Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

ഇബ്‌റാഹീം കുട്ടി

യു.ഷൈജു

ആലപ്പുഴ ജില്ലയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനൊപ്പം സഞ്ചാരത്തിനൊപ്പം നടന്ന് പൊടുന്നനെ വിടപറഞ്ഞു ഇബ്‌റാഹീം കുട്ടി സാഹിബ്. അധ്യാപകനായിരുന്ന അദ്ദേഹം ഇടപഴകലില്‍ പുലര്‍ത്തിയ സമീപനം ഏറെ ആകര്‍ഷകമായിരുന്നു. ജില്ലയുടെ തെക്കന്‍ മേഖലയിലെ പ്രസ്ഥാന വ്യാപനത്തിന് ആ മുഖത്തെ സൗമ്യത വലിയ തുണയായിരുന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കായംകുളം, ഹരിപ്പാട് മേഖലകളില്‍ തന്റെ സവിശേഷ അധ്യാപനശൈലിയിലൂടെ, ഖുര്‍ആന്റെ തണലിലൂടെ ആളുകളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനായി. സംഘടനാ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പാലിക്കേണ്ട അച്ചടക്കം, മര്യാദ ഇതൊക്കെ ദീക്ഷിച്ച് പുതിയ ആളുകളെ സ്വാധീനിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്റ്റഡി സെന്ററുകളും സര്‍ക്കിളുകളും വഴി പ്രസ്ഥാന വളര്‍ച്ചക്ക് അദ്ദേഹമര്‍പ്പിച്ച സേവനങ്ങള്‍ നാഥന്റെ മുന്നിലേക്കുള്ള നല്ല കരുതിവെപ്പാണ്.  എല്ലാ കാലത്തെയും  പുതിയ തലമുറയെ ദീര്‍ഘവീക്ഷണത്തോടെ പ്രോത്സാഹിപ്പിച്ചിരുന്നു.  കുരുന്നുകളെ ഇസ്‌ലാമിക മാര്‍ഗത്തിലെത്തിച്ച് അവരെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതില്‍ കാണിച്ച ശ്രദ്ധ അനുകരണീയമാണ്. കവിത ചൊല്ലി, പാട്ടു പാടി ബാലസംഘാഗംങ്ങളുടെ കളിക്കൂട്ടുകാരനാകാനും അദ്ദേഹത്തിന് സാധിച്ചു.  

ജമാഅത്തെ ഇസ്‌ലാമിയുടെ ഏരിയാ പ്രസിഡന്റ്, ഹല്‍ഖാ നാസിം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രസ്ഥാനസ്ഥാപനങ്ങള്‍  തുടങ്ങുന്നതിലും അവയെ മുന്നോട്ടുകൊണ്ട് പോകുന്നതിലും അദ്ദേഹത്തിന്റെ നേതൃപരമായ പങ്ക് വലുതായിരുന്നു. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്‌കൂളും ആശുപത്രിയും സേവന പദ്ധതികളും അടങ്ങുന്ന സംവിധാനത്തിന്റെ ചെയര്‍മാനായിരുന്നു. ഇതര സംഘടനാ നേതൃത്വങ്ങളുമായും മതവിഭാഗങ്ങളുമായും ഹൃദ്യമായ ബന്ധം സൂക്ഷിച്ചു. കുടുംബത്തിലെ എല്ലാവരെയും പ്രസ്ഥാനത്തിനൊപ്പം കൂട്ടി. രോഗിയായിരിക്കുമ്പോഴും അനാരോഗ്യം പുറത്ത് കാണിക്കാതെ പ്രവര്‍ത്തനങ്ങളില്‍ ചടുലത നിലനിര്‍ത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ വിയോഗം മൂലം കുടുംബത്തിനും പ്രസ്ഥാനത്തിനുമുണ്ടായ നഷ്ടം നികത്തേണമേ നാഥാ. 

 

സി.വി മൊയ്തീന്‍

'ഇയ്യ് എവിടെ?  അന്നെ കണ്ടിട്ട് കുറേ ദിവസായല്ലോ  ....ഒന്ന് ഇവിടെ വരെ വാ....'

മാസത്തില്‍ സ്‌നേഹത്തോടെയുള്ള വല്യുപ്പാന്റെ  ഒരു കോള്‍  എങ്കിലും ഉണ്ടാവും.....

കഴിഞ്ഞ ആഴ്ച വല്യുപ്പ (സി.വി മൊയ്തീന്‍ സാഹിബ്) സ്‌നേഹവും വാത്സല്യവും ബാക്കിവെച്ച് അല്ലാഹുവിങ്കലേക്ക് യാത്രയായി.

