സ്വഭാവസംസ്‌കരണവും ഇഛാശക്തിയും
സ്വഭാവഗുണങ്ങള്‍ക്ക് അറബിയില്‍ 'ഖുലുഖ്' എന്നു പറയുന്നു. പ്രമുഖ അറബി നിഘണ്ടുവായ 'ഖാമൂസി'ല്‍ ഖുലുഖ് എന്നതിന് പ്രകൃതി, നൈസര്‍ഗിക ഭാവം എന്നാണ് അര്‍ഥം നല്‍കിയിരിക്കുന്നത്. ഇബ്‌നുല്‍ അസീര്‍ എന്ന പ്രമുഖ ഭാഷാകാരന്‍ തന്റെ 'അന്നിഹായ' എന്ന കൃതിയില്‍ എഴുതുന്നു: 'മനുഷ്യന് ബാഹ്യാകാരം എന്ന പോലെ ആന്തരികമായ അഥവാ മാനസികമായ ചില സവിശേഷതകളുമുണ്ട്. ഇതാണ് സ്വഭാവഗുണങ്ങളുടെ യാഥാര്‍ഥ്യം.' ഇബ്‌നു മസ്‌നവൈഹി എഴുതുന്നു: 'ചിന്തയോ ആലോചനയോ ഇല്ലാതെത്തന്നെ വ്യത്യസ്ത മാനസിക വ്യാപാരങ്ങളിലേര്‍പ്പെടാന്‍ മനസ്സിനെ പ്രചോദിപ്പിക്കുന്ന അവസ്ഥയാണ് സ്വഭാവഗുണങ്ങള്‍' ഇമാം ഗസാലി: 'ഒരാള്‍ സൃഷ്ടിപ്പിലും സ്വഭാവത്തിലും നല്ലവനാണെന്നു പറഞ്ഞാല്‍ അയാളുടെ അകവും പുറവും നല്ലതാണെന്നര്‍ഥം.' അപ്പോള്‍, സ്വഭാവഗുണങ്ങള്‍ എന്നാല്‍ മനസ്സില്‍ രൂഢമൂലമായ സഹജഭാവമാണ്. അതുമൂലം ചിന്തയോ ആലോചനയോ ഇല്ലാതെത്തന്നെ സ്വാഭാവികമായെന്നോണം കര്‍മങ്ങള്‍ ലളിതമായും അനായാസമായും നിര്‍ഗളിക്കുന്നു.
മുകളിലെ നിര്‍വചനങ്ങളനുസരിച്ച് സ്വഭാവഗുണങ്ങള്‍ എന്നാല്‍ മനുഷ്യന്റെ രൂപഭാവമാണ്, മനസ്സിന്റെ വിശേഷണമാണ്. മനസ്സിന് വ്യത്യസ്ത കഴിവുകളുണ്ട്, വിവിധ ധര്‍മങ്ങളുണ്ട്. ഗ്രഹണം, ചിന്ത, വിധികല്‍പന, ഭാവന, അനുസ്മരണം, വികാരവിചാരങ്ങള്‍, പ്രവണതകള്‍, ഭാവങ്ങള്‍ അങ്ങനെയങ്ങനെ പലതും. ഈ വക മാനസിക ശേഷികളുടെ പ്രതിഫലനങ്ങള്‍ എളുപ്പത്തില്‍ പ്രകാശിതമാവുന്നു. പക്ഷേ ഇങ്ങനെ പ്രകടമാവുന്ന ഭാവങ്ങളെയും ശേഷികളെയുമെല്ലാം സ്വഭാവങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ? ഇല്ലെന്നാണുത്തരം. എന്തുകൊണ്ടെന്നാല്‍ സ്വഭാവഗുണങ്ങള്‍ എന്നത് മൊത്തത്തില്‍ മനസ്സിന്റെ വിശേഷമാണെന്ന് പറയാന്‍ പറ്റില്ല. മനസ്സിന്റെ ചില നിര്‍ണിതവശങ്ങളെ മാത്രം പ്രതിനിധീകരിക്കുന്നു എന്നേ പറയാന്‍ പറ്റൂ. ഉദ്ദേശ്യപൂര്‍വവും ഇഛാപൂര്‍വവും നടത്തുന്ന കാര്യങ്ങള്‍ മാത്രമേ ഈ ഗണത്തില്‍ വരികയുള്ളൂ. ബുദ്ധിയുടെയോ അറിവിന്റെയോ വികാരത്തിന്റെയോ അനുഭവബോധ്യത്തിന്റെയോ മേഖല ഇതില്‍ വരുന്നില്ല.
മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് സ്വഭാവഗുണങ്ങളെ ഇങ്ങനെ നിര്‍വചിക്കാം: 'നല്ലതും ഗുണകരവുമായ കാര്യങ്ങള്‍/ചീത്തയും ദോഷകരവുമായ കാര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇഛയില്‍ രൂഢമൂലമായിക്കിടക്കുന്ന ശക്തിവിശേഷമാണ് സ്വഭാവഗുണങ്ങള്‍.' ഇതനുസരിച്ച്, ഇതര മാനസിക ഗുണവിശേഷങ്ങളില്‍നിന്ന് സ്വഭാവഗുണങ്ങള്‍ വേറിട്ടുനില്‍ക്കുന്നു.
ഓര്‍മശക്തി /ഓര്‍മക്കുറവ്, ആസ്വാദനക്ഷമത/ആസ്വാദനശേഷി ഇല്ലായ്മ, ഭാവനാനൈപുണി/ഭാവനാരാഹിത്യം, ബുദ്ധിശക്തി/ബുദ്ധിഹീനത മുതലായവയെല്ലാം മനസ്സുമായി ബന്ധപ്പെട്ടവയാണെങ്കിലും അവ സ്വഭാവഗുണങ്ങളുടെ വിലയിരുത്തലില്‍ വരില്ല. മേല്‍ഗുണങ്ങള്‍ ഉള്ളവര്‍ പുണ്യവാന്മാരും ഭക്തരും, അവയില്ലാത്തവര്‍ ദുഷ്ടരും പാപികളും എന്ന് പറയാന്‍ പറ്റില്ലല്ലോ.
ഒരാളുടെ പ്രവൃത്തികള്‍ അയാളുടെ സ്വഭാവത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നതാകണമെങ്കില്‍ അതില്‍ രണ്ട് വസ്തുതകള്‍ സമ്മേളിച്ചിരിക്കണം. ഒന്ന്, സ്ഥിര സമ്പ്രദായം പോലെ പ്രവൃത്തികള്‍ ആവര്‍ത്തിച്ചുണ്ടാവണം. പ്രവൃത്തികള്‍ക്ക് പ്രചോദനമാകത്തക്കവിധം രൂഢമൂലവും സ്ഥിരവുമായ ഒരു ശക്തി അയാളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോധ്യമാവണം. കൂടുതല്‍ സന്ദര്‍ഭങ്ങളിലും ഒരാളുടെ സ്വഭാവവും പെരുമാറ്റവും എങ്ങനെയാണോ, അതനുസരിച്ചായിരിക്കും ഒരാള്‍ വിലയിരുത്തപ്പെടുക. എപ്പോഴെങ്കിലും നന്മ ചെയ്തു, അഥവാ, തിന്മ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ നല്ലവനെന്നോ ദുഷ്ടനെന്നോ വിലയിരുത്താവതല്ല.
രണ്ട്: പ്രവൃത്തികള്‍ മനസ്സിന്റെ പ്രേരണയാലാണെന്ന് തെളിയണം. ഭയം, പ്രതീക്ഷ, ലജ്ജ, ലോകമാന്യം മുതലായ കാരണങ്ങളാലാവരുത്. അങ്ങനെയാവുമ്പോള്‍ അയാളുടെ നൈസര്‍ഗിക ഭാവം എന്താണെന്ന് മനസ്സിലാവില്ല. ഇത്തരമാളുകള്‍ നല്ലത് ചെയ്താല്‍ അവരുടെ യഥാര്‍ഥ ഭാവം ചീത്തയാണെന്ന് മനസ്സിലാക്കേണ്ടിവരും; മറിച്ചും.
