Prabodhanm Weekly

Pages

Search

2017 ജൂണ്‍ 02

3004

1438 റമദാന്‍ 07

ഖുര്‍ആന്‍ ചാലകശക്തിയാകുന്നത്

പി.കെ ജമാല്‍

ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇന്ന് മുസ്‌ലിം ലോകവും മുസ്‌ലിം സമൂഹവും കടന്നുപോകുന്നത്. ഉള്ളിലുള്ള ശത്രുതയും പകയും മറച്ചുവെച്ച് മുസ്‌ലിം സമൂഹത്തോട് ഇടപെടാന്‍ മുമ്പൊക്കെ എതിരാളികള്‍ ശ്രമിച്ചിരുന്നു. ഇന്ന്, പക്ഷേ സ്ഥിതി മാറി. വിവിധ രംഗങ്ങളില്‍ മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയങ്ങളും തിരിച്ചടിയും ശത്രുഹൃദയങ്ങളില്‍ ആഹ്ലാദമുളവാക്കാന്‍ പോന്നവയാണ്. തന്മൂലം മുസ്‌ലിം സമൂഹത്തോട് തങ്ങളുടെ നെഞ്ചകങ്ങളില്‍ കത്തുന്ന രോഷത്തിന്റെയും വൈരാഗ്യത്തിന്റെയും തീ പുറമേക്ക് ആളിപ്പടര്‍ന്നാലും പ്രശ്‌നമില്ലെന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. അന്താരാഷ്ട്രവേദികളില്‍ പരസ്യമായി പ്രകടിപ്പിക്കുന്ന ഇസ്‌ലാംവിരോധത്തിന്റെ നിരവധി ഉദാഹരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇസ്‌ലാമോഫോബിയ എത്ര ആഴത്തിലാണ് വേരോടിയതെന്ന് അതിശയിച്ചുപോകും. നാനാഭാഗത്തു നിന്നും ശത്രുക്കളാല്‍ വലയപ്പെട്ട സമൂഹം രക്ഷക്കും മോചനത്തിനും വേണ്ടി കേണുകൊണ്ടിരിക്കുമ്പോള്‍ നബിയുടെ ഒരു വചനം സത്യമായി പുലരുകയാണോ എന്ന് തോന്നാം: ''വിശന്നവര്‍ ഭക്ഷണത്തളികയുടെ മേല്‍ ചാടിവീഴുന്ന പോലെ സമൂഹങ്ങള്‍ നിങ്ങളുടെ മേല്‍ ആക്രമണോത്സുകമായി ചാടിവീഴുന്ന ഒരു കാലം അടുത്തിരിക്കുന്നു.'' ഒരാള്‍ ചോദിച്ചു: ''ഞങ്ങള്‍ ന്യൂനപക്ഷമാവുന്നത് മൂലമാണോ അങ്ങനെ സംഭവിക്കുക?'' നബി(സ) പ്രതിവചിച്ചു: ''അല്ല, നിങ്ങള്‍ അന്ന് ഏറെയുണ്ടാവും. മലവെള്ളപ്പാച്ചിലിലെ ചപ്പുചവറുകളെപോലെ ചവറുകളായിരിക്കും നിങ്ങള്‍. ശത്രുഹൃദയങ്ങളില്‍നിന്നും നിങ്ങളെ സംബന്ധിച്ചുള്ള ഗൗരവവും ഭയവും അല്ലാഹു എടുത്തുകളയും. നിങ്ങളുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യം ഇട്ടുതരും.'' ഒരാളുടെ ചോദ്യം: ''എന്താണ് ദൗര്‍ബല്യമെന്നു വെച്ചാല്‍?'' റസൂല്‍: ''ഇഹലോകത്തോടുള്ള ആസക്തിയും മരണത്തോടുള്ള വെറുപ്പും'' (അഹ്മദ്, അബൂദാവൂദ്).

