Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

അധികാരത്തിലെ ആര്‍.എസ്.എസ് ഹിംസാത്മക രാഷ്ട്രീയത്തിന്റെ അഴിഞ്ഞാട്ടങ്ങള്‍

ഫസല്‍ കാതിക്കോട്

2014-ലെ വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസിന്റെ പതിവു വാര്‍ഷിക ദസറ പ്രഭാഷണത്തിന് ഞെട്ടിക്കുന്ന ഒരു പ്രത്യേകതയുണ്ടായിരുന്നു. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭഗവത് നടത്തിയ ആ പ്രഭാഷണം മുഴുവനായും ഇന്ത്യയുടെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തു.  മോഹന്‍ ഭഗവത് രാജ്യ ഭരണാധികാരിയുടെ സ്ഥാനത്തുനിന്ന്  ആര്‍.എസ്.എസ് സംഘത്തോടെന്ന പോലെ തികഞ്ഞ ആധികാരികതയോടെ  ജനങ്ങളെ മുഴുവന്‍ രാജ്യത്തിന്റെ ഔദ്യോഗിക ചാനലിലൂടെ അഭിസംബോധന ചെയ്യുക! ഇലക്ഷന്‍ സമയത്ത് അംഗീകൃത ദേശീയ പാര്‍ട്ടികള്‍ക്ക് ദൂരദര്‍ശന്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാറുണ്ട്. നേരത്തേ തയാറാക്കിയ പ്രസംഗം ദൂരദര്‍ശന് സമര്‍പ്പിക്കുകയും അവരുടെ എഡിറ്റിംഗിനു ശേഷം അവതരിപ്പിക്കാന്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ആര്‍. എസ്.എസ് നേതാവിന്റെ പ്രസംഗം നേരിട്ട് ലൈവായി നല്‍കുകയാണുണ്ടായത്.  മോദി ഭരിക്കുന്ന ഇന്ത്യയില്‍ ആര്‍. എസ്.എസ് എല്ലാ നിയമങ്ങള്‍ക്കുമതീതമാണെന്നും അവര്‍ക്ക് അംഗീകൃത പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ പരിഗണനയുണ്ടെന്നുമാണ് മനസ്സിലാക്കേണ്ടത്.

ഇതിന്റെ അര്‍ഥം മറ്റൊന്നുമല്ല.  ബി.ജെ.പി ഭരണത്തില്‍ ആര്‍.എസ്.എസിന്റെ കൈയില്‍ തന്നെയാണ് രാജ്യത്തിന്റെ കടിഞ്ഞാണ്‍ എന്ന് ഇനിയും ബോധ്യമാവാത്തവരെ നേരിട്ടു തന്നെ ബോധ്യപ്പെടുത്താനായിരുന്നു ദൂരദര്‍ശന്റെ ആ അസാധാരണ സംപ്രേക്ഷണം. ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടകള്‍ അവര്‍ക്കില്ലെന്നും ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്ക് സംഘ് പരിവാറിനെക്കുറിച്ചൊന്നുമറിയില്ലെന്നര്‍ഥം. 

വാസ്തവത്തില്‍ രാജ്യമൊന്നാകെ  വരിഞ്ഞുമുറുക്കിക്കഴിഞ്ഞ ആര്‍.എസ്.എസ്  നീരാളിയുടെ ഒരു കൈ മാത്രമാണ് ബി.ജെ.പി.  ഔദ്യോഗിക വെബ്‌സൈറ്റിലെ വിശദീകരണമനുസരിച്ചു തന്നെ, 'രാഷ്ട്രീയ സ്വയം സേവക് സംഘ്' വളര്‍ത്തി വലുതാക്കിയ സംഘ് പരിവാര്‍ എന്ന മഹാ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമാകുന്നു 'ഭാരതീയ ജനതാ പാര്‍ട്ടി.' ഉത്ഭവകേന്ദ്രം - ബി.ജെ.പി.യും ആര്‍.എസ്.എസും (THE FOUNTAINHEAD: THE BJP AND THE RSS) എന്ന തലക്കെട്ടോടെ  ബി.ജെ.പിയുടെ വെബ്‌സൈറ്റില്‍ സ്വന്തം ചരിത്രം പരിചയപ്പെടുത്തുന്ന ലേഖനത്തിന്റെ  ആദ്യവാചകം തന്നെ ഇതാണ്. ആദ്യം ജനസംഘവും പിന്നെ ജനതാ പാര്‍ട്ടിയും അവസാനം ബി.ജെ.പിയുമായിത്തീര്‍ന്ന സ്വന്തം കഥ, എഴുത്തായും ഗ്രാഫിക്‌സായും  പല വിധത്തില്‍ തുടര്‍ന്നു വിശദീകരിക്കുന്നത് എല്ലാ സംശയാലുക്കള്‍ക്കുമുള്ള മറുപടിയാണ്.

