കേരളീയ മതേതര ബോധത്തില്‍ ഇസ്‌ലാംപേടി പറ്റിക്കിടപ്പുണ്ട്
ഇസ്‌ലാംപേടി കത്തിപ്പടരുന്ന കാലമാണിത്. ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതെല്ലാം രാക്ഷസവല്‍ക്കരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഇസ്‌ലാമോഫോബിയയുടെ പൊതുവായ സവിശേഷത. ഇസ്‌ലാംഭീതിക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. കൊളോണിയല്‍ അധിനിവേശമാണ് ഇസ്‌ലാമിനെക്കുറിച്ച ഭീതിജനകമായ കഥകളും ചിത്രീകരണങ്ങളും വ്യവസ്ഥാപിതമായി സ്ഥാപിച്ചെടുത്തത്. പതിനഞ്ചാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശമാണ് ആധുനിക കൊളോണിയലിസത്തിന്റെ ആരംഭം. അതിന് ദ്വിമുഖ ലക്ഷ്യമുണ്ടായിരുന്നു. ഒന്നാമതായി, സൈനിക അധിനിവേശത്തിലൂടെ ലോകത്ത് തങ്ങളുടെ അധികാരം സ്ഥാപിച്ച് രാജ്യങ്ങളെ കൊള്ളയടിക്കുക. രണ്ടാമതായി, കുരിശു യുദ്ധത്തിന്റെ പിന്തുടര്‍ച്ചയില്‍നിന്നുകൊണ്ട് ഇസ്‌ലാംവിരുദ്ധത പ്രചരിപ്പിക്കുക. ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ ആയുധവുമായാണ് കൊളോണിയല്‍ അധിനിവേശം നടന്നത്. അധികാര ശക്തിയുടെ പിന്‍ബലത്തില്‍ ക്രൈസ്തവ മിഷനറിമാര്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെ ഭീതിയും അറപ്പും ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുകയുണ്ടായി. കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകത്തിലെ ഏറെ പ്രധാനപ്പെട്ട ഏടാണ് മക്തി തങ്ങളുടെ കൃതികള്‍. ആ കാലത്ത് ക്രൈസ്തവ മിഷനറിമാരും പാതിരിമാരും പടച്ചുവിട്ട ഇസ്‌ലാമോഫോബിയക്കെതിരായ വൈജ്ഞാനിക പോരാട്ടത്തിന്റെ ശേഷിപ്പാണീ കൃതികള്‍.
ഇസ്‌ലാംഭീതി പടര്‍ത്തിയതില്‍ കൊളോണിയല്‍ ശക്തികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പില്‍ അതത് രാജ്യങ്ങളിലെ മുസ്‌ലിം സമൂഹം വഹിച്ച പങ്ക് അനിതരസാധാരണമാണ്. അടിമത്തത്തിനും അനീതിക്കുമെതിരെ ഇസ്‌ലാം ഉയര്‍ത്തുന്ന പോരാട്ടവീര്യമാണ് മുസ്‌ലിം സമൂഹത്തെ കൊളോണിയല്‍വിരുദ്ധ സമരങ്ങളിലേക്ക് ആവേശപ്പെടുത്തിയത്. അതേസമയം ഇസ്‌ലാമിന്റെ ഈ സമരവീര്യത്തെ അംഗീകരിച്ചുകൊടുക്കാന്‍ കൊളോണിയല്‍ ശക്തികള്‍ സന്നദ്ധമായിരുന്നില്ല. മുസ്‌ലിംകളുടെ മുന്‍കൈയില്‍ നടന്ന സാമ്രാജ്യത്വവിരുദ്ധ സമരങ്ങളെ 'മതഭ്രാന്തനായ മുസ്‌ലിം' എന്ന പരികല്‍പ്പന കൊണ്ടാണ് സാമ്രാജ്യത്വ യുക്തി നേരിട്ടത്. ചെറുത്തുനില്‍പ്പിന്റെ ന്യായാന്യായങ്ങളെ വിശകലനം ചെയ്യേണ്ടതില്ല എന്നത് മാത്രമല്ല, ഇസ്‌ലാമിനെ അപമാനിക്കാനും കഴിയും എന്നതാണീ പരികല്‍പ്പനയുടെ സൗകര്യം.
പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് പാകിയ ഇസ്‌ലാംവിരുദ്ധ വിത്തുകള്‍ സ്വാതന്ത്ര്യത്തിനു ശേഷവും നമ്മുടെ രാജ്യത്ത് തഴച്ചുവളരുകയുണ്ടായി. കൊളോണിയല്‍ ചരിത്ര രചനാഖ്യാനങ്ങള്‍ തന്നെയാണ് ദേശീയ ചരിത്ര രചനയിലും മുസ്‌ലിമിന്റെ കാര്യത്തില്‍ പ്രയോഗിക്കപ്പെട്ടത് എന്നത് ഇതിലെ പ്രധാന ഘടകമാണ്. കലയിലും സാഹിത്യത്തിലും മാധ്യമ വിശകലനങ്ങളിലുമെല്ലാം ഹാലിളകിയ മാപ്പിളയായും ക്രൂര മുഹമ്മദീയനായും സ്ത്രീ ലമ്പടനായും പിന്നീട് പല രീതിയില്‍ മുസ്‌ലിം കടന്നുവരികയുണ്ടായി. 1980-കളില്‍ കേരളത്തിലുണ്ടായ ശരീഅത്ത് വിവാദത്തിനു പോലും ഇസ്‌ലാംഭീതിയുമായി ബന്ധപ്പെട്ട പശ്ചാത്തലുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ശരീഅത്ത് എന്ന 'കാടന്‍ നിയമ'ത്തില്‍നിന്ന് മുസ്‌ലിമിനെ, വിശിഷ്യാ മുസ്‌ലിം സ്ത്രീയെ രക്ഷിച്ചെടുക്കാനുള്ള മഹത്തായ മതേതര സമരമായിരുന്നു അത്! ശരീഅത്ത് കാടന്‍ നിയമം എന്നത് ശരീഅത്ത് വിവാദകാലത്തെ ഏറെ പ്രസിദ്ധമായ പ്രസ്താവനയാണ്. ഇസ്‌ലാമിന്റെ നിയമസംഹിത തന്നെ കാടത്തമായിരിക്കാമെന്ന മതേതര/ഇടത്/ലിബറല്‍ മുന്‍വിധിയുടെ മറയില്ലാത്ത വിളംബരമാണീ പ്രസ്താവന. മഹ്ര്‍ നിരോധിക്കണമെന്ന പ്രമുഖ ഇടതുപക്ഷ നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ ശരീഅത്ത് വിവാദകാലത്തെ പ്രസ്താവന ഇത്തരം മുന്‍ധാരണകളുടെ മറ്റൊരു പതിപ്പാണ്. കാര്യം ശരീഅത്താണെങ്കില്‍ വായിച്ചുനോക്കേണ്ടതുപോലുമില്ല എന്ന് ആശയ സമരങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു എന്നവകാശപ്പെടുന്ന ഇടത് മതേതരര്‍ പോലും വിശ്വസിക്കുന്നതിന്റെ ഭാഗമാണീ പ്രസ്താവന. ശരീഅത്ത് പ്രശ്‌നം പിന്നീട് സംഘ്പരിവാറിന്റെ കൈയിലെ മികച്ച ആയുധമായിത്തീര്‍ന്നു. മുസ്‌ലിം വിരുദ്ധ അന്തരീക്ഷ നിര്‍മിതിക്ക് സംഘ്പരിവാര്‍ അതിനു ശേഷം ദേശവ്യാപകമായി 'ശരീഅത്ത് എന്ന പ്രശ്‌നം' ബോധപൂര്‍വം തന്നെ ഉന്നയിക്കാന്‍ തുടങ്ങി. മുസ്‌ലിമിനെ അപരവല്‍ക്കരിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി മുസ്‌ലിം വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കലാണ്. മുസ്‌ലിം സമൂഹത്തിനകത്ത് അപരിഷ്‌കൃതവും മനുഷ്യത്വവിരുദ്ധവുമായ ശീലങ്ങളും നിയമങ്ങളും നിലനില്‍ക്കുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കലാണ് ഇസ്‌ലാമോഫോബിയ സൃഷ്ടിക്കാനുള്ള നല്ല വഴി. സംഘ്പരിവാര്‍ കിണഞ്ഞുപരിശ്രമിക്കുന്നതും അതിനു തന്നെയാണ്.
