കറന്‍സി അസാധുവാക്കിയ നടപടി രാജ്യനന്മക്കോ?
നരേന്ദ്ര മോദിസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തെ ജനകോടികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്ന് ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയാണോ? കള്ളപ്പണം പിടികൂടുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമല്ലേ മോദി സര്‍ക്കാര്‍ ഇങ്ങനെയൊരു 'സാമ്പത്തിക അടിയന്തരാവസ്ഥ' സൃഷ്ടിച്ചിരിക്കുന്നത്? പ്രധാനമന്ത്രിയെയും സര്‍ക്കാറിനെയും അഭിനന്ദിക്കുകയും സഹകരിക്കുകയുമല്ലേ ജനങ്ങള്‍ ചെയ്യേണ്ടത്?
നസീര്‍ പള്ളിക്കല്‍
രാജ്യനന്മക്കും ദേശീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി സ്വീകരിക്കേണ്ടിവന്ന നടപടികളാണെങ്കില്‍ അത് സുതാര്യമാക്കാനോ പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇരു സഭകളിലും ഹാജരായി താന്‍ സ്വീകരിച്ച നടപടികളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ വ്യക്തമാക്കാനോ സംശയങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും മറുപടി നല്‍കാനോ പ്രധാനമന്ത്രി നരേന്ദ്രമോദി വൈമനസ്യം കാണിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പ്രഗത്ഭനായ ധനകാര്യ വിദഗ്ധനും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും മുന്‍ പധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ നടത്തിയ കടുത്ത വിമര്‍ശനത്തില്‍ മറുപടി പറയാന്‍ പോലും മോദിക്ക് കഴിയാതെ പോയി. 'അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണത്തിന് തടയിടാനും വ്യാജ നോട്ടുകള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് തടയാനുമാണ് എന്ന് പ്രധാനമന്ത്രി പറയുന്നു. ഈ ലക്ഷ്യങ്ങളോട് വിയോജിക്കുന്നില്ല. എന്നാല്‍, നടപടിക്രമങ്ങളില്‍ ചരിത്രപരമായ പിഴവുകള്‍ സംഭവിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഇപ്പോഴത്തെ നടപടി രാജ്യത്തിന്റെ കറന്‍സി വ്യവസ്ഥയിലും ബാങ്കിംഗ് സമ്പ്രദായത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ദുര്‍ബലപ്പെടുത്തിയത്. തങ്ങള്‍ നിക്ഷേപിച്ച സ്വന്തം പണം ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാന്‍ പൗരന്മാരെ അനുവദിക്കാത്ത ഏതെങ്കിലുമൊരു രാജ്യത്തിന്റെ ഉദാഹരണം പ്രധാനമന്ത്രിക്ക് പറയാന്‍ കഴിയുമോ? ഇത് കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായങ്ങളെയും മാത്രമല്ല രാജ്യത്തെ ഏതൊരു വ്യക്തിയെയും പ്രതികൂലമായി ബാധിക്കും. ഈ നടപടി മൂലം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം രണ്ട് ശതമാനം കണ്ട് താഴോട്ടുപോവും. പെരുപ്പിച്ച കണക്കല്ല ഇത്. ഈ പദ്ധതി എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്നതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി കൊണ്ടുവരണം. അതോടൊപ്പം സാധാരണക്കാര്‍ക്കുണ്ടായ ദുരിതം കുറക്കാനും നടപടി വേണം.' മന്‍മോഹന്‍ സിംഗിന്റെ വാക്കുകളാണിത്. ഈ നടപടികൊണ്ടുള്ള ദുരിതം ഹ്രസ്വകാലത്തേക്ക് മാത്രമാണെന്നും ദീര്‍ഘകാലത്തേക്ക് നല്ലതാണെന്നും ന്യായീകരിക്കുന്നതിനെയും മുന്‍ പ്രധാനമന്ത്രി പരിഹസിച്ചു. 'ദീര്‍ഘകാലം കഴിയുമ്പോള്‍ നമ്മളെല്ലാം മരിച്ചിട്ടുണ്ടാവും എന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ കെയ്ന്‍സിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം നരേന്ദ്രമോദിയെ കളിയാക്കിയത്' (മാധ്യമം 2016 നവംബര്‍ 25).