''ആര്‍.എസ്.എസിനെപ്പോലെ ബി.ജെ.പിയും ഇന്ത്യയുടെ ഐക്യം,  അഖണ്ഡത,  സവിശേഷമായ വ്യക്തിത്വവും സ്വഭാവങ്ങളും, സാമൂഹികശക്തി,  സാംസ്‌കാരിക അനന്യത ഇവയെല്ലാമായി അഭേദ്യമായി വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. സഹസ്രാബ്ദങ്ങളായി ഈ രാജ്യത്തിന്റെയും ജനങ്ങളുടെയും വ്യക്തിമുദ്രകളായിരിക്കുന്ന വസ്തുതകളാണിവ... 

''ഗതകാല ചരിത്രമാകുന്നു ദേശങ്ങളുടെ തത്ത്വശാസ്ത്രം. സംഘ് പരിവാറിന് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് വളരെ വളരെ വ്യക്തമായ (രഹലമൃ മിറ രഹലമൃ) അവബോധമുണ്ട്. ഇവിടെയൊരു മഹാ നാഗരികത നിലനിന്നിരുന്നു. അതിന്റെ സ്വാധീനങ്ങളും മുദ്രകളും ശ്രീലങ്ക മുതല്‍ തിബറ്റ് വരെയും തെക്കു കിഴക്കനേഷ്യ മുതല്‍ മധ്യേഷ്യ വരെയും ഇന്ത്യാ മഹാസമുദ്രത്തിന്റെ അറ്റങ്ങള്‍ വരെയും വ്യാപിച്ചിരുന്നു. അനേകം അധിനിവേശങ്ങളാല്‍ ആ മഹാ സംസ്‌കാരം അടിച്ചമര്‍ത്തപ്പെട്ടു. ഗ്രീക്കുകാര്‍ മുതല്‍ ഹൂണന്മാര്‍ വരെ, ശാകന്മാര്‍ മുതല്‍ അഫ്ഗാനിലെയും തുര്‍ക്കിയിലെയും മുസ്‌ലിം സൈന്യങ്ങള്‍ വരെ. ബാഹ്യ അധിനിവേശങ്ങള്‍ക്കെതിരെ ആ സംസ്‌കാരം പോരാടുകയും പ്രതിരോധങ്ങള്‍ തീര്‍ക്കുകയും ചെയ്തു. കടുത്ത വെല്ലുവിളികളെയും തുടച്ചുനീക്കാനുള്ള ശ്രമങ്ങളെയും ആ സംസ്‌കാരവും നാഗരികതയും  അതിജീവിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപവും ശിവജിയുടെയും റാണാ പ്രതാപിന്റെയും ഗുരു ഗോവിന്ദ് സിംഗിന്റെയും വീരത്വവും ഇന്ത്യന്‍ ചേതനയുടെ സാക്ഷ്യങ്ങളാണ്....

''സ്വാമി ദയാനന്ദ സരസ്വതിയും വിവേകാനന്ദ സ്വാമികളും സമീപകാലത്ത് ഇന്ത്യന്‍ ദേശീയതയുടെയും വ്യക്തിത്വത്തിന്റെയും പന്തങ്ങളേന്തിയവരാണ്. ശ്രീ അരവിന്ദ മഹര്‍ഷിയും വല്ലഭ ഭായ് പട്ടേലും മഹാത്മാ ഗാന്ധിയും അക്കൂട്ടത്തില്‍ പെട്ടവരാണ്. 1925-ല്‍ ഹെഗ്‌ഡേവാര്‍  സ്ഥാപിക്കുകയും 1940-ല്‍ ഗോള്‍വാള്‍ക്കര്‍ ഏകീകരിക്കുകയും ചെയ്ത ആര്‍.എസ്.എസ് സ്വയം പരിഗണിക്കുന്നത് ഈ വീരപാരമ്പര്യത്തിന്റെ ഔദ്യോഗികമായ നേര്‍ പിന്‍ഗാമിയായാണ്. എല്ലാവര്‍ക്കും നീതി, ആരോടും പ്രീണനമില്ല എന്നതാണ് അതിന്റെ തത്ത്വം. ഹിന്ദുസ്വത്വവും സംസ്‌കാരവുമാണ്  ഇന്ത്യയുടെ നെടുംതൂണ്‍ എന്നതില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലും സമ്പൂര്‍ണ ഹിന്ദുത്വവല്‍ക്കരണമാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. അതിന് യാതൊരു സംശയവുമില്ല. ഈ സ്വത്വവും സംസ്‌കാരവുമാണ് എല്ലാ ഇന്ത്യക്കാരെയും നിര്‍ണയിക്കുന്നത്. അവര്‍ ഏതു മതക്കാരായാലും അവരുടെ ആരാധനാ രീതികള്‍ ഏതുവിധമായാലും എവിടെയായാലും ആര്‍.എസ്.എസിന് എല്ലാവരും തുല്യരാണ്.'' അത്ഭുതപ്പെടേണ്ട, ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വയം പരിചയപ്പെടുത്തലാണിത്. 

