Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 09

2792

1438 റബീഉല്‍ അവ്വല്‍ 09

അന്ദലൂസ്: തുടച്ചുനീക്കപ്പെട്ടവര്‍ തിരിച്ചുവരുന്നതും കാത്ത്-2

ആര്‍. യൂസുഫ്

പൈതൃകത്തിലേക്ക് തിരിച്ചു നടക്കുന്ന ഗ്രാനഡ 

 

പടിഞ്ഞാറിന്റെ ഭൗതിക സൗകര്യങ്ങളെയെല്ലാം പരിത്യജിച്ച്, ലളിതവും വിശുദ്ധവുമായ  ജീവിതം നയിക്കാന്‍ കിഴക്കോട്ട് സഞ്ചരിച്ച ഒരു മഹാധിഷണയുണ്ടായിരുന്നു സമീപകാല ഇസ്‌ലാമിക ചരിത്രത്തില്‍. പാശ്ചാത്യ-ഇസ്‌ലാമിക സംസ്‌കാരങ്ങളെ ഒരുപോലെ കൊണ്ടറിഞ്ഞ തത്ത്വചിന്തകന്‍. പിന്നീട് മുസ്‌ലിം കിഴക്കിന്റെ ആലസ്യം അനുഭവിച്ചറിഞ്ഞ്, ഇരു സംസ്‌കാരങ്ങളെയും ഗംഭീരമായി അടയാളപ്പെടുത്തിയ അന്ദലൂസിലേക്ക് യാത്രയായി അവിടെ വെച്ച് അല്ലാഹുവിങ്കലേക്ക് യാത്രയായ മുഹമ്മദ് അസദ്. കിഴക്കിന്റെ ആഴമേറിയ ശുദ്ധഗതിയെയും ആതിഥ്യമര്യാദയെയും ആത്മീയാനുഭൂതിയെയും കോറിയിട്ടുകൊണ്ട് 'മക്കയിലേക്കുള്ള പാത'യിലൂടെ നടന്ന മുഹമ്മദ് അസദിനോടൊപ്പം സഞ്ചരിക്കുന്ന ഏതൊരു വായനക്കാരനും അത്ഭുതപ്പെട്ടുപോവും. അതിതീക്ഷ്ണമായ വൈകാരിക ബന്ധം ഇസ്‌ലാമിനോട് വെച്ചു പുലര്‍ത്തിയ അസദ് ഒരു മാതൃകാ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രയോഗവത്കരണത്തില്‍ തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കാമെന്ന പ്രതീക്ഷയോടെ മുസ്‌ലിം ലോകത്തിന്റെ അക്കാലത്തെ രണ്ട് സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പതിറ്റാണ്ടുകളോളം ചെലവഴിച്ചെങ്കിലും അദ്ദേഹത്തെ കാത്തിരുന്നത് കടുത്ത നിരാശ മാത്രമായിരുന്നു. ഇസ്‌ലാമിന്റെ അക്ഷരവായനയുടെ കാഠിന്യവും കാര്‍ക്കശ്യവും തന്റെ ഹൃദയത്തെ പോലും പരുക്കനാക്കും എന്ന് അസദ് ഭയപ്പെട്ടിരുന്നുവോ? മഹത്തായ ഇസ്‌ലാമിക മൂല്യങ്ങള്‍ യൂറോപ്പില്‍ തന്നെ പരതാന്‍ അസദ് തീരുമാനിച്ചിരുന്നുവോ? അതല്ല, അന്ദലൂസിയന്‍ സംസ്‌കാരത്തിന്റെ ഭൗതിക ശേഷിപ്പുകളല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത ഒരു കാലത്ത് ഇസ്‌ലാമിന്റെ ശുദ്ധമായ തെളിനീര്‍ വീണ്ടും അന്ദലൂസിലൂടെ യൂറോപ്പില്‍ വ്യാപിക്കുന്നത് അസദ് സ്വപ്‌നം കണ്ടിരുന്നുവോ? ഗ്രാനഡയിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവന്ന ചോദ്യമാണിത്. അസദ്  മൗനം പാലിച്ചതും എന്നാല്‍ മൗനത്തില്‍തന്നെ എല്ലാം ഒളിഞ്ഞുകിടക്കുന്നു എന്ന് തോന്നുന്നതുമായ ഈ ചോദ്യങ്ങളെ പ്രശ്‌നവത്കരിക്കുന്നതില്‍ അര്‍ഥമില്ലെങ്കിലും അസദ് അന്ദലൂസിലേക്ക് എന്തിന്  യാത്രയായി എന്നത് ഒരു ചരിത്രകൗതുകം തന്നെയാണ്.  മുഹമ്മദ് അസദ് തന്റെ ജീവിതാവസാന നാളുകളില്‍ അന്ദലൂസിലേക്ക് സഞ്ചരിച്ചിട്ടുണ്ടെന്ന അറിവു വെച്ച് ഹാമിദിനോട് അസദിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഒരുത്തരം ലഭിച്ചില്ല. അസദിനെക്കുറിച്ച് വളരെ നേരിയ അറിവ് മാത്രമേ ഹാമിദിനുള്ളൂ എന്ന് മനസ്സിലായി. അതിനാല്‍ ഗ്രാനഡയിലെ മുസ്‌ലിംകള്‍ മറമാടപ്പെടുന്നതെവിടെയാണെന്ന് അന്വേഷിച്ചുവെങ്കിലും അതിന് ലഭിച്ച മറുപടിയും കൃത്യമായിരുന്നില്ല.