ഇനി സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ പുരസ്‌കാര ജേതാവും രാജ്യത്തെ ഏറ്റവും പ്രമുഖ ധനശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍ പറയുന്നതോ? 'നോട്ട് നിരോധനം രാജ്യത്തെ നോട്ടുകള്‍ കൈവശം വെച്ച എല്ലാവരെയും തട്ടിപ്പുകാരാക്കുന്നതായി പോയി. നോട്ട് കൈയിലുള്ളവരെല്ലാം തങ്ങള്‍ കള്ളപ്പണക്കാരല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുമുണ്ടായി. നോട്ട് പിന്‍വലിക്കുകയെന്ന ആശയവും അത് നടപ്പാക്കിയ രീതിയുമെല്ലാം സ്വേഛാധിപത്യ നടപടിയും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരെന്ന സര്‍ക്കാറിന്റെ സ്വഭാവത്തെ വഞ്ചിക്കുന്നതുമാണ്. ഇത് എങ്ങനെയാണ് കള്ളപ്പണം ഇല്ലാതാക്കുക? വിദേശത്തെ കള്ളപ്പണം തിരികെ കൊുവരുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിലെ പരാജയമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. നല്ല നയങ്ങള്‍ ചിലപ്പോള്‍ ചില വേദനകള്‍ ഉണ്ടാക്കാം. അതിനെ കുറ്റം പറയാനാവില്ല. എന്നാലിത് ഒരു തരത്തിലും നല്ല നയമല്ല. ഒരു ദേശീയ ദിനപത്രത്തോട് സംസാരിക്കെ അമര്‍ത്യാ സെന്‍ പറഞ്ഞു' (തേജസ് 27 നവംബര്‍ 2016).
കള്ളപ്പണം എന്നു പറഞ്ഞാല്‍ വ്യാജ നോട്ടല്ല, കണക്കില്‍പെടാത്ത പണമാണ്. അതായത് അതത് കാലങ്ങളിലെ സര്‍ക്കാറുകള്‍ ചുമത്തുന്ന ആദായനികുതി വ്യവസ്ഥ പ്രകാരം അടക്കാത്ത പണം. ആദായനികുതി അടക്കാതിരിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളും മറ്റും കൈക്കൂലിയായും കോഴയായും അവിഹിത പാരിതോഷികങ്ങളായും മറ്റും സ്വീകരിക്കുന്ന പണം കണക്കില്‍ കാണിക്കാന്‍ പറ്റില്ല. രണ്ട്, ഭൂമി ഇടപാടുകള്‍ പോലുള്ളതിന് യഥാര്‍ഥത്തില്‍ കൊടുക്കുന്ന വിലയല്ല മുദ്രക്കടലാസുകളില്‍ രേഖപ്പെടുത്തുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിക്കപ്പുറമുള്ള പണം കണക്കില്‍ പെടുകയില്ല. തീര്‍ച്ചയായും സൂക്ഷ്മമായ അന്വേഷണത്തിലൂടെ പിടിച്ചെടുക്കേണ്ടതും കുറ്റവാളികളെ ശിക്ഷിക്കേണ്ടതുമായ വ്യവഹാരങ്ങള്‍ തന്നെയാണിത്. അതിന് പക്ഷേ പാപം ചെയ്യാത്തവര്‍ വേണ്ടേ കല്ലെറിയാന്‍? സത്യസന്ധരായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്ര പേരുണ്ടാവും ഇന്ത്യാ രാജ്യത്ത്? കള്ളപ്പണക്കാര്‍ക്കു വേണ്ടി സമ്മര്‍ദം ചെലുത്താത്ത ഭരണാധികാരികള്‍ എവിടെ? ഈ പ്രശ്‌നത്തിന് മൗലിക പരിഹാരം തേടാതെയും കാണാതെയും മഹാ ഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മറ്റു സാധാരണ ജനങ്ങള്‍ക്കും ആദ്യം രണ്ട് ദിവസവും പിന്നെ രണ്ടാഴ്ചയും ഒടുവില്‍ അമ്പത് ദിവസവും നീട്ടിനല്‍കി മഹാ ദുരിതവും വറുതിയും സമ്മാനിച്ച നരേന്ദ്ര മോദിയുടെ നടപടി ഏതര്‍ഥത്തിലാണ് ന്യായീകരിക്കുക? ഒരു പൈസയുടെ പോലും സൗജന്യമല്ല, ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയ കറന്‍സികളാണ് അത്യാവശ്യങ്ങള്‍ക്ക് പോലും വിട്ടുനല്‍കാതെ തീ തീറ്റിക്കുന്നത് എന്നോര്‍ക്കണം. കേരളത്തെ സംബന്ധിച്ചേടത്തോളം വലിയൊരു വിഭാഗം ഗ്രാമീണരുടെ നിത്യക്കൂലി സമ്പാദ്യങ്ങള്‍ നിക്ഷേപിച്ച സഹകരണ ബാങ്കുകളെ നിഷ്‌ക്രിയമാക്കിയതിലൂടെ അക്ഷരാര്‍ഥത്തില്‍ ഇടിത്തീയാണ് വീഴ്ത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് വ്യവസ്ഥകള്‍ പാലിക്കാന്‍ സഹകരണ മേഖലയെ നിര്‍ബന്ധിക്കുന്നതിനു പകരം കള്ളപ്പണം പേടിച്ച് സിസ്റ്റം തന്നെ തകര്‍ത്തുകളയുന്നത് എലിയെ പേടിച്ച് ഇല്ലം ചുടലാണ്. മൊത്തം കറന്‍സിയുടെ 0.0007 ശതമാനം മാത്രം വരുന്ന കള്ളനോട്ട് നിയന്ത്രിക്കാന്‍ ഈ നടപടി പ്രയോജനപ്പെട്ടേക്കും. അതുപോലും തല്‍ക്കാലത്തേക്കു മാത്രം. പുതിയ 2000 രൂപ കറന്‍സിയുടെ വ്യാജന്‍ പലേടത്തും പിടികൂടിത്തുടങ്ങി!
അയോധ്യയില്‍ ക്ഷേത്രവും പള്ളിയും?
''അയോധ്യയിലെ തര്‍ക്കഭൂമി പ്രശ്‌നത്തില്‍ പുതിയ ഫോര്‍മുലയുമായി മുന്‍ ഹൈക്കോടതി ജഡ്ജി പലോക് ബസുവിന്റെ നേതൃത്വത്തിലെ സംഘം. തര്‍ക്ക സ്ഥലത്ത് പള്ളിയും ക്ഷേത്രവും നിര്‍മിക്കുകയെന്ന നിര്‍ദേശമടങ്ങുന്ന നിവേദനം കഴിഞ്ഞ ദിവസം ഫൈസാബാദ് ഡിവിഷനല്‍ കമീഷനര്‍ സൂര്യ പ്രകാശ് മിശ്രക്ക് സമര്‍പ്പിച്ചു. സ്ഥലത്തിന്റെ നിലവിലെ റിസീവറാണ് മിശ്ര. നിവേദനത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമടങ്ങുന്ന പതിനായിരത്തിലേറെ പേര്‍ ഒപ്പുവെച്ചിട്ടുണ്ട്. നിവേദനം ലഭിച്ചുവെന്നും വരും ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മിശ്ര അറിയിച്ചു. തങ്ങളുടെ നിവേദനം റിസീവര്‍ വഴി സുപ്രീം കോടതിയിലെത്തിക്കുമെന്ന് ജസ്റ്റിസ് ബസുവും വ്യക്തമാക്കി. സുപ്രീം കോടതി ഇക്കാര്യം പരിഗണിക്കുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'' (മാധ്യമം ദിനപത്രം 15-11-2016). മുജീബ് എന്തു പറയുന്നു?