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ ഭരണഘടനക്ക് അനുയോജ്യമായ ബൈലോകള്‍ ഉള്ളവയായിരിക്കണം എന്നത് ഇലക്ഷന്‍ കമീഷന്റെ നിബന്ധനയാണ്. അതിനാല്‍ ബി.ജെ.പി ഭരണഘടനയില്‍ ജനാധിപത്യവും മതേതരത്വവും തുടങ്ങി സോഷ്യലിസം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വെബ്‌സൈറ്റില്‍ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ലാത്തതിനാലാവാം അത്തരം എല്ലാ ഭംഗിവാക്കുകളും ഒഴിവാക്കി ഹിന്ദുത്വ ഫാഷിസവുമായുള്ള ബന്ധങ്ങളെല്ലാം തുറന്നു പ്രഖ്യാപിക്കുന്നത്. ജനാധിപത്യം , മതേതരത്വം, സോഷ്യലിസം തുടങ്ങിയ ഇന്ത്യന്‍ ഭരണഘടനയുടെയും അതുവഴി ഈ മഹാരാജ്യത്തിന്റെയും  നിലനില്‍പിന്റെ അടിസ്ഥാന തത്ത്വശാസ്ത്രവും ആദര്‍ശങ്ങളുമായിത്തീര്‍ന്ന മൂല്യങ്ങള്‍ സ്വാതന്ത്ര്യ സമരാനുഭവങ്ങളില്‍നിന്ന് ഇന്ത്യന്‍ ജനത സ്വാംശീകരിച്ചതാണ്. ബി.ജെ.പിയെ സംബന്ധിച്ച് അതൊന്നും തന്നെ പ്രസക്തമല്ല എന്ന പ്രഖ്യാപനം കൂടിയാണിത്.

ഇതിനെല്ലാം പകരം ബി.ജെ.പിയെ സംബന്ധിച്ച് ഗതകാല ചരിത്രമാകുന്നു ദേശങ്ങളുടെ തത്ത്വശാസ്ത്രം (History is the philosophy of nations).  ഈ വാചകം നമ്മെ ഓര്‍മിപ്പിക്കുന്നത് നടുക്കുന്ന ചരിത്രാനുഭവങ്ങളില്‍നിന്ന് ലോകത്തിന് ബോധ്യമായ ഫാഷിസത്തിന്റെ ഒരു സ്വഭാവത്തെയാണ്.  ചരിത്രത്തിലെന്നോ ഉണ്ടായിരുന്ന ഔന്നത്യത്തെക്കുറിച്ച മിഥ്യാഭിമാനം അതിന്റെ മുഖ്യ സ്വഭാവമാണ്. അനിഷേധ്യനായ ഏക ഉന്നത നേതാവ്, അണികളുടെ സൈനികവല്‍ക്കരണം, വംശീയ-സാംസ്‌കാരിക ഔന്നത്യത്തിലുള്ള ഊന്നല്‍, മത വിശ്വാസവുമായും മറ്റും ബന്ധപ്പെടുത്തിയ തീവ്ര ദേശീയത, ദേശീയ ഐക്യത്തിലുള്ള അമിത താല്‍പര്യം, ദേശീയതയുടെ നിര്‍വചനത്തില്‍നിന്ന് വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളെ ഒഴിവാക്കല്‍ തുടങ്ങിയ ഫാഷിസത്തിന്റെ ഒട്ടുമിക്ക സ്വഭാവങ്ങളും ആര്‍.എസ്.എസിനെപ്പോലെ ബി.ജെ.പി.യും വെച്ചുപുലര്‍ത്തുന്നു. 

 

