ഉര്ദുഗാന് തുര്‍ക്കി മോദിയോ?
''മതമേതായാലും മനുഷ്യന്‍ ക്രൂരനായാല്‍ മതി മുതലാളിത്തത്തിന്. കപട ഹിന്ദുത്വത്തിന്റെ പ്രചാരകനായ മോദിയെ കപട ഇസ്‌ലാമിന്റെ വക്താവായ ഉര്‍ദുഗാന്‍ സന്ദര്‍ശിക്കുകയാണ്. രണ്ടു പേര്‍ക്കും സമാനതകളേറെ. രണ്ടു പേരും മത ദേശീയതയുടെ വക്താക്കള്‍. നെഹ്‌റുവിന്റെ മതനിരപേക്ഷതയെ മോദിയും കമാല്‍ പാഷയുടെ മതാതീതത്വത്തെ ഉര്‍ദുഗാനും അട്ടിമറിച്ചുകൊണ്ടാണ് തങ്ങളുടെ രാജ്യങ്ങളെ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴില്‍ തളച്ചുകെട്ടുന്നത്. അന്യമത വിരോധം പ്രചരിപ്പിക്കുന്നതില്‍ മോദിക്ക് ശിഷ്യപ്പെടാം ഉര്‍ദുഗാന്. അതിന്റെ പേരില്‍ 1998-ല്‍ ജയില്‍വാസം വരിക്കേണ്ടിവന്നു തുര്‍ക്കിയിലെ മോദിക്ക്. എന്നാല്‍ വംശഹത്യക്ക് ജയില്‍ശിക്ഷ വരിക്കേണ്ടിവന്നത് ഇന്ത്യന്‍ ഉര്‍ദുഗാന്റെ സഹ കാബിനറ്റ് മന്ത്രിയായ മായാ കോദ്‌നാനിക്ക്. മുഖ്യമന്ത്രിയായിരിക്കെ മോദി ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടുവെങ്കില്‍ ഇസ്തംബൂളിലെ മേയറായിരിക്കെയാണ് ഉര്‍ദുഗാന്‍ ജയിലിലാവുന്നത്. രണ്ടു പേരും ഒരുപോലെ അപര മതവിദ്വേഷം കുത്തിപ്പൊക്കി മത ദേശീയതയുടെ മറവില്‍ അധികാരത്തിലെത്തിയവര്‍. ഒരാള്‍ 33 ശതമാനം വോട്ട് നേടി അധികാരത്തില്‍. അപരന്‍ 51 ശതമാനം റിഗ്ഡ് വോട്ടുകള്‍ വാങ്ങി റഫറണ്ടം ജയിക്കുന്നു. മതത്തെ സൗകര്യപൂര്‍വം മുതലാളിത്ത വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തുന്ന രണ്ട് കപട ദേശീയതാവാദികള്‍ ഈയാഴ്ച കണ്ടുമുട്ടുമ്പോള്‍ എന്താണ് സംഭവിക്കുക?'' വാട്‌സ്ആപ്പില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഈ കുറിപ്പിന്റെ യാഥാര്‍ഥ്യം എന്താണ്?
അബ്ദുര്‍റസ്സാഖ് കലൂര്‍, കൊച്ചി
വിവരക്കേടിന്റെയും കടുത്ത മുന്‍വിധികളുടെയും തെറ്റിദ്ധാരണകളുടെയും ആകത്തുകയാണ് ഇത്തരം പ്രചാരണങ്ങള്‍. ഹിന്ദുത്വ ഫാഷിസത്തെ എതിര്‍ക്കണമെങ്കില്‍ ഒരു മുസ്‌ലിം സമാന്തരത്തെ സങ്കല്‍പിക്കണമെന്ന ഭീരുത്വത്തിന്റെ ഫലമാണീ വാദഗതികളെങ്കില്‍ അത് സഹതാപാര്‍ഹം കൂടിയായിരിക്കുന്നു.
