നോമ്പ്: തിരുത്തപ്പെടേണ്ട ധാരണകള്‍
1. നിയ്യത്ത് ഉരുവിടല്‍
'നിയ്യത്ത്' എന്ന വാക്കിന് കരുതുക എന്നാണര്‍ഥം. കരുതല്‍ മനസ്സിലാണല്ലോ. എന്നുവച്ചാല്‍ നിയ്യത്തിന്റെ ഇടം മനസ്സാണ്, മനസ്സില്‍ കരുതാതെ അശ്രദ്ധമായി നാവുകൊണ്ട് ഉച്ചരിച്ചാല്‍ അത് നിയ്യത്താവുകയില്ല. നാവുകൊണ്ട് ഉച്ചരിക്കല്‍ നിയ്യത്തിന്റെ നിബന്ധനയല്ല. നബിയോ സ്വഹാബത്തോ നിയ്യത്ത് ഉരുവിടാറുണ്ടായിരുന്നില്ല (സാദുല്‍ മആദ്: 1/194). ഹൃദയസാന്നിധ്യമില്ലാതെ കേവലം നാവുകൊണ്ട് 'നിയ്യത്ത്' വെച്ചാല്‍ നോമ്പ് സ്വഹീഹാവുന്നതല്ല (തുഹ്ഫ 3/424). അത് നാവുകൊണ്ട് ഉച്ചരിക്കണമെന്നതിനോ തറാവീഹിനു ശേഷം ഇമാം ചൊല്ലിക്കൊടുത്ത് മഅ്മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക് രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത് ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.
'ഫജ്‌റിനു മുമ്പ് രാത്രി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല' (അബൂദാവൂദ്: 8161) എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് റമദാന്‍ നോമ്പായി പരിഗണിക്കണമെങ്കില്‍ ഓരോ രാത്രിയിലും നിയ്യത്ത് ചെയ്യുക തന്നെ വേണം എന്ന് പറയുന്നത്. തലേന്ന് നോമ്പ് മുറിക്കുന്ന സന്ദര്‍ഭത്തില്‍തന്നെ നാളെ പെരുന്നാളല്ല എന്ന ഉറപ്പ് ഉണ്ടാവുകയും നാളെ നോമ്പ് ഉപേക്ഷിക്കണമെന്ന് പ്രത്യേക തീരുമാനം ഇല്ലാതിരിക്കുകയും ചെയ്താല്‍ രാത്രിയില്‍തന്നെ അവന് നിയ്യത്തുണ്ടായിക്കഴിഞ്ഞു. പിറ്റേന്ന് നോമ്പെടുക്കണമെന്ന് ഉദ്ദേശിച്ച് കിടക്കുന്നതും ആ ഉദ്ദേശ്യത്തോടെ അത്താഴത്തിന് എഴുന്നേല്‍ക്കുന്നതുമെല്ലാം നിയ്യത്തായി പരിഗണിക്കപ്പെടും.
എന്നാല്‍ റമദാനിന്റെ ആദ്യത്തെ രാത്രിയില്‍ റമദാന്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കുന്നതായി കരുതിയാല്‍ എല്ലാ നോമ്പിനും ആ നിയ്യത്ത് മതിയെന്നാണ് മാലികീ മദ്ഹബ്. തദടിസ്ഥാനത്തില്‍ ഏതെങ്കിലും രാത്രിയില്‍ നിയ്യത്ത് മറന്നു പോവുന്നപക്ഷം നോമ്പനുഷ്ഠിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാന്‍ വേണ്ടി റമദാനിന്റെ അദ്യരാത്രി തന്നെ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കുമെന്ന് നിയ്യത്ത് ചെയ്യുന്നതാണ് ഉത്തമം.
നിയ്യത്ത് ചൊല്ലാന്‍ മറന്നു എന്ന് പറഞ്ഞു ഏതെങ്കിലും ഒരു സ്വഹാബി റമദാനിലെ നോമ്പ് ഉപേക്ഷിച്ച സംഭവം ഉദ്ധരിക്കപ്പെട്ടതായി കാണുന്നില്ല.
2. അത്താഴം കഴിക്കാതിരിക്കല്‍
അത്താഴം കഴിക്കല്‍ പ്രബലമായ സുന്നത്താണ്. സഹൂര്‍ എന്നാണ് അറബിയില്‍ അത്താഴത്തിന് പറയുക. പുലര്‍ച്ച സമയത്ത് കഴിക്കുന്ന ഭക്ഷണമായതിനാലാണ് സഹൂര്‍ എന്ന് പറയുന്നത്. രാത്രി പകുതിയാകുന്നതോടെ അത്താഴ സമയം തുടങ്ങും. സ്വുബ്ഹിയായോ എന്ന സംശയത്തിനിടയില്ലാത്തവിധം പരമാവധി സ്വുബ്ഹിയോട് അടുപ്പിക്കാന്‍ വേണ്ടി അത്താഴം പിന്തിക്കലാണ് സുന്നത്ത്. സ്വുബ്ഹിയാകുമ്പോഴേക്ക് വിശക്കുന്നവിധം അത്താഴം നേരത്തേ കഴിക്കണമെന്ന ധാരണ ശരിയല്ല.