ഹൈഡ്രയുടെ തല

ലിബറലായിരുന്ന നെഹ്‌റു സ്വാതന്ത്ര്യാനന്തരം ഒരു ദേശീയ ഐക്യ സര്‍ക്കാറാണ് രൂപീകരിച്ചത്. കോണ്‍ഗ്രസിനോട് പല വിധത്തിലും വിയോജിക്കുന്നവരാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ രാജ്യത്ത് ലഭിക്കാവുന്ന പ്രമുഖ സാമൂഹിക- രാഷ്ട്രീയ വ്യക്തിത്വങ്ങളെ നെഹ്‌റു മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. അക്കൂട്ടത്തിലെ ഒരു പ്രഗത്ഭ വ്യക്തിത്വമായിരുന്നു ഡോ: ശ്യാമപ്രസാദ് മുഖര്‍ജി. കൊല്‍ക്കത്ത യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറായിരുന്ന സര്‍ അശുതോഷ് മുഖര്‍ജിയുടെ മകനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി 1929-ല്‍ കോണ്‍ഗ്രസ് ബാനറില്‍ ബംഗാള്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ്. കോണ്‍ഗ്രസില്‍ മുസ്‌ലിം പ്രീണനമാരോപിച്ച്  ആര്‍.എസ്.എസ് നേതാക്കളുമായി ബന്ധം പുലര്‍ത്താന്‍ തുടങ്ങിയ അദ്ദേഹം ഹെഡ്‌ഗേവാറിന്റെയും സവര്‍ക്കറുടെയും നിര്‍ദേശപ്രകാരം 1939-ല്‍  ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു. ഇംഗ്ലണ്ടില്‍നിന്ന് അഭിഭാഷകനാവുകയും  അഛന്റെ സ്ഥാനത്ത് കല്‍ക്കത്ത യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറാവുകയും ചെയ്ത അദ്ദേഹത്തെ നെഹ്‌റു ആദ്യ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാക്കി. ഗാന്ധി വധത്തിനു ശേഷം നിരോധിക്കപ്പെട്ട ഹിന്ദുമഹാസഭയില്‍നിന്ന്  ചില ഭിന്നതകളുടെ പേരില്‍ 1948-ല്‍ രാജിവെച്ച് പുറത്തുപോയി. ഗാന്ധി വധത്തിനു ശേഷം നിരോധിക്കപ്പെട്ട ആര്‍.എസ്.എസ് നിരോധനങ്ങള്‍ ഒഴിവാക്കുന്നതിനായി പാര്‍ലമെന്റില്‍ സ്വന്തമായി അംഗങ്ങള്‍ ഉണ്ടാവേണ്ടത് ആവശ്യമാണെന്ന തീരുമാനത്തിലെത്തി. അതിനു വേണ്ടി ഉണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുക്കാന്‍ ആര്‍.എസ്.എസ് നേതാക്കളായ ദീന്‍ ദയാല്‍ ഉപാധ്യായയും ബല്‍രാജ് മധോക്കും  ശ്യാമപ്രസാദ് മുഖര്‍ജിയോടാവശ്യപ്പെട്ടു. 1951 മെയ് മാസത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ ഒരു പാര്‍ട്ടി പ്രഖ്യാപിക്കുകയും അതേ വര്‍ഷം ഒക്‌ടോബറില്‍ അതിലെ അംഗങ്ങളെയെല്ലാം ചേര്‍ത്ത് ഭാരതീയ ജനസംഘം പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍.എസ്.എസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ളതും എന്നാല്‍ പല വിധത്തിലുള്ള മുഖം മൂടികളാല്‍ പലതരം ആശയക്കാരായ ജനങ്ങളെ ഒരുമിച്ചുകൂട്ടാന്‍ സാധിക്കുന്നതുമായ ഘടനയും ആശയങ്ങളുമാണ് ജനസംഘത്തിനുണ്ടായിരുന്നത്. 1952-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3 സീറ്റുകള്‍ നേടി. 57-ല്‍ നാലും 62-ല്‍ 14-ഉം 67-ല്‍ 35-ഉം 71-ല്‍ 22-ഉം സീറ്റുകള്‍ ജനസംഘം നേടി. 

1964-ല്‍ ആര്‍.എസ്.എസ് നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ  ഏകാത്മക മാനവികത എന്ന പേരില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് പുതിയ രാഷ്ട്രീയ തത്ത്വശാസ്ത്രം അവതരിപ്പിച്ചു. 75-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അനേകം ജനസംഘം പ്രവര്‍ത്തകരും തടവിലാക്കപ്പെട്ടു. 77-ല്‍ ജനസംഘവും മറ്റനേകം പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍  ജനതാ പാര്‍ട്ടി രൂപീകരിച്ച് 295 സീറ്റുകള്‍ നേടി  കോണ്‍ഗ്രസിനെ തോല്‍പിച്ചു. 1980 ആയപ്പോഴേക്ക് ജനതാ പാര്‍ട്ടി തകര്‍ന്നു.  80-ലെ ഇലക്ഷനില്‍ ഒറ്റക്ക് മത്സരിച്ച ജനസംഘത്തിന് 31 സീറ്റുകള്‍ കിട്ടി.  ജനസംഘം ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ അതേ വര്‍ഷം പുനഃസംഘടിപ്പിച്ചു. വാജ്‌പേയി ആദ്യ പ്രസിഡന്റായി. 84-ല്‍ ബി.ജെ.പിക്ക് 2 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സംഘ് പരിവാര്‍ അജണ്ടകള്‍ പൂര്‍വാധികം ശക്തിയോടെ ബി.ജെ.പി ഉന്നയിക്കാന്‍ തുടങ്ങി. '86-ല്‍ അദ്വാനി പ്രസിഡന്റായി. '89-ലെ ഇലക്ഷനില്‍ 85 സീറ്റ് കിട്ടിയ ബി.ജെ.പി കമ്യൂണിസ്റ്റ് പാര്‍ട്ടികളോടൊപ്പം വി.പി സിംഗിന്റെ ജനതാദള്‍ സര്‍ക്കാറിനെ പിന്തുണച്ചു. 89-ല്‍ തന്നെ അയോധ്യയില്‍ ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയുക എന്നത് ബി.ജെ.പി മുഖ്യ അജണ്ടയായി ഏറ്റെടുത്തു. 90-ല്‍ അദ്വാനി കുപ്രസിദ്ധമായ രഥയാത്ര നടത്തി. രാമക്ഷേത്രം പണിയുകയെന്ന പ്രചാരണത്തിലൂടെ ഹൈന്ദവ വികാരം ഇളക്കിവിട്ടു. പലയിടത്തും കലാപങ്ങളുണ്ടായി.  91-ലെ ഇലക്ഷനില്‍ 120 സീറ്റുകള്‍ കിട്ടി. 92-ല്‍ ബി.ജെ.പിയും മറ്റു സംഘ് പരിവാര്‍ സംഘടനകളും ചേര്‍ന്ന് കര്‍സേവ നടത്തി ബാബരി മസ്ജിദ് തകര്‍ത്തു. 

