അറിവും ഭക്തിയും കാലത്തിന്റെ അന്തരങ്ങള്‍
അര നൂറ്റാണ്ടിലേറെയായി (52 വര്‍ഷം) എറണാകുളം പൊന്നുരുന്നി മഹല്ല് പള്ളിയിലെ ഇമാമാണ് താങ്കള്‍. പള്ളി ദര്‍സില്‍ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വം, ദയൂബന്ദില്‍ ഉപരിപഠനം, ശേഷം ദീര്‍ഘകാലമായി ദീനീപ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യം. മുസ്‌ലിം സമൂഹത്തിന്റെ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ, ഈ സുദീര്‍ഘ കാലത്തെ എങ്ങനെ വിലയിരുത്തുന്നു?
മതപരമായ അറിവ് കുറവും അതിനോട് തുലനം ചെയ്യുമ്പോള്‍ ഭക്തി കൂടുതലുമുള്ള ഒരു മുസ്‌ലിം സാമൂഹിക അന്തരീക്ഷത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. 1930-'50 കാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങള്‍ പൊതുവെയും ഗ്രാമീണ മേഖലകളില്‍ വിശേഷിച്ചും കുറവായിരുന്നു. എന്നാല്‍, പാരമ്പര്യ രീതിയിലുള്ള മതഭക്തി ജനങ്ങളിലുണ്ടായിരുന്നു. പിന്നീട് ഇസ്‌ലാമിക പഠനത്തിനുള്ള അവസരങ്ങള്‍ വര്‍ധിച്ചുവന്നു. പക്ഷേ, ആ സംവിധാനങ്ങള്‍ വഴി ആര്‍ജിച്ച അറിവിനനുസരിച്ച ദീനീബോധം മുസ്‌ലിം സമൂഹത്തിന്റെ ജീവിതരംഗങ്ങളില്‍ ശരിയായ അര്‍ഥത്തില്‍ ഉണ്ടേണ്ടാ എന്നത് സംശയകരമാണ്. ചില അപവാദങ്ങള്‍ അന്നും ഇന്നും ഉണ്ടാകാം.
ചെര്‍പ്പുളശ്ശേരിക്കടുത്ത തൂത എന്ന ഗ്രാമത്തില്‍ മറ്റു പല പ്രദേശങ്ങളിലെയും പോലെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിനുള്ള സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. അവിടെ 1939-ലാണ് എന്റെ ജനനം. അന്ന് ഒറ്റപ്പെട്ട രൂപത്തില്‍ നടന്നിരുന്ന കുടി ഓത്തായിരുന്നു പല പ്രദേശങ്ങളിലെയും പ്രാഥമിക മതപഠനം. സാമ്പത്തിക ശേഷിയുള്ളവര്‍ വീട്ടില്‍ മൊല്ലാക്കയെ വരുത്തും. അല്ലെങ്കില്‍ മൊല്ലാക്ക സ്വന്തം വീട്ടില്‍ ഓത്തു പഠിപ്പിക്കും. അറബി അക്ഷരങ്ങളും ഖുര്‍ആന്‍ ഓത്തുമാണ് പ്രധാനമായും പരിശീലിപ്പിക്കുക. പിന്നെ ഈമാന്‍ കാര്യവും ഇസ്‌ലാം കാര്യവും ഉരുവിട്ട് പഠിക്കും. നമസ്‌കാരവും പരിശീലിക്കും. ഇതിന് പുസ്തകങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ചില സ്ഥലങ്ങളില്‍ നല്ല പള്ളി ദര്‍സുകള്‍ ഉണ്ടായിരുന്നു. പള്ളികള്‍ അടുത്തില്ലാത്ത ഗ്രാമങ്ങളില്‍ വലിയ ഇസ്‌ലാമിയ്യത്തൊന്നും ഉണ്ടായില്ല. ഓത്തു പഠിപ്പിക്കുന്ന മൊല്ലാക്കക്ക് എന്താണോ ദീനിനെക്കുറിച്ച അറിവ്, അയാള്‍ എന്താണോ ചൊല്ലിപ്പറയുന്നത് അതായിരിക്കും ആ പ്രദേശത്തെ ഇസ്‌ലാം. രണ്ട് കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്നു ഞങ്ങളുടെ പള്ളിയിലേക്ക്. ജുമുഅക്ക് മാത്രമാണ് പള്ളിയില്‍ പോയിരുന്നത്. മൊല്ലാക്ക പറയുന്നത് വിശ്വസിക്കലാണ് ദീനെങ്കിലും ആ ദീനിനോട് വലിയ താല്‍പര്യം ഉണ്ടായിരുന്നു. പൊന്നാനിയിലെ മഖ്ദൂമുമാരാണ് അന്നത്തെ മതപണ്ഡിതന്മാര്‍. ചിലയിടങ്ങളിലൊക്കെ അവര്‍ അയച്ച ഖാദിമാര്‍ ഉണ്ടാകും. എന്നാല്‍ മിക്ക പ്രദേശങ്ങളിലും പണ്ഡിത നേതൃത്വം ഇല്ല. മഖ്ദൂമുമാര്‍ വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ വരും, മഞ്ചലില്‍ ചുമന്നാണ് കൊണ്ടുവരിക. അവര്‍ ഒന്നു രണ്ടു ദിവസം വഅള് നടത്തി പോകും. എന്തെങ്കിലും ഫത്‌വ ആവശ്യമുണ്ടെങ്കില്‍ പൊന്നാനിയിലോ മറ്റു ഖാദിമാരുടെ അടുത്തോ പോയി വാങ്ങണം.