2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഇസ്‌ലാംപേടിയെ ആഗോളതലത്തില്‍ ശക്തിപ്പെടുത്തി. ലോക സാമ്രാജ്യത്വ ശക്തികളാണ് ഇസ്‌ലാമോഫോബിയയുടെ മുഖ്യവിതരണക്കാര്‍. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിപ്പിക്കുന്നതില്‍ അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ശീതയുദ്ധാനന്തരം ആഗോള സാമ്രാജ്യത്വത്തിന്റെ പ്രതിപക്ഷത്തത്തെക്കുറിച്ച അവരുടെ തന്നെ ഉത്കണ്ഠകളാണ് മുസ്‌ലിംവേട്ടക്ക് അവരെ നിര്‍ബന്ധിച്ചത്. ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നതില്‍ ലോക സാമ്രാജ്യത്വ ശക്തികള്‍ക്ക് ഘടക കക്ഷികളുണ്ട്. സയണിസം അതിലെ പ്രധാന കക്ഷിയാണ്. ഇസ്‌ലാംഭീതി ജനിപ്പിക്കുക എന്നത് സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്ക് ആവശ്യമാണ്. പ്രത്യേകിച്ചും ഇസ്രയേല്‍ രാജ്യത്തിന്റെ നിലനില്‍പ്പിനും ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനും ഇത് ഏറെ സഹായിക്കും.
ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നതിലെ മറ്റൊരു പ്രധാന സഖ്യകക്ഷി ഇന്ത്യയിലെ സംഘ്പരിവാറാണ്. ഇസ്‌ലാംഭീതി സൃഷ്ടിക്കുന്ന അന്തരീക്ഷം സംഘ്പരിവാറിന് ഏറെ വളക്കൂറുള്ള മണ്ണാണ്. ഇന്ത്യന്‍ ദേശീയ ഭൂപടത്തിനകത്തെ അപരവല്‍ക്കരിപ്പെട്ട മുസ്‌ലിമിനെയാണ് സംഘ്പരിവാര്‍ അതിന്റെ തുടക്കം മുതല്‍ വിഭാവന ചെയ്യുന്നത്. മുസ്‌ലിം അപരവല്‍ക്കരണത്തെ ത്വരിതപ്പെടുത്താന്‍ ഇസ്‌ലാമോഫോബിയ മികച്ച വഴിയാണ്. മുസ്‌ലിം അപരവല്‍ക്കരണം ഇന്ത്യന്‍ ദേശീയതയുടെ സഹജസ്വഭാവമാണെന്ന വിമര്‍ശനം ദേശീയ സ്വാതന്ത്ര്യ കാലഘട്ടത്തിലേ ഉയര്‍ന്നുവന്നതാണ്. ഇന്ത്യന്‍ ദേശീയതയുടെ ഈ സഹജസ്വഭാവവും ഇസ്‌ലാമോഫോബിയയുടെ ആഗോള അന്തരീക്ഷവും സംഘ്പരിവാറിന് രാജ്യത്ത് മുസ്‌ലിംവിരുദ്ധ പ്രചാരണം എളുപ്പമാക്കിത്തീര്‍ക്കുന്നുണ്ട്. ഈ രാഷ്ട്രീയം തിരിച്ചറിയാതെയാണ് മുസ്‌ലിംവിരുദ്ധ പ്രചാരണത്തില്‍ സംഘ്പരിവാര്‍ വിരുദ്ധരെന്ന് അവകാശപ്പെടുന്നവര്‍ പോലും പലപ്പോഴും ഭാഗഭാക്കാകുന്നത്.
