Prabodhanm Weekly

Pages

Search

2017 ജൂണ്‍ 02

3004

1438 റമദാന്‍ 07

മഹത്തും ബൃഹത്തുമാണ് ആ ഗ്രന്ഥം

വാണിദാസ് എളയാവൂര്‍

ജനങ്ങള്‍ക്ക് നേര്‍വഴി കാണിക്കുന്നതും സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമായ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥത്തിന്റെ അസദൃശതകളെക്കുറിച്ച് പല സന്ദര്‍ഭങ്ങളിലായി ഖുര്‍ആനില്‍തന്നെ സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആകാശഭൂമികളെക്കുറിച്ചും മനുഷ്യരാശികളെക്കുറിച്ചും അല്ലാഹു, മാലാഖമാര്‍, മരണാനന്തരജീവിതം തുടങ്ങിയവയെക്കുറിച്ചും ലോകനാശത്തെ സംബന്ധിച്ചും പുതിയ ലോകസംവിധാനത്തെക്കുറിച്ചും വിധിദിനം, ഉയിര്‍ത്തെഴുന്നേല്‍പ്, കര്‍മഫലം സംബന്ധിച്ചുളള പ്രവചനങ്ങളെക്കുറിച്ചും വേദഗ്രന്ഥം സംസാരിക്കുന്നുണ്ട്. അത്രത്തോളം ബൃഹത്തും വ്യാപകവുമാണ് ഖുര്‍ആന്റെ ആശയതലം. 

സമൂഹശ്രേണിയുടെ വ്യത്യസ്ത പടവുകളില്‍ കഴിയുന്ന കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, ബന്ധുജനങ്ങള്‍, അനാഥര്‍, വിധവകള്‍, യുദ്ധത്തടവുകാര്‍, അയല്‍വാസികള്‍ തുടങ്ങിയവര്‍ പരസ്പരം എങ്ങനെ പെരുമാറണം എന്നറിയാന്‍ പോരുന്ന തെളിവാര്‍ന്ന ചിത്രങ്ങള്‍ വേദഗ്രന്ഥത്തിലുണ്ട്. ഉടമ്പടി, നീതിന്യായം, രാജ്യരക്ഷ, രാജ്യാതിര്‍ത്തികള്‍, യോദ്ധാക്കള്‍, യുദ്ധരംഗം, യുദ്ധമുതലുകള്‍, സാധാരണജീവിതം, വീട്ടിലും സമൂഹത്തിലും സദസ്സുകളിലും എങ്ങനെയെല്ലാം പെരുമാറണം തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള പരാമര്‍ശങ്ങള്‍ ഇതിലുണ്ട്.

ക്രി.വ. 610 മുതല്‍ 632 വരെയുള്ള കാലയളവില്‍ അവതരിച്ച ഒരു ഗ്രന്ഥത്തില്‍ സ്വാഭാവികമായും കുറേയേറെ പൊരുത്തക്കേടുകളും വൈരുധ്യങ്ങളും ആരും ആശങ്കിക്കുമെങ്കിലും വിസ്മയകരമെന്നു പറയട്ടെ, അന്യോന്യ വിരുദ്ധങ്ങളായ യാതൊന്നും ഖുര്‍ആനില്‍ കാണാന്‍ സാധിക്കുകയില്ല. മാത്രവുമല്ല, സ്ഫുടം ചെയ്താലുണ്ടാവുന്ന ആശയാദര്‍ശങ്ങളുടെ അഭിവ്യക്തത പ്രകൃതഗ്രന്ഥത്തെ അസദൃശമാക്കിത്തീര്‍ക്കുകകൂടി ചെയ്യുന്നു. അതുവഴി മക്കിയായ 86-ഉം മദനിയായ 28-ഉം ചേര്‍ന്ന 114 അധ്യായങ്ങള്‍ സകലാര്‍ഥത്തിലും ആശയപ്പൊരുത്തം കൊണ്ട് ഏകശിലാഖണ്ഡംപോലെ ദൃഢമാര്‍ന്നുമിരിക്കുന്നു. ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത് (39:23).

