Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

ഇസ്‌ലാമിന്റെ നാഗരിക സംഭാവനകള്‍

കെ.ടി ഹുസൈന്‍

ഇന്ത്യന്‍ സാമൂഹിക രൂപീകരണവും ഇസ്‌ലാമും-5

തൗഹീദ്

ഇന്ത്യയുടെ സാമൂഹിക രൂപവത്കരണത്തില്‍ ഇസ്‌ലാം നല്‍കിയ ഏറ്റവും വലിയ സംഭാവന നിസ്സംശയം അതിന്റെ ആശയാടിത്തറയായ തൗഹീദ് തന്നെയാണ്. ഇന്ത്യക്കാരെ സംബന്ധിച്ചേടത്തോളം ഏകദൈവവിശ്വാസവും അതിന്റെ അടിത്തറയിലുള്ള വിഗ്രഹാരാധനാവിരുദ്ധതയും തീര്‍ത്തും പുതിയതായിരുന്നു. എല്ലാ ജനസമൂഹങ്ങളിലും ദൈവത്തിന്റെ സന്ദേശവാഹകന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന ഖുര്‍ആന്റെ പ്രസ്താവന പ്രകാരം ഇന്ത്യയിലും ഏതോ കാലഘട്ടത്തില്‍ തൗഹീദ് പ്രബോധനം ചെയ്തിട്ടുണ്ടാകാം. ഇന്ത്യന്‍ ഫിലോസഫി ആഴത്തില്‍ പരിശോധിച്ചാല്‍ ഏകദൈവവിശ്വാസത്തിന്റെ കണികകള്‍ കണ്ടെത്താനായി എന്നും വരാം. അബുല്‍ കലാം ആസാദ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായ തര്‍ജുമാനുല്‍ ഖുര്‍ആനില്‍   അത്തരം ചില ശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്. 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുക'ളിലൂടെ മലയാളിയായ ടി. മുഹമ്മദാണ് അത്തരം ശ്രമം നടത്തിയ മറ്റൊരാള്‍. മതത്തെ കുറിച്ച തങ്ങളുടെ  സെമിറ്റിക് ഭാവന ഈ പഠനങ്ങളെ സ്വാധീനിച്ചതായി ഒറ്റനോട്ടത്തില്‍ തന്നെ കാണാനാവും. അതെന്തോ ആകട്ടെ ഇസ്‌ലാം അഭിമുഖീകരിച്ച ഇന്ത്യക്കാരുടെ വിശ്വാസസങ്കല്‍പം തീര്‍ത്തും ബഹുദൈവത്വപരവും കര്‍മമാതൃക വിഗ്രഹാരാധനയുമായിരുന്നുവെന്നതില്‍ പക്ഷാന്തരമില്ല. ഒന്നും രണ്ടുമല്ല, മുപ്പത്തിമുക്കോടി ദൈവങ്ങളും അവരുടെയെല്ലാം പേരില്‍   വിഗ്രഹങ്ങളുമുണ്ടായിരുന്നു. ഇതിഹാസ പുരുഷന്മാര്‍ മാത്രമല്ല  കാറ്റ്, മഴ, ഇടി, മിന്നല്‍, സൂര്യന്‍ തുടങ്ങിയ പ്രകൃതിശക്തികളും ആരാധിക്കപ്പെട്ടു. പരലോക വിശ്വാസം തീരേയില്ലായിരുന്നു.

