മലപ്പുറം ഉപതെരഞ്ഞെടുപ്പും ഇടതു വിശകലന ബലഹീനതകളും
വര്‍ഗ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് കമ്യൂണിസ്റ്റുകാര്‍. മനുഷ്യരില്‍ രണ്ട് വര്‍ഗമേയുള്ളൂ; ചൂഷക വിഭാഗമായ മുതലാളി വര്‍ഗവും ചൂഷിതരായ തൊഴിലാളി വര്‍ഗവും. ഇവര്‍ തമ്മിലുള്ള സംഘട്ടനത്തിലൂടെയാണ് ലോകം പുരോഗമിക്കുന്നത്. ഭൂലോകത്ത് ഇന്നേവരെ ഉണ്ടായതും നാളെ ഉണ്ടാകാവുന്നതുമായ സകല സാമൂഹിക പ്രതിഭാസങ്ങളെയും ഈ വര്‍ഗസംഘട്ടന സമവാക്യം ഉപയോഗിച്ച് വിശകലനം ചെയ്യുകയാണ് കമ്യൂണിസ്റ്റ് രീതി. ഈ മാര്‍ക്‌സിസ്റ്റ് ഫോര്‍മുലക്ക് വഴങ്ങാത്ത പ്രതിഭാസങ്ങളെ വ്യാഖ്യാനക്കസര്‍ത്ത് നടത്തി ആ സമവാക്യത്തില്‍ ഉരുട്ടിയെടുക്കലാണ് ഇടത് ബുദ്ധിജീവികളുടെ എക്കാലത്തെയും പ്രധാന തൊഴില്‍. മാര്‍ക്‌സും എംഗല്‍സും ഭാവനയില്‍ പോലും കണ്ടിട്ടില്ലാത്ത സാമൂഹിക വിപ്ലവങ്ങള്‍ ലോകത്ത് ഇടക്കിടെ നടക്കുന്നതിനാല്‍ ഒരിക്കലും മുടങ്ങാത്ത തൊഴിലുറപ്പ് പദ്ധതിയാണ് ഈ ഇടതുധൈഷണിക വ്യാപാരങ്ങള്‍.
കമ്യൂണിസത്തിനു മുമ്പും ശേഷവും വര്‍ഗസംഘട്ടന തിയറിക്കു പുറത്ത് രൂപപ്പെട്ട സാമൂഹിക വിശകലനോപാധികളെ അംഗീകരിക്കാന്‍ ഇടത് ധൈഷണിക
അഹന്ത അവരെ അനുവദിക്കാറില്ല. ഇന്ത്യന്‍ ഭൂരിപക്ഷ ജീവിതത്തെ പലവിധത്തില്‍ നിര്‍ണയിക്കുന്ന അനുഭവ യാഥാര്‍ഥ്യമായ മതം, ജാതി, സമുദായം എന്നിവയെ നേരാംവണ്ണം ഇന്നും അഭിമുഖീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കാത്തത് ഈ പ്രത്യയശാസ്ത്ര വിശകലന പരിമിതിയും സൈദ്ധാന്തിക ശാഠ്യം കാരണമാണ്. ജാതി-മത-മൂലധന ചൂഷകര്‍ക്കെതിരെ തെഴിലാളി വര്‍ഗത്തിന്റെ മേല്‍വിലാസത്തിലല്ലാതെ സംഘടിച്ചവര്‍ ഇന്ത്യയില്‍ അനവധിയാണ്. അത്തരം കൂട്ടായ്മകളുടെ അസ്തിത്വവും സംഘാടനവും അംഗീകരിക്കാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്നും തയാറായിട്ടില്ല. അവരുടെ രാഷ്ട്രീയ പരീക്ഷണങ്ങളെയും സമരമുന്നേറ്റങ്ങളെയും വര്‍ഗീയ-സാമ്രാജ്യത്വ മുദ്രകുത്തുക എന്നതാണ് പതിവ് ഇടതു ശീലം. ഇന്ത്യയില്‍ ദലിത്-മുസ്‌ലിംകളടക്കമുള്ളവരുടെ മുന്‍കൈയില്‍ രൂപപ്പെട്ട കൂട്ടായ്മകളെല്ലാം പലപ്പോഴായി ഈ ഇടതു ചാപ്പകുത്തലുകള്‍ ഏറ്റുവാങ്ങിയവരാണ്. ഇക്കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വേളയിലും ഇത്തരം വര്‍ഗീയ മുദ്രയടികള്‍ ആവര്‍ത്തിക്കുകയുണ്ടായി.
