Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

ദേശീയവാദ ചരിത്രരചനയുടെ ചതിക്കുഴികള്‍

കെ.ടി ഹുസൈന്‍

ഇന്ത്യന്‍ സാമൂഹിക രൂപീകരണവും ഇസ്‌ലാമും3

ഇസ്‌ലാം  ഇന്ത്യയില്‍ ജന്മം കൊണ്ടതല്ല. ഇന്ന് യൂറോപ്പിലെ ഏറ്റവും പ്രബല മതമായ ക്രിസ്തുമതം യൂറോപ്പ് ജന്മം നല്‍കിയ മതമല്ലല്ലോ. ഇസ്‌ലാമിനെ പോലെ ഏഷ്യയാണ്  അതിന്റെയും ജന്മദേശം എന്നുവെച്ച് യൂറോപ്യന്‍ നാഗരികതക്ക് ക്രിസ്തുമതം ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയാനാകുമോ? ഇന്നത്തെ യൂറോപ്പിന്റെ സ്വത്വനിര്‍മിതിയില്‍ ഏഷ്യ ജന്മം നല്‍കിയ ക്രിസ്തു മതത്തോളം സംഭാവന ചെയ്ത മറ്റൊരു മതമില്ല എന്നതല്ലേ വസ്തുത? മതത്തിന്റെയും തത്ത്വചിന്തയുടെയും പ്രത്യേകത തന്നെ അത് വംശപരവും  ദേശപരവുമായ എല്ലാ സങ്കുചിതത്വങ്ങളെയും മതില്‍ക്കെട്ടുകളെയും ഭേദിച്ച് മാനവികതലത്തില്‍ ഒഴുകിപ്പരക്കുമെന്നതാണ്. ആ ഒഴുകിപ്പരക്കലിനിടയില്‍ മതം അല്ലെങ്കില്‍ തത്ത്വശാസ്ത്രം അത് കടന്നുപോകുന്ന സ്ഥലങ്ങളിലെ സംസ്‌കാര-നാഗരികതകള്‍ക്ക് പലതും സംഭാവന ചെയ്തിട്ടുണ്ടാകും; തിരിച്ചുള്ള സ്വാധീനവുമുണ്ടാകും. ഇസ്‌ലാമും  ഇതിനപവാദമല്ല. എന്നല്ല ഇസ്‌ലാം അതിന്റെ ഒന്നാം തീയതി തന്നെ മാനവികതയെയാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഇസ്‌ലാമിന്റെ ആദ്യത്തെ അഭിസംബോധിതര്‍ അറബികളായിട്ടും ഖുര്‍ആന്‍ 'അറബികളേ' എന്നു വിളിച്ച് ഒരു കാര്യവും പറയുന്നില്ല. 'മനുഷ്യരേ' എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിലൂടെ വളര്‍ന്നു വികസിച്ച ഇസ്‌ലാമിക നാഗരികത അറബികളുടെ മാത്രം നാഗരികതയല്ല. അത് കടന്നുപോയിട്ടുള്ള എല്ലാ രാജ്യങ്ങളും അവിടത്തെ ജനങ്ങളും അതിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ആ രാജ്യങ്ങള്‍ക്ക് ഇസ്‌ലാമും പലതും സംഭാവന ചെയ്തിട്ടുണ്ട്. തുര്‍ക്കികള്‍, പേര്‍ഷ്യക്കാര്‍, അന്തലൂഷ്യര്‍, അഫ്ഗാനികള്‍, ഇന്ത്യക്കാര്‍ എല്ലാവരും ഇസ്‌ലാമിക നാഗരികതയെ വികസിപ്പിച്ചു വളര്‍ത്തിയവരാണ്. തിരിച്ച് ഇസ്‌ലാം  ആ നാട്ടുകാര്‍ക്ക് അവരില്‍നിന്ന് സ്വീകരിച്ചതിനേക്കാള്‍ തിരിച്ചു നല്‍കിയിട്ടുമുണ്ട്. ലോകത്ത് ഇന്ന് ഏറ്റവും ശുദ്ധമായ അറബി ഭാഷ സംസാരിക്കുന്നവര്‍ ഇസ്‌ലാമിന്റെ ജന്മദേശമായ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അറബികളല്ല; മറിച്ച് പ്രാചീന നാഗരികതകളുടെ കളിത്തൊട്ടിലായ ഈജിപ്തിലെയും ഇറാഖിലെയും അറബികളാണ്. ഈ രണ്ട് നാടുകളും ഇസ്‌ലാമിലൂടെ അറബ്‌വല്‍ക്കരിക്കപ്പെട്ട (മുസ്തഅ്‌റബ്)  നാടുകളാണ്.