അത്താഴത്തിന്റെ സമയം: സ്വുബ്ഹിന് തൊട്ടുമുമ്പ്, രാത്രിയുടെ അവസാനത്തിലാണ് അത്താഴത്തിന്റെ സമയം. സ്വുബ്ഹ് നമസ്‌കാരത്തിന് തൊട്ടു മുമ്പ് അത്താഴം കഴിക്കുന്നതാണ് സുന്നത്ത്.
സൈദുബ്‌നു സാബിതി(റ)ല്‍നിന്ന് നിവേദനം: നബി(സ)യോടൊപ്പം അവര്‍ അത്താഴം കഴിച്ചു. ശേഷം നമസ്‌കാരത്തിനു വേണ്ടി എഴുന്നേറ്റു. അനസ് (റ) പറയുന്നു: ഞാന്‍ (സൈദിനോട്) ചോദിച്ചു: 'അവക്കിടയില്‍ എത്ര സമയമുണ്ടായിരുന്നു?' അദ്ദേഹം പറഞ്ഞു: 'അമ്പതോ അറുപതോ ആയത്തുകള്‍ പാരായണം ചെയ്യാനുള്ള സമയം' (ബുഖാരി: 575, 576, മുസ്‌ലിം 1097).
അത്താഴം കഴിക്കുന്നതിന്റെ പുണ്യം: നബി(സ) പറഞ്ഞു: ''നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതാകുന്നു അനുഗൃഹീതമായ പ്രഭാത ഭക്ഷണം'' (സ്വഹീഹു ന്നസാഈ: 2163).
രാത്രി ഉറങ്ങാന്‍ കിടക്കും മുമ്പ് തന്നെ കഴിക്കുന്നതിന് ആ പുണ്യം ലഭിക്കുകയില്ല. നബി(സ) പറഞ്ഞു: ''അത്താഴം കഴിക്കല്‍ ബറകത്താണ്. അതിനാല്‍ നിങ്ങള്‍ അത് ഒഴിവാക്കരുത്. കുറച്ച് വെള്ളം കുടിച്ചിട്ടാണെങ്കിലും (നിങ്ങള്‍ അത്താഴം കഴിക്കുക). അല്ലാഹുവും മലക്കുകളും അത്താഴം കഴിക്കുന്നവരുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു'' (അഹ്മദ്: 3/12, അല്‍ബാനി ഈ ഹദീസ് ഹസനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്).
റമദാന്റെ തുടക്കത്തില്‍ ആ നേരത്ത് ഭക്ഷണം കഴിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടാവില്ല. എന്നാലും ദീനിന്റെ നിര്‍ദേശമുള്ളതുകൊണ്ട് മാത്രം ആ നേരത്ത് ഭക്ഷിക്കുക. അതുപോലെ കാലത്തെഴുന്നേറ്റാല്‍ ഭക്ഷണപാനീയങ്ങള്‍ കഴിച്ച് ശീലിച്ചവര്‍ ദൈവകല്‍പനയുള്ളതുകൊണ്ട് മാത്രം താല്‍പര്യമുണ്ടായിട്ടും കഴിക്കാതിരിക്കുക. ഈയൊരു അനുസരണ കാണിക്കുന്നവര്‍ക്കു വേണ്ടി മലക്കുകളടക്കം പ്രാര്‍ഥിക്കുന്നു. അതാണ് ഈ തിരുവരുളിന്റെ സാരം.
3. ബാങ്ക് കേള്‍ക്കുമ്പോള്‍ അത്താഴം
ബാങ്കുവിളിക്കുന്നത് നിശ്ചിത സമയത്ത് തന്നെയാണെന്നുറപ്പുണ്ടെങ്കില്‍ ബാങ്കുകേട്ട ഉടനെത്തന്നെ തീറ്റയും കുടിയും നിര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. വായില്‍ ഭക്ഷണമുണ്ടെങ്കില്‍ അത് തുപ്പിക്കളയുകയും വേണം. എങ്കിലേ നോമ്പ് ശരിയാവൂ. എന്നാല്‍ നിശ്ചിത സമയത്തിന് അല്‍പ നിമിഷങ്ങള്‍ മുമ്പാണ് ബാങ്ക് വിളിച്ചിരിക്കുന്നത് എന്ന് അറിവുണ്ടെങ്കില്‍, ചുരുങ്ങിയത് സംശയമെങ്കിലും ഉണ്ടെങ്കില്‍ ഉഷസ്സിന്റെ ഉദയം ഉറപ്പാകുവോളം ഭക്ഷിക്കാവുന്നതാണ്. ഇക്കാലത്ത് ഇത് പ്രയാസമുള്ള കാര്യമല്ല. കലണ്ടറും ഘടികാരവുമില്ലാത്ത വീടുകള്‍ ഉണ്ടാവില്ലല്ലോ.