ശ്രേണീബദ്ധമായ സാമൂഹിക ഘടനയെ താങ്ങിനിര്‍ത്തുന്നതായിരുന്നു ഇന്ത്യക്കാരുടെ ദൈവസങ്കല്‍പം. തട്ടുകളായി തിരിക്കപ്പെട്ട ജനസമൂഹവും അവര്‍ക്കെല്ലാം വ്യത്യസ്ത ദൈവങ്ങളും ആചാരങ്ങളും എന്ന അവസ്ഥ ഉച്ചനീചത്വവും ചൂഷണവും എന്നെന്നും നിലനിര്‍ത്താന്‍ സഹായകമാണ്. പരലോകവിശ്വാസത്തിന് പകരമുള്ള പുനര്‍ജന്മ വിശ്വാസമാകട്ടെ ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങള്‍ക്കും തജ്ജന്യമായ സാമൂഹിക ചൂഷണത്തിനും പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കുന്നതും മേല്‍ജാതി വിഭാഗത്തിന്റെ ഭോഗാസക്തിയെ തൃപ്തിപ്പെടുത്തുന്നതുമായിരുന്നു. ഖുര്‍ആന്റെ ആദ്യ അഭിസംബോധിതരായ മക്കയിലെ അറബികളുമായി  പലനിലക്കും സാമ്യമുള്ളതായിരുന്നു ഇന്ത്യക്കാരുടെ വിശ്വാസസങ്കല്‍പവും സാമൂഹികഘടനയും. അതിനാല്‍ ബഹുദൈവവിശ്വാസത്തിനും വിഗ്രഹാരാധനക്കും ഭോഗാസക്തിക്കും എതിരെ, പരലോക വിശ്വാസത്തിലും സാമൂഹിക സമത്വത്തിലും ഊന്നുന്ന ഖുര്‍ആനിക പ്രസ്താവനകള്‍ ആദ്യമായി കേള്‍ക്കുകയാണെങ്കിലും മക്കയിലെ അറബികള്‍ കരുതിയതുപോലെ അത് തങ്ങളോട് നേര്‍ക്കുനേരെ സംസാരിക്കുന്നതായി ഇന്ത്യന്‍ ജനതക്ക് തോന്നിയിരിക്കണം. പുതുമക്ക് പരസ്പരവിരുദ്ധമായ രണ്ട് പ്രത്യേകതകളുണ്ട.് കേള്‍ക്കുന്ന മാത്രയില്‍ അത് തള്ളിക്കളയുകയെന്നതാണ് ഒന്ന്. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ നിലപാട് എക്കാലത്തും ഇതായിരിക്കും. പുതുമയുടെ പേരില്‍ തന്നെ ചിലര്‍ക്കത് സ്വീകാര്യമാകുകയെന്നതാണ് രണ്ടാമത്തെ പ്രത്യേകത. സത്യാന്വേഷണ ത്വരയുള്ള എല്ലാവരും തുടക്കത്തില്‍ ഒരാശയം സ്വീകരിക്കുന്നത് പുതുമയെ ഒന്ന് പരീക്ഷിക്കുകയെന്ന അര്‍ഥത്തിലായിരിക്കും. പിന്നീട് ബോധ്യം വരുന്നതോടു കൂടിയാണ് അവര്‍ അതില്‍ ഉറക്കുക. ഈ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും തൗഹീദും  വിഗ്രഹാരാധനാ വിരോധവും ആകര്‍ഷിച്ചിരുന്നു. ഇങ്ങനെ ആകര്‍ഷിക്കപ്പെട്ട ആശയത്തിന് രാഷ്ട്രീയ ശക്തി കൂടിയുണ്ടെങ്കില്‍ അതിന്റെ സ്വാധീനം കൂടും. സിന്ധ് വഴിയും ഖൈബര്‍ ചുരം വഴിയും വന്ന