Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

വിശുദ്ധ ഖുര്‍ആന്റെ അപക്വ വായന

മുജീബ്‌

'സഹോദരതുല്യനായ ഒരു മുസ്‌ലിം സുഹൃത്ത് നിര്‍ബന്ധിച്ചതിനാലാണ് കഴിഞ്ഞ ദിവസം ഞാന്‍ ഇന്റര്‍നെറ്റില്‍ ഖുര്‍ആനിലേക്ക് ഒരു എത്തിനോട്ടം നടത്തിയത്. ബഹുദൈവവിശ്വാസികള്‍ക്കു നേരെയും വിഗ്രഹാരാധകര്‍ക്കു നേരെയും കൂടാതെ ക്രിസ്ത്യന്‍ -ജൂത മതസ്ഥര്‍ക്കെതിരെയും ഗ്രന്ഥത്തിലുടനീളം കൊലവിളി നടത്തുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ലോകത്ത് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും ഇസ്‌ലാംമത വിശ്വാസികള്‍ക്കു മാത്രമേ അതിനര്‍ഹതയുള്ളൂവെന്നും ഗ്രന്ഥത്തില്‍ നിരവധി ഭാഗങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.

3:28-ല്‍ പറയുന്നത്, സത്യവിശ്വാസികള്‍ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്; അങ്ങനെ ചെയ്യുന്നവരുമായി അല്ലാഹുവിന് യാതൊരു ബന്ധവും ഉണ്ടാകുന്നതല്ല എന്നാണ്.

3:73-ല്‍ പറയുന്നു: നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ മറ്റു മതസ്ഥരെ വിശ്വസിച്ചുപോകരുത്.

പല മതസ്ഥര്‍ ജീവിക്കുന്ന ഭാരതത്തില്‍ ഇത്തരം വൈരാഗ്യബുദ്ധി ഉണര്‍ത്തുന്ന മതപഠനം സര്‍ക്കാര്‍ ചെലവില്‍ തന്നെ നടത്തുന്നുണ്ട്. ഇത് ശരിയാണോ?

ഖുര്‍ആനില്‍ പറയുന്നത് പണ്ടത്തെ മക്കയിലും മദീനയിലും ഉണ്ടായിരുന്ന കാലഘട്ടത്തെ ഉദ്ദേശിച്ചാണോ? അതിന് ഇപ്പോഴത്തെ കാലഘട്ടവുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ? അതില്‍ പറയുന്ന ബഹുദൈവവിശ്വാസികളില്‍ നാമും ഉള്‍പ്പെടുമോ? സ്വാമിജിയുടെ വിലയേറിയ മറുപടി എന്താണ്?''

വാട്ട്‌സ്ആപ്പില്‍നിന്ന് കിട്ടിയ, ഒരു അമുസ്‌ലിം സഹോദരന്‍ ഹിന്ദു സന്യാസിയോട് ചോദിക്കുന്ന ചോദ്യമാണ് മുകളില്‍. 

മറുപടി നല്‍കുന്ന സ്വാമി മാന്യതയോടെയാണെങ്കിലും ഇസ്‌ലാമിനെയും ഖുര്‍ആനെയും തെറ്റിദ്ധരിപ്പിക്കുന്നതായും കാണാന്‍ സാധിക്കുന്നു. ഒപ്പം ഇതിനുള്ള മറുപടി മുസ്‌ലിം വിദ്വാന്മാരാണ് നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മുജീബിന്റെ പ്രതികരണം?

നസീര്‍ പള്ളിക്കല്‍

 

