സര്‍ഗാത്മകത വിദ്യാഭ്യാസത്തില്‍ ആവിഷ്‌കരിക്കുന്നതെങ്ങനെ?
അടുത്തിടെ അധ്യാപക സമൂഹവുമായുള്ള ഒരു ചര്‍ച്ചക്കിടയില്‍ ഒരു ചോദ്യത്തിനുള്ള അവരുടെ ഉത്തരം ഈ ലേഖകനെ വല്ലാതെ നിരാശപ്പെടുത്തി. നിങ്ങള്‍ അധ്യാപക പരിശീലനകാലത്ത് പഠിച്ച പാഠ്യപദ്ധതിയിലെ വിവിധ വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏത് എന്നതായിരുന്നു ചോദ്യം. ബഹുഭൂരിപക്ഷവും പറഞ്ഞ ഉത്തരം, മനഃശാസ്ത്രം എന്നതായിരുന്നു. രണ്ടു പേര്‍ മെത്തഡോളജി (പഠന രീതിശാസ്ത്രം) എന്നു പറഞ്ഞു. യഥാര്‍ഥത്തില്‍ പ്രതീക്ഷിച്ച ഉത്തരം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെയും മനഃശാസ്ത്രത്തെയും പഠനരീതിയെയും പാഠ്യപദ്ധതിയെയും അധ്യാപകനെയും വിദ്യാര്‍ഥിയെയുമെല്ലാം നിര്‍വചിക്കുന്ന തത്ത്വശാസ്ത്രം, അഥവാ വിദ്യാഭ്യാസത്തിന്റെ തത്ത്വശാസ്ത്രം (Educational Philosophy) എന്നതായിരുന്നു.
വിദ്യാഭ്യാസത്തിന്റെ ദാര്‍ശനികാടിത്തറയെ സംബന്ധിച്ച് ഒട്ടുമിക്ക അക്കാദമികരും മനസ്സിലാക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. അധ്യാപകന്‍ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നത് എന്തിനാണെന്ന് തിരിച്ചറിയാതെ, സ്‌കൂളുകള്‍ എന്തിനാണെന്ന ലക്ഷ്യബോധമില്ലാതെ നമ്മുടെ സമൂഹം മുന്നോട്ടുപോവുകയാണ്. കൃത്യമായ ഫലം ലഭിക്കുന്ന പ്രവര്‍ത്തനമായി വിദ്യാഭ്യാസം മാറണമെങ്കില്‍ അതിന്റെ ദാര്‍ശനികാടിത്തറയെ സംബന്ധിച്ച അറിവ് വിദ്യാഭ്യാസ സമൂഹത്തിന് ഉണ്ടാവേണ്ടതുണ്ട്. സര്‍ഗാത്മക വിദ്യാഭ്യാസത്തിന് ഒരാമുഖം രചിക്കുമ്പോള്‍ ആദ്യമായി ചര്‍ച്ച ചെയ്യേണ്ടത് തത്ത്വശാസ്ത്ര അടിത്തറ തന്നെയാണ്.
ഇന്ന് ലോകത്തും ഇന്ത്യയിലും പ്രയോഗത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത്, മുന്‍ യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ജാക്വിസ് ഡിലോര്‍സ് (Jacques Delors) തയാറാക്കിയ 'Learning the Treasure Within' എന്ന UNESCO റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന പ്രായോഗികവാദം (Pragmatism) തന്നെയാണ്. പ്രായോഗികവാദമാവട്ടെ ആഗോള മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയും അടിസ്ഥാന തത്ത്വശാസ്ത്രവുമാണ്. യൂറോ കേന്ദ്രിത തത്ത്വശാസ്ത്രങ്ങളായ പ്രകൃതിവാദം (Naturalism), മാനവികവാദം (Humanism) എന്നിവയുടെ പല പ്രത്യേകതകളും ഉള്‍ക്കൊണ്ട പ്രായോഗികവാദ വിദ്യാഭ്യാസ സമീപനങ്ങള്‍ക്ക് മനുഷ്യന്റെ പൂര്‍ണ വളര്‍ച്ചക്കും അതിലൂടെ ലോകത്തിന്റെ ഗുണപരമായ പുരോഗതിക്കും അനുഗുണമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ മുന്നോട്ടുവെക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഇന്ന് സമാധാനമില്ലാതെ കഴിയുന്ന ലോകവും അതിലെ മനുഷ്യനും.
