നജീബ് അഹ്മദ് ഒരു രാജ്യത്തിന്റെ ചോദ്യമാണ്
ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ ഉമ്മ ഫാത്വിമ നഫീസിനെയും നജീബിന്റെ പിതൃസഹോദരിയുടെ മകള്‍ സദഫ് മുശറഫിനെയും കാണാനായി ദല്‍ഹി സാകിര്‍ നഗറിലെ സദഫിന്റെ ഭര്‍തൃവീട്ടില്‍ ചെന്നപ്പോള്‍ ഒരു ഡോക്യുമെന്ററി ടീമുണ്ടായിരുന്നു അവിടെ. മോദി ഗവണ്‍മെന്റ് അധികാരത്തിലേറിയ ശേഷം ഭരണകൂടത്തിന്റെയും സ്ഥാപനാധികാരികളുടെയും സംഘ് വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെയും പീഡനങ്ങള്‍ക്കിരയായ ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും അനുഭവങ്ങള്‍ ശേഖരിക്കുന്ന ഒരു പ്രോജക്ടുമായാണ് അവര്‍ അവിടെ എത്തിയത്. ഡോക്യുമെന്ററി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം, നജീബിന്റെ ഉമ്മയോടും പെങ്ങളോടും സംസാരിച്ചുതുടങ്ങി.
നിങ്ങളുടെ കുടുംബ പശ്ചാത്തലം?
ഫാത്വിമ നഫീസ്: ഉത്തര്‍ പ്രദേശ് ബദായൂനിലെ ഒരിടത്തരം മുസ്‌ലിം കുടുംബമാണ് ഞങ്ങളുടേത്. എന്റെ ഭര്‍ത്താവ് നഫീസ് അഹ്മദിന് ചെറിയ തോതില്‍ ഫര്‍ണീച്ചര്‍ ബിസിനസ്സുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആക്‌സിഡന്റില്‍പെട്ട് അദ്ദേഹം കിടപ്പിലായി. പിന്നീട് ബിസിനസ്സിലൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല. അതിനിടയില്‍ ഹൃദയാഘാതവുമുണ്ടായി. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
ഞങ്ങള്‍ക്ക് നാല് മക്കളാണ്. മൂത്തയാളാണ് നജീബ്. മുജീബ്, ഹസീബ്, ശിഫ എന്നിവരാണ് മറ്റു മൂന്നു പേര്‍. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. മക്കളൊക്കെ പഠനത്തില്‍ മിടുക്കരുമാണ്. മൂത്ത മകന്‍ നജീബിന് ജെ.എന്‍.യു.വില്‍ എം.എസ്.സി ബയോ ടെക്‌നോളജിക്ക് അഡ്മിഷന്‍ ലഭിച്ചു. മുജീബ് എം.ടെക് ജിയോളജി കഴിഞ്ഞയാളാണ്. ഇപ്പോള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ)യുടെ മത്സര പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുന്നു. ഹസീബ് ബി.ടെക് ചെയ്തുകൊണ്ടിരിക്കുന്നു. മകള്‍ ശിഫ പത്താം ക്ലാസ്സ് കഴിഞ്ഞു. അവളുടെ പഠനം ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. നജീബിനെ കാണാതായതിനു ശേഷം വീട്ടില്‍ ഉപ്പയെ പരിചരിക്കുന്നത് അവളാണ്.
ഇസ്‌ലാമികാന്തരീക്ഷമുള്ള കുടുംബമാണ് ഞങ്ങളുടേത്. നമസ്‌കാരവും ഖുര്‍ആന്‍ പാരായണവുമൊക്കെ കൃത്യമായി ചെയ്യുന്നു. മക്കളെ ചെറുപ്പത്തിലേ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നു.
ബദായൂനിലെ സാമൂഹികാവസ്ഥ എങ്ങനെയാണ്? അവിടത്തെ മുസ്‌ലിം ജീവിതം, അവരുടെ സാമ്പത്തിക-സാമൂഹിക അവസ്ഥകള്‍, വിദ്യാഭ്യാസം..?
സദഫ് മുശറഫ്: യാദവ സമുദായക്കാരാണ് ഞങ്ങളുടെ പ്രദേശത്ത് കൂടുതലും. നല്ലൊരു ശതമാനം മുസ്‌ലിംകളുമുണ്ട്. സൗഹാര്‍ദാന്തരീക്ഷമാണ് അവിടെ എപ്പോഴും. സമുദായങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി ഞങ്ങള്‍ക്ക് കേട്ടുകേള്‍വി പോലുമില്ല. മുസ്‌ലിംകളില്‍ ഇടത്തരക്കാരാണ് കൂടുതല്‍. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുമുണ്ട്. മിക്കവരും കരകൗശല നിര്‍മാണവുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവരാണ്.
