സ്ഥൈര്യത്തിന്റെ തീരങ്ങളില്‍ സ്വാസ്ഥ്യത്തിന്റെ തണല്‍ തേടുക
''അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എപ്പോഴും നിലനില്‍ക്കുന്നവന്‍' (അല്‍ ബഖറ 255).
'തീര്‍ച്ചയായും അല്ലാഹുവന്റെയടുക്കല്‍ സ്വീകരിക്കപ്പെടുന്ന ദീന്‍ ഇസ്‌ലാമാകുന്നു' (ആലുഇംറാന്‍ 19).
ദുന്‍യാവ് എന്താണ്, അതിനകത്ത് മനുഷ്യാത്മാവിന്റെ ദൗത്യമെന്താണ്, മനുഷ്യന്റെയടുത്ത് ദീനിന്റെ വിലയെന്താണ്, യഥാര്‍ഥ ദീന്‍ അവതീര്‍ണമായിരുന്നില്ലെങ്കില്‍ ദുന്‍യാവ് പേടിപ്പെടുത്തുന്ന ഒരു തടവറയാകുമായിരുന്നില്ലേ, നാസ്തികന്മാരെല്ലാം സൃഷ്ടിജാലങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യവാന്മാരാകുമായിരുന്നില്ലേ, മനുഷ്യനെ കൂരിരുട്ടുകളില്‍നിന്ന് മോചിപ്പിക്കുന്ന രക്ഷാമന്ത്രം 'യാ അല്ലാഹ്' എന്നതല്ലേഇത്തരം കാര്യങ്ങളൊക്കെയറിയാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ ചെറിയൊരാഖ്യാനം ശ്രദ്ധിച്ചുകേള്‍ക്കൂ. അല്‍പനേരം ചിന്തിക്കൂ.
പണ്ടൊരിക്കല്‍ രണ്ടു സഹോദരങ്ങള്‍ ഒരുമിച്ച് ഒരു ദീര്‍ഘയാത്ര പോവുകയായിരുന്നു. അങ്ങനെ ഇരുവരും ഒരു വഴിത്തിരിവിലെത്തിച്ചേര്‍ന്നു. സമാദരണീയനായ ഒരു സാത്വികനെ ഇരുവരും കണ്ടുമുട്ടി.
'ഇക്കാണുന്ന രണ്ടു വഴികളില്‍ ഏതാണ് ഏറെ വിശിഷ്ടമായത്?' സഹോദരങ്ങള്‍ സാത്വികനോട് ചോദിച്ചു.
'ചട്ടങ്ങളും നിയമങ്ങളും നിര്‍ബന്ധപൂര്‍വം പാലിച്ചുകൊണ്ടേ വലത്തേ വഴിയിലൂടെ പോകാനാവൂ. പക്ഷേ സന്തോഷത്തോടെ യാത്ര ചെയ്യാം. സുരക്ഷിതമായി ലക്ഷ്യത്തിലെത്താം. ഇടത്തേ വഴിയിലൂടെയാണെങ്കില്‍ തോന്നിയതുപോലെ സഞ്ചരിക്കാം. പക്ഷേ ഒരുപാട് ക്ലേശിക്കേണ്ടിവരും. നാശനഷ്ടങ്ങളനുഭവിക്കേണ്ടിയും വരും. ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ള വഴി തെരഞ്ഞെടുത്തോളൂ.' സാത്വികന്‍ പറഞ്ഞു.
