തോക്കിന്‍ നിഴലിലെ പേടികള്‍
മനസ്സിന്റെ താളപ്പിഴ തുടങ്ങിയത്
പുലര്‍കാലത്ത് കോലായിലെറിഞ്ഞിട്ട
ദിനപത്രത്തിലൂടെ കണ്ണുകള്‍ ഒഴുകി
തളര്‍ന്നപ്പോഴാണ്,
ചിത്രങ്ങളും വാര്‍ത്തകളും
ഇടിച്ചുകയറി ഉഴുതുമറിച്ചിട്ട,
സ്വപ്‌നങ്ങള്‍ ചോരതെറിച്ച് മരവിച്ച
യുദ്ധഭൂമിയാണത്.
ആരുടെയോ കാല്‍പെരുമാറ്റം
ഒരു രഹസ്യനീക്കത്തിന്റെ
ഭീതിപടര്‍ത്തി അരിച്ചുകയറുന്നു
മനസ്സിന്റെ പടിവാതിലിലൂടെ
ഒരു തോക്കിന്റെ നിഴല്‍
എന്റെ കണ്‍പോളകള്‍ക്കുമേല്‍
ഏതു മയക്കത്തിലും ഉന്നംപിടിച്ച്
ഭീഷണിയുതിര്‍ക്കുന്നു
ഒരു വെടിയൊച്ചയുടെ അലര്‍ച്ച
എന്റെ കാതുകള്‍ തുളച്ച്
ഹൃദയഭിത്തികളില്‍ തട്ടി
പ്രതിധ്വനികള്‍
മുഴക്കിക്കൊണ്ടേയിരിക്കുന്നു
വീട്ടിലേക്കുള്ള വഴിയില്‍
ഞാന്നു കിടന്ന
ഒരു ഉണങ്ങിയ ചില്ല,
തോക്കുകണക്കെ നീണ്ട്
നിറയൊഴിക്കുന്നതിന്റെ ഭീതി
നെഞ്ചിന്‍കൂട് തകര്‍ത്ത് വീടിന്റെ
അകത്തളങ്ങളിലേക്ക് മുന്നേറുന്നു
വിശപ്പാറ്റുവാന്‍
അടുക്കളവാതിലിലണയുമ്പോള്‍
വറചട്ടിയില്‍ പൊരിയുന്ന മത്സ്യം
വെടിമരുന്നില്‍ കരിഞ്ഞ
മനുഷ്യമാംസത്തിന്റെ ഗന്ധം പടര്‍ത്തി
രസമുകുളങ്ങളെ സ്തംഭിപ്പിക്കുന്നു
ശ്വാസകോശം വലിഞ്ഞുമുറുകുന്ന
തണുത്ത രാത്രിയില്‍
ആശുപത്രിക്കിടക്കയില്‍
മരുന്നുനിറച്ച് ആവി പിടിക്കുമ്പോള്‍
പച്ചയോടെ കരിച്ചുകളയാന്‍
ഏതോ ഗ്യാസ് ചേംബറിലേക്ക്
വലിച്ചടുപ്പിക്കുന്നതിന്റെ
വീര്‍പ്പുമുട്ടലുകള്‍
എന്നെ തളര്‍ത്തിക്കളയുന്നു
ഏതു മയക്കവും
മരണം മണക്കുന്ന മോര്‍ച്ചറിയുടെ
പേക്കിനാവുകള്‍ തന്ന്
വിരസമാവുന്നു.
Comments