Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

ഔറംഗസീബ് പുനര്‍വായിക്കപ്പെടുമ്പോള്‍

സിയാഉസ്സലാം

മരണാസന്നവേളയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ്   തന്റെ മകന് എഴുതിയ കത്തില്‍ കുറിച്ചതിങ്ങനെ: 'അപരിചിതനായി വന്നു ഞാന്‍; മടങ്ങുന്നു അപരിചിതനായി തന്നെ'. 'വിലപ്പെട്ട എന്റെ ജീവിതം പാഴായിരിക്കുന്നു' എന്നാണ് മരണക്കിടക്കയില്‍ അദ്ദേഹത്തിന്റെ വിലാപം. ചരിത്രം കണ്ട വലിയ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഒരാള്‍. കോഹിനൂര്‍ രത്‌നമടക്കം, വലിയ ധനശേഖരമുള്ള ഖജനാവിന്റെ അധിപനായിരുന്നയാള്‍. അയാള്‍ ആഗ്രഹിച്ചതാകട്ടെ സമാധാനപൂര്‍ണമായ മരണം. തന്റെ മാതാവ് മുംതാസ് മഹലിന്റെ ഖബ്‌റിടമായ താജ്മഹലില്‍നിന്നും വ്യത്യസ്തമായി, തന്റെ ഖബ്ര്‍ ലളിതമായിരിക്കണമെന്ന് അദ്ദേഹം ശഠിച്ചു.

തന്റെ ഏറ്റവും പുതിയ പുസ്തകമായ ഔറംഗസീബ്: ദ മാന്‍ ആന്‍ഡ് ദ മിത്ത് എന്ന പുസ്തകത്തില്‍ ഓദ്രെ ട്രഷ്‌കെ പറയുന്നതുപോലെ, വിസ്മരിക്കപ്പെടണമെന്നാണ്   ഔറംഗസീബ്   ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെ അങ്ങനെ മറവിക്ക് വിട്ടുകൊടുക്കാന്‍ ലോകം ഇന്നും സന്നദ്ധമല്ല. 21-ാം നൂറ്റാണ്ടിലും ഇന്ത്യയിലെയും പാകിസ്താനിലെയും സജീവസ്മരണയാണ് ഔറംഗസീബ്. 

അക്കാദമിക, സാമൂഹിക, രാഷ്ട്രീയ വ്യവഹാരത്തിലെ ശ്രദ്ധാ കേന്ദ്രമാണ് ഔറംഗസീബ്. ആയിരക്കണക്കിന്   ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ട ചക്രവര്‍ത്തി എന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്ന ഹിന്ദുത്വശക്തികളാണ് ഒരുവശത്ത്. അസഹിഷ്ണുതയുടെയും മതഭ്രാന്തിന്റെയും കണ്ണടകള്‍ ഒഴിവാക്കി, ഔറംഗസീബിന്റെ ചരിത്രം ശരിയാംവിധം പഠിക്കാന്‍ ശ്രമിക്കുന്ന അക്കാദമീഷ്യന്മാരും എഴുത്തുകാരാണ് മറുവശത്ത്. വീഴ്ചകള്‍ ഏറെ സംഭവിച്ചിട്ടുള്ള, അതേസമയം ഒട്ടേറെ മഹത്തായ നേട്ടങ്ങളുണ്ടാക്കിയ ചക്രവര്‍ത്തിയാണ് ഔറംഗസീബ്. കറുപ്പും വെളുപ്പുമായ രണ്ട് കള്ളികളില്‍ അദ്ദേഹത്തെ വിഭജിക്കുന്നതിനു പകരം, ഇതിന് രണ്ടിനുമിടയിലുള്ള ഒരു പ്രതലമാണ് അദ്ദേഹം അര്‍ഹിക്കുന്നത്.