ഇസ്‌ലാമിന്  ഇന്ത്യയില്‍ രാഷ്ട്രീയശക്തി കൂടി ഉണ്ടായിരുന്നല്ലോ. രാഷ്ട്രീയശക്തിയുടെ പിന്‍ബലമില്ലാതെ മത പ്രബോധകരിലൂടെ വന്ന കേരളത്തിലെ ഇസ്‌ലാമും ആഗോളതലത്തില്‍ അക്കാലത്തെ പ്രധാന രാഷ്ട്രീയ ശക്തിയായ ഇസ്‌ലാമിന്റെ ഭാഗമായിരുന്നല്ലോ. ഏതായാലും ഇങ്ങനെ ആകര്‍ഷിക്കപ്പെട്ടവരില്‍ ഒരു വിഭാഗം ഇസ്‌ലാം സ്വീകരിക്കുകയും അതില്‍ ഉറക്കുകയും ചെയ്തു.  എം.എന്‍ റോയിയുടെ  നിരീക്ഷണം കാണുക: ''ഇസ്‌ലാമിന്റെ ആഗമനത്തോടെ ഇന്ത്യക്കാര്‍ എത്രയോ നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന സര്‍വവിധ ആചാരാനുഷ്ഠാനങ്ങളുടെയും സാധുത ചോദ്യം ചെയ്യപ്പെട്ടു. കൂടുതല്‍ യുക്തിഭദ്രമായ ഒരു ദൈവത്തെ കുറിച്ച അന്വേഷണത്തിലേക്ക് അവരുടെ ബുദ്ധി വ്യതിചലിച്ചു. എത്രയോ യുഗങ്ങളായി ദൈവങ്ങളുടെ പ്രകൃത്യാതീത ശക്തിയെ കുറിച്ച വിശ്വാസം സാമാന്യ ജനങ്ങളില്‍ രൂഢമൂലമായിരുന്നു. ശക്തരായ ദൈവങ്ങളുടെ രക്ഷാധികാരത്തെ ആവാഹിക്കാന്‍ പുരോഹിതന്മാര്‍ക്ക് കഴിയുമെന്ന വിശ്വാസികളുടെ ധാരണയെ മുതലെടുത്തുകൊണ്ട് പുരോഹിത വര്‍ഗം തടിച്ചുകൊഴുത്തു. വിശ്വാസികളായ ജനസഹസ്രങ്ങള്‍ ഒരുതരം കപടാവേശത്തോടെ തന്നെ തങ്ങളുടെ ഇഷ്ടമൂര്‍ത്തികള്‍ക്ക് മുന്നില്‍ രാപ്പകല്‍ കുമ്പിട്ടു. എന്നാല്‍ പെട്ടെന്നുണ്ടായ മുസ്‌ലിം ആക്രമണം അവരുടെ ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും ഫലസിദ്ധിയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുകളഞ്ഞു. അക്രമികള്‍ക്കെതിരെ തങ്ങളുടെ ഇഷ്ടമൂര്‍ത്തികളില്‍നിന്ന് വല്ല അടയാളമോ സഹായമോ ലഭിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. തങ്ങളുടെ ദേവന്മാര്‍ ഏതോ അത്ഭുതവിദ്യയിലൂടെ അക്രമികളെ ദഹിപ്പിച്ചുകളയുമെന്നും അവര്‍ പ്രതീക്ഷിച്ചു.പക്ഷേ ഒന്നും സംഭവിച്ചില്ല. അത്ഭുതം സംഭവിച്ചത് കീഴടക്കപ്പെട്ടവരുടെ ദൈവത്തില്‍നിന്നല്ല കീഴടക്കിയവരുടെ ദൈവത്തില്‍നിന്നാണ്. ജനങ്ങളുടെ വിശ്വാസം ആ ദൈവത്തിന് കീഴ്‌പ്പെട്ടു. ഇത്തരം ഒരു സന്ദിഗ്ധഘട്ടത്തില്‍ ഇസ്‌ലാമിനെ പുണര്‍ന്നവര്‍ തികഞ്ഞ മതബോധമുള്ളവരായിരുന്നു.''1

