ഒറ്റക്കെട്ടായി പ്രതിസന്ധികള്‍ മറികടക്കുക
'ജനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരിക്കുക എന്നത് ഒരു അനിവാര്യതയാണ്. ലക്ഷ്യങ്ങളിലും ഗ്രാഹ്യശേഷിയിലും അവര്‍ പല നിലകളില്‍ നില്‍ക്കുന്നതുകൊണ്ട് അത് അങ്ങനെയാവാനേ തരമുള്ളൂ. തീര്‍ത്തും സ്വാഭാവികമായ ഈ അഭിപ്രായഭിന്നതയുടെ പേരില്‍ പരസ്പരം പകയും ശത്രുതയും വെച്ചുപുലര്‍ത്തുന്നതാണ് ഏറ്റവും നിന്ദ്യമായിട്ടുള്ളത്'- പ്രമുഖ പൂര്‍വകാല പണ്ഡിതന്‍ ഇബ്‌നുല്‍ ഖയ്യിമിന്റേതാണ് ഈ വാക്കുകള്‍. മനുഷ്യര്‍ പണ്ടു മുതല്‍ക്കേ പല ആശയക്കാരാണ്. അവരില്‍ ആസ്തികരും നാസ്തികരും സന്ദേഹികളും പ്രകൃതിപൂജകരുമൊക്കെയുണ്ടാവും. ദൈവവിശ്വാസികള്‍തന്നെ പല തരക്കാരാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്നവരും ബഹുദൈവങ്ങളില്‍ വിശ്വസിക്കുന്നവരുമുണ്ട് അവരുടെ കൂട്ടത്തില്‍. ഈ മൗലിക ഭിന്നതകള്‍ക്ക് ഇടം അനുവദിച്ചുകൊണ്ട് തന്നെയാണ് ഏതൊരു ആശയപ്രചാരണവും മുന്നേറേണ്ടതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. സത്യത്തെ അംഗീകരിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനും അല്ലാഹു നല്‍കിയിരിക്കുന്നു.
വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുന്നവര്‍ തമ്മില്‍ മാത്രമല്ല, ഒരേ ആശയം പുലര്‍ത്തുന്നവര്‍ തമ്മിലും അഭിപ്രായഭിന്നതകളുണ്ടാകാം. പക്ഷേ, ആ അഭിപ്രായ ഭിന്നത അടിസ്ഥാനപരമോ മൗലികമോ ആയിരിക്കില്ല; ശാഖാപരമായിരിക്കും. അപ്പോള്‍ എന്തു ചെയ്യണമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌ന വിഷയങ്ങള്‍ ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അന്തസ്സത്തയും ആത്മാവും ഉള്‍ക്കൊണ്ടുകൊണ്ട് ചര്‍ച്ചചെയ്ത് ഒരു ധാരണയില്‍ എത്തുക. ശാഖാപരമായ ഭിന്നിപ്പ് ഒരിക്കലും പിളരാനോ പരസ്പരം പോരടിക്കാനോ ഉള്ള ന്യായമല്ല. 'അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കൂ' എന്ന ആഹ്വാനത്തിന്റെ പൊരുള്‍ അതാണ്. അത് ലംഘിച്ചാല്‍ സര്‍വനാശമായിരിക്കും ഫലം. ഇതിനെക്കുറിച്ച് നല്ലപോലെ ബോധവാന്മാരായിരുന്നു വിശ്വാസിസമൂഹത്തിന്റെ ആദ്യ തലമുറ. സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാന്‍ അവര്‍ എന്ത് ത്യാഗത്തിനും തയാറായിരുന്നു. പ്രവാചകന്‍(സ) ഇഹലോകവാസം വെടിഞ്ഞപ്പോള്‍, ഇനി ആര്‍ നേതാവാകണമെന്ന ചര്‍ച്ച സജീവമായി നടക്കുന്ന സന്ദര്‍ഭം. അപ്പോഴാണ് മഹാനായ ഉമറുല്‍ ഫാറൂഖ് (റ) മുന്നോട്ടുവന്ന് പ്രവാചകന്റെ സന്തത സഹചാരിയായിരുന്ന അബൂബക്‌റി(റ)ന്റെ കൈപിടിച്ച് അദ്ദേഹത്തെ ഭരണാധികാരിയായി താന്‍ അംഗീകരിക്കുന്നു എന്ന് പ്രതിജ്ഞ ചെയ്യുന്നത്. കൂടിയിരിക്കുന്ന മറ്റുള്ളവരും ഇതു കണ്ട് ആ മാതൃക പിന്തുടര്‍ന്നു. ഒരു രാഷ്ട്രീയ പ്രതിസന്ധി അങ്ങനെ ഒഴിവായി. ഉമറും ആ സ്ഥാനത്തേക്ക് സര്‍വഥാ യോഗ്യനായിരുന്നു. അദ്ദേഹത്തെ പിന്തുണക്കാനും ആളുകളുണ്ടാകുമായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാവണം, അങ്ങനെയൊരു സാധ്യത തുറക്കുന്നതിനു മുമ്പ് സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ ഉമര്‍(റ) ഇങ്ങനെയൊരു ത്യാഗത്തിന് തയാറായത്. നാലാം ഖലീഫ അലി(റ)യുടെ മരണശേഷം ഭൂരിപക്ഷം ആളുകളും താല്‍പര്യപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ മകന്‍ ഹസനെ ഭരണാധികാരിയാക്കാനായിരുന്നു. ഇത് ആഭ്യന്തര സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് മനസ്സിലാക്കിയ ഹസന്‍, ഭരണാധികാരം സിറിയയിലെ അമീറായ മുആവിയക്ക് കൈമാറുകയായിരുന്നു.
