Prabodhanm Weekly

Pages

Search

2017 ജൂണ്‍ 02

3004

1438 റമദാന്‍ 07

കരീം യൂനുസ്: മൂന്നര പതിറ്റാണ്ട് പിന്നിടുന്ന തടവറ ജീവിതം

ഫഹ്മി ഹുവൈദി

കരീം യൂനുസ് എന്ന ഫലസ്ത്വീനീ പോരാളിയെ നാം ഇനിയും മറന്നുകൂടാ. ഇസ്രയേല്‍ തടവറക്കുള്ളിലെ 'ജീവിക്കുന്ന രക്തസാക്ഷി.' തുടര്‍ച്ചയായ 35 വര്‍ഷത്തെ തടവറജീവിതം തളര്‍ത്താത്ത ധീരന്‍. ലോകത്തിലെ എന്നല്ല ഒരുപക്ഷേ ചരിത്രത്തിലെ തന്നെയും ഏറ്റവും ദൈര്‍ഘ്യമേറിയ കാരാഗൃഹവാസത്തിനുടമ. അറബ് ലോകത്തെങ്കിലും ഒരു ഐക്കണായി പരിഗണിക്കാവുന്ന വ്യക്തിത്വം. വരുംതലമുറകള്‍ അദ്ദേഹത്തെ മറക്കാനിടയില്ല, ഫോട്ടോ കണ്ടാല്‍ തിരിച്ചറിയാത്തവരുണ്ടാവില്ല. ഇസ്രയേല്‍ തടവറകളിലെ എണ്ണായിരത്തിലധികം വരുന്ന ഫലസ്ത്വീനീ തടവുകാരിലൊരാള്‍. അതില്‍ 240 പേര്‍ കുട്ടികളും 73 പേര്‍ സ്ത്രീകളുമാണ്. എല്ലാവരും ധീരപോരാളികള്‍. അവരോടുള്ള ആദരവിനാല്‍ നമ്മുടെ ശിരസ്സ് കുനിയട്ടെ. അവരിലെ ഏറ്റവും പ്രായമുള്ളയാളാണ് കരീം യൂനുസ്. 

കരീം യൂനുസിനെ എഴുതുമ്പോള്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 17- ന് ഫലസ്ത്വീനികള്‍ തടവുകാരുടെ ദിനം ആഘോഷിക്കുന്നത് ഓര്‍മ വരുന്നു. 1974-ല്‍ ആ ദിവസമാണ് തടവുകാരെ പരസ്പരം കൈമാറുന്ന പ്രക്രിയക്ക് ഫലസ്ത്വീനും ഇസ്രയേലും തുടക്കം കുറിച്ചത്. അതിന്റെ ഭാഗമായി മഹ്മൂദ് ബക്ര്‍ ഹജാസിയെയാണ് ഇസ്രയേല്‍ ആദ്യം മോചിപ്പിച്ചത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1983 ജൂണ്‍ ഒന്നിന് വിദ്യാര്‍ഥിയായിരുന്ന കരീം യൂനുസിനെ തേടി ഇസ്രയേല്‍ പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവന്‍ അവിടെയില്ല എന്നറിയിച്ചപ്പോള്‍ അവന്‍ പഠിക്കുന്ന കോളേജിലെത്തി പിടികൂടി. തുടര്‍ന്ന് ഒരു ഇസ്രയേല്‍ സൈനികനെ വധിച്ച കേസില്‍ അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോടതി വധശിക്ഷക്ക് വിധിച്ചു. വധശിക്ഷ ഇസ്രയേലില്‍ നിയമവിധേയമല്ലെങ്കിലുംഫലസ്ത്വീനികളെ പേടിപ്പിക്കാന്‍ ഇസ്രയേല്‍ കോടതി ഇത്തരം വിധിപ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. അതിനെ തുടര്‍ന്ന് മാസങ്ങളോളം തടവറയില്‍ വധശിക്ഷയും കാത്ത് അതിനുള്ള പ്രത്യേക വസ്ത്രവും ധരിച്ചാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാല്‍ അപ്പീല്‍ കോടതി അത് 40 വര്‍ഷത്തേക്കുള്ള ജീവപര്യന്തമാക്കി ചുരുക്കി. അഥവാ, ഒറ്റയടിക്കുള്ള മരണം മാറ്റിപകരം സാവകാശ മരണം വിധിച്ചു.