അല്‍ ഹംറാ പാലസ് സ്ഥിതിചെയ്യുന്ന കുന്നിന്റെ മുകള്‍പരപ്പിലെവിടെയോ ഒരു സെമിത്തേരി ഉണ്ടെന്നും അതിന്റെ ഒരു ഭാഗം മുസ്‌ലിംകളും ഉപയോഗിച്ചുവരുന്നു എന്നുമാണ് ഹാമിദിനറിയാവുന്ന കാര്യം. ഹാമിദാകട്ടെ ഇതുവരെ ആ പ്രദേശം കണ്ടിട്ടുമില്ല. മുഹമ്മദ് അസദ് അന്ത്യനാളുകളില്‍ അല്‍ ഹംറാ പരിസരത്തേക്ക് യാത്ര ചെയ്തിരുന്നുവോ? മുസ്‌ലിംകള്‍ കൂട്ടമായി താമസിക്കുന്നതും ഒരു ക്ലാസിക്കല്‍ പുരാതന ഗ്രാമീണ ജീവിതത്തെ ഇന്നും പ്രതിനിധാനം ചെയ്യുന്നതുമായ മിജാസിലേക്ക് പോയിരിക്കാനിടയുണ്ട് എന്ന പരിമിതമായ അറിവു വെച്ച് അദ്ദേഹം ഖബ്‌റടക്കപ്പെട്ടത് മിജാസില്‍നിന്ന് 150 കിലോമീറ്റര്‍ ദൂരത്തുള്ള ഗ്രാനഡയിലെ, അതും വിജനമായ കുന്നിന്‍പുറത്താകാന്‍ സാധ്യതയുണ്ടോ? സന്ദേഹങ്ങള്‍ പലതും രൂപം കൊണ്ടെങ്കിലും ഒരു ക്രിസ്ത്യന്‍ സെമിത്തേരിയോടൊപ്പം മുസ്‌ലിം ശ്മശാനവും പങ്കുവെക്കപ്പെടുന്ന വ്യത്യസ്തമായ സ്പാനിഷ് അനുഭവം കണ്ടറിയാമല്ലോ എന്ന് കരുതി പിറ്റേദിവസം അങ്ങോട്ട് പുറപ്പെടാന്‍ തീരുമാനിച്ചു. ഈ യാത്രയിലാണ് സ്‌പെയിനില്‍ സമീപകാലത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിനോടുള്ള ആഭിമുഖ്യം ശരിക്കും ബോധ്യപ്പെട്ടത്. സ്‌പെയിനില്‍നിന്ന് റോമിലെത്തിയപ്പോള്‍ ഈ ബോധ്യം കൂടുതല്‍ മധുരിക്കുന്നതും ആഹ്ലാദകരവുമായി. അവിടെ വെച്ചാണ് അസദിനെ പോലെ ക്ലാസിക്കല്‍ ഭാഷകളായ ലാറ്റിനിലും ഗ്രീക്കിലും വ്യുല്‍പത്തിയുള്ള, ഇറ്റാലിയനും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന, ആറ് വര്‍ഷം മുമ്പ് ഇസ്‌ലാമില്‍ വിമോചനം കണ്ടെത്തിയ സെബ്രീന ലെയ് എന്ന ഇറ്റാലിയന്‍ സാമൂഹിക പ്രവര്‍ത്തകയെ കണ്ടുമുട്ടുന്നത്.

അല്‍ ഹംറാ സ്ഥിതിചെയ്യുന്ന കുന്നിന്റെ മുകള്‍ഭാഗത്ത് ചെങ്കുത്തായ ഒരു കയറ്റം കാണാം. മറ്റൊരു കുന്നിലേക്കുള്ള ആ വഴിയിലൂടെ ഒരു കിലോമീറ്ററെങ്കിലും സഞ്ചരിച്ചാലേ സെമിത്തേരിയിലെത്തൂ. ഒരുപാട് പ്രവേശന കവാടങ്ങളും കെട്ടിടങ്ങളുമുള്ള ആ സെമിത്തേരി ക്രിസ്ത്യാനികളിലെ വ്യത്യസ്ത വിഭാഗക്കാര്‍ ഉപയോഗിക്കുന്നതും ഓരോ കെട്ടിടവും വ്യത്യസ്ത ധാരകള്‍ക്ക് മതചടങ്ങുകള്‍ നിര്‍വഹിക്കാനുള്ളതുമാണ്. എന്നാല്‍ മുസ്‌ലിം ശ്മശാനം അതിനുമപ്പുറം ചെങ്കുത്തായ മറ്റൊരു വഴിയിലാണുള്ളതെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലാവുന്നത്. ഇനിയും മുന്നോട്ടുപോവേണ്ടതില്ല എന്ന് മനസ്സ് മന്ത്രിക്കുന്നതുപോലെ. കാരണം അത്രമാത്രം വിജനവും ഒറ്റപ്പെട്ടതുമാണ് ആ വഴി. സുരക്ഷിതത്വത്തെക്കുറിച്ച ആശങ്ക രണ്ടു തവണ ഞങ്ങളെ തിരിച്ചുനടക്കാന്‍ പ്രേരിപ്പിച്ചു. ഇതിനിടയില്‍ അതുവഴി വന്ന സൈക്കിള്‍ സവാരിക്കാരെ കപ്പോഴാണ് വീണ്ടും മുന്നോട്ടു നടക്കാന്‍ തോന്നിയത്. പതിനഞ്ച് മിനിറ്റോളം വീണ്ടും നടന്നപ്പോള്‍ കാണുന്നത് ഒരു ചെറിയ ഭിത്തി മാത്രമാണ്. ആ ഭിത്തിക്കുമപ്പുറം, ഭിത്തിയോട് ചേര്‍ന്ന വാതില്‍ അല്ലാതെ മറ്റു പ്രവേശനമാര്‍ഗമൊന്നും ഇല്ലാത്ത ഏകദേശം പതിനായിരത്തോളം സ്‌ക്വയര്‍ ഫീറ്റുള്ള പ്രദേശമാണ് മുസ്‌ലിം ശ്മശാനം. ഒരു മനുഷ്യന്‍ പോലുമില്ലാത്ത വിജനമായ ആ സ്ഥലത്തു നിന്ന് പെട്ടെന്ന് മടങ്ങലാണ് ഉചിതമെന്ന് മനസ്സ് വീണ്ടും മന്ത്രിച്ചു. അപ്പോഴാണ് സലാം പറഞ്ഞുകൊണ്ട് നിറഞ്ഞ പുഞ്ചിരിയുമായി അഹ്മദ് യൂസുഫ് എന്ന ചെറുപ്പക്കാരന്‍ പ്രത്യക്ഷപ്പെടുന്നത്.