പി.വി.സി മുഹമ്മദ് പൊന്നാനി
ഇവ്വിധമുള്ള പല പരിഹാര നിര്‍ദേശങ്ങളും ഫോര്‍മുലകളും മുമ്പും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എല്ലാം വിഫലമാവുകയേ ചെയ്തിട്ടുള്ളൂ. 1951 മുതല്‍ അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ബാബരി മസ്ജിദ് സംബന്ധമായ കേസില്‍ കോടതി വിധി പറയുന്നതു തന്നെ അര നൂറ്റാണ്ടിലധികം കഴിഞ്ഞതിനു ശേഷമാണ്. തര്‍ക്കഭൂമി മൂന്നു കൂട്ടര്‍ക്കായി ഓഹരി വെച്ചു കൊടുക്കുക എന്നാണ് കോടതി തീര്‍പ്പുകല്‍പിച്ചത്. രണ്ട് ഭാഗങ്ങള്‍ ഹിന്ദു അന്യായക്കാര്‍ക്കും ഒന്ന് ബാബരി മസ്ജിദ് കമ്മിറ്റിക്കും. മൂന്ന് കക്ഷികളും ഈ വിധിയില്‍ തൃപ്തരാവാതെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. സുപ്രീം കോടതിയിലും ഭൂമി ഉടമാവകാശ തര്‍ക്കം അനിശ്ചിതമായി നീളുന്നു. ആര്‍ക്ക് അനുകൂലമായ വിധി വന്നാലും മറു വിഭാഗത്തെ അത് തൃപ്തിപ്പെടുത്തുകയില്ലെന്ന ആശങ്കയാവാം കോടതിയെയും സര്‍ക്കാറിനെയും പരിഗണന തളര്‍ത്തിയിടാന്‍ പ്രേരകമാവുന്നത്. ഇപ്പോള്‍ രാമക്ഷേത്ര പ്രശ്‌നം വി.എച്ച്.പിയും ഹിന്ദുത്വ സംഘടനകളും എത്ര ചൂടുപിടിപ്പിച്ചാലും ചൂടാവില്ല എന്ന പതനത്തിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. അടുത്ത വര്‍ഷത്തെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രശ്‌നം കത്തിപ്പടര്‍ത്താന്‍ ശ്രമങ്ങളുണ്ടാവാം. എങ്കിലും കാര്യമായ ചലനങ്ങള്‍ അതുണ്ടാക്കുമോ എന്നത് സംശയകരമാണ്. വിഷയം മുച്ചൂടും രാഷ്ട്രീയവത്കരിക്കപ്പെട്ടതാണ് യഥാര്‍ഥത്തില്‍ ഇതൊരു പ്രതിസന്ധിയായി വളരാന്‍ കാരണം. കേവലം മതപരവും ആരാധനാപരവുമായിരുന്നെങ്കില്‍ മുമ്പെന്നോ പരിഹാരമാര്‍ഗം ഉരുത്തിരിഞ്ഞേനെ. ഇനിയിപ്പോള്‍ ഉടമസ്ഥതാ കാര്യത്തില്‍ പരമോന്നത കോടതിയുടെ അന്തിമതീര്‍പ്പ് ഉണ്ടാവാതെ ഒരു ഒത്തുതീര്‍പ്പും പ്രായോഗികമാവുമെന്ന് തോന്നുന്നില്ല. ബാബരി മസ്ജിദ് സ്ഥിതിചെയ്തിരുന്ന ഭൂമി ആരുടേതാണെന്ന് തീര്‍ച്ചപ്പെട്ടിട്ടു വേണമല്ലോ അവിടെ ക്ഷേത്രമോ പള്ളിയോ രണ്ടും കൂടിയോ നിര്‍മിതമാവാന്‍. ആരാന്റെ സ്ഥലത്ത് മസ്ജിദ് നിര്‍മിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ലെന്നിരിക്കെ ഉടമസ്ഥാവകാശം ഉറപ്പാവാതെ ഇക്കാര്യത്തില്‍ മാധ്യസ്ഥം സ്വീകരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയാറാവാനിടയില്ല.
