Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

വിജ്ഞാനദാഹികളും പുസ്തകസ്‌നേഹികളും

പുത്തൂര്‍ ഇബ്‌റാഹീം കുട്ടി

വ്യക്തിത്വവികാസത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെയും നാഗരിക വളര്‍ച്ചയുടെയും അടിത്തറയായി വര്‍ത്തിക്കുന്നതാണല്ലോ അറിവ്. ജ്ഞാനികളുമായും ഗ്രന്ഥങ്ങളുമായും നിരന്തരം സംവദിക്കാനും അറിവ് പരിപോഷിപ്പിക്കാനും വിജ്ഞാനസദസ്സുകളില്‍ പങ്കാളികളാകാനും ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചുവെക്കാനും ഗവേഷണങ്ങള്‍ നടത്തി പുതിയ അറിവുകള്‍ കണ്ടെത്താനും ചിന്താബോധം ഉണ്ടായതു മുതല്‍ മനുഷ്യസമൂഹം ശ്രമിച്ചുപോന്നിട്ടുണ്ട്. വിജ്ഞാനസമ്പാദനത്തിനു പുറമെ അവയോടുള്ള ആദരവിന്റെ പേരിലും പ്രത്യേക താല്‍പര്യത്തിന്റെ പേരിലും ഒരു കൗതുകമെന്ന നിലയിലും പുസ്തകങ്ങള്‍ സ്വന്തമാക്കിയ അനേകം പുസ്തകപ്രണയികളെ ചരിത്രത്തില്‍ കണ്ടെത്താനാകും. പുസ്തക മോഷണം ശീലമാക്കിയവരെയും അപൂര്‍വമായെങ്കിലും കാണാം. 

പുസ്തകങ്ങളോടുള്ള ഭ്രമം കാരണം അവ മോഷ്ടിച്ച് സ്വന്തം അലമാരിയില്‍ ഒരു കൗതുകത്തിന് സൂക്ഷിച്ചിരുന്ന 'ജോണ്‍ ഗില്‍ക്കി' എന്ന പുസ്തകക്കള്ളന്റെ കഥ വിവരിക്കുന്നുണ്ട് കനേഡിയന്‍ എഴുത്തുകാരിയായ ആലിസന്‍ ഹുമര്‍ ബാര്‍ട്ട്‌ലെറ്റ് തന്റെ ആത്മകഥയായ ദ മാന്‍ ഹൂ ലവ്ഡ് ബുക്‌സ് ടൂ മച്ച് എന്ന പുസ്തകത്തില്‍. ഒരു കുറ്റാന്വേഷകന്റെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്തുന്നതാണ് പുസ്തകത്തിലെ പ്രമേയം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ കൈവശം വെച്ചിരുന്ന വ്യക്തിയായിരുന്നു തോമസ് ഫിലിപ്പ്‌സ് എന്ന ഇംഗ്ലീഷുകാരന്‍. കടം വാങ്ങിയും പട്ടിണി കിടന്നും അനേകം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം വാങ്ങിക്കൂട്ടി. മരണശേഷം ഇദ്ദേഹത്തിന്റെ ലൈബ്രറിയില്‍ ഒരു ലക്ഷത്തി അറുപതിനായിരം പുസ്തകങ്ങളുണ്ടായിരുന്നുവത്രെ! 