അഹ്മദ് യൂസുഫ് ഇസ്‌ലാമിലേക്ക് പ്രയാണം ചെയ്യുന്ന സ്പാനിഷ് ജനതയുടെ രണ്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. തന്റെ പിതാവും മാതാവും ഇസ്‌ലാം സ്വീകരിച്ചതോടെയാണ് ആ സൗഭാഗ്യം അഹ്മദ് യൂസുഫിന് ലഭിച്ചത്. സ്

പാനിഷ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡിഗ്രി  പൂര്‍ത്തിയാക്കിയ അഹ്മദ് വിദേശത്ത് പോയി അറബി പഠിച്ച ശേഷം തഖ്‌വാ മസ്ജിദില്‍ ജോലിചെയ്യുന്നു. ഗ്രാനഡ നഗര ചത്വരത്തോട് ചേര്‍ന്ന പ്രദേശത്തുള്ള വളരെ ചെറിയ മറ്റൊരു നമസ്‌കാര പള്ളിയാണ് മസ്ജിദ് തഖ്‌വാ. അതിനിടയില്‍ ചില വൈകുന്നേരങ്ങളില്‍ ഈ ഖബ്‌റിടത്തിലേക്ക് വരും. ചെടികള്‍ക്ക് വെള്ളം നനക്കുന്നതിലും അറ്റകുറ്റപ്പണികള്‍ നടത്തി പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലും തന്റെ കൂട്ടുകാരനായ ദാവൂദിനെ സഹായിക്കാന്‍. ദാവൂദ് മറ്റൊരു വിസ്മയമാണ്. മാഡ്രിഡില്‍ ജനിച്ചുവളര്‍ന്ന ദാവൂദ് പത്തു വര്‍ഷം മുമ്പാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. പിന്നീട് ഗ്രാനഡയിലേക്ക് താമസം മാറ്റിയ ദാവൂദ് ഈ മുസ്‌ലിം ശ്മശാനത്തിന്റെ പരിപാലനം സ്വയം ഏറ്റെടുക്കുകയായിരുന്നു. എല്ലാ ദിവസവും അവിടേക്ക് വരും. ദാവൂദിന്റെ തന്നെ വാക്കുകളില്‍; 'എന്റെ ജീവിതം ഈ മണ്ണിനോടാണ് ചേര്‍ന്നുനില്‍ക്കുന്നത്.' വിജനമായ ഒരു ശ്മശാനത്തിന്റെ പരിപാലനം സ്വയം ഏറ്റെടുത്ത ഈ രണ്ട് ചെറുപ്പക്കാരും, മുസ്‌ലിം ശ്മശാനങ്ങളുടെ ചുമതല പ്രായമേറിയവരില്‍ മാത്രം കണ്ട് പരിചയിച്ച കേരളീയരായ നമുക്ക് വിസ്മയക്കാഴ്ച തന്നെയാണ്. മുസ്‌ലിംകള്‍ ഗ്രാനഡയില്‍നിന്ന് പൂര്‍ണമായി നിഷ്‌കാസിതമായ ശേഷം അല്‍ ഹംറയുടെ ചാരത്ത് ഒരു ശ്മശാനം മുസ്‌ലിംകള്‍ക്ക് ലഭിച്ചതിന്റെ ചരിത്രം, കടുത്ത ശത്രുതയും പകയും മുസ്‌ലിംകളോട് വെച്ചുപുലര്‍ത്തിയ ശേഷവും ചില ക്രൈസ്തവ രാജാക്കന്മാര്‍ മുസ്‌ലിംകളെ തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്തിയതിന്റെ ചരിത്രം അഹ്മദ് യൂസുഫ് വിശദമായി പ്രതിപാദിക്കുകയുായി. 