മുസ്‌ലിംകള്‍ക്ക് വിപത്ത് വന്നണയുമ്പോള്‍ ദൈവികശിക്ഷയാണെന്ന വിലയിരുത്തല്‍ ഉണ്ടാവാറുണ്ട്. അത് ശരിയുമാണ്. ഖുര്‍ആന്‍ ഈ വശം വ്യക്തമാക്കുന്നതിങ്ങനെ: ''ഒരു ജനത്തിന് നല്‍കിയ യാതൊരു അനുഗ്രഹവും ആ ജനം തങ്ങളുടെ കര്‍മരീതി സ്വയം മാറ്റുന്നതുവരെ അല്ലാഹു മാറ്റുന്നതല്ല എന്ന തത്ത്വമനുസരിച്ചാണ് ഇതെല്ലാം. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (അല്‍അന്‍ഫാല്‍ 53). നമ്മുടെ നാശഗര്‍ത്തങ്ങള്‍ നാം തന്നെ കുഴിക്കുകയായിരുന്നു. ''അല്ലാഹു ജനങ്ങളെ ഒട്ടും അക്രമിക്കുന്നില്ല എന്നതാകുന്നു സത്യം. ജനം തങ്ങളോടുതന്നെ അക്രമം ചെയ്യുകയാകുന്നു'' (യൂനുസ് 44).

ലക്ഷ്യവിസ്മൃതിയില്‍ അകപ്പെട്ട ഒരു സമൂഹത്തിന്റെ ദുഷ്പരിണതിയാണിതെല്ലാം. തങ്ങളുടെ ജീവിതദൗത്യം മറന്ന ഒരു സമൂഹത്തിനും വിജയം വിധിച്ചിട്ടില്ല. റസൂല്‍ നല്‍കിയ മുന്നറിയിപ്പ് കാണുക: ''നിങ്ങള്‍ പിന്‍വാതിലിലൂടെ പലിശയിടപാട് നടത്തുകയും പശുക്കളുടെ വാലും പിടിച്ച് നടക്കുകയും കൃഷിയില്‍ സായൂജ്യമടയുകയും ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹു നിങ്ങള്‍ക്കു മേല്‍ പതിത്വവും നിന്ദ്യതയും അടിച്ചേല്‍പിക്കും. നിങ്ങള്‍ നിങ്ങളുടെ ദീനിലേക്ക് തിരിച്ചുപോകാതെ അത് അവന്‍ നീക്കിക്കളയില്ല'' (അബൂദാവൂദ്). മുസ്‌ലിം ലോകം അകപ്പെട്ട പതിതാവസ്ഥയുടെ യഥാര്‍ഥ കാരണമാണ് എണ്ണിപ്പറഞ്ഞത്. ഭൗതികമാത്രമായ ജീവിത വീക്ഷണത്തിന്റെ തടവുകാരായിത്തീരുന്ന സമൂഹത്തിന്റെ ഹൃദയത്തില്‍നിന്ന് നീതിക്കും ധര്‍മത്തിനും ദീനിനും വേണ്ടി നിലകൊള്ളുകയും അവയുടെ സംസ്ഥാപനത്തിന് അനവരതം യത്‌നിക്കുകയും ചെയ്യേണ്ട സമയം വേഗം തിരോഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിനാശത്തിന്റെ അഗാധഗര്‍ത്തത്തില്‍ ആപതിക്കുന്ന ആ സമൂഹത്തിന്റെ ആത്മാഭിമാനം നഷ്ടപ്പെടും. അപകര്‍ഷബോധത്തിനിരയായി നിന്ദ്യത ഏറ്റുവാങ്ങുകയേ പിന്നെയവര്‍ക്ക് നിര്‍വാഹമുള്ളൂ. സ്വയം കൃതാനര്‍ഥത്തിന്റെ ഇത്തരം ഒരു ദുര്‍ഭഗ സാഹചര്യത്തില്‍ സ്രഷ്ടാവായ അല്ലാഹുവിലേക്ക് തിരിച്ചുചെല്ലുകയേ വഴിയുള്ളൂ. ജീവിത വീക്ഷണം, ജീവിത രീതി, സമ്പ്രദായം, അനുഷ്ഠാനം, പെരുമാറ്റം തുടങ്ങി സര്‍വ രംഗങ്ങളിലും അടിസ്ഥാനപരമായ മാറ്റത്തിന് തയാറായാല്‍ മാത്രമേ ഇന്ന് അകപ്പെട്ട പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാനൊക്കൂ. ''ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല. ഒരു ജനതക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവനു പുറമെ അവര്‍ക്ക് ഒരു രക്ഷാധികാരിയുമില്ല'' (അര്‍റഅ്ദ് 11). ദൈവിക സഹായം സൃഷ്ടികളുടെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതാകുന്നു'' (മുഹമ്മദ് 7).


