Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

ഹിക്മത്തും അല്‍കിന്ദിയുടെ ജീവിത വീക്ഷണവും

എ. മൂസ എടക്കാപറമ്പ്

'ഇസ്‌ലാമിക തത്ത്വചിന്ത'- എ.കെ അബ്ദുല്‍ മജീദിന്റെ ലേഖന പരമ്പര ഏറെ വൈജ്ഞാനികവും ചിന്തോദ്ദീപകവുമായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട (2:29) ഹിക്മത്തിനെക്കുറിച്ച പല പണ്ഡിതരുടെയും വീക്ഷണങ്ങള്‍ ലേഖനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഇതില്‍ അല്‍കിന്ദിയുടെ നിര്‍വചനമാണ് യാഥാര്‍ഥ്യത്തോട് ഏറെ യോജിച്ചതായി തോന്നിയത്.

ഫാറാബിയെയും ഇബ്‌നുസീനയെയും ഈ വിഷയത്തില്‍ ഇമാം ഗസാലി ശക്തമായി വിമര്‍ശിക്കുകയും അവരില്‍ മതപരിത്യാഗകുറ്റം ആരോപിക്കുക പോലും ഉണ്ടായി എന്ന് ലേഖനത്തില്‍ വായിച്ചു. ഇബ്‌നു തൈമിയ്യയുടെ കാര്യത്തിലും തഥൈവ. ഇസ്‌ലാമിക ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഈ പണ്ഡിതരുടെ തദ്‌വിഷയകമായ വീക്ഷണങ്ങളില്‍ ഗസാലിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായ ആശയങ്ങള്‍ എന്താണെന്ന് അല്‍പം വിശദീകരിച്ചിരുന്നുവെങ്കില്‍ വായനക്കാരന്റെ ജിജ്ഞാസയെ അത് തൃപ്തിപ്പെടുത്തുമായിരുന്നു. ചുരുങ്ങിയത് റൂമിയെ പരാമര്‍ശിച്ചപ്പോഴെങ്കിലും മസ്‌നവിയിലെ തദ്‌സംബന്ധമായ വരികള്‍ ഉദ്ധരിക്കാമായിരുന്നു.

മര്‍ഹൂം ജമാല്‍ മലപ്പുറം ഒരു സ്റ്റഡി ക്ലാസ്സില്‍ ഖുര്‍ആനിലെ 16:125 സൂക്തം വ്യാഖ്യാനിക്കവെ, ഡോ. അബ്ദുല്‍ ഹലീം മുഹമ്മദ് 'ഫിഖ്ഹുദ്ദഅ്‌വ' എന്ന പുസ്തകത്തില്‍ ഹിക്മത്തിനെ ഇപ്രകാരം വിശദീകരിച്ചതായി പറഞ്ഞതോര്‍ക്കുന്നു: 'ചെയ്യേണ്ട കാര്യം ചെയ്യേണ്ട രീതിയില്‍ ചെയ്യേണ്ട സമയത്ത് ചെയ്യുക.'

44-ാം ലക്കത്തില്‍ അല്‍കിന്ദിയുടെ ജീവിതവീക്ഷണം വൈജ്ഞാനികം മാത്രമല്ല, തര്‍ബിയത്തീപരവും കൂടിയാണ് എന്ന് ലേഖകന്‍ എഴുതുന്നു. മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ക്ക് ഹൃദയമാലിന്യങ്ങള്‍ ഒഴുകിയിറങ്ങുന്നതു പോലെ അനുഭവപ്പെടും. ഇത്തരം പഠനാര്‍ഹ ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കട്ടെ. അല്‍കിന്ദിയെപോലുള്ള ദാര്‍ശനികരുടെ രചനകളുടെ വിവര്‍ത്തനങ്ങള്‍ വിശേഷിച്ചും.

 