അന്ധവിശ്വാസങ്ങള്‍ പോലും സാമാന്യ മുസ്‌ലിംകള്‍ കൊണ്ടുനടന്നത് ആത്മാര്‍ഥതയോടെയാണ്. കാരണം അതാണ് യഥാര്‍ഥത്തില്‍ ദീന്‍ എന്നാണല്ലോ അവര്‍ വിചാരിച്ചിരുന്നത്. അല്ലെങ്കില്‍ അവരെ പഠിപ്പിച്ചിരുന്നത്. പലതരം അന്ധവിശ്വാസങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്നു, ചിലതൊക്കെ ഇപ്പോഴുമുണ്ട്. അത് പഠിപ്പിക്കുന്നവരും നേതൃത്വം കൊടുക്കുന്നവരും പണം മാത്രമാണ് ലക്ഷ്യം വെച്ചത്. അല്ലാതെ ഇസ്‌ലാമൊന്നുമല്ല. യഥാര്‍ഥ ഇസ്‌ലാമിക പണ്ഡിതന്മാര്‍ അന്ധവിശ്വാസങ്ങള്‍ക്കൊക്കെ എതിരാണ്. പക്ഷേ, അവയെ നിയന്ത്രിക്കാനൊന്നും അവര്‍ക്ക് കഴിയുന്നില്ല. കാരണം മഹല്ല് ഭരണത്തില്‍ ആലിമീങ്ങള്‍ക്ക് കാര്യമായ പങ്കൊന്നുമില്ല. ക്രിസ്തുമതത്തില്‍ അങ്ങനെയല്ല. നമ്മുടെ ആലിമീങ്ങള്‍ക്ക് നമസ്‌കാരത്തിലെ ഇമാമത്തും ഖുത്വ്ബയും മാത്രമേ ഉള്ളൂ. മറ്റൊന്നിലും ഇടപെടാനുള്ള സ്വാതന്ത്ര്യവും അവകാശവും അവര്‍ക്കില്ല. ഇമാം ഒന്നിനെയും വിമര്‍ശിക്കാതെ സ്‌നേഹത്തില്‍ നിന്നാല്‍ നല്ലത്. ഇല്ലെങ്കില്‍ മുസ്‌ലിയാരെ പുറത്താക്കുമെന്നതാണ് അവസ്ഥ. മുമ്പ് ഇമാം യഥാര്‍ഥ ഇമാം തന്നെയായിരുന്നു. ഇപ്പോള്‍ നമസ്‌കാരത്തിലെ ഇമാം മാത്രമാണ്. ഇസ്‌ലാമില്‍ ഖാദിയുടെ അധികാരം പ്രധാനമാണ്. ഖാദി എന്നാല്‍ നമസ്‌കാരത്തിലെ ഇമാം മാത്രമല്ല. ഇന്നത്തെ സംയുക്ത ഖാദിമാര്‍ക്ക് മാസം കണ്ടത് പ്രഖ്യാപിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. മഹല്ലിന്റെ ഐക്യം നഷ്ടപ്പെടുത്തുന്ന പ്രവണതകളും പുതിയ ചില ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍, ചില മഹല്ലുകളില്‍ വളരെ നല്ല അവസ്ഥയാണുള്ളത്. 52 വര്‍ഷമായി ഈ മഹല്ലില്‍ ഞാന്‍ തുടരുന്നു.
കേരള മുസ്‌ലിംകളില്‍ 70-80 ശതമാനം ദലിതരും പിന്നാക്ക ജാതിക്കാരുമായി മുദ്രകുത്തപ്പെട്ടവരില്‍നിന്ന് പരിവര്‍ത്തനം ചെയ്തുവന്നവരായിരുന്നു. ഇവര്‍ക്ക് നേരത്തേ തന്നെ അക്ഷരാഭ്യാസമോ വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. സവര്‍ണവിഭാഗങ്ങള്‍ക്കായിരുന്നല്ലോ വിദ്യാഭ്യാസം 'സംവരണം' ചെയ്യപ്പെട്ടത്. ഇങ്ങനെ ഇസ്‌ലാമിലേക്ക് കടന്നുവന്നവര്‍ക്ക് ശരിയായ ദീനീപഠനം നല്‍കാന്‍ വ്യവസ്ഥാപിത സംവിധാനങ്ങളില്ലാതിരുന്നതും മറ്റൊരു കാരണമാണ്. കര്‍ഷകര്‍ താമസിക്കുന്ന ഉള്‍നാടുകളിലാണ് ഇത് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കിയത്. പിന്നീട് സ്‌കൂളുകളില്‍ അറബി പഠിപ്പിക്കുന്ന സാഹചര്യമുണ്ടായി. മുസ്‌ലിം കുട്ടികള്‍ പൊതുവെ സ്‌കൂളില്‍ പോകാറില്ലായിരുന്നു. അവരെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാനായി, 10 മണിക്ക് സ്‌കൂള്‍ ക്ലാസ് തുടങ്ങും മുമ്പ് അവിടെ മതപഠനസൗകര്യം ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഇതിനായി നിശ്ചയിക്കുന്ന മൊല്ലാക്കക്ക് സ്‌കൂളിലെ അധ്യാപകര്‍ പിരിവെടുത്താണ് ശമ്പളം കൊടുത്തിരുന്നത്. ഞാന്‍ അഞ്ചാം ക്ലാസ് വരെ സ്‌കൂളില്‍ പോയിട്ടുണ്ട്. ഞാന്‍ പഠിച്ച വീട്ടിക്കാട് മാപ്പിള സ്‌കൂളിലും രാവിലെ 10 മണി വരെ മൊല്ലാക്ക ഓത്ത് പഠിപ്പിക്കുമായിരുന്നു. മീനാക്ഷിയമ്മയായിരുന്നു സ്‌കൂള്‍ മാനേജര്‍. അവര്‍ ഒരു നായര്‍ കുടുംബാംഗമായിരുന്നു. മീനാക്ഷിയമ്മയുടെ അഛനായിരുന്നു രാമന്‍ എഴുത്തഛന്‍. മുസ്‌ലിംകളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച കുടുംബമായിരുന്നു അവരുടേത്. അവര്‍ക്ക് വേറെയും സ്‌കൂളുണ്ടായിരുന്നു. മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശമായതുകൊണ്ടാണ് മാപ്പിള എലിമെന്ററി സ്‌കൂള്‍ അനുവദിക്കപ്പെട്ടത്. കുഞ്ഞഹമ്മദ് മൊല്ലാക്കയും മുഹമ്മദ് മുസ്‌ലിയാരുമൊക്കെയാണ് അവിടെ ഓത്ത് പഠിപ്പിച്ചിരുന്നത്. മീനാക്ഷിയമ്മക്കു പുറമെ ജാനകിയമ്മ, കുഞ്ചുമാഷ് തുടങ്ങിയവരായിരുന്നു അധ്യാപകര്‍. ഇവര്‍ സ്വന്തം പൈസ എടുത്താണ് മൊല്ലാക്കക്ക് ശമ്പളം കൊടുത്തിരുന്നത്.
എന്നാല്‍, അറബിയും അറബി മലയാളവും പഠിച്ചിരുന്ന മുസ്‌ലിംകള്‍ മറ്റു പലരുടെയും മുമ്പേ സാക്ഷരരായിരുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്. അറബിയും അറബി മലയാളവും അറിയുമായിരുന്നു മുസ്‌ലിം സ്ത്രീകള്‍ക്ക്. അവര്‍ ഖുര്‍ആന്‍ ഓതിയിരുന്നു. കിതാബുകളും പദ്യങ്ങളുമൊക്കെ ചൊല്ലിയിരുന്നു. ആ നിലക്ക് അവര്‍ അക്ഷരാഭ്യാസമുള്ളവരായിരുന്നു. എറണാകുളത്തെ ഒരു യോഗത്തില്‍ അന്നത്തെ കലക്ടര്‍ കെ.ആര്‍ രാജയുടെ സാന്നിധ്യത്തില്‍ ഇത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതമായി.