1492 ജനുവരിയില്‍ ഫെര്‍ഡിനന്റ് -ഇസബെല്ലമാര്‍ക്ക് മുമ്പില്‍ ഭദ്രമെന്ന് കരുതിയ അല്‍ ഹംറാ കോട്ട അടിയറവെച്ച നിന്ദാര്‍ഹമായ ഒത്തുതീര്‍പ്പുകളിലെത്തിയ അമീര്‍ അബൂ അബ്ദില്ല എന്ന മുഹമ്മദ് പന്ത്രണ്ടാമന്‍ കരുതിയത് അപ്രകാരമുള്ള കീഴടങ്ങലിലൂടെ വിലപ്പെട്ട ജീവനുകള്‍ സുരക്ഷിതമാക്കാമെന്നായിരുന്നു. അവശേഷിച്ച മുസ്‌ലിംകള്‍ക്ക് ഗ്രാനഡയിലും അല്‍ബേസിനിലും പരിസരത്തും സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കാം എന്ന് അംഗീകരിച്ചവരാണ് ഫെര്‍ഡിനാന്റും ഇസബെല്ലയും. പക്ഷേ നടന്നത് കടുത്ത വഞ്ചനയും വംശീയ ശുദ്ധീകരണവുമായിരുന്നു. കഴിവും അഭിവൃദ്ധിയുമുള്ള ചുരുക്കം ചിലര്‍ പശ്ചിമാഫ്രിക്കന്‍ മുസ്‌ലിം ഭരണപ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടു. അവശേഷിച്ചവര്‍ക്ക് മുമ്പിലുള്ള മാര്‍ഗം രണ്ടായിരുന്നു; മതംമാറ്റം അല്ലെങ്കില്‍ ചുവന്ന മരണം. കടുത്ത യാതനകളും പീഡകളും ഏറ്റുവാങ്ങി മരണം തെരഞ്ഞെടുത്തു കുറേ പേര്‍. മതം മാറിയവര്‍ പോലും മതവിചാരണാകോടതികളില്‍ തങ്ങളുടെ ആത്മാര്‍ഥത തെളിയിക്കാന്‍ കഴിയാതെ പീഡനങ്ങളേറ്റ് പിടഞ്ഞുമരിച്ചു എന്നത് ചരിത്രം. മുസ്‌ലിംകള്‍ പൂര്‍ണമായി അന്ദലൂസില്‍നിന്ന് നിഷ്‌കാസിതമാകുന്നത് അങ്ങനെയാണ്. ചരിത്രത്തിലെ ഇത്തരം കറുത്ത അധ്യായങ്ങള്‍ ഓര്‍മിച്ചെടുക്കുന്നതില്‍ അര്‍ഥമില്ല. മറിച്ച്, വര്‍ത്തമാനത്തെ ശാന്തവും അഭിമാനാര്‍ഹവുമാക്കാനുള്ള പ്രയത്‌നങ്ങളാണ് പ്രധാനം. അഹ്മദ് യൂസുഫും ദാവൂദും പ്രതിനിധീകരിക്കുന്നത് ഇത്തരം ശുഭചിന്തകളെയാണ്. അന്ദലൂസിന്റെ പതനശേഷം ആരംഭം കുറിച്ച കൊളോണിയല്‍ കാലഘട്ടത്തില്‍ കോളനി മേധാവികളായി മാറിയ സ്‌പെയിന്‍ ലോകത്തിന്റെ പല ഭാഗങ്ങളും കൈയടക്കിവെച്ച കൂട്ടത്തില്‍ മൊറോക്കോയുടെ ദക്ഷിണ ഭാഗത്തുള്ള ഒരു ചെറിയ പ്രദേശം കൂടി കൈയടക്കി. മൊറോക്കോയുടെ മറ്റു ഭാഗങ്ങള്‍ മറ്റൊരു കൊളോണിയല്‍ രാജ്യമായ ഫ്രാന്‍സിന്റെ അധീനതയിലായിരുന്നു. തങ്ങള്‍ കൈയടക്കിയ പ്രദേശത്തെ മൊറോക്കോക്കാരായ അറബ് മുസ്‌ലിംകളെ ഉപയോഗപ്പെടുത്തി സ്‌പെയിന്‍ സ്പാനിഷ് -അറബ് സേന എന്ന പേരില്‍ ഒരു പട്ടാള യൂനിറ്റിന് രൂപം കൊടുത്തിരുന്നു. 1936 മുതല്‍ 1939 വരെ നീണ്ടുനിന്നതും, സ്പാനിഷ് റിപ്പബ്ലിക്കിനെ പിന്തുണക്കുന്ന ജനാധിപത്യവാദികളും രാജാധിപത്യത്തെ പിന്തുണക്കുന്ന ദേശീയവാദികളും തമ്മില്‍ നടന്നതുമായ ആഭ്യന്തര യുദ്ധത്തില്‍ ദേശീയവാദികളുടെ നേതാവ് ഫ്രാങ്കോ ഈ സേനയെ സമര്‍ഥമായി ഉപയോഗപ്പെടുത്തി എന്നതാണ് ചരിത്രം. സ്പാനിഷ് റിപ്പബ്ലിക് ഒരു ജൂത-കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്നും അത് പിഴുതെറിയല്‍ ദേശീയവാദികളുടെ കടമയാണെന്നും പ്രചരിപ്പിച്ചാണ് ഫ്രാങ്കോ, നാസി ജര്‍മനിയുടെയും ഇറ്റാലിയന്‍ ഫാഷിസ്റ്റുകളുടെയും സഹായത്തോടെ ക്രൈസ്തവ സ്‌പെയിനിനെ റഷ്യന്‍ പിന്തുണയുള്ള ജൂത-കമ്യൂണിസ്റ്റ് റിപ്പബ്ലിക്കില്‍നിന്ന് മോചിപ്പിച്ച് രാജാധിപത്യം തിരിച്ചുകൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത് കലാപം നയിച്ച ദേശീയവാദികളോടൊപ്പം ചേര്‍ന്നത്. സയണിസ്റ്റ്-കമ്യൂണിസ്റ്റ് ശക്തികള്‍ ക്രിസ്ത്യാനികളുടെ മാത്രമല്ല മുസ്‌ലിംകളുടെയും ശത്രുവാണെന്ന് പ്രചരിപ്പിച്ച് മതത്തിന്റെ സംരക്ഷണത്തിനായി തന്നെ പിന്തുണക്കണമെന്ന് ക്രൈസ്തവ ദേശീയവാദിയായ ഫ്രാങ്കോ ആഹ്വാനം ചെയ്തപ്പോള്‍ അറബ്-സ്പാനിഷ് സേന അത് വിശ്വസിച്ചു. തങ്ങളെ സ്‌പെയിനില്‍നിന്ന് തുടച്ചുനീക്കിയവരുടെ പിന്മുറക്കാരായ ദേശീയവാദികള്‍ക്കൊപ്പം മൊറോക്കോയില്‍നിന്ന് കടല്‍കടന്നു വന്ന് യുദ്ധം ചെയ്യാന്‍ മാത്രം എന്തുണ്ടായി എന്നത് ചരിത്രത്തിലെ ഉത്തരം കിട്ടാത്ത സമസ്യകളിലൊന്നാണ്. ഇതുപോലെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ നാസി ജര്‍മനിക്കൊപ്പം ചേര്‍ന്ന തുര്‍ക്കിയെ കുറിച്ച് മാത്രമല്ല, ഇപ്പോള്‍ സിറിയ മുതല്‍ യമന്‍ വരെയുള്ള പ്രശ്‌നങ്ങളില്‍ ഇരുട്ടില്‍ തപ്പുന്ന എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളെക്കുറിച്ചും നാം അഭിമുഖീകരിക്കുന്നുണ്ട്. കടുത്ത പട്ടിണിയും ദാരിദ്ര്യവുമാണ് മൊറോക്കോക്കാരെ ഫ്രാങ്കോയോടൊപ്പം ചേരാന്‍ പ്രേരിപ്പിച്ചത് എന്നാണ് അഹ്മദ് യൂസുഫ് വിശ്വസിക്കുന്നത്. എന്നാല്‍, ഇപ്രകാരം ഫ്രാങ്കോയെ സഹായിച്ചവരില്‍ നല്ലൊരു ശതമാനം പേര്‍ സ്‌പെയിനിന്റെ പല ഭാഗങ്ങളിലായി യുദ്ധക്കളത്തില്‍ മരിച്ചുവീണു; അവരുടെ മൃതശരീരങ്ങള്‍ പോലും എവിടെയാണെന്ന് പോലും ആര്‍ക്കുമറിയില്ല. ആഭ്യന്തര യുദ്ധത്തില്‍ വിജയിച്ച ശേഷം മുപ്പത് വര്‍ഷക്കാലം സ്‌പെയിന്‍ ഭരിച്ച ഫ്രാങ്കോ ജീവനോടെ അവശേഷിച്ച സൈനികരെ പ്രത്യേകമായി സംരക്ഷിക്കുകയും ചെയ്തില്ല. എന്നാല്‍ അല്‍ ഹംറാ നിലനില്‍ക്കുന്ന ഈ കുന്നിന്‍ചെരുവില്‍, അല്‍ ഹംറയുടെ മേല്‍നോട്ടം വഹിക്കുന്ന അതേ കമ്പനിയുടെ സംരക്ഷണത്തില്‍ ഒരു മുസ്‌ലിം ശ്മശാനം മുസ്‌ലിംകള്‍ക്ക് ലഭിച്ചത് ഈ ആഭ്യന്തര കലാപത്തിലാണ്. സ്‌പെയിനിന്റെ കിഴക്കന്‍ ഭാഗങ്ങളായ ഗ്രാനഡ, കൊര്‍ദോവ, സെവില്ല, മലാഗ് തുടങ്ങിയ ഭാഗങ്ങളെല്ലാം കൈയടക്കി മാഡ്രിഡ് പിടിച്ചെടുക്കാന്‍ തന്ത്രങ്ങളാവിഷ്‌കരിച്ച ഫ്രാങ്കോ ഈ കുന്നും അല്‍ ഹംറയും സംരക്ഷിക്കാന്‍ അറബ്-സ്പാനിഷ് സേനയിലെ പ്രത്യേകം പരിശീലനം ലഭിച്ച ഒരു യൂനിറ്റിനെയാണ് നിയോഗിച്ചത് എന്ന് അഹ്മദ് നിരീക്ഷിക്കുന്നു. എന്തു സംഭവിച്ചാലും കുന്നിന്‍പുറത്തുനിന്ന് മാറരുത് എന്നതായിരുന്നു ഫ്രാങ്കോയുടെ കല്‍പന. മാസങ്ങള്‍ കടന്നുപോയി. കടുത്ത മഞ്ഞും ഹിമവീഴ്ചയും ഉണ്ടായപ്പോള്‍ താഴ്‌വാരത്തിലേക്കോ മറ്റു ഭാഗങ്ങളിലേക്കോ പോയി സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പരിസരവാസികള്‍ അഭ്യര്‍ഥിച്ചെങ്കിലും ഈ സൈനികര്‍ ഫ്രാങ്കോവിന്റെ വിശ്വസ്ത ദാസരായി അവിടെ തന്നെ നിലകൊണ്ടു. പലരും മരിച്ചുവീഴാനാരംഭിച്ചു. അവരെ മറമാടാന്‍ ഈ പ്രത്യേക സ്ഥലം തന്നെ ഉപയോഗിക്കുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല. അത്രയും പ്രാധാന്യമുള്ള ഒരു സ്‌പെഷല്‍ യൂനിറ്റായതുകൊണ്ടാണ് ആ സൈനികര്‍ക്ക് ഇത്തരമൊരു പരിഗണന കിട്ടിയത് എന്നാണ് അഹ്മദ് യൂസുഫിന്റെ അഭിപ്രായം. മറ്റു ഭാഗങ്ങളിലൊന്നും സമാന സ്വഭാവത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിം പടയാളികര്‍ എപ്രകാരം മറവ് ചെയ്യപ്പെട്ടു എന്ന ഒരു ചെറുസൂചന പോലും ചരിത്രത്തില്‍ എവിടെയും ഇല്ല എന്നതാണ് ഇപ്രകാരം വിശ്വസിക്കാന്‍ അഹ്മദിനെ പ്രേരിപ്പിക്കുന്നത്. 