ഇന്ത്യയിലെത്തിയ ഇസ്‌ലാമിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അറേബ്യയുടെയും പേര്‍ഷ്യയുടെയും തുര്‍ക്കിയുടെയും പലതരം ചേരുവകളുള്ള ഇസ്‌ലാമാണ് ഇന്ത്യയിലെത്തിയത്. ആദര്‍ശപരവും മൂല്യപരവുമായ ചില പ്രതിസന്ധികള്‍ അതുണ്ടാക്കിയെന്നത് നേരാണെങ്കിലും ഇന്ത്യയുടെ ബഹുസ്വര സംസ്‌കൃതിയുമായി എന്‍ഗേജ് ചെയ്യുന്നതിനും അതിനെ പുനര്‍രൂപകല്‍പന ചെയ്യുന്നതിനും ചില തുറസ്സുകളും അത് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ സാമൂഹിക രൂപീകരണത്തില്‍ ഇസ്‌ലാമിന്റെ സംഭാവനയെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്; ലോകത്തെ ഒരു രാജ്യത്തെയും നാഗരികത ഏതെങ്കിലും ഒരു വംശീയ വിഭാഗത്തിന്റെയോ മതത്തിന്റെയോ മാത്രം കുത്തകയല്ല. വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റവും അവരുടെ ബഹുവിധ ആശയങ്ങളുമാണ് ഓരോ നാഗരികതയെയും നിര്‍മിച്ചിട്ടുള്ളത്. ഫലസ്ത്വീനിലെ നസ്രേത്തില്‍നിന്ന് റോം വഴി യൂറോപ്പിലെത്തിയ ക്രിസ്തുമതം യൂറോപ്പിന്റെ സ്വത്വത്തെ നിര്‍മിച്ചതിനെക്കുറിച്ച് പറഞ്ഞല്ലോ. ഇന്നത്തെ അമേരിക്ക യൂറോപ്പില്‍നിന്ന് കുടിയേറിയ വെള്ളക്കാര്‍ നിര്‍മിച്ചതാണ്. ആര്‍ഷ ഭാരത സംസ്‌കാരമെന്ന് പറയുന്നത് മധ്യേഷ്യയില്‍നിന്ന് കുടിയേറിയ ആര്യന്മാര്‍ നിര്‍മിച്ചതാണ്. നാട് വെട്ടിപ്പിടിച്ച് ഇവിടെനിന്ന് സമ്പത്ത് സ്വന്തം രാജ്യത്തേക്ക്  കടത്തിക്കൊണ്ടുപോവുക മാത്രം ചെയ്ത ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ വരെ ഇന്ത്യക്ക് ഒന്നും സംഭാവന ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൂടാ. നമ്മുടെ ഭരണഘടനയും ഭരണസമ്പ്രദായവുമെല്ലാം അവരുടെ സംഭാവനയാണല്ലോ. അവര്‍ ഈ നാടിന്റെ സാമൂഹിക ബന്ധങ്ങളിലുണ്ടാക്കിയ വിള്ളലുകള്‍ അവരുടെ എല്ലാ സംഭാവനകളെയും അപ്രസക്തമാക്കുന്നുവെന്നത് വേറെ കാര്യം.

കുടിയേറ്റം പല വിധത്തിലുണ്ട്. അഭയം തേടിയും കച്ചവടാവശ്യത്തിനും നടത്തുന്ന സമാധാനപരമായ കുടിയേറ്റമാണ് ഒന്ന്. കേരളമടക്കമുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ മുസ്‌ലിംകളുടെ കുടിയേറ്റം കച്ചവടാവശ്യാര്‍ഥമുള്ള സമാധാനപരമായ കുടിയേറ്റത്തിന് ഉദാഹരണമാണ്. ഈ കുടിയേറ്റം ഇസ്‌ലാമിനു മുമ്പ് അറബികള്‍ ഇവിടെ തുടക്കം കുറിച്ചതാണ്. ഈ കച്ചവട സംഘത്തോടൊപ്പമോ തനിച്ചോ പ്രബോധക സംഘങ്ങളും ഇവിടെ കുടിയേറിയിട്ടുണ്ട്. ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടുകളില്‍ മാലികുബ്‌നു ദീനാറും സംഘവും മലബാറില്‍ കുടിയേറിയതും പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഹള്‌റമി സാദാത്തുക്കളുടെ കുടിയേറ്റവും പ്രബോധനാവശ്യാര്‍ഥമുള്ള കുടിയേറ്റങ്ങള്‍ക്ക് ഉദാഹരണമാണ്. ഈ കുടിയേറ്റക്കാരില്‍ ചിലരൊക്കെ തങ്ങളുടെ ആവശ്യം കഴിഞ്ഞ് തിരിച്ചുപോയെങ്കിലും മഹാ ഭൂരിപക്ഷവും ഇവിടെ സ്ഥിരതാമസമാക്കുകയും തദ്ദേശീയ സ്ത്രീകളുമായി വിവാഹത്തിലൂടെ ഈ മണ്ണിന്റെ മക്കളായ ഒരു തലമുറക്ക് ജന്മം നല്‍കുകയുമാണ് ചെയ്തത്. ഇവരും തദ്ദേശീയരില്‍നിന്ന് മതം മാറിയവരുടെ തലമുറയും ചേര്‍ന്നതാണ് കേരള മുസ്‌ലിംകള്‍. അപ്പോള്‍ കേരള സംസ്‌കാരമെന്ന് പറയുന്നത് ഈ ജനവിഭാഗത്തിന്റെ സംസ്‌കാരവും കൂടിച്ചേര്‍ന്നതാണ്. ഇവരെപ്പോലെ തന്നെ കേരള സംസ്‌കാരത്തിന്റെ ഭാഗമായ നമ്പൂതിരിമാരും നായന്മാരും ഈഴവരും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുമെല്ലാം വ്യത്യസ്ത കാലങ്ങളില്‍ ഇവിടെ കുടിയേറിയവര്‍ തന്നെയാണ്.