ഔറംഗസീബിന്റെ അറിയപ്പെടാത്ത കഥകള്‍ പറയാനുള്ള ശ്രമങ്ങള്‍ 2012-ലാണ് തുടങ്ങിയതെന്നു പറയാം. ആ വര്‍ഷമാണ് 'പ്രിന്‍സസ് ആന്റ് പെയിന്റേഴ്‌സ് ഇന്‍ മുഗള്‍ ദല്‍ഹി 1707-1857' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. യുഥിക ശര്‍മയും വില്യം ഡാല്‍റിംബ്‌ളും ചേര്‍ന്ന് എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ ആമുഖത്തില്‍, ഹൈന്ദവ സ്ഥാപനങ്ങള്‍ക്ക്   പലവുരു സംരക്ഷകനായി വര്‍ത്തിച്ച പ്രായോഗികമതിയായ ചക്രവര്‍ത്തിയായിരുന്നു ഔറംഗസീബ് എന്ന് ഡാല്‍റിംബ്ള്‍ എഴുതുകയുണ്ടായി. ഔറംഗസീബിനെ പുനര്‍വായന നടത്തണമെന്നും, ജിസ്‌യ അടക്കമുള്ള അദ്ദേഹത്തിന്റെ ഭരണനടപടികള്‍ മതപ്രോക്തമല്ലായിരുന്നുവെന്നും ഭരണസൗകര്യത്തിനായിരുന്നുവെന്നും ഡാല്‍റിംബ്ള്‍ ഈ ലേഖകനോട് പറയുകയുണ്ടായി. ഔറംഗസീബിന്റെ കാലത്ത് ഒരൊറ്റ വര്‍ഗീയസംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന വസ്തുത ഡാല്‍റിംബ്‌ളിന്റെ വാദത്തെ ബലപ്പെടുത്തുന്നതാണ്. ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ വാളുമേന്തി ഹിന്ദുക്കളെ കൂട്ട മതപരിവര്‍ത്തനം നടത്തുന്ന നടപടിയൊന്നും ഔറംഗസീബിന്റെ കാലത്തുണ്ടായിട്ടില്ല.

ഡാല്‍റിംബ്‌ളിന്റെ പുസ്തകത്തിലെ പ്രതിപാദ്യം പൂര്‍ണമായും പെയിന്റിംഗും കലകളുമായിരുന്നെങ്കിലും, പരക്കെ വിശ്വസിക്കപ്പെടുന്നതുപോലുള്ള ഭീകരവാഴ്ച ഔറംഗസീബിന്റെ ഭരണകാലയളവിലുണ്ടായിട്ടില്ലെന്ന്   ബോധ്യപ്പെടുത്താനായി. കൊട്ടാരസദസ്യരുമായി ഔറംഗസീബ്   ചര്‍ച്ച നടത്തുന്നതിന്റെ പെയിന്റിംഗുകള്‍ പുസ്തകത്തിലുണ്ടായിരുന്നു. ഔറംഗസീബ് ചിത്രകലക്കെതിരായിരുന്നുവെന്ന വാദങ്ങളെ അത് അസ്ഥാനത്താക്കി. ഔറംഗസീബ് മനോഹരമായി വീണ വായിച്ചിരുന്നയാളായിരുന്നുവെന്ന അധികമാര്‍ക്കുമറിയാത്ത വസ്തുതയും ആ പുസ്തകത്തിലൂടെ പുറത്തുവന്നു. എന്നാല്‍, ചരിത്രത്തിന്റെ വളച്ചുകെട്ടലിന് പുതിയൊരു നിറം ചാര്‍ത്തിക്കിട്ടുകയായിരുന്നു.

പഞ്ചാബ്: എ ഹിസ്റ്ററി ഫ്രം ഔറംഗസീബ് ടു മൗണ്ട്  ബാറ്റണ്‍ (2013) എന്ന പുസ്തകത്തില്‍, രാജ്‌മോഹന്‍ ഗാന്ധി ഔറംഗസീബിന്റെ രാഷ്ട്രീയ നേട്ടങ്ങളും മൃദുലമായ മാനുഷികവശങ്ങളും ചൂണ്ടിക്കാട്ടുകയുണ്ടായി. മതകാര്യങ്ങളില്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഔറംഗസീബ് ഒരു നല്ല യോദ്ധാവ് കൂടിയായിരുന്നു. ഔറംഗസീബിന്റെ ഭരണത്തിനുകീഴില്‍ സാമ്രാജ്യം വികസിച്ചു. വടക്ക് കശ്മീരിനപ്പുറം ലഡാക് (ലിറ്റില്‍ തിബത്ത്) വരെ, കിഴക്ക് ധാക്കക്കപ്പുറം ചിറ്റഗോങ് വരെ, തെക്ക് ഗോല്‍ക്കോണ്ട, ബീജാപൂര്‍ വരെയും   അദ്ദേഹം സാമ്രാജ്യം വികസിപ്പിച്ചു. ഔറംഗസീബിന്റെ ലാളിത്യത്തെയും രാജ്‌മോഹന്‍ ഗാന്ധി വാഴ്ത്തുന്നുണ്ട്.