ഇബ്‌നു അബ്ബാസിനോട് ഒരാള്‍ ചോദിച്ചു: 'അത്താഴം കഴിച്ചുകൊണ്ടിരിക്കെ എനിക്ക് സംശയം തോന്നിയാല്‍ ഞാന്‍ നിര്‍ത്തേണ്ടതുണ്ടോ?' അദ്ദേഹം പറഞ്ഞു: 'തിന്നോളൂ, സംശയം ഇല്ലാതാകുവോളം തിന്നോളൂ.' ഇമാം അഹ്മദ് പറഞ്ഞു: ഉഷസ്സിന്റെ കാര്യത്തില്‍ സംശയം ജനിച്ചാല്‍ ഉഷസ്സിന്റെ ഉദയം ഉറപ്പാകും വരെ ഭക്ഷിക്കാം.
ഇമാം നവവി പറയുന്നു: ഉഷസ്സില്‍ സംശയം ജനിക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കഴിക്കുന്നത് തുടരാന്‍ അനുവാദമുണ്ടെന്ന കാര്യത്തില്‍ ഇമാം ശാഫിഈയുടെ ശിഷ്യന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമാണുള്ളത്. ഉഷസ്സ് വേര്‍തിരിഞ്ഞുകാണുന്ന പരിധിവരെ നോമ്പിന്റെ രാത്രിയില്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു എന്നുള്ളതാണ് അതിന്റെ തെളിവ്. സംശയമുള്ള ഒരാള്‍ക്ക് ഉഷസ്സ് വേര്‍തിരിഞ്ഞിട്ടുണ്ടാവില്ലല്ലോ.
അല്ലാഹു പറയുന്നു: ''ഇനിമേല്‍ നിങ്ങള്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചത് കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊള്‍ക, ഉഷസ്സിലെ വെള്ളനൂല്‍ കറുപ്പുനൂലുമായി വേര്‍തിരിഞ്ഞു കാണുന്നതുവരെ''(2:187). ഇതില്‍നിന്ന്, ഉഷസ്സിന് വളരെ മുമ്പു തന്നെ പതിവായി വ്രതാനുഷ്ഠാനം ആരംഭിക്കുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ നബിയുടെ ചര്യയിലോ മാതൃകയില്ലാത്ത നടപടിയാണെന്ന് മനസ്സിലാക്കാം. അതൊരുതരം തീവ്രതയും അത്താഴം പിന്തിക്കുക എന്ന തിരുചര്യയുടെ നിരാസവുമാണ്.
അത്താഴത്തിനിടയില്‍ ബാങ്കു വിളിച്ചാല്‍: അബൂഹുറയ്‌റ നിവേദനം ചെയ്യുന്നു; നബി (സ) പറഞ്ഞു: ''പാത്രം കൈയിലിരിക്കെ നിങ്ങളാരെങ്കിലും ബാങ്കുവിളി കേട്ടാല്‍ തന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതുവരെ പാത്രം താഴെ വെക്കേണ്ടതില്ല''(അബൂദാവൂദ്: 2352).
ഈ ഹദീസ് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സമയമായാലും ബാങ്ക് കൊടുത്തു കഴിയുംവരെ തീറ്റയും കുടിയും നിര്‍ബാധം തുടരണമെന്നാണ് അവര്‍ മനസ്സിലാക്കിവെച്ചിരിക്കുന്നത്. ഇമാം ഖത്ത്വാബി പറഞ്ഞു: ഈ പറഞ്ഞത് 'ബിലാല്‍ രാത്രിയിലാണ് ബാങ്കുവിളിക്കുക, അതിനാല്‍ ഇബ്‌നു ഉമ്മിമക്തൂം ബാങ്കുവിളിക്കുന്നതു വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക' (ബുഖാരി: 623) എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതാണ്. അതല്ലെങ്കില്‍ സ്വുബ്ഹ് ആയോ എന്ന് സംശയം തോന്നുന്ന അവസ്ഥയില്‍ ബാങ്കു കേള്‍ക്കുമ്പോഴാണ്. ഉദാഹരണത്തിന്, ആകാശം മേഘാവൃതമായിരിക്കുന്ന അവസ്ഥയില്‍, ഫജ്‌റ് ആയെന്ന് മനസ്സിലാക്കാനുതകുന്ന യാതൊരു ലക്ഷണവും ഉണ്ടാവില്ല. ബാങ്കു കൊടുക്കുന്നയാള്‍ക്ക് അത് വെളിവായാല്‍ സ്വാഭാവികമായും ഇദ്ദേഹത്തിനും അത് വെളിവാകുമല്ലോ. പ്രഭാതം വിടര്‍ന്നു എന്ന് ബോധ്യമായാല്‍ പിന്നെ സ്വുബ്ഹ് ബാങ്കു കേള്‍ക്കണ്ടതുമില്ല. കാരണം പ്രഭാതം വിടരുന്നതോടെ അന്നപാനീയങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദേശം (മആലിമുസ്സുനന്‍: 526).