ചിലയാളുകളില്‍ സ്ഥിരം രീതികള്‍ക്ക് വിരുദ്ധമായി, നെഗറ്റീവോ പോസിറ്റീവോ ആയ നിലപാടുകള്‍ ചിലപ്പോള്‍ കാണാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം തിടുക്കപ്പെട്ട് ഒരു വിധി പ്രസ്താവിക്കരുത്. ഉദാരമായി സമ്പത്ത് വിനിയോഗിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് നിവൃത്തിയില്ലാത്ത ദരിദ്രന്‍ ഉദാഹരണം. വിനിയോഗിക്കുന്നത് കാണുന്നില്ല എന്നതുകൊണ്ട് അയാള്‍ പിശുക്കനാണെന്ന് വിധിയെഴുതുന്നത് തെറ്റാകുമല്ലോ. ഒന്നും കൈവശമില്ലാത്തത്തിനാല്‍ ഭക്ഷിക്കാത്ത ആര്‍ത്തനെ യോഗിയായി കാണാന്‍ നിവൃത്തിയില്ല.
ഒരു ചോദ്യം: മനുഷ്യന്റെ സ്വഭാവം അവന്റെ ശരീരമാകുന്ന പാത്രത്തില്‍ നിറക്കപ്പെട്ട ആത്മീയ പ്രതിഭാസമാണെങ്കില്‍ നിലവിലെ സ്വഭാവം മാറ്റാനോ പുതിയത് സ്വീകരിക്കാനോ കഴിയില്ല എന്ന് പറയേണ്ടിവരില്ലേ? ഇല്ല എന്നാണുത്തരം. നമുക്ക് പരിശോധിക്കാം.
മനുഷ്യന്റെ സ്വഭാവപ്രകൃതിയെ മൂന്നായി തരംതിരിക്കാം:
1. നന്മയാണ് മനുഷ്യന്റെ പൊതുഭാവം. തിന്മ അപൂര്‍വമാണ്. സോക്രട്ടീസ്, റൂസോ മുതലായവര്‍ ഈ പക്ഷക്കാരാണ്.
2. മനുഷ്യന്‍ ജന്മനാ ചീത്തയാണ്. നന്മ അപൂര്‍വമാണ്. ബുദ്ധിസ്റ്റുകളും മറ്റും ഈ പക്ഷക്കാരാണ്. മനുഷ്യന്‍ ജന്മനാ പാപിയാണെന്ന ആശയം ക്രൈസ്തവരില്‍ പ്രചരിച്ചത് ഇവരില്‍നിന്നാവണം.
3. മനുഷ്യനില്‍ നന്മയുടെയും തിന്മയുടെയും സാധ്യതകള്‍ ഒരുപോലെയുണ്ട്. ഭൂരിപക്ഷം ആധുനിക തത്ത്വശാസ്ത്രജ്ഞരും വിദ്യാഭ്യാസവിചക്ഷണരും ഈ പക്ഷക്കാരാണ്. ഇമാം ഗസാലിയും ഇബ്‌നു ഖല്‍ദൂനും ഇത് സമര്‍ഥിച്ചിട്ടുണ്ട്. ഇരുവരും മനുഷ്യര്‍ തിന്മയേക്കാള്‍ നന്മയിലേക്കാണ് കൂടുതല്‍ ആകൃഷ്ടരാവുക എന്ന പക്ഷക്കാരുമാണ്.
ഇസ്‌ലാമിക പ്രമാണങ്ങള്‍ ഈ മധ്യമ നിലപാടിനെ സാധൂകരിക്കുന്നു. 'നിശ്ചയം നാം അവന് വഴികാണിച്ചുകൊടുത്തിരിക്കുന്നു. ഒന്നുകില്‍ അവന് നന്ദിയുള്ളവനാകാം, അല്ലെങ്കില്‍ നന്ദികെട്ടവനാകാം', 'നാം അവന് രണ്ടു മാര്‍ഗങ്ങള്‍ കാണിച്ചുകൊടുത്തു', 'ആത്മാവിനെയും അതിനെ ശരിപ്പെടുത്തിയതിനെക്കൊണ്ടും സത്യം, അങ്ങനെ അവന്‍ അതിന് അതിന്റെ ധര്‍മത്തെയും അധര്‍മത്തെയും തോന്നിപ്പിച്ചുകൊടുത്തു' തുടങ്ങിയ ഖുര്‍ആനിക സൂക്തങ്ങളില്‍ രണ്ട് സാധ്യതകളും ഉണ്ടെങ്കിലും അടിസ്ഥാനപരമായി നന്മയാണ് തിന്മയേക്കാള്‍ മികച്ചുനില്‍ക്കുന്നത്. 'നിശ്ചയം നാം മനുഷ്യനെ ഏറ്റവും ചൊവ്വായ രീതിയില്‍ സൃഷ്ടിച്ചിരിക്കുന്നു.' 'മനുഷ്യനെ ഏതൊരു പ്രകൃതിയില്‍ അല്ലാഹു സൃഷ്ടിച്ചുവോ, ആ പ്രകൃതിയില്‍.'