മറ്റൊരു വിഭാഗം മതം മാറിയില്ലെങ്കിലും  അതില്‍നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് തങ്ങളുടെ വിശ്വാസാചാരങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ബന്ധിതരായി. മധ്യകാലത്ത് ഇന്ത്യയിലുണ്ടായ ഭക്തി പ്രസ്ഥാനങ്ങളിലും ഗുരുനാനാക്കിന്റെ സിഖ് മതത്തിലും ഹിന്ദു സാമൂഹിക പരിഷ്‌കര്‍ത്താക്കളായ രാജാറാം മോഹന്‍ റായിയുടെ ബ്രഹ്മസമാജത്തിലും സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജത്തിലുമെല്ലാം ഇസ്‌ലാമിലെ തൗഹീദ് അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. ദയാനന്ദ സരസ്വതിയും രാജാറാം മോഹന്‍ റായിയും വിഗ്രഹാരാധനയെ നിരാകരിച്ചിരുന്നുവല്ലോ. വേദങ്ങളിലേക്ക് മടങ്ങുകയെന്നും ഈ പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു. ബ്രാഹ്മണികമായ മൂല്യാടിത്തറയില്‍ ഏകശിലാത്മകമായ ഒരു ഹിന്ദുത്വത്തെ രൂപപ്പെടുത്തുന്നതിന് ഈ പരിഷ്‌കരണം നിമിത്തമായി എന്നത് മറ്റൊരു കാര്യം. ഈ ഹിന്ദുത്വമാണ് പില്‍ക്കാലത്ത് ആര്‍.എസ്.എസ് ഉപയോഗപ്പെടുത്തിയത്. ''ഇസ്‌ലാമിക കാല ഘട്ടത്തില്‍ ഇസ്‌ലാം ഹിന്ദുമതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് വളരെ വ്യക്തവും സുസമ്മതവുമാണ്. ഹിന്ദുക്കളുടെ പൂജയില്‍ വന്ന പല മാറ്റങ്ങള്‍ക്ക് ഇസ്‌ലാമിനോട് കടപ്പാടുണ്ട്. ഈ കാലത്ത് മതത്തിനും ചിന്തക്കും നേതൃത്വം വഹിക്കുന്നവര്‍ തങ്ങളുടെ ദൈവങ്ങള്‍ക്ക് പല പേരുകളും നല്‍കിയിരുന്നുവെങ്കിലും ഏകനായ ദൈവത്തെ ആരാധിക്കുന്നതിലേക്കാണ് അവര്‍ ക്ഷണിച്ചിരുന്നത്. ഇസ്‌ലാമിക കാല ഘട്ടത്തില്‍ ഇന്ത്യയിലുടലെടുത്ത മതങ്ങളിലും പ്രസ്ഥാനങ്ങളിലും ഈ സ്വാധീനം തെളിഞ്ഞുകാണാം. ഭക്തി പ്രസ്ഥാനം,  കബീറിന്റെ ആശയങ്ങള്‍ തുടങ്ങിയവ ഉദാഹരണം.'' 2 ''ശ്രീ ശങ്കരന്‍ വികസിപ്പിച്ച അദൈ്വത സങ്കല്‍പത്തിലും ഇസ്‌ലാമിലെ തൗഹീദ് സ്വാധീനം ചെലുത്തിയതായ നിരീക്ഷണമുണ്ട്.''3 ഈ നിരീക്ഷണത്തിന് വലിയ പ്രസക്തിയുണ്ട്. കാരണം അയുക്തികമായ ബഹുദൈവത്വവിശ്വാസത്തെ  കൂടുതല്‍ യുക്തിഭദ്രമായ ഏകദൈവവിശ്വസത്തില്‍നിന്ന് രക്ഷപ്പെടുത്തുകയാണ് യഥാര്‍ഥത്തില്‍ മായാവാദത്തിലൂടെ ശങ്കരന്‍ ചെയ്തത്. സൃഷ്ടിയുടെ അസ്തിത്വം തന്നെ നിരാകരിച്ച് സ്രഷ്ടാവിനു മാത്രം അസ്തിത്വം കല്‍പിക്കുന്ന അദൈ്വതം പ്രത്യക്ഷത്തില്‍ ഇസ്‌ലാമിനേക്കാളും വലിയ തൗഹീദാണ്.   പക്ഷേ സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന് പറയുന്ന ഈ സങ്കല്‍പം ഫലത്തില്‍ ചെയ്യുന്നത് സൃഷ്ടികളില്‍ ആര്‍ക്കും ദൈവമാകാനുള്ള അവസരം നല്‍കുക എന്നതാണ്. അയുക്തികമായ ബഹുദൈവവിശ്വാസത്തിന് ദാര്‍ശനിക പരിവേഷം നല്‍കി മനോഹരമാക്കാന്‍ ശ്രമിക്കുകയാണ് അത് ചെയ്തത്. ഇസ്‌ലാമിലെ തൗഹീദിനെതിരായി  ഇന്ത്യന്‍ തത്ത്വചിന്തയില്‍ നടന്ന ഏറ്റവും ഫലപ്രദമായ പ്രതിരോധശ്രമമായി  ശങ്കരന്റെ  അദൈ്വത വ്യാഖ്യാനത്തെ വിലയിരുത്തിയാല്‍ തെറ്റാവില്ല. പിന്നീട് സൂഫിസത്തെ പോലും അത്   സ്വാധീനിച്ചു. അതും മറ്റൊരു പ്രതിരോധമായിരുന്നു.