വിശുദ്ധ ഖുര്‍ആന്റെ വായനയും പഠനവും വിമര്‍ശവും ഭാഗികമോ അപൂര്‍ണമോ അപക്വമോ ആയിരുന്നാലുള്ള സ്വാഭാവിക പ്രതികരണമാണ് ചോദ്യത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. മാനവകുലത്തിനാകെ എക്കാലത്തും സന്മാര്‍ഗം കാണിക്കാനായി, സര്‍വലോകത്തിനും കാരുണ്യമായി അല്ലാഹു നിയോഗിച്ച പ്രവാചകന്‍ മുഖേന അവതരിപ്പിച്ച അതുല്യ ഗ്രന്ഥം എന്നതാണ് ഖുര്‍ആനെപ്പറ്റി അതിന്റെതന്നെ അവകാശവാദം. ഇത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കണമെങ്കില്‍ അതിനെ പൂര്‍ണരൂപത്തില്‍ സമഗ്രമായിത്തന്നെ പഠിക്കണം. 'ഖുര്‍ആനിക സൂക്തങ്ങള്‍ പരസ്പരം വ്യാഖ്യാനിക്കുന്നു' എന്നതാണ് അംഗീകൃത പ്രമാണം. അതായത് ഒരു സൂക്തത്തില്‍ ചുരുക്കിപ്പറഞ്ഞ കാര്യങ്ങള്‍ മറ്റൊന്നിലോ ഒന്നിലധികം സൂക്തങ്ങളിലോ വിശദമായി പ്രതിപാദിച്ചിരിക്കും. ഒരു സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തങ്ങള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം പ്രസക്തമായിരിക്കും. യുദ്ധകാല സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ട അധ്യായം, അഥവാ സൂക്തങ്ങള്‍ സമാധാന കാലത്തേക്കുള്ളതാവില്ല. ഇതിനൊക്കെയുള്ള ഉദാഹരണങ്ങള്‍ വേണ്ടത്രയുണ്ടെങ്കിലും ഹ്രസ്വമായ മറുപടിയില്‍ വിശദീകരിക്കാനാവില്ല.

കാഫിര്‍ എന്ന പദം അവിശ്വാസി, നിഷേധി, നന്ദികെട്ടവന്‍, കൃഷിക്കാരന്‍ എന്നീ അര്‍ഥങ്ങളിലെല്ലാം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. സത്യം ബോധ്യപ്പെട്ട ശേഷവും അതിനെ തള്ളിപ്പറയുകയും എതിര്‍ക്കുകയും സത്യവിശ്വാസികളോട് ശത്രുതാപരമായി പെരുമാറുകയും ചെയ്യുന്നവനാണ് ഖുര്‍ആന്റെ സാങ്കേതിക പ്രയോഗങ്ങളില്‍ കാഫിര്‍. അങ്ങനെയുള്ളവരോടും ഇസ്‌ലാം യുദ്ധം പ്രഖ്യാപിക്കുകയോ കണ്ടേടത്തു വെച്ച് കൊല്ലാന്‍ കല്‍പിക്കുകയോ ചെയ്തിട്ടില്ല. ഇങ്ങോട്ടുള്ള പെരുമാറ്റം അവ്വിധത്തിലുള്ളതാണെങ്കില്‍ മാത്രം, അയാള്‍ സന്ധിക്കും സമാധാനത്തിനും സന്നദ്ധനല്ലെങ്കില്‍ തുല്യനാണയത്തില്‍ അടിക്കാം. ഇത് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മാത്രം സന്ദര്‍ഭത്തില്‍നിന്ന് പൊക്കിയെടുത്ത് ഖുര്‍ആനിലുടനീളം കൊലവിളിയാണെന്ന വിലയിരുത്തല്‍ നിഷ്പക്ഷമോ മുന്‍വിധിയില്‍നിന്ന് മുക്തമോ അല്ല. പതിമൂന്നു വര്‍ഷത്തെ മക്കാ ജീവിതത്തിലുടനീളം പ്രവാചകനും ശിഷ്യന്മാരും കടുത്ത പ്രകോപനങ്ങളോടുപോലും സംയമനത്തോടെയാണ് പ്രതികരിച്ചത്. മദീന ഒരു ഇസ്‌ലാമിക സ്റ്റേറ്റായതില്‍ പിന്നെ സ്വരക്ഷക്കു വേണ്ടി ആയുധമെടുക്കേണ്ടിവന്നപ്പോഴും സമാധാനസന്ധിയുടെ വാതില്‍ തുറന്നിട്ടു. കഅ്ബാലയത്തിലേക്ക് നിരായുധരായി തീര്‍ഥാടനത്തിന് പുറപ്പെട്ട പ്രവാചകനെയും സംഘത്തെയും വഴിമധ്യേ തടഞ്ഞ മക്കാ മുശ്‌രിക്കുകളോട്, അവരുടെ ആവശ്യം മാനിച്ച് തീര്‍ഥാടനശ്രമം ഉപേക്ഷിച്ച് സമാധാനക്കരാറുണ്ടാക്കി തിരിച്ചുപോന്നതിനെ മുക്തകണ്ഠം പ്രശംസിക്കുന്നതാണ് വിശുദ്ധ ഖുര്‍ആനിലെ 48-ാം അധ്യായത്തിലെ പല സൂക്തങ്ങളും.