ദീനീപഠനരംഗത്തേക്ക് നിങ്ങള്‍ മാറുന്നതിന്റെ പശ്ചാത്തലമെന്താണ്? പണ്ഡിത കുടുംബമായിരുന്നോ നിങ്ങളുടേത്?
ഇടത്തരം കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടേത്. കൃഷിയും മരംവെട്ടുമായിരുന്നു വാപ്പായുടെ ജോലി. മരം വെട്ടി പൊന്നാനിയിലും മറ്റും കൊണ്ടുപോയി വില്‍ക്കും. ഇടത്തരം കര്‍ഷക കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുസ്ഥിതിയൊന്നും ഉണ്ടാകില്ല. വയല്‍ പാട്ടത്തിനെടുത്താണല്ലോ കൃഷി. പാട്ടം കൊടുത്തു കഴിഞ്ഞാല്‍ പിന്നെ രണ്ടോ മൂന്നോ മാസത്തേക്കുള്ള നെല്ലേ ബാക്കിയുണ്ടാകൂ. അതു തീര്‍ന്നാല്‍ വലിയ കഷ്ടപ്പാടാണ്. മഴക്കാലത്ത്, വിശേഷിച്ചും കര്‍ക്കിടക മാസത്തിലൊക്കെ ഭക്ഷണത്തിനു പോലും പ്രയാസമായിരിക്കും. പട്ടിണി കാരണം കര്‍ക്കടകത്തില്‍ ആളുകള്‍ ചിലപ്പോള്‍ മോഷ്ടിക്കാന്‍ പോയിരുന്നു. മത്തന്‍, വാഴക്കുല, കപ്പ ഇതൊക്കെ മോഷ്ടിച്ചുകൊണ്ടുപോകും. പട്ടിണി സഹിക്കാതായാല്‍! പട്ടിണി കാരണം മോഷ്ടിച്ചവര്‍ക്ക് ശിക്ഷ ഒഴിവാക്കിയ സംഭവമുണ്ടല്ലോ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ചരിത്രത്തില്‍! ഉള്ളവനില്‍നിന്ന് ഇല്ലാത്തവന് പിടിച്ചു വാങ്ങിക്കൊടുക്കുന്ന കമ്യൂണിസത്തിന്റെ ഒരുവശവും അതിലുണ്ടെന്ന് തോന്നുന്നു. ഒരിക്കല്‍ എ.കെ.ജിയോട് ഞാന്‍ ഇത് പറയുകയുണ്ടായി. ദയൂബന്ദില്‍ പഠിക്കുന്ന സമയത്ത് പാര്‍ലമെന്റ് കാണാന്‍ പോയിരുന്നു. അപ്പോഴാണ് എ.കെ.ജിയെ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ചെന്ന് കണ്ടത്. സ്വീകരിച്ചിരുത്തി ഞങ്ങള്‍ക്ക് ചായയൊക്കെ തന്നു അദ്ദേഹം. ഇടക്ക് 'നിങ്ങള്‍ മതനേതാക്കള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എതിരല്ലേ' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. 'നിങ്ങള്‍ ദൈവവിശ്വാസത്തെ നിഷേധിക്കുന്നതിലാണ് ഞങ്ങള്‍ക്ക് പ്രശ്‌നം. മതനിഷേധപരമായ മതേതരത്വമല്ല, കോണ്‍ഗ്രസിനെപ്പോലെ മതാത്മക മതേതരത്വം നിങ്ങള്‍ സ്വീകരിക്കൂ. എങ്കില്‍ കോണ്‍ഗ്രസിനേക്കാള്‍ ഞങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിന്തുണക്കും. സാമ്പത്തിക വിഷയത്തിലും മറ്റും കമ്യൂണിസത്തിന് ഇസ്‌ലാമിനോടാണ് അടുപ്പമുള്ളതെന്ന് തോന്നുന്നു'-ഞാന്‍ മറുപടിയും പറഞ്ഞു. ഇതുകേട്ട് എ.കെ.ജി ചിരിച്ചു. പാവങ്ങളുടെ പാര്‍ട്ടിയായി, സാധുക്കളുടെ വിമോചനത്തിനായാണല്ലോ കമ്യൂണിസ്റ്റ് പ്രസ്ഥാനം വന്നത്. പിന്നീട് ചിലയിടത്ത് അവര്‍തന്നെ ബുര്‍ഷ്വകളായി മാറിയത് മറ്റൊരു കഥ! തൊഴിലാളികള്‍ കൂടുതലുള്ള യൂറോപ്പില്‍ കമ്യൂണിസം പച്ചപിടിക്കാതിരുന്നത്, ആ തൊഴിലാളികള്‍ തന്നെ ബൂര്‍ഷ്വകളായി മാറിയതുകൊണ്ടാണത്രെ. അതേസമയം സമ്പത്ത് മുതലാളിമാര്‍ക്കിടയില്‍ മാത്രം കുന്നുകൂടാതിരിക്കുക, ചൂഷണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ കമ്യൂണിസം ഇസ്‌ലാമിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. വിശദാംശങ്ങളില്‍ വ്യത്യാസം ഉണ്ടാകാം. എന്തായിരുന്നാലും ഏഷ്യയിലെ പട്ടിണി പാവങ്ങള്‍ക്കിടയില്‍ കമ്യൂണിസത്തിന് കുറേയൊക്കെ സ്വാധീനമുണ്ടാക്കാനായി. നമ്മുടെ നാട്ടിലെ സാമൂഹികാവസ്ഥയാണ് ഇവിടെ അതിനു വളരാന്‍ അവസരമൊരുക്കിയത്. ഇ.പി ഗോപാലന്‍, ഇ.എം.എസ് എന്നിവരൊക്കെ ഞങ്ങളുടെ അയല്‍നാട്ടുകാരായിരുന്നു. ഇമ്പിച്ചിബാവയെയും പാലോളി മുഹമ്മദ് കുട്ടിയെയും ചെറുപ്പത്തിലേ അറിയാം. പാലോളിയുമായി ഒരു കുടുംബബന്ധവും പിന്നീട് ഉണ്ടായി.
എന്തായിരുന്നു ആ കാലത്തെ സാമൂഹികാവസ്ഥ? വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍?
