Prabodhanm Weekly

Pages

Search

2017 ജൂണ്‍ 02

3004

1438 റമദാന്‍ 07

റമദാന്‍: ഭൂതകാലാചാരങ്ങള്‍ക്കും വര്‍ത്തമാനകാല പരാജയങ്ങള്‍ക്കും മധ്യേ

മുഹമ്മദുല്‍ ഗസ്സാലി

മനുഷ്യ ശരീരത്തിന് അതിനെ ചൈതന്യവത്താക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന ഇന്ധനം ആവശ്യമാണ്. അതിന്റെ നിലനില്‍പിനും വളര്‍ച്ചക്കും സഞ്ചാരത്തിനും സഹായിക്കുന്ന ഘടകങ്ങളില്‍നിന്ന് അതിനെ വിലക്കാവതല്ല. സമ്പൂര്‍ണമായ പട്ടിണി ശരീരത്തെ കൊന്നുകളയുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്തപക്ഷം മാരകമായ തകരാറ് ശരീരത്തിന് സംഭവിക്കുന്നു. അതേതുടര്‍ന്ന് അത് ക്ഷയിക്കുകയും തളരുകയും ചെയ്യുന്നു. അതിനാല്‍തന്നെ ഈ അര്‍ഥത്തില്‍ വിഷമകരമായ ബാധ്യതകളൊന്നും അല്ലാഹുവിന്റെ ശരീഅത്ത് ശരീരത്തിനു മേല്‍ ചുമത്തിയിട്ടില്ല. മാത്രവുമല്ല, ഇത്തരം പരീക്ഷണങ്ങളില്‍നിന്ന് അല്ലാഹുവിനോട് അഭയം തേടാനാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്: ''നാഥാ, സത്യനിഷേധം, ദാരിദ്ര്യം എന്നിവയില്‍നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീയല്ലാതെ മറ്റൊരു ഇലാഹുമില്ല, ഞാന്‍ ഖബ്ര്‍ ശിക്ഷയില്‍നിന്ന് നിന്നില്‍ അഭയം പ്രാപിക്കുന്നു.'' 

എന്നാല്‍, സാമാന്യജനം ഇതില്‍നിന്ന് ഭിന്നമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ തങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളത്ര മതി എന്നവര്‍ വെക്കുന്നില്ല. മറിച്ച്, അവര്‍ ആവശ്യത്തിലേറെ വാരിവിഴുങ്ങുന്നു. ഓരോരുത്തരും തങ്ങളുടെ ആര്‍ത്തിക്കും കഴിവിനുമനുസരിച്ച് തിന്നുന്നു. നമ്മുടെ ശരീരത്തെ അതിന്റെ ആവശ്യം എത്രയാണോ അതിനേക്കാള്‍ വളരെയേറെ നാം ഊട്ടുന്നു. ആഗ്രഹങ്ങള്‍ വര്‍ധിക്കുകയും അതേതുടര്‍ന്ന് നാം നിരന്തരം ഭക്ഷിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. നമ്മുടെ പതിവിനും ആഗ്രഹങ്ങള്‍ക്കും ശരീരം നിവൃത്തിയില്ലാതെ വഴങ്ങിക്കൊണ്ടിരിക്കുന്നു!

നാം എന്താണോ അടിച്ചേല്‍പിക്കുന്നത് അതിന് വിധേയപ്പെടാനുള്ള കഴിവ് ശരീരത്തിനുണ്ട്. ഒന്നുകില്‍ പൊണ്ണത്തടിയായോ അല്ലെങ്കില്‍ കിട്ടുന്നത് സ്വീകരിച്ചോ അത് നിലനില്‍ക്കും. അതിനനുസരിച്ച് അതിന്റെ ചലനത്തിലും ഉത്സാഹത്തിലും മാറ്റങ്ങള്‍ സംഭവിക്കും. എന്തു തന്നെയായാലും നഷ്ടം ശരീരത്തിനു തന്നെ. ആളുകള്‍ അതേക്കുറിച്ച് പറയും; 'ഇയാള്‍ കുറച്ച് കഴിച്ചാല്‍ അയാള്‍ക്കും ശരീരത്തിനും എത്ര നന്നായിരുന്നേനെ! അവ രണ്ടും സന്തോഷത്തിലായിരുന്നേനെ!'

പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്: ''മനസ്സ് ആശിച്ചുകൊണ്ടേയിരിക്കും, നീയതിനെ ആശിപ്പിച്ചാല്‍. നീയതിന് കുറച്ച് മാത്രം നല്‍കി ശീലിച്ചാലും അത് തൃപ്തിപ്പെടും.'' 