പ്രപഞ്ചങ്ങളുടെ പൗരന്‍
ഭൂമിയിലെ കോടിക്കണക്കിന് സൃഷ്ടികളില്‍ ഒരു ജീവി മാത്രമാണ് മനുഷ്യന്‍ എന്ന സത്യം ആദ്യം അംഗീകരിക്കണം. ഈ പ്രപഞ്ചത്തിലെ ജൈവവും അജൈവവുമായ എല്ലാ വസ്തുക്കള്‍ക്കും അവയുടേതായ അസ്തിത്വമുണ്ടെന്നതിനാല്‍ അവ മനുഷ്യജീവിതത്തെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഈ വസ്തുക്കളില്‍ ഏതെങ്കിലും ഒന്നിന്റെ നാശം പരിസ്ഥിതി സന്തുലനത്തെ തകര്‍ക്കുകയും മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിനെ തന്നെ അപകടത്തിലാക്കുകയും ചെയ്യും. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എത്രമാത്രം സുന്ദരമാവുന്നുവോ അത്രമാത്രം സന്തോഷപ്രദവും സമാധാനപൂര്‍ണവുമായിരിക്കും മനുഷ്യജീവിതം. മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന പരിസ്ഥിതി അവന്റെ ചുറ്റുമുള്ള ഭൂമി എന്നതില്‍ ഒതുക്കാതെ, പ്രപഞ്ചങ്ങള്‍ എന്ന ആശയത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഈ പ്രപഞ്ചങ്ങളിലെ ഏതു കോണില്‍ സംഭവിക്കുന്ന ഏതു മാറ്റവും അതിന്റെ ഭാഗമായ ഭൂമി എന്ന ഗ്രഹത്തെയും അതിലെ മനുഷ്യനെയും ബാധിക്കും. അതുപോലെ മനുഷ്യന്‍ ഈ ഭൂമിയില്‍ വരുത്തുന്ന ഏതൊരു മാറ്റവും ആഘാതവും ഈ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളില്‍ മാറ്റം വരാനും അവയുടെ നിലനില്‍പ് അപകടത്തിലാക്കാനും കാരണമാകും. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ സുന്ദരമായി വളര്‍ത്തിയെടുക്കുന്ന ഒരു തത്ത്വമീമാംസ (Metaphysics5) തത്ത്വശാസ്ത്രത്തിന്റെ അടിത്തറയായി വളര്‍ന്നു വരേണ്ടതുണ്ട്.
ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന 'സര്‍വലോകങ്ങളുടെയും രക്ഷിതാവ്' എന്ന ആശയത്തെ വിലയിരുത്തുമ്പോള്‍ സര്‍വലോകങ്ങളുടെയും അഥവാ സര്‍വ പ്രപഞ്ചങ്ങളുടെയും പൗരന്‍ എന്ന തലത്തിലേക്ക് മനുഷ്യനെ ആ കാഴ്ചപ്പാട് ഉയര്‍ത്തിവെക്കുന്നുണ്ട്. അതിനാല്‍ ലോക പൗരന്‍ (World Citizen) എന്നതിനേക്കാള്‍, സര്‍വ പ്രപഞ്ചങ്ങളുടെയും പൗരന്‍ (Citizen of Universes) എന്ന ആശയത്തിലേക്ക് മനുഷ്യനെ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ഒരു തത്ത്വശാസ്ത്രം വിദ്യാഭ്യാസത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ടത് വളരെ അനിവാര്യമാണ്. പ്രസ്തുത ദര്‍ശനത്തിന്റെ തത്ത്വമീമാംസ താഴെ പറയുന്ന ആശയങ്ങളെ ഉള്‍ക്കൊള്ളുന്നതായിരിക്കണം:
1. സര്‍വ പ്രപഞ്ചങ്ങളെയും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന പാരിസ്ഥിതിക ഘടകങ്ങളായി കാണുക.
2. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സംബന്ധിച്ച വിശാലമായ കാഴ്ചപ്പാട്.
3. മനുഷ്യന് ഇഹപരവും പാരത്രികവുമായ ജീവിതമുണ്ട്.
4. ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങള്‍ക്കും കൃത്യമായ ഉത്തരവാദിത്തമുണ്ട്.
5. മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനമാവണം നീതി.
6. മനുഷ്യന്റെയും സര്‍വ ലോകങ്ങളുടെയും സമാധാനമാണ് പ്രധാനം.