ഓദ്രെ ട്രഷ്‌കെയുടെ കള്‍ച്ചര്‍ ഓഫ് എന്‍കൗണ്ടേഴ്‌സ്: സാന്‍സ്‌ക്രിറ്റ് അറ്റ് ദ മുഗള്‍ കോര്‍ട്ട് എന്ന പുസ്തകത്തില്‍ ഔറംഗസീബിന്റെ കാലത്ത് വടക്കേ ഇന്ത്യയില്‍ ഹിന്ദിക്ക്   പ്രചാരം വര്‍ധിച്ചതാണ് സംസ്‌കൃതത്തിന്റെ വളര്‍ച്ച കുറയാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നു. ഖുര്‍ആന്‍, ഹദീസ്, റൂമി കഥകള്‍, സഅ്ദി കഥകള്‍ എന്നിവയോടൊപ്പം രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പേര്‍ഷ്യന്‍ വിവര്‍ത്തനങ്ങള്‍ ഔറംഗസീബ് തന്റെ ചെറുപ്പകാലത്തുതന്നെ വായിച്ചിരുന്നു. 'ബ്രജ്ഭാഷ'യില്‍ (ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷ) ഔറംഗസീബ് തന്റെ എഴുത്തുകള്‍ തയാറാക്കിയിരുന്നതായും ഓദ്രെ ട്രഷ്‌കെ എഴുതുന്നു.

ഔറംഗസീബ്: ദ മാന്‍ ആന്റ് ദ മിത്ത് എന്ന പുസ്തകം അക്കാദമിക, സാഹിത്യ, സാമൂഹിക രംഗങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഒരു വശത്ത്   ഔറംഗസീബിന്റെ പേരിലുള്ള റോഡ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം റോഡ് എന്ന പുനര്‍നാമകരണം ചെയ്യുന്നു. മറുവശത്ത്   ഔറംഗസീബ്  വധിച്ച ദാര ഷിഖോവിന്റെ പേര് ഒരു റോഡിന് നല്‍കുന്നു.

എങ്ങനെ നോക്കിയാലും, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങളുടെ പ്രധാന ഭാഗമാണ്  ഔറംഗസീബ്. 80-കളിലും 90-കളിലും മുസ്‌ലിംകളെ 'ബാബറുടെ സന്തതികള്‍' എന്നാണ് ആക്ഷേപിച്ചിരുന്നതെങ്കില്‍, ഇന്ന് അത് 'ഔറംഗസീബിന്റെ സന്തതികള്‍' എന്നായിട്ടുണ്ട്. ആധുനിക മുസ്‌ലിംകള്‍ പേറേണ്ടുന്ന ഒരു ഭാരമായി ഔറംഗസീബ് മാറിയിട്ടുണ്ട്. ''വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതാകയാല്‍, ചരിത്രം പ്രധാനമാണെന്നാണ് നമ്മെ നിരന്തരം പഠിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ അത് നേരെ തിരിച്ചാണ്. വര്‍ത്തമാനകാലത്തുനിന്നും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും സമ്മര്‍ദങ്ങളുമാണ്   ഭൂതത്തെ കുറിച്ച സങ്കല്‍പം രൂപപ്പെടുത്തുന്നത്. ബാബറിനെ ചിത്രീകരിച്ചതിനേക്കാള്‍ മോശമായി ഔറംഗസീബിനെ ഭീകരനാക്കാം. ആരാണ് അഭിസംബോധിതര്‍ എന്നതിന് അനുസൃതമായിരിക്കും അത്തരം ചിത്രീകരണങ്ങള്‍ എന്നു മാത്രം'' - മധ്യകാല ചരിത്രത്തില്‍ വിദഗ്ധയായ ഹര്‍ബന്‍സ് മുഖിയ പറയുന്നു.

ഔറംഗസീബിന്റെയും ദാര ഷിഖോവിന്റെയും കാര്യമെടുത്താല്‍, സൗകര്യപൂര്‍വം വാര്‍പ്പുമാതൃകകളെ സ്വീകരിച്ചതില്‍ ചരിത്രകാരന്മാര്‍ കുറ്റവാളികളാണ്. 'ഇസ്‌ലാം അപകടത്തിലാണ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഔറംഗസീബും ദാര  ഷിഖോവും തമ്മില്‍ പോരാട്ടം നടന്നതെന്ന് വാദിക്കപ്പെടുന്നു. 'അധികാരത്തിനു വേണ്ടിയല്ല, മതവിരുദ്ധരില്‍നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാനായിരുന്നു ഔറംഗസീബിന്റെ യുദ്ധം. ദാര ഷിഖോ ആകട്ടെ, മതവിരുദ്ധരുടെ നേതാവായിരുന്നെന്ന് മാത്രമല്ല, 25 ഉപനിഷത്തുകള്‍ വിവര്‍ത്തനം ചെയ്ത, ഇസ്‌ലാമും ഹൈന്ദവതയും തമ്മില്‍ വേര്‍തിരിവുകളില്ലെന്ന് വാദിച്ച ആളായിരുന്നു. സങ്കുചിതമനസ്‌കനായ ഔറംഗസീബ് ദാര ശിഖോവിനെ കേവലം ബുദ്ധിജീവിയായും തത്ത്വജ്ഞാനിയായും കണ്ടു. ദാര ഷിഖോവ് ഔറംഗസീബിനെ അതിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം മറ്റൊന്നായിരുന്നേനെ' എന്നിങ്ങനെയാണ് ആ വാദങ്ങളുടെ പോക്ക്.

