തുര്‍ക്കി ഹിതപരിശോധനയുടെ രാഷ്ട്രീയ ധ്വനികള്‍
2017 ഏപ്രില്‍ 16. ക്ലേശപൂര്‍ണമായ ആ ദിനാന്ത്യത്തില്‍ തുര്‍ക്കിയിലെ ഹിതപരിശോധനാ ഫലം പുറത്തുവന്നു. പാര്‍ലമെന്ററി ഭരണരീതിയില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്കുള്ള ഭരണഘടനാ ഭേദഗതിക്ക് പൊതുജനാഭിപ്രായം തേടിക്കൊണ്ടായിരുന്നു ഹിതപരിശോധന. ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി 51.4 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 48.6 ശതമാനം എതിര്‍ത്തു. കൃത്യമായ കണക്ക് ഇങ്ങനെയാണ്: അനുകൂലിച്ചവര്‍- 25 ദശലക്ഷം, 154 ആയിരം, 247 പേര്‍. എതിര്‍ത്തവര്‍- 23 ദശലക്ഷം, 775 ആയിരം, 294 പേര്‍. അനുകൂലിച്ചവരും എതിര്‍ത്തവരും തമ്മിലുള്ള വോട്ട്‌വ്യത്യാസം - ഒരു ദശലക്ഷം, 378 ആയിരം, 963.
തുര്‍ക്കിക്കകത്ത് പോളിംഗ് 85.46 ശതമാനമാണ്. വളരെക്കൂടിയ ഈ പോളിംഗ് ശതമാനം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. വിദേശ രാജ്യങ്ങളിലെ തുര്‍ക്കി വംശജര്‍ക്കിടയില്‍ പോളിംഗ് 46.95 ശതമാനം. ഇതും റെക്കോര്‍ഡ് വര്‍ധനവാണ്. 1980-ലെ സൈനിക അട്ടിമറിക്കു ശേഷം പോളിംഗ് ശതമാനം കൂടാനുള്ള കാരണം തെരഞ്ഞെടുപ്പുകള്‍ സംശുദ്ധമായി നടക്കുന്നു എന്നതുകൊണ്ടാണ്. തന്റെ വോട്ട് തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുമെന്ന് വോട്ടര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. സൈനിക ഇടപെടലിനെതിരായ ജനകീയ പ്രതിരോധം എന്ന നിലക്കും ഈ പോളിംഗ് വര്‍ധനവിനെ കാണേണ്ടതു്.
നേരത്തേ നടന്ന ഹിതപരിശോധനകളേക്കാള്‍ ഇപ്പോള്‍ നടന്ന ഹിതപരിശോധനക്ക് രണ്ട് പ്രത്യേകതകളുണ്ട്. രാജ്യത്തിന്റെ ഭരണസംവിധാനത്തെ കാതലായി മാറ്റിപ്പണിയാന്‍ വേണ്ടിയുള്ളതാണ് എന്നതാണ് ഒന്ന്. രാജ്യത്തിനകത്തും പുറത്തും (യൂറോപ്യന്‍ യൂനിയനില്‍ വരെ) ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്കും പോര്‍വിളികള്‍ക്കും ഇത് വഴിയൊരുക്കി എന്നതാണ് രണ്ടാമത്തേത്. ഇത്ര കടുത്ത പ്രചാരണങ്ങളും ദേശീയവും ആശയപരവുമായ ധ്രുവീകരണങ്ങളും മറ്റൊരു ഹിതപരിശോധനയിലും ഉണ്ടായിരുന്നില്ല.
ഹിതപരിശോധനക്ക് അനുകൂലമായി ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കരിങ്കടല്‍ തീരത്തുള്ള ബായ്ബര്‍റ്റ് നഗരത്തിലാണ്- 81.79 ശതമാനം. പ്രതിപക്ഷ നേതാവിന്റെ സ്വന്തം തട്ടകമായ തുന്‍ജലിയിലാണ് ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നത്- 80.04 ശതമാനം. ഏറ്റക്കുറവുകളോടെയാണെങ്കിലും നിരവധി വന്‍ നഗരങ്ങള്‍ ഭേദഗതിക്കെതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇസ്തംബൂള്‍ (എതിര്‍ത്തവര്‍: 51.4 ശതമാനം), അങ്കാറ (51.2 ശതമാനം), ഇസ്മീര്‍ (68.8 ശതമാനം), ദിയാര്‍ ബക്ര്‍ (61.6 ശതമാനം) എന്നിവ ഉദാഹരണം.