96-ല്‍ നടന്ന ഇലക്ഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുപാര്‍ലമെന്റാണ് നിലവില്‍ വന്നത്. 187 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. വാജ്‌പേയി 16 ദിവസത്തേക്ക് പ്രധാനമന്ത്രിയായി. വിശ്വാസവോട്ടിംഗില്‍ പരാജയപ്പെട്ട് പുറത്തുപോയി. പിന്നീട് ദേവഗൗഡയും ഐ.കെ ഗുജ്‌റാളും പ്രധാനമന്ത്രിമാരായെങ്കിലും അനേകം രാഷ്ട്രീയ നാടകങ്ങള്‍ക്കു ശേഷം 1997 ഡിസംബറില്‍ മന്ത്രിസഭ വീണു. 98-ല്‍ നടന്ന ഇലക്ഷനില്‍ വീണ്ടും തൂക്കുപാര്‍ലമെന്റ്. 182 സീറ്റ് നേടിയ ബി.ജെ.പി വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കി. 13 മാസമായിരുന്നു അതിന്റെ ആയുസ്സ്. 99-ല്‍ നടന്ന ഇലക്ഷനില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച എന്‍.ഡി.എ 303 സീറ്റ് നേടി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കി. 2002-ല്‍ നരേന്ദ്ര മോദിയുടെ പിന്തുണയോടെ ഗുജറാത്തില്‍ നടന്ന മുസ്‌ലിം കൂട്ടക്കുരുതി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഫാഷിസ്റ്റ് വംശഹത്യയായി ലോകം വിലയിരുത്തി. 2004-ല്‍ യു.പി.എയുടെ നേതൃത്വത്തില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി. ബി.ജെ.പിക്ക് ലഭിച്ചത് 137 സീറ്റുമാത്രം. 2009-ല്‍ വീണ്ടും മന്‍മോഹന്‍ സിംഗിന്റെ രണ്ടാം യു.പി.എ സര്‍ക്കാര്‍. ബി.ജെ.പിക്ക് 112 സീറ്റുകള്‍. 2014-ല്‍ ബി.ജെ.പി  282 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷത്തോടെ  അധികാരത്തിലെത്തി. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാര്‍ഡ്തലങ്ങളില്‍ കൃത്യമായ ആസൂത്രണത്തോടെ പണിയെടുത്താണ് ഈ വിജയം നേടിയത്. അതിനവര്‍ സകല തന്ത്രങ്ങളും പ്രയോഗിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.പി.എ സര്‍ക്കാറിനോട് വെറുപ്പ് ജനിപ്പിച്ചതോടൊപ്പം ഇക്കാലമത്രയും നിസ്സഹായരായ  ഇരകളായും നിഷ്‌ക്രിയരായ കാഴ്ചക്കാരായും കഴിയാന്‍ വിധിക്കപ്പെട്ട ഇന്ത്യയിലെ 14 ശതമാനം വരുന്ന  മുസ്‌ലിം സമൂഹത്തെ ഹിന്ദുക്കളെ മൊത്തമായി വിഴുങ്ങാന്‍ പോകുന്ന ഭൂതമായി അവതരിപ്പിച്ചുമാണ് ഈ വിജയം നേടിയെടുത്തത്. ഇത്തരം  അവാസ്തവമായ കേവല  പ്രചാരണങ്ങള്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും വന്‍ സ്വാധീനങ്ങള്‍ ഉണ്ടാക്കുന്നു എന്നത്  അമ്പരപ്പിക്കുന്ന വസ്തുതയാണ്. പല തലകളുള്ളതും ഒന്നു വെട്ടിയെടുത്താല്‍ രണ്ട് തലകള്‍ മുളച്ചുവരുന്നതുമായ ഗ്രീക്ക് ഹൈഡ്രയെപ്പോലുള്ള ആര്‍.എസ്.എസിന്റെ ഒരു തലയാണ് ബി.ജെ.പി.