മനുഷ്യ മനസ്സിന്റെ ഇത്തരം ചാപല്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്നതില്‍ വ്രതത്തിന് നിര്‍ണായക പങ്കുണ്ട്. എന്നല്ല, നമുക്ക് അത്തരം ബോധ്യങ്ങള്‍ പകര്‍ന്നുതരാന്‍ റമദാന്‍ സമാഗതമായിരിക്കുകയാണ്. 

ചിലയിനം ആളുകളുടെ ആഗ്രഹങ്ങള്‍ ഭൗതികതയെ കൂടുതല്‍ കൂടുതല്‍ ആസ്വദിക്കാനായി മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ആ പരാജിതര്‍ അവിടെ കിടമത്സരം നടത്തുകയും ചങ്കില്‍കെട്ടുന്നതുവരെ തിന്നുകയും ചെയ്യുകയാണ്. ആനന്ദിക്കുകയും ആഹ്ലാദത്തിമിര്‍പ്പില്‍ ഉല്ലസിക്കുകയും ചെയ്യുന്നവരില്‍ എല്ലാ മതാനുയായികളുമുണ്ട്. കൊതിയൂറും വിഭവങ്ങളില്‍നിന്ന് അകന്ന് നോമ്പെടുക്കുക എന്നതാണ് ഈ സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ അനുയായികള്‍ക്ക് അനുയോജ്യമായിട്ടുള്ളത്.

കാരണം തങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലം അവരോട് ആവശ്യപ്പെടുന്നുണ്ട് അത്. സമൂഹങ്ങള്‍ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ അവരുടെ നടപ്പുരീതികളില്‍ വലിയ മാറ്റങ്ങള്‍ കണ്ടുവരാറുണ്ട്. അതുവരെ ആസ്വദിച്ചിരുന്ന വിഭവങ്ങള്‍ ആബാലവൃദ്ധം ജനങ്ങള്‍ ഉപേക്ഷിക്കുന്നു. ആഹ്ലാദപ്രകടനങ്ങളെയും ആര്‍പ്പുവിളികളെയും അകറ്റിനിര്‍ത്തി, സമാധാനചിത്തരായി അവര്‍ ചലിക്കുന്നു. മുന്‍കാലത്ത് അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു ഇത്. ശത്രുക്കളുടെ ആക്രമണത്തിന് ഇരയാവുകയോ വല്ല ദുരന്തവും ബാധിക്കുകയോ ചെയ്താല്‍ അവര്‍ ആഡംബരവും ധൂര്‍ത്തും ഉപേക്ഷിച്ച്, വിനോദങ്ങള്‍ മാറ്റിവെച്ച് ദുഃഖമാചരിച്ചിരുന്നു. പ്രസ്തുത അതിക്രമത്തിന് പ്രതികാരം ചെയ്യുന്നതുവരെ അവര്‍  സന്തോഷിക്കുകയോ ചിരിക്കുകയോ ചെയ്യുമായിരുന്നില്ല. തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ അവരിലോരോരുത്തരും ആശ്വസിക്കുകയും, 'മുമ്പ് യൂഫ്രട്ടീസിലെ വെള്ളം പോലും എനിക്ക് ചങ്കില്‍ കെട്ടിയിരുന്നു, എന്നാല്‍ ഇപ്പോള്‍ എനിക്ക് പാനീയം നന്നായി ഇറങ്ങുന്നുണ്ട്' എന്ന് പാടി നടക്കുകയും ചെയ്തിരുന്നു.

ബദ്‌റില്‍ പരാജയപ്പെട്ടതിനു ശേഷം അബൂസുഫ്‌യാന്‍ ഉള്‍പ്പെടെയുള്ള ഖുറൈശീ പ്രമുഖര്‍ ഇപ്രകാരം ദുഃഖമാചരിച്ചിരുന്നു. മുഹമ്മദിനോട് പ്രതികാരം ചെയ്യുന്നതുവരെ എല്ലാ തരം ഭൗതികാസ്വാദനവും തനിക്ക് നിഷിദ്ധമാണെന്ന് അയാള്‍ ശപഥം ചെയ്തിരുന്നു. 