ചിലയാളുകള്‍ ചെറുപ്പം മുതല്‍ക്കേ നല്ലവരായി വളരുന്നു; മറ്റു ചിലര്‍ ചീത്തയാളുകളായും. നൈസര്‍ഗികമായിത്തന്നെ മനുഷ്യരില്‍ നന്മയുടെയും തിന്മയുടെയും അംശസാരങ്ങള്‍ ഉണ്ടാവാമെന്ന് നബിവചനങ്ങളില്‍ കാണാം. 'ജനങ്ങള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഖനിജങ്ങള്‍ പോലെയാണ്' എന്ന നബിവചനം ഉദാഹരണം. തന്നെ കാണാനെത്തിയ അബ്ദുല്‍ ഖൈസ് നിവേദനസംഘത്തിന്റെ നേതാവിനോട്, 'നിങ്ങളില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ടു ഗുണങ്ങളുണ്ട്; വിവേകവും അവധാനതയും. രണ്ടും അല്ലാഹു നൈസര്‍ഗികമായിത്തന്നെ താങ്കള്‍ക്ക് നല്‍കിയതാണ്' എന്ന് നബി പറയുകയുണ്ടായി. അതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ മികച്ചുനില്‍ക്കുന്ന സദ്ഗുണ/ദുര്‍ഗുണങ്ങള്‍ക്ക് വിരുദ്ധമായ മാറ്റം ബാഹ്യമായ പ്രേരണകളുടെ അഭാവത്തില്‍ പ്രയാസകരവും സാവധാനവുമായിരിക്കും. ഒട്ടും മാറ്റത്തിന് വിധേയമാവില്ലെന്നു പറയാനും കഴിയില്ല.
മനുഷ്യര്‍ക്ക് ഒരു സാഹചര്യത്തിലും സ്വഭാവഗുണങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്ന് പറയുന്നവരെ ഇമാം ഗസാലി അലസരും പ്രയോജനപ്പെടാത്തവരും എന്നാണ് വിശേഷിപ്പിക്കുന്നത്. ശാരീരിക വൈരൂപ്യം മാറ്റി സുന്ദരനാവാന്‍ കഴിയാത്തതുപോലെ, ആന്തരികമായ സ്വഭാവമാറ്റം സാധ്യമല്ലെന്നാണ് ഇവരുടെ പക്ഷം. ബാഹ്യ-ആന്തരിക പ്രകൃതികള്‍ രണ്ടും അല്ലാഹുവിന്റെ സൃഷ്ടിയാണെന്നിരിക്കെ രണ്ടും മാറ്റത്തിന് വിധേയമല്ലെന്ന് അവര്‍ വാദിക്കുന്നു. സര്‍വസംഗപരിത്യാഗം ശീലമാക്കിയവര്‍ക്കു പോലും വിവിധ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ക്ക് വാദമുണ്ട്. ഈ വാദത്തിന്റെ പൊള്ളത്തരം നമുക്ക് പരിശോധിക്കാം.
മേല്‍വിഷയത്തിലെ പ്രായോഗികാനുഭവം മറിച്ചാണ്. പലതരം മൃഗങ്ങളുടെയും സഹജഗുണങ്ങളെ നേര്‍വിപരീത ദിശയിലേക്ക് മാറ്റാന്‍ മുന്‍കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. മാംസഭോജികളായ മൃഗങ്ങള്‍ ഇരകളെ പിടിച്ച് ഭക്ഷിക്കാതെ യജമാനന് നല്‍കുന്നു. കുതിരയെ മനുഷ്യന്‍ നൃത്തം ചെയ്യിക്കുന്നു. തത്തയെ സംസാരിപ്പിക്കുന്നു. മിണ്ടാപ്രാണികളില്‍ ഇത്രയൊക്കെ ആകാമെങ്കില്‍ വൈകാരികമായി കൂടുതല്‍ വഴക്കമുള്ള മനുഷ്യന്റെ കാര്യത്തില്‍ മാത്രം അത് നടപ്പില്ലെന്ന് എങ്ങനെയാണ് പറയുക?