പ്രവാചകന്‍ മദീനയിലെത്തിയ ആദ്യനാളുകളില്‍ തന്നെ ചെയ്ത മഹല്‍കൃത്യം അവിടത്തെ ജൂതഗോത്രങ്ങളുമായി യുദ്ധമില്ലാ സന്ധിയില്‍ ഏര്‍പ്പെടുകയായിരുന്നു. അവര്‍ കരാര്‍ ഏകപക്ഷീയമായി ലംഘിച്ചപ്പോഴാണ് പില്‍ക്കാലത്ത് ഏറ്റുമുട്ടല്‍ വേണ്ടിവന്നത്. നജ്‌റാനിലെ ക്രൈസ്തവരുമായും പ്രവാചകന്‍ സമാധാന ധാരണയുണ്ടാക്കി. ഈ രണ്ട് മതവിഭാഗങ്ങളെയും ഖുര്‍ആന്‍ 'അഹ്‌ലു കിതാബ്' (ദൈവിക ഗ്രന്ഥത്തിന്റെ അവകാശികള്‍) എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഏതു വിഭാഗത്തില്‍പെട്ടവരെയും അവര്‍ ശത്രുത വെച്ചു പുലര്‍ത്തുന്നേടത്തോളം കാലം ആത്മമിത്രങ്ങളാക്കരുത് എന്ന് വിശ്വാസികളെ ഉണര്‍ത്തിയിട്ടുണ്ട്. 'ഔലിയാഅ്' അഥവാ രഹസ്യങ്ങള്‍ കൈമാറുന്ന ഉറ്റമിത്രങ്ങള്‍ എന്ന് പറയുമ്പോള്‍ സാധാരണ മാനുഷിക ബന്ധങ്ങളെയോ സൗഹൃദ ബന്ധങ്ങളെയോ ഉദ്ദേശിക്കുന്നില്ല. പ്രഖ്യാപിത ശത്രുക്കളോട് മത്രമേ സൗഹൃദം പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നുള്ളൂ. ലോകത്തിലെ ഏതാദര്‍ശമാണ് പ്രഖ്യാപിത ശത്രുക്കളോട് സൗഹൃദം നിലനിര്‍ത്തണമെന്ന് അനുശാസിക്കുന്നത്? 3:28-ല്‍ പറയുന്നതും സത്യനിഷേധികളെ ഔലിയാഅ് അഥവാ ആത്മമിത്രങ്ങള്‍ ആക്കരുത് എന്നാണ്; കേവല മിത്രങ്ങള്‍ എന്നല്ല ഔലിയാഅ് എന്നതിനര്‍ഥം. അധ്യായം 60 സൂക്തം ഒന്നില്‍ അക്കാര്യം സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്: ''വിശ്വാസികളേ, നിങ്ങള്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളുമായി സ്‌നേഹബന്ധം സ്ഥാപിച്ച് അവരെ ആത്മമിത്രങ്ങളാക്കരുത്. നിങ്ങള്‍ക്ക് വന്നെത്തിയ സത്യത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതിനാല്‍ അവര്‍ ദൈവദൂതനെയും നിങ്ങളെയും നാടുകടത്തുന്നു. എന്റെ മാര്‍ഗത്തില്‍ പൊരുതാനും എന്റെ പ്രീതി നേടാനും തന്നെയാണ് നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെങ്കില്‍ അങ്ങനെ ചെയ്യരുത്. എന്നാല്‍ നിങ്ങളവരോട് രഹസ്യബന്ധം നിലനിര്‍ത്തുകയാണ്. നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതെല്ലാം ഞാന്‍ നന്നായി അറിയുന്നുണ്ട്. നിങ്ങളില്‍ അങ്ങനെ ചെയ്യുന്നവര്‍ നിശ്ചയമായും നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു.'' തുടര്‍ന്ന് അതേ അധ്യായം 7,8,9 സൂക്തങ്ങളിലായി അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കും നിങ്ങളോട് ശത്രുത പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ അല്ലാഹു ഒരുവേള സൗഹൃദം സ്ഥാപിച്ചേക്കാം. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് 

പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരോട് ചങ്ങാത്തം സ്ഥാപിക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്. അത്തരക്കാരോട് ചങ്ങാത്തം പുലര്‍ത്തുന്നവരാരോ അവര്‍ തന്നെയാണ് അക്രമികള്‍.''