ലോകത്ത് എല്ലായിടത്തും കുടിയേറ്റത്തിന്റെ ഏറ്റവും പ്രധാന രൂപവും, സംസ്‌കാരത്തെയും നാഗരികതയെയും രൂപപ്പെടുത്തുന്നതില്‍  നിര്‍ണായക പങ്കുവഹിച്ചതും സൈനിക പടയോട്ടത്തിലൂടെയുള്ള കുടിയേറ്റം തന്നെയാണ്. മധ്യേഷ്യയില്‍നിന്നുള്ള ആര്യന്മാരുടെ അധിനിവേശം, ക്രിസ്തുവിനു മുമ്പ് പേര്‍ഷ്യക്കാരും  ഗ്രീസിലെ അലക്‌സാണ്ടറും നടത്തിയ ഇന്ത്യയിലെ പടയോട്ടം, സിന്ധില്‍ അറബികളുടെയും  ഖൈബര്‍ ചുരം കടന്നുള്ള പില്‍ക്കാല മുസ്‌ലിംകളുടെയും പടയോട്ടങ്ങള്‍, കൊളോണിയല്‍ അധിനിവേശം, അമേരിക്കയിലെ വെള്ളക്കാരുടെ അധിനിവേശം എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇവിടെ ഇന്ത്യയിലെ ആര്യാധിനിവേശവും മുസ്‌ലിം പടയോട്ടവും തമ്മില്‍ ഒരു കാര്യത്തില്‍ സാമ്യതയുണ്ട്; അതായത് രണ്ടു കൂട്ടരും പടയോട്ടത്തിനു ശേഷം ഈ  മണ്ണില്‍ തന്നെ സ്ഥിര താമസമാക്കുകയും ഈ നാടിന്റെ സംസ്‌കാരത്തെയും നാഗരികതയെയും രൂപപ്പെടുത്തുന്നതില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുകയുമാണ് ചെയ്തത് എന്ന കാര്യത്തില്‍. ബ്രിട്ടീഷ് കൊളോണിയല്‍  ശക്തികള്‍ ചെയ്തതുപോലെ ഈ നാടിനെ ഒരിക്കലും സ്വന്തം നാടായി കരുതാതെ നാടിന്റെ സമ്പത്ത്  പരമാവധി വേഗത്തില്‍ ഊറ്റിയെടുത്ത് സ്വന്തം  രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുകയും വെട്ടിപ്പിടിച്ച നാടിനെ ജീവഛവമാക്കുകയും ചെയ്തില്ല അവര്‍. യൂറോപ്പിനെ വികസിത രാജ്യങ്ങളാക്കിയത് ഇന്ത്യയടക്കമുള്ള ഏഷ്യനാഫ്രിക്കന്‍ കോളനിരാജ്യങ്ങളില്‍നിന്ന് അവര്‍ ഊറ്റിയെടുത്ത സമ്പത്ത് കൊണ്ട് അവര്‍ അവിടെ സൃഷ്ടിച്ച വ്യാവസായിക-കാര്‍ഷിക വിപ്ലവങ്ങളായിരുന്നുവല്ലോ. ഇത് കൂടാതെ ബ്രിട്ടീഷ് കൊളോണിയലിസം ഇതിനേക്കാളും അപകടകരമായ മറ്റൊന്നു കൂടി ചെയ്തു. ഇവിടത്തെ പ്രബല മതങ്ങളായ ഹിന്ദുക്കള്‍ക്കും  മുസ്‌ലിംകള്‍ക്കുമിടയില്‍ തീരാപ്പക സൃഷ്ടിക്കുംവിധം സാമൂഹികബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിച്ചു. പാശ്ചാത്യരുടെ മുന്‍കൈയില്‍ രൂപപ്പെട്ട ഇന്തോളജി പഠനങ്ങള്‍ പരോക്ഷമായും ഓറിയന്റലിസ്റ്റ്  പഠനങ്ങള്‍ പ്രത്യക്ഷമായും ചെയ്തത്  അതാണ്. ഇന്തോളജി പഠനങ്ങള്‍ ഇന്ത്യക്ക് ഒരു സുവര്‍ണ  ഭൂതകാലം സൃഷ്ടിച്ചുകൊടുത്തപ്പോള്‍ ഓറിയന്റല്‍ കൊളോണിയല്‍ ചരിത്രരചനകള്‍    മധ്യകാല ഇന്ത്യാചരിത്രത്തെ ഇസ്‌ലാമിക കാലമായി സങ്കല്‍പിച്ച് അതിനെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളുടെ കാലമായി വിലയിരുത്തുകയും ഇന്ത്യയുടെ സുവര്‍ണ ഭൂതകാലത്തെ തകര്‍ത്തതിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളില്‍ ചുമത്തുകയും ചെയ്തു. കൊളോണിയല്‍ ഭരണത്തിന് ഇന്ത്യയിലെ ബഹുഭൂരിക്ഷത്തിന്റെയും സമ്മതി  നേടിക്കൊടുക്കുകയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്. ഇതിലവര്‍ വിജയിക്കുകയും ചെയ്തു; ഹ്രസ്വകാലാടിസ്ഥാനത്തില്‍ മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ. മുസ്‌ലിമിനെയും ഇസ്‌ലാമിനെയും അപരവല്‍ക്കരിക്കുന്ന ഇന്ത്യന്‍ ദേശീയതയുടെ നിര്‍മിതിയും കൊളോണിയല്‍ ചരിത്രരചനാ സമ്പ്രദായത്തെ പകര്‍ത്തിവെക്കുന്ന ദേശീയ ചരിത്രവുമെല്ലാം  അതിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിജയത്തെയാണ് അനാവരണം ചെയ്യുന്നത്. ഇന്ത്യാ വിഭജനവും ദേശീയതയുടെ ഫാഷിസ രൂപാന്തരീകരണവുമെല്ലാം  അതിന്റെ വിജയം തന്നെ. ഭൗതികരംഗത്ത് അവര്‍ നല്‍കിയ സംഭാവനകളെയെല്ലാം അപ്രസക്തമാക്കുംവിധം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും കൊളോണിയലിസമായിരുന്നുവെന്ന് പറയുന്നത് അതുകൊണ്ടാണ്.