മനുഷ്യസ്വഭാവത്തെ തുടച്ചുമാറ്റാനോ ഉറപ്പിക്കാനോ പ്രയാസമാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാലും, അതിനെ സംസ്‌കരിക്കാനോ വ്യവസ്ഥപ്പെടുത്താനോ ഒട്ടും സാധ്യമല്ലെന്ന് സമ്മതിക്കാന്‍ കഴിയുകയില്ല. ചുരുങ്ങിയത്, തിന്മയുടെ ബീജത്തെ നിര്‍വീര്യമാക്കാനും നന്മയുടെ ബീജത്തെ കിളിര്‍പ്പിക്കാനുമെങ്കിലും കഴിയും. മുന്തിരിയെ ആട്ടങ്ങയോ ആട്ടങ്ങയെ മുന്തിരിയോ ആക്കാന്‍ കഴിയില്ല. മുന്തിരിയെ ഇവയുടെ വിത്തുകളെടുത്ത് കൊടുംവെയിലത്ത് പാറയില്‍ വെച്ചാല്‍ അതില്‍നിന്ന് പൂവോ കായയോ ഉണ്ടാവില്ല. അതേസമയം, അത് കിളിര്‍ക്കാന്‍ പറ്റിയ നല്ല മണ്ണില്‍, അനുകൂലമായ കാലാവസ്ഥയില്‍ വളര്‍ത്തിയെടുത്താല്‍ അവ ലക്ഷ്യം നേടും. വേണ്ടവിധം പരിചരിച്ചാല്‍ മതിയാകും. ഇതുപോലെതന്നെയാണ് മനുഷ്യമനസ്സും. അത് നന്നാവാനും ദുഷിക്കാനുമുള്ള സാധ്യതകള്‍ ഒരുപോലെയുണ്ട്. സാഹചര്യം പ്രധാന ഘടകമാണെന്നു മാത്രം. മൗലികമായ മാറ്റം സാധ്യമല്ലായിരിക്കാം. എങ്കിലും അതിലെ നന്മയെ പോഷിപ്പിക്കാന്‍ കഴിയും. വിജ്ഞാനം, സല്‍ക്കര്‍മങ്ങള്‍, പശ്ചാത്താപം, ഖേദം, സംസ്‌കരണയത്‌നങ്ങള്‍ മുതലായവ അവയുടെ തെളിച്ചം കൂട്ടും. 'താങ്കള്‍ അവരുടെ സ്വത്തുക്കളില്‍നിന്ന് അവരെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സ്വദഖ സ്വീകരിക്കുക.'മനസ്സാകുന്ന കണ്ണാടിയുടെ മീതെ അജ്ഞതയുടെയും അധര്‍മത്തിന്റെയും കറപുരളാതിരിക്കാനും നമ്മുടെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാവണമെന്നതും പ്രധാനമാണ്. 'വരുടെ ഹൃദയങ്ങളില്‍ അവര്‍ സമ്പാദിച്ചവ കറ വീഴ്ത്തിയിരിക്കുന്നു' (ഖുര്‍ആന്‍ 83:14).
ചുരുക്കത്തില്‍, സ്വഭാവത്തിന്റെ കാര്യത്തില്‍ മനുഷ്യമനസ്സിന് രണ്ടു സാധ്യതകളേ ഉള്ളൂ: ഒന്ന്, എല്ലാ തരം വികാസക്ഷമതകള്‍ക്കും അനുഗുണമാംവിധം സമഗ്രമായി സൃഷ്ടിക്കപ്പെട്ടതാവുക. രണ്ട്, പൂര്‍ണതയിലേക്ക് എത്താന്‍ കഴിയാത്ത വിധം യാഥാസ്ഥിതികവും ഒട്ടും വികാസക്ഷമവുമല്ലാത്തതുമായ വിധത്തില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതാവുക. ഇതിനപ്പുറം മൂന്നാമതൊരു സാധ്യതയില്ല. ഇമാം ഗസാലിയുടെ നിരീക്ഷണത്തില്‍, മനുഷ്യമനസ്സിന് പ്രായോഗികതലത്തില്‍ ചില പരിമിതികളുണ്ടെങ്കിലും പൂര്‍ണതയിലെത്താനുള്ള സമസ്ത സാധ്യതകളും അതിനുണ്ട്. ശക്തിപൂര്‍വം പുരോഗതിയുടെ പടവുകള്‍ കയറാനുള്ള എല്ലാ ശേഷികളും അതിലൊളിഞ്ഞിരിക്കുന്നു (അശ്ശംസ് 7-10).