സമത്വം 

തൗഹീദില്‍നിന്ന് ഉരുത്തിരിയുന്ന ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണത്തില്‍   തങ്ങളുടെ സാമൂഹികമായ ദുഃസ്ഥിതിയില്‍നിന്നുള്ള മോചനം സ്വപ്‌നം കണ്ട ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗം ബിലാലും അമ്മാറും യാസിറും ഒക്കെ ഇസ്‌ലാം സ്വീകരിച്ച പ്രകാരം കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ച് ബുദ്ധസ്വാധീനമുണ്ടായിരുന്ന സിന്ധ്, പഞ്ചാബ്, ബംഗാള്‍, അസം, ദക്ഷിണേന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ കൂട്ട മതപരിവര്‍ത്തനങ്ങളുണ്ടായി.ഇസ്‌ലാമിന്റെ സമത്വമായിരുന്നു അതിനു കാരണം. തൗഹീദ് കഴിഞ്ഞാല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ഇസ്‌ലാം നല്‍കിയ രണ്ടാമത്തെ മഹത്തായ സംഭാവനയാണിത്. ഇസ്‌ലാമിനോട് കടുത്ത വിരോധവും ഇന്തോ-യൂറോപ്യന്‍ സംസ്‌കാരത്തോട് അതിരു കവിഞ്ഞ മതിപ്പുമുണ്ടായിരുന്ന ഹാവല്‍ ഇങ്ങനെ ഒരു നിരീക്ഷണം നടത്തുന്നുണ്ട്: ''ഇസ്‌ലാമിന്റെ തത്ത്വചിന്തയല്ല സാമൂഹിക വീക്ഷണമാണ് ഇന്ത്യയില്‍നിന്ന് ഒട്ടേറെ അനുയായികളെ അതിന് നേടിക്കൊടുത്തത്.''4 അദ്ദേഹം വീണ്ടും എഴുതുന്നു: ''ഇസ്‌ലാം സ്വീകരിച്ചര്‍ക്ക് അതേതുടര്‍ന്ന് ഖുര്‍ആന്‍ അനുശാസിക്കുന്ന നിയമസംഹിതകളുടെ സര്‍വ പരിരക്ഷയും ലഭിച്ചു. അങ്ങനെ അല്ലാത്തവരാകട്ടെ കൂടുതല്‍ പ്രാകൃതമായ ആര്യന്‍ നിയമസംഹിതകളുടെ കീഴിലായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ കീഴാള വിഭാഗത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് മതം മാറാനുള്ള പ്രേരണ വര്‍ധിച്ചു.''5 

ഇസ്‌ലാമില്‍ ജാതിയോ തീണ്ടിക്കൂടായ്മയോ ഇല്ല. മുസ്‌ലിംകളുമായി ഇടപഴകാന്‍ അവസരം കിട്ടിയ ഏതൊരു തീണ്ടല്‍ ജാതിക്കാരനും ഇത് ബോധ്യപ്പെടാതിരിക്കില്ല. ഒന്നിച്ച് ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കുക, കുടിച്ചതിന്റെയും കഴിച്ചതിന്റെയും ബാക്കി അതേ പാത്രത്തില്‍നിന്ന് കുടിക്കുകയും കഴിക്കുകയും ചെയ്യുക, രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ തോളുരുമ്മി നിന്ന് നമസ്‌കരിക്കുക തുടങ്ങിയവ ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തിയ മുസ്‌ലിം ജീവിത്തിലെ സമത്വത്തിന്റെ  നേര്‍ക്കാഴ്ചകളായിരുന്നു. മുഹമ്മദു ബ്‌നു ഖാസിം സിന്ധ് കീഴടക്കിയതിനു ശേഷം കൊട്ടാരത്തില്‍ വിരുന്നൊരുക്കിയ ഒരു കഥയുണ്ട്. നേരത്തേ ഒരു തീണ്ടല്‍ ജാതിക്കാരന് ദൂരെനിന്ന് നോക്കാന്‍ പോലും കഴിയാതിരുന്ന, മുഹമ്മദുബ്‌നു ഖാസിം തോല്‍പിച്ച ദാഹിറിന്റെ കൊട്ടാരമായിരുന്നു. അതേ കൊട്ടാരമുറ്റത്താണ് തീണ്ടല്‍ ജാതിക്കാരടക്കം പങ്കെടുത്ത ബഹുജന വിരുന്ന് മുഹമ്മദു ബ്‌നു ഖാസിം ഒരുക്കിയത്. അതില്‍ സംപ്രീതരായ ധാരാളം അയിത്തജാതിക്കാര്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നാണ് കഥ. 