 

പിടിമുറുക്കുന്ന നീരാളിക്കൈകള്‍

ആര്‍.എസ്.എസും മോദി-അമിത് ഷാ അച്ചുതും തമ്മില്‍ നിത്യവുമെന്നോണം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആര്‍.എസ്.എസ് അജണ്ടയിലുള്ള ഹിന്ദുത്വവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് മോദി ഒന്നാമത്തെ പരിഗണന നല്‍കുന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഹിന്ദുത്വവല്‍ക്കരിക്കുക എന്നത് ആര്‍.എസ്.എസിന്റെ ഒന്നാമത്തെ അജണ്ടയില്‍ പെട്ടതാണ്. അവിടെ ഹിന്ദുക്കള്‍ ക്രിസ്ത്യാനികളായി മാറി ഹിന്ദുത്വവല്‍ക്കരണത്തിന് എതിരായിത്തീരുന്നു എന്നത് ആര്‍.എസ്.എസിന്റെ എന്നത്തെയും ആരോപണമാണ്. നാലായിരത്തോളം പ്രചാരകരെയാണ് ആര്‍.എസ്.എസ് അവിടെ നിയോഗിച്ചിരിക്കുന്നത്. അവിടെയുള്ള സംസ്ഥാന ഭരണകൂടങ്ങളെ കൈയിലൊതുക്കുകയെന്നത് ആര്‍.എസ്.എസിന്റെ മുന്‍ഗണനകളില്‍പെടുന്നു. ഇതിന് അനുയോജ്യമാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രധാനമന്ത്രിയായ ശേഷം  ഇന്ത്യക്കകത്ത് മോദിയുടെ ഒന്നാമത്തെ സന്ദര്‍ശനം വടക്കുകിഴക്കന്‍ മേഖലയിലേക്കായിരുന്നു. അനേകം പദ്ധതികളാണ് അവിടേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവായ റാംമാധവിനാണ് മേഖലയുടെ ചുമതല. അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ പിടിയിലായിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളും താമസിയാതെ സംഘ് വലയിലാവും. 

ബി.ജെ.പിയുടെ സംഘടനാ ഘടനയില്‍ ആര്‍.എസ്.എസിന് പ്രത്യേക പദവികള്‍ നല്‍കിയിരിക്കുന്നു. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ പ്രസിഡന്റിനു ശേഷം ഏറ്റവും ഉന്നതാധികാരമുള്ള ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്ഥാനം ആര്‍.എസ്.എസിനുള്ളതാണ്. ഓര്‍ഗനൈസിംഗ് സെക്രട്ടറി പാര്‍ട്ടിക്കാര്യങ്ങളില്‍ അവസാന വാക്കാണ്. അദ്ദേഹമില്ലാതെ പ്രധാനപ്പെട്ട ഒരു ബി.ജെ.പി യോഗവും നടക്കില്ല. വലിയ സംസ്ഥാനങ്ങളില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിക്ക് ഒട്ടേറെ അസിസ്റ്റന്റുമാരുണ്ടാവും, എല്ലാവരും ആര്‍.എസ്.എസുകാരായിരിക്കും. 

ബി.ജെ.പിയെ ഇന്ത്യയുടെ ഭരണകക്ഷിയാക്കുന്നതില്‍ ഏറ്റവുമധികം വിയര്‍പ്പൊഴുക്കിയത് ആര്‍.എസ്.എസാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പിടിച്ചടക്കുക എന്നതാണ് ആര്‍.എസ്.എസിന്റെ അടുത്ത ലക്ഷ്യം. ബി.ജെ.പി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഭരിക്കണമെന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ നിര്‍ണായക മാറ്റങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. മോദിയും അമിത് ഷായും കാബിനറ്റിലെ ഏഴ് മന്ത്രിമാരും ചെറുപ്പം മുതലേ ആര്‍.എസ്. എസിലൂടെ വളര്‍ന്നുവന്നവരാണ്. ബാക്കിയുള്ള മന്ത്രിമാരില്‍  ഭൂരിഭാഗവും ഏതെങ്കിലും സംഘ് പരിവാര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. 

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രമുഖ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയെല്ലാം മേധാവികള്‍ ആര്‍.എസ്.എസുകാരായി മാറി. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗജേന്ദ്ര ചൗഹാന്‍, ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ചന്ദ്രകല പാഡിയ, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി, ഹിസ്റ്ററി കൗണ്‍സിലില്‍ സുദര്‍ശന്‍ റാവു, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സില്‍ ലോകേഷ് ചന്ദ്ര, നാഷ്‌നല്‍ ബുക് ട്രസ്റ്റില്‍ ബല്‍ദേവ് ശര്‍മ, നാഗ്പൂര്‍ എന്‍.ഐ.ടിയില്‍ വിശ്രം രാമചന്ദ്ര, സെന്‍സര്‍ ബോര്‍ഡില്‍ പഹ്‌ലജ് നിഹലാനി, പ്രസാര്‍ ഭാരതിയില്‍ എ. സൂര്യപ്രകാശ്   തുടങ്ങി ഏതാണ്ടെല്ലാ സ്ഥാപനങ്ങളിലും സംഘ് പരിവാര്‍ ബന്ധമുള്ളവര്‍ നിയമിക്കപ്പെട്ടിരിക്കുന്നു.