മനുഷ്യന്‍ കേന്ദ്രബിന്ദു
'മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധി' എന്ന ആശയത്തെ വികസിപ്പിച്ചെടുക്കുമ്പോള്‍ ഈ ലോകത്തിന്റെ കേന്ദ്ര ബിന്ദു മനുഷ്യനാണ്. ആ മനുഷ്യന് ദൈവികമായ ഉത്തരവാദിത്വം പൂര്‍ണതയോടെ നിര്‍വഹിച്ച് ഉത്തമ പൗരനായിത്തീരുന്നതിന് അവനില്‍ അന്തര്‍ലീനമായ ആത്മീയ ഉള്ളടക്കത്തെ യഥാവിധി അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന മൂല്യവ്യവസ്ഥിതിക്ക് പകരം ദൈവപ്രോക്തമായ ശാശ്വത മൂല്യങ്ങള്‍ക്ക് (Eternal Values) മാത്രമേ മനുഷ്യനെ അവന്റെ ചുറ്റുപാടുമായി സുന്ദരമായി ഇണക്കിനിര്‍ത്താനും പ്രപഞ്ചത്തെ സംബന്ധിച്ച ശരിയായ കാഴ്ചപ്പാടിലേക്ക് അവനെ എത്തിക്കാനും സാധിക്കുകയുള്ളൂ. അതിനാല്‍ മനുഷ്യന്റെ ആത്മീയതയെയും ശാശ്വത മൂല്യബോധത്തെയും അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസം കാലത്തിന്റെ തേട്ടമാണ്. അത്തരത്തിലുള്ള തത്ത്വശാസ്ത്രത്തെ മനുഷ്യന്‍ ഉയര്‍ത്തിപ്പിടിച്ച ഇസ്‌ലാമിക നാഗരികതയുടെ പുഷ്‌കല കാലത്താണ് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് യാഥാവിധി ഉത്തരം കണ്ടെത്താന്‍ സാധിച്ചിരുന്നത്. ഇന്നും ഉത്തരങ്ങള്‍ കണ്ടെത്താന്‍ നമ്മെ സഹായിക്കുന്ന ആധുനിക ശാസ്ത്രങ്ങള്‍ വികാസം പ്രാപിച്ചതും അവിടം മുതല്‍ക്കാണല്ലോ.
മനുഷ്യകേന്ദ്രിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ വികസിപ്പിക്കുമ്പോള്‍ മനുഷ്യന്റെ രണ്ട് പ്രത്യേകതകള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഒന്ന്, മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവ് (Power to Think). രണ്ട്, മനുഷ്യന്‍ ഒരു സാമൂഹിക ജീവി (Social Being) യാണ് എന്നത്. മനുഷ്യന് ചിന്തിക്കാനുള്ള കഴിവും വിവേചനശേഷിയും ഉണ്ട് എന്ന് ഊന്നിപ്പറയുന്നത് മനുഷ്യന്റെ അന്തസ്സിനെ (Human Dignity) അംഗീകരിക്കലാണ്. ഓരോ മനുഷ്യനും ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവന്‍ ചിന്തിക്കണം, അവന്റെ ചിന്തക്കും യുക്തിക്കും ബോധ്യപ്പെടാത്ത ഒന്നിനെയും അവന്‍ അംഗീകരിക്കേണ്ടതില്ല എന്ന മഹത്തായ സ്വാതന്ത്ര്യപ്രഖ്യാപനത്തെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ചിന്തയുടെ രണ്ട് ഘടകങ്ങളായ ഭാവന (Imagination), വിശകലനം (Analysis) എന്നിവയെ ഖുര്‍ആന്‍ ഉടനീളം പ്രോത്സാഹിപ്പിക്കുന്നതായി കാണാന്‍ കഴിയും. മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ അവന്റെ ചിന്തയുടെ ഫലമാണ്. ആ നിരീക്ഷണങ്ങളും ഭാവനകളുമാണ് ശാസ്ത്രം. അതിനാല്‍ മനുഷ്യന്റെ ജീവിത നിലവാരം ഈ ലോകത്തും പരലോകത്തും ഉയര്‍ത്തുന്ന അവന്റെ അടിസ്ഥാന ഗുണവുമാണ് ചിന്താശേഷി. മനുഷ്യന് പരസ്പരം