പഴയ തലമുറയില്‍ വിദ്യാഭ്യാസമുള്ളവര്‍ കുറവായിരുന്നു. പുതിയ തലമുറക്ക് വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഉപരിപഠനത്തിനായി ദല്‍ഹിയിലേക്കും മറ്റും ധാരാളമായി കുട്ടികള്‍ പോകുന്നുണ്ട്. ഞങ്ങളുടെ പ്രദേശത്ത് വിദ്യാഭ്യാസമുള്ളവര്‍ക്കു പോലും ജോലിയില്ല. അതുകൊണ്ട് ജോലിക്കു വേണ്ടിയും പലരും ദല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നു.
നജീബിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച്?
ഫാത്വിമ നഫീസ്: നജീബ് പഠനത്തില്‍ മിടുക്കനായിരുന്നു. എട്ടാം ക്ലാസ് വരെ ബദായൂന്‍ പബ്ലിക് സ്‌കൂളിലായിരുന്നു അവന്‍ പഠിച്ചത്. ഒമ്പതും പത്തും ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ സ്‌കൂളില്‍. മദര്‍ അഥീന സ്‌കൂളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പാസ്സായി. ശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ഉദ്ദേശിച്ച സ്ഥാപനത്തില്‍ അഡ്മിഷന്‍ ശരിയായില്ല. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടമായി. പിന്നീടാണ് ബറേലിയിലെ ഇന്‍വെര്‍ട്ടിസ് യൂനിവേഴ്‌സിറ്റില്‍ ബി.എസ്.സി ബയോടെക്‌നോളജിക്ക് ചേര്‍ന്നത്. നല്ല മാര്‍ക്കോടെ ബി.എസ്.സി പാസായി. അവിടെയുണ്ടായിരുന്ന ഒരധ്യാപകന്‍ എം.എസ്.സിക്ക് ജെ.എന്‍.യുവില്‍ അഡ്മിഷന് ശ്രമിക്കണമെന്ന് പറയുമായിരുന്നു. അദ്ദേഹം തന്നെ എന്‍ട്രന്‍സിന് പഠിക്കേണ്ട പുസ്തകങ്ങളും നോട്ടുകളും നല്‍കി. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിക്കുക അവന്റെ സ്വപ്‌നമായിരുന്നു. അതിനായി അവന്‍ നന്നായി പരിശ്രമിച്ചു. ജെ.എന്‍.യു, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ ഹംദര്‍ദ് എന്നീ നാല് യൂനിവേഴ്‌സിറ്റികളില്‍ എം.എസ്.സി ബയോ ടെക്‌നോളജിക്ക് വേണ്ടി പ്രവേശന പരീക്ഷ എഴുതി. നാല് യൂനിവേഴ്‌സിറ്റികളിലും അവന് അഡ്മിഷന്‍ ലഭിച്ചു. പക്ഷേ, അവന്‍ ജെ.എന്‍.യു തെരഞ്ഞെടുത്തു. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ച വിവരം വന്നപ്പോള്‍ വളരെയേറെ സന്തോഷവാനായിരുന്നു നജീബ്. ഞങ്ങളുടെ മൊഹല്ലയില്‍ ആദ്യമായി ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ചത് നജീബിനാണ്. എം.എസ്.സിക്ക് ശേഷം സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുമെന്ന് അവന്‍ പറഞ്ഞിരുന്നു.
ശാന്തപ്രകൃതക്കാരനാണ് നജീബ്. എന്നോട് ഇതുവരെ അവന്‍ കയര്‍ത്ത് സംസാരിച്ചിട്ടില്ല. ഞാന്‍ പറയുന്നത് അതുപോലെ അനുസരിച്ചു. കവിത നജീബിന് ഇഷ്ടമായിരുന്നു. പാട്ടു കേള്‍ക്കുക അവന്റെ ശീലമാണ്.
നജീബിന് ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ചതിനു ശേഷം അവനെ കാണാതാവുന്നതു വരെയുള്ള കാര്യങ്ങള്‍?
ഫാത്വിമ നഫീസ്: നജീബിന്റെ ജെ.എന്‍.യു അഡ്മിഷന്‍ സമയത്ത് ഞങ്ങളും കൂടെ വന്നിരുന്നു. 2016 ആഗസ്റ്റ് ഒന്നിനാണ് അഡ്മിഷന്‍ കിട്ടിയത്. സഹപാഠികളായ ചില സുഹൃത്തുക്കളും അവനുണ്ടായിരുന്നു. രണ്ടു മാസത്തിന് ശേഷം മാഹി മാന്‍ഡവി ഹോസ്റ്റലില്‍ റൂം ലഭിച്ചു. എല്ലാം വളരെ ഭംഗിയായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഒക്‌ടോബര്‍ 14-ന് എന്റെ മകന്‍ ആക്രമിക്കപ്പെടുന്നതും പിന്നീട് അവനെ കാണാതാവുന്നതും.
നജീബിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് ആരോപണമുണ്ടല്ലോ?