3000 ലക്കങ്ങള്‍

ആധുനിക/ഉത്തരാധുനിക കാലത്ത് ഇസ്‌ലാമിന്റെ സൗന്ദര്യവും മൂല്യവും വായനക്ക് പകര്‍ന്നു നല്‍കുന്നതില്‍ പ്രബോധനം വഹിച്ച പങ്ക് അനിഷേധ്യമാണ്. ഒരു സംഘടനയുടെ മുഖപത്രമെന്ന നിലയില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന പരിമിതികളെ മറികടന്ന്, മലയാള ഇസ്‌ലാമിക വായനാലോകത്ത് വിപ്ലവകരമായ ചലനങ്ങള്‍ സൃഷ്ടിക്കാനും സഹജീവികളുടെ മുന്നില്‍ നടക്കാനും പ്രബോധനത്തിന് സാധിച്ചു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ തമസ്‌കരിച്ചിരുന്ന ദേശീയ-അന്തര്‍ദേശീയ ഇസ്‌ലാമിക ചലനങ്ങള്‍ മലയാളികള്‍ക്ക്  പരിചയപ്പെടുത്തുന്നതില്‍ മുന്‍പന്തിയിലാണ് പ്രബോധനം. ആശയപരമായി വിയോജിക്കുന്നവര്‍ക്കു കൂടി ഇടം നല്‍കി ആരോഗ്യകരമായ സംവാദസംസ്‌കാരത്തിന് ശക്തി പകരാന്‍ പ്രബോധനം എന്നും തയാറായിരുന്നു എന്നതിന് അതിന്റെ കഴിഞ്ഞകാല ലക്കങ്ങള്‍ സാക്ഷിയാണ്. 

സമഗ്രവും ചടുലവുമായ മാറ്റങ്ങളുടെ ഈ പ്രളയകാലത്ത് എല്ലാ അര്‍ഥത്തിലും പുതുകാലത്തിന്റെ നാഡിമിടിപ്പുകള്‍ ഉള്‍ക്കൊ് ഒരു കുതിച്ചുചാട്ടത്തിനുതന്നെ തയാറാകാന്‍ പ്രബോധനത്തിന് കഴിയട്ടെ. കലുഷിതമായ സമകാലിക സാഹചര്യത്തില്‍ സമുദായത്തിന് ശരിയായ ദിശാബോധവും തിരിച്ചറിവും   പ്രതിസന്ധിഘട്ടങ്ങളില്‍ ആര്‍ജവത്തോടെ എഴുന്നേറ്റുനില്‍ക്കാനുള്ള വൈജ്ഞാനിക പിന്‍ബലവും പ്രദാനം ചെയ്യാന്‍  മുവായിരം ലക്കങ്ങള്‍ പിന്നിട്ട പ്രബോധനത്തിന് സാധിക്കട്ടെ. മാറിയ കാലത്തെ വായനക്കാരുടെ അഭിരുചിയും വായനാരീതിയും കണക്കിലെടുത്ത്  ഉള്ളടക്കത്തിലും ലേ ഔട്ടിലും സമൂല മാറ്റം  വായനക്കാര്‍ പ്രതീക്ഷിക്കുന്നു.

അബൂറമീസ്, പുല്‍പ്പറമ്പ്

 

ഉത്തരവാദികള്‍ നാം തന്നെയല്ലേ?

നാല്‍പത്തിനാലോളം നദികള്‍, ആയിരക്കണക്കിന് കുളങ്ങള്‍, കിണറുകള്‍, കണ്ണെത്താ ദൂരത്തോളം നെല്‍പാടങ്ങള്‍ തുടങ്ങി വലിയ ജലസ്രോതസ്സുകളുായിരുന്ന, മൊത്തം വിസ്തൃതിയുടെ 12 ശതമാനം തണ്ണീര്‍ത്തടങ്ങള്‍ ഉണ്ടായിരുന്ന കേരളം രൂക്ഷമായ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലാണിന്ന്. പ്രമുഖ നദികള്‍ പലതും വറ്റി, കൃഷിയിടങ്ങള്‍ വിണ്ടുകീറി. ഭ്രാന്തന്‍ വികസനത്തിന്റെ ഇരകളായി നമ്മുടെ കുന്നുകളും മലകളും പുഴകളും മാറി. നെല്‍പാടങ്ങള്‍ നികന്നു,  കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ന്നു. വീടിന്റെ മുറ്റം വരെ കോണ്‍ക്രീറ്റിട്ട് ഭൂമിയിലേക്ക് വെള്ളം ഊര്‍ന്നിറങ്ങുന്നതിനും അന്തര്‍ഭാഗത്ത് ജലം സംഭരിക്കപ്പെടുന്നതിനുമുള്ള അവസാന സാധ്യത പോലും നാം അടച്ചു! ഫലം വര്‍ഷകാലത്ത് വെള്ളപ്പൊക്കവും വേനലില്‍ ജലക്ഷാമവും!