 

ഒരേ തൂവല്‍ പക്ഷികള്‍

ആര്‍.എസ്.എസും ബി.ജെ.പി.യും പിന്തുടരുന്നത് ഒരേ ഹിന്ദുത്വ ആശയങ്ങളാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ തത്ത്വശാസ്ത്രമായി ജനസംഘത്തിന്റെ നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ക്രോഡീകരിച്ച ഏകാത്മക മാനവികത എല്ലാ അര്‍ഥത്തിലും സംഘ് പരിവാര്‍ ആശയങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറയുന്നത് നമ്മുടെ സമൂഹത്തിന്റെ സവിശേഷതയാണ് വര്‍ണാശ്രമ വ്യവസ്ഥ എന്നാണ്. 'തൊഴിലിന്റ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിച്ചിരുന്ന പൗരാണിക രീതിയാണത്. ഇന്ന് അതിനെ ജാതിവ്യവസ്ഥ എന്ന പേരില്‍ വില്ലന്‍ വേഷം കെട്ടിച്ചിരിക്കുകയാണ്. വ്യത്യസ്ത കഴിവുകളുള്ളവര്‍ നാലു ഭാവങ്ങള്‍ ഉള്ള ഒരു ദൈവത്തെ ആരാധിക്കുന്ന രീതിയിലാണ് അത് സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്.  ജാതി വ്യവസ്ഥയെ മഹത്വവല്‍ക്കരിക്കുന്ന ഇതേ ആശയങ്ങള്‍ തന്നെയാണ് ഏകാത്മക മാനവികത എന്ന പുസ്തകത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായക്കും പറയാനുള്ളത്:  നമ്മുടെ സങ്കല്‍പമനുസരിച്ച് നാല് ജാതികള്‍ വിരാട് പുരുഷന്റെ നാല് അവയവങ്ങളാണ്. ബ്രാഹ്മണന്‍ തലയില്‍നിന്നും ക്ഷത്രിയന്‍ കൈകളില്‍നിന്നും വൈശ്യന്‍ വയറ്റില്‍നിന്നും ശൂദ്രന്‍ കാലുകളില്‍നിന്നുമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഒരേ വിരാട് പുരുഷന്റെ വ്യത്യസ്ത അവയവങ്ങള്‍ തമ്മില്‍ വല്ല സംഘര്‍ഷവുമുണ്ടാവാന്‍ സാധ്യതയുണ്ടോ? ഇവിടെ ആര്‍.എസ്.എസിന്റെയും  ബി.ജെ.പി.യുടെയും വേദപുസ്തകങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. 

കഴിഞ്ഞ തൊണ്ണൂറ് വര്‍ഷത്തിലേറെയായുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ ഹൈന്ദവ മനസ്സുകളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ആര്‍.എസ്.എസിന് സാധിച്ചിട്ടുണ്ട്. പരസ്യമായിത്തന്നെ വിദ്വേഷവും പകയും പ്രസംഗിക്കുന്നവര്‍ ഒരു നൂറ്റാണ്ടോളമായി മുടങ്ങാതെ നടക്കുന്ന ശാഖകളിലും മറ്റു രഹസ്യ സംഗമങ്ങളിലും എന്താണ് ഉദ്‌ബോധിപ്പിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിദ്വേഷവും പ്രതികാരവും നിരന്തരം കുത്തിവെക്കപ്പെട്ട അസ്വസ്ഥമായ മനസ്സുകള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോംബുകളായിരിക്കും. അവ എവിടെയെങ്കിലും പൊട്ടിത്തെറിച്ച് സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യും. ഇത്തരം ആയിരക്കണക്കിന് ബോംബുകള്‍ ഉല്‍പാദിപ്പിക്കുന്ന അത്യന്തം മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് സംഘ് പരിവാര്‍. എല്ലാ മതങ്ങളും തുല്യമാണെന്നും ഇന്ത്യന്‍ സംസ്‌കാരം അംഗീകരിക്കുന്ന എല്ലാവരോടും തുല്യ സമീപനമാണെന്നും പറയുന്ന സംഘ് പരിവാറിന് ഇന്ത്യന്‍ സംസ്‌കാരമെന്നത് അതിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് എപ്പോഴും വളച്ചൊടിക്കാവുന്ന പദമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവധമടക്കം അനുവദിക്കുന്ന ആര്‍ഷഭാരത സംസ്‌കാരം മറ്റൊരിടത്ത് പോത്തിറച്ചി ഫ്രിഡ്ജില്‍ വെച്ചവനെ നിഷ്‌കരുണം തല്ലിക്കൊല്ലും.  ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി പറയുന്ന ഇതേ സംഘി സംസ്‌കാരം  അനേകം നിരാലംബരായ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പൈശാചികമായി കൊലപ്പെടുത്തുന്നത് മഹത്തായ വിജയമായി ആഘോഷിക്കും. ന്യൂനപക്ഷങ്ങളെ അവഹേളിക്കാന്‍ സമ്മതിക്കില്ല എന്നാണ് മോദി ഒരിക്കല്‍ പ്രസംഗിച്ചത്. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്നതോ ലൗ ജിഹാദും ഗര്‍വാപസിയും മുതല്‍ അവര്‍ക്കുള്ള ഫണ്ടുകള്‍ നല്‍കാതിരിക്കുക, ന്യൂനപക്ഷ കമീഷനുകളെ നോക്കുകുത്തിയാക്കുക, അവരെ അവികസിതമായ വൃത്തിഹീനമായ ചേരികളിലേക്ക് മാറ്റുക, അവര്‍ താമസിക്കുന്നിടങ്ങളില്‍ സകല വികസനവും തടഞ്ഞ് ഗെറ്റോകളാക്കി മാറ്റുക, അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ തടയുക, ആരാധനാലയങ്ങള്‍ തകര്‍ക്കുക തുടങ്ങി ഭീകരമായ കാര്യങ്ങളും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ആര്‍.എസ്.എസിന്റെ ഹിംസാത്മക വര്‍ഗീയ രാഷ്ട്രീയം ജനമനസ്സുകളില്‍ ഭീതി നിറച്ചുകൊ് ഇന്ത്യന്‍ തെരുവുകളില്‍ ചോരക്കളങ്ങള്‍ തീര്‍ക്കുകയാണ്. തങ്ങളാണ് രാജ്യം ഭരിക്കുന്നതെന്ന സകല ഹുങ്കും അവര്‍ പുറത്തെടുക്കുന്നു. ധാദ്രിയിലെ അഖ്‌ലാഖ് മുതല്‍ കാസര്‍കോട്ടെ റിയാസ് മൗലവിയും കൊടിഞ്ഞിയിലെ ഫൈസലും ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകങ്ങള്‍ സംഘ്പരിവാര്‍ കൈകാര്യം ചെയ്യുന്ന രീതി ഇതിന്റെ തെളിവാണ്. ഹിംസയിലൂടെയും ഭീതിനിറച്ചും സംഘ്പരിവാര്‍ സമഗ്രാധിപത്യം രാജ്യത്ത് സ്ഥാപിക്കുന്നതിലുള്ള ലഹരിയിലാണവര്‍. യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായ ശേഷം ഉത്തര്‍പ്രദേശിന്റെ തെരുവുകളില്‍ യുവവാഹിനി സേന നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ ആര്‍.എസ്.എസ് അധികാരം വാഴുന്ന ഇന്ത്യയുടെ ചിത്രം എന്തായിരിക്കുമെന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രം.

