറത്തുകളെ പരിചയപ്പെടുത്തുമ്പോള്‍ നാം ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ള വ്യക്തമായ ഈ പ്രതിഭാസത്തെ ന്യായീകരിക്കുന്ന സംഗതി മുന്‍ഖണ്ഡികയിലും ഇബ്‌നു അബ്ബാസിന്റെ നിവേദനത്തിലും നിങ്ങള്‍ കണ്ടേക്കാം (ഫീ ളിലാല്‍ / സൂറത്തുത്തൗബ ആമുഖം).
അബൂബക്ര്‍ നൈസാബൂരി, ഇമാം ശാത്വിബി, ഇമാം സര്‍കശി, ഇമാം ബുര്‍ഹാനുദ്ദീന്‍ ബിഖാഇ, ഡോ. അബ്ദുല്ലാഹ് ദര്‍റാസ് തുടങ്ങിയവരെല്ലാം വിവിധ രൂപത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നു.
ഖുര്‍ആനിലെ സൂറത്തുകളും സൂക്തങ്ങളും പരസ്പരബന്ധിതമാണെന്ന ചിന്ത വിചിത്രമോ ഒറ്റപ്പെട്ടതോ അല്ല, മറിച്ച് അത് മൗലികവും പ്രഗത്ഭ പണ്ഡിതന്മാര്‍ അംഗീകരിച്ചതുമാണെന്നാണ് ഉപരിസൂചിത പ്രസ്താവനകളില്‍നിന്നെല്ലാം വ്യക്തമാവുന്നത്. നല്ല അടുക്കും ചിട്ടയും ചേര്‍ച്ചയുടെ സൗന്ദര്യവുമാണ് ഒരു ഭാഷണത്തെ ഉത്കൃഷ്ടമാക്കുന്ന പ്രധാന ഘടകങ്ങള്‍. ഒരു പ്രതിഭാശാലിയുടെയും ഭ്രാന്തന്റെയും വാക്കുകളെ വേര്‍തിരിക്കുന്നത് അതാണ്. അങ്ങനെയെങ്കില്‍, ഭാഷണത്തിന്റെ സര്‍വസൗന്ദര്യങ്ങളും ഉള്‍ച്ചേര്‍ന്ന, അറബി സാഹിത്യത്തിന്റെ സമുന്നത വിതാനത്തില്‍ നിലകൊള്ളുന്ന ഖുര്‍ആന്റെ കാര്യം അനുക്തസിദ്ധമത്രെ.
താത്ത്വികമായി ഇതെല്ലാം അംഗീകരിക്കുമ്പോഴും പ്രായോഗികമായി (ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍) ഭീമമായ അഭിപ്രായാന്തരങ്ങള്‍ ഉണ്ടാവുന്നതെങ്ങനെയെന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം, ബുദ്ധിയുടെയും വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും കാര്യത്തില്‍ എല്ലാവരും ഒരേ നിലവാരത്തിലുള്ളവരല്ലല്ലോ.
അതേസമയം ഈ ചിന്തയെ എതിര്‍ക്കുന്ന ചിലരുണ്ടെങ്കിലും അവരുടെ വാദങ്ങള്‍ തീര്‍ത്തും ബാലിശമാണെന്ന് അവ പരിശോധിച്ചാല്‍ ബോധ്യമാവും. ഇമാം ശൗകാനി അക്കൂട്ടത്തിലൊരാളാണ്. പക്ഷേ, കൗതുകകരമെന്നു പറയട്ടെ, സ്വന്തം വാദം സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ മറുപക്ഷത്തിന്റെ വാദം സാധൂകരിക്കുകയാണ് അദ്ദേഹം ചെയ്തത് (ഫത്ഹുല്‍ ഖദീര്‍).
'നിളാം' പിന്തുടരുന്നതിന്റെ ഗുണഫലങ്ങള്‍:
1. വാചകത്തിന്റെ ശരിയായ വിവക്ഷയിലേക്ക് അത് വഴികാണിക്കുന്നു. അത് പരിഗണിക്കാതിരിക്കുമ്പോള്‍ ലക്ഷ്യത്തിലെത്താതെ ഇടറിവീഴുന്നു.