'എല്ലാം ഞാന്‍ അല്ലാഹുവില്‍ അര്‍പ്പിച്ചിരിക്കുന്നു' എന്നു പറഞ്ഞ് ശുദ്ധമാനസനായ സഹോദരന്‍ വലത്തേ വഴിയിലൂടെ യാത്ര തുടങ്ങി. ചട്ടങ്ങളും നിയമങ്ങളും പിന്തുടരുന്നതില്‍ അങ്ങേയറ്റം സംതൃപ്തനായിരുന്നു അയാള്‍. എന്നാല്‍ വഞ്ചിതനും വക്രമാനസനുമായ അപരന്‍ തെരഞ്ഞെടുത്തത് ഇടത്തേ വഴിയാണ്. തന്നിഷ്ടം പോലെ യാത്ര ചെയ്യാമല്ലോ എന്നാണവന്‍ കരുതിയത്. പുറമേ ആയാസരഹിതവും അകമേ സങ്കീര്‍ണഭരിതവുമായ ഇടത്തേ വഴിയിലൂടെ യാത്ര തുടങ്ങിയ സഹോദരനെ നമുക്കൊന്നു ഭാവനയില്‍ അനുധാവനം ചെയ്യാം. ആഴമേറിയ താഴ്‌വരകളും ഉയര്‍ന്ന ഭീമാകാരങ്ങളായ ഗിരിനിരകളും പിന്നിട്ട് അയാള്‍ വന്യമായ ഒരു മരുഭൂമിയുടെ മധ്യത്തിലെത്തിച്ചേര്‍ന്നു. ഭീതിദമായൊരു ഘോരശബ്ദമാണ് അവിടെ അയാളെ എതിരേറ്റത്. കാടിളക്കി ഇറങ്ങിവന്ന പ്രക്ഷുബ്ധനായ ഒരു സിംഹം അക്രമിക്കാനോങ്ങി നില്‍ക്കുന്നു. സിംഹത്തെ കണ്ടപാടേ ചകിതനായി അയാള്‍ ജീവനും കൊണ്ടോടി. ഓട്ടത്തിനിടിയില്‍ അറുപതടി താഴ്ചയുള്ള ഒരു പൊട്ടക്കിണര്‍ കണ്ടു. ആത്മരക്ഷാര്‍ഥം അയാള്‍ അതിലേക്കെടുത്തുചാടി. താഴേക്കു പതിക്കുന്നതിനിടയിലാണ് കൈകള്‍ ഒരു മരത്തില്‍ തടഞ്ഞത്. കിണറിന്റെ ഭിത്തിയിലേക്കു പടര്‍ന്നു പിടിച്ച രണ്ടു തണ്ടുകള്‍ ആ മരത്തിനുണ്ടായിരുന്നു. അയാള്‍ ആ ഇരു തണ്ടിലുമായി പിടിമുറുക്കി. കറുപ്പും വെളുപ്പും നിറത്തിലുണ്ടായിരുന്ന ആ തണ്ടുകള്‍ യഥാര്‍ഥത്തില്‍ കിണര്‍ ഭിത്തികളെ അവയുടെ കൂര്‍ത്ത ദംഷ്ട്രങ്ങളാല്‍ ചവച്ചരച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇടക്കൊന്നു അയാള്‍ മേല്‍പോട്ടു നോക്കി. സിംഹം ഒരു കാവല്‍ക്കാരന്‍ കണക്കെ കിണറ്റിന്‍കരയില്‍ മോങ്ങി നില്‍ക്കുന്നു. താഴേക്കു നോക്കിയപ്പോള്‍ ഏതാണ്ട് മുപ്പത് മുഴം അകലത്തില്‍ ഒരു ഭീകര സര്‍പ്പം തന്നെയിപ്പോള്‍ വിഴുങ്ങും എന്ന മട്ടില്‍ തലനിവര്‍ത്തി ഫണുയര്‍ത്തിയാടുന്നു. കിണറിന്റെ അതേ വലിപ്പമുണ്ട് സര്‍പ്പത്തിന്റെ വായക്കും. വിഷപ്രാണികളുടെ വലിയൊരു കൂട്ടം ചുറ്റും വട്ടമിട്ടു പറക്കുന്നു. ഒന്നുകൂടി മേലോട്ടു നോക്കിയപ്പോള്‍ ബോധ്യമായി, താന്‍ കണ്ടത് അത്തിമരമാണെന്ന്. പക്ഷേ അതിലെ പഴങ്ങള്‍ക്ക് വര്‍ണവൈവിധ്യമുണ്ടായിരുന്നു. അവയുടെ കൂട്ടത്തില്‍ ഇളനീര്‍ പഴം മുതല്‍ മാതളം വരെയുണ്ടായിരുന്നു.