ഇസ്‌ലാമും അതിന്റെ കൊടിയടയാളങ്ങളും വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നു എന്നത് മാത്രമല്ല ഇസ്‌ലാമോഫോബിയയുടെ അനന്തരഫലം. അതിന്റെ ഇരകളാക്കപ്പെടുന്ന സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന ആത്മസംഘര്‍ഷമാണ് അതിലൊന്ന്. ഒപ്പം അവരുടെ ആത്മവിശ്വാസത്തെ അത് തകര്‍ത്തുകളയുന്നു എന്നതാണ് വലിയ ദുരന്തം. ആത്മവിശ്വാസം നഷ്ടപ്പെട്ട സമൂഹം അതിവേഗം അധോഗതിയിലേക്കാണ് കൂപ്പുകുത്തുക. സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയുടെ നേതൃത്വത്തിലാരംഭിച്ച ഭീകരവിരുദ്ധ വേട്ട ഇസ്‌ലാമോഫോബിയയുടെ ആക്കം വര്‍ധിപ്പിച്ചു. മുസ്‌ലിം സമം ആക്രമണകാരി എന്ന സമവാക്യത്തിലേക്ക് സമൂഹബോധ്യത്തെ എത്തിക്കുന്നതില്‍ ഈ ഭീകരവിരുദ്ധ വേട്ടകള്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞു. ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍, അറസ്റ്റുകള്‍, പ്രചാരണങ്ങള്‍, മുസ്‌ലിം ചിഹ്നങ്ങളും ബിംബങ്ങളും മുന്‍നിര്‍ത്തിയുള്ള മാധ്യമ ചിത്രീകരണങ്ങള്‍.....ഇവയെല്ലാം ഇസ്‌ലാംഭീതിയെ പുഷ്ടിപ്പെടുത്തി. മുസ്‌ലിം തീവ്രവാദത്തെ നേരിടാന്‍ എന്ത് അന്യായവും നടപ്പിലാക്കാന്‍ ഭരണകൂടത്തിന് ഇത് സഹായകമായിത്തീര്‍ന്നു. 'അക്രമോത്സുകനാകുന്ന' മുസ്‌ലിമാണ് കാലത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും വലിയ പ്രതിസന്ധി എന്നതിലേക്ക് അങ്ങനെ സമൂഹം എത്തിച്ചേരുന്നു.
അമേരിക്ക നേതൃത്വം നല്‍കി ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഏറ്റെടുത്ത ഭീകരവിരുദ്ധവേട്ടക്ക് പല മാനങ്ങളുണ്ട്. അക്രമോത്സുകമാവുന്ന ഇസ്‌ലാമിനെക്കുറിച്ച പൊള്ളയായ ഭീതി എളുപ്പത്തില്‍ ജനകീയമാക്കാന്‍ ഈ വേട്ട വഴി കഴിയുന്നു. സാമ്രാജ്യത്വ അധിനിവേശം സൃഷ്ടിക്കുന്ന അനീതികള്‍, ഭരണകൂട ഭീകരത തുടങ്ങിയവക്കെതിരായ മുസ്‌ലിമിന്റെ ഏതു തരം ചെറുത്തുനില്‍പ്പുകളെയും തീവ്രവാദ പ്രവര്‍ത്തനമായി സ്ഥാപിച്ചെടുക്കാന്‍ സാധിക്കുന്നു. ഒപ്പം അനീതികള്‍ക്കെതിരെ സമരസജ്ജമാവുന്ന മുസ്‌ലിമിന് പകരം, എപ്പോഴും വിശുദ്ധി തെളിയിച്ച് പ്രതിരോധത്തില്‍ നില്‍ക്കുന്ന മുസ്‌ലിമിനെ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുന്നു.
ഇസ്‌ലാമിന്റെ രാഷ്ട്രീയ കര്‍തൃത്വത്തെ നിരാകരിക്കുക എന്നതാണ് ഇസ്‌ലാമോഫോബിയയുടെ മറ്റൊരു സവിശേഷത. ഇസ്‌ലാമിന്റെ രാഷ്ട്രീയ, സാമൂഹിക ആശയങ്ങളും ആവിഷ്‌കാരങ്ങളും സ്വയമേവ പ്രതിലോമപരവും വിധ്വംസകവുമാണെന്ന ധാരണ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ചര്‍ച്ചക്ക് പോലും പ്രസക്തിയില്ലാത്തവിധം ഇസ്‌ലാമിന്റെ രാഷ്ട്രീയ, സാമൂഹിക ആവിഷ്‌കാരങ്ങള്‍ കടന്നാക്രമിക്കപ്പെടുന്നു. എന്നു മാത്രമല്ല, സമൂഹത്തില്‍ വിഭാഗീയതക്കും വര്‍ഗീയതക്കും ഇത് നിമിത്തമാകുന്നു എന്ന് ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.