നൂറ്റാണ്ടുകളോളം ഉസ്മാനിയാ ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന തുര്‍ക്കിയില്‍ അതിന്റെ കഥകഴിച്ച് തീവ്ര മതേതരത്വം അടിച്ചേല്‍പിക്കുകയും തുര്‍ക്കി ഭാഷയുടെ ലിപി മാറ്റുകയും ലോകത്ത് എല്ലായിടത്തും അനുവദിക്കപ്പെട്ട അറബിയിലെ ബാങ്കുവിളി പോലും നിരോധിക്കുകയും ചെയ്ത സ്വേഛാധിപതിയായിരുന്നു കമാല്‍ അത്താതുര്‍ക്ക് എന്ന മുസ്ത്വഫാ കമാല്‍ പാഷ. കടുത്ത പാശ്ചാത്യ ചിന്താഗതിക്കാരനായിരുന്ന കമാല്‍ പാഷക്ക് സോഷ്യലിസത്തോട് നിസ്സാരാഭിമുഖ്യം പോലുമുണ്ടായിരുന്നില്ല, മുതലാളിത്തമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. യഥാര്‍ഥ ജനാധിപത്യം നടപ്പിലായിരുന്നെങ്കില്‍ മതഭക്തരായ തുര്‍ക്കി ജനത തുടക്കത്തിലേ അദ്ദേഹത്തെ നിരാകരിച്ചേനെ. കമാല്‍ പാഷക്കു ശേഷവും അദ്ദേഹം നിര്‍മിച്ച ഭരണഘടന രാജ്യത്ത് തുടര്‍ന്നതിനാല്‍ അതിന്റെ സംരക്ഷകരെന്ന വ്യാജേന പട്ടാളം തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത, ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്റുകളെ മതേതരത്വത്തിന്റെ പേരില്‍ അട്ടിമറിച്ചുകൊണ്ടിരുന്നു. വോട്ട് വാങ്ങി അധികാരത്തിലേറിയ പ്രഫ. നജ്മുദ്ദീന്‍ അര്‍ബകാന്റെ സര്‍ക്കാറിനെ മതേതരത്വലംഘനം ആരോപിച്ച് പിരിച്ചുവിട്ടു; പാര്‍ട്ടിയെ നിരോധിച്ചു. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ വന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തന്ത്രജ്ഞനും ക്രാന്തദര്‍ശിയുമായതിനാല്‍, മതനിരപേക്ഷ ജനാധിപത്യ സാമൂഹികനീതിയുടെ ഭൂമികയില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി(അക് പാര്‍ട്ടി)ക്ക് രൂപം നല്‍കി അവധാനതയോടെ പ്രവര്‍ത്തിച്ചതിനാല്‍ സുസ്ഥിര ഭരണത്തിന് ജനങ്ങളുടെ പിന്തുണ നേടി രാജ്യത്തെ ദീവാളി കുളിപ്പിച്ച രാഷ്ട്രീയാനിശ്ചിതത്വത്തിന് വിരാമമിടുന്നതില്‍ വിജയിച്ചു. ഇസ്തംബൂള്‍ മേയറായിരിക്കെ കാഴ്ചവെച്ച മാതൃകാ നഗര ഭരണമാണ് അദ്ദേഹത്തിന് സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പുകളിലെല്ലാം ജനപിന്തുണ ഉറപ്പാക്കാനും ഏറ്റവുമൊടുവിലത്തെ പട്ടാള അട്ടിമറിയെ ചെറുത്തുതോല്‍പിക്കാനും ഉര്‍ദുഗാനെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ വികസനപരമായ വന്‍ നേട്ടങ്ങളും മിതത്വവും ദീര്‍ഘദൃഷ്ടിയുമാണ്. മുസ്‌ലിംകള്‍ക്ക് മഹാ ഭൂരിപക്ഷമുള്ള തുര്‍ക്കിയില്‍ ഹിജാബ് ധരിക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതും മതവിദ്യാഭ്യാസത്തിന്റെ വിലക്ക് നീക്കിയതും പോലുള്ള ചില നടപടികളല്ലാതെ തുര്‍ക്കി ഇപ്പോഴും സെക്യുലര്‍ രാജ്യം തന്നെയാണ്. ഭരണഘടനയില്‍ മൗലികമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരര്‍ഥത്തിലും തുര്‍ക്കി ഒരു മതാധിഷ്ഠിത രാഷ്ട്രവുമല്ല. യൂറോപ്യന്‍ യൂനിയനിലേക്കുള്ള തുര്‍ക്കിയുടെ അംഗത്വാപേക്ഷ ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും പിന്തുണക്കുന്നതും രാജ്യം സെക്യുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ആയതുകൊണ്ടാണ്. ഇതൊന്നും മനസ്സിലാക്കാതെ, മതാധിഷ്ഠിത മുതലാളിത്തമാണ് തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ നടപ്പാക്കുന്നതെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്.
ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വവാദികള്‍ അധികാരത്തില്‍ വന്ന ശേഷം അവര്‍ കാട്ടിക്കൂട്ടുന്നത് നാം നിത്യേന കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. അതിനൊരു വിശദീകരണവും ആവശ്യമില്ല. പശുവിന്റെയും ബീഫിന്റെയും പേരില്‍ നിരപരാധികളെ തല്ലിക്കൊല്ലുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കത്തിവെക്കുകയും ലക്കും ലഗാനുമില്ലാതെ തോന്നിയവരുടെ പേരിലൊക്കെ യു.എ.പി.എ എന്ന കരിനിയമം പ്രയോഗിക്കുകയും യുദ്ധജ്വരം മൂര്‍ഛിപ്പിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാറിന്റെ പോക്കില്‍ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളൊക്കെ കടുത്ത ആശങ്കയിലാണ്. അദ്ദേഹത്തെ ഉര്‍ദുഗാന്‍ വന്നു കണ്ടത് രാജ്യങ്ങള്‍ തമ്മിലുള്ള സുഹൃദ് ബന്ധങ്ങളുടെ പേരില്‍ മാത്രമാണ്. കശ്മീര്‍ പ്രശ്‌നത്തിലും പാകിസ്താനോടുള്ള ബന്ധങ്ങളുടെ കാര്യത്തിലുമെല്ലാം ഉര്‍ദുഗാന്റെ നിലപാട് വ്യത്യസ്തമാണ്. അദ്ദേഹമത് തുറന്നുപറഞ്ഞിട്ടുമുണ്ട്. രാജ്യത്ത് പിടിമുറുക്കിക്കഴിഞ്ഞ തീവ്ര ഹിന്ദുത്വ ദേശീയതയുമായി ഉര്‍ദുഗാന്റെ തുര്‍ക്കി ദേശീയതക്ക് ഒരു സാമ്യതയുമില്ല. എന്നു വെച്ച് അദ്ദേഹത്തിന്റെ നയനിലപാടുകളൊക്കെ അപ്പാടെ ശരി വെക്കണമെന്ന അഭിപ്രായവുമില്ല. രണ്ടും തമ്മിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയെന്നു മാത്രം.
പിന്നെ മുതലാളിത്ത വളര്‍ച്ചയുടെ കാര്യം. ഇന്ന് ലോകത്തെ ഏതു രാജ്യമാണ് മുതലാളിത്തവിരുദ്ധ നയം പിന്തുടരുന്നത്? റഷ്യ, ചൈന, ഉത്തര കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളൊക്കെ വലത്തോട്ട് അതിശീഘ്രം ചാഞ്ഞുകഴിഞ്ഞില്ലേ? ഈ രാജ്യങ്ങളിലേതെങ്കിലും ഒന്നില്‍ യഥാര്‍ഥ ജനാധിപത്യമോ സോഷ്യലിസമോ പുലരുന്നുണ്ടോ? തനി മുതലാളിത്ത രാജ്യമായ റഷ്യയിലാണ് പേരിനെങ്കിലും ബഹുകക്ഷി ഭരണക്രമം നിലനില്‍ക്കുന്നത്. കമ്യൂണിസ്റ്റ് രാജ്യങ്ങളെന്ന മേല്‍വിലാസത്തില്‍ അറിയപ്പെടുന്നതിലെല്ലാം ഏകകക്ഷി സമഗ്രാധിപത്യമാണ് തുടരുന്നത്. അവിടങ്ങളിലെല്ലാം പ്രാഥമിക മതസ്വാതന്ത്ര്യം പോലും അനുവദിക്കപ്പെടുന്നുമില്ല. ചൈനയില്‍ ഏറ്റവുമൊടുവില്‍ മുസ്‌ലിം പേരുകള്‍ പോലും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇതും മതേതരത്വത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുമെന്നാണോ? സമഗ്രാധിപത്യം ഹിന്ദുതവാദികളുടേതാണെങ്കില്‍ പൊറുപ്പിക്കാനാവാത്തതും സെക്യുലരിസത്തിന്റെയോ കമ്യൂണിസത്തിന്റെയോ വിലാസത്തിലാണെങ്കില്‍ സ്വാഗതാര്‍ഹവും എന്നില്ല. രണ്ടും ഒരുപോലെ വെറുക്കപ്പെടേണ്ടതും ചെറുക്കപ്പെടേണ്ടതുമാണ്.