ജ്ഞാനദാഹികളും ഗവേഷണപ്രിയരുമായ ഒരു കൂട്ടം ശാസ്ത്രജ്ഞരും പണ്ഡിതന്മാരും നേതൃത്വം നല്‍കിയ ബഹുസ്വര സമൂഹമായിരുന്നു മധ്യകാല നൂറ്റാണ്ടിലെ മുസ്‌ലിം ലോകത്തുണ്ടായിരുന്നത്. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ലോകത്ത് ഉയര്‍ന്നുവന്ന ശാസ്ത്ര-കലാ-സാഹിത്യ വളര്‍ച്ചയുടെ അടിസ്ഥാനം ഖുര്‍ആനും ഹദീസും ആഴത്തില്‍ സ്വാംശീകരിച്ച ഭരണനേതൃത്വവും പണ്ഡിതസമൂഹവുമായിരുന്നു. ഇതിന്റെ ഭാഗമായി മുസ്‌ലിം നാടുകളില്‍ വിദ്യാകേന്ദ്രങ്ങളും പൊതു-സ്വകാര്യ ലൈബ്രറികളും ഉയര്‍ന്നുവന്നു. വിദ്യാകേന്ദ്രങ്ങള്‍, മസ്ജിദുകള്‍, ആശുപത്രികള്‍ എന്നിവയോടനുബന്ധിച്ചും ഗ്രന്ഥാലയങ്ങള്‍ സ്ഥാപിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യ ഗ്രന്ഥശേഖരങ്ങളും പുസ്തകചര്‍ച്ചകളും സജീവമായിരുന്ന കാലം. ആയിരക്കണക്കിന് ഗ്രന്ഥങ്ങളില്ലാത്ത പണ്ഡിതന്മാര്‍ അന്ന് വിരളമായിരുന്നു. 

സാമാനി ഭരണാധികാരിയായിരുന്ന അഹ്മദുബ്‌നു ഇസ്മാഈല്‍ പുസ്തകങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 'പുസ്തകം പാതിരാവിലും നിന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാരനാണ്. വിശ്രമസമയത്ത് അത് നിന്നെ വിഷമിപ്പിക്കുകയില്ല. അമിതമായി നിങ്ങളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യാത്ത സുഹൃത്താണ് ഉത്തമ ഗ്രന്ഥങ്ങള്‍.' വൈദ്യശാസ്ത്രത്തിലെ മഹാപ്രതിഭയായിരുന്ന ഇബ്‌നുസീന (ക്രി. 980-1037) ബുഖാറയിലെ സാമാനി സുല്‍ത്താനായിരുന്ന നൂഹുബ്‌നു മന്‍സൂറിന്റെ ഗുരുതരമായ രോഗം ചികിത്സിച്ചു ഭേദമാക്കിയതിന് പ്രതിഫലമായി ആവശ്യപ്പെട്ടത് കുറച്ച് ദിവസങ്ങള്‍ തനിക്ക് കൊട്ടാരത്തില്‍ കഴിയാനുള്ള ആഗ്രഹം സാധിപ്പിക്കണമെന്നായിരുന്നു. വിവിധ ശാസ്ത്ര ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇബ്‌നുസീന കൊട്ടാരത്തിലെ വിപുലമായ ഗ്രന്ഥശേഖരം ഉപയോഗപ്പെടുത്തിയാണ് തന്റെ നിരീക്ഷണങ്ങള്‍ക്ക് ഊര്‍ജം ശേഖരിച്ചത്. 