ബന്ധങ്ങള്‍ സ്ഥാപിക്കാതെ സ്വന്തമായി ജീവിക്കുക സാധ്യമല്ല. ഈ ബന്ധങ്ങള്‍ നല്ല നിലയില്‍ കൊണ്ടുപോവണമെന്നുണ്ടെങ്കില്‍ തന്റെ ചിന്താശേഷിയെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആയാസങ്ങള്‍ ലഘൂകരിക്കുന്നതിനും ഉപയോഗിക്കാന്‍ അവന് കഴിയണം. സ്വന്തത്തിനു വേണ്ടി ജീവിക്കുമ്പോഴല്ല മനുഷ്യന് യഥാര്‍ഥത്തില്‍ സുഖം ലഭിക്കുന്നത്; മറ്റുള്ളവര്‍ക്കു വേണ്ടി ത്യജിക്കുമ്പോഴാണ്. സാമൂഹിക കാര്യക്ഷമത (Social Efficiency) എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്തിരിക്കുന്ന ജോണ്‍ ഡ്യൂവിയുടെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായവും, എല്ലാ സാമൂഹിക ബോധ്യങ്ങളെയും വിമര്‍ശനാത്മകമായി ചോദ്യം ചെയ്യുക എന്ന ബോധന സമ്പ്രദായത്തെ മുന്നോട്ടുവെക്കുന്ന പൗലോ ഫ്രയറിന്റെ ഇൃശശേരമഹ ജലറമഴീഴ്യയും മനുഷ്യനെ ഒരു സാമൂഹിക ജീവിയായി മാറ്റുന്നതില്‍ പരാജയമായിരുന്നു എന്ന് 21-ാം നൂറ്റാണ്ട് നമ്മോട് പറയുന്നു. ഇവ മുന്നോട്ടുവെക്കുന്ന സാംസ്‌കാരിക ഉള്ളടക്കം (Cultural Content) വളരെ ദുര്‍ബലവും മനുഷ്യന്റെ മൂല്യബോധത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുമാണ്. സ്വാര്‍ഥവും ബന്ധങ്ങള്‍ മറന്നതുമായ ഒരു സമൂഹത്തെയാണ്, പുരോഗമന പഠനരീതി ശാസ്ത്രങ്ങള്‍ നൂറ് വര്‍ഷത്തോളം പ്രയോഗവത്കരിച്ച അമേരിക്കക്ക് ലഭിച്ചത്. അതിനാല്‍ സാമൂഹിക ജീവി എന്ന നിലയില്‍ തന്റെ തിരിച്ചറിവും ബന്ധങ്ങളും വളര്‍ത്തുന്ന പഠന രീതിശാസ്ത്രങ്ങള്‍ വികസിപ്പിക്കാനും അതിലൂടെ കൃത്യമായ സാംസ്‌കാരിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും മനുഷ്യന് സാധിക്കേണ്ടതുണ്ട്. അവന്റെ സന്തോഷവും സമാധാനവും തന്റെ ചുറ്റുപാടുമായും മറ്റുള്ളവരുമായും നിലനിര്‍ത്തുന്ന നല്ല ബന്ധമാണ് നിര്‍ണയിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
അറിവിന്റെ നിര്‍മാണം
അറിവ്, അറിവിന്റെ സ്രോതസ്സ്, അറിവിന്റെ പ്രക്രിയ, അറിവിന്റെ പ്രത്യേകതകള്‍ എന്നിവ നിര്‍വചിക്കപ്പെടുമ്പോള്‍ മാത്രമാണ് മനുഷ്യനിര്‍മിതിക്കായുള്ള വിദ്യാഭ്യാസ തത്ത്വശാസ്ത്രചിന്ത പൂര്‍ണമാവുക. അറിവ് ആത്യന്തികമായി അല്ലാഹുവില്‍നിന്നാണ്. ദൈവം സൃഷ്ടിച്ച വസ്തുക്കളെയും പ്രതിഭാസങ്ങളെയും മനുഷ്യന്‍ നിരീക്ഷിച്ചതിന്റെ ഫലമാണ് അറിവ്. അറിവിന്റെ സ്രോതസ്സുകള്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കു പുറമെ പ്രവാചകന്മാര്‍ മുഖേനയുള്ള വെളിപാടുകള്‍ (Revealed Knowledge) കൂടി ചേര്‍ന്ന് ആറെണ്ണമുണ്ടെന്ന് അംഗീകരിക്കുമ്പോള്‍ മാത്രമേ ഒരു സമ്പൂര്‍ണ വിജ്ഞാനശാസ്ത്രത്തെ മനുഷ്യ നാഗരികതക്ക് വികസിപ്പിച്ചെടുക്കാനാവൂ.