ഫ്രാങ്കോയുടെ കാലം മുതല്‍ എഴുപതുകള്‍ വരെ ഈ ശ്മശാനം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എഴുപതുകളില്‍ ഗ്രാനഡയില്‍ മുസ്‌ലിം സാന്നിധ്യം രൂപപ്പെട്ടതോടെ ചിലര്‍ വേലികെട്ടി മുസ്‌ലിംകളെ ഖബ്‌റടക്കുന്ന പ്രദേശമാക്കി അതിനെ മാറ്റി. നിയമപരമായ സാധുതയില്ലാത്തതിനാല്‍ ജനങ്ങളുടെയൊന്നും ശ്രദ്ധയില്‍പെടാതെയായിരുന്നു ആദ്യകാലത്ത് രാത്രി മുസ്‌ലിംകള്‍ അതുപയോഗിച്ചത്. എന്നാല്‍ ഔദ്യോഗികാംഗീകാരമുള്ള മുസ്‌ലിം പൊതു കൂട്ടായ്മ എന്ന അര്‍ഥത്തില്‍ 1992-ല്‍ ഇസ്‌ലാമിക് കമീഷന്‍ രൂപീകരിക്കപ്പെട്ടതോടെ സ്‌പെയിനിലെ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അനുവദിച്ചുകിട്ടേണ്ട ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച ഒരു രേഖ തന്നെ കമീഷന്‍ ഗവണ്‍മെന്റിനു മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി. അതിലെ ആവശ്യങ്ങളായിരുന്നു മുസ്‌ലിംകള്‍ മുപ്പതുകളില്‍ ഉപയോഗിച്ചതും എഴുപതുകള്‍ മുതല്‍ കൈവശം വെക്കുന്നതുമായ ഈ ശ്മശാനത്തിന് നിയമസാധുത നല്‍കുക, ഗ്രാനഡയില്‍ മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ അനുവാദം നല്‍കുക, മതപരിവര്‍ത്തനവും വിവാഹവും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുക എന്നിവയെല്ലാം. 2003-ല്‍ നേരത്തേ വിശദീകരിച്ച ഗ്രേറ്റ് മസ്ജിദ് അല്‍ബേസിനില്‍ സ്ഥാപിച്ചുകൊണ്ടും 2006-ല്‍ ഈ ശ്മശാനത്തിന് നിയമസാധുത നല്‍കിക്കൊണ്ടും കമീഷന്‍ വെച്ച നിര്‍ദേശങ്ങളില്‍ പലതും ഗവണ്‍മെന്റ് അംഗീകരിച്ചു. അല്‍ ഹംറാ കൊട്ടാര സമുച്ചയം നോക്കി നടത്തുന്ന കമ്പനിയില്‍നിന്ന് ഗ്രാനഡയിലെ മുസ്‌ലിം സൊസൈറ്റി നൂറ് കൊല്ലത്തേക്ക് വാടകക്കെടുത്ത ഒരു പ്രദേശമെന്ന നിലയിലാണ് ഇപ്പോള്‍ ഈ ശ്മശാനത്തിന്റെ നടത്തിപ്പധികാരം മുസ്‌ലിംകള്‍ക്കും ഉടമസ്ഥാവകാശം അല്‍ ഹംറാ ഹെരിറ്റേജ് കമ്പനിക്കും ലഭിക്കുംവിധം ക്രമീകരിച്ചിരിക്കുന്നത്.