ഈ നാട്ടില്‍  സ്ഥിരതാമസമാക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ ആര്യാധിനിവേശവുമായി മുസ്‌ലിം പടയോട്ടത്തിന് സാമ്യതയുണ്ടെന്ന് പറഞ്ഞല്ലോ. എന്നാല്‍ രണ്ട് കുടിയേറ്റത്തിന്റെയും  സ്വഭാവം  തീര്‍ത്തും ഭിന്നമാണ്. അതായത് ആര്യന്മാരുടെ വരവിനു മുമ്പ് ഇവിടെ സ്ഥിരതാമസമുണ്ടായിരുന്ന ജനവിഭാഗത്തെ മുഴുവന്‍ കാടുകളിലേക്ക് ആട്ടിപ്പായിച്ചോ അടിമസമാനമായ ജീവിതാവസ്ഥയിലേക്ക് തള്ളിവിട്ടോ ആണ് ആര്യന്മാര്‍ ഇവിടെ മേല്‍ക്കോയ്മ സ്ഥാപിച്ചത്. ഈ മേല്‍ക്കോയ്മ എന്നെന്നും നിലനിര്‍ത്താനായി ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ അവര്‍ സൃഷ്ടിക്കുകയും ചെയ്തു. സഹസ്രാബ്ദങ്ങളായി ഇന്ത്യയിലെ മഹാ ഭൂരിപക്ഷത്തെയും അധഃകൃതാവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന ഒരധീശത്വ  പ്രത്യയശാസ്ത്രമായി, അകത്തുനിന്നും പുറത്തു നിന്നുമുള്ള പല പ്രതിരോധങ്ങളെയും അതിജീവിച്ച് ഇന്നും അത് നിലനില്‍ക്കുകയും ചെയ്യുന്നു. വേദങ്ങളിലും  ഉപനിഷത്തുക്കളിലുമുള്ള ദേവാസുര സംഘട്ടനം, ഇതിഹാസങ്ങളിലെ രാമ-രാവണ സംഘട്ടനം തുടങ്ങിയയെല്ലാം ഈ അധീശവ്യവഹാരത്തിന്റെ പ്രത്യയശാസ്ത്ര നിര്‍മിതികളാണെന്ന കീഴാള വിമര്‍ശനം പ്രസക്തമാകുന്നത് ഇവിടെയാണ്. ബുദ്ധമതത്തിനും ഇസ്‌ലാമിനും അതിന്റെ വീര്യം കുറക്കാനും അകത്തുനിന്ന് കൊണ്ടുള്ള ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും കീഴാള പ്രതിരോധങ്ങള്‍ക്കും പ്രചോദനമാകാനും സാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രഹരശേഷിയെ ഇല്ലാതാക്കാനായിട്ടില്ല. ആര്യാധിനിവേശം സാമൂഹികമായി കൊളോണിയലിസം തന്നെയാണെന്ന് പറയുന്നത് അതുകൊണ്ടാണ്‌.

1 ചുരുക്കത്തില്‍, സ്വഭാവം വെച്ചു നോക്കുമ്പോള്‍ ആര്യാധിനിവേശത്തിന് സാമ്യം അമേരിക്കയിലെ ആദിമനിവാസികളായ റെഡ് ഇന്ത്യക്കാരെ  ഒന്നടങ്കം കൊന്നൊടുക്കിയ അമേരിക്കയിലേക്കുള്ള യൂറോപ്യന്‍ വെള്ളക്കാരുടെ കുടിയേറ്റത്തോടാണ്.