ഇക്കണ്ട ദൃശ്യങ്ങളൊക്കെ സര്‍വസാധാരണമായ ഒന്നല്ല എന്നോ യാദൃഛികമായി സംഭവിക്കുന്നതല്ല എന്നോ തിരിച്ചറിയാനുള്ള കഴിവ് ദൗര്‍ഭാഗ്യവാനായ ആ മനുഷ്യനുണ്ടായിരുന്നില്ല. ചിന്താമാന്ദ്യത്തിന്റെ ഉടമയായിരുന്നു അയാള്‍. വിസ്മയജന്യമായ ഈ സംഭവങ്ങളുടെയെല്ലാം പിന്നില്‍ അസാധാരണമായ രഹസ്യങ്ങളുണ്ടെന്നും അവയെല്ലാം യുക്തിപൂര്‍വം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് എന്നും അയാള്‍ മനസ്സിലാക്കാതെ പോയി.
ഹൃദയം വിതുമ്പുകയും ആത്മാവ് അലമുറയിടുകയും ബുദ്ധി വേദനകൊണ്ട് പുളയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ പാപപ്രേരിതനായ അയാള്‍ ഔചിത്യബോധമില്ലാതെ അത്തിമരത്തിലെ പഴങ്ങളോരോന്നു പിഴുതെടുത്ത് തിന്നുകൊണ്ടിരുന്നു. ഹൃദയവിതുമ്പലോ ആത്മരോദനമോ ഒന്നും കേള്‍ക്കാനാവാത്തവിധം അയാളുടെ കാതുകള്‍ ബധിരമായിപ്പോയിരുന്നു. പ്രലോഭിത മനസ്സിന്റെ പ്രേരണയില്‍ താന്‍ തിന്നുകൊണ്ടിരുന്ന പഴങ്ങള്‍ വിഷലിപ്തമാണ് എന്നു പോലും അയാള്‍ അറിഞ്ഞിരുന്നില്ല. ഭാഗ്യഹീനനായ ഈ മനുഷ്യന്റെ ഗതി കാണുമ്പോള്‍ ഖുദ്‌സിയായ ഒരു ഹദീസ് ഓര്‍മവരുന്നു:
'എന്നെക്കുറിച്ച് എന്റെ ദാസന്‍ എന്താണോ ധരിച്ചുവെച്ചിരിക്കുന്നത് അതു പ്രകാരമായിരിക്കും ഞാന്‍ അവനോട് പെരുമാറുക.'
ഇവിടത്തെ കഥാപാത്രം എങ്ങനെയാണോ തന്റെ നാഥനെ മസ്സിലാക്കിയത്, അതുപോലെ അയാളോട് അല്ലാഹുവും പെരുമാറുകയാണ്, ഇടപെടുകയാണ്. യുക്തിരഹിതമായി, ഉദ്ദേശ്യാധിഷ്ടമല്ലാതെ സര്‍വസാധാരണയായി നടക്കുന്ന കാര്യങ്ങളാണ് താന്‍ കണ്ടതെല്ലാം എന്നു നിനച്ചതിന്റെ അനിവാര്യമായ ഭവിഷ്യത്താണ് അല്ലാഹുവില്‍നിന്ന് അയാള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. തെറ്റായ ധാരണയുടെയും പതിതമായ വങ്കത്തത്തിന്റെയും പിടിയിലകപ്പെട്ട് മരിക്കാനും ജീവിക്കാനും കഴിയാത്തവിധം ശിക്ഷയുടെ നെരിപ്പോടില്‍ കിടന്ന് പിടക്കുകയാണയാള്‍. നമുക്കയാളെ വഴിയിലുപേക്ഷിച്ചു പിന്തിരിയാം. അഭിശപ്തനായ അവന്‍ തനിക്കു വിധിച്ച ശിക്ഷ സ്വയം അനുഭവിക്കട്ടെ. നമുക്കിനി അപരന്റെ കഥയിലേക്ക് കടക്കാം.