ബീഫില്‍ മുസ്‌ലിംകള്‍ക്കെന്തു കാര്യം?
നബി(സ) ബീഫ് കഴിച്ചിരുന്നോ? ബലികര്‍മം നടത്തേണ്ടത് ആടിനെയല്ലേ? മുസ്‌ലിംകള്‍ ബീഫില്‍ അല്ലെങ്കില്‍ മാംസത്തില്‍ അഭിരമിക്കുന്നവരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണ്? പോത്തും കാളയും മുസ്‌ലിം ജീവിതത്തില്‍ അവിഭാജ്യമാണെന്ന സംഘീ കുപ്രചാരണം മുസ്‌ലിംകള്‍ ഇനിയെങ്കിലും തിരുത്തിക്കൊടുക്കേണ്ടതല്ലേ?
ഇ.സി റംല പള്ളിക്കല്‍
'നാം നല്‍കിയ എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ ഭുജിച്ചുകൊള്ളുക' എന്നാണ് അല്ലാഹുവിന്റെ വചനമെന്ന് ഖുര്‍ആനില്‍നിന്ന് വ്യക്തമാണ്. മാംസാഹാരം അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ല. പന്നി മാംസവും അല്ലാഹുവിന്റെ പേരിലല്ലാതെ അറുക്കപ്പെട്ടതിന്റെ മാംസവും മാത്രമേ നിരോധിക്കപ്പെട്ടിട്ടുള്ളൂ. കാലാകാലങ്ങളില്‍ മനുഷ്യര്‍ പോഷകാഹാരമായി മാംസം ഉപയോഗിച്ചുവന്നിട്ടുണ്ട്. പ്രകൃതിമതമായ ഇസ്‌ലാമും അതംഗീകരിക്കുന്നു. ഒട്ടകം, കാള, പോത്ത്, ആട് പോലുള്ള വളര്‍ത്തു മൃഗങ്ങളുടെ കാര്യമായ ഉപയോഗങ്ങളിലൊന്ന് അവയുടെ മാംസമാണ്. ഇന്ത്യയിലും പുരാതനകാലം മുതല്‍ മൃഗമാംസം ഭോജ്യവസ്തുവാണ്. ബ്രാഹ്മണരില്‍ ഒരു വിഭാഗം മാത്രമാണ് പശുവിനെ ആരാധ്യമൃഗമാക്കി അതിന്റെ മാംസം നിഷിദ്ധമാക്കിയിരിക്കുന്നത്. സെക്യുലര്‍ രാജ്യമായ ഇന്ത്യയില്‍ ഗോപൂജക്കും ഗോഹത്യക്കും ഒരുപോലെ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഒരു ന്യൂനപക്ഷമായ ഗോപൂജകരുടെ ഇംഗിതം മഹാ ഭൂരിപക്ഷത്തിന്റെ പേരില്‍ അടിച്ചേല്‍പിക്കുകയാണ്. മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ ഭീകര കുറ്റകൃത്യമായിട്ടാണ് ഗോഹത്യ ഫലത്തില്‍ കണക്കാക്കപ്പെടുന്നത്. കൃഷിയാവശ്യം ഗോക്കളെ കടത്തുന്നതു പോലും മഹാ പാതകമായി ചിത്രീകരിച്ച് കടത്തുകാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പിന്നില്‍ യഥാര്‍ഥത്തില്‍ പശുപ്രേമമോ പശുക്കളെ കൊല്ലുന്നതിലുള്ള പ്രതിഷേധമോ അല്ല. ഇതൊരു മറയാക്കി ന്യൂനപക്ഷ വേട്ടയാണെന്ന് കരുതേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