ജന്മി-കുടിയാന്‍ ബന്ധമായിരുന്നു അന്നത്തെ സാമൂഹിക ഘടനയുടെ പ്രധാനപ്പെട്ട ഒരു വശം. സവര്‍ണരായിരുന്നു ശക്തര്‍. ഭൂമിയും സമ്പത്തും അവരുടെ കൈയിലായിരുന്നു. മലബാറിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഈഴവര്‍, മുസ്‌ലിംകള്‍, നായന്മാര്‍, ദലിതര്‍ തുടങ്ങിയവരൊക്കെ സവര്‍ണരുടെ കുടിയാന്മാരായിരുന്നു. ദലിതരുള്‍പ്പെടെ കീഴാളര്‍ വലിയ ജാതിപീഡനങ്ങള്‍ അനുഭവിച്ചു. അവരില്‍ പലരും ഇസ്‌ലാമില്‍ അഭയം തേടിയാണ് ജാതിവിവേചനത്തില്‍നിന്ന് രക്ഷപ്പെട്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മോചനം നേടിക്കൊടുക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. കുടിയാന്മാരായ കര്‍ഷകത്തൊഴിലാളികളുടെ മോചനത്തിന്റെ ചരിത്രം ആ അര്‍ഥത്തില്‍ ഇസ്‌ലാമും കമ്യൂണിസവുമായി ബന്ധപ്പെട്ടതാണെന്നു പറയാം. ജന്മിമാരുടെ ചൂഷണത്തിനെതിരായ പ്രതികരണത്തിന്റെ ഭാഗമായിരുന്നു മലബാറിലെ ലഹള. അത്, മാപ്പിള ലഹളയായിരുന്നില്ല. കര്‍ഷക ലഹളയായിരുന്നു. ചൂഷണം ചെയ്ത ജന്മിമാര്‍ ഹിന്ദുക്കളും കര്‍ഷക കുടിയാന്മാര്‍ ഭൂരിപക്ഷവും മുസ്‌ലിംകളുമായതിനാല്‍ അത് ഹിന്ദു-മുസ്‌ലിം ലഹളയാക്കി അവതരിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് എളുപ്പം സാധിച്ചുവെന്നു മാത്രം. മലബാറിലെ കാര്‍ഷിക വിപ്ലവം എന്ന് അതിനെ വിശേഷിപ്പിക്കാം. കാരണം, കുടിയൊഴിപ്പിക്കലും പട്ടിണിയും വരള്‍ച്ചയും കൊണ്ട് ജനം അത്രമേല്‍ പൊറുതിമുട്ടിയിരുന്നു. പട്ടിണിയും തൊഴിലില്ലായ്മയും കാരണം അന്ന് കുറേ പേര്‍ വയനാട്ടില്‍ പോയി. വയനാട് അന്ന് പേടിപ്പിക്കുന്ന നാടാണ്. അവിടെ പോയാല്‍ ജീവനോടെ തിരിച്ചുവരില്ല എന്നായിരുന്നു ധാരണ. എന്നിട്ടും വയനാട്ടിലേക്ക് തൊഴില്‍ തേടി പോകാന്‍ മാത്രം പട്ടിണിയുണ്ടായിരുന്നു. ഒരിക്കല്‍ വയനാട്ടില്‍ പോയി മരിച്ച ഒരാളുടെ അടിയന്തരത്തില്‍ പങ്കെടുത്ത ഒരു കുട്ടിക്ക് ചോറ് കിട്ടിയില്ല. 'എന്റെ വാപ്പയും വയനാട്ടില്‍ പോയിട്ടുണ്ട്...' എന്നായിരുന്നു അവന്റെ പ്രതികരണം. വയനാട്ടില്‍ പോയി മരിച്ചാല്‍ എന്റെ വീട്ടില്‍ അടിയന്തരത്തിന്റെ ചോറുണ്ടാക്കും എന്നാണവന്‍ അര്‍ഥമാക്കിയത്! ഇത് അക്കാലത്തെ തമാശക്കഥയായിരിക്കാമെങ്കിലും അന്നത്തെ അവസ്ഥ മനസ്സിലാക്കാന്‍ സഹായകമാണ്. പിന്നീട് സാമ്പത്തിക വളര്‍ച്ച കൈവന്നു. അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. അറിവില്ലായ്മ നീങ്ങി, വിദ്യാഭ്യാസം വര്‍ധിച്ചു. അറിവും സമ്പത്തും സഹോദരങ്ങളാണ് എന്നു പറയാം. മുസ്‌ലിം സമുദായത്തില്‍ ഇന്ന് കാണുന്ന വിദ്യാഭ്യാസപുരോഗതിയില്‍ സാമ്പത്തിക വളര്‍ച്ചക്ക് വലിയ പങ്കുണ്ട്.
മുസ്‌ലിംകളും ഇതര വിഭാഗക്കാരുമായുള്ള ബന്ധം സ്‌നേഹപൂര്‍ണമായിരുന്നു. ഇന്നത്തെ പോലെ വര്‍ഗീയതയൊന്നും അന്നില്ല. മുസ്‌ലിംകള്‍ക്ക് വലിയ സഹായങ്ങള്‍ ഹൈന്ദവ സഹോദരങ്ങള്‍ ചെയ്തിട്ടുണ്ട്. പള്ളിക്ക് ഭൂമിയും മറ്റു സഹായങ്ങളുമൊക്കെ നല്‍കും. പല ചടങ്ങുകള്‍ക്കും സഹായിക്കും. വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ജന്മിത്വം അവസാനിച്ചു. മുസ്‌ലിംകള്‍ വിദ്യാഭ്യാസം നേടുകയും കഠിനാധ്വാനത്തിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ചെയ്തു. ഇത് ജന്മിത്വത്തിന്റെ പിന്മുറക്കാരില്‍ അസൂയക്കും വിദ്വേഷത്തിനും കാരണമായിട്ടുണ്ടാകാം. ഇന്ന് രാജ്യത്ത് വര്‍ഗീയത വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടല്ലോ. മുസ്‌ലിം സമൂഹത്തിനെതിരായ ദുഷ്പ്രചാരണവും അവര്‍ നടത്തുന്നുണ്ട്. ഉദാഹരണായി വിവാഹമോചനത്തിന്റെ വിഷയം. മുസ്‌ലിംകള്‍ക്കിടയിലല്ല, ഇതര മതസ്ഥര്‍ക്കിടയിലാണ് വിവാഹമോചനവും ബഹുഭാര്യത്വവുമൊക്കെ കൂടുതലുള്ളതെന്ന് കണക്കുകള്‍ പറയുന്നു. എന്നിട്ടും പഴികേള്‍ക്കേണ്ടിവരുന്നത് മുസ്‌ലിംകള്‍ക്കാണ്. അതുപോലെ ബോംബ് സ്‌ഫോടനങ്ങള്‍. ഫാഷിസ്റ്റ് സംഘങ്ങള്‍ സംഘടിപ്പിച്ച സ്‌ഫോടനങ്ങളും പുറത്തുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇതിലൊന്നും ഏകപക്ഷീയമായ പ്രചാരണം ശരിയല്ല. വിചാരണാ തടവുകാരായി എത്ര നിരപരാധികളാണ് ജയിലില്‍ കിടക്കുന്നത്. അറബിക് യൂനിവേഴ്‌സിറ്റിക്കെതിരായ നിലപാട് വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ലോകത്ത് അറബി ഭാഷ സംസാരിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. മറ്റു രാജ്യങ്ങളില്‍നിന്ന് അവിടേക്ക് ജോലി തേടിയും മറ്റും ആളുകള്‍ പോകുന്നുണ്ട്. ലോകമെങ്ങും അറബി ഭാഷ പഠിക്കുന്നുണ്ട്. അതൊരു സജീവ ഭാഷയാണ്. എന്നിട്ടും ഇവിടെ അറബിക് യൂനിവേഴ്‌സിറ്റിയില്ല. സംസ്‌കൃതം ലോകത്താരെങ്കിലും സംസാരിക്കുന്നുണ്ടോ? എന്നിട്ടും സംസ്‌കൃത യൂനിവേഴ്‌സിറ്റി വന്നു. അതും സ്ഥാപിച്ചത് മുസ്‌ലിം വിദ്യാഭ്യാസ മന്ത്രിയാണ്.