3:73-ന്റെ പ്രതിപാദ്യമാകട്ടെ, ജൂതരുടെ പരസ്പര ഗൂഢാലോചനയും. പൂര്‍ണ രൂപം ഇപ്രകാരം: വേദക്കാരില്‍ ഒരു വിഭാഗം പറഞ്ഞു: 'സത്യവിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിങ്ങള്‍ പകലിന്റെ തുടക്കത്തില്‍ വിശ്വസിക്കുക; അന്ത്യത്തില്‍ അതിനെ തള്ളിക്കളയുകയും ചെയ്യുക. എങ്കില്‍ വിശ്വസിച്ചവരും മടങ്ങിക്കൊള്ളും. യഥാര്‍ഥത്തില്‍ നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിക്കരുത്'. പ്രത്യക്ഷത്തില്‍ ഇസ്‌ലാമില്‍ വിശ്വസിച്ചതായി പ്രഖ്യാപിക്കുക, പിന്നീട് ഞങ്ങള്‍ക്കതിന്റെ ഉള്ളുകള്ളികള്‍ പിടികിട്ടി, അപ്പോഴാണ് അതിലെ അപകടം തിരിച്ചറിഞ്ഞത്, അതിനാല്‍ ഞങ്ങള്‍ പിന്മാറുന്നു എന്ന് ഉറക്കെ പറയുക. എങ്കില്‍ യഥാര്‍ഥ വിശ്വാസികളും ഇസ്‌ലാമില്‍നിന്ന് പിന്മാറിക്കൊള്ളും എന്ന കുതന്ത്രം. ജൂതന്മാര്‍ പ്രയോഗിച്ചതാണ് ഈ സൂക്തത്തിന്റെ ഉള്ളടക്കം. കോമയും ക്വട്ടേഷനും അതുപോലുള്ള അടയാളങ്ങളും നല്‍കുക ഖുര്‍ആനിന്റെ ശൈലി അല്ലാത്തതിനാലാണ് ഇത് അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ ഉത്തരവായി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം.

 

ഉര്‍ദുഗാന്‍ സമഗ്രാധിപത്യത്തിലേക്ക്?

''സമഗ്രാധിപത്യത്തിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്ന ഉര്‍ദുഗാന്‍ ജനപ്രീണന രാഷ്ട്രീയത്തിന്റെ തന്ത്രമാണ് തുര്‍ക്കിയില്‍ പരീക്ഷിക്കുന്നത്. എന്നാല്‍ പ്രത്യേക ആഖ്യാന കസര്‍ത്തിലൂടെ താന്‍ വ്യത്യസ്തനായ രാഷ്ട്രീയക്കാരനാണെന്ന് അദ്ദേഹം സ്വയം സമര്‍ഥിക്കുന്നു. തന്റെ കൃത്രിമ ആഖ്യാനത്തിന് ജനങ്ങളുടെ വിശ്വാസ്യത ലഭിക്കാന്‍ അദ്ദേഹം വികസന അജണ്ടകളെ അതില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. ചരിത്രത്തെ തിരുത്തിയെഴുതി പാമരന്മാരായ സാധാരണ ജനങ്ങളെ പാട്ടിലാക്കാനും അദ്ദേഹം പരിശ്രമിക്കുന്നു. പഴയകാല മഹത്വങ്ങള്‍ പുനരവതരിപ്പിച്ച് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വരെ തിരുത്തിയെഴുതപ്പെടുകയാണ് തുര്‍ക്കിയില്‍. അപക്വമായ വാഗ്ദാനങ്ങളുടെയും ദേശീയതയുടെയും മിശ്രണത്തിലൂടെ ജനങ്ങളെ ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹമെന്നു പറയാം. വാസ്തവത്തില്‍ യുദ്ധതല്‍പരനായ ഈ ഉരുക്കുമനുഷ്യന്‍ സമഗ്രാധിപത്യത്തിന് പിറകെയുളള ഓട്ടത്തില്‍ ഒരു സ്വപ്‌നവ്യാപാരിയായി പരിണമിച്ചിരിക്കുന്നു'' (തുര്‍ക്കിയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എം.കെ ഭദ്രകുമാര്‍, മാധ്യമം 3-4-2017). പ്രതികരണം?