മാറ്റത്തിന്റെ രീതിശാസ്ത്രം

മാറ്റത്തിനുള്ള മുറവിളി സമുദായാന്തരീക്ഷത്തില്‍നിന്ന് മുഴങ്ങുമ്പോള്‍ സ്വഭാവികമായി ഉയരുന്ന ചോദ്യം: എന്താണ് മാറ്റത്തിന്റെ മാനദണ്ഡം? മാറ്റത്തിന്റെ രീതിശാസ്ത്രം എന്താണ്? ഇരുട്ടിന്റെ കയങ്ങളില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന മനുഷ്യന് മോചനത്തിന്റെ മാര്‍ഗം കാണിച്ചുകൊടുക്കുന്നുണ്ട് ദൈവം. മുന്നോട്ടുപോകാനാവശ്യമായ വിളക്കും വെളിച്ചവും നല്‍കിയ സ്രഷ്ടാവ് മനുഷ്യനോടുള്ള കാരുണ്യത്തിന്റെയും ദയാവായ്പിന്റെയും അടയാളമെന്നോണം പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുകയും അതിന്റെ ഭാഷ്യവും വ്യാഖ്യാനവുമായി ജീവിച്ച ഒരു പ്രവാചകനെ കനിഞ്ഞേകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ വേദഗ്രന്ഥത്തോട് മുസ്‌ലിം സമൂഹം കൈക്കൊണ്ട നിലപാടെന്താണ്? ആ ദൈവദൂതന് തങ്ങളുടെ ജീവിതത്തില്‍ നല്‍കിയ സ്ഥാനമെന്താണ്? രോഗശയ്യക്കരികിലും മൃതശരീരത്തിന്റെ ചാരത്തും പുണ്യത്തിന് പാരായണം ചെയ്യേണ്ട ദൈവിക വചനങ്ങള്‍ മാത്രമാണ് ഇന്ന് പലര്‍ക്കും ഖുര്‍ആന്‍. പാരായണ നിയമങ്ങള്‍ കണിശമായി പാലിച്ച് മധുരമനോഹരമായി ഓതുന്നതില്‍ ഒതുങ്ങിയിരിക്കുന്ന ഖുര്‍ആനിനോടുള്ള കൂറും പ്രതിബദ്ധതയും. ദൈവികഗ്രന്ഥത്തിന്റെ അക്ഷരങ്ങളില്‍ അഭിരമിച്ച്  ആശയം അവഗണിക്കുന്ന വിചിത്ര സമീപനമാണ് സമൂഹത്തിന്റേത്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി ഈണത്തില്‍ പാരായണം ചെയ്യാന്‍ നൈപുണിയാര്‍ജിച്ച ആയിരക്കണക്കില്‍ ഹാഫിളുകളുണ്ട് ലോകത്ത്; ബില്യന്‍ കണക്കിന് ഖുര്‍ആന്‍ പ്രതികളും പ്രചാരത്തിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സമുദായത്തിന്റെ ദുഃസ്ഥിതിക്ക് അറുതി വരാത്തത്? ഖുര്‍ആനോടുള്ള സമീപനത്തിലെ അപാകതകളും വൈകല്യങ്ങളും തന്നെയാണ് കാരണം.