എന്നാല്‍, മുസ്‌ലിം പടയോട്ടത്തിനിടയില്‍ നടന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരെ മാറ്റിനിര്‍ത്തിയാല്‍,  കൂട്ടക്കൊല അരങ്ങേറുകയോ തദ്ദേശീയരെ അടിമകളാക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല. മുഹമ്മദുബ്‌നു ഖാസിം സിന്ധിലും മുഹമ്മദ് ഗോറി അജ്മീറിലും ഖുത്വ്ബുദ്ദീന്‍ ഐബക് ഖനൗജിലും ബക്തിയാര്‍ ഖില്‍ജി ബംഗാളിലും ബിഹാറിലും, അലാവുദ്ദീന്‍ ഖില്‍ജി കാകതീയരുമായും അക്ബര്‍ രജപുത്രരുമായും ഔറംഗസീബ് ശിവജിയുമായും ഡക്കാന്‍ സുല്‍ത്താന്മാര്‍ വിജയനഗര സാമ്രാജ്യവുമായും അഹ്മദ് ഷാ അബ്ദാലി മറാഠികളുമായും ടിപ്പു സുല്‍ത്താന്‍ മലബാറിലും നടത്തിയ യുദ്ധങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ നീണ്ട എണ്ണൂറ് വര്‍ഷത്തെ മുസ്‌ലിം ഭരണകാലത്തിനിടയില്‍ മുസ്‌ലിം സുല്‍ത്താന്മാരും രാജാക്കന്മാരും ചെയ്ത യുദ്ധങ്ങളെല്ലാം മുസ്‌ലിം രാജാക്കന്മാര്‍ പരസ്പരം നടത്തിയ യുദ്ധങ്ങളായിരുന്നു. ഈ യുദ്ധത്തില്‍ രണ്ടു ഭാഗത്തും മുസ്‌ലിംകളല്ലാത്ത പടയാളികളും അണിനിരന്നിരുന്നു. മുകളില്‍ സൂചിപ്പിച്ച മുസ്‌ലിം ഭരണാധികാരികള്‍ മുസ്‌ലിംകളല്ലാത്തവരുമായി നടത്തിയ യുദ്ധങ്ങളിലും രണ്ടു വിഭാഗവും അണിനിരന്നിരുന്നു. ഉദാഹരണത്തിന്, ശിവജിയോട് യുദ്ധം ചെയ്ത ഔറംഗസീബിന്റെ സൈന്യത്തില്‍ രജപുത്രരും ശിവജിയുടെ സൈന്യത്തില്‍ മുസ്‌ലിംകളുമുണ്ടായിരുന്നു. സിന്ധിലെ മുഹമ്മദുബ്‌നു ഖാസിം മുതല്‍ ഗസ്‌നിയുടെയും ഔറംഗസീബിന്റെയും ടിപ്പുവിന്റെയും വരെ സൈന്യത്തില്‍ ഹിന്ദുക്കള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. മുസ്‌ലിം ഭരണകാലത്ത് നടന്ന യുദ്ധങ്ങളൊന്നും മതപരമോ വംശീയമോ ആയിരുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഇത് സൂചിപ്പിച്ചത്. മൂന്ന് പാനിപ്പത്ത് യുദ്ധങ്ങളും തറൈന്‍ യുദ്ധവും തളിക്കോട്ട യുദ്ധവുമാണ് മുസ്‌ലിം ഭരണകാലത്തെ ചരിത്രപ്രസിദ്ധമായ യുദ്ധങ്ങള്‍. ഇതില്‍ രണ്ട് പാനിപ്പത്ത് യുദ്ധങ്ങളും  മുസ്‌ലിംകള്‍ പരസ്പരം നടത്തിയതാണ്. ഒന്ന് ബാബര്‍ ഇബ്‌റാഹീം ലോദിയുമായും രണ്ടാമത്തേത് അക്ബര്‍ ആദില്‍ ഷാ സൂരികളുമായും. അഹ്മദ്ഷാ അബ്ദാലി മറാഠികളുമായി നടത്തിയ മൂന്നാം പാനിപ്പത്ത് യുദ്ധം മാത്രമാണ് മുസ്‌ലിം ഭരണാധികാരി അവരോടല്ലാത്തവരോട് നടത്തിയത്. പിന്നെ ഡക്കാനിലെ മുസ്‌ലിം സുല്‍ത്താന്മാര്‍ വിജയനഗര സാമ്രാജ്യവുമായി നടത്തിയ തളിക്കോട്ട യുദ്ധവും. ഈ യുദ്ധങ്ങളൊന്നും സ്വാഭാവികമായ രക്തച്ചൊരിച്ചിലുകള്‍ക്കപ്പുറം അശോകന്റെ കലിംഗ യുദ്ധത്തെ പോലെയോ 1857-ല്‍ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തിയതിനു ശേഷം ബ്രിട്ടീഷ് കൊളോണിയലിസം ദല്‍ഹിയില്‍ നടത്തിയ നരനായാട്ടിനെ പോലെയോ കുപ്രസിദ്ധമായവയല്ല.