കാലപ്പഴക്കം മഹദ്ഗ്രന്ഥസാരങ്ങളെപ്പോലും ദുര്‍ബലങ്ങളും നിര്‍വീര്യങ്ങളുമാക്കിയിട്ടു്. എന്നാല്‍ പിറന്നുവീണ പ്രകൃതത്തില്‍ ഒരു മാറ്റവും സംഭവിക്കാതെ, അക്ഷരലോപം വരാതെ, പ്രക്ഷിപ്തങ്ങളൊന്നുമില്ലാതെ, മൗലികഭാഷയുടെയും ആശയഗരിമയുടെയും അളവും തൂക്കവും കൈമോശം വരാതെ അന്നെന്നപോലെ ഇന്നും കാലത്തിന്റെയും ലോകത്തിന്റെയും ചേതനയില്‍ വര്‍ണം പുരട്ടിക്കൊണ്ട് പരകോടികളുടെ നിത്യോപാസനക്ക് വിധേയമായി ഖുര്‍ആന്‍ അതിജീവിക്കുന്നു. ഒരുപക്ഷേ, ഒരു മാറ്റത്തിനും വിധേയമാവാതെ, കാലാതിവര്‍ത്തിത്വത്തിന്റെയും സാര്‍വജനീനതയുടെയും സൗഭാഗ്യമണിഞ്ഞുകൊണ്ട് പ്രഭാസിക്കുന്ന ഒരേയൊരു ഗ്രന്ഥവിശേഷമായി അതു മാറിയിരിക്കുന്നു.

''അസത്യം ഇതിന്റെ മുന്നില്‍ നിന്നോ ഇതിന്റെ പിന്നില്‍ നിന്നോ ഇതിനെ സമീപിക്കുകയില്ല. അഗാധജ്ഞനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍നിന്ന് ഇറക്കപ്പെട്ടതാണിത്'' (41:42).

''സത്യമായും ഈ ബോധനഗ്രന്ഥമിറക്കിയത് നാം തന്നെയാണ്. തീര്‍ച്ചയായും നാം ഇതിനെ സംരക്ഷിക്കുന്നതുമാണ്'' (15:9). ''തീര്‍ച്ചയായും യുക്തിജ്ഞനും സര്‍വജ്ഞനുമായവനില്‍നിന്ന് ഖുര്‍ആന്‍ നിനക്ക് നല്‍കപ്പെടുന്നു'' (27:6).

പുണ്യമാസത്തിലെ വിധിനിര്‍ണായകരാത്രിയെ സംബന്ധിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. പ്രവാചകന്മാര്‍ വരുന്നകാലം രാത്രിയോട് സദൃശമാണ്. ആത്മീയയാന്ധകാരം എങ്ങും വ്യാപിക്കുമ്പോഴാണല്ലോ  പ്രവാചകന്മാരുടെ പ്രത്യാഗമനം സാധിക്കുന്നത്. പ്രവാചകന്റെ വരവ് ഭാവിയുടെ വിധിനിര്‍ണയത്തിനുള്ളതത്രെ. ലോകത്ത് സംഭവിക്കാനുള്ള കാര്യങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുന്ന കാലമെന്ന് വിവക്ഷ. ഖുര്‍ആന്റെ അവതരണവേള തന്നെ മനുഷ്യരാശിയെ സംബന്ധിച്ചേടത്തോളം അനവദ്യമാണെന്ന് വെളിവാക്കുകയാണത്.

ദൈവവചസ്സുകളുടെ പ്രാദുര്‍ഭാവം, അവയുടെ അവതരണം, സമാഹരണം-എല്ലാം വല്ലാത്തൊരസാധാരണത്വം അവകാശപ്പെടുന്നതായി നാമറിയുന്നു. സൂറത്തുല്‍ ഹദീദിലെ ഒരു സൂക്തം ഏറെ ശ്രദ്ധേയം: ''ഭൂമിയിലോ നിങ്ങളില്‍ തന്നെയോ ഒരാപത്തും മുമ്പെ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതായിട്ടല്ലാതെ സംഭവിക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു'' (57:22).

ഇതില്‍ പരാമര്‍ശിതമായ ഗ്രന്ഥമേതാണ്? ദാര്‍ശനികന്മാര്‍ ഇതിനെ അപഗ്രഥിച്ചെത്തിയത് അല്ലാഹുവിന്റെ വിധികളും തീരുമാനങ്ങളും രേഖപ്പെടുത്തിയ ഒരു സംരക്ഷിത ഫലകമുണ്ടെന്ന സത്യത്തിലേക്കാണ്. ദൈവസാമ്രാജ്യത്തിലെ സകലതുമതിലുണ്ടത്രെ. കാലത്രയങ്ങളിലെ സമസ്തവും ആ വിസ്മയ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ആ വിസ്മയദൈവരേഖ 'അല്ലൗഹുല്‍ മഹ്ഫൂള്' എന്നാണ് പരിചയപ്പെടുത്തുന്നത്. ദൈവമൊഴി ആദ്യമായി ഊര്‍ന്നിറങ്ങിയത് ആ മഹാരേഖയിലേക്കാണ്. ആ ഗ്രന്ഥത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''എന്നാല്‍, ഇത് മഹത്വമേറിയ ഖുര്‍ആന്‍ ആകുന്നു. ഇത് സുരക്ഷിതമായ ഫലകത്തിലാണുള്ളത്'' (85:21,22).