മനുഷ്യന്റെ ചിന്തക്ക് പരിമിതിയുണ്ട്. അതായത് മനുഷ്യചിന്തയെ പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന അനുഭവങ്ങള്‍ക്കപ്പുറത്തേക്ക് വികസിപ്പിക്കാന്‍ നമുക്ക് കഴിയില്ല. മനുഷ്യന് തന്റെ ആയുഷ്‌കാലത്ത് ലഭിക്കുന്ന പരിമിതമായ അറിവുകള്‍ കൊണ്ട് മാത്രം പുരോഗതി കൈവരിക്കാനോ തന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വികസിക്കാനോ കഴിയില്ല എന്നതിനാല്‍ ദൈവദത്തമായ പുതിയ അറിവുകള്‍ പ്രവാചകന്മാര്‍ മുഖേന ലഭിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. മനുഷ്യ ചരിത്രത്തില്‍ പുതിയ നാഗരികതകള്‍ രൂപം കൊണ്ടത് ഇത്തരത്തിലാണ് എന്നും കാണാന്‍ കഴിയും.
അറിവുകള്‍ നിര്‍മിക്കുക എന്നത് വികസനത്തിന്റെ ആദ്യപടിയാണ്. അറിവുകളുടെ നിര്‍മാണം ഇഹലോക ജീവിതത്തിലും ഒരു മനുഷ്യന്റെ പദവി ഉയര്‍ത്തുന്ന ഉന്നതമായ പ്രവൃത്തിയാണ്. അറിവ് നിര്‍മിച്ചെടുക്കുന്ന പ്രക്രിയക്ക് മൂന്ന് ഘടകങ്ങളുണ്ട്:
1. നിരീക്ഷണം (Observation), 2. അപഗ്രഥനം(Analysis). 3. ഉദ്ഗ്രഥനം (Synthesis).
പ്രപഞ്ചങ്ങളിലെ മുഴുവന്‍ ജീവജാലങ്ങളെയും അജൈവ വസ്തുക്കളെയും പ്രതിഭാസങ്ങളെയും കൃത്യമായി നിരീക്ഷിച്ച് ഊഹങ്ങള്‍ രൂപപ്പെടുത്തുകയും ആ ഊഹങ്ങളെ കൃത്യമായി അപഗ്രഥനം ചെയ്ത് ഗ്രഹിച്ച് മനുഷ്യജീവിതത്തിന്റെ വികാസത്തിന് ഉപകാരപ്രദമാവുന്ന രീതിയില്‍ ഉദ്ഗ്രഥനം നടത്തുകയും ചെയ്യുക എന്നത് മഹത്തായ ഒരു പ്രക്രിയയാണ്.
മനുഷ്യ പുരോഗതിക്കായുള്ള ജ്ഞാന നിര്‍മിതിയില്‍ എന്തുകൊണ്ട് എന്ന ചോദ്യത്തേക്കാള്‍ എന്തിന് എന്ന ചോദ്യത്തിനാണ് പ്രസക്തി. എന്തുകൊണ്ട് സൂര്യനെക്കുറിച്ച് പഠിച്ചുകൂടാ എന്നതിനേക്കാള്‍ മനുഷ്യ പുരോഗതിയെ ലക്ഷ്യം വെക്കുന്ന ജ്ഞാനശാസ്ത്രത്തില്‍ എന്തിന് സൂര്യനെക്കുറിച്ച് പഠിക്കണം, അതുകൊണ്ട് മനുഷ്യകുലത്തിനുള്ള ഗുണമെന്ത് എന്ന ചിന്തക്കാണ് മുന്‍ഗണന. പഞ്ചേന്ദ്രിയങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്താനുള്ള പരിശീലനം (Sense Training) ഓരോരുത്തര്‍ക്കും നല്‍കിയാല്‍ മാത്രമേ അവനില്‍ നിരീക്ഷണ പാടവം വളര്‍ത്താന്‍ കഴിയുകയുള്ളൂ. നിരീക്ഷണ ഗ്രഹണ ശേഷികളുടെ വികാസം ചിന്താശേഷിയെ ഉദ്ദീപിപ്പിക്കും.
