Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 09

2792

1438 റബീഉല്‍ അവ്വല്‍ 09

വിശപ്പിന്റെയും ഭാഷയുടെയും സംഘര്‍ഷങ്ങള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

മുഹമ്മദ് കുട്ടി എളമ്പിലാക്കോട് എന്ന കവി എനിക്കെന്നും അത്ഭുതമാണ്. എളമ്പിലാക്കോടിന്റെ ജീവിതപരിസരങ്ങള്‍ ഒരു 'കവി' പിറക്കാന്‍ യാതൊരു അനുകൂല സാഹചര്യവുമില്ലാത്തതാണ്. പക്ഷേ, കാല്‍നൂറ്റാണ്ടിലേറെയായി അദ്ദേഹം കവിതയെഴുതുന്നു. ആദ്യകാല കവിതകള്‍ എന്നെ ചെറുതായൊന്നുമല്ല കൗതുകം കൊള്ളിച്ചത്. ഭാരതീയമെന്നു പൊതുവെ പറയാവുന്ന (അങ്ങനെയൊന്നുണ്ടോ?) നമ്മുടെ കാവ്യപാരമ്പര്യത്തെ, അതുമായി പുലബന്ധമില്ലാത്ത തങ്ങളുടെ സ്വത്വരൂപങ്ങളിലേക്ക് നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ച കവികളുടെ തുടര്‍ച്ചയിലാണ് എളമ്പിലാക്കോടിനെ ഞാന്‍ കാണുന്നത്. ടി. ഉബൈദ്, യൂസുഫലി കേച്ചേരി, പി.ടി അബ്ദുറഹ്മാന്‍ തുടങ്ങിയ വലിയ കവികള്‍ മാത്രമല്ല ഈ പ്രക്രിയയില്‍ പങ്കെടുത്ത് രക്തസാക്ഷികളായത്. മരുഭൂമിയില്‍ തെങ്ങ് വെച്ചുപിടിപ്പിക്കുന്നതുപോലൊരു പ്രക്രിയ അതിനകത്തുണ്ട്. ഒറ്റക്കും തെറ്റക്കുമുള്ള സാഹസികരെ  വിട്ടുകളഞ്ഞാല്‍ സ്വാതന്ത്ര്യാനന്തര കാലത്തിലാണ് മുസ്‌ലിം സ്വത്വം പരമ്പരാഗത മലയാള കവിതയില്‍ പ്രത്യക്ഷപ്പെടുന്നതെന്നു കാണാം. അതുവരെ ഒരു വംശത്തിനു കവിതയേയില്ല എന്നു വിശ്വസിക്കുന്നത് മൂഢത മാത്രമാണ്. മാപ്പിളപ്പാട്ടായും മാലപ്പാട്ടായും പ്രണയമായും ഭക്തിയായും അത് സമാന്തരമായി സഞ്ചരിച്ചിട്ടുണ്ട്. രസകരമെന്നു പറയട്ടെ, അതിന്റെ ഭൂപ്രകൃതിയും ബിംബാവലികളും പാടേ മറ്റൊന്നാണ്. അവര്‍ണ സമൂഹങ്ങളില്‍നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും എന്നതും അതില്‍ ജാതിസംഘര്‍ഷങ്ങളുണ്ടെന്നും അത് സമാന്തരമായി വലിയ സാഹിത്യ നിര്‍മിതികളിലേര്‍പ്പെട്ടിട്ടുണ്ടെന്നും മഹാകവി ഉള്ളൂര്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാതെ പോയി. അരികുവല്‍ക്കരിക്കപ്പെട്ടവന്റെ സാഹിത്യം എന്ന ഒന്നുണ്ടെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. സാഹിത്യനിരൂപണങ്ങളില്‍ സവിശേഷമായ അന്വേഷണമായി അത് വന്നുകഴിഞ്ഞു. ഭാഷയിലെ പൊതുബോധം ഇപ്പോഴും അവര്‍ണപ്രധാനമല്ല. ബിംബങ്ങളോ മെറ്റഫറോ അങ്ങനെയല്ല. ഈ പശ്ചാത്തലത്തില്‍, ഫിക്ഷനെപ്പോലെ അത്രയും വലിയ മുന്നേറ്റങ്ങള്‍ കവിതയില്‍ വന്നു എന്നു പറയാനാവില്ല. എസ്. ജോസഫിനെപ്പോലെയുള്ളവരെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. മലയാള കവിത സാഹിത്യപരമായ ആര്‍ഭാടങ്ങളില്‍നിന്ന് പുറത്തുകടന്നിട്ടുണ്ട്. അക്കാദമിക വെന്റിലേറ്ററിലാണിന്ന് അത്തരം കവിതകളുടെ ശുശ്രൂഷകള്‍. എളമ്പിലാക്കോടിന്റെ ആദ്യകാല കവിതകള്‍ അഭിമുഖീകരിച്ച സ്വത്വസംഘര്‍ഷവും പൊതുബോധ കാവ്യ സങ്കല്‍പങ്ങളും മോരും മുതിരയും പോലെ ആയിത്തീര്‍ന്നു എന്നും അദ്ദേഹം ഇന്ന് തിരിച്ചറിയുന്നുണ്ട്. പാരമ്പര്യ കവിതയില്‍ നല്ല വേരുറപ്പുള്ള അനുശീലനമുള്ള ആളാണ് ഈ കവി. അതേസമയം അരികുജീവിതത്തിന്റെ സമാന്തര സ്വത്വമാണ് ഇയാളുടെ ജീവിതം. ഈ വൈരുധ്യ സംഘര്‍ഷങ്ങളെ വലിയ അളവില്‍ മറികടക്കുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരം. പുസ്തകത്തിന്റെ മുന്‍മൊഴിയില്‍, തന്റെ ആദ്യകാല കവിതയെച്ചൊല്ലി ക്ഷമാപണപരുവത്തിലാണ് കവി പറയുന്നത്. സത്യത്തില്‍ മാപ്പുപറയേണ്ടത് മുഖ്യധാരയെന്നോ പൊതുബോധ പ്രമാണിത്തമെന്നോ വിളിക്കേണ്ടവരല്ലേ; ജ•നാ കവിയായ ഒരാളെ ഭാഷകൊണ്ട് തടസ്സപ്പെടുത്തിയതിന്റെ പേരില്‍!  ഈ കവി വളരെ ദരിദ്രമായ ഗ്രാമത്തില്‍, ദരിദ്രമായ കുടുംബത്തില്‍ ജനിച്ചു. യാതൊരു 'കാവ്യപാരമ്പര്യ'വുമില്ലാത്ത കൊച്ചുകൂരയില്‍.