സദഫ് മുശറഫ്: എം.എസ്.സി ബയോ ടെക്‌നോളജിക്ക് ഇന്ത്യയിലെ അറിയപ്പെട്ട നാല് യൂനിവേഴ്സ്റ്റികളില്‍, പ്രത്യേകിച്ച് ജെ.എന്‍.യുവില്‍ പ്രവേശന പരീക്ഷ എഴുതി അഡ്മിഷന്‍ ലഭിച്ച എന്റെ സഹോദരന് മാനസിക പ്രശ്‌നമുണ്ടായിരുന്നു, അവന്‍ വിഷാദരോഗിയായിരുന്നു എന്നൊക്കെ ചിലര്‍ പ്രചരിപ്പിക്കുന്നത് എന്തു മാത്രം അപഹാസ്യമാണ്. നല്ല മാനസികാരോഗ്യമുള്ള വ്യക്തിയായിരുന്നു നജീബ്. അവന്റെ ക്ലാസ്സിലെ സഹപാഠികള്‍ സമ്മതിക്കുന്നതാണിത്.
ഒക്‌ടോബര്‍ 14-ന് രാത്രി നടന്ന സംഭവത്തെക്കുറിച്ച്?
സദഫ് മുശറഫ്: മെസ് ഇലക്ഷന്‍ കാമ്പയിന് വന്ന എ.ബി.വി.പി പ്രവര്‍ത്തകരുടെ കൈയിലെ ചുവന്ന ചരട് കണ്ട് നജീബ് പ്രകോപിതനായി അവരുടെ മുഖത്തടിച്ചു എന്നാണ് എ.ബി.വി.പിക്കാര്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ യാതൊരു വിധ സത്യവുമില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം നജീബ് ഒരു ബഹുസ്വര സമൂഹത്തിലാണ് ജനിച്ചു വളര്‍ന്നത്. വിവിധ മതവിഭാഗങ്ങള്‍ക്ക് അവരുടേതായ മതചിഹ്നങ്ങളുണ്ടെന്നും അവയെ ബഹുമാനിക്കണമെന്നും നജീബിനറിയാം. വിവിധ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റിയിലും പഠിച്ചവനാണ് നജീബ്. അവിടെയൊക്കെ മാതൃകാപരമായ സ്വഭാവത്തിന് ഉടമയുമായിരുന്നു. പറയപ്പെടുന്ന ഈ സംഭവത്തിന് വേറെ സാക്ഷികളുമില്ല. എന്നാല്‍ നജീബിനെ ഒരു വലിയ സംഘം എ.ബി.വി.പിക്കാര്‍ മര്‍ദിച്ചവശനാക്കിയതിന് ധാരാളം സാക്ഷികളുണ്ട്. മര്‍ദനമേറ്റ് അവശനായ നജീബിനെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ഹോസ്പിറ്റല്‍ അധികൃതരുടെ നിലപാട്.
നജീബിന്റെ തിരോധാനം എങ്ങനെയായിരിക്കാം എന്നാണ് കരുതുന്നത്?
സദഫ് മുശറഫ്: 'ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് അപകടമാണ്. നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം, സുരക്ഷിത സ്ഥാനത്ത് എത്തിക്കാം' എന്നൊക്കെ വാഗ്ദാനങ്ങള്‍ നല്‍കി ആരൊക്കെയോ അവനെ കൂട്ടിക്കൊണ്ടുപോയിരിക്കാനാണ് കൂടുതല്‍ സാധ്യത. യൂനിവേഴ്‌സിറ്റിയില്‍, പ്രത്യേകിച്ച് അവന്റെ ഹോസ്റ്റലില്‍ പുതിയ ആളായതിനാല്‍ മറ്റു വിദ്യാര്‍ഥികളെ അവന് അത്ര പരിചയമില്ല. അതിനാല്‍ സൗഹൃദം നടിച്ച് രക്ഷകരെന്ന ഭാവേന വന്ന ശത്രുക്കളുടെ കൂടെ അവന്‍ ഇറങ്ങിപ്പോയോ എന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു.