മനുഷ്യന്റെ യുക്തി ചിന്താ പ്രക്രിയക്ക് (Logical Thinking Process) അറിവിന്റെ നിര്‍മാണത്തില്‍ മുന്തിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. തന്റെ വിവിധ ചിന്താ പ്രക്രിയകളെ (Thought Processes) വളര്‍ത്തണം. നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാനുള്ള ശേഷിയും ഓരോ മനുഷ്യനിലും വികസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ വികസിപ്പിക്കപ്പെടുന്ന അറിവിലൂടെ മാത്രമേ ഓരോ അറിവിലും ഉള്‍ക്കൊണ്ട അതിന്റെ സാംസ്‌കാരിക ഉള്ളടക്കത്തെ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താനും സമൂഹത്തിന്റെ സാംസ്‌കാരിക മൂലധന(Cultural Capital) മായി അതിനെ മാറ്റാനും കഴിയുകയുള്ളൂ.
മനുഷ്യനെ കേന്ദ്ര കഥാപാത്രമായി കാണുന്ന തത്ത്വമീമാംസയും ജ്ഞാന ശാസ്ത്രവും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ദര്‍ശനത്തില്‍ വിദ്യാഭ്യാസം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. അത് മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും നീതിയില്‍ അധിഷ്ഠിതവും സന്തുലിതവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമായിരിക്കും. മുഴുവന്‍ മനുഷ്യരും ഒന്നാണെന്ന് ഉദ്‌ഘോഷിക്കുന്ന, സാഹോദര്യത്തെ സുന്ദരമായി പ്രയോഗവത്കരിക്കുന്ന, സംസ്‌കൃത മനുഷ്യനെ പരിശീലിപ്പിച്ചെടുക്കുന്ന മനോഹരമായ ഒരു പ്രക്രിയയുമായിരിക്കും. മനുഷ്യന്റെ വര്‍ണം, തീറ്റ, സംസ്‌കാരം, സംഗീതം, ഉടുപ്പ്, വാസ്തുശില്‍പങ്ങള്‍ എന്നിവയിലെ വൈവിധ്യങ്ങളെ ആസ്വദിക്കാന്‍ കഴിയുന്ന, സാംസ്‌കാരിക വിസ്മയങ്ങളെ അംഗീകരിക്കുന്ന, അതോടൊപ്പം സാന്മാര്‍ഗിക ജീവിതത്തെ നിലനിര്‍ത്താന്‍ കരുത്തു പകരുന്ന ഒന്നായിരിക്കണം വിദ്യാഭ്യാസം.
അനുഭവ കേന്ദ്രീകൃത പാഠ്യപദ്ധതി
ശാസ്ത്രീയാഭിമുഖ്യം (Temperament) വളര്‍ത്തിയെടുക്കുന്ന ജീവിതാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന പഠന രീതിശാസ്ത്രത്തെ പ്രയോഗവത്കരിക്കാന്‍ കഴിയുന്നതായിരിക്കണം പാഠ്യപദ്ധതി. നിരീക്ഷണം, അപഗ്രഥനം, ഉദ്ഗ്രഥനം എന്നത് ജന്മനാ തന്നെയുള്ള കഴിവായതിനാല്‍ പുതിയ കാര്യങ്ങള്‍ക്ക് തന്റെ മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിഹാരം കാണാന്‍ മനുഷ്യന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അതാണ് അവന്റെ സ്വാഭാവിക പഠനരീതി. പാഠ്യപദ്ധതി താഴെ പറയുന്ന ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം:
1. സമന്വയം (Integrated). 2. അനുഭവവേദ്യ പഠനം (Experiential Learning). 3. സര്‍ഗാത്മകത (Creative)
ഈ മൂന്ന് പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി മനുഷ്യജീവിതത്തെ അതിന്റെ പൂര്‍ണതയോടെ സമീപിക്കുകയും വിദ്യാര്‍ഥിക്ക് തന്റെ ജീവിതത്തെക്കുറിച്ച് സമ്പൂര്‍ണമായ ഒരു കാഴ്ചപ്പാട് നല്‍കുകയും ചെയ്യും. ജീവിതത്തിലെ അനുഭവങ്ങളെ അപഗ്രഥിക്കാനും ഗ്രഹിക്കാനുമുള്ള അവസരം അത് നല്‍കും. അപ്പോള്‍ മാത്രമേ തന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും സ്വന്തത്തെ എല്ലാ അന്ധകാരങ്ങളില്‍(ജാഹിലിയ്യത്ത്)നിന്നും വിമോചിപ്പിക്കാനും കഴിയുകയുള്ളൂ. ഇരുട്ടിന്റെ കെട്ടുപാടുകളില്‍നിന്ന് വിമോചിപ്പിക്കപ്പെട്ട ഒരു വ്യക്തി അവന്റെ കഴിവുകളെ സ്വതന്ത്രമായി വികസിപ്പിക്കുമ്പോള്‍ ആ സര്‍ഗാത്മകത വികസിത ലോകത്തെ നിര്‍മിക്കും.