ഇസ്‌ലാമിലെ സമത്വത്തിന്റെ ഇന്ത്യന്‍ അനുഭവം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കഠിന വിരോധമുണ്ടായിരുന്ന ഹണ്ടറുടെ വാക്കുകളില്‍: ''ഗംഗയുടെ പരിസരത്ത് താമസിച്ചിരുന്ന പൂര്‍വിക സമുദായങ്ങളെ തങ്ങളുമായി കൂടിക്കലരാന്‍ ജാതി ഹിന്ദുക്കള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ മുസ്‌ലിംകളാകട്ടെ, ബ്രാഹ്മണര്‍ക്കും അധഃകൃത വര്‍ഗക്കാര്‍ക്കും ഒരുപോലെ മനുഷ്യാവകാശങ്ങള്‍ നല്‍കി. അവരിലെ പ്രബോധകര്‍ എല്ലായിടത്തും പ്രഖ്യാപിച്ചത് ഇപ്രകാരമാണ്. ഓരോരുത്തരും ഉന്നതനും ഏകനുമായ അല്ലാഹുവിനെ വണങ്ങണം. എല്ലാ മനുഷ്യരും അവന്റെ അടുക്കല്‍ തുല്യരാണ്. ആര്‍ക്കും ആരേക്കാളും ഭക്തി കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും യാതൊരു ശ്രേഷ്ഠതയുമില്ല. അല്ലാഹു അവരെയെല്ലാം മണല്‍ത്തരികള്‍ പോലെയാണ് സൃഷ്ടിച്ചത്.''6