അന്നുമുതല്‍ കരീം യൂനുസ് ഇസ്രയേല്‍ തടവറകളിലാണ്. ഇതിനകം 22 ജയിലുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. മോഹഭംഗങ്ങളും ശിക്ഷയുടെ ഭാഗമായുള്ള അപമാനങ്ങളും വേറെ. എന്നാല്‍ ആ ധീരപോരാളി എല്ലാം സധൈര്യം നേരിട്ടു. ഒഴിഞ്ഞ വയറിന്റെ സമരമെന്ന പേരിലുള്ള നിരാഹാരസമരം 25 തവണ നടത്തി. തടവുകാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സമരമാണ് അതില്‍ അവസാനത്തേത്. അല്‍ജുംല തടവറയിലെ നിരാഹാര സമരത്തിന് കരീം യൂനുസും ഫത്ഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂസിയുമായിരുന്നു നേതൃത്വം കൊടുത്തത്. ഫലസ്ത്വീനികളുടെ ജയില്‍വാസം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന ഇസ്രയേല്‍ നടപടിക്കെതിരെയായിരുന്നു ആ സമരങ്ങളൊക്കെയും. 

കരീം യൂനുസ് താമസിക്കുന്ന ജയിലുകളിലേക്ക് എണ്‍പതു പിന്നിട്ട ഉമ്മ രണ്ടാഴ്ച കൂടുമ്പോള്‍ മുടങ്ങാതെ സന്ദര്‍ശിക്കാനെത്തും. ഉമ്മയോട് കഴിഞ്ഞ തവണ കരീം പറഞ്ഞതിങ്ങനെ: ''ഇനിയും ഒരു നൂറു വര്‍ഷം കൂടി തടവറയില്‍ കഴിയാന്‍ ഞാനൊരുക്കമാണ്. ഫലസ്ത്വീനികളുടെ അവകാശങ്ങള്‍ അപഹരിക്കുന്നതോ അവരെ തരംതാഴ്ത്തുന്നതോ ആയ ഒന്നിനോടും സന്ധിയാവാന്‍ ഞാനില്ല.'' മൂന്നര പതിറ്റാണ്ടായി ചില്ലുകൂട്ടിലൂടെ മാത്രം തന്റെ മകനെ കാണുന്ന കണ്ണുനീര്‍ വറ്റിയ ആ വൃദ്ധമാതാവിന് തന്റെ മകന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷകളൊന്നും ഇനി ബാക്കിയില്ല. മറ്റു മക്കളെ പോലെ കരീമും വിവാഹം കഴിച്ചു കാണാനുള്ള മോഹവും എന്നോ അവസാനിച്ചു. 

തടവുകാരുടെ കൈമാറ്റത്തില്‍ സ്ഥിരമായി തന്നെ ഒഴിവാക്കുന്ന ഇസ്രയേലിന്റെ തന്ത്രത്തിന് വഴങ്ങി തന്റെ കാര്യം മറക്കുന്ന ഫലസ്ത്വീനീ അധികൃതരോടുള്ള കരീമിന്റെ രോഷപ്രകടനം വായിച്ചതും മനസ്സില്‍ മായാതെ കിടക്കുന്നു. ഇസ്രയേലീ പൗരത്വമുള്ള അവരുടെ ശ്രദ്ധ എന്നും ഗ്രീന്‍ലൈന്‍ കടന്നുവരുന്ന ഫലസ്ത്വീനീ പോരാളികളെ ഇകഴ്ത്തുന്നതിലായിരുന്നല്ലോ?  

ഫലസ്ത്വീനീ അധികൃതരോടും ഇസ്രയേലിനോട് ചങ്ങാത്തം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളോടും കരീം യൂനുസിന്റെയും കൂട്ടരുടെയും എതിര്‍പ്പ് തികച്ചും ന്യായമാണ്. കാരണം, അവരൊക്കെയും തടവുകാരെ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. 27 വര്‍ഷക്കാലം ജയില്‍വാസമനുഷ്ഠിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയെ ലോകം മുഴുവന്‍ അറിയുകയും ആദരിക്കുകയും ചെയ്യുമ്പോള്‍, തന്റെ നാടിന്റെ മോചനത്തിനും നാട്ടുകാരുടെ അന്തസ്സിനും വേണ്ടി നീണ്ട 35 വര്‍ഷമായി ജയില്‍വാസം തുടരുന്ന കരീം യൂനുസ് വലിയ ആദരവ് അര്‍ഹിക്കുന്നുണ്ട്. ജയില്‍ മോചനം സാധ്യമായില്ലെങ്കിലും ആ പോരാളി നിലകൊണ്ട മൂല്യങ്ങളെ സംരക്ഷിക്കാനെങ്കിലും അതനിവാര്യമാണ്. അധികാരികള്‍  പലതരത്തില്‍ ഉത്തരവാദിത്തങ്ങളില്‍ വീഴ്ചവരുത്തുമ്പോള്‍, കരീം യൂനുസിനോടും കൂട്ടുകാരോടും നമുക്ക് ഐക്യപ്പെടാം. ഒപ്പം, തടവുകാരുടെ കാര്യത്തില്‍ നമ്മെയും നമ്മുടെ സമൂഹത്തെയും ബാധിച്ച ദൗര്‍ബല്യത്തിനും കഴിവുകേടിനും ക്ഷമാപണവും നടത്താം. 

വിവ: നാജി ദോഹ

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (105 - 110)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത
കെ.സി ജലീല്‍ പുളിക്കല്‍