ഒരുതരം അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ആളുകളെ തെറ്റായ പ്രതികരണ വഴികളിലേക്ക് തിരിച്ചുവിടാനാണ് ശ്രമം. കുഴപ്പങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നവരുണ്ടാകാം. ഇതിനെയെല്ലാം നാം കരുതിയിരിക്കണം. ശത്രുക്കളുടെ ഉന്നം സാധിച്ചുകൊടുക്കും വിധം മുസ്‌ലിംകള്‍ പ്രവര്‍ത്തിക്കരുത്. ജനാധിപത്യപരമായി മാത്രമേ നാം പ്രവര്‍ത്തിക്കാവൂ. ദലിത്-പിന്നാക്ക ജനവിഭാഗങ്ങളെ ഒന്നിച്ച് അണിനിരത്തണം. ഇന്ത്യയില്‍ ദലിത് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടുവരുന്നത് ശ്രദ്ധേയമാണ്. പക്ഷേ, ദലിത്-പിന്നാക്കജനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്. അധികാരം കൈയിലുള്ളവര്‍ക്ക് എളുപ്പം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമല്ലോ. ആദിവാസികള്‍ക്കിടയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തനവും ഇതുപോലെത്തന്നെ. അമ്പലങ്ങളിലെ ആയുധപരിശീലനം ഈയിടെ ചര്‍ച്ചയാവുകയുണ്ടായി. ഇത്തരം വിഷയങ്ങളിലെ നിയമനടപടികളില്‍ വിവേചനം ഇല്ലാതാക്കണം. മുസ്‌ലിംകളും പിന്നാക്ക വിഭാഗങ്ങളും പാര്‍ലമെന്ററി സംവിധാനത്തിലൂടെ തന്നെ വര്‍ഗീയതയെയും വിവേചനത്തെയും ചെറുക്കണം. വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വഴിക്ക് പോകാതിരിക്കാന്‍ മുസ്‌ലിംകള്‍ ശ്രദ്ധിക്കണം. ജീവിതവിശുദ്ധിയും മനുഷ്യസൗഹാര്‍ദവും കൊണ്ടാണ് രാജ്യത്തെ ജനങ്ങളെ ആകര്‍ഷിക്കേണ്ടത്. നബി അതാണ് ചെയ്തത്. ഇന്ത്യയില്‍ ഇത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌നേഹം കൊണ്ടാണ് വിദ്വേഷം മാറ്റാന്‍ ശ്രമിക്കേണ്ടത്. പരസ്പരവിദ്വേഷം വളര്‍ന്നാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന് പറയാന്‍ കഴിയില്ല.
താങ്കളിലെ ദീനീപണ്ഡിതനെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ എന്തൊക്കെയാണ്?
ഇടപ്പള്ളി ഉസ്താദ് എന്നറിയപ്പെട്ടിരുന്ന കൂട്ടായി അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സിലെ പഠനമാണ് എന്റെ ദീനീവിജ്ഞാനത്തെ പരിപോഷിപ്പിച്ചതിലും വ്യക്തിത്വം രൂപപ്പെടുത്തിയതിലും പ്രധാന പങ്കുവഹിച്ചത്. മികച്ച അധ്യാപകനായിരുന്നു അദ്ദേഹം. സമസ്തയിലെ ഇതര പണ്ഡിതന്മാരേക്കാള്‍ പുരോഗമന ചിന്താഗതിക്കാരനായിരുന്നു കൂട്ടായി അബൂബക്കര്‍ മുസ്‌ലിയാര്‍. അല്‍ജംഇയ്യത്ത് എന്ന ഉര്‍ദു പത്രം അദ്ദേഹം ദല്‍ഹിയില്‍നിന്ന് വരുത്തി വായിച്ചിരുന്നു. മലയാള മനോരമയും ചന്ദ്രികയും വായിക്കുമായിരുന്നു. പൊതു വിഷയങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ സാമാന്യം പരിജ്ഞാനവും അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് ഇതൊക്കെ ഒരു മുദര്‍രിസിനെ സംബന്ധിച്ച് പുരോഗമനപരമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ പ്രിന്‍സിപ്പലായി അദ്ദേഹത്തെയാണ് നിയമിച്ചത്. അദ്ദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ പ്രിന്‍സിപ്പലായത്. 'ഇടപ്പള്ളിക്കാര്‍ക്ക് ആവശ്യമില്ലെങ്കിലേ ഇവിടെ നിന്ന് പോകാവൂ' എന്ന് ഉമ്മയുടെ വസ്വിയ്യത്തുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം പ്രിന്‍സിപ്പല്‍ സ്ഥാനം നിരസിച്ചത്.