നിലമ്പൂര്‍ക്കാടിന്റെ തണുവാര്‍ന്ന ഗന്ധത്തില്‍നിന്നും തണലാര്‍ന്ന കാഴ്ചയില്‍നിന്നും അറേബ്യന്‍ മണലാരണ്യത്തിന്റെ ചുടുമണത്തിലേക്കും കത്തുന്ന മൃഗതൃഷ്ണയിലേക്കുമാണ് പിന്നെ കവിയുടെ ജീവിതം. അപ്പോള്‍ എന്താണ് സംഭവിച്ചത്? അവിടെയും കവിയുടെ ബിംബങ്ങള്‍ക്ക് പ്രവേശനമില്ല! 'മഴപ്പച്ച' എന്ന കവിത നോക്കൂ: 

പ്രളയത്തെയ്യം കെട്ടിയ 

കരിമുകിലുകളെ വിറളി പിടിപ്പിച്ച്

മലങ്കാറ്റ് വീശുമ്പോള്‍ 

അലറിയും ചിന്നം വിളിച്ചും

നിലമ്പൂര്‍ മലയിറങ്ങുന്ന 

മിഥുന മഴ പോലെയൊന്നുമില്ല. 

 

*****

നിലമ്പൂരിനെയും ജിദ്ദയെയും മുഹമ്മദ് കുട്ടി ഒരുപോലെയാണ് വായിക്കുന്നത് എന്നിടത്താണ് ജ•നാ കവിയായ ഒരാളെ നാം കണ്ടുമുട്ടുന്നത്. ഏറക്കുറെ എല്ലാ കവിതകളിലും മനുഷ്യര്‍ പ്രധാന റോളിലല്ല. അവരെ കാര്യമാക്കുന്നേയില്ല. എന്നാല്‍ പ്രകൃതിയെയാണ് എളമ്പിലാക്കോട് കവിതയില്‍ നിറയ്ക്കുകയും വായിക്കുകയും ചെയ്യുന്നത്. വിപരീതം എന്നു പറയാവുന്ന രണ്ടിടങ്ങളാണ് നിലമ്പൂരും ജിദ്ദയും. ഒന്ന് വനസാന്നിധ്യത്തിന്റെ നിറവിലും മറ്റൊന്ന് വരണ്ട മരുഭൂമിയുടെ അഴലിലും. മനുഷ്യരില്‍നിന്ന് പെട്ടെന്ന് കണ്ണെടുത്ത് പ്രകൃതിയെ വായിച്ചുകൊണ്ടേയിരിക്കുകയാണ് ഈ കവിതകള്‍. ഇത് യാദൃഛികമല്ല. തെളിനീര്‍പ്പുഴയില്‍ കുളിച്ചും മദിച്ചും നടന്ന ആള്‍ പുഴയെ പിന്നെ കാണുന്നത് ഫ്രീസറിലാണ്. 