സാകിര്‍ നായിക്കിന്റെ ഭീകരത?
''ഭീകരതക്ക് പ്രേരണ നല്‍കുന്ന സാകിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പീസ് ടി.വിക്ക് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വഴി വിദേശ ഫണ്ട് ലഭിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപണം...'' (മാധ്യമം 16-11-2016). സാകിര്‍ നായിക്കിന്റെ സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെ എങ്ങനെ വീക്ഷിക്കുന്നു?
എന്താണ് ഭീകരത എന്ന് കൃത്യമായും കണിശമായും നിര്‍വചിക്കാത്തേടത്തോളം കാലം സര്‍ക്കാറുകളുടെ തന്നിഷ്ടം വ്യാഖ്യാന പ്രകാരമുള്ള നടപടികള്‍ തുടരുക തന്നെ ചെയ്യും. 2001 സെപ്റ്റംബര്‍ 11-ലെ ലോക വ്യാപാര സമുച്ചയത്തിനു നേരെ നടന്ന ആക്രമണത്തിനു ശേഷം അമേരിക്ക ലോക വ്യാപകമായി തുടരുന്ന ഭീകരവേട്ടക്കും അതിന്റെതന്നെ ഭാഗമായി യു.എന്‍ പ്രഖ്യാപിച്ച ഭീകരവിരുദ്ധ നടപടികള്‍ക്കും ഓരോ രാജ്യത്തെയും സര്‍ക്കാറുകള്‍ ആഭ്യന്തരരംഗത്ത് സര്‍വ സന്നാഹങ്ങളോടും കൂടി നടത്തുന്ന ഭീകരതാ ഉന്മൂലന പദ്ധതികള്‍ക്കുമെല്ലാമുണ്ട് ഈ മൗലിക ദൗര്‍ബല്യം. മിക്കയിടങ്ങളിലും ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണ് തീവ്രവാദത്തിനും ഭീകരതക്കുമെതിരായ യുദ്ധപ്രഖ്യാപനം. ഈ പ്രശ്‌നം വരുമ്പോള്‍ ജനാധിപത്യത്തിന്റെയോ മനുഷ്യാവകാശങ്ങളുടെയോ നിയമവാഴ്ചയുടെയോ അംഗീകൃതവും പ്രാഥമികവുമായ വ്യവസ്ഥകള്‍ പോലും കാറ്റില്‍ പറത്തപ്പെടുകയാണ്. ഭരണാധികാരികളും സുരക്ഷാ സേനയും തന്നിഷ്ട പ്രകാരം നടത്തുന്ന നീതിരഹിത അധികാര ദുര്‍വിനിയോഗം പോലും ഭീകരതയെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ ന്യായീകരിക്കപ്പെടുമ്പോള്‍ ഭീകരത എന്താണെന്നെങ്കിലും വ്യക്തമാക്കപ്പെടേണ്ടതില്ലേ? ചില മുസ്‌ലിം നാമധാരികളോ ഗ്രൂപ്പുകളോ ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദ-ഭീകര ചെയ്തികളിലേര്‍പ്പെടുന്നു എന്ന കാരണത്താല്‍ നിയമാനുസൃതമായും സമാധാനപരമായും നടക്കുന്ന പ്രവര്‍ത്തനങ്ങളെ പോലും നിരോധിക്കുകയും അതിലേര്‍പ്പെട്ടവരെ കരിനിയമങ്ങളുപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്നത് യഥാര്‍ഥ ഭീകരതയെ തളര്‍ത്താനോ വളര്‍ത്താനോ ഉതകുക എന്നു പോലും ആലോചിക്കുന്നില്ല.