എന്നാല്‍, വസ്തുത നേരെമറിച്ചാണ്. അതാകട്ടെ അക്കാദമിക വൃത്തങ്ങള്‍ക്കപ്പുറം പ്രചരിച്ചതുമില്ല. ''ഹിന്ദുക്കളും മുസ്‌ലിംകളുമായ, ഇന്ത്യക്കാരും പാകിസ്താനികളുമായ ചരിത്രകാരന്മാര്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് ഏറെ വിഭിന്നമാണ് വസ്തുത. ശിബ്‌ലി നുഅ്മാനി, ഇശ്തിയാഖ്   ഹുസൈന്‍ ഖുറൈശി, ജദുനാഥ്   സര്‍ക്കാര്‍, ഈശ്വരിപ്രസാദ് എന്നിവരെല്ലാം ഈ തെറ്റിദ്ധാരണയുടെ വ്യക്താക്കളായിരുന്നു''- അലീഗഢ്   മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ മധ്യകാല ഇന്ത്യാ ചരിത്രകാരനായ സയിദ് അലി നദീം റിസ്‌വി പറയുന്നു.

റിസ്‌വിയുടെ വാദം ഏറെ പ്രസക്തമാണ്. എന്നാല്‍, നമുക്ക് മുന്നിലുള്ള രേഖകള്‍ മറ്റൊരു ദിശയിലേക്കാണ് ചൂണ്ടുന്നത്: രജപുത്രവിരുദ്ധനായ ഔറംഗസീബ് രജപുത്ര, ഹിന്ദു സമുദായങ്ങളുടെ പിന്തുണയോടെ ദാര ഷിഖോവിനെ പരാജയപ്പെടുത്തി. രജപുത്ര പിന്തുണയില്ലാത്തതുകൊണ്ടാണ് ദാര ഷിഖോവിന് ജയിക്കാനാവാതെ പോയത്. ''ഔറംഗസീബിനെതിരെ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ മകന്‍ അക്ബറിന്റെ എഴുത്താണ് ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നത്. 1679-ല്‍ കലാപം നടത്തിയ റാത്തോഡുമാരുടെ ഒപ്പം അക്ബറും ചേര്‍ന്നു. 1680-ലാണ് അക്ബര്‍ ഔറംഗസീബിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. റാത്തോഡുകളോട് ചേര്‍ന്ന് നടത്തിയ ആ പദ്ധതി പരാജയമായതോടെ, ഛത്രപതി ശിവജിയുടെ മകന്‍ സാംബാജിയുടെ അടുത്ത് അഭയം തേടിയെത്തി. അവിടെനിന്നും അക്ബര്‍ പിതാവ് ഔറംഗസീബിന് എഴുതിയ കത്തില്‍ ഇങ്ങനെ കാണാം: എന്തുകൊണ്ടാണ് ദാര പരാജയപ്പെട്ടതെന്നും താങ്കള്‍ സിംഹാസനം കീഴടക്കിയതെന്നും മറന്നോ? ദാര ഷിഖോവിന്   നല്‍കിയ പിന്തുണ താങ്കള്‍ക്കെതിരെ പടനയിച്ച റാത്തോഡുകള്‍ പിന്‍വലിച്ചു.''