ലോകം നിരവധി പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനും പ്രവാചക ജീവിതവും ഒത്തുവായിച്ചപ്പോള്‍ ഒരപൂര്‍വത അവിടെ ബോധ്യപ്പെട്ടു. ഖുര്‍ആനില്‍ പ്രകാശിതമായ ആശയങ്ങളുടെ ക്രിയാരൂപമാണ് പ്രവാചകജീവിതം; അഥവാ പ്രവാചകന്‍ സ്വജീവിതംകൊണ്ട് വേദഗ്രന്ഥത്തിന് കര്‍മഭാഷ്യം നല്‍കുകയായിരുന്നു.

അതുപോലെ 'വിശ്വസ്തനായ' ജനനായകന്റെ വാക്കുകളോട് ഹൃദയംഗമത സൂക്ഷിച്ചുപോന്ന അറബ്ജനത വെളിപാടുവചനങ്ങളെല്ലാം താല്‍പര്യപൂര്‍വം കേള്‍ക്കുകയും അക്ഷരാര്‍ഥത്തില്‍, സൂക്ഷ്മഭാവത്തോട് നീതികാണിച്ചുകൊണ്ടുതന്നെ, ജീവിതത്തിലേക്ക് പകര്‍ത്തുകയുമായിരുന്നു. ജാഹിലിയ്യാ കാലത്തിന്റെ അന്ധവും മൂഢവുമായ വിശ്വാസാചാരങ്ങളില്‍നിന്ന് ഒരു സമൂഹവും രാഷ്ട്രമാകെത്തന്നെയും മാറുകയായിരുന്നു. 'ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചുനടക്കാന്‍ മാത്രമറിയാവുന്ന' ഖുറൈശിക്കൂട്ടത്തെ അഥവാ അറബികളെ ലോകനാഗരികതയുടെ പതാകവാഹകരായിപ്പരിവര്‍ത്തിക്കാന്‍ പ്രവാചക വചനങ്ങള്‍ക്ക് സാധിച്ചു. വ്യക്തിയിലും സമൂഹത്തിലും രാഷ്ട്രജീവിതത്തിലാകെത്തന്നെയും ഇത്ര ശ്രദ്ധേയമായ പരിവര്‍ത്തനം സാക്ഷാല്‍ക്കരിച്ച മറ്റൊരു ദര്‍ശനഗ്രന്ഥമുണ്ടായിട്ടില്ല.

വേദഗ്രന്ഥത്തിനെ എങ്ങനെ സമീപിക്കണം എന്നതിനെ സംബന്ധിച്ച് ഖുര്‍ആനില്‍തന്നെ കണിശമായ നിര്‍ദേശങ്ങളുണ്ട്. ഖുര്‍ആനില്‍ നിരങ്കുശമായ വിശ്വാസം സൂക്ഷിക്കുക എന്നതാണ് പ്രഥമം.

''നിങ്ങള്‍ പറയുക, ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിക്കപ്പെട്ടതിലും ഇബ്‌റാഹീമിനും ഇസ്മാഈലിനും യഅ്ഖൂബിനും (അദ്ദേഹത്തിന്റെ) സന്തതികള്‍ക്കും അവതരിക്കപ്പെട്ടതിലും മൂസാക്കും ഈസാക്കും നല്‍കപ്പെട്ടതിലും (മറ്റ്) പ്രവാചകന്മാര്‍ക്ക് അവരുടെ നാഥനില്‍നിന്ന് നല്‍കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആരുടെയിടയിലും ഞങ്ങള്‍ വ്യത്യാസം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിനുമാത്രം കീഴ്‌പ്പെടുന്നവരാകുന്നു'' (2:136). ഈ വിശ്വാസദാര്‍ഢ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ആയത്തുകള്‍ നിരവധിയുണ്ട് (3:84, 4:136, 6:92, 29:46, 47:2, 64:8). ഒരു സത്യവേദ വിശ്വാസിയുടെ  ഹൃദയസംസ്‌കൃതി വിളംബരംചെയ്യുന്ന വെളിപാടുകളാണവ. വേദഗ്രന്ഥം ദൈവികവചസ്സുകളുടെ സമുച്ചയമാണെന്നതുകൊണ്ട്, അതിലുള്ള കേവലാക്ഷരങ്ങള്‍പോലും പരിഗണനാര്‍ഹമായും പ്രാപഞ്ചികപരാഭവങ്ങള്‍ക്ക് സകലാര്‍ഥത്തിലും ശമനൗഷധമായും വര്‍ത്തിക്കുന്നു. അതിനാല്‍ വേദഗ്രന്ഥത്തിലെ ഒരു വാക്കുപോലും അവഗണിക്കപ്പെട്ടുകൂടാ. വിശ്വാസികള്‍, വേദഗ്രന്ഥത്തെ നിത്യപാരായണത്തിന് വിധേയമാക്കണമെന്നും അതനുസരിക്കുന്നതില്‍ നിഷ്‌കര്‍ഷ കാണിക്കണമെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്: ''നാം ഗ്രന്ഥം നല്‍കിയിട്ട് മുറപ്രകാരം അതിനെ പാരായണം ചെയ്യുന്നവരാരോ അവര്‍ അതില്‍ വിശ്വസിക്കുന്നു'' (2:121).