മുസ്‌ലിം പടയോട്ടത്തിന്റെ മറ്റൊരു സവിശേഷത യുദ്ധവിജയത്തിനു ശേഷം അവര്‍ ഇവിടെനിന്ന് സമ്പത്ത് പുറത്തേക്ക് എവിടേക്കും കവര്‍ച്ച ചെയ്തുകൊണ്ടുപോകാതെ ആ സമ്പത്ത് ഈ നാടിന്റെ തന്നെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനും വേണ്ടി ഉപയോഗപ്പെടുത്തി ഇവിടെ തന്നെ അവര്‍ ജീവിച്ചു മരിച്ചു പോയി എന്നതാണ്. അതിനാല്‍ മുസ്‌ലിംകളുടെ പടയോട്ടത്തെ പാശ്ചാത്യരുടേതുപോലെ കൊളോണിയലിസമായി ഒരിക്കലും വിശേഷിപ്പിച്ചുകൂടാ എന്ന് കെ.എന്‍ പണിക്കരെ പോലുള്ള ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ  ആര്യന്മാരെ പോലെയോ അതിലേറെയോ ഇന്ത്യന്‍ നാഗരികതയെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കാന്‍  അവര്‍ക്ക് സാധിച്ചുവെന്നത് ആര് എത്ര മൂടിവെച്ചാലും തെളിഞ്ഞുവരുന്ന വസ്തുതയാണ്. അതിനാല്‍ മുസ്‌ലിംകള്‍ ഒരു കാലത്ത് ഇവിടെ പടയോട്ടം നടത്തിയതിലോ അവര്‍ ഈ നാട് ഭരിച്ചതിലോ മുസ്‌ലിംകള്‍ക്ക് യാതൊരുവിധ കുറ്റബോധമോ അപകര്‍ഷതയോ തോന്നേണ്ട കാര്യമില്ല. മറിച്ച് അഭിമാനിക്കുകയാണ് വേണ്ടത്. അതിനര്‍ഥം അവര്‍ ചെയ്തതിനെ മുഴുവന്‍ ന്യായീകരിക്കണമെന്നല്ല. മറ്റേതൊരു ചരിത്രത്തെയുമെന്നപോലെ മധ്യ കാല  മുസ്‌ലിം ഇന്ത്യയുടെ ചരിത്രത്തിലും  വിമര്‍ശനാത്മക പഠനം ആവശ്യമാണ്. മതപരമോ വംശീയമോ ആയ പക്ഷപാതം അതിനെ സ്വാധീനിക്കാനും പാടില്ല. എങ്കില്‍ മാത്രമേ വര്‍ത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്നതില്‍  ചരിത്രത്തിന്  എന്തെങ്കിലും റോള്‍ വഹിക്കാനാകൂ. ചരിത്രം ഒരിക്കലും ഭക്തിയോടെ എഴുതേണ്ടതോ പാരായണം ചെയ്യേണ്ടതോ അല്ല. ഗുണപാഠമാണ് ഏതൊരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തില്‍നിന്ന് ബന്ധപ്പെട്ട രാജ്യത്തിനും സമൂഹത്തിനും ലഭിക്കേണ്ടത്. അത് നീതിബോധത്തിന്റെ അടിത്തറയില്‍നിന്നു കൊണ്ടുള്ള വിമര്‍ശനാത്മക വായനയിലൂടെ മാത്രമേ ലഭിക്കൂ. 