ഇവിടെ കൗതുകകരമായ ഒരു കാര്യമുണ്ട്. അധികാരാരോഹണത്തിനായുള്ള പോരാട്ടം മുറുകിയപ്പോള്‍ ഒട്ടേറെ പ്രഭുക്കന്മാര്‍ക്ക് അവരുടെ പിന്തുണ ആവശ്യപ്പെട്ട് ഔറംഗസീബ്   കത്തെഴുതി. മേവാറിലെ റാണ രാജ് സിംഗിനും എഴുതി ഒരു സന്ദേശം. കവിരാജ് ശ്യാമള്‍ദാസിന്റെ വീര്‍ വിനോദില്‍ ആ കത്ത് ഇന്നുമുണ്ട്. 'ചക്രവര്‍ത്തി എന്ന സ്ഥാനം ദൈവം നല്‍കുന്ന ഒരു ഉത്തരവാദിത്തമല്ലാതെ മറ്റൊന്നുമല്ലെന്നാണ്   ആ കത്തില്‍ പറയുന്നത്. രാജാവ് ദൈവത്തിന്റെ നിഴലാണെന്നത് പോലെ, ജനങ്ങള്‍ ദൈവത്തിന്റെ സൃഷ്ടികളാണ്. അവരെ തുല്യരൂപത്തില്‍ കാണണം. മതത്തിന്റെയും വിഭാഗങ്ങളുടെയും പേരില്‍ അവരോട് വിവേചനം പാടില്ല. ദൈവസന്നിധിയിലെ തൂണുകളാണ് രാജാക്കന്മാര്‍. അവര്‍ ഒരു വശത്തേക്ക് ചെരിഞ്ഞാല്‍ ദൈവത്തിന്റെ സിംഹാസനം അതോടെ തകരും.' അത്രയുമല്ല. ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഔറംഗസീബ്  ശുദ്ധവാദിയായിരുന്നില്ല. സംഗീതവും നൃത്തവും ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു അദ്ദേഹം. ഔറംഗസീബിന്റെ ഭരണകാലയളവില്‍ മന്‍സബ്   പദവി വഹിച്ചിരുന്ന ഫഖീറുല്ലയാണ് ഇന്ത്യന്‍ സംഗീതത്തെ കുറിച്ച് രാഗ് ദര്‍പണ്‍ എന്ന പുസ്തകം എഴുതിയത്. 

അക്കാദമികേതര വൃത്തങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ, ദാര ഷിഖോ ഒരു നേതാവേ അല്ലായിരുന്നു. ഒരു ഭരണാധിപനെന്നോ സൈനിക ജനറലെന്നോ നിലക്കുള്ള യാതൊരു ഭരണപരിചയവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മിര്‍സ രാജാ ജയ്‌സിംഗിനെ പോലുള്ള പ്രഭുക്കന്മാരെ   അദ്ദേഹം പിണക്കിയിരുന്നു. 'ഡെക്കാന്‍ കുരങ്ങ്' എന്നാണ് ദാര ഷിഖോ രാജാ ജയ്‌സിംഗിനെ വിശേഷിപ്പിച്ചത്. പ്രചരിപ്പിക്കപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായി, മിര്‍സ രാജാ ജയ്‌സിംഗ്, ജസ്വന്ത് സിംഗ്, രഘുറാം, റാണ രാജ്‌സിംഗ്, റാവു ദല്‍പത് ഭുണ്ഡേല എന്നിവര്‍ ഔറംഗസീബിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുകയായിരുന്നു. സമുഗഢ് യുദ്ധത്തില്‍, ചമ്പല്‍നദി കടക്കാന്‍ ഔറംഗസീബിന് വഞ്ചി നിര്‍ദേശിച്ചതും അദ്ദേഹത്തിന്റെ വിജയത്തിന് സഹായിച്ചതും ദല്‍പത് ഭുണ്ഡേലയായിരുന്നു.