മുസ്‌ലിം ഭരണാധികാരികള്‍ക്ക് പൊതുവെ വീഴ്ചപറ്റിയ മേഖല കൂടിയാണിതെന്ന് പറയാതിരിക്കാനാവില്ല. ഇടപഴകലിലൂടെ സമത്വം പിന്നാക്ക ജാതിക്കാരെ അനുഭവിപ്പിക്കാന്‍ ഭരണാധികാരികള്‍ക്കു സാധിച്ചിട്ടുണ്ടാകാം. എന്നാല്‍ ഈ രംഗത്ത് അവരേക്കാള്‍ വിജയിച്ചത് സൂഫി പ്രബോധകരാണ്. ഭരണത്തിലെ ഉന്നത സ്ഥാനങ്ങളില്‍ മുസ്‌ലിം ഭരണാധികാരികള്‍ അധികവും നിയമിച്ചത് ബ്രാഹ്മണരെയും ക്ഷത്രിയരെയും തന്നെയായിരുന്നു. പ്രായോഗികമായി അതേ സാധ്യമാകുമായിരുന്നുവെന്ന് വേണമെങ്കില്‍ വാദിക്കാം. കാരണം ഉയര്‍ന്ന ജോലികള്‍ക്കാവശ്യമായ കഴിവ് അക്കാലത്ത് അവര്‍ക്കേ ഉണ്ടാകാന്‍ വഴിയുള്ളൂ. ജാതിവ്യവസ്ഥ പ്രകാരം ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും മാത്രമേ ഉയര്‍ന്ന ജോലിക്കാവശ്യമായ അറിവ് നേടാന്‍ പറ്റുമായിരുന്നുള്ളൂ. അതിനാല്‍ പിന്നാക്ക ജാതിക്കാരെ ഉദ്യോഗത്തില്‍ നിയമിക്കാനുള്ള അവരുടെ പരിമിതി മനസ്സിലാക്കാം. എന്നാല്‍ പിന്നാക്ക ജാതിയില്‍നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നവരെ വ്യത്യസ്ത ഉദ്യോഗങ്ങള്‍ക്ക്  ആവശ്യമായ അറിവ് അഭ്യസിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നതിന് തടസ്സമൊന്നുമില്ലല്ലോ. കാരണം അറിവ് നേടുന്ന കാര്യത്തില്‍ അവരുടെ മുന്‍കാല ജാതി ഇസ്‌ലാമില്‍ വന്നാല്‍ ഒരിക്കലും പ്രശ്‌നമാവില്ല. പക്ഷേ അത്തരം ബോധപൂര്‍വമായ ശ്രമങ്ങളൊന്നും മുസ്‌ലിം ഭരണകാലത്ത് നടന്നതിന് തെളിവില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മതം മാറാതെ നില്‍ക്കുന്ന പിന്നാക്ക ജാതിക്കാരെയും അത് സ്വാധീനിക്കാതിരിക്കില്ല. അതിനേക്കാളൊക്കെ പ്രശ്‌നമായത് ഇന്ത്യയില്‍ നിലനിന്ന ജാതിവ്യവസ്ഥ ചുരുങ്ങിയ നിലയിലെങ്കിലും മുസ്‌ലിംകളെയും സ്വാധീനിച്ചിരുന്നുവെന്നതാണ്. മുസ്‌ലിംകളില്‍ തന്നെ സയ്യിദുകളും അശ്‌റാഫുമാരും ഖാന്‍മാരും സൈ്വഫികളും സവര്‍ണരായി ഗണിക്കപെട്ടത് ഈ  സ്വാധീനം കൊണ്ടാണ്. ഖുറൈശികളും അന്‍സാരികളും താഴ്ന്നവരായും ഗണിക്കപ്പെട്ടു. ഇത് അക്കാലത്തെ മതപണ്ഡിതന്മാരെ പോലും സ്വാധിനിച്ചുവെന്നതാണ് അത്ഭുതം. സാമൂഹിക സാഹചര്യങ്ങള്‍   ഫിഖ്ഹിനെ എങ്ങനെ തെറ്റായി സ്വാധീനിക്കുമെന്നതിന്റെ തെളിവ് കൂടിയാണിത്. മധ്യകാലത്ത് ഉത്തരേന്ത്യയിലും കേരളത്തിലും എഴുതപ്പെട്ട ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ജാതി വ്യവസ്ഥയുടെ സ്വാധീനമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്ഷുരകന്‍ ഉപയോഗിക്കുന്ന പാത്രം  മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കറാഹത്താണെന്ന (അനഭിലഷണീയം) ശൈഖ് സൈനുദ്ദീന്‍ രചിച്ച ഫത്ഹുല്‍ മുഈനിലെ പരാമര്‍ശം ശ്രദ്ധിക്കുക. സമാനമായ പരാമര്‍ശങ്ങള്‍ അക്കാലത്ത് രചിക്കപ്പെട്ട ഹനഫി മദ്ഹബിന്റെ ഗ്രന്ഥങ്ങളിലുമുണ്ട്. എന്തിനേറെ ദല്‍ഹി സല്‍ത്തനത്തിന്റെ  കാലത്ത് ജീവിച്ച മഹാ പണ്ഡിതനായിരുന്ന സിയാവുദ്ദീന്‍ ബര്‍ണി ഉയര്‍ന്ന ഗോത്രക്കാരെ മാത്രമേ ഉദ്യോഗങ്ങളില്‍ നിയമിക്കാവൂ എന്നുവരെ എഴുതിയിട്ടുണ്ട്. മൃഗീയവും മനുഷ്യത്വവിരുദ്ധവുമായ ജാതിവ്യവസ്ഥയോട് ഇതിനെ തുലനപ്പെടുത്താനാവില്ലെങ്കിലും ഇസ്‌ലാമില്‍ അതിപ്രധാനമായ, ഇന്ത്യക്ക് ഏറ്റവും ആവശ്യമായ സമത്വം എന്ന ആശയം വേണ്ടരീതിയില്‍ അനുഭവിക്കാന്‍ ഇത്തരം സമീപനങ്ങള്‍ തടസ്സമായി എന്ന് പറയാതെ വയ്യ. ഇതിനെ കുറിച്ച് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ഒരു നിരീക്ഷണം കാണുക: ''ഇതുപോലെ തന്നെയാണ് യജമാനനില്‍നിന്ന് വേലക്കാരനെ രണ്ട് വര്‍ഗമെന്ന പോലെ വിവേചനത്തോടെ കാണലും. ചിലപ്പോള്‍ അവരോടുള്ള പെരുമാറ്റം തൊട്ടുകൂടാത്തവരോടെന്ന പോലെ രൂക്ഷമായിട്ടുമുണ്ട്. പക്ഷേ ഇന്ത്യന്‍ സംസ്‌കാരത്തില്‍നിന്ന്  ഇതെല്ലാം മുസ്‌ലിംകളെ സ്വാധീനിച്ചത് ഇന്ത്യയിലെ മുസ്‌ലിം നാഗരികതയുടെ അപചയ കാലത്താണ്.''7 