ലോകപ്രസിദ്ധ ഇസ്‌ലാമിക പ്രബോധകനും പ്രചാരകനും സംവാദകനുമായ ഡോ. സാകിര്‍ നായിക്കിന്റെ ആശയങ്ങളോടും ചിന്തയോടും ശൈലിയോടും ആര്‍ക്കു വേണമെങ്കിലും വിയോജിക്കാം, അദ്ദേഹത്തെ നഖശിഖാന്തം വിമര്‍ശിക്കുകയും ചെയ്യാം. എന്നാല്‍ ഭരണഘടനാനുസൃതമായും ജനാധിപത്യപരമായും മുംബൈയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹത്തിന്റെ റിസര്‍ച്ച് ഫൗണ്ടേഷനെ യു.എ.പി.എ ചുമത്തി നിരോധിക്കാനും വിദേശത്തുള്ള അദ്ദേഹത്തെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടാനും മാത്രം എന്തുണ്ടായി എന്നു ചോദിക്കാതെ വയ്യ. ഇസ്‌ലാമിനെ അതിന്റെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നതും ഇതര വിശ്വാസ സംഹിതകളില്‍നിന്ന് അതിനെ വേര്‍തിരിക്കുന്ന സവിശേഷതകള്‍ തെളിയിച്ചുകാട്ടുന്നതും മുസ്‌ലിംകളില്‍ തന്നെയുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുന്നതും മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ ദൃഷ്ടിയില്‍ കുറ്റകരമാവുന്നതെങ്ങനെ? കുറ്റകരമാണെങ്കില്‍ പതിനായിരക്കണക്കിന് ക്രിസ്ത്യന്‍ മിഷനറിമാരും ഹിന്ദു സന്യാസികളും രാജ്യവ്യാപകമായി ചെയ്യുന്ന മതപ്രചാരണ പ്രവര്‍ത്തനങ്ങളോ? അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നുമുള്‍പ്പെടെ അനേകായിരം കോടിയുടെ ധനസഹായങ്ങള്‍ ഇത്തരം വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ലഭിക്കുന്നുണ്ട്. അതിനൊന്നും ഒരു വിലക്കുമില്ലെന്നിരിക്കെ സാകിര്‍ നായിക്കിന്റേത് പോലുള്ള ഇസ്‌ലാമിക സ്ഥാപനങ്ങള്‍ മാത്രം കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതിന്റെ നീതീകരണം എന്താണ്? സംഘ്പരിവാര്‍ ചൂണ്ടിക്കാട്ടുന്നതൊക്കെ നിരോധിക്കാനും വിലക്കാനുമാണ് സര്‍ക്കാറിന്റെ പുറപ്പാടെങ്കില്‍ ഇതെവിടെ ചെന്നവസാനിക്കും? അഥവാ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടാനാണ് പോവുന്നതെങ്കില്‍ പ്രാഥമികമായി വേണ്ടത് ഭരണഘടനാ ഭേദഗതിയാണ്. സെക്യുലര്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിനു പകരം 'ഹിന്ദുത്വ സ്റ്റേറ്റ് ഓഫ് ഭാരത്' എന്ന നാമകരണവും തദനുസൃത മാറ്റങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഇസ്‌ലാമിനെത്തന്നെ നിരോധിക്കുകയോ മുസ്‌ലിംകളെയാകെ ഘര്‍വാപസിയാക്കുകയോ ആവാം. അതുവരെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്നത് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല.
Comments