എന്റെ ദര്‍സ് പഠനം ആരംഭിക്കുന്നത് തൂത പള്ളിയിലാണ്. അഞ്ചാം ക്ലാസ്‌വരെ സ്‌കൂള്‍ പഠിച്ച ശേഷം ഞാന്‍ ദര്‍സില്‍ ഓതാന്‍ പോവുകയായിരുന്നു. സ്‌കൂളില്‍ തുടര്‍ന്ന് പഠിപ്പിക്കാന്‍ അധ്യാപകര്‍ പറഞ്ഞെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. തൂത പള്ളിയില്‍ കദായി മുഹമ്മദ് മുസ്‌ലിയാരും തങ്കയത്തില്‍ കുഞ്ഞാപ്പു മുസ്‌ലിയാരുമായിരുന്നു മുദര്‍രിസുമാര്‍. പിന്നീട് വെട്ടിക്കാട്ടിരി പള്ളിയില്‍ കുറച്ചുകാലം ഓതി. ആദ്യകാല സമസ്ത മുശാവറ അംഗം ഇമ്പിച്ചി മുസ്‌ലിയാരായിരുന്നു അവിടത്തെ മുദര്‍രിസ്. അവിടെനിന്ന് മുഹമ്മദ് ശീറാസിയുടെയും ഫലകി മുഹമ്മദ് മൗലവിയുടെയും നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ അഴീക്കോട് ഇര്‍ശാദില്‍ പോയി. പിന്നീട് മഹാരാജാസില്‍ അറബി അധ്യാപകനായിരുന്ന കെ.എ മുഹമ്മദലി ഇര്‍ശാദില്‍ എന്റെ സഹപാഠിയായിരുന്നു. അവിടെനിന്നാണ് ഞാന്‍ കൊച്ചി ഇടപ്പള്ളിദര്‍സില്‍ എത്തിയത്. ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ ഇടപ്പള്ളി ഉസ്താദിന്റെ അടുത്ത് ഓതിയിട്ടുണ്ട്. അഞ്ചു വര്‍ഷം ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് കിതാബ് ഓതി; ബുഖാരി, മഹല്ലി, മുഖ്തസ്വര്‍, മൈബദി തുടങ്ങി ഒരുപാട് കിതാബുകള്‍. തഫ്‌സീറായി ജലാലൈനിയാണ് അവിടെനിന്ന് ഓതിയത്. അറബി ഗ്രാമറും ഫിഖ്ഹും പഠിച്ചാല്‍ പിന്നെ ഏതു തഫ്‌സീറും നമുക്ക് വഴങ്ങും. ഫിഖ്ഹ് പഠിച്ചാല്‍ ഖുര്‍ആനിലേക്ക് എളുപ്പമാണ്. ഫിഖ്ഹിനെ മാറ്റിവെച്ച് ഖുര്‍ആനിലോ ഹിദീസിലോ നമുക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. ഫിഖ്ഹീ മദ്ഹബുകളെ നിരാകരിച്ച് നമുക്ക് മുന്നോട്ടുപോകാന്‍ കഴയില്ല. മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനമാണ്. ഒരു കേസില്‍ വിധി പറയവെ കല്‍ക്കത്ത ഹൈക്കോടതി വരെ മുന്‍കാല പണ്ഡിതന്മാരുടെ അഭിപ്രായം സ്വീകരിക്കേണ്ടതിനെക്കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. ആ അര്‍ഥത്തില്‍ ഏതെങ്കിലുമൊരു ഫിഖ്ഹീ മദ്ഹബ് പിന്തുടരുകയാണ് നല്ലത്.
ദയൂബന്ദിലെ പഠനം എങ്ങനെയായിരുന്നു? എന്തായിരുന്നു ആ സ്ഥാപനത്തിന്റെ പ്രത്യേകത?
ഈജിപ്തിലെ അല്‍അസ്ഹര്‍ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇസ്‌ലാമിക പഠനകേന്ദ്രമായിരുന്നു അന്ന് ദയൂബന്ദ് ദാറുല്‍ ഉലൂം. അന്ന് രണ്ടായിരം വിദ്യാര്‍ഥികള്‍ അവിടെയുണ്ട്. ചിത്താരി ഹംസ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അവിടെ എന്റെ സഹപാഠികളായിരുന്നു. കേരളത്തില്‍നിന്ന് 26 പേരുായിരുന്നു അന്നവിടെ. ഒരു വര്‍ഷമാണ് ഞാന്‍ അവിടെ പഠിച്ചത്. കിതാബുകള്‍ ഏറക്കുറെ ദര്‍സില്‍ തന്നെ ഓതിക്കഴിഞ്ഞിരുന്നു. ഒരു അനുഭവ പരിചയവും മേല്‍വിലാസവും ലഭിക്കല്‍ ദയൂബന്ദ് പഠനത്തിന്റെ ഉദ്ദേശ്യമായിരുന്നു. പുറത്തുള്ള സ്ഥാപനങ്ങളില്‍ പഠിച്ചാല്‍ ഒരു ആത്മ വിശ്വാസം ലഭിക്കും. ആഫ്രിക്ക, ശ്രീലങ്ക, ഇറാന്‍, മലേഷ്യ തുടങ്ങിയ നാടുകളില്‍നിന്നൊക്കെയുളള വിദ്യാര്‍ഥികള്‍ അവിടെ ഉണ്ടായിരുന്നു. ആഫ്രിക്കന്‍ നാടുകളും ഇന്ത്യയും തമ്മില്‍ നേരത്തേ ഉണ്ടായിരുന്ന ബന്ധം വഴിയാണ് വിദ്യാര്‍ഥികള്‍ വന്നിരുന്നത്. ഇന്ത്യക്കാര്‍, വിശേഷിച്ചും ഗുജറാത്തി കച്ചവടക്കാര്‍ ആഫ്രിക്കയിലുണ്ടായിരുന്നു. ഇന്ത്യയെപ്പോലെ ദക്ഷിണാഫ്രിക്കയും ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഗാന്ധിജി തുടക്കംകുറിച്ചത് ദക്ഷിണാഫ്രിക്കയില്‍നിന്നാണല്ലോ. ഗുജറാത്തിലെ കച്ചില്‍നിന്ന് കുറേ മുസ്‌ലിം സമ്പന്നര്‍ ദക്ഷിണാഫ്രിക്കയില്‍ കച്ചവടത്തിന് പോയിരുന്നു. കച്ചിലെ ബ്രാഹ്മണരും മറ്റ് മേല്‍ജാതിക്കാരും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. അവരുടെ ശരീരപ്രകൃതം ശ്രദ്ധിച്ചാല്‍തന്നെ ഇത് മനസ്സിലാക്കാം. അവരാണ് കച്ച് മേമന്മാര്‍. യഥാര്‍ഥത്തില്‍ അത് 'കച്ച് മുഅ്മിന്‍' ആണ്. ലോപിച്ച് 'മേമന്‍' എന്ന പ്രയോഗമാവുകയായിരുന്നു. ഇങ്ങനെ പോയ ആഫ്രിക്കയിലെ ഗുജറാത്തി ബിസിനസ്സുകാര്‍ ദയൂബന്ദ് ദാറുല്‍ ഉലൂമിനെ സഹായിച്ചിരുന്നു. അവര്‍ വഴിയാണ് കുട്ടികള്‍ വന്നത്. ഇവിടെനിന്ന് കുടിയേറിയവരുടെ മക്കളും പേരക്കുട്ടികളും വിദ്യാര്‍ഥികളായി വന്നിരുന്നു. ദയൂബന്ദില്‍ എന്റെ സഹപാഠിയായിരുന്ന യൂസുഫ് അഫ്‌രീഖി പിന്നീട് ആഫ്രിക്കയില്‍ അറിയപ്പെട്ട പണ്ഡിതനായി.
ദീനീ കിതാബുകള്‍ക്ക് പുറത്തെ വായനയുടെ ലോകം എങ്ങനെയാണ് തുറന്നുകിട്ടിയത്?