ഉന്നതസ്ഥാനങ്ങളേക്കാളും ഭൗതിക വിഭവങ്ങളേക്കാളും പുസ്തകങ്ങളെ സ്‌നേഹിക്കുകയും അവയുമായി നിരന്തരം സല്ലപിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്ത വിജ്ഞാനതല്‍പരരായ വ്യക്തിത്വങ്ങളെയും ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. റയ്യിലെ ഭരണാധികാരിയായിരുന്ന ഫഖ്‌റുദ്ദൗലയുടെ മന്ത്രിയും ഗ്രന്ഥകാരനുമായ സ്വാഹിബുബ്‌നു ഉബാദിലിന് സാമാനി ഭരണാധികാരി നൂഹുബ്‌നു മന്‍സൂര്‍ (ക്രി. 976-997) ഒരിക്കല്‍ മന്ത്രിപദം വാഗ്ദാനം ചെയ്തു. ഇബ്‌നു ഉബാദില്‍ അത് സ്വീകരിച്ചില്ല. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ജോലിസ്ഥലത്തേക്ക് മാറ്റണമെങ്കില്‍ നാനൂറ് ഒട്ടകങ്ങളുടെ സേവനം ആവശ്യമായിരുന്നു. പുസ്തകങ്ങളെ വിട്ടുപിരിയാനാവാത്തതിനാല്‍ അദ്ദേഹത്തിന് ഇബ്‌നു മന്‍സൂറിന്റെ വാഗ്ദാനം നിരസിക്കേണ്ടിവന്നു. ഇബ്‌നു ഉമൈദ് എന്ന ഗ്രന്ഥസ്‌നേഹിക്ക് വീട്ടിലെ എല്ലാ വസ്തുക്കളേക്കാളും ഇഷ്ടം തന്റെ ഗ്രന്ഥാലയത്തോടായിരുന്നു. നിരവധി അമൂല്യഗ്രന്ഥങ്ങളുടെ വന്‍ശേഖരമായിരുന്നു അദ്ദേഹത്തിന്റെ ലൈബ്രറി. നൂറ് ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നതിലുമധികമായിരുന്നു അതിലെ ഗ്രന്ഥങ്ങളുടെ എണ്ണം. ഒരു യുദ്ധവേളയില്‍ അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ടു. വീട്ടില്‍ ഒന്നും അവശേഷിക്കാത്തവിധം എല്ലാം നഷ്ടമായിരുന്നു. ഇബ്‌നു ഉമൈദ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം അന്വേഷിച്ചത് തന്റെ ഗ്രന്ഥാലയത്തെക്കുറിച്ചായിരുന്നു. അതിന് ഒന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞപ്പോള്‍ അദ്ദേഹം വളരെയേറെ സന്തോഷിക്കുകയും ഗ്രന്ഥസൂക്ഷിപ്പുകാരനെ പ്രശംസിക്കുകയും ചെയ്തു. അലപ്പോയിലെ ബനൂ ജര്‍റാദ് ഗോത്രത്തിലെ പണ്ഡിതരിലൊരാളായിരുന്ന അബുല്‍ ഹസന്‍ ഇബ്‌നു അബീ ജര്‍റാദി (ക്രി. 1151)യുടെ ശേഖരത്തില്‍ മൂന്ന് അലമാരികള്‍ നിറയെ സ്വന്തം കൈപ്പടയിലെഴുതിയ വിലപിടിപ്പുള്ള ഗ്രന്ഥങ്ങളാണുണ്ടായിരുന്നത്. 

ഈ കാലഘട്ടത്തിലെ സ്വകാര്യഗ്രന്ഥാലയങ്ങള്‍ പലതും പ്രശസ്തമായിത്തീര്‍ന്നത് അവയുടെ സേവനരീതികളുടെ പ്രത്യേകതകള്‍കൊണ്ടായിരുന്നു. മൗഫിഖുബ്‌നു മത്വ്‌റാന്റെ ഗ്രന്ഥാലയം വൈദ്യശാസ്ത്രസംബന്ധവും മറ്റുമായ പതിനായിരം ഗ്രന്ഥങ്ങളടങ്ങിയ ഒന്നായിരുന്നു. പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതുന്നതിനായി മൂന്ന് സ്ഥിരം ജോലിക്കാരെയും അദ്ദേഹം നിയമിച്ചു. എല്ലാ ശാഖകളിലും പെട്ട ഗ്രന്ഥങ്ങളുടെ വമ്പിച്ച ഒരു ശേഖരമായിരുന്നു അബുല്‍ ഖാസിം ജഅ്ഫറുബ്‌നു മുഹമ്മദിബ്‌നില്‍ മൗസിലിയുടെ 'ദാറുല്‍ ഇല്‍മ്' എന്ന ഗ്രന്ഥാലയം. വിജ്ഞാനദാഹികള്‍ക്കു വേണ്ടി അദ്ദേഹം ഇത് വഖ്ഫ് ചെയ്തു. 

ക്രി. 1246-ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ ഖിഫ്ത്വി അനേകം ഗ്രന്ഥങ്ങള്‍ ശേഖരിച്ച് വിപുലമായ ലൈബ്രറി ഉണ്ടാക്കി. ഇത് ഉപയോഗപ്പെടുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വായനക്കാര്‍ എത്തിയിരുന്നു. ജീവിതകാലം മുഴുവന്‍ ഗ്രന്ഥങ്ങളുമായി സല്ലപിക്കാനായി ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് വിവാഹം പോലും ഉപേക്ഷിക്കേണ്ടതായിവന്നു. അമ്പതിനായിരം ദീനാര്‍ വിലവരുന്ന തന്റെ ഗ്രന്ഥാലയം നാസ്വിറിന് വസ്വിയ്യത്ത് ചെയ്യുകയാണുണ്ടായത്. 