ഇമാം നവവിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ കാലത്ത്, അത്താഴം കഴിക്കുന്ന സമയത്ത് പ്രഭാതം ഉദിക്കും മുമ്പുതന്നെ ബാങ്കു വിളിക്കാറുണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍ (ശറഹുല്‍ മുഹദ്ദബ്: 6/312). ശൈഖ് ഖറദാവിയുടെ അഭിപ്രായവും ഇതുതന്നെ (ഫിഖ്ഹുസ്സ്വിയാം).
പ്രഭാതം വരെയാണ് അത്താഴ സമയം. ബാങ്കുവിളിച്ചാലും ഇല്ലെങ്കിലും അതിനുമുമ്പേ ഭക്ഷിക്കല്‍ അവസാനിപ്പിച്ചുകൊള്ളണം. അതാണ് സൂക്ഷ്മത. കാരണം. നമസ്‌കാരസമയത്തിന്റെ കൃത്യതക്കുവേണ്ടി ബാങ്കിന്റെ സമയം അല്‍പം പിന്തിപ്പിച്ചേക്കാം. ബാങ്കുകേള്‍ക്കുന്നതു വരെ വാരിവലിച്ചു തിന്നുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.
4. തുപ്പിക്കൊണ്ട് നടക്കല്‍
ശരീഅത്തിന്റെ വിധികള്‍ മനുഷ്യര്‍ക്ക് ഞെരുക്കമുണ്ടാക്കാനുദ്ദേശിച്ചുള്ളവയല്ല. പ്രത്യുത അവര്‍ക്ക് എളുപ്പമാക്കലും ഞെരുക്കം ഇല്ലാതാക്കലും അതിന്റെ മൗലിക ലക്ഷ്യങ്ങളില്‍ പെട്ടതാകുന്നു.
അല്ലാഹു പറയുന്നു: ''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല'' (അല്‍ബഖറ 185). മറ്റൊരിടത്ത് പറയുന്നു: ''അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനിഛിക്കുന്നു. എന്തെന്നാല്‍, മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്'' (അന്നിസാഅ് 26-28). വേറൊരു സ്ഥലത്ത് ഇങ്ങനെ കാണാം: ''ദീനില്‍ നിങ്ങളുടെ മേല്‍ ഒരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല'' (അല്‍ഹജ്ജ് 77,78).
അതിനാല്‍ സാധാരണഗതിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍കൊണ്ട് നോമ്പ് മുറിയുകയില്ല. ഇത് പണ്ഡിതന്മാരും ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇമാം ഇബ്‌നു ഖുദാമ പറയുന്നു: 'ഉമിനീരിറക്കുന്നതു പോലെ സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മുഖേന നോമ്പ് മുറിയുകയില്ല. അത് സൂക്ഷിക്കുക എന്നത് പ്രയാസമാണ്. വഴിയിലെ പൊടിപടലങ്ങള്‍, പത്തിരിപ്പൊടിയില്‍നിന്നുയരുന്നതിനോടൊക്കെയാണതിന് സാമ്യം. വായില്‍ ഊറിയ ഉമിനീര്‍ ബോധപൂര്‍വം ഒന്നിച്ചിറക്കിയാല്‍ പോലും നോമ്പു മുറിയുകയില്ല' (മുഗ്‌നി 316).
ഇമാം മതവല്ലിയും മറ്റും പറയുന്നതായി ഇമാം നവവി രേഖപ്പെടുത്തുന്നു: നോമ്പുകാരന്‍ വായ കൊപ്ലിച്ചാല്‍ വെള്ളം തുപ്പിക്കളയേണ്ടതാണ്. എന്നാല്‍ ശീലക്കഷ്ണമോ മറ്റോ ഉപയോഗിച്ച് വായ തുടച്ച് കളയണമെന്നില്ല. ഇതില്‍ അഭിപ്രായ വ്യത്യാസമില്ല (ശറഹുല്‍ മുഹദ്ദബ് 6327).