ചരിത്രകാരന്മാര്‍ പറയുന്നത് ശരിയാണെങ്കില്‍ ഭൂരിപക്ഷം രജപുത്ര രാജാക്കന്മാരും ഔറംഗസീബിനൊപ്പം നില്‍ക്കാന്‍ സന്നദ്ധരാവുകയില്ലായിരുന്നുവെന്ന്   റിസ്‌വി ചൂണ്ടിക്കാട്ടുന്നു. അക്ബറിന്റെ ഭരണകാലയളവില്‍ രജപുത്രരായ ഉദ്യോഗസ്ഥര്‍ 22 ശതമാനമായിരുന്നെങ്കില്‍, മതഭ്രാന്തനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഔറംഗസീബിന്റെ ഭരണകാലയളവില്‍ രജപുത്ര ഉദ്യോഗസ്ഥര്‍ 31 ശതമാനമായിരുന്നു. എന്നിരിക്കിലും, ഔറംഗസീബിന്റെ പേര് മുസ്‌ലിംകളുടെ മേല്‍ ചാര്‍ത്തപ്പെടുകയാണിന്ന്. ചില ഹിന്ദുത്വവാദികള്‍ ഔറംഗസീബിന്റെ ചെയ്തികള്‍ക്ക് മുസ്‌ലിംകള്‍ മാപ്പുപറയണമെന്നുപോലും വാദിക്കുന്നു. ''കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ദാരിദ്ര്യവും സാമ്പത്തിക തകര്‍ച്ചയും വിഭവദൗര്‍ലഭ്യവും രൂക്ഷമായതോടെ വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള സാമൂഹികബന്ധം മോശമായിട്ടുണ്ട്. എല്ലാ ദുരിതങ്ങള്‍ക്കും കാരണം ന്യൂനപക്ഷങ്ങളാണെന്ന പ്രചാരണം ശക്തം. കൊളോണിയല്‍ കാലത്ത് എല്ലാ തകര്‍ച്ചക്കും കാരണം മഹ്മൂദ്   ഗസ്‌നിയാണെന്നായിരുന്നു പ്രചാരണമെങ്കില്‍, 1980-കളില്‍ വില്ലന്‍ വേഷം ബാബര്‍ ചക്രവര്‍ത്തിക്കായി. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ ആ പ്രചാരണത്തിനു ബലം കുറഞ്ഞു. തുടര്‍ന്ന്   ഹിന്ദുത്വശക്തികള്‍ ഔറംഗസീബിലേക്ക്   ശ്രദ്ധകേന്ദ്രീകരിച്ചു. ഔറംഗസീബ്   മതവും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെടുത്തിയിരുന്നുവെന്നത് ശരിയാണ്. ജിസ്‌യ ഏര്‍പ്പെടുത്തി എന്നതും ശരിയാണ്. പക്ഷേ, ഒരു മതപ്രചാരകന്‍ എന്നതിനേക്കാള്‍, പ്രായോഗികമതിയായ ഒരു രാജാവായിരുന്നു അദ്ദേഹം'' റിസ്‌വി പറയുന്നു. ഭരണത്തിലേറി 21 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ജിസ്‌യ ഏര്‍പ്പെടുത്തിയതെന്ന കാര്യം പലരും മറന്നുപോകുന്നു. യുദ്ധം നിരന്തരമായപ്പോള്‍ സാമ്പത്തികം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. ശിവജി തന്റെ സാമ്രാജ്യം വിപുലപ്പെടുത്താന്‍ ശ്രമിച്ചതുപോലെ ഔറംഗസീബും തന്റെ സാമ്രാജ്യം വിപുലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന ലളിതമായ വസ്തുതയാണ് ഔറംഗസീബിനെ താറടിച്ചുകാണിക്കാനുള്ള വ്യഗ്രതയില്‍ നഷ്ടപ്പെടുന്നത്. രാജ്യത്തിനുവേണ്ടിയല്ല രണ്ടു പേരും പോരാടിയത്. രാജ്യം എന്ന സങ്കല്‍പം അന്നുണ്ടായിരുന്നില്ല എന്നതുതന്നെ അതിനു കാരണം. 

 