സ്വന്തം ചരിത്രത്തില്‍ കുറ്റബോധമോ അപകര്‍ഷതയോ വേണ്ടതില്ല എന്നു പറയാന്‍ കാരണം മറ്റൊന്നാണ്. ദേശീയവാദപരമായ ചരിത്രരചനയും സാമൂഹിക വിശകലനവും  നമ്മെ വീഴ്ത്തിക്കളഞ്ഞ ഒരു ചതിക്കുഴിയെക്കുറിച്ച് ഓര്‍മപ്പെടുത്തുക മാത്രമാണ് അതിലൂടെ ചെയ്യുന്നത്. കേരളത്തിന്റെ സാമൂഹികാവസ്ഥയെക്കുറിച്ച് എന്തെഴുതുമ്പോഴും മിക്കവാറും വിശകലനങ്ങള്‍  ആരംഭിക്കുന്നത്  ഇങ്ങനെയായിരിക്കും: ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഇസ്‌ലാം  വന്നത് സമാധാനപരമായിട്ടാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് യാതൊരു പ്രസക്തിയുമില്ല. വളരെ അവര്‍ഗീയമെന്ന് തോന്നിക്കുന്ന ഈ ആഖ്യാനത്തിലൂടെ അത് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന പൊതുബോധം എന്താണ്? ഉത്തരേന്ത്യ കേരളത്തെ അപേക്ഷിച്ച് വര്‍ഗീയമാകാന്‍ കാരണം അവിടെ മധ്യകാലത്ത് മുസ്‌ലിംകള്‍ പടയോട്ടം നടത്തിയതും ദീര്‍ഘകാലം അവര്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്തി ഭരണം നടത്തിയതുമാണ് എന്നതത്രെ ആ പൊതുബോധം. മുസ്‌ലിംകള്‍ ഇന്ത്യ ഭരിക്കുന്ന കാലത്തൊന്നും ഇവിടെ ഹിന്ദു എന്ന ഏക കാറ്റഗറി ഇല്ലായിരുന്നുവെന്ന യാഥാര്‍ഥ്യമാണ് ഈ വശകലനം ആദ്യമായി മറച്ചുവെക്കുന്നത്. മുസ്‌ലിംകളും ബൗദ്ധരും കഴിച്ചാല്‍ വ്യത്യസ്ത ജീവിത രീതികള്‍ പുലര്‍ത്തുന്ന വിവിധ ജാതിവിഭാഗങ്ങളായിരുന്നു ഇവടെയുണ്ടായിരുന്നത്. അറിവിന്റെ കുത്തകക്കാരായ ബ്രാഹ്മണര്‍ തീര്‍ച്ചയായും ഇവിടെയുണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളെ അവര്‍ തങ്ങളുടെ ദൃഷ്ടിപഥത്തിന്റെ സമീപത്തുപോലും അടുപ്പിക്കുമായിരുന്നില്ല. അതിനാല്‍ മുസ്‌ലിം ഭരണത്തിനെതിരെ ഒരു കലാപത്തിന് ബ്രാഹ്മണര്‍ വിചാരിച്ചാല്‍ പോലും നടക്കുമായിരുന്നില്ല. സ്വന്തമായി അതിനുള്ള അംഗബലം അവര്‍ക്കില്ലാത്തതുതന്നെ അതിന് കാരണം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ മഹാഭൂരിപക്ഷവുമായി ചേര്‍ന്നുകൊണ്ടുള്ള ഒരു കലാപം ബ്രാഹ്മണര്‍ക്ക് സങ്കല്‍പിക്കാനേ കഴിയുമായിരുന്നില്ല. അതിനാല്‍ മുസ്‌ലിം സുല്‍ത്താന്മാരുടെയും ഗവര്‍ണര്‍മാരുടെയും സേവപിടിച്ച് ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാനാണ് അവര്‍ ശ്രമിച്ചത്. മുസ്‌ലിം ഭരണത്തിനെതിരെ ഇവിടെ കലാപം നടക്കാത്തതിന്റെ കാരണത്തെക്കുറിച്ചും ഭരണത്തോടുള്ള ഉപരിവര്‍ഗത്തിന്റെ നിലപാടിനെക്കുറിച്ചുമുള്ള എം.എന്‍ റോയിയുടെ വിശകലനം കാണുക. സാമ്പത്തിക ജീര്‍ണത, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, ബുദ്ധിപരമായ അരാജകത്വം, ആത്മീയ ജീര്‍ണത തുടങ്ങിയവയുടെ പിടിയിലമര്‍ന്ന ഒരു സമൂഹമായിരുന്നു അന്നത്തെ പരമ്പരാഗത ഇന്ത്യന്‍ സമൂഹം. ഇത്തരമൊരു സമൂഹത്തില്‍ പക്വതയുള്ള ഒരു വിപ്ലവശക്തി ഉയര്‍ന്നുവരിക തീരെ അസാധ്യമായിരുന്നു. ഇസ്‌ലാമിനെതിരെ രാജ്യത്ത് ഒരു പ്രതിവിപ്ലവം നടക്കാതെപോയതിന് കാരണം ഇതാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗം പുറത്തുനിന്ന് വന്ന ഇസ്‌ലാമിക ശക്തികളില്‍ തങ്ങളുടെ രക്ഷാമാര്‍ഗം കു. അവര്‍ ആ കൊടിക്കീഴില്‍ അണിനിരന്നു. ഇസ്‌ലാം അവര്‍ക്ക് രാഷ്ട്രീയസമത്വം വാഗ്ദാനം ചെയ്തു. സ്വാര്‍ഥതാല്‍പര്യങ്ങളാല്‍ പ്രേരിതരായ ഉപരിവര്‍ഗം പുറത്തുനിന്ന് വന്ന അധിനിവേശക്കാര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു. അക്കാലത്തെ ജനസാമാന്യം നിരാശയുടെ നീര്‍ക്കയത്തിലാണ്ടുകഴിഞ്ഞിരുന്നെങ്കില്‍ ഉപരിവര്‍ഗം സമ്പൂര്‍ണമായും അധാര്‍മികതയില്‍ മുങ്ങിക്കഴിഞ്ഞിരുന്നു.2 സുല്‍ത്താന്മാരുടെ സേവപിടിച്ച് ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉപരിവര്‍ഗം