ട്രംപിന്റെ രിയാദ് സന്ദര്‍ശനവും റൂഹാനിയുടെ രണ്ടാമൂഴവും
ദിവസങ്ങള്‍ക്കു മുമ്പ് സുഊദി അറേബ്യയുടെ തലസ്ഥാനമായ രിയാദില്‍ അരങ്ങേറിയത് മൂന്ന് ഉച്ചകോടികളാണ്. ഒന്ന്, സുഊദി-അമേരിക്ക ഉച്ചകോടി. രണ്ട്, അമേരിക്ക-ഗള്‍ഫ് രാഷ്ട്ര ഉച്ചകോടി. മൂന്ന്, അമേരിക്ക-മുസ്‌ലിം രാഷ്ട്ര ഉച്ചകോടി. മുഖ്യാതിഥിയായി പങ്കെടുത്തത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി അധികാരമേറ്റ ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനം. ഇസ്രയേല്‍, ഫലസ്ത്വീന്‍, റോം സന്ദര്‍ശനവും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നു. അമ്പതിലധികം മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള ഭരണാധികാരികളെയോ ഉന്നതതല പ്രതിനിധിസംഘത്തെയോ ഈ ഉച്ചകോടികളില്‍ പങ്കെടുപ്പിക്കാനായി എന്നത് സല്‍മാന്‍ രാജാവിന്റെ നയതന്ത്ര വിജയം തന്നെയാണ്. 'അറബ് നാറ്റോ' സഖ്യത്തിന് വഴിയൊരുക്കി എന്നും വിലയിരുത്തലുണ്ടായി.
പശ്ചിമേഷ്യയിലെ തീവ്രവാദവും ഭീകരവാദവുമൊക്കെ തന്നെയാണ് മുമ്പത്തെപ്പോലെ ഈ ഉച്ചകോടികളിലെയും പ്രധാന ചര്‍ച്ചാവിഷയം. ഐ.എസിനെപ്പോലെ ഇറാനെയും അവര്‍ പിന്തുണക്കുന്ന ശീഈ മിലീഷ്യകളെയും പേരെടുത്തു പറഞ്ഞുകൊണ്ട് തന്നെയായിരുന്നു രൂക്ഷവിമര്‍ശനം. 'ഇറാന്‍ ജനതയോട് ഞങ്ങള്‍ക്ക് ആദരവും ബഹുമാനവുമുണ്ട്. ഭരണകൂടം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഞങ്ങള്‍ ജനതയെ പഴിചാരുന്നില്ല' എന്നായിരുന്നു സല്‍മാന്‍ രാജാവ് പറഞ്ഞത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേഖലയില്‍ അശാന്തി വിതക്കുന്നതില്‍ ഇറാന് വലിയ പങ്കുണ്ടെന്നും ഉച്ചകോടിയില്‍ വിലയിരുത്തലുായി. ട്രംപ് ഇറാനോട് സ്വീകരിച്ചുവരുന്ന നയത്തിന് അനുഗുണമായ പ്രമേയങ്ങളും പ്രഖ്യാപനങ്ങളുമാണുണ്ടായത്. മുന്‍പ്രസിഡന്റ് ഒബാമയുടെ കാര്‍മികത്വത്തില്‍ ഇറാനുമായി ഉണ്ടാക്കിയ ആണവകരാര്‍ റദ്ദാക്കണമെന്ന പക്ഷക്കാരനാണ് ട്രംപ്. അറബ് ഭരണകൂടങ്ങളും ഈ നിലപാടിനോടൊപ്പമാണ്. മുന്‍പ്രസിഡന്റ് ഒബാമയുമായി അവര്‍ ഇടയാനുണ്ടായ കാരണവും മറ്റൊന്നല്ല. ഇതുകാരണം ട്രംപിന് ഊഷ്മള സ്വീകരണം മാത്രമല്ല ലഭിച്ചത്; ശതകോടിക്കണക്കിന് ഡോളറിന്റെ ആയുധക്കരാറുകളും ഉണ്ടാക്കാനായി.
ഇതേസമയത്തു തന്നെയാണ് ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത്. അമ്പത്തേഴ് ശതമാനം വോട്ടു നേടി ഹസന്‍ റൂഹാനി പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്തി. മിതവാദിയും പരിഷ്‌കരണ വാദിയുമൊക്കെയായി വിശേഷിപ്പിക്കപ്പെടുന്ന റൂഹാനിയുടെ ഭരണകാലത്താണ് സിറിയയിലും യമനിലും യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഇറാനും അവരുടെ മിലീഷ്യകളും ഇടപെട്ടത്. ഇതാണ് അറബ് രാജ്യങ്ങളെ പ്രകോപിപ്പിച്ചതും. രിയാദ് ഉച്ചകോടികളെ ഇതിനോടുള്ള പ്രതികരണമായി വേണം കാണാന്‍. ഇറാനെതിരെ സൈനിക നടപടികളുണ്ടായേക്കുമെന്ന സൂചനകളുമുണ്ട്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൂഹാനിയുടെ മുമ്പിലെ വലിയ വെല്ലുവിളിയും ഇതുതന്നെ.
ഇസ്രയേല്‍ - ഫലസ്ത്വീന്‍ സന്ദര്‍ശന വേളയില്‍, ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരത്തിന് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ട്രംപിന്റെ പ്രസ്താവനക്ക് വാചകമടിക്കപ്പുറമുള്ള വിലയൊന്നും ആരും കല്‍പിക്കുന്നില്ല. കൃത്യമായ ഒരു പശ്ചിമേഷ്യന്‍ നയം ട്രംപ് ടീമിനില്ല എന്നതാണ് ഒന്നാമത്തെ കടമ്പ. ഇസ്രയേലിന്റെ സകല അതിക്രമങ്ങളെയും ഇന്നേവരെ ന്യായീകരിച്ചിട്ടേയുള്ളൂ ട്രംപ്. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഒരു പ്രശ്‌നപരിഹാര ഫോര്‍മുല സമര്‍പ്പിക്കാനാവുക? ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഈയിടെ നടന്ന സര്‍വേകളിലെല്ലാം, ഇസ്രയേലിന് കീഴടങ്ങിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയും വേണ്ടന്ന പക്ഷക്കാരാണ് എണ്‍പതു ശതമാനത്തിലധികം ഫലസ്ത്വീനികളും. വാചകമടികളും മുന്‍ നിലപാടുകളും മാറ്റിവെച്ച് ഫലസ്ത്വീനികളുടെ അവകാശങ്ങളെയും വികാരങ്ങളെയും മാനിക്കുന്ന ഒരു നിലപാട് ട്രംപിന് പ്രഖ്യാപിക്കാന്‍ സാധിച്ചെങ്കിലേ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളൂ.
Comments