സങ്കീര്‍ണതകള്‍ അല്‍പം പോലും അനുഭവിക്കാതെ നേര്‍ബുദ്ധിക്കാരനായ അനുഗൃഹീത മനുഷ്യന്‍ വഴിതാണ്ടുകയായിരുന്നു. സല്‍സ്വഭാവിയായിരുന്നതിനാല്‍ സദ്കൃത്യങ്ങളെക്കുറിച്ചും ശുഭവൃത്താന്തങ്ങളെക്കുറിച്ചും മാത്രമായിരുന്നു അയാളുടെ ചിന്ത. ഭാവനയുടെ കടിഞ്ഞാണ്‍ കൊണ്ട് ഹൃദ്യവും സൗമ്യമായതും മാത്രം അയാള്‍ പെറുക്കിയെടുത്തു. ഒരുതരം ആത്മവിനോദത്തിലേര്‍പ്പെടുകയായിരുന്നു അയാള്‍. തന്റെ സഹോദരന്‍ അനുഭവിച്ചതുപോലുള്ള ഇടുക്കവും കടുപ്പവും അയാള്‍ക്കനുഭവിക്കേണ്ടിവന്നില്ല. ചിട്ടകളെയും വ്യവസ്ഥകളെയും സംബന്ധിച്ച് കൃത്യമായി അയാള്‍ക്കറിയാമായിരുന്നു. നേതൃത്വത്തെ അനുസരിച്ചും നിയമങ്ങളെ മാനിച്ചുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ജീവിതയാത്രയില്‍ വരാനിരിക്കുന്നതെന്തും തനിക്കു എളുപ്പമായിരിക്കുമെന്നയാള്‍ വിശ്വാസിച്ചു. സ്വാസ്ഥ്യത്തിന്റെയും സ്ഥൈര്യത്തിന്റെയം തണല്‍ പറ്റി അങ്ങനെ അയാള്‍ സ്വഛമായി, സ്വതന്ത്രമായി സഞ്ചരിച്ചു. യാത്രക്കിടയില്‍ പൂക്കളും കായ്കനികളും ജീവജാലങ്ങളും കൊണ്ട് നിബിഢമനോജ്ഞമായ ഒരു ഉദ്യാനത്തില്‍ അയാളെത്തിച്ചേര്‍ന്നു.
ഭാഗ്യഹീനനായ അയാളുടെ സഹോദരനും ഇതേ തോട്ടത്തില്‍ നേരത്തേ പ്രവേശിച്ചിരുന്നു. അവിടെക്കിടന്ന് ചത്തുനാറുന്ന ശവങ്ങളെ നോക്കി നിര്‍വൃതിയടയുകയായിരുന്നു, പക്ഷേ അയാള്‍. മനംപിരട്ടലും തലകറക്കവും പിടിപെട്ടതിനാല്‍ മറ്റൊന്നും ചിന്തിക്കാന്‍ അയാള്‍ക്കു സാധിച്ചില്ല. തുടര്‍ന്നുള്ള യാത്രക്ക് ഉപകരിക്കുന്നതോ സുഖകരമാക്കുന്നതോ ആയ യാതൊന്നും ആ ഉദ്യാനത്തില്‍നിന്ന് കൈവശപ്പെടുത്താന്‍ അയാള്‍ക്ക് സാധിച്ചതുമില്ല. സാത്വികനായ സഹോദരനില്‍നിന്നുണ്ടായ സമീപനം പക്ഷേ മറിച്ചായിരുന്നു. 'ഏറ്റവും മികച്ചതിലേക്കു നോക്കുക' എന്ന സിദ്ധാന്തമാണ് അയാള്‍ പ്രാവര്‍ത്തികമാക്കിയത്. ചത്തുനാറുന്ന ശവങ്ങള്‍ അയാള്‍ ഗൗനിച്ചതേയില്ല. അങ്ങോട്ടു തിരിഞ്ഞുനോക്കിയതുമില്ല. മറിച്ച്, ഉദ്യാനത്തിലെ പഴങ്ങളും ഭക്ഷ്യവിഭവങ്ങളം കൈവശപ്പെടുത്തി സമ്പൂര്‍ണസൗഖ്യത്തിന്റെ സഞ്ചാര വീഥിയിലൂടെ അയാള്‍ യാത്ര തുടര്‍ന്നു.
പ്രവിശാലമായ ഒരു മണലാരണ്യത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ സാത്വികനും സൗഭാഗ്യവാനുമായ സഹോദരന്‍. തന്റെ നേരെ ചാടിവീഴാനോങ്ങുന്ന സിംഹത്തിന്റെ ഗര്‍ജനം പൊടുന്നനെയാണ് അയാള്‍ കേട്ടത്. പക്ഷേ ദുര്‍ബുദ്ധിക്കാരനായ സ്വന്തം സഹോദരനെപ്പോലെ അയാള്‍ പേടിച്ചുവിരണ്ടില്ല. സല്‍ബുദ്ധികൊണ്ടയാള്‍ നേര്‍വഴിക്കു ചിന്തിച്ചു.