ഇപ്രകാരം സ്വന്തം ഇഛയെ, ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്യുകയെന്നതാണ് നോമ്പ് ചെലുത്തുന്ന മാനസിക സ്വാധീനങ്ങളില്‍ മുഖ്യമായത്. ചില അനുവദനീയ പ്രവൃത്തികള്‍ തന്നെ വെടിയുക വഴി, എല്ലാ നിഷിദ്ധ കാര്യങ്ങളെയും മാറ്റിനിര്‍ത്താനും ഉപേക്ഷിക്കാനുമുള്ള പരിശീലനമാര്‍ജിക്കുകയാണ് നോമ്പുകാരന്‍. 

ജീവിതസാഹചര്യങ്ങള്‍ എത്ര തന്നെ മാറിമറിഞ്ഞാലും അവയെ എല്ലാം നേരിടാനുള്ള ശാരീരിക/ മാനസിക ശക്തി നബി(സ)ക്കുണ്ടായിരുന്നു. പ്രയാസത്തെയും എളുപ്പത്തെയും, പരാജയത്തെയും വിജയത്തെയും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ഭൗതിക വികാരങ്ങള്‍ക്ക് കീഴടങ്ങുന്നതും, ഏതെങ്കിലും ആസക്തികള്‍ക്ക് അടിപ്പെടുന്നതും ഇഛാഭംഗത്തിനും ദൗര്‍ബല്യത്തിനും കാരണമാകുമെന്ന് അദ്ദേഹം അനുചരന്മാരെ പഠിപ്പിച്ചിരുന്നു. ''നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ലൈംഗിക-ദേഹ വികാരങ്ങളും, വഴിതെറ്റിയ ഇഛകളുമാണ്.'' സൗഖ്യവും ക്ഷേമവും സുഭിക്ഷതയും തേടി നടക്കുന്നവരെക്കുറിച്ച് അദ്ദേഹം പറഞ്ഞതിപ്രകാരമാണ്: ''ദീനാറിന്റെ അടിമ നശിച്ചിരിക്കുന്നു. ദിര്‍ഹമിന്റെ അടിമ നശിച്ചിരിക്കുന്നു. പട്ടിന്റെ അടിമ നശിച്ചിരിക്കുന്നു. ആഡംബര(വസ്ത്രം)ത്തിന്റെ അടിമയും നശിച്ചിരിക്കുന്നു.'' 

മുസ്‌ലിംകളില്‍ ചിലര്‍ക്ക് തങ്ങളുടെ വ്രതാനുഷ്ഠാനത്തില്‍നിന്ന് മേല്‍പറഞ്ഞ മാനസിക-സാമൂഹിക ഫലങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ശരി. സാമ്പത്തികവും മറ്റുമായ എന്ത് തരം ഉപരോധങ്ങളെയും മറികടക്കാനുള്ള ക്ഷമയും ത്യാഗസന്നദ്ധതയും വ്രതത്തില്‍നിന്ന് അവര്‍ സമ്പാദിക്കുന്നില്ല. തങ്ങള്‍ ഇതുവരെ ശീലിച്ച ഐശ്വര്യത്തിന്റെയും സുഭിക്ഷതയുടെയും ജീവിതരീതികള്‍ തന്നെയാണ് അവര്‍ക്ക് പഥ്യം. 

ജനങ്ങള്‍ക്ക് അനുവദിക്കപ്പെട്ടവ നിഷിദ്ധമാക്കാനോ അവരെ അതില്‍നിന്ന് അകറ്റാനോ അല്ല നാം ശ്രമിക്കുന്നത്. നമ്മെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുവിനെ നേരിടാനുള്ള മാനസികോര്‍ജം സമ്പാദിക്കണമെന്ന് ഉണര്‍ത്തുക മാത്രമാണ്. ചര്‍ക്കയില്‍ നൂല്‍നൂറ്റ് ബഹിഷ്‌കരണത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഗാന്ധി നമുക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷുകാരുടെ അതിമനോഹരമായ മേത്തരം ഉല്‍പന്നങ്ങളെ ഉപേക്ഷിക്കാനുള്ള പരിശീലനമായിരുന്നു അത്. അതൊരു 'വ്രത'മായിരുന്നു. അധിനിവേശത്തിന്റെ തകര്‍ച്ചയിലും സ്വാതന്ത്ര്യത്തിന്റെ പിറവിയിലും കലാശിച്ച 'വ്രതം.' അതിനാലാണ് സലീം അല്‍ഖൂരി ഇപ്രകാരം പാടിയത്:

'ഒരു ഇന്ത്യക്കാരന്‍ നോമ്പെടുത്ത് ഒരു രാഷ്ട്രത്തെ ക്ഷയിപ്പിച്ചുകളഞ്ഞു /

ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ നോമ്പെടുത്തിട്ടും ഒരു ഉറുമ്പിന് പോലും നഷ്ടം പറ്റിയില്ല.'