പാരായണത്തിനപ്പുറം അര്‍ഥതലങ്ങളുള്‍ക്കൊള്ളാന്‍ കഴിയണമെന്നും ക്രിയാമുഖം നല്‍കി ജീവിതത്തിലാവിഷ്‌കരിക്കാന്‍  സാധിക്കണമെന്നും വേദഗ്രന്ഥം നിഷ്‌കര്‍ഷിക്കുന്നു. ''അപ്പോള്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ?'' (4:82). ''അപ്പോള്‍ ഈ വാക്കിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലേ?'' (23:68). ''നാം നിനക്ക് അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമാണിത്. അവര്‍ ഇതിലെ വചനങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാനും ബുദ്ധിമാന്മാര്‍ ഉപദേശം സമാര്‍ജിക്കാനും വേണ്ടി'' (38:29). ''എന്നാല്‍ ഈ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അല്ലെങ്കില്‍ അവരുടെ ഹൃദയങ്ങള്‍ പൂട്ടപ്പെട്ടുപോയോ?'' (47:24).

മറ്റു മതഗ്രന്ഥങ്ങള്‍, അനുസരിക്കാനും അനുവര്‍ത്തിക്കാനും പിന്‍പറ്റാനും മാത്രമാവശ്യപ്പെടുമ്പോള്‍, ഒരു മതദര്‍ശനത്തിന്റെ സാധാരണ പ്രകൃതത്തില്‍നിന്ന് വ്യതിരിക്തമായ ഖുര്‍ആന്‍ വിശ്വാസികളോട് ചിന്തിക്കാനാണാവശ്യപ്പെടുന്നത്. പാരായണത്തിനും വിചിന്തനത്തിനുമപ്പുറം ജീവിതത്തെ ഖുര്‍ആനികമായി ചിട്ടപ്പെടുത്താനും രൂപപ്പെടുത്താനും നവീകരിക്കാനും വേദഗ്രന്ഥം ആവശ്യപ്പെടുന്നു. 

''നാം ഇറക്കിയ അനുഗൃഹീത ഗ്രന്ഥമാണിത്. അതുകൊണ്ട് നിങ്ങള്‍ക്ക് കരുണ കൈവരുന്നതിനായി നിങ്ങള്‍ അതിനെ പിന്‍പറ്റുകയും ദോഷബാധയെ സൂക്ഷിച്ചുകൊള്ളുകയും ചെയ്യുക'' (6:155).

''വാക്കുകളെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും എന്നിട്ട് അതില്‍ ഉത്തമമായതിനെ പിന്തുടരുകയും ചെയ്യുന്നവരത്രെ അവര്‍. അവരെയാണ് അല്ലാഹു നേര്‍മാര്‍ഗത്തില്‍ നയിച്ചിരിക്കുന്നത്; ബുദ്ധിമാന്മാരും അവര്‍തന്നെ'' (39:18).

''നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വരുന്നതിനുമുമ്പെ നിങ്ങളുടെ നാഥനില്‍നിന്ന് അവതരിപ്പിക്കപ്പെട്ട ഏറ്റവും നല്ലതിനെ നിങ്ങള്‍ പിന്തുടര്‍ന്നുകൊള്ളുക'' (39:55).

ദൈവദത്തമായ വരിഷ്ടവചനങ്ങളുടെ സമാഹാരം മാത്രമല്ല, വിശിഷ്ട ജീവിതരീതിയുടെ പ്രാമാണിക രേഖ കൂടിയാണ് ഖുര്‍ആന്‍. മാനസികമായ ഒരുതരം വ്രതവിശുദ്ധിയോടെ വേണം ഖുര്‍ആനെ സമീപിക്കാന്‍. 

