Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

'അവര്‍ക്ക് ഔറംഗസീബിനെ പന്തുതട്ടി കളിക്കണം'

ഓദ്രെ ട്രഷ്‌കെ

ന്യൂജഴ്‌സി റൂട്‌ജേഴ്‌സ് യൂനിവേഴ്‌സിറ്റിയിലെ ദക്ഷിണേഷ്യന്‍ ചരിത്ര പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറാണ് ഓദ്രെ ട്രഷ്‌കെ. 2016-ല്‍ പുറത്തിറങ്ങിയ അവരുടെ കള്‍ച്ചറല്‍ എന്‍കൗണ്ടേഴ്‌സ്: സാന്‍സ്‌ക്രിറ്റ് അറ്റ് ദ മുഗള്‍ കോര്‍ട്ട് എന്ന പുസ്തകം ചരിത്രാനേഷികളുടെ ധാരണകളെ പുതുക്കിപ്പണിയാന്‍ സഹായിച്ചു. അവരുടെ പുതിയ പുസ്തകമായ ഔറംഗസീബ്: ദ മാന്‍ ആന്റ് ദ മിത്ത് എന്ന പുസ്തകം, ഇന്ത്യാ ചരിത്രത്തിലെ വെറുക്കപ്പെട്ട ഒരു ഭരണാധികാരിയായി അവതരിപ്പിക്കപ്പെട്ടയാളെ കുറിച്ച് പുതിയൊരു സംവാദത്തിന് വഴിതുറന്നിരിക്കുകയാണ്. കേവല പ്രകീര്‍ത്തനത്തിന്റെയും അന്ധമായ വിമര്‍ശനത്തിന്റെയും രീതികളില്‍നിന്ന് വ്യസ്ത്യസ്തമായ സമീപനമാണ് ട്രഷ്‌കീ സ്വീകരിക്കുന്നത്. ഫ്രണ്ട്‌ലൈന്‍ ദൈ്വവാരികക്ക് അവര്‍ നല്‍കിയ അഭിമുഖത്തില്‍നിന്ന്:

 

മുഗള്‍ ചക്രവര്‍ത്തിമാരുടെ, വിശേഷിച്ചും ഔറംഗസീബിന്റെ ചരിത്രം പഠിക്കുമ്പോള്‍,  നിലവിലെ സാമൂഹിക-രാഷ്ട്രീയ പരിസരത്തുനിന്നുകൊണ്ട് ഭൂതകാലത്തെ വിലയിരുത്തുന്ന തെറ്റായ രീതി നമ്മള്‍ അവലംബിക്കുന്നുണ്ടോ?

21-ാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പ്രാഥമികമായി നിലവിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ചരിത്രത്തെ നോക്കിക്കാണുന്നതില്‍ തെറ്റുപറയാനാവില്ല. എന്നാല്‍, നിലവിലെ സാഹചര്യം കുഴപ്പങ്ങള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിയാന്‍ പരാജയപ്പെടുന്നിടത്താണ് പലപ്പോഴും ആളുകള്‍ക്ക് പിഴവ് സംഭവിക്കുന്നത്. അതുവഴി ഭൂതകാലത്തെ കുറിച്ച് തെറ്റായ ധാരണകളുണ്ടാവാന്‍ കാരണമാവുന്നു. ഔറംഗസീബിന്റെ കാര്യത്തില്‍, നിലവിലെ വിഷയങ്ങള്‍ ചെലുത്തുന്ന പരിമിതികള്‍ക്കപ്പുറം സഞ്ചരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. തീര്‍ത്തും വ്യത്യസ്തമായി മാനദണ്ഡങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിധേയമായ വര്‍ത്തിച്ച ഒരുകാലത്തെ ഒരു ചക്രവര്‍ത്തിയുടെ ലോകം കണ്ടെത്താനായിരുന്നു എന്റെ ശ്രമം. എന്നാല്‍, മുഗള്‍ചരിത്രത്തെ സത്യസന്ധമായി പുനര്‍നിര്‍മിക്കാന്‍ പലര്‍ക്കും താല്‍പര്യമില്ല. പകരം, ഔറംഗസീബിനെ ഒരു രാഷ്ട്രീയ കളിപ്പാട്ടമാക്കി, ഇന്ത്യയിലേതു പോലെ നിലവിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുസ്‌ലിംവിരുദ്ധ വികാരം വളര്‍ത്തുന്നതിന് ഉപയോഗിക്കാനാണ് അവര്‍ക്ക് താല്‍പര്യം.