നാം അല്‍പം വിഷമങ്ങളും പ്രയാസങ്ങളും സഹിക്കേണ്ട, ആര്‍ഭാടങ്ങളും സൗഖ്യവും മാറ്റിവെക്കേണ്ട സന്ദര്‍ഭത്തിലാണുള്ളത്. വിനോദങ്ങളോടും കളികളോടുമുള്ള അറബ് ജനസമൂഹങ്ങളുടെ അതീവ താല്‍പര്യം അവരുടെ നാശത്തിലാണ് കലാശിക്കുക. ഹൃദയത്തിന്റെ മരണമാണത്. വിലയില്ലാത്തതിന്  സ്വീകാര്യത നല്‍കലുമാണ്. ഐഹികതയെ ആഗ്രഹിക്കുന്ന, മരണത്തെ വെറുക്കുന്ന ഒരു സംഘമാണ് വളര്‍ന്നുവരുന്നത്. 

ജീവിതത്തെ ആരാധിക്കുക, സമയവും അധ്വാനവും അതിനായി മാത്രം മാറ്റിവെക്കുക-ഇതാണ് ഉന്നതമൂല്യങ്ങളുടെ തിരോധാനത്തിന് വഴിവെച്ച മുഖ്യകാരണം. വിലകുറഞ്ഞ ആഗ്രഹങ്ങള്‍ മനസ്സില്‍ നിറച്ചതും, ദൈവത്തില്‍നിന്ന് ശ്രദ്ധ തെറ്റിച്ചതുമെല്ലാം അതുതന്നെയാണ്. മുന്‍കഴിഞ്ഞ സമൂഹങ്ങളുടെ നാശത്തിന് കാരണമായതും മറ്റൊന്നല്ല. ഖുര്‍ആന്‍ പറയുന്നു: ''എന്നാല്‍ ഇക്കൂട്ടര്‍, ക്ഷണികമായ ഐഹിക നേട്ടമാണ് ഇഷ്ടപ്പെടുന്നത്. വരാനിരിക്കുന്ന ഭാരമേറിയ നാളിന്റെ കാര്യമവര്‍ പിറകോട്ട് തട്ടിമാറ്റുന്നു'' (അദ്ദഹ്‌റ് 27). 

''അതിനാല്‍ നമ്മെ ഓര്‍ക്കുന്നതില്‍നിന്ന് പിന്തിരിയുകയും ഐഹിക ജീവിതസുഖത്തിനപ്പുറമൊന്നും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന് വിടുക. അവര്‍ക്കു നേടാനായ അറിവ് അതുമാത്രമാണ്. തന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിയവര്‍ ആരെന്ന് ഏറ്റം നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നന്നായറിയുന്നവനും അവന്‍ തന്നെ'' (അന്നജ്മ് 29,30).

എത്ര ആസ്വദിച്ചാലും മതിവരാതെ, വിഭവങ്ങളില്‍ ആര്‍ത്തിപൂണ്ടുപോവുകയെന്നതാണ് ഈ രോഗത്തിന്റെ പ്രകടരൂപം. ഹറാമും ഹലാലും പരിഗണിക്കാതെയാവും അവന്റെ സംസാരം. തനിക്ക് ചുറ്റുമുള്ള ഭൂമിയാണ് തന്റെ ലോകമെന്ന് കരുതുകയും അതിലുള്ളത് നഷ്ടപ്പെട്ടാല്‍ പകരം വെക്കാനാവില്ലെന്ന് ധരിച്ചുപോവുകയും ചെയ്യുന്നു. അതിനാല്‍ അടിച്ചട്ടിയിലുള്ളതും വടിച്ചെടുത്തേ അവന്‍ പിരിഞ്ഞുപോവുകയുള്ളൂ!

''നിങ്ങള്‍ ഭൂമിയില്‍ അനര്‍ഹമായി പൊങ്ങച്ചം കാണിച്ചതിനാലും അഹങ്കരിച്ചതിനാലുമാണിത്. ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ''(ഗാഫിര്‍ 75,76).