കക്കാട്ടെ വീട്ടില്‍  ചെന്നാല്‍ മുന്‍വശത്തെ വരാന്തയില്‍ ഇരുന്ന് വായനയിലോ സംസാരത്തിലോ മുഴുകിയിരിക്കുന്ന വല്യുപ്പയുടെ പുഞ്ചിരിക്കുന്ന മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുടുംബ കാര്യങ്ങളേക്കാള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളെയും നേതാക്കളെയും കുറിച്ചറിയാനായിരുന്നു വല്യുപ്പാക്ക് ഇഷ്ടം. കോട്ടക്കലില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചതുകൊണ്ട്  പങ്കെടുക്കാന്‍ പറ്റാത്തതിലുള്ള വിഷമം റെക്കോര്‍ഡ് ചെയ്ത വീഡിയോ കാണിക്കാം എന്ന് ഉറപ്പു നല്‍കിയപ്പോഴാണ് മാറിയത്. 

1960-കളുടെ  അവസാനം ബേക്കറി ബിസിനസ്സുമായി ബന്ധപ്പെട്ട് മദ്രാസ്സിലുള്ള  കാലത്താണ് വല്യുപ്പ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുന്നത്. അന്നുമുതല്‍  തന്നെ ജമാഅത്ത് സാഹിത്യങ്ങളും പ്രബോധനവും  വായിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വളരെ ശ്രദ്ധാലുവായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥ കാലത്ത് ജമാഅത്തെ  ഇസ്‌ലാമിയെ നിരോധിച്ച് പ്രവര്‍ത്തകരെയും നേതാക്കളെയും ജയിലിലടച്ചപ്പോള്‍ അവര്‍ക്ക് സഹായമെത്തിക്കാനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും  വല്യുപ്പ മുന്നില്‍ തന്നെയുണ്ടായിരുന്നു. 1987-ഓടെ മദ്രാസില്‍ ബിസിനസ്സ് അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കുകയും പിന്നീട് നാട്ടിലെ മുഴുവന്‍ സമയ പ്രസ്ഥാന പ്രവര്‍ത്തകനായി മാറുകയുമാണ് ചെയ്തത്. മാധ്യമം പത്രത്തിന്റെ തുടക്കത്തില്‍ തന്നെ ഏജന്റായി പ്രവര്‍ത്തിക്കുകയും കക്കാട്, തിരൂരങ്ങാടി, ചെമ്മാട് പ്രദേശങ്ങളില്‍  പത്രത്തിന് അടിത്തറ ഉണ്ടാക്കുന്നതിന് അഹോരാത്രം പണിയെടുക്കുകയും ചെയ്തു. രോഗബാധിതനാവുന്നതുവരെ മാധ്യമം, പ്രബോധനം  ഏജന്റായിരുന്നു വല്യുപ്പ.

ചെറിയ കുട്ടിയായ സമയത്ത് വല്യുപ്പയുടെ  കൂടെയുളള പ്രസ്ഥാനയാത്രകള്‍  ഇന്നും മനസ്സില്‍ മായാതെ  നില്‍ക്കുന്നു. 1997-ലെ ഹിറാ സമ്മേളനം കക്കാട് കൂരിയാട്ട് വെച്ച് നടന്നപ്പോള്‍ സമ്മേളന സ്ഥലത്തെ നാട്ടുകാരനായ ജമാഅത്ത് അംഗം വല്യുപ്പയായിരുന്നു. സമ്മേളനത്തിനു ഒരു വര്‍ഷം മുമ്പ് ആരംഭിച്ച സമ്മേളന ഓഫീസിലെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സമ്മേളന ഓഫീസില്‍ രാത്രി  വൈകിയും തുടരുന്ന മീറ്റിംഗുകള്‍, നേതാക്കളോടൊപ്പമുളള  വിലയിരുത്തലുകള്‍. ഊര്‍ജസ്വലവും  സജീവവുമായിരുന്നു ആ കാലം. മിക്കപ്പോഴും ഞങ്ങളെയും കൂടെ കൂട്ടുമായിരുന്നു. 

ചെമ്മാട് മസ്ജിദുല്‍ മനാര്‍ പ്രസിഡന്റ് ,ചെമ്മാട് ഹല്‍ഖാ നാസിം, ജമാഅത്തെ ഇസ്‌ലാമി തിരൂരങ്ങാടി ഏരിയാ സമിതിയംഗം, പലിശരഹിത നിധി പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. കുട്ടികളോടും  മുതിര്‍ന്നവരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും  ഊഷ്മളമായ ബന്ധമായിരുന്നു വല്യുപ്പാക്ക്. ഒരുപാട് നല്ല ജീവിത മാതൃകകള്‍  ബാക്കിവെച്ചാണ് വല്യുപ്പ യാത്രയായത്.

അശ്‌റഫ് കൊണ്ടോട്ടി

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