മുത്ത്വലാഖും സമുദായ വിലക്കും
ഭുവനേശ്വറില്‍ സമാപിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുത്ത്വലാഖ് എന്ന സാമൂഹിക തിന്മയുടെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും അധഃസ്ഥിതിയില്‍ കഴിയുന്ന മുസ്‌ലിംകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിലവില്‍ അവര്‍ക്കുള്ള സംവരണം നാലില്‍നിന്ന് പന്ത്രണ്ടാക്കി ഉയര്‍ത്താനുള്ള നിയമനിര്‍മാണത്തെ തെലങ്കാന നിയമസഭയില്‍ ബി.ജെ.പി ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഭുവനേശ്വര്‍ പ്രഖ്യാപനം. മുസ്‌ലിം സഹോദരിമാര്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ ഇത്രയധികം സങ്കടമുണ്ടെങ്കില്‍ അവരെ ശാക്തീകരിക്കാനുതകുന്ന സംവരണത്തെ ബി.ജെ.പി അനുകൂലിക്കുകയല്ലേ വേണ്ടിയിരുന്നത്? ബി.ജെ.പിയുടെ ഉന്നം വളരെ വ്യക്തമാണ്. മുത്ത്വലാഖ് പ്രശ്‌നത്തിന്റെ പേരില്‍ സമുദായത്തില്‍ ഭിന്നത ഉണ്ടാക്കുക. കഴിയുമെങ്കില്‍ അവരില്‍നിന്ന് ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തി ഏക സിവില്‍കോഡിനുള്ള വഴിയൊരുക്കുക. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ടുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇതിനെ ശരിവെക്കുകയും ചെയ്യുന്നു.
ഭുവനേശ്വറില്‍ ബി.ജെ.പി നിര്‍വാഹക സമിതി നടക്കുന്ന സമയത്ത് തന്നെയാണ് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ രണ്ടു ദിവസത്തെ ഒരു നിര്‍ണായക നിര്‍വാഹക സമിതിയോഗം ലഖ്‌നൗവില്‍ ചേരുന്നത്. ശ്രദ്ധേയമായ ചില തീരുമാനങ്ങളെടുക്കാനും നിര്‍വാഹക സമിതിക്ക് കഴിഞ്ഞു. മുത്ത്വലാഖ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് സമുദായം ഭ്രഷ്ട് കല്‍പിക്കണമെന്നാണ് അതിലൊന്ന്. ഇസ്‌ലാമിലെ വിവാഹമോചന പ്രക്രിയ സ്ത്രീക്ക് സംരക്ഷണം ഉറപ്പു നല്‍കുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളതെന്ന് പേഴ്‌സണല്‍ ലോ ബോര്‍ഡ് നിര്‍വാഹക സമിതി ചൂണ്ടിക്കാട്ടി. മുസ്‌ലിം സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനവും അവകാശങ്ങളുമാണുള്ളത്. അതിനനുസരിച്ചാണ് വിവാഹമോചന കാര്യങ്ങളില്‍ ഇസ്‌ലാമിന്റെ നിര്‍ദേശങ്ങളും വന്നിട്ടുള്ളത്. പക്ഷേ, ആ നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ പലരും തയാറാകുന്നില്ല. അതാണ് ഇസ്‌ലാമിനും സമുദായത്തിനും ദുഷ്‌പേരുണ്ടാക്കുന്നത്. അതിനാല്‍ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് അനുശാസനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പെരുമാറ്റച്ചട്ടം പുറത്തിറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വെള്ളിയാഴ്ച ജുമുഅ പ്രഭാഷണങ്ങളില്‍ വിശദീകരിക്കും. ചട്ടം ലംഘിക്കുന്നവരെ സമുദായം ബഹിഷ്‌കരിക്കുകയും സമുദായ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യണം.