ഒരാളുടെ ഖുര്‍ആന്‍ പാരായണം മറ്റുള്ളവര്‍ക്ക് അലോസരകാരിയായിപ്പരിണമിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. എപ്പോള്‍ ഖുര്‍ആന്‍ ചൊല്ലിക്കേള്‍ക്കുന്നുവോ അപ്പോള്‍ നിശ്ശബ്ദരായി അതിന്റെ ആശയതലം ശ്രദ്ധിക്കണം (7:204). സാവധാനം, ക്രമീകൃതമായി, ലയാനുവിദ്ധമായി പാരായണം ചെയ്യണം. ഓരോ വാക്കും ഓരോ അക്ഷരവും സ്ഫുടമായി ഉച്ചരിക്കണം. അനായാസം മനസ്സിലാക്കാന്‍ കഴിയുമാറ് അതീവലളിതമായാണ് അതിന്റെ ആഖ്യാനശൈലി. 

ഖുര്‍ആന്‍ 23 വര്‍ഷക്കാലത്തെ സാമൂഹികമാറ്റത്തിന്റെ സുവര്‍ണ രേഖയാണ്. സകലമതങ്ങളെയും സഹിഷ്ണുതയോടെ കാണുന്നു. ദൈവത്തിന് പകരക്കാരില്ല, ഉപദേവതകളില്ല. പൗരോഹിത്യത്തെ പരിപൂര്‍ണമായും വിവര്‍ജിക്കുന്നു. ഭൗതിക-അഭൗതിക വേര്‍തിരിവുകളില്ല. ഇഹ-പരങ്ങളെ അഭിന്നങ്ങളായി കരുതുന്നു. ദൈവസ്‌നേഹത്തിന്റെ ക്രിയാത്മകരൂപമായി സമൂഹസേവനത്തെ കാണുന്നു. തൗഹീദ് അംഗീകരിക്കാതിരിക്കലും വിശന്നുവരുന്നവന് ആഹാരം കൊടുക്കാതിരിക്കലുമാണ് കൊടിയ പാപം എന്ന് കരുതുന്നു. ഇസ്‌ലാമിന്റെ ദൈവസങ്കല്‍പം അവക്രമാണ്, തെളിവുറ്റതും. സാഹോദര്യത്തോടും കുടുംബ ബന്ധങ്ങളോടും സമൂഹസേവനത്തോടും ഇസ്‌ലാം സംസ്‌കൃതിക്കുള്ള പ്രതിബദ്ധത അന്യാദൃശം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഇത്രമേല്‍ കര്‍ക്കശമായ നിഷ്ഠയും നിഷ്‌കര്‍ഷയും സൂക്ഷിക്കുന്ന മറ്റൊരു മതദര്‍ശനമില്ല (മദ്യത്തെ തിന്മകളുടെ മാതാവായിക്കാണുന്ന പ്രവാചകമനസ്സ് സത്യശുദ്ധമായി വിലയിരുത്തപ്പെടേണ്ട കാലമാണിത്). കുലമഹിമക്കും വര്‍ഗീയ മേധാവിത്വത്തിനുമെതിരെ ഇസ്‌ലാം വിട്ടുവീഴ്ചക്കില്ല. എല്ലാതരം വിവേചനങ്ങളുമായി ഇസ്‌ലാം വിയോജിക്കുന്നു. സമൂഹശകടത്തിന്റെ ഇരുചക്രങ്ങളായി സ്ത്രീയെയും പുരുഷനെയും കാണുന്ന ഇസ്‌ലാം സംസ്‌കൃതി മറ്റു മത സംസ്‌കൃതികളില്‍നിന്ന് വ്യതിരിക്തമാണ്. ഇസ്‌ലാമിക ദര്‍ശനത്തിനും ഭീകരവാദത്തിനും സഹവര്‍ത്തനം സാധ്യമല്ലെന്ന് വേദഗ്രന്ഥം വ്യക്തമാക്കുന്നു. 