മുറാബിത്വൂന്‍ ത്വരീഖയുടെ സ്ഥാപകനായ ശൈഖ് അബ്ദുല്‍ഖാദിറാണ് എഴുപതുകളില്‍ ആധുനിക സ്‌പെയിനിലെ ഗ്രാനഡയില്‍ മുസ്‌ലിം കമ്യൂണിറ്റിക്ക് രണ്ടാമതും തുടക്കം കുറിച്ചത് എന്നാണ് അഹ്മദ് യൂസുഫ് വിശ്വസിക്കുന്നത്. ഇന്ന് ഏകദേശം മൂവായിരത്തോളം പേരാണ് സ്പാനിഷ് പൗരന്മാരായ മുസ്‌ലിംകളായി ഗ്രാനഡയിലുള്ളത്. കുടിയേറ്റക്കാരായ നല്ലൊരു ശതമാനം മൊറോക്കോ പൗരന്മാര്‍ക്കും ഉത്തരാഫ്രിക്കയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വന്ന് താമസിക്കുന്നവര്‍ക്കും പുറമെയാണിത്. സ്‌പെയിനിലെ മൊത്തം മുസ്‌ലിം ജനസംഖ്യ കുടിയേറ്റക്കാരുള്‍പ്പെടെ ര് മില്യന്‍ വരും. പൊതുവെ മറ്റു ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളെ പോലെ മാലികീ മദ്ഹബ് തന്നെയാണ് ഭൂരിഭാഗം പേരും പിന്തുടരുന്നത്. സൂഫീ ത്വരീഖകളും അതുമായി ബന്ധപ്പെട്ട കൂടിച്ചേരലുകളും ഗ്രേറ്റ് മസ്ജിദിലും ബുഖാറ, മലാഗ, മിജാസ് തുടങ്ങിയ പ്രദേശങ്ങളിലുണ്ട്. അനൈക്യവും ശത്രുതയും തങ്ങളുടെ പൂര്‍വപിതാക്കളെ തകര്‍ത്ത ചരിത്രമറിയുന്നതുകൊണ്ടാവാം പൊതുവെ അനാവശ്യ തര്‍ക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതും, ഇസ്‌ലാമിന്റെ ഭിന്ന ആവിഷ്‌കാരങ്ങളെ സഹിഷ്ണുതാപൂര്‍വം വിലമതിക്കുന്നതുമായ ഒരു സമീപനമാണ് സ്പാനിഷ് മുസ്‌ലിംകള്‍ സ്വീകരിക്കുന്നത്. ഇതര മതസ്ഥരോടും ഇത്തരം സമീപനം സ്വീകരിക്കുന്നത് മതേതര ജനാധിപത്യഘടന നിലനില്‍ക്കുന്ന സ്‌പെയിനില്‍ മുസ്‌ലിംകള്‍ക്ക് ആശ്വാസകരമായ സാഹചര്യം സൃഷ്ടിക്കുന്നുെന്ന് ഉറച്ചു വിശ്വസിക്കുന്നു അഹ്മദ് യൂസുഫ്. 'സംയമനത്തിന്റെ രീതി സ്വീകരിക്കുന്നേടത്തോളം ഒരു പ്രശ്‌നവും നമ്മള്‍ അഭിമുഖീകരിക്കുന്നില്ല. മുസ്‌ലിംകള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.' അഹ്മദ് തറപ്പിച്ചു പറഞ്ഞത് ഇക്കാര്യമാണ്. ഇസ്‌ലാമിക് കമീഷന്റെ രൂപീകരണത്തെ തുടര്‍ന്ന് പള്ളികളുള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ജസ്റ്റിസ് മിനിസ്ട്രിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിംകളുടെ വിവാഹവും വിവാഹമോചനവും പള്ളികള്‍ ഇഷ്യൂ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാനാവും. മതപരിവര്‍ത്തനവും രജിസ്റ്റര്‍ ചെയ്യുന്നത് പള്ളികള്‍ തന്നെ. പ്രസ്തുത സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് ഹജ്ജിനു പോകാം. എന്നാല്‍ ഔദ്യോഗികമായി പേര് മാറ്റുക എന്നത് നീണ്ട ഒരു പ്രക്രിയയാണ്. അതിനാല്‍ പേര് മാറ്റാതെ തന്നെ മുസ്‌ലിം നാമവും തിരിച്ചറിയല്‍ കാര്‍ഡില്‍ അധികമായി രേഖപ്പെടുത്തുന്ന രീതിയാണ് പലരും സ്വീകരിച്ചുവരുന്നത്. ഗ്രാനഡയില്‍ എഴുപതുകളുടെ തുടക്കത്തില്‍ മുസ്‌ലിം ജീവിതം ഏറെ പ്രയാസകരമായിരുന്നു. ഹലാലായ ഭക്ഷണം, കൂട്ടായ പ്രവര്‍ത്തനം, ഇസ്‌ലാമിക വിദ്യാഭ്യാസം ഇതെല്ലാം അപ്രാപ്യമായിരുന്ന ആ കാലത്തുനിന്നും ഗ്രാനഡ ഏറെ മുന്നോട്ടുപോയി എന്നതാണ് വര്‍ത്തമാനാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇന്ന് ഗ്രാനഡയിലുള്ള ഏതാണ്ടെല്ലാ മുസ്‌ലിംകളും ഇസ്‌ലാമിലേക്ക് കടന്നുവന്ന സ്പാനിഷ് പൗരന്മാരാണ്. തങ്ങളുടെ പൂര്‍വപാരമ്പര്യം കണ്ടെത്താന്‍ നടത്തിയ ചില അന്വേഷണങ്ങളാണ് ചിലരെ ഇസ്‌ലാമിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. മറ്റു ചിലരാകട്ടെ ഒരു മതം എന്ന നിലയിലും ദര്‍ശനം എന്ന നിലയിലുമുള്ള ഇസ്‌ലാമിന്റെ മഹത്വം വായിച്ചറിഞ്ഞും കണ്ടറിഞ്ഞുമാണ് ഇസ്‌ലാമിലേക്ക് വരുന്നത്. കുടിയേറ്റക്കാരിലൂടെയും ഇസ്‌ലാം പ്രചരിക്കുന്നുണ്ട്. കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ക്കും പൗരത്വം ലഭിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനം കുടിയേറ്റക്കാരന്റെ മതമല്ല സാമ്പത്തിക ശേഷിയാണെന്നുമാണ് അഹ്മദ് വിശ്വസിക്കുന്നത്. 

സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ചരിത്ര പുസ്തകങ്ങളില്‍ ഗതകാല ചരിത്രത്തിലെ കറുത്ത അധ്യായങ്ങളെക്കുറിച്ച് മൗനമാണ് ഗവണ്‍മെന്റ് സ്വീകരിച്ചുപോരുന്ന സമീപനം. അതേസമയം, 711 മുതല്‍ 1492 വരെ നിലനിന്ന അന്ദലൂസിയന്‍ കാലഘട്ടത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു ചരിത്രഘട്ടം എന്ന നിലയില്‍ പരാമര്‍ശിക്കുന്നുണ്ട്.  ഹ്രസ്വവും മുസ്‌ലിം കാലഘട്ടത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സ്പര്‍ശിക്കാത്തതുമായ രീതിയിലാണ് അത്. എന്നാല്‍, ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ സൃഷ്ടിച്ച പ്രശോഭിത കാലഘട്ടത്തെക്കുറിച്ച ചര്‍ച്ചകള്‍ ഇന്ന് സജീവമാണ്. മുസ്‌ലിംകള്‍ യൂറോപ്പിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ സ്പാനിഷ് ഗവണ്‍മെന്റ് വിലകുറച്ചുകാണുന്നില്ലെന്ന് കൊര്‍ദോവയിലെ എക്‌സിബിഷനില്‍നിന്നുതന്നെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. കൊര്‍ദോവാ നഗരത്തിലെ പ്രവേശന കവാടങ്ങളിലൊന്നായ ലാ കലഹാര ടവറിലെ ശ്രദ്ധേയമായ ഒരു ചെറു പ്രദര്‍ശനമായിരുന്നു അത്. ആത്മീയതയെയും ഭൗതികതയെയും, ഭൂമിയെയും ആകാശത്തെയും കോര്‍ത്തിണക്കുന്ന മതമാണ് ഇസ്‌ലാമെന്നും ഇസ്‌ലാമിന്റെ ഈ സമീപനമാണ് അന്ദലൂസിയന്‍ സംസ്‌കാരത്തിന് അടിത്തറയായതെന്നും എക്‌സിബിഷന്‍ ഹാളിലേക്ക് കടക്കുമ്പോള്‍ തന്നെ നമുക്ക് കേള്‍ക്കാനാവും. യൂറോപ്യന്‍ തത്ത്വചിന്തകരെ വിസ്മയിപ്പിച്ച ഇബ്‌നുറുശ്ദി(Avirose)നെയും ആതുരശുശ്രൂഷാ രംഗത്തെ വിസ്മയമായ, സര്‍ജറിയുടെ പിതാവായി അറിയപ്പെടുന്ന സഹ്‌റാവിയെയും കുറിച്ച അപദാനങ്ങള്‍ നമുക്കവിടെ ശ്രവിക്കാനാവും. മെസ്‌കിത്ത കത്തീഡ്രല്‍, അഥവാ മോസ്‌ക് കത്തീഡ്രല്‍ എന്ന് കൊര്‍ദോവയിലെ ചര്‍ച്ചായി പരിവര്‍ത്തിപ്പിക്കപ്പെട്ട പള്ളിയെ വിശേഷിപ്പിക്കാന്‍ ആരും മടികാണിക്കാത്ത ഒരവസ്ഥയിലേക്ക് എല്ലാവിധ വംശീയ ഉന്മൂലനങ്ങള്‍ക്കു ശേഷവും വര്‍ത്തമാനകാല സ്‌പെയിന്‍ എത്തിപ്പെട്ടു എന്നത് അത്ര നിസ്സാരമായ ഒരു കാര്യല്ല. ഈ പള്ളിയില്‍ മുസ്‌ലിംകള്‍ക്ക് കൂടി നമസ്‌കാരത്തിന് അനുവാദം നല്‍കണം എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആവശ്യം. 