ഫാത്വിമ നഫീസ്: 'ഉമ്മാ, നിങ്ങള്‍ ഉടനെ വരണം. എനിക്ക് ഉമ്മയെ കാണണം. ഞാന്‍ നിങ്ങളെ ഇവിടെ കാത്തിരിക്കുകയാണ്' എന്ന് ഫോണില്‍ സംസാരിച്ച നജീബ് ഞാന്‍ എത്തുന്നതിനു മുമ്പ് ഇറങ്ങിപ്പോയി എവിടെയെങ്കിലും ഒളിച്ചിരിക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല. എനിക്കെന്റെ മോനെ നന്നായി അറിയാം. അവന് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
സദഫ് മുശറഫ്: കാണാതാവുന്നതിന്റെ തലേദിവസം രാത്രി നജീബിനെ തല്ലിച്ചതച്ചു, അവനെ ഞങ്ങള്‍ക്ക് വിട്ടു തന്നേക്ക്, അവന്റെ പേര്‍ തന്നെ ഈ ഭൂമിയില്‍നിന്ന് ഇല്ലാതാക്കിതരാം എന്ന് ആക്രോശിച്ച, അവനെതിരെ വധഭീഷണി മുഴക്കിയ എ.ബി.വി.പിക്കാര്‍ തന്നെയാണ് നജീബിനെ അപ്രത്യക്ഷനാക്കിയത് എന്നാണ് ഞങ്ങളിപ്പോഴും വിശ്വസിക്കുന്നത്. നജീബിനെ പകല്‍നേരത്ത് ജെ.എന്‍.യുവില്‍നിന്ന് പിടിച്ചുകൊണ്ടുപോകാനൊന്നും എ.ബി.വി.പിക്കാര്‍ക്ക് സാധ്യമല്ല, അവര്‍ അങ്ങനെയൊന്നും ചെയ്യില്ല എന്നൊക്കെയാണ് പോലീസിന്റെ ഭാഷ്യം. നജീബിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചവശനാക്കാന്‍ എ.ബി.വി.പിക്കാര്‍ക്ക് കഴിയുമെങ്കില്‍ അവനെ അപ്രത്യക്ഷനാക്കാന്‍ അവര്‍ക്ക് എന്തുകൊണ്ട് പറ്റില്ല?
പോലീസ്, ഭരണകൂടം, യൂനിവേഴ്‌സിറ്റി അധികാരികള്‍ എന്നിവരുടെ സമീപനം?
ഫാത്വിമ നഫീസ്: പോലീസിന്റെ സമീപനത്തെക്കുറിച്ച് ആദ്യം സംസാരിക്കാം. നജീബിനെ കാണാതായതു മുതലുള്ള പോലീസ് ഇടപെടലുകള്‍ സംശയാസ്പദമാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനായി ഞങ്ങള്‍ വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനിലേക്ക് ചെന്നപ്പോള്‍ അവിടത്തെ എസ്.എച്ച്.ഒ (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍) സന്ദീപ് നജീബിന്റെ അനിയന്‍ മുജീബിനോട് പറഞ്ഞത് 'ഞാന്‍ എന്താണോ പറയുന്നത് അത് എഴുതിയാല്‍ മതി' എന്നാണ്. നജീബിനെ മര്‍ദിച്ചവശനാക്കുന്നതിന് നേതൃത്വം നല്‍കിയ വിക്രാന്ത്, അജിത്ത്, സുനില്‍ എന്നിവരുടെ പേര് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കണമെന്ന് മുജീബ് ആവശ്യപ്പെട്ടപ്പോള്‍ അവരുടെ പേര് സൂചിപ്പിക്കേണ്ടതില്ല, കാണാതായി എന്നു മാത്രം എഴുതിയാല്‍ മതി എന്നാണ് എസ്.എച്ച്.ഒ നിലപാടെടുത്തത്. അവന്റെ ചെരുപ്പ് ഹോസ്റ്റലിന് പുറത്തുനിന്ന് കിട്ടി, മൊബൈല്‍ ഫോണ്‍ റൂമിന്റെ ഉള്ളിലായിരുന്നു തുടങ്ങിയ വിവരങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതണമെന്നാവശ്യപ്പെട്ടെങ്കിലും അതിനും സമ്മതിച്ചില്ല. ഇതിനിടയില്‍ എസ്.എച്ച്.ഒവിന് തുടരെത്തുടരെ ഫോണ്‍ വന്നുകൊണ്ടിരുന്നു. എഫ്.ഐ.ആര്‍ തയാറായ ശേഷം ഫോണ്‍ വിളിച്ച് ആര്‍ക്കോ അയാളത് വായിച്ചു കേള്‍പ്പിച്ചു. ആക്രമിച്ച വിദ്യാര്‍ഥികളുടെ പേര് എഫ്.ഐ.ആറില്‍ സൂചിപ്പിച്ചിട്ടില്ല എന്ന് അയാള്‍ പ്രത്യേകം പറയുന്നുണ്ടായിരുന്നു. നിങ്ങള്‍ ധൈര്യമായിരിക്കൂ, അടുത്ത 24 മണിക്കൂറിനുള്ളില്‍ നജീബിനെ ഞങ്ങള്‍ കണ്ടെത്തും എന്നു പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിക്കാനും അയാള്‍ മറന്നില്ല.
സദഫ് മുശറഫ്: ഈ സംഭവത്തിന്റെ തുടക്കം തൊട്ടേ ആരുടെയൊക്കെയോ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. പ്രവര്‍ത്തന മികവും നൈപുണ്യവുമുള്ള ദല്‍ഹി പോലീസ് വിചാരിച്ചാല്‍ വളരെ മുമ്പുതന്നെ നജീബിനെ കണ്ടെത്താന്‍ കഴിയുമായിരുന്നു. നജീബിനെ മര്‍ദിച്ചവശനാക്കിയ എ.ബി.വി.പിക്കാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാത്തതെന്ത്? എന്തുകൊണ്ട് പോലീസ് അവരെ നുണ പരിശോധന നടത്തുന്നില്ല? ഇത്തരം കാര്യങ്ങളിലൊക്കെ വിദഗ്ധരാണല്ലോ ദല്‍ഹി പോലീസ്. ഈ രാജ്യത്ത് നികുതി നല്‍കി ജീവിക്കുന്ന പൗരന്മാരാണ് ഞങ്ങളും. ആ നികുതിയില്‍നിന്നാണ് ഈ പോലീസുകാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. എന്റെ സഹോദരന്‍ നജീബിനെ കണ്ടെത്തേണ്ട ബാധ്യത അപ്പോള്‍ പോലീസിനില്ലേ?