എന്നാല്‍, ഉമിനീരിനൊപ്പം മറ്റു വല്ല ഭക്ഷണപാനീയങ്ങളുടെയും അവശിഷ്ടം കലര്‍ന്നിട്ടുണ്ടെങ്കില്‍ തുപ്പിക്കളയുകതന്നെ വേണം. മധുരമുണ്ടോ ഉപ്പുണ്ടോ എന്നൊക്കെ നോക്കിയാലെന്ന പോലെ. അത്തരം സന്ദര്‍ഭങ്ങളില്‍ ഉമിനീര്‍ ഇറക്കാവതല്ല.
അതിനാല്‍ നോമ്പു നോറ്റവര്‍ ഇങ്ങനെ തുപ്പിക്കൊണ്ട് നടക്കേണ്ടതില്ല. പ്രവാചകനോ സ്വഹാബത്തോ സലഫുസ്സ്വാലിഹുകളോ അങ്ങനെ ചെയ്യാറുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല മറ്റുള്ളവര്‍ക്ക് അരോചകമാവുന്ന മോശം സ്വഭാവം കൂടിയാണത്.
എന്നാല്‍ കഫം തുപ്പിക്കളയുക തന്നെ വേണം. തൊണ്ടയുടെ അങ്ങേയറ്റം പോലെ വായക്കുള്ളില്‍ അല്ലാതെയുള്ള കഫം ഇറക്കിപ്പോയതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ കാര്‍ക്കിച്ച ശേഷമോ മൂക്ക് വലിച്ചോ ഉണ്ടാകുന്ന കഫം ഇറക്കാന്‍ പാടില്ല. അത് തുപ്പിക്കളയുകയാണ് വേണ്ടത്. വിസര്‍ജ്യമെന്ന നിലക്ക് നോമ്പല്ലാത്തപ്പോഴും അത് തുപ്പിക്കളയേണ്ടതാണെന്ന് ഫുഖഹാക്കള്‍ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം വിശദാംശങ്ങള്‍ കൂടുതല്‍ അറിയണമെന്നുള്ളവര്‍ ഇമാം നവവി രേഖപ്പെടുത്തിയത് കാണുക (ശറഹുല്‍ മുഹദ്ദബ്: 6319).
എന്നാല്‍, ഉമിനീരുപോലെ തന്നെയാണിതിന്റെയും വിധിയെന്നും അതിറക്കിയതുകൊണ്ട് നോമ്പിനെ ബാധിക്കില്ലെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. ഹനഫി ഫിഖ്ഹ് ഗ്രന്ഥമായ (അല്‍ ബഹ്‌റു റാഇഖ്: 2/294) കാണുക. ആധുനിക സലഫീ പണ്ഡിതന്മാരും ഇതേ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്.
5. കുളിക്കാതിരിക്കല്‍
നോമ്പുകാരന്‍ കുളിക്കുന്നതിനോ വെള്ളത്തില്‍ മുങ്ങുന്നതിനോ വിരോധമില്ല. ''ദാഹത്താലോ ചൂട് കാരണത്താലോ നബി(സ) നോമ്പുകാരനായിരിക്കെ തലയില്‍ വെള്ളമൊഴിച്ചിരുന്നു'' (സ്വഹീഹു അബീദാവൂദ് 2004). ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ 'നോമ്പുകാരന്റെ കുളി' എന്ന അധ്യായത്തില്‍ ഉദ്ധരിക്കുന്നു. ഇബ്‌നു ഉമര്‍(റ) നോമ്പുകാരനായിരിക്കെ ഒരു തുണി നനച്ച് ദേഹത്തിട്ടിരുന്നു. അനസ്(റ) പറയുന്നു: എനിക്കൊരു ചെമ്പുകൊണ്ടുള്ള ഹൗള് (ജലസംഭരണി) ഉണ്ടായിരുന്നു. നോമ്പുകാരനായിരിക്കെ ഞാനതില്‍ ഇറങ്ങി കുളിക്കാറുണ്ടായിരുന്നു (അല്‍ബാനിയുടെ മുഖ്തസ്വറുല്‍ ബുഖാരി1/599). വായിലൂടെ വെള്ളം അകത്തു കടക്കാത്ത വിധം വെള്ളത്തില്‍ മുങ്ങുന്നതും തെറ്റല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
നോമ്പുകാരന്‍ കുളത്തിലോ കടലിലോ നീന്തുന്നതില്‍ വിരോധമില്ല; അത് ആഴമുള്ളതാണെങ്കിലും അല്ലെങ്കിലും ശരി. അവന് ഇഷ്ടംപോലെ നീന്തുകയും മുങ്ങുകയുമൊക്കെയാവാം. പക്ഷേ, വെള്ളം ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കണം. നീന്തല്‍ നോമ്പുകാരന് ഉന്മേഷം പകരുകയും അത് അവന്റെ നോമ്പിന് സഹായകമാവുകയും ചെയ്യും. അല്ലാഹുവിനെ അനുസരിക്കാന്‍ കൂടുതല്‍ ഉന്മേഷം നല്‍കുന്ന സംഗതികള്‍ വിലക്കപ്പെടാവതല്ല.