ഇസ്‌ലാം ഗോമാംസം ഭുജിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നതല്ലാതെ ബലി പെരുന്നാളില്‍ ബലിയറുക്കാന്‍ പോലും അത് നിര്‍ബന്ധമാക്കിയിട്ടില്ല. മറ്റേതെങ്കിലും വളര്‍ത്തു മൃഗത്തെ ബലി നല്‍കിയാല്‍ മതി. പ്രവാചകന്റെ കാലത്ത് സുലഭമായിരുന്ന ഒട്ടകവും ആടുമാണ് ബലിയറുത്തിരുന്നത്. കാളയോ പോത്തോ ബലി നല്‍കിയിരുന്നില്ല. രണ്ടും അറേബ്യയില്‍ സുലഭമല്ലാത്തതാണ് കാരണം. ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ പോത്തും ആടും കാളയും സുലഭമാണെന്നിരിക്കെ ഏതിനെയും ബലി നല്‍കാം. എന്തായാലും മാംസാഹാരികള്‍ക്ക് ഒരു പ്രത്യേക മൃഗം വേണമെന്നില്ല. ഹിന്ദുക്കളില്‍ വലിയ വിഭാഗം -പിന്നാക്ക ജാതികളും ദലിതുകളും വിശേഷിച്ചും- മാട്ടിറച്ചി കഴിക്കുന്നവരാണ്. ഗോമാംസം തന്നെ വേണമെന്ന നിര്‍ബന്ധം മുസ്‌ലിംകള്‍ക്കില്ലാത്ത പോലെ അത് പാടില്ലെന്ന കാര്‍ക്കശ്യം ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും ഇല്ല. എങ്കിലും ഗോപൂജകരുടെ വികാരം മാനിച്ചുകൊണ്ട് ഗോഹത്യ നിരോധിക്കപ്പെട്ടാല്‍തന്നെ അത് ലംഘിക്കണമെന്ന ശാഠ്യം മുസ്‌ലിംകള്‍ക്കില്ല. മുസ്‌ലിംകള്‍ ഗോമാംസം വേണ്ടെന്നു വെച്ചതുകൊണ്ടു മാത്രം കാളയിറച്ചി തീറ്റ ഇല്ലാതാവാനും പോവുന്നില്ല. കേവലം വര്‍ഗീയതയും ഫാഷിസ്റ്റ് മനോഭാവവും ആണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന സംഘടിത ഭീകര കൃത്യങ്ങള്‍ക്കു പിന്നില്‍. അതേസമയം, ലക്ഷക്കണക്കിന് മുസ്‌ലിം-ദലിത് ജനവിഭാഗങ്ങള്‍ ഇന്ന് മാട്ടിറച്ചി വ്യവസായത്തില്‍ ഉപജീവനം തേടുന്നുണ്ട്. അവരെ തൊഴില്‍രഹിതരാക്കി പട്ടിണിക്കിടണമെന്ന ഗൂഢോദ്ദേശ്യവും പുതിയ നീക്കങ്ങള്‍ക്ക് പ്രേരണയാവുന്നുണ്ടോ എന്ന് സംശയിക്കണം.
പുതിയ പരിഹാരമുണ്ടോ?
വിവാഹമോചിത ഇദ്ദാകാലം കഴിയുന്നതുവരെ ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ കഴിഞ്ഞുകൂടേണ്ടവളാണെന്ന് കണ്ടു. എന്നാല്‍, കേരളത്തിന്റെ ഏതെങ്കിലും മദ്ഹബിന്റെ പണ്ഡിതന്മാരോ ഉല്‍പതിഷ്ണു പണ്ഡിതന്മാരോ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിച്ചുകാണുന്നില്ല. ഇത് ഇസ്‌ലാമിക നിയമത്തിന്റെ പരസ്യമായ ലംഘനമല്ലേ?