 

പ്രചരിപ്പിക്കപ്പെടുന്നതുപോലെ, ഒരു ഹിന്ദുവിരുദ്ധ ഭരണാധികാരിയായിരുന്നോ ഔറംഗസീബ്? ഹിന്ദു സമുദായത്തിന്റെ സംരക്ഷകനായും എല്ലോറ ക്ഷേത്രകലകളില്‍ ദിവ്യത്വം കണ്ടെത്തുന്നയാളുമായിട്ടാണ് നിങ്ങളുടെ പുസ്തകത്തില്‍ ഔറംഗസീബ് പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടും കെട്ടുകഥകള്‍ തുടരുകയാണ്.

ഹിന്ദുവിരുദ്ധ ഇസ്‌ലാമിക മതഭ്രാന്തനെന്ന ആധുനികകാല വിശേഷണത്തിന് എന്തുതന്നെയായാലും ഔറംഗസീബ് അര്‍ഹനല്ല. നമ്മുടെ കാലത്ത് അസഹനീയമെന്ന് തോന്നിക്കുന്ന പല നടപടികളും കൈക്കൊണ്ടയാളാണ് ഔറംഗസീബ്. ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തത്, അമുസ്‌ലിംകള്‍ക്കുമേല്‍ ജിസ്‌യ ചുമത്തിയത് തുടങ്ങിയ നടപടികള്‍ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അതേസമയം തന്നെ, അദ്ദേഹം ഒരുപാട് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ സംരക്ഷിക്കുകയും മുഗള്‍ സിംഹാസനത്തില്‍ ഹിന്ദുക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്തു. ഔറംഗസീബ് തകര്‍ത്തതിനേക്കാള്‍ എത്രയോ മടങ്ങ് ഹിന്ദു, ജൈന ആരാധനാലയങ്ങളെ ഔറംഗസീബ് സംരക്ഷിച്ചിട്ടു് എന്നതിനാല്‍ അതിന് ശരിയായ ചരിത്ര വ്യാഖ്യാനവും വിശദീകരണവും ആവശ്യമാണ്. സാമുദായികവിദ്വേഷം ഇക്കാര്യത്തില്‍ യാതൊരു ഗുണവും ചെയ്യില്ലെന്ന് നാം അംഗീകരിക്കണം. അതുകൊണ്ടാണ് ധാര്‍മികവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് ഹിന്ദു, ജൈന ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഔറംഗസീബ് സ്വീകരിച്ച സമീപനത്തിന് ആധാരമെന്ന് ഞാന്‍ വാദിക്കുന്നത്. മറ്റെല്ലാറ്റിനുമുപരി, ഭരണത്തിന്റെ പ്രായോഗികതയും മുഗള്‍ രാജാധിപത്യത്തിന്റെ മുന്‍ഗണനകളും അധികാരദാഹവുമാണ് ആ നടപടികള്‍ക്ക് ഹേതുവായത്, ഹിന്ദുവിരോധമല്ല.

 

അക്ബറിനെ നായകനാക്കുന്നതിന്റെ വിശദീകരണമെന്ന നിലക്ക്, ഔറംഗസീബിനെ വില്ലനായി ചിത്രീകരിക്കുകയായിരുന്നു എന്നൊരാള്‍ക്ക് തോന്നാവുന്നതാണ്. ഇന്നും നിലനില്‍ക്കുന്ന 'നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം' എന്ന വിവേചനത്തിന്റെ പ്രാകൃതരൂപമായിരുന്നോ ഈ ചിത്രീകരണം?

പൊതുജന സ്മൃതികളില്‍ അക്ബറിന്റെ എതിര്‍വശത്താണ് ഔറംഗസീബിനെ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ദാരാ ഷിഖോവിന്റെ എതിരാളിയായും ഔറംഗസീബിനെ അടയാളപ്പെടുത്താറുണ്ട്. ജനങ്ങള്‍ മനസ്സിലാക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ഏറെ സങ്കീര്‍ണതകളുള്ള രണ്ട് വ്യക്തിത്വങ്ങളാണ് ദാര ഷിഖോവും അക്ബറും. കള്‍ച്ചര്‍ ഓഫ് എന്‍കൗണ്ടേഴ്‌സ് എന്ന പുസ്തകത്തില്‍ ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, 'ചീത്ത മുസ്‌ലിമായ' ഒരാളുടെ പ്രതിഛായ മാറ്റിപ്രതിഷ്ഠിക്കുമ്പോള്‍ പലര്‍ക്കും പ്രയാസം സൃഷ്ടിക്കും. 'നല്ല മുസ്‌ലിം' ആയ ഒരാളുടെ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത്രയും പ്രയാസമുണ്ടാവുന്നില്ല. പൂര്‍വാധുനിക ചക്രവര്‍ത്തിമാരെ അവരുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുന്നത് ചരിത്രത്തോട് നാം സ്വീകരിക്കുന്ന ബാലിശമായ സമീപനത്തില്‍പെട്ടതാണെന്നേ പറയാനുള്ളൂ.