ഖുര്‍ആനിന്റെ വെളിച്ചമാണ് മുന്‍ഗാമികളെ നയിച്ചത്. അവര്‍ക്ക് സുസ്ഥിതി കൈവന്നതും അതുകൊണ്ടുതന്നെ. ലോകനേതൃത്വം അവരുടെ കൈകളിലായി. അതാണ് ഇമാം മാലിക്(റ) പറഞ്ഞത്: ''മുസ്‌ലിം സമുദായത്തിന്റെ ആദ്യം ഏതൊന്നുകൊണ്ടാണോ നന്നായത്, അതുകൊണ്ടല്ലാതെ അതിന്റെ അന്ത്യവും നന്നാവുകയില്ല. ഖുര്‍ആന്‍ കൊണ്ട് മാത്രമാണ് അതിന്റെ ആദ്യകാലം നന്നായത്.'' ഭാവിയിലെ കെട്ടകാലങ്ങളില്‍ ഒരേയൊരു മോചനമാര്‍ഗം ഖുര്‍ആനിലാണെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. ഹുദൈഫതുബ്‌നുല്‍ യമാന്‍(റ) ഒരു സന്ദര്‍ഭത്തില്‍ നബി(സ)യോട് തിരക്കി: ''ഞങ്ങളിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ നല്ല കാലത്തിനു ശേഷം വിപത്തുകള്‍ നിറഞ്ഞ കെട്ടകാലം വരാനുണ്ടോ റസൂലേ?'' നബി(സ)യുടെ അസന്ദിഗ്ധമായ മറുപടി: ''ഹുദൈഫാ, താങ്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥം മുറുകെ പിടിക്കുക. അത് പഠിക്കുക, അതിനെ അനുധാവനം ചെയ്യുക.'' ഉപദേശം മൂന്ന് വട്ടം  ആവര്‍ത്തിച്ചു നബി(സ). 

തന്റെ കാലശേഷം കരുതലോടെ കഴിയാന്‍ ദൈവികഗ്രന്ഥം അനിവാര്യമാകുമെന്നും നബി(സ) ഉണര്‍ത്തി: ''ജനങ്ങളേ, ഞാനൊരു മനുഷ്യന്‍ മാത്രമാണ്. എന്നെ വിളിച്ചുകൊണ്ടുപോകാന്‍ എന്റെ നാഥന്റെ ദൂതന്‍ വരാന്‍ കാലമായിരിക്കുന്നു. എനിക്ക് ആ വിളിക്ക് ഉത്തരം നല്‍കേണ്ടിവരും. രണ്ട് കനത്ത ഭാരങ്ങള്‍ നിങ്ങളെ ഏല്‍പിച്ചുകൊണ്ടാണ് ഞാന്‍ വിടപറയുന്നത്. അതില്‍ ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്. അതില്‍ വെളിച്ചവും മാര്‍ഗദര്‍ശനവുമുണ്ട്. അത് മുറുകെ പിടിക്കുകയും അതിലെ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളുകയും ചെയ്താല്‍ സത്യസരണിയിലൂടെ മുന്നോട്ടുപോകാം. അതില്‍ വീഴ്ച പറ്റിയാല്‍ മാര്‍ഗഭ്രംശം സംഭവിക്കും'' (അഹ്മദ്). 'അവര്‍ വേദഗ്രന്ഥം പുറകോട്ടു വലിച്ചെറിഞ്ഞു' (ആലുഇംറാന്‍ 187) എന്ന ഖുര്‍ആനിക വാക്യം ശഅബി(റ) വ്യാഖ്യാനിക്കുന്നതിങ്ങനെ: ''വേദഗ്രന്ഥം അവരുടെ മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതനുസരിച്ചുള്ള പ്രവര്‍ത്തനം അവര്‍ വേണ്ടെന്നുവെച്ചു. ഒരാള്‍ ഒന്നിനെ കൈയൊഴിച്ചു എന്നു പറഞ്ഞാല്‍ അത് പിറകിലേക്ക് വലിച്ചെറിഞ്ഞു എന്നര്‍ഥം'' (ഫളാഇലുല്‍ ഖുര്‍ആന്‍, അബൂ ഉബൈദ്).

സമഗ്രമാറ്റത്തിന്റെ വിശദാംശങ്ങള്‍

വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ ഖുര്‍ആനിന് വരുത്താന്‍ കഴിയുന്ന മാറ്റങ്ങളെന്തൊക്കെയാണ്?

* ബുദ്ധിയെയും ബോധമണ്ഡലത്തെയും പുനഃസംവിധാനിക്കുന്ന ഖുര്‍ആന്‍ ശരിയായ അധിഷ്ഠാനങ്ങളില്‍ അതിനെ സുസ്ഥിരമാക്കി നിര്‍ത്തും. വാക്ക് കര്‍മത്തോട് താദാത്മ്യം പ്രാപിക്കുകയാണ് അതിന്റെ ഫലം.