പൂര്‍വവേദങ്ങളിലെ അടിസ്ഥാനാശയങ്ങളുടെ പ്രകാശനമാണ് ഖുര്‍ആനിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. പുനരാവര്‍ത്തനമല്ല, ഓരോന്നുമെടുത്ത് ഊന്നിപ്പറയുകയുമല്ല, പലതിലുമായി പതിഞ്ഞുകിടക്കുന്നവയെ സമാഹരിച്ച് സമന്വയിപ്പിക്കുന്ന ഒരു വിശേഷഗ്രന്ഥം അനിവാര്യമാണെന്നുവന്നപ്പോള്‍, ഗിരിശിഖരങ്ങള്‍പോലെ അത്യുന്നതമായും പാരാവാരം കണക്കെ പ്രവിശാലതയാര്‍ന്നും കിടക്കുന്ന മഹാശയങ്ങളെ സംക്ഷേപിച്ച് അവതരിപ്പിക്കേണ്ടത് അനുപേക്ഷണീയമാണെന്നുവന്നപ്പോള്‍ ഖുര്‍ആന്‍ പിറവിയെടുത്തു. സാര്‍വജനീനവും സാര്‍വകാലികവുമായ ഒരു മഹാദൗത്യത്തിന്റെ നിര്‍വഹണമാണത്. മറ്റുള്ള വേദങ്ങളെല്ലാം, അവയോട് ആദരവ് സൂക്ഷിച്ചുകൊണ്ടുതന്നെ പറയട്ടെ, കാലതലത്തില്‍ പരിസീമിതവും പരിമിതപ്രകൃതമുള്ള ജനപഥങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതുമാണ്. സാര്‍വലൗകികവും സാര്‍വകാലികവുമായ ഒരു വിശ്വാസ ദര്‍ശനത്തിന്റെ മുഖപ്രകൃതവും ഹൃദയഭാവവും ആദ്യമായി നാം വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുകയാണ്. മറ്റൊരു വേദപുസ്തകം ആവശ്യമില്ലെന്ന് തോന്നുമാറ് മനുഷ്യമനസ്സുകള്‍ക്കുമുമ്പില്‍ മാര്‍ഗദര്‍ശകമായും വെളിച്ചമായും ഖുര്‍ആന്‍ പ്രഭാസിക്കുന്നു.

 

വിശുദ്ധ ഖുര്‍ആനിന്റെ പ്രതിപാദ്യം

ലോകോല്‍പത്തി മുതല്‍ ലോകാന്ത്യംവരെ പ്രപഞ്ചത്തെ ആസകലം ആവരണം ചെയ്യാന്‍ പോരുമാറ് അനന്തവിശാലമാണ് ഖുര്‍ആനിലെ പ്രതിപാദ്യം. പ്രപഞ്ചത്തിന്റെ ഉല്‍പത്തി, പരിണാമം, ഘടന, വ്യവസ്ഥ തുടങ്ങിയ എല്ലാറ്റിനെയും ഖുര്‍ആന്‍ വിശകലനം ചെയ്യുന്നു. ഈ പ്രപഞ്ചത്തിന്റെ  സ്രഷ്ടാവും നിയന്താവും ആരെന്നും അവന്റെ പ്രകൃതവും അധികാരങ്ങളും എന്തെന്നും ഏത് ബലിഷ്ഠമായ അടിത്തറയിലാണ് അവന്‍ ഈ പ്രപഞ്ചവ്യവസ്ഥ കെട്ടിപ്പടുത്തതെന്നും ഈ ലോകത്ത് മനുഷ്യന്റെ ധര്‍മവും പദവിയുമെന്തെന്നും ഖുര്‍ആന്‍ വിശദമാക്കുന്നു. ഒരു വരട്ടുതത്ത്വശാസ്ത്രമായല്ല ഖുര്‍ആന്‍ അവതീര്‍ണമായത്. ഒരു തത്ത്വശാസ്ത്രത്തിന്റെ ചട്ടക്കൂടും അതിനില്ല. ഉപയോഗിതയോ പ്രായോഗിതയോ ഉന്നംവെക്കാതുള്ള 'നിരപേക്ഷമായ അറിവ്' പ്രദാനം ചെയ്യുന്ന ഒരു ദര്‍ശന ശില്‍പവുമല്ല ഖുര്‍ആന്‍. ജീവിതത്തിന്റെ കര്‍മമണ്ഡലത്തെ ചൂഴ്ന്നുനില്‍ക്കുന്ന ഒരു വിജ്ഞാന സ്രോതസ്സാണത്. ദൈവം, പ്രപഞ്ചം, മനുഷ്യന്‍-ഇവ തമ്മിലുള്ള അവിഛിന്നമായ ബന്ധത്തെ വിശദീകരിച്ചുകൊണ്ട് ബോധപ്രപഞ്ചത്തെ ഉജ്ജീവിപ്പിക്കുകയാണ് ഖുര്‍ആന്റെ ഉദ്ദേശ്യം. ഇതുവഴി ആത്മീയമായ ഒരു ചൈതന്യപ്രഹര്‍ഷം മനുഷ്യജീവിതത്തിലുദയം ചെയ്യുന്നു. ചലനാത്മകമായ, ഊര്‍ജസ്വലമായ ഒരാദര്‍ശസമൂഹത്തിന്റെ സംസ്ഥാപനമാണ് ഖുര്‍ആന്റെ വിഭാവിതലക്ഷ്യം.