 ഭരണത്തിലെ ബ്രാഹ്മണാധിപത്യം മുസ്‌ലിംകളുടെ മതസഹിഷ്ണുതക്ക് തെളിവായി പറയാമെങ്കിലും അത് ബ്രാഹ്മണേതര സമൂഹങ്ങളില്‍ അക്കാലത്ത് എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുകയെന്നും ആലോചിക്കാതിരിക്കാനാവില്ല. അക്ബറുടെ ഭരണത്തിലെ ബ്രാഹ്മണ സ്വാധീനം ഉണ്ടാക്കിയ വിശ്വാസ പ്രതിസന്ധി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിനെക്കുറിച്ച് ബോധമുണ്ടായിരുന്ന രണ്ടേ രണ്ട് മുസ്‌ലിം ഭരണാധികാരികളേ ഉണ്ടായിട്ടുള്ളൂ. മുഹമ്മദു ബ്‌നു തുഗ്ലക്കും ഔറംഗസീബും. തുഗ്ലക്കിന്റെ തലസ്ഥാനമാറ്റമൊക്കെ ഈ മേധാവിത്വം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായിരുന്നു. ഔറംഗസീബും സമാനമായ ചില നടപടികള്‍ സ്വീകരിച്ചു. ഈ രണ്ട് പേരും ദേശീയ ചരിത്രത്തില്‍ വില്ലന്മാരായി മാറാന്‍ വേറെ കാരണമൊന്നും വേണ്ടിവന്നില്ല.

ഇതെല്ലാം വസ്തുതയായിരിക്കെത്തന്നെ, ജാതിരഹിതമായ മുസ്‌ലിംകളുടെ സാമൂഹികജീവിതം ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ സ്വാധീനിക്കുകയും അയിത്തത്തിനും ജാതിക്കുമെതിരായ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമാവുകയും ചെയ്തുവെന്നത് അനിഷേധ്യ വസ്തുതയാണ്. ''ഇസ്‌ലാമിന്റെ ആഗമനത്തിനും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി വഴി വന്ന മുസ്‌ലിം പടവീരന്മാരുടെ കടന്നുവരവിനും ഇന്ത്യയുടെ ചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഹിന്ദു സമുദായത്തിനിടയില്‍ പ്രചരിച്ചുകഴിഞ്ഞിരുന്ന ജാതീയമായ വേര്‍തിരിവ്, അയിത്താചാരം തുടങ്ങിയ ദൂഷ്യങ്ങളെയും ലോകത്തുനിന്ന് ഒറ്റപ്പെട്ടുകഴിയാനുള്ള പ്രവണതയെയും അത് പുറത്തുകൊണ്ടുവന്നു. മുസ്‌ലിംകള്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന സമത്വവും സാഹോദര്യവും ഹിന്ദുക്കളുടെ ഹൃദയങ്ങളില്‍ ശക്തമായ പ്രതികരണം സൃഷ്ടിച്ചു. ഹിന്ദു സമുദായം സമത്വവും മനുഷ്യാവകാശവും നിഷേധിച്ചിരുന്ന പാവങ്ങളിലായിരുന്നു ഈ പ്രതികരണം ഏറ്റവുമധികം ചലനങ്ങള്‍ സൃഷ്ടിച്ചത്.''8

(അടുത്ത ലക്കത്തില്‍ അവസാനിക്കും)


കുറിപ്പുകള്‍

1. ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്ക്

2. Sardar K.N Panikker-A Survey  of Indian History 

3. Thara Chand - Influence of Islam on the Indian Culture  

4. Aryan Rule in India

5. അതേ പുസ്തകം

6. W.W Hanter - Our Indian Muslims

7. നദ്‌വി- അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ്  പേജ്, 60

8. Nehru,  Discovery of India, page 355-356 


Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