കേരളത്തിന്റെ സാമൂഹിക ബോധത്തെക്കുറിച്ചും ഇസ്‌ലാമോഫോബിയയുടെ അന്വേഷണ ഭൂമികയില്‍നിന്നുകൊണ്ട് പുനര്‍വിചിന്തനങ്ങള്‍ ആവശ്യമാണ്. ഇസ്‌ലാംഭീതി ഗര്‍ഭം ധരിച്ചാണ് പൊതുവെ കേരളീയ മതേതര ബോധം നിലനില്‍ക്കുന്നതെന്ന വിമര്‍ശനം ഏറെ പ്രസക്തമാണ്. ഇസ്‌ലാമോഫോബിയ കേരളീയ സമൂഹത്തില്‍ എത്രമേല്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി എന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ലൗ ജിഹാദ് വിവാദം. സംഘ്പരിവാര്‍ അടുക്കളയില്‍ വേവിച്ചെടുത്ത മുസ്‌ലിം വിരുദ്ധ കാമ്പയിനെ കേരളത്തിലെ മതേതര മാധ്യമങ്ങളും മതമേലധ്യക്ഷന്മാരും ലിബറലുകളും ആവേശപൂര്‍വം ഏറ്റെടുത്തു. കേരളത്തിന്റെ സെക്യുലര്‍ ലിബറല്‍ കാഴ്ചപ്പാട് ഇസ്‌ലാമോഫോബിയയിലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് എന്നതിന്റെ മികച്ച സാക്ഷ്യമായിരുന്നു ലൗ ജിഹാദ് വിവാദം. പിന്നീട് നടന്ന അഞ്ചാം മന്ത്രി, യതീംഖാന വിവാദങ്ങള്‍ കേരളീയ സമൂഹത്തിനകത്തെ ഇസ്‌ലാം പേടിയെ മറയില്ലാതെ പുറത്തുകൊണ്ടുവന്നു. പൊള്ളയായ ലൗ ജിഹാദ് കാമ്പയിനു ശേഷവും തങ്ങളില്‍ കുടികൊള്ളുന്ന ഇസ്‌ലാംപേടിയുടെ വേരുകള്‍ കണ്ടെത്തി ചികിത്സിക്കാനല്ല ഈ വിവാദങ്ങളൊന്നും കേരളത്തിന്റെ മതേതര മണ്ഡലത്തെ സഹായിച്ചത് എന്നത് കൂടുതല്‍ ഭീതിപ്പെടുത്തുന്ന കാര്യമാണ്.
സാമ്രാജ്യത്വത്തിനും സംഘ്പരിവാറിനുമെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ കാലത്തിന്റെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയമാണത്. അതില്‍ പരാജയപ്പെട്ടാല്‍ ചരിത്രത്തിലെതന്നെ വലിയ തോല്‍വിയായിരിക്കുമത്. സാമ്രാജ്യത്വവും സംഘ്പരിവാറും വളംവെച്ച് തിടംവെപ്പിക്കുന്ന ഇസ്‌ലാമോഫോബിയയെ ആന്തരികവല്‍ക്കരിച്ചുകൊണ്ട് അതിനെതിരായ ചെറുത്തുനില്‍പ്പുകളെ വിജയിപ്പിച്ചെടുക്കാന്‍ കഴിയില്ല. നമ്മുടെ നാട്ടിലെ പല സംഘ്പരിവാര്‍വിരുദ്ധ സമരങ്ങളും അതിവേഗം ഇസ്‌ലാം/മുസ്‌ലിംവിരുദ്ധ സമരങ്ങളായി കലാശിക്കുന്നത് ഈ ആന്തരികവല്‍ക്കരണം സംഭവിക്കുന്നതുകൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ ചരിത്രവും വര്‍ത്തമാനവും കാരണങ്ങളും സവിശേഷതകളും ഇഴകീറി പരിശോധിച്ചുകൊണ്ടേ ഇസ്‌ലാംഭീതി എന്ന മഹാ രോഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയൂ. സോളിഡാരിറ്റി ഡിസംബര്‍ 16,17,18 തീയതികളില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഇസ്‌ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രാധാന്യമതാണ്. സാമ്രാജ്യത്വ/സംഘ്പരിവാര്‍ വിരുദ്ധ സമരത്തെ ശക്തിപ്പെടുത്തുന്നതില്‍ ഈ സമ്മേളനം ചരിത്രപരമായ പങ്കുവഹിക്കും.
Comments