ഹിന്ദുത്വവല്‍ക്കരണത്തിനായി ആര്‍.എസ്.എസ് എക്കാലത്തും മുന്നോട്ടുവെച്ചിരുന്ന ഒട്ടേറെ ആവശ്യങ്ങളുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുക, സംസ്‌കൃതം ദേശീയ ഭാഷയാക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ ഇന്ത്യയുടെ ഏകദേശീയ ഭാഷയായി ഹിന്ദിയെ അംഗീകരിക്കുക, ഏക സിവില്‍ കോഡ് നടപ്പിലാക്കുക, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും അവിടെയുള്ള ആദിവാസികളെയും ഗോത്ര വിഭാഗങ്ങളെയും ഹിന്ദു മതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക,  സംസ്ഥാനങ്ങളുടെ അധികാരം കുറച്ച് ഇന്ത്യയെ മുഴുവന്‍ ശക്തമായ കേന്ദ്ര ഭരണത്തിന്‍ കീഴിലാക്കുക,  രാജ്യമൊട്ടാകെ ഗോവധം നിരോധിക്കുക, ആയുര്‍വേദം ഇന്ത്യയുടെ മുഖ്യ ചികിത്സാരീതിയാക്കുക,  ചാതുര്‍വര്‍ണ്യവ്യവസ്ഥയെ തൊഴില്‍ വിഭജനത്തിനുള്ള സാമൂഹിക വ്യവസ്ഥയായി അംഗീകരിക്കുക,  സംവരണം പോലുള്ള പ്രീണനങ്ങള്‍ ഉപേക്ഷിച്ച് തുല്യനീതി നടപ്പിലാക്കുക, വിദ്യാഭ്യാസ രംഗത്ത് സംഘ് ആശയങ്ങള്‍ക്കനുഗുണമായി മാറ്റങ്ങള്‍ വരുത്തുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക,  തുടര്‍ന്ന് കാശി-മഥുര ക്ഷേത്രങ്ങള്‍ക്കടുത്തുള്ള പള്ളികള്‍ പൊളിച്ചുമാറ്റുക തുടങ്ങി  പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സരസ്വതി നദി കണ്ടെത്താനുള്ള ഖനനം വരെയുള്ള ഒട്ടേറെ കാര്യങ്ങളാണ് സംഘ് പരിവാറിന്റെ അജണ്ടയിലുള്ളത്. ഇവയെല്ലാം തന്നെ ബി.ജെ.പി.യുടെയും ആശയങ്ങളാണ്. അവയോരോന്നും നടപ്പാക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. രാമജന്മഭൂമിയും ഏക സിവില്‍ കോഡും മുസ്‌ലിംകളെ ഭയപ്പെടുത്തി ഒതുക്കാനായിരുന്നെങ്കില്‍ ഇത്തരം മറ്റനേകം കാര്യങ്ങള്‍ ദലിത് പിന്നാക്ക വിഭാഗങ്ങളെ ചൊല്‍പടിയില്‍ നിര്‍ത്താനുള്ളതാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