പ്രകൃതിയില്‍ വായിക്കപ്പെടുന്നതില്‍ കാലമുണ്ട്, ആത്മീയതയുണ്ട്, തത്ത്വചിന്തയുണ്ട്. 

ബോട്ടില്‍ വാട്ടറുല്‍പന്നമായ്

മാര്‍ക്കറ്റു ഫ്രീസറില്‍ പുഴ-

ജഡം വിറുങ്ങലിക്കുന്നു (പുഴത്തോറ്റം)

 

ടാറിട്ട റോഡ് വിലങ്ങുന്നൊ-

രഭയാര്‍ഥി ഞാഞ്ഞൂല്‍

ലോറിക്കടിപ്പെട്ടരഞ്ഞുതീരുമ്പോള്‍

ആകുലം നിനവില്‍ വരിച്ചത്

കര്‍ക്കടക മുണ്ടകപ്പാടം (ഇരഗാഥ) 

പ്രകൃതിയെ വായിക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നിനെയും ഉപേക്ഷിക്കുന്നില്ലെന്നു കാണണമെങ്കില്‍ വ്യക്തി, നഗരം-'പുതിയൊരദൈ്വതം' എന്ന കവിത ശ്രദ്ധിച്ചാല്‍ മതി. 

നിലമ്പൂരില്‍നിന്ന് സുഊദി അറേബ്യയെ വായിച്ച ആള്‍ പിന്നീട് സുഊദി അറേബ്യയില്‍നിന്ന് നിലമ്പൂരിനെ വായിച്ചതിന്റെ ഉപലബ്ധികളാണ് ഈ കവിതകള്‍ ഏറെയും. നിലമ്പൂരില്‍ ജീവിച്ച ഒരു കവിക്കല്ലാതെ 'പോത്ത് പൂമരച്ചോട്ടില്‍' എന്ന ഒന്നാംതരം ദലിത് രാഷ്ട്രീയ കവിത എഴുതാനാവില്ല. 'തോറ്റവിപ്ലവക്കാവടിയാടി മറയുന്നവര്‍' എന്ന കവിതയും എഴുതാനാവില്ല.  

കാര്‍ഷിക സംസ്‌കൃതി, വനയോര സംസ്‌കൃതി ഇവയെ എങ്ങനെയാണ് ആധുനിക നരവംശം കൈയേറുന്നതെന്നറിയാന്‍ 'അലക്കുകല്ല്' എന്ന കവിത വായിച്ചാല്‍ മതി. യൂനിവേഴ്‌സിറ്റി അക്കാദമിക് ഓഫീസിന്റെ ശീതളഛായയില്‍നിന്ന് കവിതകളിലേര്‍പ്പെടുന്നവര്‍ക്കും ദലിത് രാഷ്ട്രീയം, അരികുജീവിതം എന്നൊക്കെ എഴുതുന്നവര്‍ക്കും അവരുടെ കവിതാ ഫാക്ടറിയില്‍നിന്ന് ഒരിക്കല്‍പോലും നിര്‍മിച്ചെടുക്കാനാകാത്ത പദാവലികളാണിവയൊക്കെ. കാര്‍ഷിക സംസ്‌കൃതിയില്‍നിന്നും വനയോര സംസ്‌കൃതിയില്‍നിന്നും വരുന്ന അപൂര്‍വ കവികളിലൊരാളാണ് മുഹമ്മദ് കുട്ടി. ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാലം' വായിക്കുന്ന അതേ സൂക്ഷ്മതയും സാംസ്‌കാരിക ചരിത്രബോധവും ആവശ്യപ്പെടുന്ന കവിതയാണ് 'മരുപ്പുറം പാല'വും. എളമ്പിലാക്കോടിന്റെയും ലക്ഷോപലക്ഷം ഗള്‍ഫ് പ്രവാസികളുടെയും സാംസ്‌കാരിക ജീവിതത്തിന്റെ ആത്മകഥയാണ് ഈ കവിത. ഗള്‍ഫ് പ്രവാസിയുടെ സാംസ്‌കാരിക ഏകാന്തതയാണ് 'പ്രവാസിയെ പിറന്ന മണ്ണ് ബാധിക്കുന്ന വിധം' പോലുള്ള കവിതകള്‍. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (38-40)
എ.വൈ.ആര്‍

ഹദീസ്‌

മനുഷ്യനെ കാണുന്ന ധര്‍മപാതകള്‍
ടി.ഇ.എം റാഫി വടുതല