വിലക്ക് ഏര്‍പ്പെടുത്താന്‍ നിയമാനുസൃത അധികാരമുള്ള സംവിധാനമല്ല ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. പക്ഷേ, പൊതുജന പിന്തുണയുണ്ടെങ്കില്‍ ഇത്തരം മുന്നറിയിപ്പുകള്‍ ഫലം ചെയ്യുമെന്നതിന് തെളിവുകളുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഹരിയാനയിലെ മേവാത്തില്‍, ആ പഞ്ചായത്ത് പരിധിയില്‍ പെടുന്ന മുസ്‌ലിംകള്‍ ഒരു തീരുമാനമെടുത്തു. മുത്ത്വലാഖ് ചൊല്ലുന്നവരെ ബഹിഷ്‌കരിക്കും, അവര്‍ക്കുള്ള എല്ലാതരം സഹായങ്ങളും നിര്‍ത്തിവെക്കും. അതിനു ശേഷം ആ പ്രദേശത്തുനിന്ന് മുത്ത്വലാഖ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന് സംസ്ഥാന-പ്രാദേശിക തലങ്ങളില്‍ സ്വന്തമായി സംവിധാനങ്ങളില്ല. പേഴ്‌സണല്‍ ലോ ബോര്‍ഡ് തന്നെയും വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണല്ലോ. അതിനാല്‍ അതിന്റെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത് മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളും തന്നെയാണ്. മഹല്ല് സംവിധാനങ്ങള്‍ സജീവമായ കേരളത്തില്‍ ത്വലാഖിന്റെ ദുരുപയോഗങ്ങള്‍ തടയുക ഏറക്കുറെ എളുപ്പമാണ്. പക്ഷേ, അത്തരമൊരു ജാഗ്രതയിലേക്ക് നമ്മുടെ മഹല്ലുകള്‍ എത്തിയിട്ടുണ്ടെന്ന് പറയാനാകില്ല. ത്വലാഖും മുത്ത്വലാഖുമൊക്കെ കേവലം വ്യക്തിപരമായ വിഷയങ്ങളായാണ് ഇപ്പോഴും പല മഹല്ലുകളും കണ്ടുവരുന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അപമാനമുണ്ടാക്കുന്ന ഒരു സാമൂഹിക പ്രശ്‌നമായി അത് വളര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം. അതാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ പ്രകടമാവുന്നത്. അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ മഹല്ലുകള്‍ക്ക് സാധിക്കണം. മുത്ത്വലാഖിന്റെ മറ പിടിച്ച് മുസ്‌ലിം വ്യക്തിനിയമത്തില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കോപ്പു കൂട്ടുന്ന സാഹചര്യത്തില്‍, അത്തരം നീക്കങ്ങളെ ഫലപ്രദമായി തടയണമെങ്കില്‍ ത്വലാഖ് ദുരുപയോഗങ്ങളെക്കുറിച്ച് മുസ്‌ലിം ജനസാമാന്യത്തില്‍ വ്യാപകമായ ബോധവത്കരണം അനിവാര്യമാണ്. മുസ്‌ലിം സ്ത്രീകള്‍ അനീതികള്‍ക്കിരകളാകുന്നുണ്ടോ എന്ന് മുസ്‌ലിം കൂട്ടായ്മകളും മഹല്ലുകളും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. പ്രശ്‌നങ്ങള്‍ കഴിവതും ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണം. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പുറത്തിറക്കുന്ന പെരുമാറ്റ ചട്ടത്തിന്റെ മാതൃകയില്‍ ഒരു പെരുമാറ്റ ചട്ടം മഹല്ലുകള്‍ക്ക് ഉണ്ടാക്കാവുന്നതാണ്. അത് ലംഘിക്കുന്നവരെ ഒറ്റപ്പെടുത്താനും ബഹിഷ്‌കരിക്കാനും തയാറായാല്‍ വലിയൊരു പരിധിവരെ സാമൂഹിക തിന്മകള്‍ തടയാനാകും. മേവാത്തിലെ അനുഭവം നമ്മുടെ മഹല്ലുകള്‍ക്ക് ഒരു മാതൃകയായിരിക്കട്ടെ.
Comments