ബഗ്ദാദിനടുത്തുള്ള കര്‍കര്‍ ഗ്രാമത്തില്‍ ഫത്ഹുബ്‌നു ഖാഖാന്‍ (മ. ഹി. 671) നിര്‍മിച്ച ഗംഭീരമായ കൊട്ടാരത്തിനകത്ത് 'ഖസാനതുല്‍ ഹിക്മ' (വിജ്ഞാനശേഖരം) എന്ന ബൃഹത്തായ ലൈബ്രറിയുണ്ടായിയിരുന്നു. യഹ്‌യാബ്‌നുല്‍ മുജ്മിനായിരുന്നു ഭവനനിര്‍മാണത്തിന്റെ ചുമതല. വായനക്കാര്‍ക്ക് ഭക്ഷണവും യാത്രാ ചെലവും മറ്റു സൗകര്യങ്ങളും അദ്ദേഹം നല്‍കിയിരുന്നു. 

വിജ്ഞാനദാഹികളും ഗ്രന്ഥസൂക്ഷിപ്പുകാരുമായ ഒരു സമൂഹം ലോകചരിത്രത്തില്‍ ഉയര്‍ന്നുവന്നതിന്റെ കാരണം ഖുര്‍ആനും നബിചര്യയും അതത് കാലത്തെ ഭരണാധികാരികളും നല്‍കിയ പ്രേരണയും പ്രോത്സാഹനവുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

പുരാതന ഗ്രീക്ക് ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും അവ അറബിയിലേക്ക് പരിഭാഷപ്പെടുത്താനും അമവീ-അബ്ബാസീ ഖലീഫമാര്‍ പ്രകടിപ്പിച്ച താല്‍പര്യം മാതൃകാപരമായിരുന്നു. അബ്ബാസീ ഖലീഫ ഹാറൂന്‍ റശീദ് (ക്രി. 786-809) ഗ്രീക്ക് കൈയെഴുത്തുപ്രതികള്‍ വാങ്ങുന്നതിനു വേണ്ടി റോമിലേക്ക് പണ്ഡിതന്മാരെ അയച്ചിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന പുത്രന്‍ മഅ്മൂന്‍ (ക്രി. 813-833) ബൈസാന്റിയന്‍ച്ര്രകവര്‍ത്തിയുടെ സദസ്സിലേക്ക് ഗ്രീക്ക് ഭാഷാ ഗ്രന്ഥങ്ങള്‍ക്കായി നിരന്തരം പ്രതിനിധികളെ അയച്ചുകൊണ്ടിരുന്നു. ചക്രവര്‍ത്തിയുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ഭാഗമായി ഖലീഫ ആവശ്യപ്പെട്ടത് ടോളമിയുടെ അല്‍ മെജസ്റ്റ് എന്ന ഗ്രന്ഥം നല്‍കണമെന്നായിരുന്നു. ഖലീഫ മഅ്മൂന്റെ ഭരണകാലം ശാസ്ത്ര-വിജ്ഞാന-കലകളുടെ സുവര്‍ണകാലഘട്ടമായി ചരിത്രത്തില്‍ ഇടംപിടിച്ചു. വിവര്‍ത്തനം ചെയ്യപ്പെടുന്ന ഗ്രന്ഥത്തിന്റെ തൂക്കത്തിന് സമാനമായ സ്വര്‍ണവും വെള്ളിയുമാണ് അദ്ദേഹം പ്രതിഫലമായി നല്‍കിയിരുന്നത്. 