രാഷ്ട്രീയ അനിവാര്യതകള്‍

വാര്‍പ്പുമാതൃകകളാണ് പൊതുജനത്തിനിടയില്‍ സ്വീകാര്യത നേടിയിട്ടുള്ളത്. എന്നാല്‍ അക്കാദമീഷ്യന്മാര്‍ കുറേകൂടി വസ്തുനിഷ്ഠമായിരുന്നു. മുഖിയ പറയുന്നു: ജനകീയ ചരിത്രത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് പ്രഫഷനല്‍ ചരിത്രം എക്കാലത്തും. കുഴമറിഞ്ഞുകിടക്കുന്ന ഒരു കൂട്ടം വസ്തുതകളിലൂടെ ചരിത്രസംഭവങ്ങളിലേക്കും ചരിത്ര പുരുഷന്മാരിലേക്കുമാണ് പ്രഫഷനല്‍ ചരിത്രകാരന്മാര്‍ നോക്കുക. എന്നാല്‍, ജനകീയ ചരിത്രകാരന്മാര്‍, ചരിത്രം നിര്‍മിച്ചത് ചക്രവര്‍ത്തിമാരാണ് എന്ന നിലക്കുള്ള അന്വേഷണമാണ്   നടത്തുക. കൂടാതെ, ചക്രവര്‍ത്തിയുടെ മതമാണ് അദ്ദേഹത്തിന്റെ നടപടികള്‍ക്കെല്ലാം പ്രേരണയായതെന്നും അവര്‍ വാദിക്കും. ജെയിംസ് മില്‍, ഏലിയട്ട്, ഡൗസണ്‍ തുടങ്ങിയവരെല്ലാം ചരിത്രകാരന്മാരുടെ മതസ്വത്വം നോക്കണമെന്ന് പഠിപ്പിച്ചവരാണ്. അത്തരം ലളിതയുക്തികളില്‍നിന്ന് ചരിത്രാന്വേഷണം   ഏറെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ അത്തരം യുക്തികള്‍ ഇന്നും സാര്‍വത്രികമാണ്. പ്രഫഷണല്‍ ചരിത്രകാരന്മാരെ സംബന്ധിച്ചേടത്തോളം ഔറംഗസീബ് ഒരു ഇസ്‌ലാമിക മതഭ്രാന്തനാണെന്ന ധാരണ എന്നോ കൈയൊഴിഞ്ഞതാണ്. വിചിത്രമെന്ന് കരുതാവുന്ന പല തീരുമാനങ്ങളും അദ്ദേഹത്തിന് കൈക്കൊള്ളേണ്ടിവന്നത് അടിയന്തര സാഹചര്യങ്ങള്‍ പരിഗണിച്ചാണെന്നും പ്രഫഷണല്‍ ചരിത്രാന്വേഷണം മനസ്സിലാക്കിയിട്ടുണ്ട്. 1966-ല്‍ പ്രസിദ്ധീകരിച്ച, മുഗള്‍ നോബിലിറ്റി അണ്ടര്‍ ഔറംഗസീബ് എന്ന പുസ്തകത്തില്‍, എം. അത്തര്‍ അലി ഔറംഗസീബിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയും, അതേസമയം അദ്ദേഹത്തിന്റെ മതചായ്‌വുകളെ അംഗീകരിച്ചും പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാദം കുറച്ചുകൂടി ആഴത്തില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് ഓദ്രെ ട്രഷ്‌കെ ചെയ്യുന്നത്. മുഗള്‍ ചരിത്രത്തില്‍ ഔറംഗസീബിനെ എവിടെയാണ് നമുക്ക് ശരിക്കും സ്ഥാനപ്പെടുത്താനാവുക?

മുഖിയ പറയുന്നു: ''യഥാര്‍ഥത്തില്‍, ഔറംഗസീബിന്റെ ഭരണചരിത്രം പഠിച്ച ഭീസെന്നിനെ പോലുള്ള ഹിന്ദുചരിത്രകാരന്മാര്‍ പോലും മതാന്ധനായ ഒരു ഭരണാധികാരിയായിരുന്നു ഔറംഗസീബ് എന്ന്   പറഞ്ഞിട്ടില്ല. കൊളോണിയല്‍ ചരിത്രകാരന്മാരാണ് അത്തരമൊരു പ്രതിഛായ സൃഷ്ടിച്ചത്. നമ്മുടെ കാലത്ത് രാമ ജന്മഭൂമിയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ച് ഹിന്ദുത്വ വലതുപക്ഷത്തെ തൃപ്തിപ്പെടുത്തുകയും, ശാബാനു ബില്‍ പാര്‍ലമെന്റില്‍ പാസാക്കി മുസ്‌ലിം വലതുപക്ഷത്തെ തൃപ്തിപ്പെടുത്തുകയും ചെയ്ത രാജീവ്  ഗാന്ധിയെ നാം കണ്ടു. ആര്‍.എസ്.എസുകാരനായ നരേന്ദ്ര മോദി പോലും പല മുസ്‌ലിം പരിപാടികളിലും പങ്കെടുക്കുകയും അവരെ പ്രശംസിക്കുകയും ചെയ്യുന്നതും നാം കാണുന്നു. വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു സമൂഹത്തെ ഭരിക്കാന്‍ ഭരണാധികാരികള്‍ കണ്ടെത്തുന്ന ഉപായമാണ് അത്. ചിലപ്പോള്‍ അവര്‍ അതില്‍ വിജയിക്കുന്നു. മറ്റു ചിലപ്പോള്‍ അവര്‍ അതില്‍ പരാജയപ്പെടുന്നു. എന്നാല്‍, ഒരാളെ പൂര്‍ണമായും മതത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്നത് ഗുണം ചെയ്യില്ല.''

എന്നാല്‍, അക്ബറിനു ശേഷം ഒരു ഹിന്ദു ദിവാനെ നിയമിച്ച ഒരേയൊരു മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ആയിരുന്നുവെന്ന വസ്തുതയുണ്ട്. ഉയര്‍ന്ന പദവികളെല്ലാം രജപുത്രരായിരുന്നു കൈയാളിയിരുന്നത്. പല പ്രധാന പ്രവിശ്യകളിലെയും ഗവര്‍ണര്‍മാര്‍ രജപുത്രരായിരുന്നു. 