വായില്‍ വെള്ളം കയറ്റി കൊപ്ലിക്കുന്നതിനോ ഉഷ്ണമകറ്റാന്‍ വെള്ളമൊഴിച്ച് ശരീരം തണുപ്പിക്കുന്നതിനോ വിരോധമില്ലെന്ന് ഇമാം ഹസനുല്‍ ബസ്വരിയും, നോമ്പെടുക്കുന്നവര്‍ എണ്ണതേച്ച് മുടിചീകിവെച്ചുകൊള്ളട്ടേയെന്ന് ഇബ്‌നു മസ്ഊദും പറഞ്ഞതായും, നോമ്പുകാരനായിരിക്കെ നബി(സ) പല്ല് തേക്കാറുണ്ടായിരുന്നുവെന്നും, രാവിലെയെന്നോ വൈകുന്നേരമെന്നോ നോക്കാതെ ഇബ്‌നു ഉമര്‍ (റ) ദന്തശുദ്ധി വരുത്താറുണ്ടായിരുന്നുവെന്നും 'നോമ്പുകാരന്റെ കുളി' എന്ന അധ്യായത്തില്‍ ഇമാം ബുഖാരി രേഖപ്പെടുത്തുന്നു.
വെള്ളം കയറിയാല്‍ നോമ്പ് മുറിയുന്ന ദ്വാരങ്ങളില്‍ (ഉദാ: ചെവി, മൂക്ക്) നോമ്പ് മുറിയുന്ന ഭാഗത്തേക്ക് വെള്ളം കയറ്റണമെന്ന് ജനാബത്ത് കുളിയില്‍ നിര്‍ബന്ധമില്ല. കുളിക്കുന്നതിനിടയില്‍ പ്രസ്തുത ദ്വാരങ്ങളില്‍നിന്ന് കഴുകല്‍ നിര്‍ബന്ധമായ ഭാഗം കഴുകുമ്പോള്‍ നോമ്പ് മുറിയുന്ന ഭാഗത്തേക്ക് വെള്ളം കയറിയാല്‍ അതുകൊണ്ടു നോമ്പ് മുറിയുകയുമില്ല (ഫത്ഹുല്‍ മുഈന്‍).
6. സുഗന്ധം വെടിയല്‍
സുഗന്ധം ഉപയോഗിക്കുന്നതുകൊണ്ട് നോമ്പു മുറിയുകയില്ല. നോമ്പുകാരന്‍ സുഗന്ധം ഉപയോഗിക്കല്‍ കറാഹത്താണ് എന്ന് ചില ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. പക്ഷേ അതിനു എന്തെങ്കിലും പ്രമാണമുള്ളതായി കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല സുഗന്ധം ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച പ്രവാചകന്‍ നോമ്പുകാരനെ അതില്‍നിന്ന് ഒഴിവാക്കിയതായി അറിയില്ല.
7. ദന്തശുദ്ധി വരുത്തലും പേസ്റ്റ് ഉപയോഗിക്കലും
ഈര്‍പ്പമുള്ള പച്ച അറാക്കിന്റെ മിസ്‌വാക്കുകൊണ്ട് പല്ലുതേക്കാമെന്ന് ഇമാം ഇബ്‌നു സീരീന്‍ പറഞ്ഞപ്പോള്‍ ആ കമ്പിന് രുചിയുണ്ടാവുമല്ലോ എന്ന് ആളുകള്‍ ചോദിച്ചു. വെള്ളത്തിനും അതിന്റേതായ രുചിയുണ്ടല്ലോ, എന്നിട്ടും നിങ്ങള്‍ വായില്‍ വെള്ളം കൊപ്ലിക്കുന്നില്ലേ എന്ന് ഇമാം തിരിച്ചു ചോദിച്ചു. 'നോമ്പുകാരന്റെ കുളി' എന്ന അധ്യായത്തില്‍ ഇമാം ബുഖാരി ഇത് രേഖപ്പെടുത്തുന്നു. ഇതെല്ലാം വെച്ചുകൊണ്ടാണ് പേസ്റ്റ് ഉപയോഗിച്ച് നോമ്പുകാരന് എപ്പോള്‍ വേണമെങ്കിലും പല്ലുതേക്കാമെന്ന് ആധുനികരായ ഫുഖഹാക്കള്‍ ഫത്‌വ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഉള്ളിലേക്ക് ഇറങ്ങാതെ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.