വി.എം റഹീം, മസ്‌കത്ത്

 

ജനാധിപത്യ ഭരണക്രമത്തില്‍ പല രീതികളും ലോകത്തുണ്ട്. ബ്രിട്ടീഷ് ഇന്ത്യന്‍ രീതിയിലെ പാര്‍ലമെന്ററി ജനാധിപത്യം, തുര്‍ക്കി, ഇസ്രയേല്‍ തുടങ്ങിയ നാടുകളിലെ ആനുപാതിക പ്രാതിനിധ്യം, തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ സിസ്റ്റം. തുര്‍ക്കിയില്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായപ്രകാരം നടന്ന തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടി അധികാരത്തില്‍ തുടരുന്നത്. അതിനദ്ദേഹത്തിനും പാര്‍ട്ടിക്കും പട്ടാളത്തിന്റെ ഇടപെടല്‍ഭീഷണി നിരന്തരം നേരിടേണ്ടിവന്നിട്ടുണ്ട്. സമര്‍ഥമായി അതിനെ മറികടന്ന ഉര്‍ദുഗാനെ ഒടുവില്‍ ആസൂത്രിത അട്ടിമറിയിലൂടെ പുറത്താക്കാന്‍ വിദേശ ശക്തികളുടെ ഉപജാപങ്ങള്‍ക്കനുസൃതമായി സൈന്യത്തില്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ ജനങ്ങളുടെ പിന്തുണയോടെ അത് വിഫലമാക്കാന്‍ ഉര്‍ദുഗാന് കഴിഞ്ഞു. ഇത്തരം ഭീഷണികളെ ഭാവിയില്‍ ഒഴിവാക്കാനും സുസ്ഥിര വികസനം സാധ്യമാക്കാനും അദ്ദേഹം കണ്ടെത്തിയ പോംവഴിയാവണം, പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അമേരിക്കന്‍ മാതൃകയിലേക്കുള്ള മാറ്റം. അതും പക്ഷേ അദ്ദേഹം അടിച്ചേല്‍പിക്കുകയല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ തുര്‍ക്കി പൗരന്മാരുടെയും ഹിതപരിശോധന നടത്തി അനുകൂലാഭിപ്രായം ലഭിച്ചാല്‍ മാത്രമേ മാറ്റം നടപ്പിലാകൂ എന്നദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് എങ്ങനെ ആരോപിക്കാനാവും?

ഇസ്‌ലാമിക ഖിലാഫത്തിന്റെ സുദീര്‍ഘ പാരമ്പര്യമുള്ള തുര്‍ക്കിയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മതനിരാസപരമായ തീവ്ര സെക്യുലരിസം അടിച്ചേല്‍പിച്ചത് കമാല്‍ അത്താതുര്‍ക്കാണ്. അദ്ദേഹം രൂപം നല്‍കിയ ഭരണഘടനയാണ് ഇന്നും നിലവിലുള്ളത്. തുര്‍ക്കിയുടെ സംസ്‌കാരവും പാരമ്പര്യവും പൈതൃകവും സംരക്ഷിക്കേണ്ടതിന് മൗലികമാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ജനാധിപത്യത്തിലൂടെ പൂര്‍ത്തീകരിക്കാന്‍  ഒരു നേതാവോ പാര്‍ട്ടിയോ രംഗത്തിറങ്ങിയാല്‍ എന്താണ് തെറ്റ്? അതേയവസരം ഇതിനെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടികളും വളരെ സജീവമായിത്തന്നെ തുര്‍ക്കിയിലുണ്ടല്ലോ. മനുഷ്യാവകാശങ്ങളും ജനാധിപത്യവും സ്വാതന്ത്ര്യവും പുലരുന്നേടത്തോളം കാലം ഭൂരിപക്ഷം ആഗ്രഹിക്കുന്ന മാറ്റം യാഥാര്‍ഥ്യമാവുന്നതില്‍ തെറ്റ് പറയാനാവില്ല. ഉര്‍ദുഗാന്റെ മോഹങ്ങള്‍ അതിരുകവിഞ്ഞതതാണെങ്കില്‍ അത് തുറന്നുപറയാനും അദ്ദേഹത്തെ തിരുത്താനും വേണ്ടിവന്നാല്‍ ഇംപീച്ച് ചെയ്യാനും തുര്‍ക്കി ജനതക്ക് അവസരമുണ്ടെന്നിരിക്കെ വിശേഷിച്ചും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