സാമാന്യ മനുഷ്യബുദ്ധിയെ എന്നും വിസ്മയവിവശമാക്കാറുള്ള മൂന്ന് ചോദ്യങ്ങളുണ്ട്:

ആരാണ് മനുഷ്യന്‍?

എന്താണ് പ്രപഞ്ചം?

എന്തിനാണ് ജീവിതം?

ഉത്തരം കണ്ടെത്താന്‍ മനുഷ്യന്‍ പിന്നിട്ട രാപ്പകലുകള്‍, കാലദൈര്‍ഘ്യം അളവറ്റതാണ്. അവന്‍ നടത്തിയ സാഹസിക ശ്രമങ്ങള്‍ അവ്യാഖ്യേയങ്ങളാണ്. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളുമാണ് അവക്ക് മറുപടി നല്‍കിയത്. ഋജുവും ലളിതവും അവക്രവും പൂര്‍ണവുമായ രീതിയില്‍ ഖുര്‍ആന്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിതോന്നി. ഖുര്‍ആന്‍ അനുഗാനം ചെയ്യുന്ന സനാതനാശയങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം: 

ഏകനും സര്‍വശക്തനുമായ അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ്. ആരാധനക്കും അനുസരണത്തിനും സമര്‍ഹനായി അവന്‍ മാത്രം. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയും സൃഷ്ടികളില്‍ ശ്രേഷ്ഠനുമാണ് മനുഷ്യന്‍. പ്രപഞ്ചം മനുഷ്യന്റെ നന്മക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടു. ഇഹ-പരങ്ങളില്‍ നീണ്ടുനില്‍ക്കുന്നതാണ് ജീവിതം. അതിനാല്‍ മനുഷ്യജീവിതം അനന്തവും ശാശ്വതവുമാണ്. അതിലെ നശ്വരവും ക്ഷണികവുമായ ഒരു കണ്ണി മാത്രമാണ് ഐഹിക ജീവിതം. ഈ ജീവിതവും അതിലെ സ്വാതന്ത്ര്യവും പരീക്ഷണാര്‍ഥം നല്‍കപ്പെട്ട അനുഭവങ്ങളാണ്. ദൈവം തെരഞ്ഞെടുത്ത അനുഗൃഹീതരാണ് പ്രവാചകന്മാര്‍. ജീവിതവിമോചനത്തിന്റെ മഹാമന്ത്രങ്ങളാണ് വേദസാരങ്ങള്‍. വേദഗ്രന്ഥങ്ങളും പ്രവാചകചര്യകളും മനുഷ്യവംശത്തിന്റെ വഴികാട്ടികളാണ്. ആ മാര്‍ഗത്തിലൂടെ ഏകദൈവത്തെ മാത്രം ആരാധിച്ചുകൊണ്ട് പരലോകമോക്ഷത്തിനായി യത്‌നിക്കാന്‍ മനുഷ്യന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനാണ് ഖുര്‍ആന്റെ കേന്ദ്രാശയം. അവന്റെ പുനഃസൃഷ്ടിയാണ് അതിന്റെ വിഭാവിത ലക്ഷ്യം. സാമ്യഭാവസുന്ദരമായ സമൂഹസൃഷ്ടിക്കുവേണ്ടി ഖുര്‍ആന്‍ നിലകൊള്ളുന്നു. അതുകൊണ്ട് ഇസ്‌ലാം മനുഷ്യസമത്വവും സ്വാതന്ത്ര്യവും ഉദ്‌ഘോഷിച്ചു. സാമ്പത്തിക നീതിയും സാമൂഹിക സമത്വവും വിളംബരം ചെയ്തു. എല്ലാ വിധേയത്വങ്ങളും അടിമത്തങ്ങളും അത് അറുത്തെറിഞ്ഞു. കുടുംബവ്യവസ്ഥകള്‍ പുനരാവിഷ്‌കരിച്ചു. നവനാഗരികതയുടെ പെരുമ്പറ മുഴക്കി. ധീര നൂതന മാനവചരിതത്തിന് പശ്ചാത്തലമൊരുക്കി. ചിന്തയുടെയും ചര്യകളുടെയും മേഖലകള്‍ സമഗ്രവും പൂര്‍ണവുമാക്കാന്‍ പൂര്‍വഗാമികളുടെ വിചാരവൃത്തികളെ വിനിയോഗിച്ചു. ഖുര്‍ആന്‍ പ്രവാചക പരമ്പരയുടെ ദര്‍ശനസാരം സമാവഹിക്കുന്നു. അത്, ജനനമരണങ്ങള്‍ക്കിടയിലുള്ള സകലാനുഭവങ്ങളും വിശകലനം ചെയ്യുന്നു. അത്, സസ്യലതാദികള്‍, പക്ഷിമൃഗാദികള്‍, നിശ്ചേതനശിലാതലങ്ങള്‍ - അങ്ങനെ അതിസാധാരണങ്ങളായ പ്രകൃതി പ്രതിഭാസങ്ങള്‍- അവയിലേക്ക് നമ്മെ ആകര്‍ഷിക്കുന്നു; നമ്മുടെ ചിന്താശക്തിയെ തട്ടിയുണര്‍ത്തുന്നു. അത്, സൗരമണ്ഡലമടക്കം എല്ലാറ്റിനെയും പ്രപഞ്ചചലനങ്ങളെയും വിചാരവിധേയമാക്കുന്നു. അവക്കു പിറകിലെ സൃഷ്ടിവൈഭവത്തെ ബോധ്യപ്പെടുത്തുന്നു. അത് സകലാധിനാഥനായ സ്രഷ്ടാവിന്റെ തിരുസന്നിധിയിലേക്ക് നമ്മെ നയിക്കുന്നു. 