* ഹൃദയത്തില്‍നിന്ന് തന്നിഷ്ടങ്ങളെയും ഐഹിക കാമനകളെയും അത് തൂത്തെറിയും. വിശ്വാസത്തിന്റെ നിരന്തരവും നിസ്തന്ദ്രവുമായ വൃദ്ധി സംഭവിക്കുമ്പോള്‍ വായിക്കുന്ന വ്യക്തിയുടെ ഹൃദയത്തില്‍ അനുസരണത്തിന്റെയും വികാരങ്ങളോടുള്ള ചെറുത്തുനില്‍പിന്റെയും ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടും.

* വ്യക്തികളിലെ ജൈവികവും സര്‍ഗപരവുമായ കഴിവുകളുണര്‍ത്തി നന്മകളും മൂല്യങ്ങളുമായി മുന്നേറാനുള്ള കരുത്ത് പകരും. കര്‍ണപുടങ്ങളില്‍ പതിക്കുന്ന സൂക്തങ്ങളുടെ അനുരണനങ്ങള്‍ ഹൃദയതന്ത്രികളില്‍ ശ്രുതി മീട്ടുകയും അനായാസം കര്‍മമണ്ഡലത്തില്‍ വ്യാപരിക്കാന്‍ അത് വ്യക്തിയെ പ്രാപ്തനാക്കുകയും ചെയ്യും. ദൈവിക വചനങ്ങളുടെ മര്‍മരം കാതില്‍ സദാ മുഴങ്ങുമ്പോള്‍ വ്യതിചലിക്കാന്‍ കഴിയുന്നതെങ്ങനെ? നബി(സ)യുടെ നിര്‍ദേശങ്ങള്‍ അനുചരന്മാര്‍ പ്രാവര്‍ത്തികമാക്കിയ രീതി പഠിച്ചാല്‍ ഇത് ബോധ്യപ്പെടും. സൂചനകള്‍ നല്‍കുകയേ വേണ്ടൂ. കര്‍മകാണ്ഡങ്ങളുമായി കുതിക്കുകയായി അനുചരസമൂഹം. 'രാത്രിയിലെ നിശ്ശബ്ദ യാമങ്ങളിലും അബ്ദുല്ല നമസ്‌കരിച്ചിരുന്നുവെങ്കില്‍ അദ്ദേഹം എത്ര നല്ല വ്യക്തിയായിത്തീര്‍ന്നേനെ' എന്ന് നബി(സ) തന്നെക്കുറിച്ച് പറഞ്ഞതറിഞ്ഞ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പിന്നീട് ജീവിതത്തില്‍ ഒരിക്കല്‍ പോലും തഹജ്ജുദ് ഒഴിവാക്കിയിരുന്നില്ലെന്നത് ചരിത്രം (ബുഖാരി, മുസ്‌ലിം)

* വാക്കുകളിലും കര്‍മങ്ങളിലുമുള്ള സത്യനിഷ്ഠ ഖുര്‍ആന്‍ സൃഷ്ടിക്കുന്ന സംസ്‌കാരമാണ്. നേതൃത്വ മോഹം, പ്രകടനവാഞ്ഛ തുടങ്ങിയ ദുര്‍ഗുണങ്ങളില്‍നിന്ന് തീര്‍ത്തും അകലം പാലിക്കുന്ന വ്യക്തി സ്വഭാവ സംസ്‌കരണത്തിന്റെയും പരിവ്രാജക ശീലത്തിന്റെയും ഉത്തുംഗ ശൃംഗങ്ങളില്‍ വിരാജിക്കും. പരസ്യജീവിതത്തേക്കാള്‍ ശ്രേഷ്ഠമായിത്തീരും രഹസ്യ ജീവിതം.