2. നിരവധി സാധ്യതകള്‍ മുന്നിലുണ്ടാകുമ്പോള്‍ ശരിയായത് തെരഞ്ഞെടുക്കാനുള്ള ചൂണ്ടുപലകയാണ് നിളാം.
3. ഖുര്‍ആനിലെ അനവധി നിധികളുടെ താക്കോലാണ് നിളാം. ഖുര്‍ആന്റെ അമാനുഷികതയുടെ രഹസ്യങ്ങളിലൊന്നും അതാണ്. ഖുര്‍ആനെ ഒരിക്കലും വറ്റാത്ത ഉറവകളും തീരാത്ത ഖനികളുമുള്ള സമുദ്രമായി നിലനിര്‍ത്തുന്നതും അതുതന്നെയാണ്.
4. നിളാം കാര്യങ്ങളെ അവയുടെ പരിപൂര്‍ണ രൂപത്തില്‍ അനാവരണം ചെയ്യുന്നു. അവയുടെ മൂല്യവും പ്രാധാന്യവും വെളിപ്പെടുത്തുന്നു. നിളാമിലേക്ക് നാം ശ്രദ്ധതിരിക്കുന്നില്ലെങ്കില്‍ നിരവധി കാര്യങ്ങള്‍ നമുക്ക് അജ്ഞാതമായിരിക്കും.
5. നിളാം ആവര്‍ത്തിക്കപ്പെട്ട സൂക്തങ്ങളുടെ ആശയങ്ങള്‍ക്ക് സ്വതന്ത്രമായ വ്യക്തിത്വം നല്‍കുന്നു. അതിന്റെ ഉന്നം നിര്‍ണയിക്കുന്നു. എന്നാല്‍ നിളാം ശ്രദ്ധിക്കാത്തവന് അവ തമ്മിലുള്ള ആശയവ്യത്യാസം തിരിച്ചറിയാനാവില്ല.
6. നിളാം ഖുര്‍ആനിലെ സാഹിത്യവശങ്ങളിലേക്ക് കണ്ണുകള്‍ തുറപ്പിക്കുന്നു. നിളാം പരിഗണിക്കാത്തവര്‍ക്ക് ആ സൗന്ദര്യം ആസ്വദിക്കാനാവില്ല; അറബി സാഹിത്യ കുലപതികളെ നിസ്സഹായരാക്കിയ ഖുര്‍ആന്റെ മികവ് മനസ്സിലാക്കാനാവില്ല.
7. നിളാം തിരിച്ചറിയുന്നത് പഠിതാവിന്റെ കണ്‍കുളിര്‍പ്പിക്കുന്നു, ഹൃദയത്തെ പ്രകാശമാനമാക്കുന്നു. ചാഞ്ചല്യമില്ലാത്ത ദൃഢബോധ്യത്തിന്റെ ശീതളഛായ അനന്തരമായി ലഭിക്കുന്നു.
8. അവതരണപശ്ചാത്തലം ഗ്രഹിക്കാന്‍ അത് സഹായിക്കുന്നു. നിളാം പരിഗണിക്കാത്തവന്‍ പരിഭ്രാന്തനാവുകയും അത് വ്യാഖ്യാനത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.
9. സൂക്തങ്ങളുടെ പരസ്പരബന്ധം മനസ്സിലാക്കുകയെന്നതാണ് വ്യാഖ്യാനവുമായി ബന്ധപ്പെട്ട വിവിധ രിവായത്തുകളെ നിരൂപണം നടത്താനും അവയുടെ ബലാബലം പരിശോധിക്കാനുമുള്ള ഫലപ്രദമായ ഉരക്കല്ല്.
10. ഖുര്‍ആന്‍ പഠനത്തില്‍ നിളാമിന് അര്‍ഹമായ പരിഗണന നല്‍കിയാല്‍, അത് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായിക്കും. ഒരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതുപോലെ സ്വഹീഹായ ഹദീസുകളുടെയെല്ലാം ആശയം ഖുര്‍ആനില്‍നിന്ന് എടുക്കപ്പെട്ടതാണ്.
(ഇംആനുന്നള്ര്‍ ഫീ നിളാമില്‍ ആയി വസ്സുവര്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്. ആശയസംഗ്രഹം: അബൂദര്‍റ് എടയൂര്‍)
Comments