 

ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ഔറംഗസീബ് ഉത്തരവിടുന്നതിനും മുമ്പ്, ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ടിരുന്ന ഹിന്ദു രാജാക്കന്മാരുണ്ടായിരുന്നു. എന്നാല്‍, ഔറംഗസീബിനെ പോലെ അവരാരും തന്നെ വിമര്‍ശനത്തിനും വിലയിരുത്തലിനും വിധേയരാവുന്നില്ല.

ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം ആരംഭിക്കുന്നതിനുമുമ്പ്, ഹിന്ദുരാജാക്കന്മാര്‍ പരസ്പരം ഏറ്റുമുട്ടുകയും അന്യോന്യം ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ ചരിത്രത്തിന്റെ കൊളോണിയല്‍ ആഖ്യാനത്തെ തകര്‍ക്കുന്നതാണ് ഈ വസ്തുത. ഇന്ത്യയില്‍ ഹിന്ദുക്കളുടെ കീഴില്‍ ഒരു സുവര്‍ണകാലമുണ്ടായിരുന്നുവെന്നും അധിനിവേശകരായ മുസ്‌ലിം രാജാക്കന്മാരാണ് ആ സുവര്‍ണകാലം തകര്‍ത്തതെന്നുമുള്ള ആ പാഠങ്ങള്‍ ഇന്നും ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുകയാണല്ലോ. ഈ സമീപനത്തില്‍ ഒരുപാട് കക്ഷികള്‍ക്ക് ലാഭേഛയും പ്രതീക്ഷയുമുണ്ട്. ആ നിലക്കുള്ള ചരിത്രാന്വേഷണങ്ങളെ അവര്‍ പ്രോത്സാഹിപ്പിക്കുകയാണ്.

 

നമ്മുടെ മതാഭിനിവേശം മൂലം ഔറംഗസീബ് കരുവാക്കപ്പെടുകയാണ് എന്ന വാദം അംഗീകരിക്കുന്നുണ്ടോ?

സങ്കീര്‍ണതകള്‍ ഏറെയുള്ള 17,18 നൂറ്റാണ്ടുകളില്‍ ഏറെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ച ഒരു ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിനെ മനസ്സിലാക്കാന്‍ പരാജയപ്പെടുന്നത് വഴി നമ്മളാണ് കരുവാക്കപ്പെടുന്നതെന്നാണ് എന്റെ വാദം. ഔറംഗസീബിനെ പഠിക്കുകയെന്നാല്‍, അദ്ദേഹത്തെ ഇഷ്ടപ്പെടാമോ ഇല്ലയോ എന്ന് തീരുമാനിക്കുകയാണ് എന്ന നില വന്നിരിക്കുന്നു. ഈ കാഴ്ചപ്പാട് തെറ്റാണ്. ഔറംഗസീബിന്റെ ലോകം, അദ്ദേഹം മുഗള്‍ സാമ്രാജ്യത്തിന് നല്‍കിയ സംഭാവന എന്നിവ മനസ്സിലാക്കുക എന്നതായിരിക്കണം ചരിത്രാന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. ഭൂതകാലത്തെ കുറിച്ച് ശരിയായ കാഴ്ചപ്പാട് ലഭിക്കാനും വരാനിരിക്കുന്ന കാലം നല്ലൊരു ലോകം സൃഷ്ടിക്കാനും അതുവഴി നമുക്കാകും. 

ഔറംഗസീബിനെ പറ്റി ഞാന്‍ എഴുതിയ ചെറിയ ജീവചരിത്രത്തില്‍ പറഞ്ഞതിനേക്കാള്‍ ഏറെ അദ്ദേഹത്തെ കുറിച്ച് പറയാനുണ്ട്. ഔറംഗസീബ് ആലംഗീറിനെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള പദ്ധതിയില്‍ കൂടുതല്‍ ചരിത്രാന്വേഷകര്‍ ഭാഗഭാക്കാകുമെന്നാണ് എന്റെ പ്രതീക്ഷ. 

 

വിവ: എ. മുഹമ്മദ് അനീസ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