* ബുദ്ധി, ബോധമണ്ഡലം, അബോധ മണ്ഡലം, ഹൃദയം, മനസ്സ്, ആത്മാവ് എന്നിവയെ അഭിസംബോധന ചെയ്യുന്ന ഖുര്‍ആന്‍ മനുഷ്യജീവിതത്തെ ആമൂലാഗ്രം മാറ്റിമറിക്കും. പ്രപഞ്ചം, ജീവിതം, മനുഷ്യന്‍ എന്നിവയെക്കുറിച്ച് ശരിയും കുറ്റമറ്റതുമായ വീക്ഷണം പ്രദാനം ചെയ്യുന്നു ഖുര്‍ആന്‍. ഈ വീക്ഷണം ഉള്‍ക്കൊള്ളുന്ന വ്യക്തിയുടെ ചിന്താ മണ്ഡലത്തില്‍ മിഥ്യാബോധമോ ഭ്രമങ്ങളോ അയഥാര്‍ഥമായ സങ്കല്‍പനങ്ങളോ ഇടം പിടിക്കില്ല. മനുഷ്യബുദ്ധിയോട് സംവദിക്കുന്ന ഖുര്‍ആന്റെ ശൈലിയായിരിക്കും വ്യക്തി തന്നിലും സമൂഹത്തിലും അനുവര്‍ത്തിക്കുക.

* ദൈവവുമായുള്ള ബന്ധം ഹൃദയത്തില്‍ രൂഢമൂലമാക്കുന്ന ഖുര്‍ആന്‍ പരാജിത മനസ്സിന്റെ അപകര്‍ഷ ബോധത്തില്‍നിന്ന് കരകയറ്റുകയും ഉത്കര്‍ഷ ചിന്തയോടും ആത്മവിശ്വാസത്തോടും ഉള്‍ക്കരുത്തോടും സമൂഹമധ്യത്തില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ വിശ്വാസിസമൂഹത്തെ തുണക്കുകയും ചെയ്യും.

* അന്ധമായ അനുകരണത്തിന്റെ തടവറകളില്‍നിന്ന് മനുഷ്യനെ മോചിപ്പിക്കുന്ന ദിവ്യഗ്രന്ഥം ബുദ്ധിയുടെയും യുക്തിബോധത്തിന്റെയും അന്തര്‍മണ്ഡലങ്ങളെ പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യും. സ്വതന്ത്രമാകുന്ന മനുഷ്യബുദ്ധിയുടെ മടിത്തട്ടില്‍ ദൈവിക ശരീഅത്തിന്റെ മൗലിക തത്ത്വങ്ങള്‍ വളരുന്നതോടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടും. പ്രപഞ്ച രഹസ്യങ്ങള്‍ അറിയാനുള്ള വെമ്പല്‍ വരികയും നവംനവങ്ങളായ ഗവേഷണങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും നൂതനമായ വെളിപാടുകളിലേക്കും അത് നയിക്കുകയും ചെയ്യും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ പൂര്‍വികര്‍ കൈവരിച്ച വിസ്മയാവഹമായ നേട്ടങ്ങളെയും സിദ്ധികളെയും പുതിയ കാലഘട്ടത്തില്‍ പുനരാവിഷ്‌കരിക്കാന്‍ ഖുര്‍ആന്‍ അതിന്റെ വാഹകരെ പ്രാപ്തരാക്കും. പ്രപഞ്ച രഹസ്യങ്ങളുടെ കലവറകളില്‍ കടന്ന് വിജ്ഞാനം സ്വാംശീകരിക്കുന്ന വിശ്വാസിസമൂഹം പുതിയ കാലഘട്ടത്തിലെ  ഖവാറസ്മിയെയും ഫാറാബിയെയും ഇബ്‌നുല്‍ ഹൈതമിനെയും ഇബ്‌നുസീനയെയും ഇബ്‌നുറുശ്ദിനെയും അബുല്‍ ഖാസിം അല്‍ സഹ്‌റാവിയെയും ഇബ്‌നു ഹയ്യാനെയും അല്‍ ബിറൂനിയെയും അബൂഹനീഫയെയും ഇബ്‌നു നഫീസിനെയും റാസിയെയും ലോകത്തിന് സംഭാവന നല്‍കും. യൂറോപ്പിന് വെളിച്ചം നല്‍കിയ മനുഷ്യകഥാനുഗായികളായ മഹദ് വ്യക്തിത്വങ്ങളുടെ പുതിയ പിറവിക്ക് ലോകം സാക്ഷ്യം വാഹിക്കും.