സര്‍ഗാത്മക ക്ലാസ് മുറി
സര്‍ഗാത്മകതയുടെ കേന്ദ്രമായിരിക്കണം പ്രാഥമികമായി ക്ലാസ് മുറികള്‍. ഓരോ കുട്ടിക്കും തന്നില്‍ അന്തര്‍ലീനമായ കഴിവുകള്‍ പുറത്തെടുക്കാനും വികസിപ്പിക്കാനും കഴിയണം. ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്ത കഴിവുകള്‍ ആ വ്യക്തിക്കു വേണ്ടി മാത്രമുള്ളതല്ല, ഈ ലോകത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനു വേണ്ടിയുള്ളതാണ്. തെറ്റായ പഠനരീതികള്‍ പിന്തുടരുന്ന ക്ലാസ് മുറികള്‍ വ്യക്തിയുടെ കഴിവിനെ മാത്രമല്ല കൊല്ലുന്നത്, ലോക ജനതയുടെ വികസന ഗതിയെ തന്നെയാണ് എന്ന് തിരിച്ചറിയുമ്പോഴാണ് സര്‍ഗാത്മകതയുടെ ഇടമായി പഠനമുറികള്‍ മാറുക. രണ്ടാമതായി, ക്ലാസ് മുറികള്‍ പുതിയ കണ്ടെത്തലുകളുടെ കേന്ദ്രം (Innovation Hub) ആയി മാറണം. പുതിയ രീതികളിലൂടെ തങ്ങളുടെ വ്യക്തിത്വത്തെ വ്യതിരിക്തമാക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് നൂതനമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള അവസരങ്ങളും അനുഭവങ്ങളും നല്‍കി അവരെ പുതിയ കണ്ടെത്തലുകളുടെ ലോകത്തേക്ക് നയിക്കാന്‍ മാത്രം താല്‍പര്യം ജനിപ്പിക്കാന്‍ ക്ലാസ് മുറികള്‍ക്ക് കഴിയണം. അപ്പോള്‍ മാത്രമാണ് പുതിയ അറിവുകള്‍ നിര്‍മിക്കപ്പെടുന്നത്.
മൂന്നാമതായി, കുട്ടികളുടെ കഴിവുകളെ അംഗീകരിക്കുകയും അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയും അവരെ ബഹുമാനിക്കുകയും എല്ലാവര്‍ക്കും തുല്യാവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ജനാധിപത്യ കേന്ദ്രങ്ങളാവണം ക്ലാസ് മുറികള്‍. എന്നാല്‍ മാത്രമേ മനുഷ്യരെ ബഹുമാനിക്കുന്ന, തുല്യരായി കാണുന്ന, നീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തെ നിര്‍മിക്കാന്‍ കഴിയുകയുള്ളൂ.
സര്‍ഗാത്മകതയുടെയും കണ്ടെത്തലുകളുടെയും ജനാധിപത്യ ഇടമായ സ്‌കൂള്‍ ക്ലാസ് മുറിയിലെ അധ്യാപകന്‍ തികഞ്ഞ ജനാധിപത്യവാദിയാവുക എന്നത് വളരെ അനിവാര്യമായ ഒന്നാണ്. മെന്റര്‍ എന്ന റോളിലൂടെ മനുഷ്യകേന്ദ്രിത സര്‍ഗാത്മക വിദ്യാഭ്യാസത്തിന്റെ മോഡലായി മാറാന്‍ അധ്യാപകന് കഴിയുമ്പോള്‍ മാത്രമേ ഈ ദാര്‍ശനിക ചിന്തയെ പ്രായോഗികതലത്തില്‍ വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂ.
Comments