ഖുര്‍ആനിലെ കണ്ടെത്തലുകള്‍ ഖണ്ഡിതമാണ്; നിരപേക്ഷമാണ്; ആത്യന്തികമാണ്. കാരണം അത് മനുഷ്യാതീതമായ ഒന്നിന്റെ പ്രകാശനമാണ്. മനുഷ്യഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും പരിമിതികളുണ്ട്. സന്ദര്‍ഭങ്ങള്‍, ഉപാധികള്‍ എന്നിവയാല്‍ പരിസീമിതവുമാണവ. ഖുര്‍ആനിലെ യാഥാര്‍ഥ്യങ്ങള്‍, മനുഷ്യവിജ്ഞാനം എത്തിച്ചേരുന്നതിന്റെ സമസ്തവും ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഖുര്‍ആനെ മനുഷ്യന്റെ ആത്യന്തികയാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിക്കാനും തുലനം ചെയ്യാനും ശ്രമിക്കുന്നത് ശരിയല്ല. സത്യത്തിന്റെ വെളിപാടുകളാണ് ഖുര്‍ആനില്‍. 'നേതിനേതി'യാമന്ത്രിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മനുഷ്യന്‍ സത്യദര്‍ശനത്തിനുള്ള ശ്രമത്തിലാണ്. ആ ശ്രമവേളയിലെ അനുഭവങ്ങളും അനുഭൂതികളും കേവല സത്യവുമായി താരതമ്യം ചെയ്തുകൂടാ.

ഖുര്‍ആന്‍ ഇന്നോളമുണ്ടായിട്ടുള്ള വേദങ്ങളെയെല്ലാം അംഗീകരിക്കുന്നു. പരിമിതികള്‍ പരിഹരിച്ച് പൂര്‍ണവല്‍ക്കരിക്കപ്പെട്ട ഒന്നാണ് ഖുര്‍ആന്‍. പ്രവാചക ശ്രേഷ്ഠനായി  ഖുര്‍ആന്‍ മുഹമ്മദിനെ വിലയിരുത്തുന്നു. പ്രവാചകന്മാര്‍ മനുഷ്യരാണെന്നും അവരില്‍ ദിവ്യത്വം ആരോപിക്കരുതെന്നും ഖുര്‍ആന്‍ ഖണ്ഡിതമായി വിലക്കുന്നു. എല്ലാ ജനവിഭാഗങ്ങളിലും പ്രവാചകന്മാരുണ്ടായിരുന്നുവെന്നും ഒരു പ്രവാചകനും മനുഷ്യസാമാന്യത്തിനായല്ലാതെ ഒരു വിഭാഗീയ വേദിക്കുവേണ്ടിമാത്രം പിറന്നവരെല്ലെന്നും ഖുര്‍ആന്‍ പ്രബോധിച്ചിരിക്കുന്നു. സൃഷ്ടികളില്‍ തെരഞ്ഞെടുക്കപ്പെട്ട വരിഷ്ടസൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യരില്‍നിന്ന് സാത്വിക വിശുദ്ധിയാല്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ് മുഹമ്മദ്. അതിനാല്‍ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടവരില്‍ തെരഞ്ഞെടുക്കപ്പെട്ടവനാകുന്നു.

സകലസ്പര്‍ശിയാംവിധം സമ്പൂര്‍ണവും സനാതനത്വംകൊണ്ട് നിത്യഭാസുരവുമായ ദൈവവചസ്സുകളുടെ സമുച്ചയമാണ് വിശുദ്ധഖുര്‍ആന്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (105 - 110)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത
കെ.സി ജലീല്‍ പുളിക്കല്‍