പാശ്ചാത്യ ചിന്തകരുടെ ഉള്ളില്‍ ഉള്ളത്

ഖുര്‍ആനെക്കുറിച്ച ഉള്‍ഭയം പാശ്ചാത്യ ചിന്തകരുടെ ഹൃദയത്തില്‍ എന്നും സജീവമായി നിലനിന്നുപോന്നിട്ടുണ്ട്. മുസ്‌ലിം സമൂഹം ഊര്‍ജം സംഭരിക്കുന്നത് ഖുര്‍ആനില്‍നിന്നാണെന്നും ദിവ്യഗ്രന്ഥം അവരുടെ ശക്തിസ്രോതസ്സാണെന്നും പാശ്ചാത്യര്‍ മനസ്സിലാക്കിയത് അവരുടെ നിരവധി പ്രസ്താവനകളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയും. ഗ്ലാഡ്സ്റ്റണ്‍ എഴുതി: ''ഈ ഖുര്‍ആന്‍ നിലനില്‍ക്കുന്നേടത്തോളം യൂറോപ്പിന് പൗരസ്ത്യ രാജ്യങ്ങളുടെ മേല്‍ക്കോയ്മ സാധ്യമാവില്ല. നാം മനസ്സിലാക്കിയതുപോലെ യൂറോപ്പിന്റെ തന്നെ സുരക്ഷിതത്വത്തിന് ദിവ്യഗ്രന്ഥം ഭീഷണിയാവും'' (അല്‍ ഇസ്‌ലാം അലാ മുഫ്തറഖിത്തുറുഖ് 39).

സുവിശേഷകന്‍ വില്യം ബല്‍ഗ്രാഫ്: ''ഖുര്‍ആനും മക്കാ നഗരവും അറബ് രാജ്യങ്ങളില്‍നിന്ന് പിന്‍വാങ്ങിത്തുടങ്ങിയാല്‍, മുഹമ്മദിനോട് വിടപറഞ്ഞ് അറബി സമൂഹം പാശ്ചാത്യ നാഗരികതയിലേക്ക് മെല്ലെ മെല്ലെ നടന്നടുക്കുന്നത് കാണാം'' (ജുദൂറുല്‍ ബലാഗ്).

അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തിന് നൂറ്റാണ്ട് തികഞ്ഞപ്പോള്‍ അള്‍ജീരിയന്‍ ഭരണാധികാരി പറഞ്ഞതിങ്ങനെ: ''അറബി സ്വത്വത്തില്‍നിന്ന് ഖുര്‍ആനിനെ നാം തുടച്ചുനീക്കണം. അവരുടെ നാവുകളില്‍നിന്ന് അറബിഭാഷ നാം പിഴുതെറിയണം. എങ്കില്‍ മാത്രമേ നമുക്ക് അവരുടെ മേല്‍ വിജയം സാധ്യമാവൂ'' (മജല്ലത്തുല്‍ മനാര്‍ 9-11, ലക്കം 1962).

വിശ്രുതമായ മജല്ലത്തുല്‍ മനാര്‍ വെളിപ്പെടുത്തിയ മറ്റൊരു സംഭവം: ഫ്രഞ്ച് ഭരണകൂടം പത്ത് അള്‍ജീരിയന്‍ വനിതകളെ തെരഞ്ഞെടുത്ത് നിരന്തരം മസ്തിഷ്‌ക പ്രക്ഷാളനം നടത്തി. മതബോധനത്തിനും ഹിജാബിനുമെതിരിലുള്ള വികാരം അവരുടെ ഹൃദയത്തില്‍ കുത്തിവെക്കാന്‍ ശ്രമിച്ചു. അള്‍ജീരിയന്‍ തലസ്ഥാനത്തെ പൊതു പരിപാടിയിലെ പ്രധാന ചടങ്ങില്‍ ഹിജാബ് ധരിച്ചെത്തിയ യുവതികളെ കണ്ടപാടേ ഉദ്യോഗസ്ഥരുടെ പ്രതികരണം: ''ഇത്ര നാളത്തെ അധ്വാനം പാഴായി.''

ഫ്രഞ്ച് നഗരവികസന മന്ത്രി ലാകോസ്റ്റിനോട് ഒരാള്‍: ''129 വര്‍ഷം നീണ്ട ഫ്രഞ്ച് അധിനിവേശമുണ്ടായിട്ടും ഫ്രാന്‍സിന് അള്‍ജീരിയയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?'' മന്ത്രിയുടെ മറുപടി: ''ഖുര്‍ആന്‍ ഫ്രാന്‍സിനേക്കാള്‍ ശക്തമാണെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്'' (അല്‍ അയ്യാം ദിനപത്രം 6-6-1962).