'തീര്‍ച്ചയായും ഈ മണലാരണ്യത്തിനുമുണ്ടാവും ഒരു യജമാനന്‍. പ്രസ്തുത യജമാനനു കീഴില്‍ വിശ്വസ്തനായൊരു സേവകനായി കഴിയാനായിരിക്കും ഒരുപക്ഷേ ഈ സിംഹത്തിന്റെ നിയോഗം.' സാത്വികന്‍ ആത്മഗതം ചെയ്തു.
ആ വാക്കുകള്‍ അയാള്‍ക്കു ആത്മനിര്‍വൃതി പകര്‍ന്നു. പക്ഷേ അയാള്‍ അവിടെ കൂടുതല്‍ നിന്നില്ല. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ എത്തിപ്പെട്ടത് അറുപതടി താഴ്ചയുള്ള വന്യമായ ആ പൊട്ടക്കിണറ്റിനരികിലാണ്. തന്റെ സഹോദരനെപ്പോലെ അയാളും കിണറ്റിലേക്ക് ചാടി. അത്തിമരത്തില്‍ പിടിച്ച് കിണറിന്റെ മധ്യത്തില്‍ തൂങ്ങിക്കിടന്നു. അപ്പോഴാണ് രണ്ടു ഇഴജന്തുക്കള്‍ വന്നു മരത്തിന്റെ ചുവടുകള്‍ പതുക്കെപ്പതുക്കെ മാന്തുന്നത് അയാള്‍ കണ്ടത്. മേലോട്ടു നോക്കിയപ്പോള്‍ സിംഹം നിന്ന നില്‍പ്പില്‍ അവിടെത്തന്നെയുണ്ട്. താഴെയാണെങ്കില്‍ ഫണം വിടര്‍ത്തിയാടുന്ന ഭീകരസര്‍പ്പവും. തികച്ചും അസാധാരണമായ ഒരു സര്‍പ്പം. പരിഭ്രാന്തനായിപ്പോയെങ്കിലും ദുര്‍ബുദ്ധിക്കാരനായ സഹോദരനേക്കാള്‍ ആയിരം മടങ്ങ് ആര്‍ജവമുണ്ടായിരുന്നു അയാള്‍ക്ക്. സല്‍സ്വഭാവവും നേര്‍ബുദ്ധിയും ഹൃദ്യചിന്തയും മാത്രമായിരുന്നു ദൈവദത്തമായി കിട്ടിയ അനുഗ്രങ്ങള്‍ എന്നതുകൊണ്ട് കാര്യങ്ങളെ ശരിയായ ദിശയിലൂടെ മാത്രമേ അയാള്‍ നോക്കിക്കണ്ടുള്ളൂ.
'പരസ്പരം ബന്ധിതമാണ് ഇക്കാണുന്നതും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സമസ്ത കാര്യങ്ങളും. ഒരൊറ്റ കല്‍പനയാണ് സകലതിനെയും ചലിപ്പിക്കുന്നത്. തീര്‍ച്ചയായും ഭീതിജനകമായ ഈ പ്രവര്‍ത്തനങ്ങളിലെല്ലാം നിഗൂഢവും ദുരൂഹവുമായ ഒരു രഹസ്യം ഒളിഞ്ഞുകിടപ്പുണ്ടാവും.' അയാള്‍ സ്വയം പറഞ്ഞു.
അതേ. അദൃശ്യനായ പ്രപഞ്ചനിയന്താവിന്റെ തീരുമാനങ്ങളിലേക്കാണ് ഇപ്പറഞ്ഞതെല്ലാം മടങ്ങിയെത്തുന്നത്. ഞാനിവിടെ ഒറ്റക്കല്ല. അദൃശ്യനായ പ്രപഞ്ചനിയന്താവ് എന്നെ നിരീക്ഷിക്കുന്നുണ്ട്. എന്നെ ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അവന്റെ കൃത്യമായ യുക്തിയാണ് എന്നെയിവിടേക്ക് ആനയിച്ചത്, വിളിച്ചുവരുത്തിയത്. മനോജ്ഞമായ ചിന്തയും ഹൃദ്യമായ ഭീതിയും സമന്വയിച്ചതോടെ സാത്വികനില്‍ വ്യത്യസ്തമായ ഒരു ചോദ്യമുയര്‍ന്നു:
'ആരായിരിക്കും എനിക്കീ അനുഭവങ്ങളൊരുക്കിത്തരുന്നത്? സ്വത്വം തിരിച്ചറിയാന്‍ തന്നെയിതുപോലെ സജ്ജമാക്കുന്നത് ആരാണ്? കൃത്യമായ ഒരു ദിശയിലേക്ക് സഞ്ചരിക്കാന്‍ വിസ്മയജന്യമായ ഈ വഴിയിലൂടെ എന്നെ തിരിച്ചുവിട്ടതാരാണ്?'