മധ്യകാലയുഗത്തിലെ റോം ശാസ്ത്രപഠനങ്ങളും വൈദ്യശാസ്ത്ര ചികിത്സകളും പാപമായി കരുതുകയും ശാസ്ത്രപ്രതിഭാശാലികളെ നാടുകടത്തുകയും വധിക്കുകയും ചെയ്തിരുന്ന കാലമായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു കെട്ടിടത്തില്‍ വിലപിടിപ്പുള്ള അനേകം ഗ്രന്ഥങ്ങള്‍ അടച്ചുപൂട്ടി ഉപയോഗത്തിന് നല്‍കാതെ കിടക്കുകയായിരുന്നു. അധികാരത്തില്‍ വരുന്ന ഓരോ ചക്രവര്‍ത്തിയും അതിന് സ്വന്തം വകയായി ഓരോ പൂട്ട് അധികമായി ഇട്ടുപോന്നു. ഖലീഫ, ചക്രവര്‍ത്തിയോട് ആ ഗ്രന്ഥങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് കാരണം തനിക്ക് ഇഹലോകത്ത് ശാപമോ പരലോകത്ത് ശിക്ഷയോ അനുഭവിക്കേണ്ടിവരുമോ എന്ന് ഉപദേഷ്ടാക്കളോട് ആരാഞ്ഞു. 'ഈ സാധനങ്ങള്‍ പ്രവേശിപ്പിക്കപ്പെടുന്ന രാജ്യത്തിന്റെ അടിത്തറ അതോടെ തകരും' എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ ആ ഗ്രന്ഥങ്ങള്‍ നല്‍കാന്‍ ചക്രവര്‍ത്തി തയാറായി. പ്ലാറ്റോ, സോക്രട്ടീസ്, ഗാലന്‍, അരിസ്‌റ്റോട്ടില്‍, യൂക്ലിഡ്, ടോളമി തുടങ്ങിയ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുടെ അമൂല്യഗ്രന്ഥങ്ങള്‍ അങ്ങനെയാണ് ബഗ്ദാദ് ലൈബ്രറിയിലെത്തിയത്. 

വൈജ്ഞാനിക പഠനങ്ങള്‍ക്കും ശാസ്ത്രനിരീക്ഷണങ്ങള്‍ക്കുമായി ഹാറൂന്‍ റശീദ് ബഗ്ദാദില്‍ സ്ഥാപിച്ച ബൈത്തുല്‍ ഹിക്മ നൂറ്റാണ്ടിലെ ലോകപ്രശസ്തമായ ഗവേഷണകേന്ദ്രമായിരുന്നു. എണ്ണമറ്റ ഗ്രന്ഥങ്ങളുടെ മഹാശേഖരവും വിവിധ മത-സാംസ്‌കാരിക പഠിതാക്കളുടെയും ചിന്തകരുടെയും സങ്കേതവുമായിരുന്നു അത്. അക്കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴിലുളള ട്രിപ്പോളിയിലെ പൊതുഗ്രന്ഥാലയത്തിലെ ഗ്രന്ഥങ്ങള്‍ മൂന്നു ലക്ഷവും കൈറോയിലെ പൊതു ലൈബ്രറിയില്‍ പത്തുലക്ഷവുമായിരുന്നു. അഹ്‌വാസിലെ ഇബ്‌നു സിവാറിന്റെ ഗ്രന്ഥാലയവും ശീറാസിലെ അദദുദ്ദൗലയുടെ ഗ്രന്ഥാലയവും അല്‍ മുസ്തന്‍സിറിന്റെ മുസ്തന്‍സിരിയാ ലൈബ്രറിയും (ബഗ്ദാദ്) പ്രശസ്തമായിരുന്നു. കൊര്‍ദോവ ലൈബ്രറിയില്‍ അന്ന് ആറുലക്ഷമായിരുന്നു ഗ്രന്ഥങ്ങളുടെ എണ്ണം. 

'ഇഖ്‌റഅ്' എന്നു തുടങ്ങുന്ന ദൈവിക വചനത്തോടുകൂടി തുടക്കമിട്ട ഇസ്‌ലാമിക ദര്‍ശനത്തിന്റെ പ്രയോഗവത്കരണം അസാധ്യമായ ഒന്നല്ലെന്ന് മധ്യകാലചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ബഗ്ദാദിന്റെയും സ്‌പെയിനിന്റെയും പതനം വലിയ ദുരന്തമായെങ്കിലും അതിനു ശേഷം നിലവില്‍വന്ന കൊച്ചു സ്വയംഭരണപ്രദേശങ്ങള്‍ പോലും വൈജ്ഞാനിക-ശാസ്ത്ര പുരോഗതി നേടിയെന്നത് അതിശയകരം തന്നെ.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