മുസ്‌ലിം സമൂഹത്തിന്റെ ചാലകശക്തിയായി നിലകൊണ്ട ഖുര്‍ആനിന്റെ വിസ്മയാവഹമായ സിദ്ധിവിശേഷം പ്രതിയോഗികള്‍ നന്നായി മനസ്സിലാക്കിയിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ശക്തിയും ശബ്ദവും ഏകീകരിക്കാന്‍ കഴിവുള്ള ഒരേയൊരു ഗ്രന്ഥം ഖുര്‍ആനാണ്. ''അല്ലാഹുവിന്റെ പാശം നിങ്ങള്‍ ഒന്നായിനിന്ന് മുറുകെപ്പിടിക്കുക, നിങ്ങള്‍ ഭിന്നിക്കരുത്'' (ആലുഇംറാന്‍ 103). അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ അഭിപ്രായമനുസരിച്ച് അല്ലാഹുവിന്റെ പാശം ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ അതിന്റെ അനുയായികളുടെ ഹൃദയത്തില്‍ ആവിഷ്‌കരിച്ച വീക്ഷണപരമായ ഏകീഭാവത്തെക്കുറിച്ച് പ്രതിപാദിക്കവെ സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''ഇസ്‌ലാമിന്റെ കാഴ്ചപ്പാടിന് ആസ്പദമായ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിക്കാന്‍ ഖുര്‍ആന്‍ തന്നെ പര്യാപ്തമാണ് എന്ന് ദീര്‍ഘമായ പഠനത്തിനു ശേഷം നാം വിശ്വസിക്കുന്നു. വിശദീകരണത്തിന് പുറമെ നിന്നുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമില്ല. സര്‍വ വിഷയങ്ങളുടെയും വിശദീകരണം ഗ്രഹിക്കാന്‍ പഠിതാവ് ഖുര്‍ആനിലേക്ക് തന്നെ തിരിയണം എന്നാണ് നമുക്ക് പറയാനുള്ളത്'' (മുഖവ്വമാത്തുത്തസ്വവ്വുരില്‍ ഇസ്‌ലാമി). സങ്കീര്‍ണാശയങ്ങളുടെ പ്രഹേളികയില്ലാത്ത സരളമാണ് ഖുര്‍ആനിന്റെ പ്രതിപാദന ശൈലി. ''ഉദ്‌ബോദനത്തിന് ഈ ഖുര്‍ആനിനെ നാം ലളിതമാക്കിയിരിക്കുന്നു. ഉദ്‌ബോധനം ചെവിക്കൊള്ളാന്‍ ആരെങ്കിലുമുണ്ടോ?'' (അല്‍ഖമര്‍ 17).

ഇസ്‌ലാമിനെതിരില്‍ ഒറ്റക്കെട്ടായി ശത്രുപക്ഷം ആഞ്ഞടിക്കുമ്പോള്‍ കേവല വൈയക്തിക ശ്രമങ്ങള്‍ പോരെന്നും കൂട്ടായ യത്‌നമാണ് പ്രതിരോധത്തിനാവശ്യമെന്നും വ്യക്തമാണ്. ''അവിശ്വാസികള്‍ അന്യോന്യം സഹകാരികളായി വര്‍ത്തിക്കുന്നവരാകുന്നു. നിങ്ങളും അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ വലിയ വിനാശവും വിപത്തും സംഭവിക്കും'' (അല്‍ അന്‍ഫാല്‍ 73).

ഖുര്‍ആനിനെ നെഞ്ചിലേറ്റുന്ന ഒരു തലമുറയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഉസ്താദ് ഹസനുല്‍ ഹുദൈബി അഭിപ്രായപ്പെട്ടതുപോലെ: ''ഇസ്‌ലാമിക രാജ്യം നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കുക, എങ്കില്‍ നിങ്ങളുടെ ഭൂമിയിലും അത് നിലവില്‍ വന്നുകൊള്ളും.''

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (105 - 110)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത
കെ.സി ജലീല്‍ പുളിക്കല്‍