മഹാന്മാരായ മുന്‍ഗാമികള്‍ മുറുകെപ്പിടിച്ച ഒരു മൗലിക തത്ത്വം പില്‍ക്കാലക്കാര്‍ ഏറക്കുറെ അവഗണിച്ചു എന്നതാണ് ഭിന്നിപ്പിന്റെയും ശൈഥില്യത്തിന്റെയും ഒരു പ്രധാന കാരണം എന്ന് കണ്ടെത്താനാവും. പൊതു താല്‍പര്യത്തിനു വേണ്ടി വ്യക്തിപരമായ അഭിപ്രായങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ബലികഴിക്കുക എന്നതാണത്. അപ്പോഴേ 'അല്ലാഹുവിനെയും പ്രവാചകനെയും നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും' യഥാവിധി അനുസരിക്കാന്‍ സാധിക്കൂ. ഓരോ വ്യക്തിയും ഓരോ പ്രപഞ്ചം തന്നെയാണ്. അതുകൊണ്ടാവാം നിങ്ങളുടെ സൃഷ്ടിപ്പോ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പോ ഏറെ മഹത്തരം എന്ന് അല്ലാഹു ചോദിക്കുന്നത്. ഓരോ വ്യക്തിയുടെയും ജീവിത പരിസരവും അറിവും അഭിരുചിയുമൊക്കെ വ്യത്യസ്തമായതുകൊണ്ട് അവര്‍ ഉള്‍ച്ചേര്‍ന്ന ഒരു കൂട്ടായ്മയില്‍ ഒരേ അച്ചില്‍ വാര്‍ത്ത പോലുള്ള അഭിപ്രായങ്ങളല്ല ഉണ്ടാവുക. പ്രതിജനഭിന്നമായിരിക്കും അവ. ഈ ഭിന്നാഭിപ്രായങ്ങളുമായി ഒരു കൂട്ടായ്മക്കും മുന്നോട്ടുപോകാനാവുകയില്ല. അവയെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിന് ഒരു രീതിശാസ്ത്രം ഖുര്‍ആനും പ്രവാചകചര്യയും മുന്നോട്ടുവെക്കാനുണ്ട്. എല്ലാ അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യുകയും ഒടുവില്‍ ഇസ്‌ലാമിക പ്രമാണങ്ങളുമായി കൂടുതല്‍ ഇണങ്ങുന്ന ഒരു അഭിപ്രായം സ്വീകരിക്കുകയും നേരത്തേ എതിര്‍ത്തവര്‍ വരെ ആ അഭിപ്രായത്തിന്റെ വാഹകരായി മുന്നോട്ടുപോവുകയും ചെയ്യുക എന്നതാണത്. ഇവിടെയാണ് വ്യക്തിപരമായ അഭിപ്രായങ്ങള്‍ ബലികഴിക്കേണ്ടിവരുന്നത്.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, താല്‍പര്യങ്ങള്‍, വ്യക്തിവിരോധങ്ങള്‍ എന്നിവയൊക്കെയാണ് പലപ്പോഴും ഭിന്നതകള്‍ക്ക് കാരണമാവുന്നതെന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാനാവും. ആശയഭിന്നതകളുടെ പേരിലും ശൈഥില്യമുണ്ടാവാം. അപ്പോള്‍ പോലും വ്യക്തിപരമോ രാഷ്ട്രീയമോ ഒക്കെയായ താല്‍പര്യങ്ങളും മറ്റും അനുരഞ്ജന ശ്രമങ്ങള്‍ക്ക് തടസ്സമാവുന്നതാണ് കണ്ടുവരാറുള്ളത്. പക്ഷേ, ആദര്‍ശത്തിന്റെ പരിവേഷമണിയിച്ചായിരിക്കും ആ താല്‍പര്യങ്ങള്‍ അവതരിപ്പിക്കപ്പെടുക എന്നു മാത്രം. പ്രവാചകനു ശേഷം ആര്‍ ഭരണാധികാരിയാവണം എന്ന രാഷ്ട്രീയ തര്‍ക്കമാണല്ലോ മുസ്‌ലിം സമൂഹത്തില്‍ രണ്ട് ഭിന്ന മതധാരകള്‍ക്ക് രൂപം നല്‍കിയത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ തമ്മിലും സംഘടനകള്‍ക്കകത്തും വീണ്ടുവിചാരങ്ങള്‍ ഉണ്ടാകുന്നതും അവര്‍ ഐക്യത്തിന് മുന്നിട്ടിറങ്ങുന്നതും വളരെയേറെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഒറ്റക്കെട്ടായി നിന്നുകൊണ്ടേ പ്രതിസന്ധികള്‍ മറികടക്കാനാവൂ.
Comments