നന്നായി  വിജയിക്കുകയും ചെയ്തു. മുഗള്‍ ഭരണമായപ്പോഴേക്ക് പേര്‍ഷ്യന്‍ ഭാഷ പഠിച്ച ബ്രാഹ്മണ പണ്ഡിറ്റുകള്‍ സാമ്രാജ്യത്തിന്റെ എല്ലാ ഉന്നത പദവികളിലും ഉണ്ടായിരുന്നു. അനാവശ്യമായ മതതര്‍ക്കങ്ങളില്‍ അഭിരമിച്ചിരുന്ന മുസ്‌ലിം പണ്ഡിതന്മാരുടെ നിലപാടില്‍ മനംമടുത്ത, വ്യവസ്ഥാപിതമായ പഠനത്തിന് അവസരം കിട്ടാത്ത മഹാ ബുദ്ധിമാനായ അക്ബറിനെ പല പിഴച്ച വഴികളിലേക്കും കൊണ്ടുപോകാന്‍ മാത്രം മുസ്‌ലിം ഭരണത്തിലെ ബ്രാഹ്മണ സ്വധീനം വര്‍ധിച്ചത് പില്‍ക്കാല ചരിത്രം. അക്ബറിനോ അദ്ദേഹത്തെ സ്വാധീനിച്ചവര്‍ക്കോ  ഗുണം ചെയ്യാത്ത ഒന്നായിരുന്നു ഈ ബ്രാഹ്മണപ്രീണനമെന്നത് മറ്റൊരു കാര്യം. ഏതായാലും മുസ്‌ലിം ഭരണത്തിലെ പരിധിവിട്ട ഈ ബ്രാഹ്മണ സ്വാധീനം ഇസ്‌ലാമിന്റെ സമത്വകാഴ്ചപ്പാട് ഇന്ത്യന്‍ ജനതയെ പൂര്‍ണമായും അനുഭവവേദ്യമാക്കുന്നതില്‍ വലിയ തടസ്സമായി എന്നതാണ് വലിയ നേര്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് മുസ്‌ലിം ഭരണകാലത്തെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണകാലമായി കൊളോണിയല്‍ ചരിത്രരചനയുടെ ചുവടുപിടിച്ച് ദേശീയ വാദപരമായ ചരിത്രവും  വാദിച്ചുറപ്പിക്കുന്നത്. ഇല്ലാത്ത ഹിന്ദുവിനെതിരെ എങ്ങനെയാണ് ആക്രമണമുണ്ടാവുക? പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളില്‍  കൊളോണിയല്‍ പിന്തുണയോടെ ഇവിടെ  നടന്ന സാമൂഹിക നവോത്ഥാനമാണ് ജാതിഹിന്ദുക്കളും അല്ലാത്തവരും എല്ലാം ചേര്‍ന്നുകൊണ്ടുള്ള ഹിന്ദുവെന്ന ഒറ്റ കാറ്റഗറി രൂപപ്പെടുത്തിയത്. ഇത് യഥാര്‍ഥത്തില്‍ ബ്രാഹ്മണ വംശീയതയെ ഉള്ളിലൊളിപ്പിച്ചു വെച്ച ദേശീയതയെ സാധ്യമാക്കിയ പൊളിറ്റിക്കല്‍ കാറ്റഗറി മാത്രമാണ്. ഈ ദേശീയതയും അതിനെ സാധ്യമാക്കിയ കൊളോണിയലിസവും സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ മുസ്‌ലിം ദൃശ്യതയെ ഇല്ലാതാക്കാന്‍ കൊളോണിയല്‍- പോസ്റ്റ് കോളോണിയല്‍ ഇന്ത്യയില്‍ ബോധപൂര്‍വം വികസിപ്പിച്ച ഒരു സംവര്‍ഗം മാത്രമാണ് വര്‍ഗീയത എന്നത്. ഈ വര്‍ഗീയത മധ്യകാല മുസ്‌ലിം ഭരണത്തില്‍ ആരോപിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ മുസ്‌ലിം ഭരണകാലത്തെ ഒരു ഭാരമായി മുസ്‌ലിംകള്‍ക്ക്, പ്രത്യേകിച്ച് ആ ഭരണത്തിന്റെ പ്രത്യക്ഷാനുഭവങ്ങളില്ലാത്ത കേരളത്തിലെ മുസ്‌ലിംകള്‍ക്കു തന്നെ തോന്നുന്ന ചരിത്ര- സാമൂഹിക വിശകലനങ്ങള്‍ ധാരാളമായി വരുന്നതുകൊണ്ടാണ് ദേശീയവാദ ചരിത്രരചനയുടെ ചതിക്കുഴി തിരിച്ചറിയണമെന്ന് പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന മുസ്‌ലിംവിരുദ്ധ കലാപങ്ങളെ മനസ്സിലാക്കുന്നതിലും കൊളോണിയലിസവും ദേശീയവാദികളും വികസിപ്പിച്ച വര്‍ഗീയത എന്ന സംവര്‍ഗം പ്രശ്‌നമാണ്. കാരണം ഈ കലാപങ്ങളൊന്നും യഥാര്‍ഥത്തില്‍ വര്‍ഗീയ കലാപങ്ങളല്ല, മറിച്ച് ഹിന്ദുത്വ വംശീയതയുടെ സംഘടനാ  രൂപങ്ങളായ ആര്‍.എസ്.എസ്സും അതിന്റെ അനുബന്ധങ്ങളും സംഘടിപ്പിച്ച വംശീയ കലാപങ്ങളായിരുന്നു. അതിനെ അങ്ങനെത്തന്നെ പറയാതെ 'വര്‍ഗീയ കലാപം' എന്ന് പറയുന്നതിലൂടെ, അതിന്റെ ഇരകള്‍ മാത്രമായ മുസ്‌ലിംകളുടെ ഒരു സമുദായമെന്ന നിലയിലുള്ള സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ജനാധിപത്യപരമായ ആവശ്യങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കപ്പെടുകയും അതിനോടുള്ള പ്രതികരണമോ പ്രതിരോധമോ ആയി ആ വംശീയ കലാപങ്ങള്‍ ന്യൂനീകരിക്കപ്പെടുകയും ചെയ്യുന്നു.  (തുടരും)

റഫറന്‍സ്:

1. ജെ. രഘു- ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും

2. എം.എന്‍ റോയ്- ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്ക്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