ഗതകാല ചരിത്രത്തിലെ പിഴുതുമാറ്റാനാവാത്ത സാംസ്‌കാരിക ശേഷിപ്പുകള്‍ കാണുമ്പോള്‍, ഓറഞ്ച് മരങ്ങളും ഒലീവും മരുപ്രദേശങ്ങളും മലനിരകളും കടലും ഒരുമിച്ച് സമ്മേളിക്കുന്ന അന്ദലൂസിന്റെ പ്രകൃതിഭംഗി അനുഭവിക്കുമ്പോള്‍ ഏതൊരു മുസ്‌ലിമിന്റെ മനസ്സിലും മായാതെ നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. 711-ല്‍ ജിബ്രാള്‍ട്ടറില്‍ കപ്പലിറങ്ങിയ ത്വാരിഖുബ്‌നു സിയാദിന്റെ ചിത്രം. ജബലുത്ത്വാരിഖ് എന്ന അറബി പദത്തിന്റെ വകഭേദമാണ് ജിബ്രാള്‍ട്ടര്‍. ഗര്‍നാത്വ ഗ്രാനഡയും അല്‍ ഹംറാ അല്‍ഹബ്‌റായും ഖുര്‍തുബ കൊര്‍ദോവയും  ആയതുപോലെയുണ്ടായ മാറ്റം. ഒരുകാലത്ത് മുസ്‌ലിംകള്‍ക്ക് യൂറോപ്പിലേക്ക് കടക്കാനുള്ള വാതിലായി മാറിയത് ഗ്രാനഡയില്‍നിന്ന് 250 കിലോമീറ്റര്‍ അപ്പുറമുള്ള ജിബ്രാള്‍ട്ടറാണ്. എന്നാല്‍ ഈ പ്രദേശം ഇന്ന് സ്‌പെയിനിന്റെ ഭാഗമല്ല. 1704-ല്‍ സ്പാനിഷ് പിന്തുടര്‍ച്ചാവകാശ യുദ്ധത്തില്‍ ഒരു പക്ഷം ചേര്‍ന്ന ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയതു മുതല്‍ ഇംഗ്ലണ്ടിന്റെ പരമാധികാരമുള്ള ഒരു സ്വയംഭരണ പ്രദേശം എന്ന സ്വഭാവത്തിലാണ് ജിബ്രാള്‍ട്ടര്‍ നിലനില്‍ക്കുന്നത്. ഇതിനിടയില്‍ ഇംഗ്ലണ്ടില്‍നിന്ന് ജിബ്രാള്‍ട്ടര്‍ വിട്ടുകിട്ടണമെന്ന ആവശ്യം പല കാലത്തും സ്‌പെയിന്‍ ഉയര്‍ത്തിയിട്ടുണ്ട്. ജനഹിതം അനുകൂലമാണെങ്കില്‍ അങ്ങനെയാവാം എന്നംഗീകരിച്ച് ബ്രിട്ടന്‍ 1967-ലും 2002-ലും നടത്തിയ രണ്ട് ഹിതപരിശോധനകളിലും 90 ശതമാനത്തോളം പേര്‍ ബ്രിട്ടന്റെ ഭാഗമായാല്‍ മതി എന്ന് വിധിയെഴുതി സ്പാനിഷ് അവകാശവാദത്തെ തള്ളിക്കളഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമോ എന്ന കാര്യത്തില്‍ സമീപകാലത്ത് നടന്ന ഹിതപരിശോധനാ നാളുകളില്‍ സ്‌പെയിന്‍ ശക്തമായി വാദിച്ചത് ബ്രിട്ടന്‍ ഇ.യുവില്‍നിന്ന് വിട്ടുപോകുന്നതോടെ ജിബ്രാള്‍ട്ടര്‍ സ്‌പെയിനിന്റെ ഭാഗമാവും എന്നാണ്. ഹിതപരിശോധനയില്‍ ഇ.യുവില്‍ തുടരണമെന്ന് വാദിച്ചവരാണ് ജിബ്രാള്‍ട്ടറിലെ ഭൂരിഭാഗവും എന്നത് സ്‌പെയിനിന് ആത്മവിശ്വാസം പകരുന്നുമുണ്ട്. ഇതേ ആത്മവിശ്വാസം തന്നെയാണ് തങ്ങള്‍ ന്യൂനപക്ഷമാണെന്നറിഞ്ഞിട്ടും, സ്പാനിഷ് ജനത കൊര്‍ദോവ പള്ളി മുസ്‌ലിംകള്‍ക്ക് കൂടി നമസ്‌കാരത്തിനായി തുറന്നുകൊടുക്കുന്നതിനെ പിന്തുണക്കും എന്ന് വിശ്വസിക്കാന്‍ സ്പാനിഷ് മുസ്‌ലിംകളെയും പ്രേരിപ്പിക്കുന്നത്. ഗവണ്‍മെന്റിന്റെ അനുകൂല മനോഭാവവും ജനങ്ങളുടെ പിന്തുണയും ഉറപ്പുവരുത്തി, മതത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായി സംവദിച്ചുകൊ് ചരിത്രപരമായ അടിത്തറയുള്ള മുസ്‌ലിംകളുടെ ഈ ആവശ്യം യാഥാര്‍ഥ്യമാവും എന്ന അഹ്മദ് യൂസുഫിനെ പോലുള്ള ചെറുപ്പക്കാരുടെ പ്രതീക്ഷകള്‍ പുലരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇത്തരം പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്ന അനുഭവമായിരുന്നു ഗ്രാനഡയില്‍നിന്ന് സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോമിലേക്കുള്ള യാത്ര. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (38-40)
എ.വൈ.ആര്‍

ഹദീസ്‌

മനുഷ്യനെ കാണുന്ന ധര്‍മപാതകള്‍
ടി.ഇ.എം റാഫി വടുതല