നാടിന്റെ ഭരണസംവിധാനം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് വിവിധ കക്ഷികള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായഭിന്നതകള്‍ക്ക് പരിഹാരം കാണാന്‍ തുര്‍ക്കി ജനത ബാലറ്റ് പെട്ടിയെ തെരഞ്ഞെടുത്തു എന്നത് ശുഭോദര്‍ക്കമാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് പോളിംഗ് ശതമാനം ഇത്രയേറെ ഉയര്‍ത്തിയത്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തുര്‍ക്കിയില്‍ മാത്രമല്ല മറ്റു നിരവധി വിദേശ രാജ്യങ്ങളിലുമായി ഒരേസമയമാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ട് രേഖപ്പെടുത്തലും എണ്ണലും പതിനാല് മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇത്ര വിപുലമായ തെരഞ്ഞെടുപ്പ് സംവിധാനത്തെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് സാധിച്ചു.
ഹിതപരിശോധന റജബ് ത്വയ്യിബ് ഉര്‍ദുഗാന്നും അദ്ദേഹത്തിന്റെ അക് പാര്‍ട്ടിക്കും ചരിത്രവിജയം തന്നെയാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ഭരണരീതി മാറ്റാനുള്ള ജനകീയാംഗീകാരം അദ്ദേഹത്തിന് ലഭ്യമായിരിക്കുന്നു. 'ജനകീയാംഗീകാരത്തോടെ ഭരണസമ്പ്രദായം മാറുന്നത് തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇതാദ്യം' എന്ന ഉര്‍ദുഗാന്റെ പ്രസ്താവനയുടെ പൊരുളും അതാകാം. അതേസമയം അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ എന്ന വസ്തുതയും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. യഥാര്‍ഥത്തില്‍ ദേശീയ സമവായത്തോടെയാണ് ഇത്തരം വലിയ മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരുന്നത്. ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെ അവിശ്വാസവും രോഷവുമെല്ലാം ഈ ഹിതപരിശോധനയില്‍ പ്രതിഫലിക്കുന്നുണ്ട്. 2015 ജൂണില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കുള്ള ഭരണമാറ്റം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടു വന്ന അക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതും ഇതോടു ചേര്‍ത്തു വായിക്കണം.
ഹിതപരിശോധനയില്‍ അക് പാര്‍ട്ടിയോടൊപ്പമുണ്ടായിരുന്നത് നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയാണ്. ഈ രണ്ട് കക്ഷികള്‍ക്കും കൂടി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് കണക്കിലെടുത്താല്‍ അറുപത് ശതമാനത്തിലധികം ജന പിന്തുണയുണ്ട് (അക് പാര്‍ട്ടിക്ക് 49.5 ശതമാനം, നാഷ്‌നലിസ്റ്റ് പാര്‍ട്ടിക്ക് 11.9 ശതമാനം). 2014-ല്‍ ഉര്‍ദുഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹത്തിന് 52 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നല്ലോ. ഇതിനര്‍ഥം, അക് പാര്‍ട്ടിയില്‍തന്നെ ഭരണമാറ്റത്തെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ്. ഭരണമാറ്റം വേണമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ രീതിയെക്കുറിച്ച് അവരില്‍ ചിലരെങ്കിലും സംശയാലുക്കളാണ്. പ്രവിശ്യകള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അക് പാര്‍ട്ടിക്കൊപ്പമുള്ള നാഷ്‌നലിസ്റ്റ് പാര്‍ട്ടിയുടെ ബഹുഭൂരിഭാഗം പ്രവര്‍ത്തകരും ഭരണഘടനാ ഭേദഗതിക്കെതിരെ വോട്ട് ചെയ്തു എന്നാണ് വ്യക്തമാവുന്നത്. ഇത് ഇരുകക്ഷികളും തമ്മിലുള്ള ദീര്‍ഘകാല സഖ്യത്തിന് തടസ്സമാവും. ഈ ഹിതപരിശോധനയില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് നാഷ്‌നലിസ്റ്റ് പാര്‍ട്ടി നേതാവ് ദെവ്‌ലത് ബഹ്ജലിക്കാണെന്ന് പറയേണ്ടിവരും. തന്റെ നിലപാട് അണികളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇത് പാര്‍ട്ടിക്കകത്ത് അദ്ദേഹത്തിന്റെ നില വളരെയേറെ ദുര്‍ബലപ്പെടുത്തും. തെക്കും തെക്കു കിഴക്കുമുള്ള കുര്‍ദ് മേഖലകള്‍ ഭരണഘടനാ മാറ്റത്തിന് അനുകൂലമായി വിധിയെഴുതി എന്നതും ശ്രദ്ധേയമാണ്. ഹിതപരിശോധനക്ക് തൊട്ടു മുമ്പ് ഉര്‍ദുഗാന്‍ നല്‍കിയ അനുരഞ്ജനത്തിന്റെ സന്ദേശമാവാം ഇതിന് നിമിത്തമായത്.