വായ്‌നാറ്റത്തിന്റെ അസുഖമുള്ളവര്‍ക്കും മറ്റും അത് മറ്റുള്ളവര്‍ക്ക് ശല്യമാവാതിരിക്കാന്‍ മൗത്ത് വാഷ് പോലുള്ളവ കൊണ്ട് വായ കഴുകുന്നതോ, സ്‌പ്രേകള്‍ ഉപയോഗിക്കുന്നതോ നോമ്പിനെ തകരാറിലാക്കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫതാവാ ശൈഖ് സ്വാലിഹ് ഫൗസാന്‍: 3/121).
8. സമയമായിട്ടും നോമ്പ് മുറിക്കാന്‍ വൈകിക്കല്‍
സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞാല്‍ നോമ്പ് തുറക്കാന്‍ വൈകിക്കുന്നത് പ്രവാചക ചര്യക്കെതിരാണ്. നബി(സ) പറയുന്നു: ''നോമ്പ് തുറക്കാന്‍ ധൃതി കാണിക്കുന്ന കാലത്തോളം ജനങ്ങള്‍ അനുഗ്രഹത്തിലായിരിക്കും'' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. ''ആളുകള്‍ നോമ്പുതുറക്കാന്‍ ധൃതി കാണിക്കുന്ന കാലത്തോളം ദീന്‍ (ഇസ്‌ലാം) മികച്ചുതന്നെ നില്‍ക്കും. കാരണം ജൂതന്മാരും ക്രിസ്ത്യാനികളും നോമ്പുതുറ വൈകിക്കുന്നവരാണ്'' (അബൂദാവൂദ്).
പ്രവാചകന്റെ നോമ്പുതുറയെ കുറിച്ച് അനസ് (റ) പറയുന്നു: പ്രവാചകന്‍ (മഗ്‌രിബ്) നമസ്‌കാരത്തിനു മുമ്പ് ഏതാനും ഈത്തപ്പഴം തിന്നുകൊണ്ട് നോമ്പ് തുറക്കുമായിരുന്നു. ഈത്തപ്പഴമില്ലെങ്കില്‍ കാരക്കകൊണ്ടും അതുമല്ലെങ്കില്‍ ഏതാനും ഇറക്ക് വെള്ളം കൊണ്ടും അദ്ദേഹം നോമ്പ് അവസാനിപ്പിക്കുമായിരുന്നു (അഹ്മദ്).
9. കാരക്കക്ക് മുന്‍ഗണന
ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ് നബി(സ) നോമ്പ് തുറന്നിരുന്നതെന്ന് അനസ്(റ) പറഞ്ഞതായി അബൂദാവൂദ്, തിര്‍മിദി, അഹ്മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
'ഈത്തപ്പഴം കൊണ്ടാണ് നിങ്ങള്‍ നോമ്പ് തുറക്കേണ്ടത്; അത് കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട്. അത് ശുദ്ധീകരണ ക്ഷമമാകുന്നു' എന്ന് റസൂല്‍(സ) പറഞ്ഞതായി സല്‍മാന്‍ ബിന്‍ ആമിറി(റ)ല്‍നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സുലൈമാനുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: 'നിങ്ങളോരോരുത്തരും നോമ്പ് തുറക്കുന്നത് ഈത്തപ്പഴം കൊണ്ടായിരിക്കണം. അത് കിട്ടാനില്ലെങ്കില്‍ വെള്ളംകൊണ്ട് നോമ്പ് തുറക്കാം. അത് ശുദ്ധീകരണക്ഷമമത്രെ' (അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്). നോമ്പ് തുറക്കുമ്പോള്‍ ഏറ്റവുമാദ്യമായി ഈത്തപ്പഴം കഴിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം. ഈ ഹദീസില്‍ 'തംറ്' എന്ന അറബി പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഇതിന് പലരും കാരക്ക എന്നാണ് അര്‍ഥം പറയാറുള്ളതെങ്കിലും ഉണക്കി ജലാംശം തീര്‍ത്തും വറ്റിച്ചതല്ല ഇവിടെ ഉദ്ദേശ്യം. ഈത്തപ്പഴം എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന പഴുത്തുപാകമായതിനാണ് അറബികള്‍ തംറ് എന്നു പറയുന്നത്. കടിച്ചു ചവയ്ക്കാന്‍ പ്രയാസമുള്ള ഉറപ്പേറിയ കാരക്ക നോമ്പ് തുറക്കാന്‍ കൂടുതല്‍ വിശേഷപ്പെട്ടതാണെന്നതിന് പ്രത്യേക തെളിവൊന്നുമില്ല.