നജീബ് സ്വയം എവിടെയെങ്കിലും പോയി ഒളിച്ചിരിക്കുകയായിരിക്കും എന്നു മാത്രമാണ് അവര്‍ പറയുന്നത്. അതിനാല്‍ രാജ്യത്തെ പല ദര്‍ഗകളിലും തങ്ങള്‍ തെരച്ചില്‍ നടത്തുന്നുന്നെും. എ.ബി.വി.പിക്കാര്‍ അവനെ അപ്രത്യക്ഷനാക്കാനുള്ള വലിയ സാധ്യതയെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ല ദല്‍ഹി പോലീസ്.
സദഫ് മുശറഫ്: ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയിലുള്ളവരാണ് നജീബിന്റെ തിരോധാനത്തിന് കാരണക്കാര്‍ എന്നതിനാല്‍, അവരെ സംരക്ഷിക്കുന്ന നടപടികളാണ് ഭരണകൂടം കൈക്കൊള്ളുന്നത്. ദല്‍ഹി പോലീസിനോട് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു എന്നല്ലാതെ കാര്യക്ഷമമായ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
യൂനിവേഴ്‌സിറ്റി അധികൃതരുടെ സമീപനം?
സദഫ് മുശറഫ്: നജീബിനെ കാണാതായ അന്നു മുതല്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ സ്വീകരിക്കുന്ന സമീപനം അക്രമികളെ സംരക്ഷിക്കുംവിധമാണ്. ജെ.എന്‍.യുവിലെ ഒരു വിദ്യാര്‍ഥി, ഒരു സംഘം വിദ്യാര്‍ഥികളാല്‍ ആക്രമിക്കപ്പെടുകയും അതിനു ശേഷം ആ വിദ്യാര്‍ഥി അപ്രത്യക്ഷനാക്കപ്പെടുകയും ചെയ്തിട്ടും ജെ.എന്‍.യു അധികൃതര്‍ ഈ വിഷയത്തില്‍ എഫ്.ഐ.ആര്‍ നല്‍കാത്തത് എന്തുകൊണ്ട്? കാമ്പസില്‍നിന്ന് അപ്രത്യക്ഷനാക്കപ്പെട്ട ഒരു വിദ്യാര്‍ഥിയെ കണ്ടെത്തേണ്ട ബാധ്യത ജെ.എന്‍.യു അധികൃതര്‍ക്കുമില്ലേ? ഈ വിഷയത്തില്‍ യൂനിവേഴ്‌സിറ്റി അധികൃതരും പോലീസും ഭരണകൂടവുമെല്ലാം ചേര്‍ന്ന് വലിയ ഒത്തുകളിയാണ് നടത്തുന്നത്. യൂനിവേഴ്‌സിറ്റി പ്രോക്ടറല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്കെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? നജീബിനെ ആക്രമിച്ച എ.ബി.വി.പിക്കാര്‍ ഇപ്പോഴും കാമ്പസില്‍ സ്വതന്ത്രരായി വിഹരിക്കുകയാണ്.
പോലീസ് നിങ്ങളെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഏറെ പ്രതിഷേധമുാക്കിയിരിക്കുന്നു.