കുറ്റമറ്റ രീതിയില്‍ മനസ്സിനെ ശരിപ്പെടുത്തിയ അല്ലാഹു അതിന്റെ സംസ്‌കരണോത്തരവാദിത്തം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ഖുര്‍ആനില്‍നിന്ന് ഗ്രഹിക്കാം. നമ്മുടെ പ്രകൃതിയെ മറ്റൊന്നാക്കിമാറ്റിയെടുക്കാന്‍ നമുക്ക് കഴിയുകയില്ല. പക്ഷേ, അതിന്റെ രോഗങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയും. നഖം മുറിച്ചും ചേറ് നീക്കിയും മറ്റും ശരീരത്തെ ബാഹ്യമായി മോടിപിടിപ്പിക്കാം. ആത്മീയ രംഗത്ത് നാം നടത്തുന്ന സംസ്‌കരണശ്രമങ്ങളും ഇതിനു സമാനമാണ്.
ആഗ്രഹം, ദേഷ്യം മുതലായ വികാരങ്ങളെ നിശ്ശേഷം ഇല്ലാതാക്കാന്‍ കഴിയുമെന്ന വാദം മൗഢ്യമാണ്. ആഗ്രഹവും ദേഷ്യവുമൊക്കെ ജീവിതത്തില്‍ നല്ലത് നേടിയെടുക്കാനും ഉപദ്രവം തടുക്കാനും ഉപകരിക്കും. ലൈംഗിക വികാരശമനം ശാരീരിക സുഖവും മാനസിക സംതൃപ്തിയും തരുന്നു. സമ്പത്തിനോടുള്ള ആഗ്രഹവും അതിനു വേണ്ടിയുള്ള അധ്വാനവും പണം നേടിത്തരുന്നു. വേദനയെയും ദേഷ്യത്തെയും കള്ളന്മാരില്‍നിന്നും മറ്റും നമ്മെ രക്ഷിക്കുന്ന കാവല്‍നായ്ക്കളോടുപമിക്കാം. അതുകൊണ്ടുതന്നെ കാവല്‍-വേട്ടനായ്ക്കളെ കൊല്ലുന്നതും ദേഷ്യം, ആഗ്രഹം എന്നീ വികാരങ്ങളെ നിഗ്രഹിക്കുന്നതും ഒരുപോലെ മൗഢ്യമാണ്. പക്ഷേ ഇണക്കിവളര്‍ത്തിയ പക്ഷിയെ റാഞ്ചാതിരിക്കാന്‍ വേട്ടനായയെയും അതിഥികളെ കണ്ടാല്‍ കുരക്കാതിരിക്കാന്‍ കാവല്‍ നായയെയും പരിശീലിപ്പിച്ചിരിക്കണം എന്നുമാത്രം. ഇതുപോലെ നമ്മുടെ നൈസര്‍ഗിക ചോദനകളെ ശരീരത്തിനും ബുദ്ധിക്കും അനുസൃതമായി വളര്‍ത്താന്‍ നാം ജാഗ്രത പുലര്‍ത്തണം. ഈ രംഗത്ത് പലതരത്തില്‍ കഠിനയത്‌നങ്ങള്‍ നടത്തി വിജയിച്ചവരാണ് ലോകം കണ്ട മഹാന്മാരെല്ലാം.