എല്ലാതരം പുസ്തകങ്ങളും വായിക്കുക എന്നതാണ് എന്റെ രീതി. ഇസ്‌ലാമിക പുസ്തകങ്ങള്‍ക്കു പുറമെ, ഹൈന്ദവ മതഗ്രന്ഥങ്ങള്‍, ആത്മകഥകള്‍, യാത്രാവിവരണങ്ങള്‍, ശാസ്ത്രകൃതികള്‍ തുടങ്ങിയവയൊക്കെ വായിക്കും. ഗീത, രാമായണം, ഭാഗവതം, മനുസ്മൃതി, ഉപനിഷത്തുകള്‍, ശങ്കരാചാര്യരുടെയും വാഗ്ഭടാനന്ദന്റെയും കൃതികള്‍ തുടങ്ങിയവയൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്, അവയൊക്കെ എന്റെ കൈയിലുണ്ട്. ശ്രീനാരായണഗുരുവിന്റെ കൃതികള്‍ മുഴുവന്‍ വായിച്ചു. കെ.പി കേശവമേനോന്റെ 'കഴിഞ്ഞകാലം' വായിച്ചുതീര്‍ത്തു. അതിലെ അവസാന അധ്യായത്തില്‍ 'ഞാന്‍ ആരാണെന്ന് എനിക്കറിയില്ല' എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതേക്കുറിച്ചായിരുന്നു ഒരു വെള്ളിയാഴ്ച ഞാന്‍ പള്ളിയില്‍ പ്രസംഗിച്ചിരുന്നത്. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ മനുഷ്യന് കഴിയണമെങ്കില്‍ ഖുര്‍ആന്‍ പഠിക്കണം എന്ന് വിശദീകരിച്ചു.
സുകുമാര്‍ അഴീക്കോടിന്റെ ഗുരുവായ വാഗ്ഭടാനന്ദന്റെ കൃതികള്‍ വായിക്കാന്‍ ബഹുരസമാണ്. ഏറെ വൈജ്ഞാനിക മികവുള്ള, ഹിന്ദുസംസ്‌കാരത്തിന്റെ ഉള്ളറകള്‍ തുറന്ന് പലതും പുറത്തുകൊണ്ടുവന്ന പരിഷ്‌കര്‍ത്താവാണ് അദ്ദേഹം എന്നു പറയാം. വിഗ്രഹാരാധനയെ നിരാകരിച്ച പണ്ഡിതനായിരുന്നു വാഗ്ഭടാനന്ദന്‍ എന്നാണ് തോന്നുന്നത്. ബ്രഹ്മത്തെ തന്നെ ആരാധിക്കണം എന്ന് വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. 'ഡിസ്‌കവറി ഓഫ് ഇന്ത്യ'യില്‍ വിവേകാനന്ദന് ഒരു മുസ്‌ലിം എഴുതിയ കത്ത് ഉദ്ധരിക്കുന്നുണ്ട് ജവഹര്‍ലാല്‍ നെഹ്‌റു. ഇസ്‌ലാമിന്റെ ശരീരവും അദൈ്വതവും കൂടിച്ചേര്‍ന്ന ഒരു ഭാവി ഭാരതത്തെയാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്.
'ഡിസ്‌കവറി ഓഫ് ഇന്ത്യ' വിവര്‍ത്തനം ചെയ്ത മൂര്‍ക്കോത്ത് കുഞ്ഞപ്പ കൃഷ്ണന്‍ തങ്ങളുടെ മകനാണ്. 'തങ്ങള്‍' എന്നത് ഹിന്ദുക്കളുടെ പ്രയോഗമാണ്. അവരില്‍നിന്ന് മുസ്‌ലിംകള്‍ കടമെടുത്തതാണ്. വേദം പഠിപ്പിക്കുന്നവരെയാണ് തങ്ങന്മാര്‍ എന്ന് പറഞ്ഞിരുന്നത്. 'ഓത്ത്' എന്ന പദവും അങ്ങനെത്തന്നെ. ഹൈന്ദവ വേദം ചൊല്ലുന്നതിനെയാണ് ഓത്ത് എന്ന് പറഞ്ഞിരുന്നത്. വേദം പഠിപ്പിക്കുന്നവരെ 'ഓതിക്കന്‍' എന്നും വിളിച്ചിരുന്നു. ഇങ്ങനെയൊക്കെയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട്. വിവേകാനന്ദന്റെ ഗുരു രാമകൃഷ്ണ പരമഹംസന്‍ മുസ്‌ലിമിനെ പോലെ ജീവിച്ച വ്യക്തിയാണ്. സിക്കുകാരുടെ ആചാര്യന്‍ ഗുരുനാനാക്കും ഇസ്‌ലാമിക ജീവിതം നയിച്ചിരുന്നു. 'ഹാജി ഗുരുനാനാക്ക്' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സിക്കുകാരുടെ താടിയും തൊപ്പിയും സ്ത്രീകള്‍ തല മറക്കുന്നതുമൊക്കെ ഇസ്‌ലാമിന്റെ സ്വാധീനമാണ്. സിക്ക് മതത്തിന്റെ ആചാരങ്ങളില്‍ 50 ശതമാനം ഇസ്‌ലാമില്‍നിന്ന് എടുത്തതാണ്. ബാക്കി 50 ശതമാനം ഹിന്ദു-ക്രിസ്ത്യന്‍-
പാര്‍സി മതങ്ങളുടേതും. സിക്കുകാരുടെ ഗുരുദ്വാരയില്‍ ക്ഷേത്രങ്ങളിലേതുപോലെ വിഗ്രഹപ്രതിഷ്ഠകള്‍ ഇല്ലല്ലോ. അവര്‍ക്ക് ഖബ്‌റാണുള്ളത്. ഖബ്‌റിനടുത്തിരുന്ന് പാട്ടു പാടും. ഗുരു ഗ്രന്ഥ് സാഹിബില്‍ ബാബാ ഫരീദ് ഗഞ്ച്ശകര്‍ ഔലിയയുടെ വരികള്‍ ഉണ്ട്. ഉത്തരേന്ത്യന്‍ സൂഫിവര്യന്മാരുടെ സ്വാധീനം ഇതിന്റെ ഒരു പ്രധാന കാരണമാണ്.
എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ്. അദ്ദേഹത്തിന്റെ 'ഡിസ്‌കവറി ഓഫ് ഇന്ത്യ'യും 'ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി'യും ഞാന്‍ വായിച്ചിട്ടുണ്ട്. അതിലദ്ദേഹം അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പഠനാര്‍ഹങ്ങളാണ്. മുസ്‌ലിംകളെക്കുറിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ശ്രദ്ധേയം. നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളില്‍ കെട്ടിപ്പടുത്തതുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യ ഇന്ന് ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഒരു പ്രതിപക്ഷ കക്ഷി വേണം, അത് ജനാധിപത്യത്തിന് സജീവത നല്‍കും എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യകത നെഹ്‌റു ഊന്നിപ്പറഞ്ഞിരുന്നു. പി.എസ്.പിയുടെ നേതാവ് അശോക് മേത്ത പെരിന്തല്‍മണ്ണയിലെ ഒരു ലീഗ് സമ്മേളനത്തില്‍ ഇക്കാര്യം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പ് പൊതുയോഗമായിരുന്നു അത്. അഡ്വ. മുഹമ്മദ് ശാഫിയായിരുന്നു ലീഗ്-പി.എസ്.പി സ്ഥാനാര്‍ഥി. ഇദ്ദേഹമാണ് വിജയിച്ചത്. കല്ലടി കെ.പി മുഹമ്മദായിരുന്നു ലീഗിനെതിരിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ഉത്തരേന്ത്യയിലെ പല മുസ്‌ലിം പണ്ഡിതന്മാരുമായി നെഹ്‌റുവിന് സുഹൃദ് ബന്ധമുായിരുന്നു. ആ ബന്ധം ഗുണകരമായിരുന്നു. ഇസ്‌ലാമിനെ അറിയാന്‍ നെഹ്‌റു ശ്രമിച്ചിട്ടുണ്ട്. നിലവിലുള്ള മുസ്‌ലിം അവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് മുസ്‌ലിം എന്നാല്‍ ഒരു നീണ്ട കുര്‍ത്തയും തൊപ്പിയുമാണെന്ന് ഒരിക്കല്‍ നെഹ്‌റു പറയുകയുണ്ടായി. അതായത്, മുസ്‌ലിംകളില്‍ വേഷം മാത്രമേ ഉള്ളൂ, ഇസ്‌ലാം ഇല്ല എന്നാണദ്ദേഹം പറഞ്ഞത്. ആ വിലയിരുത്തല്‍ ശരിയാണ്. വേഷത്തിലും രൂപത്തിലുമാണ് പലരും മുസ്‌ലിമാകുന്നത്. ആദര്‍ശത്തിലും ജീവിതത്തിലുമല്ല, വിശേഷിച്ചും നോര്‍ത്ത് ഇന്ത്യയില്‍. കേരളത്തിലെയത്ര ഇസ്‌ലാം അവരുടെ ഉള്ളിലില്ല. രണ്ടു വിധത്തിലാണ് അവരുടെ അവസ്ഥ-ദീന്‍ ഉള്ളവര്‍ക്ക് നന്നായി ഉണ്ട്, ഇല്ലാത്തവര്‍ക്ക് ഒട്ടുമില്ല.
എന്തുകൊണ്ടാണ് ഈ അവസ്ഥ?
ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇന്നത്തെ അവസ്ഥക്ക് പല കാരണങ്ങള്‍ ഉണ്ടാകാം. കേരളത്തിലേതുപോലെ മഹല്ല് സംവിധാനമോ മദ്‌റസാ പ്രസ്ഥാനമോ മതനേതൃത്വമോ ഉത്തരേന്ത്യയിലില്ല എന്നത് അവര്‍ മതപരമായി പിന്നാക്കമാകാന്‍ ഒരു കാരണമാണ്. ഇവിടെ പുരോഗമനം പറഞ്ഞ ചില പ്രസ്ഥാനങ്ങളുണ്ടായി. അപ്പോള്‍ മറുഭാഗത്ത് അതിനോട് എതിര്‍പ്പുമുണ്ടായി. പരസ്പരമുള്ള എതിര്‍പ്പില്‍ എല്ലാവരും അമിതമായി. സമസ്തയുടെ മദ്‌റസ പ്രസ്ഥാനം മതപഠനത്തെ ജനകീയമാക്കി. ഇത്തരമൊരു നല്ല അവസ്ഥ ഉത്തരേന്ത്യയില്‍ പൊതുവെ ഉണ്ടായില്ല. പാകിസ്താന്‍ വാദവും വിഭജനവും മറ്റൊരു കാരണമാകാം. നിരാശയില്‍നിന്നാണ് പാകിസ്താന്‍ വാദമുണ്ടാകുന്നത്. പിന്നെ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും സവര്‍ണര്‍ക്ക് മുസ്‌ലിംകളോടുണ്ടായ ശത്രുതാ മനോഭാവം. മുഗളന്മാരുടേതുള്‍പ്പെടെ മുസ്‌ലിം ഭരണം നിലവില്‍ വന്നപ്പോള്‍ സവര്‍ണര്‍ക്കാണ് അധികാരം നഷ്ടപ്പെട്ടത്. മുഗള ഭരണത്തിനു കീഴില്‍ അവര്‍ക്ക് കഴിയേണ്ടിവന്നു. മുസ്‌ലിം വിദ്വേഷത്തിന് ഇതും ചരിത്രപരമായ ഒരു കാരണമാകാം.
മുസ്‌ലിം സമൂഹത്തെ ഇന്നത്തെ പതനത്തിലെത്തിച്ച ഒരു പ്രധാന ഘടകം വിശ്വാസപരമായ ദൗര്‍ബല്യവും ഭൗതിക താല്‍പര്യങ്ങളുമാണ്. ഒരു കാലം നിങ്ങള്‍ വെള്ളത്തിലെ ചണ്ടികള്‍ പോലെയാകുമെന്ന് നബി (സ) പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍, നബിയുടെ മറുപടി 'മരണഭയവും ദുന്‍യാവിനോടുള്ള പ്രേമവും നിങ്ങളെ പിടികൂടും' എന്നായിരുന്നു. ഭൗതിക വിരക്തിയുടെ കാലത്ത് ഇസ്‌ലാം വലിയ വിജയം നേടി. ഇന്നത്തെ അവസ്ഥയോ? ആഡംബരപൂര്‍ണമായ വലിയ പള്ളികള്‍, അതിനകത്ത് മുന്തിയ പരവതാനികള്‍, എ.സി. എന്നാല്‍ നമ്മുടെ മതബോധമോ? ചെങ്കിസ് ഖാന്റെയും ഹുലാഖു ഖാന്റെയും പട്ടാളം ഒരുകാലത്ത് മുസ്‌ലിം ലോകത്തേക്ക് ഇരച്ചുകയറി. മുസ്‌ലിംകള്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. അതേ അവസ്ഥയല്ലേ ഇന്ന്? കൊല്ലുന്നതും കൊല്ലപ്പെടുന്നതും എന്തിനാണെന്നറിയാത്ത സാഹചര്യം. പിന്നെ അനൈക്യവും ഛിദ്രതയും. മുസ്‌ലിംകളേക്കാള്‍ ഭിന്നതയുണ്ട് ക്രൈസ്തവര്‍ക്കിടയില്‍. പക്ഷേ അതൊന്നും ഇങ്ങനെ തെരുവില്‍ കാണില്ല. നിര്‍ണായക വിഷയങ്ങളിലെല്ലാം അവര്‍ ഒന്നാകും. മുസ്‌ലിം ലോകമോ?
Comments