ആവാസ വ്യവസ്ഥയില്‍ മനുഷ്യരുടെ ധാര്‍ഷ്ട്യപൂര്‍വമുള്ള ഇടപെടലുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാതിരിക്കുകയും പ്രകൃതിയെ അതിരുവിട്ട് ചൂഷണം ചെയ്യുകയും കുറ്റകൃത്യങ്ങളില്‍ ആറാടുകയും ചെയ്യുമ്പോള്‍ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും മറ്റും രൂപത്തില്‍ പ്രകൃതി തിരിച്ചടിക്കുന്നു. ഒരു സമൂഹം തെറ്റുകളിലും കുറ്റകൃത്യങ്ങളിലും ആണ്ടുപോവുകയും അവിടങ്ങളിലെ നല്ല മനുഷ്യര്‍ അതിനെ തടയാനും സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാനും ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരിക ആ സമൂഹം മുഴുവനായിരിക്കും. ''വിപത്ത് വരുന്നത് കരുതിയിരിക്കുക. അത് ബാധിക്കുക നിങ്ങളിലെ അതിക്രമികളെ മാത്രമല്ല, അറിയുക: കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു'' (അല്‍ അന്‍ഫാല്‍ 25).

അബൂഹബീബ് വരോട്, ഒറ്റപ്പാലം

 

ആ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപോരാട്ടം ശക്തിപ്പെടുത്തുക 

വംശവെറി കാരണവും സ്ഥാനമാനങ്ങളും ജോലിക്കയറ്റവും സാമ്പത്തിക നേട്ടങ്ങളും ആര്‍ജിക്കാനും നിരപരാധികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന പ്രവണത നമ്മുടെ രാജ്യത്ത് കൂടിവരികയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് തെളിവുകളില്ല എന്ന് പറഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ കഴിഞ്ഞിരിക്കും. ആ നിരപരാധികളുടെ കുടുംബത്തിന്റെ ഭദ്രതയും മുന്നോട്ടുപോക്കും വിദ്യാഭ്യാസമൊക്കെ അതിനിടെ തകര്‍ന്നിട്ടുണ്ടാകും. നിരപരാധികളെ കേസില്‍പെടുത്തുന്ന ഉദ്യോഗസ്ഥ ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് കുറ്റവിചാരണ ചെയ്യാനും അവരില്‍നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാനുമുള്ള നിയമ നിര്‍മാണങ്ങള്‍ക്കു വേണ്ടണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കാരാഗൃഹത്തില്‍ അടക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പല ലോക രാഷ്ട്രങ്ങളിലും ശക്തമായ നിയമങ്ങളുള്ളപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പെരുമ്പറയടിക്കുന്ന ഇവിടെ അതില്ലെന്നത് ഏറെ അപഹാസ്യവും അപലപനീയവുമാണ്. ഈ വിഷയത്തില്‍ നിയമപോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒട്ടും വൈകിക്കൂടാ.

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

 

അമ്പരപ്പാണ് മട്ടാഞ്ചേരി!

പശ്ചിമ കൊച്ചിയുടെ, വിശിഷ്യാ മട്ടാഞ്ചേരിയുടെ ദുരിതമുഖം വായിച്ചപ്പോഴാണ് സാമാന്യ ജീവിത നിലവാരം ഉയരുന്ന ഈ കാലത്തും അവിടെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ഞെട്ടലോടെ അറിയുന്നത്. ബാല്യത്തില്‍ കപ്പലണ്ടിമുക്കില്‍, ഒരു ബന്ധുവിന്റെ വീട്ടില്‍ ഇടക്ക് താമസിക്കാറുണ്ടായിരുന്നു. ചാമ്പുപൈപ്പില്‍ കൈ കുഴയുവോളം ചാമ്പിയെടുത്ത ഇരുമ്പുചുവയ്ക്കുന്ന വെള്ളം കുടിച്ചിരുന്ന ഓര്‍മ പെട്ടെന്ന് നാവില്‍ പടര്‍ന്നു. ഇരിക്കാനോ കിടക്കാനോ വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ കൂലിപ്പണി കഴിഞ്ഞ് വന്നാലും ദിവസേന രണ്ടും മൂന്നും സിനിമകള്‍ കണ്ട് രാത്രി തള്ളിനീക്കുന്ന ചെറുപ്പക്കാരുടെ രീതിയും അന്ന് കൗതുമായിരുന്നു.

മിക്കവര്‍ക്കും പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന തൊഴില്‍. ഓടകളും കാനകളും മൃഗ-മനുഷ്യാവശിഷ്ടങ്ങളാല്‍ ദുര്‍ഗന്ധമയം. യുവാക്കളും വീട്ടിലുള്ളവരും ഭക്ഷണത്തിന് ആശ്രയിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങൡ പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ!

വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട അതേ ശോചനീയാവസ്ഥയിലാണ് ആ ചേരികള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് എന്നത് ഒരേസമയം അമ്പരപ്പും അമര്‍ഷവും സൃഷ്ടിക്കുന്നു.

അനസ് മാള

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