തുര്‍ക്കിയിലെ നാല് പ്രധാന നഗരങ്ങള്‍ ഭരണഘടനാ ഭേദഗതിക്കെതിരായി വിധിയെഴുതി എന്നത് ഒട്ടും നിസ്സാരമല്ല. ഇസ്തംബൂള്‍ നഗരം 'മിനിതുര്‍ക്കി', 'ഇലക്ടറല്‍ റിസര്‍വോയര്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. കാരണം തുര്‍ക്കിയിലെ അഞ്ചിലൊന്ന് വോട്ടര്‍മാരും ഇവിടെയാണ്; അവരാണെങ്കില്‍ തുര്‍ക്കിയുടെ ബഹുവംശീയതയെ പ്രതിനിധീകരിക്കുന്നവരും. ഭരണസിരാകേന്ദ്രമായ അങ്കാറയിലാണെങ്കില്‍ അക് പാര്‍ട്ടിയും പീപ്പ്ള്‍സ് പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുമ്പേ തന്നെ. ഇസ്മീര്‍ നഗരം അള്‍ട്രാ സെക്യുലരിസ്റ്റുകളുടെ അവസാന കോട്ടയായാണ് കരുതപ്പെടുന്നത്. ദിയാര്‍ ബക്ര്‍ നഗരം കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ളതും അവരുടെ രാഷ്ട്രീയ കൂട്ടായ്മയായ ഡെമോക്രാറ്റിക് പീപ്പ്ള്‍സ് പാര്‍ട്ടിയുടെ ശക്തികേന്ദ്രവുമാണ്. ഇസ്തംബൂളില്‍ തന്നെ അക് പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളെന്ന് അറിയപ്പെടുന്ന ഫാതിഹ്, അയ്യൂബ്, ഉസ്‌കൂദാര്‍ പോലുള്ള തെരുവുകളില്‍ പോലും ഒന്നുകില്‍ എതിര്‍ക്കുന്നവര്‍ ഭൂരിപക്ഷം നേടുകയോ അല്ലെങ്കില്‍ വോട്ടുകള്‍ ഏറക്കുറെ സമമാവുകയോ ചെയ്തു. സുപ്രധാനമായ ചില രാഷ്ട്രീയ സൂചനകളാണിതെല്ലാം. അക് പാര്‍ട്ടി ഇതേക്കുറിച്ച് കാര്യ ഗൗരവത്തോടെ ആലോചിക്കേണ്ടിവരും. ഇത് ഉള്‍ക്കൊണ്ടാവണം, ഹിതപരിശോധനക്കു ശേഷം പ്രധാനമന്ത്രി ബിന്‍ അലി യെല്‍ദരീം നടത്തിയ പ്രസ്താവനയില്‍ അനുരഞ്ജനത്തിന്റെ സന്ദേശമാണുള്ളത്. വിജയിച്ചത് മുഴുവന്‍ തുര്‍ക്കിയുമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മൊത്തം 18 ഭരണഘടനാ ഭേദഗതികളാണ് നിര്‍ദേശിക്കപ്പെട്ടിരുന്നത്. അതില്‍ രണ്ടെണ്ണമാണ് ഉടന്‍ നടപ്പാവുക. ജഡ്ജിമാരെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും നിയമിക്കുന്ന സമിതിയുടെ തെരഞ്ഞെടുപ്പാണ് അതിലൊന്ന്. ഒരു മാസത്തിനകം അത് നടക്കും. രണ്ടാമത്തേത്- അതാണ് വളരെ പ്രധാനം- തുര്‍ക്കി പ്രസിഡന്റിന് തന്റെ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാം എന്നതാണ്. ആ ഭേദഗതി നടപ്പിലാവുന്നതോടെ ഉര്‍ദുഗാന് തന്റെ അക് പാര്‍ട്ടി അംഗത്വം പുനഃസ്ഥാപിക്കാനും നേതാവായിരുന്നുകൊണ്ടുതന്നെ 2019-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനും സാധിക്കും. ഉര്‍ദുഗാന്‍ നേതൃസ്ഥാനമേല്‍ക്കുന്നതിന് അക് പാര്‍ട്ടിയുടെ ഒരു അടിയന്തര കണ്‍വെന്‍ഷന്‍ ഉടന്‍ വിളിച്ചുചേര്‍ത്തേക്കും. ആ സമ്മേളനത്തില്‍ ഹിതപരിശോധനാ ഫലങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ബാക്കിവരുന്ന പതിനാറ് ഭരണഘടനാ ഭേദഗതികളും 2019-ലെ തെരഞ്ഞെടുപ്പോടെ മാത്രമേ നടപ്പിലാവുകയുള്ളൂ എന്ന് ഉര്‍ദുഗാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതുവരെ പുതിയ ഘടനക്കു വേണ്ടി രാഷ്ട്രത്തെ പരുവപ്പെടുത്തുന്ന സംക്രമണ ഘട്ടം (Transition Period) ആയിരിക്കും.
(തുര്‍ക്കി വിഷയങ്ങളില്‍ സവിശേഷ പഠനം നടത്തുന്ന ഫലസ്ത്വീനീ കോളമിസ്റ്റാണ് ലേഖകന്‍)
Comments