ഫാത്വിമ നഫീസ്: നജീബിനെ കണ്ടെത്താന്‍ ദല്‍ഹി പോലീസ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 6-ന് ജെ.എന്‍.യു സ്റ്റുഡന്റ് യൂനിയന്‍ ഇന്ത്യാ ഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഞാനും സദഫും മുജീബും ബദായൂനില്‍നിന്നുള്ള രണ്ട് വിദ്യാര്‍ഥികളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനായി ചെന്നു. ഇന്ത്യാ ഗേറ്റിലേക്കുള്ള വഴികളൊക്കെ ബ്ലോക്ക് ചെയ്തിരുന്നു. അതിനാല്‍ ഞങ്ങള്‍ നാഷ്‌നല്‍ മ്യൂസിയത്തിനടുത്ത് വണ്ടിയിറങ്ങി. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ അപ്പോള്‍ എത്തിയിട്ടുണ്ടായിരുന്നില്ല. അവര്‍ വന്ന ബസ് പോലീസ് തടഞ്ഞിരിക്കുകയാണെന്നും അതിനാല്‍ നടന്നുവരികയാണെന്നും ഫോണ്‍ വഴി അറിയാന്‍ കഴിഞ്ഞു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു ചെറിയ സംഘം വിദ്യാര്‍ഥികള്‍ ഞങ്ങളുടെ അടുത്തെത്തി. അപ്പോഴേക്കും ഒരു കറുത്ത കാറും കുറച്ച് പോലീസ് വാനുകളും ഞങ്ങളുടെ അടുത്ത് വന്ന് നിര്‍ത്തി. പ്രതിഷേധ മാര്‍ച്ച് തുടങ്ങിയിട്ടു പോലുമുായിരുന്നില്ല അപ്പോള്‍. ഞങ്ങളുടെ അടുത്തെത്തിയ വിദ്യാര്‍ഥികളെ അവര്‍ ഓടിച്ചിട്ട് പിടിക്കാന്‍ തുടങ്ങി. അവരെ എന്തിനാണ് പിടിച്ചുകൊണ്ടുപോകുന്നത്, അവര്‍ എന്തു തെറ്റാണ് ചെയ്തത് എന്ന് ഞാന്‍ പോലീസുകാരോട് ചോദിച്ചു. അവിടെ വന്ന ജെ.എന്‍.യു വിദ്യാര്‍ഥികളെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി പോലീസ് വാനിലിട്ട ശേഷം അവര്‍ എന്റെ അടുത്തേക്ക് വന്നു. ഇതിനിടയില്‍ ഞാനും സദഫും മുജീബുമൊക്കെ കൂട്ടം തെറ്റിയിരുന്നു. ബദായൂനില്‍നിന്ന് വന്ന ഒരു വിദ്യാര്‍ഥി മാത്രമേ എന്റെ കൂടെയുണ്ടായിരുന്നുള്ളൂ. പോലീസ് എന്നെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി വാനിലിട്ടു. തോളെല്ല് ഇളകിയതുപോലെ എനിക്ക് തോന്നി. വേദന സഹിക്കവയ്യാതെ ഞാന്‍ വാവിട്ട് കരഞ്ഞുപോയി. എന്നെ മായാപുരി പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. എന്റെ കൂടെ ഉണ്ടായിരുന്ന കുട്ടികളൊക്കെ സ്‌റ്റേഷന്റെ ഉള്ളില്‍നിന്ന് മുദ്രാവാക്യം മുഴക്കി. അല്‍പനേരം കഴിഞ്ഞപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പോലീസ് സ്‌റ്റേഷനിലെത്തി. അദ്ദേഹം ഒരു വാതിലിലൂടെ കയറിയപ്പോള്‍ മറ്റേ വാതിലിലൂടെ എന്നെ പുറത്തിറക്കി.
സദഫ് മുശറഫ്: മാമിയെ (നജീബിന്റെ ഉമ്മ) പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ഭയാനക കാഴ്ച ഞാന്‍ കണ്ടു. പിന്നെ പോലീസ് എന്നെയും പിടിക്കാനായി എത്തി. സ്‌കൈബ്ലൂ ഷര്‍ട്ട് ധരിച്ച ഒരാള്‍ പോലീസുകാരോട് എന്നെയും പിടിച്ച് വാനിലിടാന്‍ നിര്‍ദേശം നല്‍കി. എന്നെ എന്തിനാണ് പിടിച്ചുകൊണ്ടുപോകുന്നത്, ഞാന്‍ എന്തു തെറ്റാണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ മുകളില്‍നിന്നുള്ള ഓര്‍ഡറാണ്, ഇവളെയും പിടിച്ച് വാനിലിടൂ എന്നയാള്‍ ആക്രോശിച്ചു.
എന്നെ ഫുട്പാത്തിലൂടെ പിടിച്ചുവലിച്ചുകൊണ്ടുപോകുന്നതിനിടയില്‍ ഞാന്‍ തെന്നിവീണു. പിന്നീട് പോലീസ് വാനില്‍ കൊണ്ടിരുത്തി. മാമിയെ അവര്‍ എവിടേക്കാണ് കൊണ്ടുപോയത് എന്നറിയാത്ത ടെന്‍ഷനിലായിരുന്നു ഞാന്‍. മാമിയെ നിങ്ങള്‍ എവിടേക്കാണ് കൊുപോയത് എന്ന് വാനിലുണ്ടായിരുന്ന പോലീസുകാരോട് ചോദിച്ചു. അവരാരും പ്രതികരിച്ചില്ല. ഞങ്ങളുടെ വാനും പുറപ്പെട്ടു. ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് ചോദിച്ചു. പോലീസുകാര്‍ ഒന്നും മിണ്ടിയില്ല. എനിക്ക് വീട്ടില്‍നിന്ന് ഫോണ്‍ വന്നുകൊണ്ടേയിരുന്നു. അവരാകെ പ്രയാസത്തിലായിരുന്നു. അവസാനം മന്ദിര്‍മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് ഞങ്ങളെ കൊണ്ടുപോയി. പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഉടനെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. എന്നെ എസ്.എച്ച്.ഒ അദ്ദേഹത്തിന്റെ റൂമില്‍ കൊണ്ടുപോയി ഇരുത്തി. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാമിയെ വിട്ടയച്ചിരിക്കുന്നു, ഇനി എല്ലാവരും ഇവിടെ നിന്ന് പോയ്‌ക്കോളൂ എന്ന് പോലീസ് പറഞ്ഞു. ഞാന്‍ വീട്ടിലേക്ക് വിളിച്ചു. മാമി വീട്ടില്‍ എത്തിയിട്ടില്ല. മാമിയുടെ കൈവശം ഫോണില്ലായിരുന്നു. അതുകൊണ്ട് മാമിയെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. മാമി വീട്ടിലെത്താതെ ഞങ്ങളിവിടെനിന്ന് പുറത്തിറങ്ങില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങളെ പറഞ്ഞുവിടാന്‍ പോലീസ് കഴിവതും ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ തയാറായില്ല. മാമി വീട്ടിലെത്തി എന്ന് വിവരം കിട്ടിയപ്പോഴാണ് ഞങ്ങള്‍ സ്‌റ്റേഷന്‍ വിട്ടത്.
അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ?
സദഫ് മുശറഫ്: ദല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. നജീബിനെ കാണാതായ കാര്യം പോസ്റ്ററൊട്ടിച്ച് തങ്ങള്‍ ദല്‍ഹി മുഴുവന്‍ അറിയിച്ചിട്ടുണ്ട് എന്ന് എസ്.ഐയും ക്രൈംബ്രാഞ്ചും പറയുന്നുണ്ടെങ്കിലും ജെ.എന്‍.യു കാമ്പസിനകത്തല്ലാതെ ഞങ്ങളീ പോസ്റ്റര്‍ ദല്‍ഹിയില്‍ മറ്റെവിടെയും കണ്ടിട്ടില്ല. അന്വേഷണത്തിന്റെ ആദ്യ ദിവസത്തെ അതേ അവസ്ഥ തന്നെയാണ് 42 ദിവസം പിന്നിടുമ്പോഴും.
ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയന്‍, വിദ്യാര്‍ഥി സംഘടനകള്‍-ഇവരില്‍നിന്ന് ലഭിക്കുന്ന പിന്തുണ, സമരത്തിലുള്ള ഇവരുടെ പങ്കാളിത്തം?
സദഫ് മുശറഫ്: ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയനും വിദ്യാര്‍ഥി സംഘടനകളും നജീബിന് വേണ്ടിയുള്ള സമരത്തില്‍ ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഞങ്ങള്‍ മൂന്നു പേര്‍ക്ക് എത്രത്തോളം പോരാടാന്‍ കഴിയും! ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സംഘടനകള്‍ ഞങ്ങളോട് കാണിക്കുന്ന സഹകരണത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. അനീതിക്കെതിരെ, അത് ആരുടെ ഭാഗത്തുനിന്നായാലും, പോരാടാനുള്ള ജെ.എന്‍.യു വിദ്യാര്‍ഥികളുടെ ചങ്കൂറ്റത്തെ ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നു. ഇവരാണ് ഞങ്ങളുടെ ശക്തി. നജീബിനെ കാണാതായ വിവരം ഇവര്‍ മുഖേന ലോകം മുഴുവന്‍ അറിഞ്ഞു.
വിവിധ വിദ്യാര്‍ഥി സംഘടനകളും നജീബിന്റെ വിഷയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തിലാണ്. ഇതില്‍ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എസ്.ഐ.ഒ)യുടെ ശ്രമങ്ങളെ എടുത്തുപറയേണ്ടതാണ്. എസ്.ഐ.ഒ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ ഞാനും മാമിയും പങ്കെടുത്തിരുന്നു. കേരളത്തിലും മുംബൈ പോലുള്ള നഗരങ്ങളിലും അവര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അതുപോലെ രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ സമരരംഗത്തുണ്ട്. ദല്‍ഹി യൂനിവേഴ്‌സിറ്റി, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഐ.സി.ടി മുംബൈ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഞങ്ങളോടൊപ്പം ഈ സമരരംഗത്തുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു.
ഇത് നജീബിനു വേണ്ടി മാത്രമുള്ള സമരമല്ല. നജീബിനെ പോലുള്ള ഒരുപാട് പേരുണ്ട് രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. ഇപ്പോഴിത് ജെ.എന്‍.യുവില്‍ നജീബിന് സംഭവിച്ചു. നാളെ ഇത് മറ്റാര്‍ക്കുമാകാം. വിദ്യാര്‍ഥികള്‍ സംഘ്പരിവാര്‍ ശക്തികളുടെയും ഭരണകൂടത്തിന്റെയും ഇരകളാക്കപ്പെടുന്നത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നമുക്ക് കരുതലുണ്ടാവണം.