റിസ്‌വി പറയുന്നു: ''വൃന്ദാവന്‍ രേഖകള്‍ നോക്കിയാല്‍, അക്ബറിന്റെ കാലയളവില്‍ നല്‍കിയിരുന്നതിനേക്കാള്‍ എത്രയോ അധികം ഗ്രാന്റുകള്‍ ക്ഷേത്രങ്ങള്‍ക്ക്   ഔറംഗസീബ്   നല്‍കിയിരുന്നതായി കാണാനാവും. ഇര്‍ഫാന്‍ ഹബീബ്, താരാപഥ് മുഖര്‍ജി എന്നിവര്‍ ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. അതെല്ലാം വിമതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന മേഖലകളിലായിരുന്നു. ക്ഷേത്രം തകര്‍ക്കാന്‍ അനുമതി നല്‍കിയാല്‍ താന്‍ അതു ചെയ്യുമെന്ന്   വ്യക്തമാക്കി ജസ്വന്ത് സിംഗ്   റാത്തോഡിന്റെ വിധവ റാണി ഹാദി ഔറംഗസീബിന് എഴുതിയപ്പോള്‍ അദ്ദേഹം അവര്‍ക്ക്   അതിനു അനുവാദം നല്‍കിയില്ല. വഖായി അജ്മീര്‍ എന്ന പുസ്തകത്തില്‍ ഈ വിവരം ലഭ്യമാണ്. ഒരു കുത്സിത രാഷ്ട്രീയക്കാരനായിരുന്നില്ല ഔറംഗസീബ്. രാഷ്ട്രീയപരമായി അദ്ദേഹത്തിന് ആവശ്യമായിരുന്നതാണ് അദ്ദേഹം ചെയ്തത്. ഡെക്കാനിലെ ബീജാപൂര്‍, ഗോല്‍കോണ്ട സാമ്രാജ്യങ്ങളുമായി ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹം ശീഈ വിരുദ്ധനായിരുന്നു. അല്ലാത്തപ്പോള്‍ ശീഈകള്‍ക്കെതിരെ യാതൊരു ശത്രുതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച തികഞ്ഞ ഭരണാധിപന്‍ എന്നതില്‍ കവിഞ്ഞ്   ഒന്നുമല്ലായിരുന്നു അദ്ദേഹം. വലിയൊരു സാമ്രാജ്യം അദ്ദേഹം കൈയാളി. അത് ചെറിയൊരു കാര്യമായിരുന്നില്ല.''   

ഓദ്രെ ട്രഷ്‌കെ എഴുതുന്നു: ''ഹിന്ദു ദേശീയവാദ പരിപ്രേക്ഷ്യത്തില്‍ ബാബറും ഔറംഗസീബും അടിച്ചമര്‍ത്തുന്ന മുസ്‌ലിം അധിനിവേശകരായിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാരില്‍ തികഞ്ഞ മതവിശ്വാസിയായിരുന്നയാള്‍ ഔറംഗസീബ്   ആയിരുന്നുവെന്ന ധാരണയും യാദൃഛികമായിരുന്നില്ല. അങ്ങനെ മതകീയമായ സ്വത്വം കൊണ്ട് ഇന്ത്യന്‍ സമൂഹത്തെ ഇന്നും അസ്വസ്ഥമാക്കുന്ന മുസ്‌ലിം പ്രതിഛായയുടെ മൂര്‍ത്തരൂപമാണ് ഔറംഗസീബ്. ഔറംഗസീബ് ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നുവെന്നും ആയിരക്കണക്കിന്   ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്നുമുള്ള തെറ്റായ പ്രചാരണങ്ങള്‍ അദ്ദേഹത്തിനെതിരായുണ്ട്. എന്നാല്‍ ഇതിനൊന്നും ചരിത്രപരമായ തെളിവുകളില്ല. നിരവധി ക്ഷേത്രങ്ങളെ സംരക്ഷിക്കുകയും ഗ്രാന്റുകള്‍ നല്‍കുകയും ബ്രാഹ്മണര്‍ക്ക് ഭൂമി നല്‍കുകയും ചെയ്ത ചക്രവര്‍ത്തിയായിരുന്നു ഔറംഗസീബ് എന്ന വസ്തുത കാണാതെയാണ് അദ്ദേഹം ഏതാനും ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നുവെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നത്.'' 

(ഫ്രന്റ്‌ലൈന്‍ 2017 മാര്‍ച്ച് 17) വിവ: എ. മുഹമ്മദ് അനീസ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