മനുഷ്യന്‍ ദുര്‍മാര്‍ഗം സ്വീകരിക്കുന്നതിന്റെ ഉത്തരവാദിത്തം പിശാച് മനുഷ്യരില്‍ തന്നെയാണ് ചുമത്തുന്നത്. 'കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞാല്‍ പിശാച് പറയുന്നതിതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു, എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്കു നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്നു മാത്രം. ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.' (ഇബ്‌റാഹീം 22)
ഒരു മനുഷ്യനും തന്റെ തനതു സ്വഭാവം മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന് വാദിക്കുന്നവര്‍, പൊതുവില്‍ മനുഷ്യരില്‍ ആവര്‍ത്തിച്ചും സ്ഥിരമായും കാണുന്ന സ്വഭാവശീലങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത് പറയുന്നത്. മനുഷ്യമനസ്സില്‍ ആന്തരികമായി സ്ഥിതിചെയ്യുന്ന യഥാര്‍ഥ മനുഷ്യപ്രകൃതിയെ പറ്റിയല്ല. തനതു മനുഷ്യപ്രകൃതിയെ നമ്മുടെ വ്യക്തിപരമോ, പരമ്പരാഗതമോ സാമൂഹികമോ ആയ പലതരം ആവരണങ്ങള്‍ പൊതിയുകയാണ്. അതുകാരണം സൂക്ഷ്മദൃക്കുകള്‍ക്കു പോലും ഒരാളുടെ യഥാര്‍ഥ സഹജഗുണം മനസ്സിലാക്കാന്‍ കഴിയില്ല. എന്തിനധികം പറയണം, നമുക്കുതന്നെ നമ്മുടെ യഥാര്‍ഥ മാനസിക പ്രവണതകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. വിശകലനം ചെയ്തു മനസ്സിലാക്കുന്നതിലെ കഴിവുകേടും അവ പ്രത്യക്ഷപ്പെടാനുള്ള അവസരങ്ങള്‍ ലഭിക്കാത്തതും ഇതിനു കാരണമാവാം. സന്താനമില്ലാത്തവന് പിതാവിന് കുഞ്ഞിനോടുള്ള സ്‌നേഹവികാരം മനസ്സിലാക്കാന്‍ കഴിയാത്തതുപോലെയാണ് ഇതും. ജീവിതസാഹചര്യങ്ങള്‍ മാറിവരുന്നതനുസരിച്ചാണ് മനുഷ്യനില്‍ പുതിയ ശേഷികളും വിശേഷങ്ങളും വികസിച്ചുവരിക. നേരത്തേ അജ്ഞാതമായിരുന്നത് അറിഞ്ഞുതുടങ്ങും. ജീവിതഗതിവിഗതികള്‍ ക്ഷണനേരം കൊണ്ട് മാറിമറിയുന്ന എന്തെല്ലാം സംഭവങ്ങള്‍ക്ക് നാം സാക്ഷികളാവുന്നു! വക്രതയുള്ളവര്‍ നന്നാവുന്നു, അറുതെമ്മാടികള്‍ ഭക്തരും ശുദ്ധരുമായി മാറുന്നു.
ആകയാല്‍ നാം മറ്റുള്ളവരുടെ കാര്യത്തില്‍ പ്രതീക്ഷ പുലര്‍ത്തണം. 'നിനക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങള്‍ നീ ആഗ്രഹിക്കണം, അതിനായി അല്ലാഹുവിനോട് സഹായം ചോദിക്കണം, നീ ദുര്‍ബലനാവരുത്', 'അവനവനോട് സമരം ചെയ്യുന്നവനാണ് സമരസേനാനി' (നബിവചനം). കര്‍മത്തിലൂടെ സ്വാഭാവികമായ രീതിയില്‍ സല്‍ക്കര്‍മികളായി മാറാന്‍ കഴിയുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. 'സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ നാം സുകൃതവാന്മാരില്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യും.' (അന്‍കബൂത്ത് 9). തങ്ങളോടുതന്നെ സമരം ചെയ്യുന്നവര്‍ക്ക് സന്മാര്‍ഗം പ്രാപ്യമാവുമെന്നും ഖുര്‍ആന്‍ തീര്‍ച്ച പറയുന്നുണ്ട്: 'സത്യം പറയുകയും അതില്‍ നിഷ്ഠ പുലര്‍ത്തുകയും ചെയ്യുന്നവര്‍ സത്യസന്ധരായി രേഖപ്പെടുത്തപ്പെടും.' 'പാതിവ്രത്യം ആഗ്രഹിക്കുന്നവനെ അല്ലാഹു പതിവ്രതനാക്കും, ഐശ്വര്യം ആഗ്രഹിക്കുന്നവനെ അല്ലാഹു ഐശ്വര്യവാനാക്കും, ക്ഷമ ശീലിക്കുന്നവനെ അല്ലാഹു ക്ഷമാലുവാക്കും.' (നബിവചനങ്ങള്‍).
വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി
Comments