മാധ്യമങ്ങള്‍ ഈ വിഷയത്തെ എങ്ങനെ സമീപിച്ചു?
സദഫ് മുശറഫ്: അച്ചടി മാധ്യമങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഏറക്കുറെ സത്യസന്ധമായ നിലപാടെടുത്തു എന്നെനിക്ക് തോന്നുന്നു. എന്നാല്‍ മിക്ക ഇലക്‌ട്രോണിക് മാധ്യമങ്ങളും ഈ വിഷയം എങ്ങനെയായിരുന്നോ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്, ആ രൂപത്തിലത് ചെയ്തില്ല. പല സന്ദര്‍ഭങ്ങളിലും കഥകള്‍ പടച്ചുവിടുകയായിരുന്നു അവര്‍. പലര്‍ക്കും ഇതൊരു ടി.ആര്‍.പി (ഠലഹല്ശശെീി ഞമശേിഴ ജീശി)േ വിഷയം മാത്രമായിരുന്നു. മിക്ക ചാനലുകാരുടേതും കേന്ദ്ര ഭരണകൂടത്തെ സുഖിപ്പിക്കുന്ന റിപ്പോര്‍ട്ടിംഗായിരുന്നു. അപൂര്‍വം ചാനലുകള്‍ മാത്രമേ വിഷയത്തിന്റെ മര്‍മവും സത്യാവസ്ഥയും ജനങ്ങളുടെ മുമ്പാകെ എത്തിച്ചുള്ളൂ.
പലയിടത്തായി നജീബിനെ കണ്ടു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിയാവാന്‍ സാധ്യതയുണ്ടോ?
ഫാത്വിമ നഫീസ്: എനിക്ക് നജീബ് താമസിച്ചിരുന്ന ജെ.എന്‍.യുവിലെ മാഹി മാന്‍ഡവി ഹോസ്റ്റലില്‍നിന്ന് ഒരു ഫോണ്‍ വന്നിരുന്നു; നജീബിന്റെ പേരില്‍ അലീഗഢില്‍നിന്ന് ഒരു കത്ത് വന്നിരിക്കുന്നു എന്ന് പറഞ്ഞു, ആ കത്ത് പരിശോധിക്കണമെന്നും. ആ കത്തൊന്ന് കാണണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ഇതുവരെ അത് കിട്ടിയിട്ടില്ല. കത്തിലുണ്ടായിരുന്ന വിവരം പത്രത്തിലൂടെയാണ് ഞങ്ങള്‍ അറിയുന്നത്. അതിനു മുമ്പ് മറ്റൊരു റിപ്പോര്‍ട്ട് വന്നിരുന്നു. ഒക്‌ടോബര്‍ 15-ന് ജെ.എന്‍.യുവില്‍നിന്ന് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലേക്ക് ഞാന്‍ നജീബിനെ എത്തിച്ചിരുന്നു എന്ന് ഒരു ഓട്ടോ ഡ്രൈവര്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു എന്ന റിപ്പോര്‍ട്ട്. ഇതൊക്കെ കേസ് വഴിതിരിച്ചുവിടാനുള്ള നീക്കങ്ങള്‍ മാത്രമായിട്ടാണ് ഞങ്ങള്‍ കാണുന്നത്.
നജീബ് മൂവ്‌മെന്റ് എങ്ങനെ മുന്നോട്ടുപോകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
സദഫ് മുശറഫ്: ജാതി, മത, പ്രത്യയശാസ്ത്ര ഭേദമന്യേ വിദ്യാര്‍ഥികള്‍ മാത്രമാണ് ഇപ്പോള്‍ ഈ മൂവ്‌മെന്റിലുള്ളത്. പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ കുറവാണ്. ഇതുണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ പൗരന്മാരും ഈ വിഷയത്തില്‍ അണിനിരക്കേണ്ടതുണ്ട്. ഇത് നജീബിന്റേതോ ഞങ്ങളുടേതോ മാത്രം പ്രശ്‌നമല്ല. നാളെ ഇത് ആരുടെ മക്കള്‍ക്കും സംഭവിക്കാം. നമ്മുടെ വീടിനടുത്ത് ഒരു തീപ്പിടിത്തമുണ്ടായാല്‍ നമ്മളെല്ലാവരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കില്ലേ? അതിന് നമ്മള്‍ സന്നദ്ധരാവുന്നില്ലെങ്കില്‍ നമ്മുടെ വീടും അഗ്നിക്കിരയാവാന്‍ അധികസമയം വേണ്ടിവരില്ല. അതിനാല്‍ നജീബിന്റെ വിഷയത്തില്‍ മുഴുവന്‍ പൗരന്മാരും ഒരുമിച്ച് അണിനിരക്കേണ്ടതുണ്ട്. ദല്‍ഹിയിലെ 'നിര്‍ഭയ' സമരത്തിലുണ്ടായ ജനപങ്കാളിത്തം നജീബിന്റെ വിഷയത്തിലും ഉണ്ടാവേണ്ടതുണ്ട്.
Comments