ജീവിതത്തെ ആരാധിക്കുന്നതിനും, ഒരിക്കലും ആര്‍ത്തി തീരാത്ത വിധം മത്സരിക്കുന്നതിനുമുള്ള അവസരങ്ങള്‍ ആധുനിക നാഗരികത അതിന്റെ സന്തതികള്‍ക്ക് മുമ്പില്‍ തുറന്നിട്ടിരിക്കുന്നു. അതിരില്ലാത്ത ആഗ്രഹങ്ങള്‍ക്കാണ് ജന്മം നല്‍കുന്നത്; അവ പൂര്‍ത്തീകരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. 

ഈ വേലിയേറ്റത്തെ തടുക്കാന്‍ അമേരിക്കയിലെയും  യൂറോപ്പിലെയും മതങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. അവ സ്വയം ദുര്‍ബലമാണെന്നതും, ഉള്ള ഊര്‍ജം ഇസ്‌ലാമിനെതിരെ പോരാടാന്‍ വിനിയോഗിക്കുന്നുവെന്നതും പ്രസ്തുത പരാജയത്തിന്റെ കാരണങ്ങളാണ്. ഭൗതികതക്ക് മേലുള്ള ഈ കിടമത്സരത്തില്‍ മുസ്‌ലിംകളും മറ്റുള്ളവര്‍ക്കൊപ്പം പങ്കാളികളാവുന്നുവെന്നതാണ് ഏറെ അത്ഭുതകരം. 

'ഇതിലെന്താണിത്ര അത്ഭുതപ്പെടാന്‍! അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരല്ലേ?' എന്ന് ഒരുപക്ഷേ ചോദിച്ചേക്കാം. യൂറോപ്യന്മാരുടെ ഉല്ലാസ രീതികളില്‍ മുസ്‌ലിംകള്‍ പങ്കുചേരുന്നതിനെ ഞാന്‍ തള്ളിപ്പറയുന്നില്ല. രാപ്പകല്‍ കഠിനാധ്വാനം ചെയ്തതിനു ശേഷം അല്‍പം ആശ്വാസത്തിനായി വിനോദങ്ങളിലേര്‍പ്പെടുന്നത് എനിക്ക് മനസ്സിലാക്കാനാവും. എന്നാല്‍ ചിലയാളുകള്‍ ലോകത്തെ അറിയപ്പെടുന്ന തലസ്ഥാന നഗരികളിലേക്ക് വിനോദത്തിനായി യാത്ര പുറപ്പെടുകയും മടങ്ങിയെത്തിയ ശേഷം അവിടത്തെ 'ബഹളം നിറഞ്ഞ രാത്രികളുടെ' വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു! ചെറിയവരെന്നും മുതിര്‍ന്നവരെന്നും ഭേദമില്ലാതെ അവിടങ്ങളില്‍ നിരന്തരം കഷ്ടപ്പെടുന്നവരുടെ ശരീരത്തില്‍നിന്നൊഴുകുന്ന വിയര്‍പ്പിനെക്കുറിച്ച് അവര്‍ക്കൊന്നും പറയാനില്ലേ?

അവിടത്തെ എഞ്ചിനീയര്‍ വൈകുന്നേരം വരെ വെയിലേറ്റ്, കരുവാളിച്ച മുഖവുമായി പണി നിര്‍ത്തി അവന്റെ പതിവനുസരിച്ച് ആശ്വസിക്കാനായി അങ്ങാടിയിലെത്തുന്നു. എന്നാല്‍ നാമാകട്ടെ കഠിനാധ്വാനത്തിനു ശേഷമുള്ള അവന്റെ ഉല്ലാസത്തെ മാത്രം കാണുകയും അത് അനുകരിക്കുകയും ചെയ്യുന്നു; അതിനു മുമ്പുള്ള അവന്റെ കഠിനാധ്വാനത്തെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.

മുസ്‌ലിംകള്‍ തങ്ങളുടെ വ്രതത്തിന്റെ രഹസ്യം മനസ്സിലാക്കുകയും ജീവിതത്തെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തിരുന്നുവെങ്കില്‍ അവരുടെ നിലപാടുകളില്‍ കാതലായ മാറ്റം സംഭവിച്ചേനെ. അവര്‍ തങ്ങളുടെ സാഹചര്യവും ശത്രുക്കളുടെ ഗൂഢനീക്കങ്ങളും തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ വ്രതത്തിനു മുമ്പു തന്നെ വ്രതവും, രാത്രിനമസ്‌കാരത്തിനു മുമ്പ് ഉറക്കമില്ലാത്ത രാവുകളും അവര്‍ക്കുണ്ടായേനെ!! 

മൊഴിമാറ്റം: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (105 - 110)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത
കെ.സി ജലീല്‍ പുളിക്കല്‍