മനസ്സിന്റെ ആഴങ്ങളില്‍ ഇത്തരം ചോദ്യമന്ത്രങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ആ യാഥാര്‍ഥ്യം ഉടമസ്ഥനെ തിരിച്ചറിയാനുള്ള മോഹം സാത്വികനില്‍ മൊട്ടിട്ടു. ചോദ്യങ്ങള്‍ സൃഷ്ടിച്ച പുതിയ സമസ്യകളുടെ കുരുക്കഴിക്കാനുള്ള അഭിലാഷമായി പിന്നീട്. ആ അഭിലാഷമാണ് തുടര്‍ന്ന് അയാളെ പ്രപഞ്ചനിയന്താവിന്റെ പ്രീതിക്കും ഇഷ്ടത്തിനുമൊപ്പിച്ച് മനോഹരമായി ചുവടുവെക്കാന്‍ പ്രചോദിപ്പിച്ചത്.
സാത്വികന്‍ മേലോട്ടു നോക്കിയപ്പോള്‍ മനസ്സിലായി, അതൊരു അത്തിമരമാണെന്ന്. പക്ഷേ അതിന്റെ ശിഖരാഗ്രങ്ങളില്‍ ആയിരക്കണക്കായ ഇനം പഴവൈവിധ്യങ്ങള്‍ നിറഞ്ഞു കവിഞ്ഞുകിടക്കുന്നു. പിന്നെ വൈകിയില്ല, ഭീതിയപ്പാടെ അയാളില്‍നിന്ന് ഒഴിഞ്ഞുപോയി. കൃത്യമായി അയാള്‍ അനുഭവിച്ചറിഞ്ഞു, അതൊരു 'ഉള്ളടക്കവും' (Content) 'പ്രദര്‍ശനവും' (Exhibition) ആണെന്ന്, അദൃശ്യനായ പ്രപഞ്ചനിയന്താവ് തന്റെ ഉദ്യാനവല്ലികളിലുടനീളം അമാനുഷ രൂപഭാവങ്ങളോടെ അലങ്കാരവേലകള്‍ ചെയ്തുവെച്ചിരിക്കുകയാണെന്ന്, ഭൂമിയിലെ തന്റെ അതിഥികള്‍ക്കായി തയാറാക്കിവെച്ചിരിക്കുന്ന സ്വാദിഷ്ടമായ ആഹാരവൈജാത്യങ്ങളിലേക്കുള്ള സൂചനയാണ് അതെന്ന്. ദൈവിക യുക്തിയില്ലെങ്കില്‍ എങ്ങനെയാണ് ഒരേയൊരു അത്തിമരത്തില്‍നിന്ന് ആയിരക്കണക്കായ ഇനം പഴവൈവിധ്യങ്ങള്‍ കായ്ക്കുക. ആ അത്ഭുതദൃശ്യം കണ്ട് സാത്വികന്‍ വിനയാന്വിതനായി പ്രാര്‍ഥിച്ചുപോയി; 'മണ്ണിലെ ഭവനങ്ങളുടെയും വിണ്ണിലെ വിസ്മയങ്ങളുടെയും നാഥാ, ഞാനിതാ നിന്നില്‍ അഭയം തേടുന്നു, വിനയാന്വിതനായി നിന്നോട് അര്‍ഥിക്കുന്നു: ഞാന്‍ നിന്റെ ദാസന്‍. എന്റെ മോഹം നിന്റെ പ്രീതി. എന്റെ തേട്ടം നിന്റെ സാമീപ്യം.'
(തുടരും)
മൊഴിമാറ്റം: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Comments