മാപ്പിള മുസ്‌ലിംകളും ജാതിബോധവും
മാപ്പിള മുസ്‌ലിംകളും ജാതിബോധവും
ഡോ. ഇ.സി ഹസ്‌ക്കറലി
സമത്വവും സാഹോദര്യവുമാണ് ഇസ്‌ലാമിന്റെ സവിശേഷത. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ചൂഷണത്തില്‍നിന്ന് വലിയൊരു വിഭാഗത്തിന് മോചനം നല്‍കാന്‍ ഇസ്‌ലാമിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് മുസ്‌ലിം സമൂഹത്തിലും ആ ജാതി വ്യവസ്ഥയുടെ ദുഃസ്വാധീനമുണ്ടായി എന്നതാണ് ദുഃഖകരം. ഇസ്‌ലാമിക വിശ്വാസവഴിയിലേക്ക് കടന്നുവന്ന ചിലര്‍ പൂര്‍വ മതത്തിലെ ജാതി അവശിഷ്ടങ്ങള്‍ മുസ്‌ലിംകളായ ശേഷവും കൈയൊഴിച്ചില്ല എന്നതാണിതിന്റെ പ്രധാന കാരണം. മുസ്‌ലിം സമൂഹത്തിലെ അലിഖിത ജാതീയതയെക്കുറിച്ച അന്വേഷണമാണ് 'മാപ്പിള മുസ്‌ലിംകളും ജാതിബോധവും.' ഇന്ത്യയിലെ ജാതിവ്യവസ്ഥ, ഇന്ത്യന്‍ മുസ്‌ലിംകളും ജാതിയും, ജാതിബോധം കേരളത്തില്‍, അലിഖിത ജാതി, മാപ്പിള മുസ്‌ലിം ജാതിബോധത്തിന്റെ അടിസ്ഥാനം എന്നിങ്ങനെ അഞ്ച് അധ്യായങ്ങള്‍. എം.എന്‍ കാരശ്ശേരിയുടെ അവതാരിക. പ്രസാധനം: വചനം ബുക്‌സ് കോഴിക്കോട്, പേജ് 95. വില 100 രൂപ
പിന്നെ അവര്‍ എന്നെ തേടിവന്നു
ഗോപാല്‍ മേനോന്‍
മുസ്‌ലിം, ദലിത്, ആദിവാസി സമൂഹത്തിനെതിരെ ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുന്ന വിവേചന ഭീകരത ബോധ്യപ്പെടുത്തുന്ന നിയമമാണ് യു.എ.പി.എ. ഈ കിരാത നിയമം അതിന്റെ നിര്‍മാണഘടനയില്‍തന്നെ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇസ്‌ലാമോഫോബിയയെ ശക്തിപ്പെടുത്തുംവിധത്തിലാണ് യു.എ.പി.എ നടപ്പിലാക്കപ്പെടുന്നത്. ഈ കരിനിയമത്തിന്റെ ഇരകളായി ജയിലറകളില്‍ ജീവിതം ഹോമിക്കപ്പെടുന്ന വിചാരണാ തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും കണ്ണീരും വേദനയും പകര്‍ത്തിയ പുസ്തകമാണ് 'പിന്നെ അവര്‍ എന്നെ തേടി വന്നു'. അരുന്ധതി റോയ്, പ്രശാന്ത് ഭൂഷണ്‍, വി.എസ് അച്യുതാനന്ദന്‍, ബി.ആര്‍.പി ഭാസ്‌കര്‍, കെ.ഇ.എന്‍, കോടിയേരി ബാലകൃഷ്ണന്‍, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, കെ.കെ ഷാഹിന തുടങ്ങിയ പ്രമുഖരുടെ നിലപാടുകളും സകരിയ്യയുടെ മാതാവ് ബിയ്യുമ്മ ഉള്‍പ്പെടെ നിരവധി ഇരകളുമായുള്ള സംഭാഷണങ്ങളും പുസ്തകത്തിലുണ്ട്. 60 തലക്കെട്ടുകളില്‍ ക്രമീകരിക്കപ്പെട്ട ഉള്ളടക്കം. പ്രസാധനം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്-കേരള. പേജ് 247, വില 150 രൂപ
തുഹ്ഫത്തുല്‍ മുജാഹിദീനും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും
ഡോ. കെ.കെ.എന്‍ കുറുപ്പ്
വിശ്രുത ചരിത്ര ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം മാത്രമല്ല, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ദാര്‍ശനികമാനവും സമുദായ സൗഹാര്‍ദത്തിന്റെ ചേതോഹര ചിത്രങ്ങളും ഈ കൃതി വരച്ചുകാണിക്കുന്നു. അനേകം ലോക ഭാഷകളിലേക്കും ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം. 14 അധ്യായങ്ങളുള്ള പുസ്തകത്തില്‍ കെ.കെ.എന്‍ കുറുപ്പിന്റെ 4 അനുബന്ധങ്ങളും സ്ഥലനാമക്കുറിപ്പുകളും ആമുഖ പഠനവും. പ്രസാധനം: വചനം ബുക്‌സ്. പേജ് 150. വില 150 രൂപ
മാപ്പിള മുസ്‌ലിംകള്‍
റോളണ്ട് ഇ. മില്ലര്‍
മാപ്പിള മുസ്‌ലിംകളെ സംബന്ധിച്ച പ്രധാന പഠനങ്ങളിലൊന്നാണ് പ്രമുഖ കനേഡിയന്‍ ചരിത്ര പണ്ഡിതനായ റോളണ്ട് ഇ. മില്ലറുടെ ഈ കൃതി. മാപ്പിളമാരുടെ ഉത്ഭവം, വളര്‍ച്ച, സവിശേഷതകള്‍, സമകാലീന സ്ഥിതിവിശേഷങ്ങള്‍ തുടങ്ങിയവയൊക്കെ ഗഹനമായി ചര്‍ച്ച ചെയ്യുന്നു. പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിച്ചിട്ടുള്ള പുസ്തകത്തില്‍ ഇരുപതിലേറെ അധ്യായങ്ങളുണ്ട്. കേരളത്തിലെ ഇസ്‌ലാമിന്റെ ഉത്ഭവം മുതല്‍ മാപ്പിള സമുദായത്തിന്റെ ഭാവി വരെ ചര്‍ച്ചചെയ്യുന്ന പ്രൗഢമായ പഠനം. ദൂരക്കാഴ്ചയുടെ പരിമിതികള്‍ക്കത്തും മികച്ച വൈജ്ഞാനിക മുതല്‍ക്കൂട്ടാണ് ഈ കൃതി. മൊഴിമാറ്റം തോമസ് കാര്‍ത്തികപുര. അവതാരിക പ്രഫ. കെ.എ ജലീല്‍. പ്രസാധനം: അദര്‍ ബുക്‌സ് കോഴിക്കോട് (രണ്ടാം പതിപ്പ്), പേജ് 408, വില 400 രൂപ
ഒരു ഹിന്ദു സന്ന്യാസി ഖുര്‍ആന്‍ വായിക്കുന്നു
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
സാമൂഹിക പ്രവര്‍ത്തകനായ ഒരു ഹിന്ദു സന്ന്യാസിയുടെ ഖുര്‍ആന്‍ വായനാനുഭവങ്ങളുടെ സാരാംശമാണ് ഈ കൃതി. ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറത്തുല്‍ ഫാതിഹയുടെ പൊരുളാണ് പ്രധാനമായും ഇതില്‍ അന്വേഷിക്കപ്പെടുന്നത്. ഖുര്‍ആനെ കുറിച്ചും അതിന്റെ ഉള്ളടക്കത്തെ കുറിച്ചും സഹോദര സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളും ദുരൂഹതകളും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സ്വാമിയുടെ ഈ ഖുര്‍ആന്‍ വായന മതസമൂഹങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സഹവര്‍ത്തിത്വവും വളര്‍ത്താന്‍ ഏറെ പ്രയോജനം ചെയ്യും. പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്. പേജ് 104, വില 100 രൂപ.
Comments