Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

തീവ്ര വലതുപക്ഷത്തിന് കടിഞ്ഞാണിട്ട് മക്രോണ്‍

ലാ റിപ്പബ്ലിക് എന്‍ മാര്‍ഷ്! (റിപ്പബ്ലിക് മുന്നോട്ട്!) എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ഒരു പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ അതിന്റെ സ്ഥാപകന്‍ ഇമ്മാനുവല്‍ മക്രോണ്‍ ഒരിക്കലും കരുതിയിരിക്കില്ല, അടുത്ത വര്‍ഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്ന്. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന വിശേഷണവും ഇനി അദ്ദേഹത്തിന് സ്വന്തം. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി വലതുപക്ഷ റിപ്പബ്ലിക്കന്മാരും ഇടതുപക്ഷ സോഷ്യലിസ്റ്റുകളും മാറിമാറി ഭരണം പങ്കിടുന്ന കീഴ്‌വഴക്കത്തിനും മക്രോണ്‍ അന്ത്യം കുറിച്ചിരിക്കുന്നു. ഇടത്-വലതുപക്ഷ ഭരണങ്ങളില്‍ നിരാശരായ ഫ്രഞ്ചുകാരാണ് തന്റെ പിന്‍ബലമെന്ന് പറയുന്ന മക്രോണ്‍ 'മധ്യ ലൈന്‍' (Centrist) പിന്തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്; ആ മധ്യനിലപാട് എന്താണെന്ന് ഇനിയും വിശദീകരിച്ചിട്ടില്ലെങ്കിലും. ഏതായാലും ഇസ്‌ലാമോഫോബിയ ആവോളം ഊതിക്കത്തിച്ച് രണ്ടാം റൗണ്ട് വരെ എത്തിയ തീവ്ര വലതുപക്ഷക്കാരി മറീന്‍ ലീ പെന്നിനെ വ്യക്തമായ ഭൂരിപക്ഷത്തോടെ (66.1 ശതമാനം) തളക്കാന്‍ സാധിച്ചു എന്നത് യൂറോപ്പിനെ സംബന്ധിച്ചേടത്തോളം ചരിത്രനേട്ടം തന്നെയാണ്. അമേരിക്കയില്‍ ട്രംപിന്റെ വിജയവും ബ്രിട്ടനിലെ ബ്രെക്‌സിറ്റും വലതുപക്ഷം മേല്‍ക്കൈ നേടുന്നതിന്റെ അപായമണികള്‍ മുഴക്കിയപ്പോള്‍ ഫ്രാന്‍സിലും ഒരു വലതുപക്ഷ അട്ടിമറിയുടെ സാധ്യത തെളിഞ്ഞുവന്നിരുന്നു. എന്നാല്‍, മതേതര കക്ഷികളെല്ലാം ഒത്തുചേര്‍ന്ന് ആ ഭീഷണിയെ തല്‍ക്കാലത്തേക്കെങ്കിലും തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പുഫലം മാസങ്ങള്‍ക്കം ജര്‍മനിയില്‍ നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിലും വലതുപക്ഷത്തിന് തിരിച്ചടിയാവും. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഒരു വഴിത്തിരിവായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഫ്രാന്‍സിലെ റിപ്പബ്ലിക്കന്മാരും സോഷ്യലിസ്റ്റുകളും ഒരുപോലെ ഇത്തവണ വോട്ട് പിടിക്കാന്‍ കടുത്ത ഇസ്‌ലാംവിരുദ്ധതയാണ് പുറത്തെടുത്തത്. തീവ്ര വലതുപക്ഷത്തിന്റെ കഥ പറയാനുമില്ലല്ലോ. എന്നാല്‍ ഇമ്മാനുവല്‍ മക്രോണാവട്ടെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇസ്‌ലാം-മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇന്നത്തെ ഫ്രാന്‍സില്‍ മതം ഒരു പ്രശ്‌നമല്ലന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരു കാര്യം. അള്‍ജീരിയയില്‍ അധിനിവേശം നടത്തിയ ഫ്രാന്‍സ് അക്കാലത്ത് ചെയ്തുകൂട്ടിയത് കൊടും പാതകങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇടതു- വലതുപക്ഷങ്ങള്‍ ഒരുപോലെ ഇതിന്റെ പേരില്‍ മക്രോണിനെ കടന്നാക്രമിച്ചെങ്കിലും അദ്ദേഹം പരാമര്‍ശം തിരുത്തിയില്ല.

ഇതൊക്കെ ഫ്രഞ്ച് മുസ്‌ലിംകളുടെ അനുഭാവം പിടിച്ചുപറ്റാന്‍ കാരണമായിട്ടുണ്ടെങ്കിലും, അധികാരമേല്‍ക്കുമ്പോള്‍ ഈ നിലപാട് തുടര്‍ന്നുകൊള്ളണമെന്നില്ല എന്ന്  ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കളസ് സര്‍ക്കോസിയെയാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 2009-ല്‍ ഹിജാബിനു വേണ്ടി ശക്തമായി വാദിച്ച സര്‍ക്കോസി പിന്നീടതിന്റെ ഏറ്റവും കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു. പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്രത്തിന്റെയും പിന്‍ബലമില്ലാത്ത മക്രോണിന് ഭരണവ്യവസ്ഥ ആവശ്യപ്പെടുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രയാസമുണ്ടാവുകയില്ലെന്നും അവര്‍ വാദിക്കുന്നു; മക്രോണിന്റെ മാതൃകാ ദര്‍ശനം അമേരിക്കന്‍ ലിബറലിസമാവുമ്പോള്‍ പ്രത്യേകിച്ചും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആസന്നമായ നമ്മുടെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഫ്രാന്‍സില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. രാഷ്ട്രത്തെ ശിഥിലമാക്കുകയും സമൂഹത്തെ ധ്രുവീകരിക്കുകയും ചെയ്യുന്ന വലതുപക്ഷ തീവ്രവാദത്തെ ഫ്രാന്‍സിലെ മതേതര കക്ഷികള്‍ ഒന്നിച്ചു നേരിടുകയായിരുന്നു. ആ ഒത്തൊരുമ ഇന്ത്യയിലെ മതേതര കക്ഷികള്‍ക്ക് ഉണ്ടാക്കാനായാല്‍ ഇവിടെയും അത്ഭുതങ്ങള്‍ സംഭവിക്കും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