515330 എന്ന റെക്കോര്‍ഡ് വോട്ട് നേടി 171023-ന്റെ ഭൂരിപക്ഷത്തിനാണ് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വിജയിച്ചത്. ഇടതു സ്ഥാനാര്‍ഥി എം.ബി ഫൈസലിന് 344307 വോട്ടും ബി.ജെ.പി നോമിനി എന്‍. പ്രകാശിന് 65675 വോട്ടുമാണ് ലഭിച്ചത്. മണ്ഡലത്തിലെ 55 ശതമാനത്തിന്റെ വോട്ട് നേടിയ മുസ്‌ലിം ലീഗ് മുന്നേറ്റത്തെ വര്‍ഗീയതയുടെ വിജയമെന്നാണ് ഇടതു പാര്‍ട്ടികള്‍ ഒന്നടങ്കം വിശേഷിപ്പിച്ചത്. അതായത് 5 ലക്ഷത്തിലധികം വര്‍ഗീയവാദികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമാണ് മലപ്പുറം മണ്ഡലമെന്നര്‍ഥം. പ്രാദേശിക നേതാക്കള്‍ മുതല്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ വരെ വര്‍ഗീയത എന്ന ഒറ്റപ്പദമുപയോഗിച്ചാണ് തങ്ങളുടെ തോല്‍വിയെ വിശകലനം ചെയ്തത്. ലീഗിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മക്ക് പുറത്തുള്ള സാമൂഹിക-രാഷ്ട്രീയ കൂട്ടായ്മകളെയും ഈ വര്‍ഗീയമുദ്രയടിയില്‍നിന്ന് കമ്യൂണിസ്റ്റുകാര്‍ ഒഴിവാക്കിയിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നില്ലെന്ന് നിലപാട് എടുത്തവരെയും മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്തവരെയുമെല്ലാം വര്‍ഗീയസംഘങ്ങളാക്കി ലീഗിന്റെ മുന്നേറ്റത്തിന് ഏണിവെച്ചവരാക്കിയാണ് സാക്ഷാല്‍ മുഖ്യമന്ത്രിവരെ സ്വന്തം പാര്‍ട്ടിയുടെ തോല്‍വിയെ വിശകലനം ചെയ്തത.് ഇടതുപക്ഷത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിയെ പോലും അതറിയപ്പെടുന്നത് മുസ്‌ലിം ഐഡന്റിറ്റിയിലായതിനാല്‍ വര്‍ഗീയ ചാപ്പ കുത്തുന്നതിന് ഈ തെരഞ്ഞെടുപ്പ് സാക്ഷിയായിരുന്നു. ഇടതുപക്ഷമല്ലാത്ത മലപ്പുറത്തെ മുഴുവന്‍ രാഷ്ട്രീയ-സാമൂഹിക കൂട്ടായ്മകളും അങ്ങനെ വര്‍ഗീയവാദികളായി! കേവലമൊരു ഉപതെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോള്‍ പോലും ഇടതുപാര്‍ട്ടികള്‍ എത്തിപ്പെടുന്ന വിശകലന ദുരന്തത്തിനുള്ള ഉത്തമോദാഹരണമാണിത്. സ്വന്തം പ്രത്യയശാസ്ത്ര ദൗര്‍ബല്യങ്ങളും വിശകലന ബലഹീനതകളും മറച്ചുവെക്കാന്‍ മലപ്പുറത്തെ ഭൂരിപക്ഷം ജനത്തെയും അവരുടെ വൈവിധ്യമാര്‍ന്ന കൂട്ടായ്മകളെയും വര്‍ഗീയവാദികളാക്കാന്‍ ഇടതുപക്ഷത്തിന് യാതൊരു വൈമനസ്യവുമുണ്ടായില്ല. സ്വന്തം പരിമിതികള്‍ക്കകത്തിരുന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കാന്‍ മടിച്ചതിന്റെ പേരിലാണ് ഇന്ത്യന്‍ ജനത ഇടതുപക്ഷത്തില്‍ നിന്നുമകന്നത്. ഒരു കാലത്ത് പാര്‍ലമെന്റിലെ മുഖ്യപ്രതിപക്ഷമായിരുന്നവര്‍ രണ്ട് സംസ്ഥാനങ്ങളിലൊതുങ്ങിയത് അങ്ങനെയാണ്.
ഇടതുപക്ഷത്തിന്റെ പല നിലപാടുകളും അംഗീകരിക്കുന്നവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. ആ യോജിപ്പുകളെ ചേര്‍ത്തുനിര്‍ത്തി ഒരു സംഘടിത മുന്നേറ്റമുണ്ടാക്കാന്‍ പക്ഷേ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇടതുപാര്‍ട്ടികള്‍ക്ക് ഭാരമാവുകയാണ്. അനീതിക്കും സകലവിധ ചൂഷണത്തിനുമെതിരെ സ്വയം സംഘടിക്കാനും മറ്റുള്ളവരെ സംഘടിപ്പിക്കാനും ശേഷിയുള്ള ദര്‍ശനത്തിന്റെ വക്താക്കളാണ് മുസ്‌ലിംകള്‍. അവരുടെ ഈ സ്വയം സംഘാടകത്വ ശേഷിയെ അംഗീകരിക്കാതെ ഒരു രാഷ്ട്രീയ വിഭാഗത്തിനും സ്ഥായിയായി മുസ്‌ലിംകളെ സ്വാധീനിക്കാനാവില്ല. ഭാവിരാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിനും പ്രതിരോധത്തിനും ഇടതുപക്ഷം ഒപ്പമില്ലെങ്കിലും മുസ്‌ലിംകള്‍ക്ക് മുന്നോട്ട് പോയേപറ്റൂ. അതിനുള്ള കെല്‍പ്പും ശേഷിയും ഈ സമുദായത്തിനുണ്ടുതാനും. മുസ്‌ലിം സംഘടനകളെയും കൂട്ടായ്മകളെയും തള്ളിപ്പറഞ്ഞും വര്‍ഗീയമുദ്രയടിച്ചും ഇടതുപക്ഷം മന്നോട്ടുപോവുകവഴി വളരാനും വികസിക്കാനുമുള്ള സ്വന്തം വാതിലുകളും ജാലകങ്ങളുമാണ് തങ്ങള്‍ സ്വയം കൊട്ടിയടക്കുന്നതെന്ന് എത്ര പെട്ടെന്ന് തിരിച്ചറിയുന്നുവോ അത്രയും അവര്‍ക്ക് നല്ലത്.
Comments