ഹാജറ ടീച്ചര്‍ കടന്നമണ്ണ
ഒന്നും രണ്ടും ത്വലാഖുകളെ തുടര്‍ന്നുള്ള ഇദ്ദാകാലത്ത് സ്ത്രീ ഭര്‍ത്താവിനോടൊപ്പം താമസിച്ച വീട്ടില്‍ തന്നെ കഴിയേണ്ടതാണെന്നും അവള്‍ പുറത്തു പോവേണ്ടതില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ് (അത്ത്വലാഖ് 1). ഇദ്ദാ കാലഘട്ടത്തില്‍ ഭാര്യയുടെ ജീവനാംശ ബാധ്യതയും ഭര്‍ത്താവിനു തന്നെ. അവിഹിത ബന്ധങ്ങളിലേര്‍പ്പെട്ടതായി തെളിഞ്ഞാല്‍ മാത്രമേ സ്ത്രീയെ വീട്ടില്‍നിന്ന് മാറ്റിനിര്‍ത്താവൂ. പണ്ഡിതന്മാര്‍ക്ക് ഇതൊന്നും മനസ്സിലാവാത്ത പ്രശ്‌നമല്ല. നാട്ടു നടപ്പ് മറ്റൊരു വിധത്തിലായതാണ് കാര്യം. ഭാര്യ ആദ്യമേ പിണങ്ങിപ്പോയി, അല്ലെങ്കില്‍ ഭര്‍ത്താവ് അവളെ ആട്ടിപ്പുറത്താക്കി അവളുടെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ കഴിയുമ്പോഴാണ് ത്വലാഖ് ചൊല്ലുന്നതുതന്നെ. ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞ വീട്ടില്‍തന്നെ ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ താമസിക്കണമെന്ന് അനുശാസിച്ചത് പൊടുന്നനെയുണ്ടായ ക്ഷോഭം കാരണമോ മറ്റോ ആണ് ത്വലാഖ് സംഭവിച്ചതെങ്കില്‍, തണുക്കുമ്പോള്‍ വീണ്ടുവിചാരം ഉണ്ടാവാനും ദാമ്പത്യ ബന്ധം പുനഃസ്ഥാപിക്കാനും അവസരം ലഭിക്കുന്നതിനു വേണ്ടിയാണ്. ദൈവിക സിംഹാസനം കുലുക്കുന്ന ഏര്‍പ്പാടാണ് ത്വലാഖ് എന്നതുകൊണ്ട് അത് പരമാവധി ഒഴിവാക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ഇതേപ്പറ്റിയൊന്നും ദമ്പതികളെയോ ബന്ധപ്പെട്ടവരെയോ ബോധവത്കരിക്കാതെ, കിതാബുകളില്‍ രേഖപ്പെടുത്തിയ ഫിഖ്ഹീ മസ്അലകളുടെ അടിസ്ഥാനത്തില്‍ മാത്രം മാനുഷിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതാണ് തങ്ങളുടെ പണ്ഡിതന്മാരുടെ കുഴപ്പം. എത്ര പറഞ്ഞാലും ഓതിയ കിതാബുകളിലെ അക്ഷരങ്ങളിന്മേലുള്ള കടുംപിടിത്തം ഉപേക്ഷിക്കാന്‍ അവര്‍ തയാറില്ലതാനും. ഇതിന്റെ ഫലമാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രസ്താവനകളിലെ കൊടിയ യാഥാസ്ഥിതികത്വം പോലും. ദയൂബന്ദി, ബറേല്‍വി, ശീഈ ഉമലാക്കളുടെ വിയോജനം ഭയന്ന് വ്യക്തിനിയമ ബോര്‍ഡിലെ പുരോഗമനപരമായി ചിന്തിക്കുന്ന പണ്ഡിതന്മാര്‍ പോലും മൗനികളാവുകയാണ്.
Comments