10. അമിത ഭോജനം
ഹലാലായ ഭക്ഷണം തന്നെയായാലും നോമ്പുകാലത്ത് അമിതമായി വയര്‍ നിറക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ നോമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നഷ്ടമായിപ്പോകുമെന്നതും സത്യമാണ്. ശാരീരിക ഇഛകളെയും മൃഗീയ സ്വഭാവങ്ങളെയും അകറ്റിനിര്‍ത്തി ഒരു മലക്കിന്റെ സ്വഭാവ ഗുണങ്ങളാര്‍ജിച്ച ഉത്കൃഷ്ട വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുക എന്ന പരിപാവനമായ ലക്ഷ്യം വ്രതാനുഷ്ഠാനം വഴി സാധിക്കേണ്ടതുണ്ട്. അതിനുവേണ്ടി രാത്രി സമയത്തായാലും അമിതാഹാരം ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. നോമ്പിന്റെ മര്യാദകള്‍ വിവരിക്കവെ ഇമാം ഗസാലി ഇക്കാര്യം എടുത്തു പറഞ്ഞതായി കാണാം (ഇഹ്‌യാ ഉലൂമിദ്ദീന്‍)
പകലന്തിയോളം പട്ടിണി കിടന്ന് രാത്രി സമയത്ത് മൂക്കറ്റം തിന്നുകഴിയുന്നവര്‍ നോമ്പിന്റെ മഹത്വവും ലക്ഷ്യവും അറിയാത്തവരാണ്. മിതമായ ആഹാരവും പാനീയവുമാണ് നോമ്പുകാലത്ത് ശീലിക്കേണ്ടത്. അമിതാഹാരം അത്യാപത്ത് വിളിച്ചുവരുത്തും. നോമ്പിലൂടെ നേടാനുള്ള എല്ലാ നന്മകളും അത് നഷ്ടപ്പെടുത്തും. മറ്റു കാലത്തൊന്നും കഴിക്കാത്ത വിഭവസമൃദ്ധമായ സദ്യകളാണ് പലേടത്തും റമദാനില്‍. നാല്‍പ്പതു തരം അപ്പത്തരങ്ങളും നൂറുകൂട്ടം വിഭവങ്ങളുമുണ്ടാക്കി സ്ത്രീകള്‍ രാപ്പകലുകളാകെ അടുക്കളയില്‍ ചെലവഴിക്കുകയാണ്. ഖുര്‍ആന്‍ പാരായണം, തറാവീഹ് തുടങ്ങിയ പുണ്യകര്‍മങ്ങളൊക്കെ ഉപേക്ഷിച്ച് നോമ്പുതുറ, കഞ്ഞി, അത്താഴം, മുത്താഴം ഇങ്ങനെ പല പേരിലും മണിക്കൂറുകള്‍ ഇടവിട്ട് വിളമ്പി കുട്ടികളെയും കുടുംബക്കാരെയും തീറ്റി മയക്കാനും അത് വലിയ പുണ്യമായി ഗണിക്കാനും ശ്രമിക്കുന്നവര്‍ മഹാ നഷ്ടത്തിലാണെത്തിച്ചേരുക.
മഹാനായ ലുഖ്മാന്‍ എന്ന ഭിഷഗ്വരന്‍ തന്റെ മകനോടു പറഞ്ഞു: ''മകനേ! വയര്‍ നിറയെ ആഹരിക്കരുത്. നിറവയറ്റില്‍ ഓര്‍മകള്‍ മങ്ങും. ജ്ഞാനമണ്ഡലം ബധിരമാകും. അവയവങ്ങള്‍ പരിക്ഷീണമാകും. മിതാഹാരം പ്രയോജനകരമാണ്. അമിതാഹാരം നാശഹേതുകവും. അത് ഹൃദയഭാരം കൂട്ടും. ഹൃദയഭാരം ഹൃത്തിനെയും മനസ്സിനെയും തകര്‍ക്കും.'' മിതാഹാരത്തിന്റെയും നോമ്പിന്റെയും ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു ഈ മഹദ്‌വചനം.
ഇമാം ഗസാലി രേഖപ്പെടുത്തിയിരിക്കുന്നത് കാണുക: ''വിശക്കുമ്പോഴല്ലാതെ കൈ വായിലേക്ക് ഉയര്‍ത്താതിരിക്കുകയാണ് ഭക്ഷണമര്യാദ. ഭക്ഷിക്കുകയാണെങ്കില്‍ വിശപ്പു പറ്റെ ഒടുങ്ങും മുമ്പ് കൈ പിന്‍വലിക്കുകയും വേണം. ഇതാരെങ്കിലും ശീലമാക്കിയാല്‍ അവന് വൈദ്യനെ കാണേണ്ടിവരില്ല.''
Comments